Friday, August 31, 2012

മരണയോട്ടം; പാതാളത്തില്‍ നിന്ന് പൊന്നോണത്തിലേക്ക്


കടലുകള്‍ക്കപ്പുറം  
കാട്ടില്‍ തൊട്ടിലില്‍ 
പതിനാലുമാസം





ണം തിരിച്ചുവരവിന്‍െറ കൂടി ഉല്‍സവമാണ്. ഐതിഹ്യത്തില്‍ പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ട മഹാബലിയുടെ തിരികെയത്തെലിന്‍െറ ഉല്‍സവം. ലോകത്തിനേതോ കോണില്‍ നരകായാതനയുടെ സംവല്‍സരത്തിനു ശേഷം അവിശ്വസനീയമായ തിരിച്ചണയലായിരുന്നു മൂടാടി കോളോറവീട്ടില്‍ ബിജുവന്‍േറത്.... ഈ  ഓണം ഏറ്റവും നിറവും മധുരവുമേറ്റുന്നത് ബിജുവിന്‍െറ മനസിലായിരിക്കുമെന്നുറപ്പ്.. പിന്നിട്ട പതിനാല് മാസങ്ങള്‍ ബിജുവിന് നിറംവറ്റിയ പ്രതീക്ഷകളസ്തമിച്ച പാതാളവാസത്തിന്‍േറതായിരുന്നു



2011 ജൂണ്‍

കുവൈത്തിലെ ജോലിക്കിടയില്‍ വീണു കിട്ടിയ വെക്കേഷന്‍ ആസ്വദിക്കുവാന്‍ ഫിലിപ്പീന്‍സിലെ ഭാര്യവീട്ടിലത്തെിയതാണ് ബിജു.   സുലു പ്രവിശ്യയിലെ പത്തിക്കുള്‍ നഗരത്തിലാണ് ഭാര്യ എലീനയുടെ വീട്. കുവൈത്തിലെ ജീവിതത്തിനിടയില്‍ നാമ്പിട്ട  പ്രണയമായിരുന്നു എലീനയെന്ന ഫിലിപ്പീന്‍കാരിയെ ബിജുവിന്‍െറ ജീവിതസഖിയാക്കിയത്. രണ്ടു കുട്ടികള്‍ അര്‍ജുനും അജയും.  പതിനൊന്ന് ദിവസത്തോളം എലീനയുടെ കുടുംബവുമൊത്ത് സന്തോഷം തിമിര്‍ത്ത ദിവസങ്ങള്‍..നഗരയാത്രകള്‍...വിരുന്നുപോക്കുകള്‍

