Saturday, June 18, 2016

ഇടം പിടിച്ച് മോസ്കോയും ജപ്പാനും ; ആവര്‍ത്തനപ്പട്ടികയിലേക്ക് പുതു പേരുകള്‍


ഇടം പിടിച്ച് മോസ്കോയും ജപ്പാനും ; ആവര്‍ത്തനപ്പട്ടികയിലേക്ക് പുതു പേരുകള്‍

വര്‍ത്തനപ്പട്ടികയില്‍ അവസാനം പിറന്നു വീണവര്‍ക്ക് പേരു വീണു. ഇത്രയും
കാലം വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നവര്‍ ഇനി നല്ല ഒറിജിനല്‍ പേരില്‍
തന്നെ വിളി കേട്ടു തുടങ്ങും. 113,115,117,118 ആറ്റോമിക സംഖ്യയുള്ള
മൂലകങ്ങളാണ് സ്വന്തം പേരുമായി ഇനി പട്ടികയില്‍ തിളങ്ങാന്‍ പോവുന്നത്.
ഇവര്‍ക്കായി ഇപ്പോള്‍ കണ്ടു വച്ചിരിക്കുന്ന പേരുകള്‍ ഇതൊക്കയാണ്
113ാമന്‍ നിഹോണിയം (Nihonium)എന്ന പേരാണ്
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്
നത്. Nh ആണ് പ്രതീകം. നേരത്തെ
യുനന്‍ട്രിയം (ununtrium)എന്ന താല്‍ക്കാലിക പേരാണ് ഇതിനുണ്ടായിരുന്നത്.
മോസ്കോവിയം (Moscovium) എന്നാണ്115ാമന്‍െറ പുതിയ പേര്. പ്രതീകം Mc
ആയിരിക്കും. നേരത്തെ യുനന്‍പെന്‍റിയം (ununpentium) എന്നായിരുന്നു
വിളിപ്പേര്.  117 ാമത് മൂലകത്തിനെ ടെന്നെസിന്‍ (Tennessine) എന്ന്
വിളിക്കാം. പ്രതീകം Ts. നേരത്തെ യുനന്‍സെപ്റ്റിയം(ununseptium) എന്ന
പേരില്‍ ഒതുക്കിയിരിക്കുകയായിരുന്നു ഈ മൂലകത്തെ. ഓഗാനെസണ്‍ (Oganesson)
എന്നാണ് 118ാമത് മൂലകത്തിന് കരുതിവച്ച പേര്. Og ആണ് പ്രതീകം. അമേരിക്ക
റഷ്യ ജപ്പാന്‍ എന്നിവിടങ്ങളിയെ ഗവേഷകര്‍ കണ്ടുപിടിച്ച ഇീ നാല് കൃത്രിമ
മൂലകങ്ങള്‍ക്ക് ഇന്‍റര്‍നാഷനല്‍ യുനിയന്‍ ഓഫ് പ്യുര്‍ ആന്‍ഡ് അപ്ളെഡ്
കെമിസ്ട്രി(IUPAC) ആണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പേരുകള്‍ അഞ്ചുമാസത്തെ പൊതു വിലയിരുത്തലിനായി സമര്‍പ്പിച്ചിരിക്കയാണ്.
2016 നവംബര്‍ 8 വരെയാണ് വിലയിരുത്താനും അഭിപ്രായമറിയിക്കുവാനുമുള്ള
കാലാവധി. പേരുകളുമായി ബന്ധപ്പെട്ട് തര്‍ക്കമോ വിമര്‍ശനങ്ങളോ
ഇല്ളെങ്കില്‍ അന്നുമുതല്‍ ഈ പേരുകളും പ്രതീകങ്ങളും
ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കും.

