Tuesday, June 28, 2011

ശാന്തനും നിര്‍ദോഷിയുമായ ആട്ടിന്‍കുട്ടിയെ കുറിച്ച്.....


Photo PB Biju Madhyamam
സി.പി സുരേന്ദ്രന്‍
ജെമിനി2, പോസ്ത്മസ് പോയംസ്, കാനറീസ് ഓണ്‍ ദ മൂണ്‍ എന്നിവ കാവ്യസമാഹാരങ്ങള്‍. അയേണ്‍ ഹാര്‍വസ്റ്റ് , ലോസ്റ്റ് ആന്‍ഡ് ഫൌണ്ട് എന്നിവ നോവലുകള്‍. ഇന്ത്യന്‍ സര്‍ക്കസ് എന്ന ബ്ലോഗ് ഏറെ ശ്രദ്ധേയം.

ത്തരേന്ത്യന്‍ തട്ടകത്തില്‍ സി.പി സുരേന്ദ്രന്റെ വിലാസം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്റെയും പത്രപ്രവര്‍ത്തകന്റെയുമാണ്. കേരളത്തിന് എല്ലാറ്റിനുമുപരി അദ്ദേഹം പവനന്റെ മകനാണ്. തൃശൂര്‍ ചെമ്പൂക്കാവിലെ വീട്ടില്‍ പവനന്‍ ഉപയോഗിച്ചിരുന്ന മുറി. വാതിലില്‍ സി.പി സുരേന്ദ്രന്റെ  portrait of the space we occupy എന്ന കാവ്യ സമാഹാരത്തിന്റെ മുഖചിത്രം ഒട്ടിച്ചു വച്ചിരിക്കുന്നു. പഴയ കുടുംബഫോട്ടോയാണതില്‍. പവനന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 22ന് അഞ്ചുവര്‍ഷം തികയുന്നു.
പവനന്റെ ലോകമായിരുന്ന മുറിയില്‍ അടുക്കിവച്ച കണ്ണടകള്‍...ഫോട്ടോകള്‍...അലമാരയില്‍ പുസ്തകങ്ങള്‍...അതിനു നടുവില്‍ ഇരുന്നാണ് ഓര്‍മകളെ സുരേന്ദ്രന്‍ തിരിച്ചു വിളിച്ചത്...


അച്ഛന്‍

Each day is padded door shut
in my face, the other side is you
how shall i make you here the music
of the  grass growing silent  as dew   
                                                Catafalque / cp surendran       
              
 പ്രത്യക്ഷത്തില്‍ ഈഗോ ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തനമാണ് പൂര്‍ണമായും എഴുത്ത് . എഴുത്തുകാര്‍ അങ്ങേയറ്റം സ്വാര്‍ഥരായ മനുഷ്യരായിരിക്കും. അത്രമാത്രം അതിനുവേണ്ടി സമര്‍പ്പിക്കേണ്ടി വരുന്നതിനാലാണത്. 11ഓ 12ഓ വയസായപ്പോഴേക്കും ഞാന്‍ അച്ഛന്റെ ശത്രുവായി തീര്‍ന്നിരുന്നു. അതിനു മുന്‍പൊക്കെ എല്ലാ അര്‍ഥത്തിലും അദ്ദേഹമെന്റെ ഹീറോ ആയിരുന്നു. അത്രക്ക് അടുപ്പവുമായിരുന്നു.  വായനയുടെയും എഴുത്തിന്റെയും എന്റേതായ ലോകത്ത് ഞാനും കടന്നപ്പോള്‍ ഞങ്ങളുടെ സെന്‍സിബിലിറ്റികള്‍ക്കിടയിലായിരുന്നു അകല്‍ച്ച . അമേരിക്കന്‍ നോവലിസ്റ്റ് നോര്‍മല്‍ മെയ്ലര്‍ പറഞ്ഞിട്ടുണ്ട്. വലിയ എഴുത്തുകാരുടെ മുന്നില്‍ ചെന്നാല്‍ അവര്‍ ഇങ്ങനെ തുറിച്ചു നോക്കും. അവര്‍ അളക്കുന്നത് ഇവന്‍ എവിടെയുമെത്താന്‍ പോവുന്നില്ല എന്നായിരിക്കുമെന്ന്.  എന്റെ അച്ഛന്റെ കാഴ്ചപ്പാടില്‍ കുടുംബം ഒന്നുമായിരുന്നില്ല. നമുക്ക് ഒരു പ്രത്യേകതയുണ്ട് മനുഷ്യരെ മര്യാദക്ക് നോക്കിക്കാണാന്‍ അറിയില്ല. ഒന്നുകില്‍ പുകഴ്ത്തുക അല്ലെങ്കില്‍ പരിഹസിക്കുക എന്നതാണ് പൊതുവിലുള്ള രീതി. കൃത്യമായ കാഴ്ചപ്പാടില്‍ നോക്കിക്കാണുമ്പോഴേ വ്യക്തി ചരിത്രത്തിലെ സത്യമറിയുള്ളൂ. എഴുത്തുകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറിനുവേണ്ടി കുടുംബത്തെ അവഗണിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛന്‍ ഒരു നല്ല മനുഷ്യനായിരുന്നു. ദിവസവും പത്തും ഇരുപതും കാര്‍ഡ് വീട്ടില്‍ വന്നു കിടക്കും. അതില്‍ പലതും ധനാഭ്യര്‍ഥന ആയിരിക്കും. അതിനു മുഴുവന്‍ മറുപടി ഇരുന്നെഴുതും.ശമ്പളം കിട്ടിയാല്‍ അവര്‍ക്കെല്ലാം പണമയച്ചുകൊടുക്കും. ഞങ്ങളുടെ ബന്ധുവിന്റെ കാര്യം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. എന്നും അയാള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ തന്നെയായിരുന്നു. ഓര്‍മ നഷ്ടപ്പെടും വരെ അച്ഛന്‍ എല്ലാ മാസവും അയാള്‍ക്ക് 50 രൂപ അയച്ചുകൊടുക്കുമായിരുന്നു. അന്ന് അന്‍പതു രൂപ വലിയ തുകയായിരുന്നു. എന്നാലും അത് മുടങ്ങാതെ ചെയ്യുമായിരുന്നു. പക്ഷേ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരുന്നപ്പൊഴും അച്ഛന്‍ എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു. ഞങ്ങളുടെ പഠിപ്പിന്റെ കാര്യമായാലും വീട്ടിലെ കാര്യമായാലും ഒന്നും നോക്കില്ല. അതൊക്കെ അമ്മയായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഊണ് കഴിക്കാനൊരു മേശയില്ല, കട്ടിലില്ല... അതൊക്കെ ഇന്‍സ്റ്റാള്‍മെന്റില്‍ അമ്മയായിരുന്നു വാങ്ങിയത്. അദ്ദേഹം അദ്ദേഹത്തിന്റെ മുറിയില്‍ മേശക്കുമുന്നില്‍ ആ ഒരു ലോകത്തായിരുന്നു. പുസ്തകങ്ങളുടെ വലിയൊരു മതില്‍ക്കെട്ടിനുള്ളില്‍ ഒളിച്ചിരിക്കും പോലെയാണ് എനിക്കു തോന്നാറ്. മകന്‍ എന്ന നിലയിലുള്ള എന്റെ കാഴ്ചപ്പാടിലാണ്  പറയുന്നത് അദ്ദേഹം പരാജയമായിരുന്നെന്ന്. ഒരു പക്ഷേ അദ്ദേഹം അറിഞ്ഞിരുന്നിരിക്കും അതിനൊക്കെയാണ് ഞാന്‍ അദ്ദേഹത്തോട് തര്‍ക്കിച്ചിരുന്നതെന്ന്.  നമുക്കു ചുറ്റുമുള്ള പ്രശ്നങ്ങളെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ അപ്രസ്കതരാണ് എന്ന് തോന്നുമ്പോഴാണ് പലപ്പോഴും ഒരു മൂവ്മെന്റ് ഉണ്ടാവുന്നത്. സ്വാതന്ത്യ്ര സമരം ഒക്കെപ്പോലെ...അപ്പോഴാണ് നമ്മള്‍ എന്തിനോവേണ്ടി സമര്‍പ്പിക്കുന്നത്. സാമൂഹ്യപ്രശ്നങ്ങളെ വച്ചുനോക്കുമ്പോ കുടുംബം അപ്രസക്തമായതുകൊണ്ടാവണം അച്ഛന്‍ അത്തരത്തില്‍ നീങ്ങിയത്. അച്ഛന്റേത് സ്വാര്‍ഥതയായിരുന്നോ (selfishness) നിസ്വാര്‍ഥതയായിരുന്നോ selflessness) എന്ന് എനിക്കിപ്പോഴും അറിയില്ല.. ചിലപ്പോള്‍ ഏറ്റവും സ്വാര്‍ഥമായ കാര്യങ്ങളായിരിക്കും ഏറ്റവും നിസ്വാര്‍ഥമായി മാറുക...
ഞങ്ങള്‍ക്ക് വല്ലാത്ത സ്വാതന്ത്യ്രം അനുവദിച്ചു തന്നിരുന്നു. ചക്രവാളം നോക്കി മരുഭൂവില്‍ നില്‍ക്കുന്ന സ്വാതന്ത്യ്രമായിരുന്നു അത്. മുന്നില്‍ വിശാലമായി കിടക്കുകയാണ് വഴികള്‍. ഏതു വഴി അവിടേക്ക് എത്തണമെന്നോ എങ്ങനെ പോവണമെന്നോ ഒരു മാര്‍ഗനിര്‍ദേശവുമില്ല..അതുപോലെ ഒരു സ്വാതന്ത്യ്രം....വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവമൊന്നും അച്ഛനില്ലായിരുന്നു.