  2 1ന് രാത്രി

ഒരു വിരുന്ന് കഴിഞ്ഞ് എലീനയുടെ വീട്ടില്‍ തിരിച്ചത്തെിയ ദിവസം.  ജൂണ്‍21 രാത്രി. ഇളയ മകന്‍ അജയിന് നല്ല പനി. അവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയാണ് ബിജു. കാല്‍മുട്ടില്‍ ആരോ തട്ടുന്നതായി തോന്നിയാണ് കണ്ണു തുറന്നത്. ഇരുട്ടുവീണ മുറിയില്‍ കിടക്കയില്‍ ഒരു രൂപം നില്‍ക്കുന്നത് പാതി തുറന്ന കണ്ണുകൊണ്ട് ബിജു കണ്ടു. ഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോള്‍ രണ്ടു ഫിലീപ്പീന്‍ സൈനികരാണ് മുറിയിലെന്ന് വ്യക്തമായി. അതിലൊരാളാണ് തോക്കുകൊണ്ട് തന്‍െറ മുട്ടിനുമേല്‍ തട്ടിവിളിച്ചത്. എലീനയും പരിഭ്രാന്തയായി ഉണര്‍ന്നു.പൊലീസ് പൊലീസ്  സൈനികര്‍ മൃദുവായി പറഞ്ഞു. പിന്നീടുള്ള കാര്യങ്ങള്‍ അവര്‍ സംസാരിച്ചത് എലീനയോടായിരുന്നു. ഫിലിപ്പീന്‍ ദേശീയ ഭാഷയായ തഗാലോഗിലായിരുന്നു ആശയവിനിമയം. പത്തിക്കുള്‍ പ്രദേശം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് അറിയാമല്ളോ..ഒരു വിദേശിയായ ഇയാള്‍ ഇവിടെ താമസിക്കുന്ന കാര്യം എന്തുകൊണ്ട് സൈന്യത്തെ അറിയിച്ചില്ല...പുറത്ത് ക്യാപ്റ്റന്‍ കാത്തു നില്‍ക്കുന്നു...ഇയാളോട് സംസാരിക്കാനുണ്ട്. എന്നായിരുന്നു അവര്‍ പറഞ്ഞുവെച്ചത്. തൗഷൂക് ആണ് ആ പ്രദേശത്തെ സംസാരഭാഷ. ദേശീയഭാഷ ഉപയോഗിക്കുക തീര്‍ച്ചയായും സൈനികരാണ്. അതിനാല്‍ യാതൊരു സംശയവുമില്ലാതെ ധൈര്യപൂര്‍വം എലീനയും വീട്ടുകാരും ബിജുവിനെ അവരുടെ കൂടെ പുറത്തേക്കയച്ചു. പുറത്തേക്കിറങ്ങിയതും കുറേ പേര്‍ ചുറ്റുംകൂടി. ഇരുകൈകളും പിടിച്ച് കഴൂത്തില്‍ തോക്കു ചൂണ്ടി നടത്തിച്ചു. അപ്പോഴേക്കും അപകടം മണത്ത എലീനയുടെ സഹോദരന്‍െറ ഭാര്യ കരഞ്ഞുകൊണ്ട് പിറകില്‍ ഓടിയത്തെി. തോക്കിന്‍െറ പാത്തികൊണ്ട് അവരെ അടിച്ചു തള്ളിയിട്ട് പിന്നാലെയത്തെിയവരെ തോക്കു ചൂണ്ടി നില്‍പ്പിച്ച് അവര്‍ ബിജുവുമായി നടന്നു...ഏറെ ദൂരം...അതൊരു കുന്നിന്‍ പ്രദേശമായിരുന്നു. താഴ്വാരത്തെ നിബിഡവനത്തിനുള്ളിലേക്ക് അവര്‍ ബിജുവിനെ നയിച്ചു..എന്താണ് സംഭവിക്കുന്നതെന്ന് ബിജുവിന് അപ്പോഴും വ്യക്തമായില്ല.. കഴുത്തിലെ ചെയിനില്‍ അതിനിടയില്‍ ആരോ പിടിച്ചുവലിച്ചു. കഴൂത്ത് വലിഞ്ഞുമുറുകി...ബിജു ശ്വാസമില്ലാതെ പിടച്ചു. മരണം മുന്നിലത്തെിയത് തുറിച്ച കണ്ണോടെ കണ്ടു. കഴുത്തിന് നീളത്തില്‍ മുറിവേല്‍പ്പിച്ച് ചെയിന്‍ പൊട്ടി. ശ്വാസം വീണ്ടെടുത്ത ബിജുവിന് ഒരു കാര്യം വ്യക്തമായി തനിക്കു ചുറ്റുമുള്ളത് സൈനികരല്ല...അപകടകാരികളായ ഒരു കൂട്ടത്തിനു നടുവിലാണ്  അകപ്പെട്ടിരിക്കുന്നത്...പിന്നെ ബിജുവിന്‍െറ മോതിരങ്ങളും കയ്യിലെ സിക്ക് വളകളുമെല്ലാം അവര്‍ വാങ്ങി. ഉള്‍വനപാതകളില്‍ യാത്ര തുടര്‍ന്നു. ബിജു കിതച്ചു തളര്‍ന്നു. ഇടക്ക് ബിസ്കറ്റും ജ്യൂസും അവര്‍ നല്‍കി. ഒടുവില്‍ കുറ്റിക്കാട് വെട്ടിത്തെളിച്ച അവരുടെ താല്‍കാലിക സങ്കേതത്തില്‍ എത്തി. ലെനോത്ത് എന്ന വാഴവര്‍ഗത്തില്‍പ്പെട്ട ചെടിയുടെ വലിയ ഇലവെട്ടി വിരിച്ച് അവര്‍ ബിജുവിനെ കിടത്തി. നിറകണ്ണുകളുമായി ഇരുള്‍ വനത്തില്‍ അവര്‍ക്കിടയില്‍ ബിജു കിടന്നു. നേരം വെളുത്തുതുടങ്ങിയപ്പോള്‍ അവരെല്ലാം നിസ്കരിച്ചു കാട്ടുചെടികള്‍ വകഞ്ഞ് വീണ്ടും നടപ്പ് തുടര്‍ന്നു. പകല്‍ പരന്നു തുടങ്ങിയപ്പോള്‍ ഉള്‍വനത്തിലെ അവരുടെ ക്യാമ്പിലത്തെി. അവിടെ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. സൈനികരെ പോലെ മുടിവെട്ടിയവരല്ല മുടി നീട്ടിവളര്‍ത്തിയവരാണ് മിക്കവരുമെന്ന് ബിജു കണ്ടു. ഫിലിപ്പീന്‍ ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഏതോ തീവ്രവാദി ഗ്രൂപ്പിന്‍െറ ക്യാമ്പിലാണ് താനെന്ന് ബിജുവിന് മനസിലായി. അവര്‍ കാപ്പിയും ചോറും ബിജുവിന് നല്‍കി. മുറി ഇംഗ്ളീഷില്‍ നാളെ സന്ദര്‍ശകനുണ്ടെന്ന് അറിയിച്ചു.