പേരുവന്ന വഴികള്‍

മൂലകങ്ങള്‍ക്ക് പേരിടുമ്പോള്‍ കൃത്യമായി പാലിക്കേണ്ട ചില മാമൂലുകള്‍
IUPAC  നിര്‍ദേശിക്കുന്നുണ്ട്
ഇതിഹാസ കഥാപാത്രങ്ങള്‍ സങ്കല്‍പ്പങ്ങള്‍ എന്നിവയില്‍ നിന്നുള്ള പേരുകള്‍.
  • ആകാശ ഗോളങ്ങളുമാവാം
  • ധാതുക്കളോ അതുപോലുള്ള പദാര്‍ത്ഥങ്ങളുമായോ ബന്ധപ്പെട്ട പേരുകള്‍
  • ഒരു സ്ഥലം അല്ളെങ്കില്‍ ഭൂമിശാസ്ത്ര പരമായ  മേഖലയുമായി ബന്ധപ്പെട്ട പേരുകള്‍
  • മൂലകത്തിന്‍െറ സ്വഭാവവുമായി ബന്ധപ്പെട്ട പേരുകള്‍
  • ശാസ്ത്രഗവേഷകരുമായി ബന്ധപ്പെട്ട പേരുകള്‍
ഇവയില്‍ ഏതെങ്കിലും മുന്‍നിര്‍ത്തി  മൂലകങ്ങള്‍ക്ക് പേര് തിരയുക എന്നതാണ്
പൊതു രീതി. പുതിയ നാലു പേരുകള്‍ക്കു പ്രചോദനമായത് എന്തൊക്കെയാണെന്ന്
ഇനി നോക്കാം.

ജപ്പാന്‍െറ ജപ്പാനിസ് ഭാഷയിലുള്ള നിപ്പണ്‍( Nippon) എന്ന പേരില്‍
നിന്നാണ് നിഹോണിയം എന്ന പേര് ഉരുത്തിരിഞ്ഞു വന്നത്. മോസ്കോവിയം എന്ന
പേര് പറയാതെ തന്നെ ഊഹിക്കാം റഷ്യയുടെ സ്വന്തം മോസ്കോവില്‍നിന്നു വന്ന
പേരുതന്നെ.രസതന്ത്രത്തിലെ മുന്‍നിര ഗവേഷണങ്ങള്‍ക്ക് വേദിയായ അമേരിക്കയിലെ
ടെന്നസി സംസ്ഥാനത്തെ ആദരിക്കാനാണ് ടെന്നസിന്‍ എന്ന പേരു
നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.  ഒരു മൂലകത്തിന്‍െറ പേരിലേറുന്ന
രണ്ടാമത്തെ അമേരിക്കന്‍ പ്രദേശമാണ് ടെന്നസി. നേരത്തെ കാലിഫോര്‍ണിയം എന്ന
മൂലകത്തിലൂടെ കാലിഫോര്‍ണിയ ആവര്‍ത്തനപ്പട്ടികയില്‍ മുഖംകാണിച്ചിരുന്നു.
ഇപ്പോഴും സജീവമായി രംഗത്തുളള 83 കാരന്‍ റഷ്യന്‍ ശാസ്ത്രകാരന്‍ യൂറി
ഓഗനേഷ്യനോടുള്ള ആദരസൂചകമായാണ് ഓഗാനെസണ്‍ എന്ന പേര്
നിര്‍ദേശിക്കപ്പെട്ടത്. 
Yuri oganessian
ഇത് രണ്ടാം തവണയാണ് ജീവിച്ചിരിക്കുന്ന
ശാസ്ത്രകാരന്‍െറ പേര് മൂലകത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നത്. 106
ാമത് മൂലകമായ സീബോര്‍ഗിയം (Seaborgium)  അമേരിക്കന്‍ ആണവശാസ്ത്രകാരനായ
ഗ്ളെന്‍ സീബോര്‍ഗിനോടുള്ള ആദരസൂചകമായി നേരത്തെ സ്വീകരിച്ചിരുന്നു.
ജീവിച്ചിരിക്കുന്ന ശാസ്ത്രകാരന്‍മാരുടെ പേര് പരിഗണിക്കണോ എന്ന
കാര്യത്തില്‍ അന്ന് ഒരു തര്‍ക്കവും ഉടലെടുത്തിരുന്നു.
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ IUPAC  ഈ പ്രവണത അംഗീകരിക്കുകയായിരുന്നു.
തര്‍ക്കമൊന്നുമില്ളെങ്കില്‍ ഈ പുതു പേരുകള്‍ ഇനി രസതന്ത്ര
ചരിത്രത്തിലേക്ക് ചേര്‍ത്തു വയ്ക്കപ്പെടും.