യുക്തിവാദം

സായിബാബയെ പോലെ കൊട്ടിഘോഷിക്കപ്പെട്ട അന്ധവിശ്വാസ ബിംബങ്ങള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹം രംഗത്തുണ്ടായിരുന്നു. 25 വര്‍ഷം മുന്‍പ് മകരജ്യോതിയുടെ പിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് അച്ഛനടക്കമുള്ളവരാണ്. മനുഷ്യസൃഷ്ടിയാണ് മകരജ്യോതിയെന്ന് അവര്‍ പുറത്തുകൊണ്ടുവന്നു. അന്നാരും അത് അത്ര കണക്കിലെടുത്തില്ല. കാലമേറെയെടുത്തു ഗവര്‍ണ്‍മെന്റിന് പറയാന്‍ അത് മനുഷ്യസൃഷ്ടിയാണെന്ന്. ഞാന്‍ അച്ഛനെപ്പോലെ തികഞ്ഞ യുക്തിവാദിയൊന്നുമല്ല. എനിക്കു തോന്നുന്നുണ്ട് എന്റേതായ ഒരു വിശ്വസത്തിലേക്ക് സഞ്ചരിക്കുന്ന ആളാണ് ഞാനെന്ന്. എന്നാല്‍ അച്ഛന്‍ അന്ന് ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് നല്ല ഓര്‍മയുണ്ട് ഗുരുവായൂരില്‍ ക്ഷേത്രകവാടം സ്വര്‍ണം പൂശിയ സമയത്ത് അതിനെതിരെ പ്രക്ഷോഭം നടത്തി ആള്‍ ആനയുടെ തോട്ടികൊണ്ട് അടി മേടിച്ചു വന്നു.
അന്ന് വൈകുന്നേരം വീട്ടില്‍ വന്ന് ഷര്‍ട്ടഴിച്ച് അടിയുടെ പാട് അഭിമാനത്തോടെ ഞങ്ങളെ കാണിച്ചു തന്നു. അവരുടെ കാശ് അവരുടെ അമ്പലം എന്തെങ്കിലുമായിക്കോട്ടെ എന്ന് അന്ന് സ്കൂള്‍കുട്ടിയായ ഞാന്‍ പറഞ്ഞു.  യുക്തിവാദം എന്ന ധാരക്കപ്പുറത്ത് അച്ഛനില്‍ നിന്ന്  കൂടുതല്‍ സ്വാധീനിച്ചത് അതിന്റെ തന്നെ ഭാഗമായ മതേതരബോധം, സഹിഷ്ണുത, വിമര്‍ശനബുദ്ധി തുടങ്ങിയ കാര്യങ്ങളാണ്. ആശയങ്ങളോടെല്ലാമുള്ള തുറന്ന സമീപനം, ചോദ്യങ്ങളുയര്‍ത്താനുള്ള പ്രവണത അതെല്ലാം കിട്ടുന്നത് അദ്ദേഹത്തില്‍ നിന്നാണ്.  ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണല്ലോ പുതിയ സങ്കല്‍പ്പങ്ങള്‍ ഉയര്‍ന്നു വരുന്നത്. യുക്തിവാദത്തോടുള്ള അച്ഛന്റെ സമീപനത്തില്‍ എനിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. കേരളത്തിലെ യുക്തിവാദികളുടെ കുഴപ്പമിതാണ് അവര്‍ ലോകത്ത് ഈ മേഖലയില്‍ നടക്കുന്ന ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപോലുള്ള യുക്തിവാദികള്‍ മുന്നോട്ടുവെക്കുന്ന പുതിയ ആശയങ്ങളും രീതികളുമൊന്നും ഏറ്റെടുക്കാതെ ചെറിയ കുറേ പ്രശ്നങ്ങളില്‍ മാത്രം അവര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. കപടസ്വാമിമാരെ വെളിച്ചത്തുകൊണ്ടുവരും പോലുള്ള പ്രശ്നങ്ങളില്‍ ഇടപെടുന്നത് കപടആത്മീയതയുടെ വിളനിലമായ ഇന്ത്യയെപ്പോലുള്ളിടത്ത് പ്രധാനം തന്നെ. ഇവിടെ മതം മൈന്‍ഡ് മാനേജ്മെന്റായി മാറിയിരിക്കുന്നു. പകല്‍ അഴിമതിയും കളവും  കൊലപാതകവുമൊക്കെ നടത്തി രാത്രി എല്ലാം ശരിയാവുമെന്ന് സമാധാനിക്കാന്‍ ഏതെങ്കിലും ഗുരുവിന്റെ സന്നിധിയില്‍ അഭയം തേടുന്ന രീതി. മതം തന്നെ വലിയ കച്ചവടമായ ഇത്തരമൊരിടത്ത് തീര്‍ച്ചയായും യുക്തിവാദികളുടെ ഇടപെടലുകള്‍ അനിവാര്യമാണ്. എന്നാലും യുക്തിവാദത്തിന്റെ ഒരു സൈദ്ധാന്തിക മാതൃക രൂപപ്പെടുത്തുവാന്‍ അവര്‍ക്കു കഴിയുന്നില്ല.  ഗുരുവായൂരായാലും മകരജ്യോതി ആയാലും കപടസ്വാമിമാരായാലും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് സഞ്ചരിച്ചു എന്നല്ലാതെ ഡോക്കിന്‍സ് സെല്‍ഫിഷ് ജീന്‍ എന്ന മാതൃക മുന്നോട്ടുവെച്ചതുപോലെ ദൈവമില്ലാത്ത ജീവിതരീതിക്ക് സൈദ്ധാന്തികമായി ഒന്നും മുന്നോട്ടുവെക്കാന്‍ അവര്‍ക്കായില്ല. അച്ഛനടക്കമുള്ളവരുടെ പ്രധാന പോരായ്മ അതായിരുന്നു. അത്തരത്തിലുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നില്ല. ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കെട്ടിമറിഞ്ഞു കിടന്ന അച്ഛന് ഇതിനൊന്നും സമയമുണ്ടായിരുന്നിരിക്കില്ല. യുക്തിവാദമുണ്ടായിരുന്നു പത്രപ്രവര്‍ത്തനമുണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സാഹിത്യഅക്കാദമി....അങ്ങനെ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിശദമായ കാര്യങ്ങള്‍ക്ക് സമയം കിട്ടിയിരിക്കില്ല...

വിസ്മയം

My father on the cot in white, straight as a corpse in a coffin,
The hours crawl about him in ambush,
Detonating memory cells like bombs at each intractable breath
Burning synapses down like a bridge,
Weighting his tongue down
With speech slush.

                                   Catafalque / cp surendran      

അത്ഭുതകരമായ മനസ്ഥൈര്യവും അച്ചടക്കവുമുള്ളയാളായിരുന്നു അച്ഛന്‍. റൂമില്‍ കയറിയിരുന്നാല്‍ വൈകുന്നേരമാവുമ്പോഴേക്ക് ഒരുപുസ്തകത്തിന്റെ പകുതിയൊക്കെ ഒറ്റയിരിപ്പിന് എഴുതിക്കഴിഞ്ഞിരിക്കും. അത്തരത്തിലുള്ള ഒരു അച്ചടക്കമുണ്ടായിരുന്നു. അക്കാര്യങ്ങളിലൊക്കെ ആരാധനയായിരുന്നു എനിക്ക്. അല്‍സൈമേഴ്സിന്റെ അവസാന ഘട്ടത്തില്‍  ആ മനസ്ഥൈര്യം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.  ഭാഷക്കൊപ്പം ഭാഷക്കുവേണ്ടി ജീവിച്ച ഒരു മനുഷ്യന് അത് കൈവിട്ടുപോവുകയെന്നു പറയുന്നത് വല്ലാത്ത അവസ്ഥയാണ്. ചുറ്റുമുള്ളതിനൊക്കെ പേരുകൊടുക്കുന്ന പോലെയുള്ള ഒരു ആദമിക് ഫംങ്ഷനാണ് എഴുത്ത്. ആദം ലോകത്തെ വസ്തുക്കള്‍ക്ക് പേരു കൊടുത്തെന്നു പറയും പോലെ...വല്ലാത്ത സര്‍ഗാത്മക ഇടപാട്...അങ്ങനെയുള്ളപ്പോള്‍ നാമവും, വിശേഷണവും,ഭാഷയാകെ കൈവിട്ടു പോവുകയെന്നു പറയുന്നത് വല്ലാത്ത അവസ്ഥയാണ്. ഒരുദിവസം ഞാന്‍ നോക്കുമ്പോള്‍ റൈറ്റിങ് പാഡ് എടുത്തുവച്ച് അച്ഛന്‍ മലയാള അക്ഷരങ്ങള്‍ എഴുതി പഠിക്കുകയായിരുന്നു. എഴുപത് വര്‍ഷത്തോളം കൈകാര്യം ചെയ്ത ഭാഷയെ ആദ്യം മുതല്‍ പഠിക്കാനുള്ള ശ്രമം.. പിടിച്ചു നിര്‍ത്താനുള്ള ശ്രമം..എന്തൊരവസ്ഥയായിരുന്നു അത്...എന്റെ കണ്ണുനിറഞ്ഞുപോയി.. അത്രക്ക് മനസ്ഥൈര്യമുണ്ടായിരുന്നു അച്ഛന്..അവസാന ശ്വാസം വരെ നിരീശ്വരവാദിയായിരുന്നു. പലപ്പോഴും പ്രായമേറുമ്പോള്‍ ഉല്‍ക്കണ്ഠകള്‍ കൂടും. ഓരോഘട്ടത്തിലും നമ്മെക്കുറിച്ച് ഉറപ്പില്ലായ്മ തോന്നിതുടങ്ങും...അത് വരെ യഥാര്‍ഥമെന്നു തോന്നിയത് സ്വപ്നമായി തോന്നും...വാര്‍ധക്യ സഹജമായ രോഗപരിവാരങ്ങള്‍ വന്നു കൂടാന്‍ തുടങ്ങുമ്പോ...അത് അച്ഛന്റെ പ്രയോഗമാണ്. വാര്‍ധക്യ സഹജമായ രോഗപരിവാരങ്ങള്‍...വര്‍ഷങ്ങള്‍ക്കുമുന്‍പ് കേട്ടതാ...അപ്പോ അതൊക്കെ വന്നു കൂടുമ്പം നമ്മള്‍ ഈശ്വരനിലോ മറ്റോ അഭയം തേടാന്‍ തുടങ്ങും. പക്ഷേ അച്ഛന്റെ കാര്യത്തില്‍ അവസാനം വരെ അദ്ദേഹം അദ്ദേഹത്തിന്റെ വഴിയില്‍ ഉറച്ചു നിന്നു. അത് അദ്ദേഹം ചെയ്തകാര്യങ്ങളില്‍ അതിന്റെ ശരിയില്‍ എല്ലാമുള്ള ആത്മവിശ്വസമായിരുന്നു..