Monday, October 12, 2015

കൊക്കരക്കോ കാര്യങ്ങള്‍


ല്ലുവമ്മ മിന്നലു വെട്ടുന്ന ചെറിയ പേനാക്കത്തി അരയിലെ വെള്ളമുണ്ടില്‍ തിരുകി വരുന്നത് ഒരു വരവാണ്. അടുക്കളപ്പുറത്തെ ഉരലിനരികില്‍ കാലു കെട്ടിയിട്ട ഒരു പല നിറ പൂവന്‍ കോഴി അപ്പോള്‍ തന്‍െറ സമയമെണ്ണി പിടപിടക്കുന്നുണ്ടാവും. കല്ലുവമ്മ അവനെ തൂക്കിയെടുത്ത് തലകുത്തനെ പിടിച്ചൊന്ന് നോക്കും.

എറച്ചീണ്ട് നല്ലണം -`എന്ന് അഭിപ്രായം പറയും. പിന്നെ മുണ്ടൊന്ന് മാടിക്കുത്തി മുറുക്കാനൊന്ന് നീട്ടിത്തുപ്പി ചേമ്പിന്‍ തണ്ട് അരിഞ്ഞിടുന്ന ലാളിത്യത്തോടെ അവന്‍െറ കഴുത്തിലേക്ക് പേനാക്കത്തി കൊണ്ട് ഒരു വരയിട്ട് നിലത്തേക്കെറിയും. അടുക്കളപ്പുറത്തെ പുപ്പലു പിടിച്ച മതിലിനരികില്‍ അവന്‍െറ ഗളചേദിത ദേഹം പിടച്ചു കയറും. അങ്ങനെയാണ് ഓരോ അപൂര്‍വ്വ വിരുന്നു കാരിലേക്കും ഒരു കൊത്തമ്പാരിയിട്ട  കോഴിക്കറി എത്തിയിരുന്നതിന്‍െറ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്.

വെള്ളയില്‍ ചുവപ്പ് പൂവുള്ള വില്‍പ്പനക്കോഴികളുടെ നിരയുമായി ചിക്കന്‍സ്റ്റാളുകള്‍ അക്കാലത്ത് നാട്ടിലൊന്നും വന്നത്തെിയിരുന്നില്ല.
യാത്രയുടെ മണവും തൂക്കിപ്പിടിച്ച കവറില്‍ ആറാംനമ്പറും എള്ളുണ്ടയും മായി വിരുന്നുകാര്‍ വന്നുകയറിയതിന്‍െറ ഉള്‍പ്പുളകം മായുംമുമ്പ് നമ്മള്‍ കുട്ടികള്‍ ഒരു കോഴിയെ തേടി അടുക്കളവാതില്‍ വഴി നാട്ടിലിറങ്ങിയിട്ടുണ്ടാവും.

അന്ന് കോഴിവളര്‍ത്തില്ലാത്ത വീടുകള്‍ വിരളമാണ്. കോഴിക്കാഷ്ഠം വീണ മുറ്റങ്ങളും കോഴിചികഞ്ഞിട്ട കണ്ടങ്ങളുമാണ് എവിടെയും. ഇറച്ചിവെച്ചൊരു പൂവനെ തിരഞ്ഞ് പലവീടുകള്‍ കയറുമ്പോഴാണ് ഒരിടത്ത് സമയം തലക്കുമുകളില്‍ ഉദിച്ച ഒത്ത ഒരു വര്‍ണ്ണപ്പൂവനെ കണ്ടത്തൊനാവുക. തൂക്കിനോക്കലൊന്നുമില്ല. കാഴ്ചമതിപ്പില്‍ കാര്‍ക്കശ്യമൊന്നുമില്ലാത്ത വില പറച്ചിലാവും. അത് ഓണ്‍ ദ സ്പോട്ട് പേയ്മെന്‍റിന്‍െറ ആര്‍ഭാടത്തിലുമാവില്ല. അപ്രതീക്ഷിത വിരുന്നുകാര്‍  ആര്‍ക്കും വന്നുപെടാവുന്ന ഒരു അവസ്ഥാവിശേഷമായതിനാല്‍ പണം പിന്നീട് മതിയെന്ന നിലപാടിന് ന്യായവുമുണ്ടായിരുന്നു.