പുസ്തകം

അച്ഛന്റെ കേരളമെങ്ങനെ ജീവിക്കുന്നു എന്ന പുസ്തകം  ചരിത്ര രേഖ തന്നെയാണ്. ഗുന്തര്‍ഗ്രാസ്  റഷ്യയിലുടനീളം സഞ്ചരിച്ച് ചെയ്തതുപോലെ കേരളത്തിലെ ഉള്ളടരുകളില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ജീവിതം കൃത്യമായി പകര്‍ത്തിയെഴുതുകയായിരുന്നു അതില്‍.  വയനാട്ടിലെ തേയിലത്തൊഴിലാളികളുടെ  ഇടയിലൊക്കെ ചെന്ന് അവരുടെ വരുമാനം ജീവിതച്ചെലവ്... സൂക്ഷ്മാമായ ജീവിത പഠനം നടത്തുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ ഒ രറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ച് താഴേത്തട്ടിലുള്ള ജീവിതം പകര്‍ത്തുകയായിരുന്നു.അടുത്ത കാലത്ത് ഡോക്റ്ററേറ്റിന് റിസര്‍ച്ച് ചെയ്യുന്ന ഒരു സ്ത്രീ അച്ഛന്‍ അന്നു പോയ വഴിയിലൂടെ വീണ്ടും സഞ്ചരിച്ച് പഠനം നടത്തിയിരുന്നു. ശരിക്കും ആ വഴിയിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കുന്നത് നല്ലതായിരിക്കും.

തെറ്റ്

അച്ഛനനെയും പ്രസ്ഥാനത്തിലുള്ളവരെയും  കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെയുമൊക്കെ അക്കാലത്ത് വല്ലാതെ നിരാകരിക്കുന്ന രീതിയിലായിരുന്നു പൊതുവേ എന്റെ ഇടപെടലുകള്‍. അപക്വം...അനാവശ്യം എന്ന മട്ടിലൊക്കെ അവരുടെ മുന്നേറ്റങ്ങളെ ഞാന്‍ നിരാകരിക്കുകയോ പുച്ഛിക്കുകയോ ആയിരുന്നു. അത് വലിയ തെറ്റാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.  അച്ഛനെയും ആ വഴിയില്‍ ഞാന്‍ നിരാകരിക്കുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ പഠിച്ചില്ല. അത് വലിയ തെറ്റായിരുന്നു. പലപ്പോഴും സാമ്പത്തികമായ അരക്ഷിതാവസ്ഥയൊക്കെ അച്ഛനുമായുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു.  എന്റെ ആദ്യ കവിതാ സമാഹാരമൊക്കെ വന്ന കാലത്ത് കൃത്യമായ  പിന്തുണയുണ്ടായിരുന്നെങ്കില്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്റെ ഇടം കണ്ടെത്താന്‍ കൂടുതല്‍ സഹായകമായേനെ. അതൊന്നും ലഭിച്ചില്ല. പലപ്പോഴും  ഇത്തരത്തിലുള്ള യാഥാര്‍ഥ്യങ്ങളായിരുന്നു എനിക്കെന്നും പറയാനുണ്ടായിരുന്നത്.

photo PB Biju Madhyamam
  • ഒരിക്കല്‍ തന്നെ വിമര്‍ശിച്ച ലേഖനത്തിനു മറുപടിയായി പവനന്‍ പറഞ്ഞു. ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെപോലെ ശാന്തനും നിര്‍ദോഷിയുമാണ്.

Nidheesh Nadery

Friday, June 24, 2011

മരുഭൂവില്‍ മൂക്കുകുത്തി ജനസിസ്; സൂര്യ രഹസ്യങ്ങളുടെ താക്കോലുമായി

യൂട്ടാ  മരുഭൂവില്‍ നിലം പതിച്ച നാസയുടെ ജനസിസ് പേടകം

സൂര്യനെ അടുത്തറിയുക അതുവഴി സൌരയൂഥത്തിന്റെ രസതന്ത്രമറിയുക ഇതായിരുന്ന നാസയുടെ ജനസിസ് (genesis) ദൌത്യത്തിന്റെ ഉദ്ദേശ്യം. സൂര്യനില്‍ ചെന്ന് കാര്യങ്ങളറിയുക അസാധ്യമായതിനാല്‍ സൌരവാതങ്ങളെ (solarwind) പഠിക്കുകകയായിരുന്നു ജനസിസിന്റെ ദൌത്യം. ശതകോടി വര്‍ത്തോളം വലിയ മാറ്റമില്ലാതെ തുടരുന്ന സൂര്യന്റെ പുറംപാളിയില്‍ നിന്നു  ഉള്ള  പൊടിപടല പ്രവാഹമാണ് സൌരവാതങ്ങള്‍. സൌരവാത പ്രവാഹത്തിനിടയില്‍ ചെന്ന് ആകാവുന്നത്ര പദാര്‍ഥങ്ങള്‍ ശേഖരിക്കുവാനാണ് 2001ല്‍ ജനസിസ് കുതിച്ചുയര്‍ന്നത്. സൌരയൂഥത്തിന്റെ ഫോസിലുകള്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന  പദാര്‍ഥ ശേഖരവുമായി 2004ല്‍ ജനസിസ് തിരിച്ചിറങ്ങി. തിരിച്ചിറക്കത്തിനിടെ കുഴപ്പം പറ്റി. പാരച്യൂട്ട് സംവിധാനത്തില്‍ വന്ന അപാകത വിനയായി. പേടകം മൂന്നുവര്‍ഷം ശേഖരിച്ച അപൂര്‍വ്വ സൌരപദാര്‍ഥ ശേഖരവുമായി അമേരിക്കയിലെ യൂട്ടാ സ്റ്റേററിലെ മരുഭൂവില്‍ വീണു തകര്‍ന്നു. സൌരവാതത്തിലെ അയോണുകളെ കെണിയിലാക്കി ശേഖരിക്കുന്ന നിരവധി കളക്ടറുകള്‍ ജനസിസിലുണ്ടായിരുന്നു. മരുഭൂമിയില്‍ വീണു ചിതറിയ ഇവ അന്താരാഷ്ട്ര ശാസത്ര സമൂഹത്തിനായി തിരഞ്ഞു പിടിക്കുവാന്‍ അമേരിക്കയിലെ ജോണ്‍സണ്‍ സ്േപസ് സെന്ററിലെ ഗവേഷകര്‍ രംഗത്തിറങ്ങി.  അവിടെ കാര്യങ്ങള്‍ക്ക് വഴിത്തിരിവുണ്ടാവുകയായിരുന്നു.