തൂവലുകളെല്ലാം പറിച്ചിട്ട  കോഴിശരീരത്തില്‍ പിന്നീടുള്ള കത്തിവെക്കലുകള്‍ക്ക് കല്ലുവമ്മക്ക് കുട്ടികളുടെ സഹായം വേണമായിരുന്നു. ചോരച്ചൂടു തണിയാത്ത പാടലനിറമുള്ള മൃദുദേഹത്തിനൊരറ്റം പിടിച്ചു നില്‍ക്കലാണ് ദൗത്യം. കാലും കഴുത്തും വാരിക്കൂടും പൊളിച്ചു മാറ്റിയെടുക്കുന്ന കല്ലുവമ്മയുടെ ഗതിവേഗത്തിനൊത്ത് ഞങ്ങളുടെ കൈപ്പിടിയില്‍ നിന്ന് കോഴി ശരീരം പലവട്ടം വഴുതി മാറും. പിളര്‍ത്തിയിട്ട ആമാശയത്തില്‍ ദഹിക്കാതെ കിടന്ന കോഴിയുടെ അവസാനത്തെ അരിമണികളും പുല്‍ത്തലപ്പുകളും കണ്ട് ഞങ്ങള്‍ സഹതാപം കൊള്ളും.

വാടാത്ത പൂങ്കിരീടവും തുറുകണ്ണുമായി കിടക്കുന്ന കോഴിത്തലയും തൂവലുകളും വാരി കല്‍ക്കുഴിയില്‍ ഇട്ട് കത്തിയിലെ ചോര കഴുകി കല്ലുവമ്മ സ്ഥലം വിടും. അപ്പോഴേക്കും കൊത്തമ്പാരി വറുത്തരച്ച മസാല മണം അടുക്കള ജനല്‍ വഴി പുറത്തേക്ക് കടന്നു തുടങ്ങും.


ഒരിക്കല്‍ ഒത്ത പൂവനെ തേടിയുള്ള അന്വേഷണം എത്തിയത് കുഞ്ഞാമിത്താത്തയുടെ വീട്ടിലാണ്. അങ്കവാലിന്‍െറ അഹങ്കാരം ആവോളമുള്ള പൂവന്‍ അവരുടെ പറമ്പോരത്ത് തിരക്കിട്ട് ചിക്കുന്നത് കാണാമായിരുന്നു.

അയിനെ കൊടുക്കൂല മോനേ  അത് നേര്‍ച്ചക്കോയ്യാ-  താത്തയുടെ മറുപടി കേട്ട് വേഗം അടുത്ത വീട്ടിലേക്കുള്ള നടത്തത്തിനിടയിലും അവനെയൊന്നു തിരിഞ്ഞു നോക്കി. ലോകത്തോടു മുഴുവന്‍ ദേഷ്യം തീര്‍ക്കാനെന്ന മട്ടില്‍ അവന്‍ തിരക്കിട്ട് മണ്ണ് പാറ്റുകയായിരുന്നു.