കളക്ടറുകളിലെ പദാര്‍ഥങ്ങളെ അപഗ്രഥിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വരുന്നു. ഏറ്റവും പുതിയത് സൂര്യന്റെയും ഭൂമിയുടെയും ഓക്സിജന്‍,നൈട്രജന്‍ വിതരണം സംബന്ധിച്ച താരതമ്യ പഠനമാണ്. ഓക്സിജന്റെയും നൈട്രജന്റെയും  ഐസോടോപ്പുകളുടെ സാനിധ്യത്തില്‍ സൂര്യനും ഭൂമിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പഠനം പറയുന്നു. ഓക്സിജന്‍-17 ഓക്സിജന്‍ -18 ഐസോടോപ്പുകളുടെ കാര്യത്തില്‍ സൂര്യനെക്കാള്‍ കേമന്‍ ഭൂമിയാണെന്ന് സൌരവാത പദാര്‍ഥങ്ങള്‍ അപഗ്രഥിച്ച ഗവേഷകര്‍ പറയുന്നു. നൈട്രജന്‍-14 ഐസോടോപ്പിന്റെ കാര്യത്തിലും ഭൂമിയാണ് മുന്നില്‍. സൂര്യനേക്കാള്‍ 40% അധികമാണ് ഭൂമിയില്‍ നൈട്രജന്‍-14ന്റെ സാനിധ്യം.
പഠനങ്ങള്‍ തുടരുന്നു. 460 കോടി വര്‍ഷങ്ങള്‍ക്കപ്പുറം പൊടിപടലങ്ങളും വായുവും കലര്‍ന്ന പ്രപഞ്ചമേഖല സൌരയൂഥമെന്ന ഇന്നത്തെ സംവിധാനത്തിലേക്ക് പരിണമിക്കുകയായിരുന്നുവെന്നാണ് ശാസ്ത്ര നിഗമനം. സ്വാഭാവികമായും സമാനപദാര്‍ഥങ്ങളില്‍ നിന്നുയിര്‍ക്കൊണ്ടതിനാല്‍ സൂര്യനും ഗ്രഹങ്ങളുമടങ്ങുന്ന ഈ സംവിധാനത്തില്‍ എല്ലാവര്‍ക്കും സമാനമായ മൂലക ചേരുവയും ഉണ്ടാവേണ്ടതാണ്. പക്ഷേ ഉല്‍ക്കകളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ തന്നെ ഈ നിഗമനം തെറ്റിക്കുന്നു. വെത്യസ്തമായ മൂലക രസതന്ത്രമാണ് ഇവയൊക്കെ തരുന്നത്.

സൌരയൂഥത്തിന്റെ മൂലക അനുപാതം തകിടം മറിച്ച എന്തോ ഒന്ന് പരിണാമഘട്ടത്തിലെപ്പൊഴോ സംഭവിച്ചിരിക്കാമെന്നാണ് ഇത് വിളിച്ചു പറയുന്നത്. ഇത്തരം സമസ്യകള്‍ക്ക് ഉത്തരം കാണണമെങ്കില്‍ സൌരയൂഥത്തിന്റെ ജനനകാലത്തെ മൂലക അനുപാതം നിര്‍ണയിക്കേണ്ടതുണ്ട്. ജനസിസ് പതനത്തിനിടെ നമുക്കു കൈമാറിയ  അപൂര്‍വ്വ ശേഖരങ്ങളിലെ ഗവേഷണങ്ങള്‍ ആ ലക്ഷ്യത്തിലേക്ക് പുതിയ വാതിലുകള്‍ തുറന്നിടുകയാണ്.

Wednesday, June 22, 2011

ശനിയുടെ ചന്ദ്രനകത്ത് ഉപ്പുസമുദ്രം ഉറങ്ങുന്നുവോ?


എന്‍സെലാഡസിന്റെ ഉത്തരധ്രുവത്തിലെ ഐസ് പരല്‍ പ്രവാഹം
കടുവാ വരകള്‍ എന്ന് വിളിക്കുന്ന ഈ പ്രവാഹങ്ങളില്‍ ഐസ് പരലുകളും ജല ബാഷ്പങ്ങളും ഓര്‍ഗാനിക് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു


നിയുടെ ചന്ദ്രന്‍ വലിയൊരു ഉപ്പുസമുദ്രത്തെ ഒളിപ്പിക്കുന്നുണ്ടോ? അതിനുള്ള സാധ്യത ബലപ്പെടുകയാണ്. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ കാസിനി പേടകം നടത്തിയ നിരീക്ഷണമാണ് പുതിയ ജാലകങ്ങള്‍ തുറന്നിടുന്നത്.  ഐസ് പരലുകള്‍ മൂടിയ എന്‍സെലാഡസിന്റെ ഉപരിതലത്തിനടിയില്‍ വലിയൊരു ഉപ്പുതടാകം ഉറങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് കാസിനി നമ്മോട് പറയുന്നു.  എന്‍സെലാഡസിന്റെ ഉപരിതലത്തില്‍ നിന്ന് പ്രവഹിക്കുന്ന ഐസ് പൊടികള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ കാസിനി പേടകം അതില്‍ ഉപ്പിന്റെ സാനിധ്യം നല്ലവണ്ണമുണ്ടെന്ന് തിരിച്ചറിഞ്ഞു.

കുറേ കാലമായി എന്‍സെലാഡസില്‍ കണ്ണും നട്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന് ഇത് പ്രതീക്ഷയുളവാക്കുന്ന വാര്‍ത്ത തന്നെയാണ്. എന്‍സെലാഡസിന്റെ ഐസ് മൂടിയ പുറംപാളിയുടെ വിടവുകളിലൂടെ പ്രവഹിക്കുന്ന ഐസ്പൊടി പ്രവാഹത്തെ 'കടുവാവരകള്‍'(tiger stripes) എന്നാണ് വിളിക്കാറ്. ഈ പ്രവാഹത്തിലെ ഐസ് പരലുകളില്‍ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും ലവണങ്ങള്‍ ഉണ്ടെന്നാണ് കാസിനിയുടെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ എന്ന ഉപകരണത്തിന്റെ  കണ്ടെത്തല്‍.