മഴ ചാറിപ്പോയ ഒരു സ്കൂളില്ലാപ്പകലില്‍   കിണറോരത്തെ ചാമ്പക്കാച്ചോട്ടില്‍ വീണ ചാമ്പക്ക പെറുക്കി തിന്നു നില്‍ക്കുകയായിരുന്ന ഞങ്ങളിലേക്ക് അയല്‍വീട്ടിലെ പെണ്‍കുട്ടി ഓടിക്കയറി വരികയാണ്.
അയ്യോന്‍്റുമ്മോ അള്ളോ അയ്യോ എന്ന് നിലവിളിച്ചാണ് ഓട്ടം. അവളുടെ ജീവന്‍ പണയം വച്ചുള്ള ഓട്ടത്തിനു പിറകില്‍ ചിറകുവീശിപ്പറന്നും ഓടിയും മറ്റൊരു വേഗം കൂടിയുണ്ടായിരുന്നു. കുഞ്ഞാമിത്താത്തയുടെ നേര്‍ച്ചക്കോഴി. അവള്‍ ചാമ്പക്കായും ചവിട്ടിക്കിതച്ച് കിണറും വലംവച്ച് അടുത്ത കണ്ടത്തിലേക്ക് കയറിയിട്ടും അവന്‍ തൊട്ടു തൊട്ടില്ളെന്ന മട്ടില്‍ പിറകിലുണ്ടായിരുന്നു. ചേനത്തണ്ടില്‍ തട്ടി വീണ അവളുടെ തലയില്‍ കയറി ആഞ്ഞ് കൊത്തി ചോരയും കണ്ട് അവന്‍ കൊക്കരക്കോവിളിച്ച് സ്ഥലം വിട്ടു.

 അന്നു മുതല്‍ നേര്‍ച്ച ക്കോഴി ഞങ്ങളുടെ പേടി സ്വപ്നമായി. സ്കൂള്‍ വിട്ടു വരുമ്പോള്‍ കുഞ്ഞാമിത്താത്തയുടെ പറമ്പു കഴിയും വരെ പലവട്ടം തിരിഞ്ഞ് അവനില്ളെന്ന് ഉറപ്പാക്കി ചുവടുവെക്കേണ്ടി വന്നു. കനാലിന്‍െറ വരമ്പിനു മുകളിലെ മതിലില്‍ നിന്ന് ഒരിക്കല്‍ അപ്രതീക്ഷിതമായി പാറിവന്ന് അവന്‍ ഞങ്ങളെ ഓടിച്ചു. പാലുവാങ്ങാന്‍ രാവിലെ പോകവേ മുന്നിലകപ്പെട്ട ഒന്നാംക്ളാസുകാരനെ അവന്‍ ഓടിച്ചു. തലയില്‍ കയറി കൊത്തുന്ന നേര്‍ച്ചക്കോഴിയുമായി അവന്‍ കരഞ്ഞു വിളിച്ചോടി. ചോര ചാലിട്ട മുഖവുമായി പാല്‍പ്പാത്രമില്ലാതെ അവന്‍ വീട്ടില്‍ ചെന്നു. എവിടെയും നേര്‍ച്ചക്കോഴിയുടെ വിക്രിയകള്‍ സംസാരമായി.

 മണ്ണില്‍ കാല്‍രാകി തുറുകണ്ണില്‍ കോപവുമായി കൊക്കര കൊക്കര വിളിച്ചു പറഞ്ഞ് അവന്‍ സമീപിക്കുന്നതോര്‍ത്ത് പല കുട്ടികളും ഒറ്റക്കിറങ്ങാന്‍ മടിച്ചു.  നേര്‍ച്ചക്കോഴിയുടെ മുന്നില്‍പ്പെട്ട് രക്ഷപ്പെട്ടതിന്‍െറയും കൊത്ത് ഏറ്റുവാങ്ങിയതിന്‍െയും കഥകള്‍ ഓരോ കുട്ടിക്കും പറയാനുണ്ടായിരുന്നു.  കഥകള്‍ നിറഞ്ഞ കാലത്ത് തന്നെ എപ്പോഴോ അവനെ കാണാതായി. അറുത്തിറച്ചിയാക്കിയോ ലോകത്തോട് ദേഷ്യം തീരാതെ പലായനം ചെയ്തോ എന്നൊന്നും നിശ്ചയമില്ല. അവന്‍െറ ചെയ്തികള്‍ പരാതികളായി പലവട്ടം കുഞ്ഞാമിത്താത്തയോട് പലരും പറഞ്ഞിരുന്നു. അവനെ എന്തു ചെയ്തെന്ന് അന്വേഷിക്കാന്‍ അവനവിടെ തന്നെയുണ്ടെങ്കിലോ എന്ന ശങ്ക ഞങ്ങളെ തടഞ്ഞു.