ഇവക്ക് സമുദ്ര ജലത്തിനു സമാനമായ ലവണാനുപാതമാണെന്നാണ് ശാസ്ത്രകാരന്‍മാര്‍ പറയുന്നത്.  പുറത്തേക്ക് പ്രവഹിക്കുന്ന ഐസിന്റെയും ഉപ്പിന്റെയും അനുപാതം ഉപ്പുജലം ബാഷ്പമാവുന്നതിന്റെ സൂചനകള്‍ തരുന്നതായും നിഗമനമുണ്ട്. നിരന്തരം ഐസ് പരലുകളുടെയും ഉപ്പുതരികളുടെയും പ്രവാഹങ്ങള്‍ ഉണ്ടാവണമെങ്കില്‍ ഉപ്പുജലത്തിന്റെ വലിയ ശേഖരം കൂടിയേ മതിയാവൂ. അതാണ് ശനിയുടെ ചന്ദ്രനകത്ത് ഉപ്പുജലത്തിന്റെ വലിയ ശേഖരമുണ്ടെന്ന സാധ്യത തുറന്നിടുന്നത്.

കാസിനി പേടകം 2005 ലാണ് എന്‍സലാഡസിലെ ഐസ് പരലുകളുടെ പ്രവാഹത്തെ കുറിച്ച് ആദ്യ സൂചന തരുന്നത്. 2009ല്‍ ഇതിലെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ ഉപ്പിന്റെ സാനിധ്യവും വിളിച്ചു പറഞ്ഞു.  ഈ ഉപഗ്രഹത്തിന്‍െ ഐസ് പുറംപാളിക്കും  അകക്കാമ്പിനുമിടയില്‍ 80 കിലോമീറ്ററോളം ആഴത്തില്‍ ജലസാനിധ്യമുണ്ടെന്ന് കാസിനി തന്ന വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ വ്യക്തമാവുന്നു. നാച്വര്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Sunday, June 19, 2011

മിഠായി തെരുവ് പൊള്ളാച്ചിയില്‍


കാണൂ കഥകളുറങ്ങുന്ന മിഠായി തെരുവിന്റെ പഴയ മുഖം. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ മിഠായിതെരുവ് തലയുയര്‍ത്തി നില്‍ക്കുന്നത് പൊള്ളാച്ചിയിലാണ്. ടി.പി.കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് മിഠായിതെരുവ് പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. കലാസംവിധായകന്‍ ബോബനും 40ഓളം അനുയായികളും വിയര്‍പ്പൊഴുക്കിയാണ് ഗതകാല സ്മൃതികളുറങ്ങുന്ന മിഠായിതെരുവിലെ കാഴ്ചകള്‍ക്കു ജീവന്‍ നല്‍കിയിരിക്കുന്നത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നരേനാണ് ടൈറ്റില്‍ വേഷത്തില്‍. 1921`45 കാലത്തെ മിഠായിതെരുവാണ് പൊള്ളാച്ചിയില്‍ സെറ്റിട്ടിരിക്കുന്നത്.

Thursday, June 9, 2011

ഇതാ ജലചിലന്തിലത്തിനടിയില്‍ ജീവിക്കുന്ന ചിലന്തിയെ കണ്ടെത്തി. ചിലന്തി വംശത്തിലെ തന്നെ അപൂര്‍വ്വ ഇനമാണ് ശാസ്ത്രകാരന്‍മാര്‍ക്ക് ദര്‍ശനം നല്‍കിയിരിക്കുന്നത്. ആര്‍ഗിറോനെറ്റ അക്വാറ്റിക എന്നാണ് ജലചിലന്തിയുടെ ശാസ്ത്രനാമം. ദിവസത്തിലൊരു പ്രാവശ്യം മാത്രം ആള്‍ ജലത്തിനു വെളിയിലെത്തും. ആവശ്യത്തിന് ഓക്സിജന്‍ സ്വീകരിക്കുവാനാണ് ഈ കരക്കു കേറല്‍. ജലോപരിതലത്തില്‍ തള്ളിനില്‍ക്കുന്ന വിധത്തില്‍ സില്‍ക്ക്നാരുകള്‍ ചേര്‍ത്ത് കുമിളയുണ്ടാക്കിയാണ് ചിലന്തിയുടെ ജലവാസം. വയറില്‍ നിറച്ചുകൊണ്ടുവരുന്ന ഓക്സിജന്‍ ഈ കുമിളയില്‍ നിറച്ചുവെക്കും. മീനുകളാണ് കക്ഷിയുടെ ഇരകള്‍. അഡ്ലെയ്ഡ് യൂനിവേഴ്സിറ്റിയിലെ റോജര്‍ സെയ്മറും സംഘവുമാണ് ചിലന്തിയെ കണ്ടെത്തിയത്. എക്സ്പെരിമെന്റല്‍ ബയോളജി ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

Monday, June 6, 2011

ഓര്‍ക്കൂട്ട് റസ്റ്റ് ഇന്‍ പീസ്; ഫേസ് ബുക്കിന് ശുക്രന്‍റെസ്റ്റ് ഇന്‍ പീസ് എന്ന് മുദ്രകുത്തിയ ഓര്‍ക്കുട്ടിന്റെ ശവകുടീരം. ഈ ചിത്രം നല്ലോണം വോളില്‍ പതിപ്പിക്കുകയാണ് ഫേസ് ബുക്ക് കേരളീയര്‍. എത്ര പെട്ടെന്നാണ് ഓര്‍ക്കുട്ട് നമുക്ക് രണ്ടാം തരക്കാരനായത്. ഓര്‍ക്കുട്ടിനെക്കുറിച്ച് ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അവനവന്‍ തുരുത്തുകളിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയ പുതുമലയാള ജീവികള്‍ക്ക്  സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സല്ലാപസുഖമെന്തെന്ന് ആദ്യംപഠിപ്പിച്ചുകൊടുത്തത് ഓര്‍ക്കുട്ടാണ്. ഈയാംപാറ്റകളെ പോലെ സൈബര്‍ മലയാളം  ഓര്‍ക്കൂട്ടില്‍ സൈന്‍ അപ്പ് ചെയ്യുകയായിരുന്നു.