നമ്മളിങ്ങനെ കോഴേളെ കൊന്ന് തിന്ന്ന്നതിന്‍െറ ദേഷ്യം തീര്‍ക്കാന്‍ വന്ന കോഴ്യോ  നേര്‍ച്ചക്കോഴി എന്ന് അന്നാരോ ന്യായം പറഞ്ഞു. നേര്‍ച്ചക്കോഴിയെപ്പോലെ അക്രമാസക്തനായ ഒരു കോഴിയെ പിന്നീടൊരിക്കലും നാട്ടില്‍ കാണാനായില്ല.  ഊഴം കാത്ത് നേര്‍ത്ത മുരള്‍ച്ച മാത്രം ബാക്കിയായ ചലനം പോലും പരിമിതമായ കോഴിക്കൂട്ടങ്ങളുമായി ഇറച്ചിക്കോഴി സ്റ്റാളുകള്‍ നാട്ടില്‍ വന്നു. അവരിലൊന്നും പ്രതിഷേധത്തിന്‍െറ നേര്‍ച്ചക്കോഴിയെ കാണാനായില്ല. അവയെല്ലാം തീന്‍മേശയിലേക്കുള്ള മരണത്തിനായി മാത്രം ജനിച്ചതിന്‍െറ അപകര്‍ഷതയിലായിരുന്നു.

നിധീഷ് നടേരി

Saturday, June 21, 2014

വനയാത്രാ ഡയറി


ഴ വരാനിരിക്കുകയും വെയില്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്ത ഒരു പകലില്‍ അട്ടപ്പാടിയിലെ പുതൂര് നിന്ന് മലകയറാന്‍ തുടങ്ങി. കയറിയിട്ടും കയറിയിട്ടും ഉയരങ്ങളേറെ അവശേഷിപ്പിച്ച് മലയുടെ പരിഹാസം. മണ്ണിലെങ്ങും മുളച്ചു പൊന്തിയ തുമ്പച്ചെടികളില്‍ തൂവെള്ളകള്‍ നിറഞ്ഞു നില്‍ക്കുന്നു. വിഷമൊട്ടുമില്ലാതെ കരിവേപ്പിന്‍ കാടുകള്‍ കാറ്റത്ത് കഴുത്തു കുനിച്ച് ഉലയുന്നു. ദൂരെ എതിരായുള്ള മലനിരകളിലൊന്നില്‍ മാത്രം ചാഞ്ഞിറങ്ങുന്ന വെയിലിന്‍െറ വെണ്‍പട്ട്. കുറെ മുകളിലത്തെിയപ്പോള്‍ സ്വര്‍ണഗദ്ദയെന്ന ഗ്രാമത്തിലെ ചിതറിയ കുഞ്ഞു വീടുകളും ജീവിതങ്ങളും ഒരു ക്യാന്‍വാസിലെന്നപോലെ ഒറ്റക്കാഴ്ചയിലേക്ക് നിറഞ്ഞു. സംഘത്തില ഡോ ഇ കെ ദിലീപ്കുമാറാണ് വേഗം കുന്നു കയറി ഉച്ചിയിലെ പച്ചപ്പിലത്തെിയത്. പ്രദീപും രമേഷ്കുമാറും ഞാനും കിതച്ചു കിതച്ചു കയറി. ചുറ്റും അപരിചിതരായ സസ്യജാലങ്ങളാണേറെയും. ചാറ്റല്‍ മഴ പെട്ടെന്ന് കുന്നു കയറിയത്തെി. കുന്നുകളില്‍ നിന്ന് കുന്നുകളിലേക്ക് കൈകോര്‍ത്ത് നില്‍ക്കുകയാണ് കാടുകള്‍. വൃക്കരോഗത്തിന് ഒൗഷധമായ ഒരു ചെവിയന്‍ ചെടിയുടെ ഒരു കൂട്ടം മരത്തണലില്‍ ചിതറിക്കിടക്കുന്നു. ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന കറുത്ത മുസലവും കാട്ടു തണലുകളില്‍ പതുങ്ങിയിരിക്കുന്നു. കരടിയെ ഏറെ പ്രാവശ്യം കണ്ടിട്ടുള്ള ഭാഗത്തത്തെിയപ്പോള്‍ എല്ലാവരും ഉല്‍ക്കണഠയോടെ കാറ്റു മൂളലിനു പോലും ചെവി കൊടുത്തു നടന്നു.