 നിരന്തരം വികസിക്കുന്ന നമ്മുടെ സൌഹൃദ ശൃംഖല നമുക്കു തന്നെ ഒരുവേള അവിശ്വസനീയമായി തോന്നി.  ഫ്രണ്ട് ലിസ്റ്റിലെ മുഖങ്ങളിലൂടെ പലവട്ടം കടന്നു പോയി നാം നമ്മെക്കുറിച്ച് വിസ്മയിച്ചു. ഞാനെത്ര സൌഹൃദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു!!.
കമ്മ്യൂണിറ്റികള്‍ കയറിയിറങ്ങി വഴിയില്‍ നഷ്ടപ്പെട്ട ചങ്ങാതിക്കുട്ടങ്ങളെ നമ്മള്‍ കണ്ടെത്തി. സ്കൂള്‍കാലത്ത് ഓട്ടോഗ്രാഫുമെഴുതി പിരിഞ്ഞവന്‍ ഫ്രണ്ട് റിക്വസ്റ്റുമായി  കടലിനപ്പുറത്തുനിന്ന് ക്ലിക്ക് ചെയ്തത് കണ്ട് നാം ഗൃഹാതുരതകളില്‍ വീര്‍പ്പുമുട്ടി. മഴ, നന്ദിത, പത്മരാജന്‍, ചുള്ളിക്കാട്, മഹാരാജാസ് കോളജ്, മമ്മൂട്ടി,ചെഗുവേര.... അങ്ങനെ അച്ചടക്കമൊട്ടുമില്ലാതെ അഭിനിവേശങ്ങളുടെ കമ്മ്യൂണിറ്റികളില്‍ അലഞ്ഞ് നാം  സമാനഹൃദയരെ ചികഞ്ഞു
.
ലപ്പോഴും കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്ത് ഹോം പേജില്‍ ഇമേജ് അപ്ലോഡ് ചെയ്യുന്നിടം വരെ ആവേശം നിന്നു. കമ്മ്യൂണിറ്റികളില്‍ കാര്യമായ കൂട്ടു ചര്‍ച്ചകളൊന്നും കൊഴുത്തില്ലെന്നത് നേര്. പലപ്പോഴും ഉമ്മറത്ത് ആനച്ചങ്ങല കൊണ്ടിട്ട് മേനികാട്ടുന്ന പോലെയായി നമ്മുടെ ഹോം പേജിലെ കമ്മ്യൂണിറ്റികള്‍. എന്നാലും എന്നാലും ഓര്‍ക്കൂട്ടിലെ ഹോം പേജില്‍ ഇന്നെന്തു സംഭവിച്ചുവെന്ന ആകാംക്ഷ മതിയായിരുന്നു നമുക്ക്. വന്നു കിടക്കുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ്, വിസിറ്റേഴ്സ്  ലിസ്റ്റില്‍ വഴിതെറ്റിയോ അല്ലാതെയോ നമ്മുടെ ഹോം പേജില്‍ വന്നെത്തി നോക്കിയവരുടെ കാലടികള്‍, അവരെ പിന്തുടര്‍ന്നുള്ള സഞ്ചാരങ്ങള്‍. ഒരു കമ്മ്യൂണിറ്റിയില്‍ പരിചിത മുഖങ്ങളെ ഒന്നാകെ തിരിച്ചു പിടിച്ചതിന്റെ കൊയ്ത്തുല്‍സവങ്ങള്‍, നമ്മെ ഓര്‍ത്തവരുടെ സ്ക്രാപ്പുപാടുകള്‍... 2004ല്‍ പിറവിയെടുത്ത് മൂന്നുവര്‍ഷത്തിനകം ഓര്‍ക്കൂട്ട് നമ്മളേറ്റെടുത്തിരുന്നു. രുകൂട്ട് എന്ന  മോഹത്തെ തലോടുന്ന പേരിനും ജനപ്രിയതയിലൊരു പങ്കു കാണാതിരിക്കില്ല. ഓര്‍ക്കുട്ട് ബേയുകോക്ടെന്‍ എന്ന സ്ഥാപകന്റെ പേരിന് അങ്ങനെയൊരു യാദൃശ്ചിക നിയോഗവുമുണ്ടാവാമെന്നും വെറുതെ ചിന്തിക്കാം. ഫ്രണ്ട് സ്റ്റാര്‍  എന്ന അക്കാലത്ത് ജനപ്രീതി നേടിയ സോഷ്യല്‍ സൈറ്റിനെ വിലക്കു വാങ്ങാനുള്ള ഗൂഗിളിന്റെ ഓഫര്‍ നിരസിക്കപ്പെട്ടത് ബേയുകോക്ടെന് കഴിവുതെളിയിക്കാനുള്ള അവസരമാവുകയായിരുന്നു. മലയാളിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആഘോഷിക്കാനെന്ന പോലെ വന്നു പന്തലിക്കുകയിരുന്നു ഓര്‍ക്കുട്ട് .ഇന്ത്യയിലും ബ്രസീലിലും ഉപയോഗത്തില്‍ ഒന്നാംസ്ഥാനത്തുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായി തുടരാനും ഓര്‍ക്കൂട്ടിനായി.


ദ്യകാലത്ത് അമേരിക്കയില്‍ ജനപ്രിയത നേടിയെങ്കിലും മൈസ്പേസും ഫേസ്ബുക്കുമെല്ലാം ഓര്‍ക്കുട്ടിനെ മറികടക്കുകയായിരുന്നു. ലോകത്ത് ഓര്‍ക്കുട്ട് ജീവികളില്‍ 39ശതമാനത്തോളം ഇന്ത്യയിലാണ്. പുതിയ പ്രവണതകള്‍ ഓര്‍ക്കൂട്ടിന്റെ ജനപ്രിയതയില്‍ മങ്ങലേല്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. മലയാളവും ഇപ്പോള്‍ കൂടുതല്‍ സജീവമാവുന്നത് ഓര്‍ക്കുട്ടിനേക്കാള്‍ ഫേസ് ബുക്കിലാവുന്നു. 'ഓര്‍ക്കുട്ട് മടുത്തു... പഴഞ്ചന്‍' എന്ന പറച്ചിലിനും പുതുമതേടലിനുമപ്പുറം ഫേസ് ബുക്ക് മലയാളിക്ക് സവിശേഷമായി വല്ലതും മുന്നോട്ടു വെക്കുന്നുണ്ടോ.


ന്ത്യയില്‍ ഒന്നാമതായി ഓര്‍ക്കുട്ട് തുടരുന്നുവെങ്കിലും നെറ്റ്വര്‍ക്ക് ട്രാഫികിങ് നിരക്ക് കുറയുന്നതായി  നെറ്റ്വര്‍ക്ക് ട്രാഫിക്ക് നിരീക്ഷിക്കുന്ന അലെക്സ എന്ന വെബ്സൈറ്റ് പറയുന്നു. അതേ സമയം ഫേസ് ബുക്ക്  വളരെ വേഗത്തില്‍ നില മെച്ചപ്പെടുത്തുന്നതായും രേഖപ്പെടുത്തുന്നു. വിശാലമായ സൌഹൃദ സാധ്യതകള്‍ തുറന്നുവെക്കുന്നതിനിടയില്‍ ഓര്‍ക്കുട്ടിനു വന്ന പരിമിതികളിലാണ് ഫേസ് ബുക്ക് ഗോളടിച്ചത്.

ഓര്‍ക്കുട്ടിന്റെ തുറന്നുവെച്ച വഴിയിലൂടെ നിരവധി വ്യാജ പ്രൊഫൈലുകള്‍ കയറിപ്പറ്റിയതാണ് പ്രധാന പ്രശ്നം.