സ്വര്‍ണഗദ്ദ

കാട്ടുമരങ്ങളുടെ തോല്‍ പലതും ഏതൊക്കെയോ മൃഗങ്ങളുടെ കൊമ്പുരസി ചിതറി നില്‍ക്കുന്നു. ഇടക്ക് നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ ഒരു കാല്‍പ്പാദം പതിഞ്ഞു കിടക്കുന്നത് കണ്ടു. നഖങ്ങള്‍ മണ്ണിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കടുവയുടേതായിരിക്കാമെന്ന് ദിലീപ് കുമാറിന്‍െറ അനുമാനം. ഏറെ വടക്കോട്ട് നടന്നു കയറിയപ്പോള്‍ താഴ്വാരത്ത്  മൂലക്കൊമ്പെന്ന ഗ്രാമം കാണാറായി. ഗ്രാമ വീടുകളുടെ കുട്ടത്തിനടുത്ത് തലയെടുത്തു നില്‍ക്കുന്ന ഒരു പാറക്കുന്ന്. താഴെ നിലമൊരുക്കുന്ന തൊഴിലാളികളുടെ നിര ചെറുതായി ഇളകി നീങ്ങുന്നു. മള്‍ബെറിപ്പാടങ്ങളുടെ കടുംപച്ചയും ചുകപ്പന്‍ മണ്ണും ചേര്‍ന്ന് അതിമനോഹരമായ ചിത്രണം.

ഒരു ചെവിയന്‍ ചെടി

നെഞ്ചറുപ്പന്‍


നെഞ്ചറുപ്പനെന്ന പച്ചവള്ളി പല മരങ്ങളിലും ചുറ്റി താഴെ ഊര്‍ന്നു നില്‍ക്കുന്നു. ആദിവാസികളുടെ വിവാഹ ചടങ്ങുകളില്‍ കാപ്പ് കെട്ടാന്‍ നഞ്ചറുപ്പന്‍  ഉപയോഗിക്കാറുണ്ട്. ഒൗഷധ മൂല്യവുമുണ്ട് ഈ ചെടിക്ക്. ജുറാസിക് കാലഘട്ടത്തില്‍ തന്നെ  അവതരിച്ച സസ്യവര്‍ഗത്തിലെ ഒരു പ്രതിനിധിയെയും കണ്ടു ചുവടുകള്‍ക്കരികില്‍. ആക്ടിനോ ടെറിസ് എന്ന പന്നല്‍ ചെടി പൗരാതനികമായ ഗര്‍വോടെ കാഴ്ചയില്‍ നിറഞ്ഞു. പ്രകൃതിയുടെ ശുദ്ധതയുടെ സൂചകമായ ലൈക്കന്‍ വിഭാഗത്തിലെ അസ്നിയ മരക്കൊമ്പുകളില്‍ മഞ്ഞനാരുപോലെ ചേര്‍ന്നു കിടക്കുന്നു. പൂര്‍ണമായും ശുദ്ധവായു ഉള്ളിടത്തു മാത്രമേ ഈ ലൈകനെ കാണാറുള്ളൂ. ഡൈ നിര്‍മാണത്തിന് ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഉള്ളിലേക്ക് വലിച്ച വായു എത്ര പരിശുദ്ധമായിരുന്നെന്നതിന്‍െറ ഹോള്‍ മാര്‍ക്കായി അസ്നിയ കൂട്ടങ്ങള്‍ പലയിടത്തും കാണാറായി.പേരറിയാത്ത  പലതരം പക്ഷിക്കൂട്ടങ്ങള്‍ മുന്നില്‍  പലപ്പോഴായി  പറന്നു പോയി.

മരത്തില്‍ മഞ്ഞനാരുപോലെ അസ്നിയ 

ആക്ടിനോ ടെറിസ് 

കൂട്ടത്തില്‍ ഉയരമേറിയ ഒരു കുന്നു കൂടെ കയറിയപ്പോള്‍ മലനിരയുടെ മധ്യഭാഗത്തോളമത്തെിയതായി മനസിലായി. അവിടെ നിന്ന് നോക്കുമ്പോള്‍ കയറിയത്തെിയ കുന്നുകള്‍ ഓരോന്നും കാണാമായിരുന്നു. അവിടെ നിന്ന് കുത്തനെയുള്ള ഇറക്കം ശ്രമകരമായിരുന്നു. പലപ്പോഴും കാലിടറി.  മരങ്ങളില്‍ ചാഞ്ഞു ചേര്‍ന്ന് കുന്നിറങ്ങി. കൊടും കാടിന്‍െറ ഇരുട്ട് അടുത്ത് കനത്തു കിടക്കുന്നുണ്ടായിരുന്നു. അതിലേക്ക് പ്രവേശിക്കുവാനുള്ള സമയമില്ല. മഴ പെയ്തുതുടങ്ങിയതിനാല്‍ ഇരുട്ടുമേറി വരികയാണ്. ഏറെ നടന്നപ്പോള്‍ മുളങ്കാടുകളുള്ള പുറംവഴി തെളിഞ്ഞു. മഴ ചാഞ്ഞും ചരിഞ്ഞും കാറ്റിനൊപ്പം പെയ്യുന്നു. മുളങ്കാടിനടുത്ത് ആനച്ചൂര് ഒഴുകിവന്നു. കാഴ്ചപ്പെട്ടില്ല. പിന്നെ നിരപ്പായ പുല്‍മേട്ടിലൂടെ നടന്നു.


മൂലക്കൊമ്പെന്ന ഗ്രാമം


ഒന്നാടെ വീണടിഞ്ഞു ചിതറിയ മുളങ്കൂട്ടങ്ങളും കരിവേപ്പില കാടുകളും പാലയും നെല്ലിയും അത്തിയും സീതമരവുമെല്ലാം ഇടതൂര്‍ന്നു നനഞ്ഞു നില്‍ക്കുന്നു. കാടിന്‍െറ ശാന്ത മര്‍മരങ്ങളിലേക്ക് നാട്ടുമനുഷ്യരുടെ ചെറിയ ശബ്ദങ്ങള്‍ അരിച്ചു കയറി തുടങ്ങി. വഴിയരികിലെ വലിയ പാലമരത്തില്‍ ചാക്കുകെട്ടുകള്‍ തൂങ്ങിക്കിടക്കുന്നു. പശുവിന് പാല് കൂടുവാന്‍ മറുപിള്ള ചാക്കില്‍കെക്കി പാല്‍ക്കറയുള്ള മരക്കൊമ്പുകളില്‍ കെട്ടുന്ന ആചാരം ഇവിടെ ഗ്രാമീണര്‍ക്കിടയിലുണ്ട്. മുളവേലികള്‍ അതിരിട്ട ചെറിയ നാട്ടുവഴിയിലേക്ക് കാട് ഞങ്ങളെ പറഞ്ഞയച്ചു. വേലിക്കരികില്‍ കള്ളിച്ചെടിയുടെ പലതരം വൈവിധ്യങ്ങള്‍. ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ പുല്‍മേടുകളില്‍ പല കൂട്ടങ്ങളായി ലോകകപ്പ് കളിക്കുന്നു. റോഡ് കാണാറായി  മനുഷ്യന്‍െറ അഹന്തകളിലേക്ക് ഞങ്ങള്‍ പരിണയിക്കാന്‍ തുടങ്ങി.

പിന്നറിവ്: പിറ്റേന്നാണ് അറിഞ്ഞത് മൂലക്കൊമ്പ് ഗ്രാമത്തില്‍ കടുവയിറങ്ങി ആടുകളെ പിടിച്ച കാര്യം.  മിക്കവാറും തലേന്ന് ഏതോ മരക്കൊമ്പിലിരുന്നു അവന്‍ ഞങ്ങളെ കണ്ടിരിക്കണം....