ര്‍ക്കുട്ട് സെര്‍ച്ചിനിടയില്‍ ഏതു സെലിബ്രിറ്റി വന്നു പെട്ടാലും നൂറുവട്ടം ചിന്തിക്കേണ്ടി വരും ആള്‍ ഒറിജിനലോ വ്യാജനോ എന്ന്. വ്യാജന്‍മാര്‍ ഓര്‍ക്കുട്ടിലുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നം ചെറുതല്ല. ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ കമ്മ്യൂണിറ്റികളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളും ഓര്‍ക്കൂട്ടിടങ്ങളില്‍ പെറ്റുപെരുകി. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ലഭിക്കുന്ന സെര്‍ച്ച് ഫലത്തില്‍ പകുതിയിലേറെ പോണ്‍ചിത്രശാലകളുമായി. ബ്രസീലിലും, ഇന്ത്യയടക്കമുള്ള ചുരുക്കം ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള ജനപ്രീതിക്കപ്പുറം ചെന്നെത്താനാവാത്തത് വലിയ തിരിച്ചടിയായി.  അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലുള്ളവരുമായി എളുപ്പം നെറ്റ്വര്‍ക്ക് സ്ഥാപിച്ചെടുക്കാന്‍ ഓര്‍ക്കുട്ട് നല്ല ഉപാധിയല്ലാതായി. നീണ്ട ഫ്രണ്ട്ലിസ്റ്റിനും, കമ്മ്യൂണിറ്റി റോളിനുമപ്പുറം
സജീവത നിലനിര്‍ത്തുന്ന ഘടകങ്ങളുടെ അഭാവം മടുപ്പുളവാക്കി.
മേരിക്ക പോലുളള ഇടങ്ങളില്‍ വിദേശവാസം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റും അവരുടെ പഴയ  സൌഹൃദക്കൂട്ടം നിലനിര്‍ത്തണമെങ്കില്‍ ഫേസ്ബുക്ക് വേണമെന്നായി. ഇത് ഇന്ത്യയില്‍ ഫേസ് ബുക്കിനു വളരാനുള്ള മണ്ണൊരുക്കി. ഒരാളുടെ ഫ്രണ്ട്ലിസ്റ്റില്‍ എളുപ്പം കയറിപ്പറ്റാന്‍ വ്യാജന്‍മാര്‍ക്ക് അവസരം താരതമ്യേന കുറവാണ് ഫേസ് ബുക്കില്‍. നമ്മുടെ സൌഹൃദവലയത്തിലല്ലാതെ പുറത്തേക്ക് സെര്‍ച്ച് ചെയ്ത് അപകടത്തില്‍ ചാടാന്‍ ഫേസ് ബുക്കില്‍ സംവിധാനമില്ല. പരിമിതമായ സെര്‍ച്ച് ഒപ്ഷന്‍ മാത്രം നല്‍കുന്നതിലൂടെ സുരക്ഷ കര്‍ശനമാക്കുകയാണ് ഫേസ് ബുക്ക്. ആദ്യമായി കാലെടുത്തുവക്കുന്നതിനൊപ്പം നമ്മുടെ ഈ മെയില്‍ സുഹൃത്തുക്കളില്‍ നേരത്തെ ഫേസ് ബുക്കില്‍ ഇടം നേടിയവരുടെ ലിസ്റ്റും നമുക്കുമുന്നിലെത്തുന്നു. സെര്‍ച്ച് ചെയ്ത് സുഹൃത്തുക്കളെ കണ്ടെത്തുകയെന്നത് ഒഴിവാക്കാനാവുന്നു. ഗൌരവ ചര്‍ച്ചക്കും, അപ്ഡേറ്റുകള്‍ക്കും ഫേസ് ബുക്കാണ് നല്ലയിടമെന്ന്  നമുക്കും വെളിപാടുണ്ടായി എന്ന് ഫേസ്ബുക്കിലെ സജീവത സൂചിപ്പിക്കുന്നു. സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും മറ്റ് പ്രമുഖവ്യക്തികളുടെയും നിരന്തന സാനിധ്യവും ജനപ്രിയത കുട്ടുന്നു.


കാലമിനിയുമുരുളും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും വരും...അന്നൊരു പക്ഷേ ഫേസ്ബുക്കിനെയും നാം കൈവെടിഞ്ഞു തുടങ്ങും.. പക്ഷേ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് എന്ന കൂട്ടുമെനയലും, തര്‍ക്കിക്കലും, അഭിപ്രായമറിയിക്കലും, കൂടെനിലയുറപ്പിക്കലും കൂടെത്തന്നെയുണ്ടാവും. സാമൂഹ്യ ജീവിതത്തിന്റെ ഓരം പറ്റി ജീവിക്കുന്നവര്‍ക്ക് നഷ്ടമാവുന്ന ഇടപെടലുകളുടെ ബദല്‍ മുന്നോട്ടുവെക്കുന്ന ഈ വിര്‍ച്ച്വല്‍ സമൂഹക്രമം അത്രക്ക് നമുക്ക് ശീലമായിരിക്കുന്നു. ആത്മവിശ്വസവും ജീവിത സംതൃപ്തിയും കുറഞ്ഞവരില്‍ മാനസികഉത്തേജനം നല്‍കാന്‍ ഈ സൈബര്‍ ഇടപെടലുകള്‍ക്ക് കഴിയുമെന്ന് മനശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.


 പുതു സൌഹൃദങ്ങള്‍ തിരയലും, ഗൃഹാതുര കാലത്തിലേത് തിരികെപ്പിടിക്കലും ഒരുപക്ഷേ നമ്മുടെ ദൌര്‍ബല്ല്യമായിരിക്കാം. അമേരിക്കയിലെ റാന്‍ഡി കൊണാര്‍ഡ് എന്നയാള്‍ക്ക് 1995ല്‍ തന്റെ പഴയ സ്കൂള്‍ സൌഹൃദങ്ങള്‍ തിരിച്ചുപിടിക്കാന്‍ ക്ലാസ്മേറ്റ്സ്.കോം എന്ന ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഒരുക്കാന്‍ തോന്നിയതും അതുകൊണ്ടു തന്നെയായിരിക്കും. അവിടന്നങ്ങോട്ടായിരുന്നല്ലോ സിക്സ് ഡിഗ്രീ, സൈവേള്‍ഡ്, ഫ്രണ്ട്സ്റ്റാര്‍,മൈസ്പേസ്,ട്വിറ്റര്‍,അങ്ങനെ ഫേസ്ബുക്ക് വരെയെത്തിയ ശ്രേണി ഉടലെടുത്തത്. അത് തുടരുക തന്നെ ചെയ്യും.