1കോടി ഡോളര്‍

അവരുടെ ക്യാപ്റ്റനായിരുന്നു സന്ദര്‍ശകന്‍. കൈാകാലുകള്‍ കെട്ടി ബിജുവിനെ അവര്‍ ക്യാപ്റ്റനു മുന്നില്‍ ഹാജരാക്കി. ഇംഗ്ളീഷില്‍ വിശദമായ ചോദ്യംചെയ്യലായിരുന്നു പിന്നെ. ബിജുവിനെ കുറിച്ച് വിശദമായി മനസിലാക്കാനുള്ള ശ്രമം. കാട്ടില്‍ മരങ്ങള്‍ക്കിടയില്‍ തൊട്ടില്‍ കെട്ടി താര്‍പായകൊണ്ട് മേല്‍ക്കൂരയിട്ട് അതില്‍ അവര്‍ ബിജുവിനെ കിടത്തി. അനങ്ങാനാവാതെ തൊട്ടിലില്‍ ദിവസങ്ങളോളം കിടപ്പു തന്നെ. അതിനിടയില്‍ ക്യാപ്റ്റന്‍ വീണ്ടും ഇന്ത്യന്‍ എംബസിയുടെ നമ്പറുമായി വന്നു. ഡയല്‍ ചെയ്ത് ബിജുവിന് നല്‍കി. എംബസി ഉദ്യോഗസ്ഥനോട് ബിജു കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഒരു കോടി ഡോളറാണ് അവരുടെ ആവശ്യമെന്ന് അറിയിച്ചു. കാര്യം ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിക്കാമെന്നും വേണ്ടതുചെയ്യാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പിന്നീട് ക്യാപ്റ്റന്‍െറ നിര്‍ബന്ധപ്രകാരം കുവൈത്തിലെ ഓഫിസിലേക്കും ബിജുവിന് വിളിക്കേണ്ടി വന്നു. അതുവഴി കുവൈത്തിലെ ജ്യേഷ്ഠനെയും കാര്യമറിയിച്ചു. ഗവര്‍ണമെന്‍റില്‍ കുടുംബത്തെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു ആവശ്യം. കൊയിലാണ്ടിയിലെ വീട്ടില്‍മാത്രം ബിജു വിളിച്ചില്ല. പ്രായമായ മാതാപിതാക്കളെ വലിയൊരു ആഘാതത്തിലേക്ക് നയിക്കാതിരിക്കാനായിരുന്നു അത്. എവിടെ നിന്നും പ്രതികരണം ഇല്ലാതായപ്പോള്‍ അവര്‍ ആവശ്യങ്ങള്‍ കുറച്ചു. പലതായി കുറഞ്ഞ അത് പത്തുലക്ഷം ഡോളറിലത്തെി. അപ്പോഴേക്കും സുലു പ്രവിശ്യയില്‍ ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബിജുവിനെ വിദേശിയായി കാണാനാവില്ളെന്നും അയാളെ സഹോദരീ ഭര്‍ത്താവായി കാണണമെന്നുമുള്ള നിലപാടായിരുന്നു നാട്ടുകാര്‍ക്ക്. എലീനയുടെ വീട്ടുകാരും ബിജുവിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പത്തിക്കൂളിലെ ഉള്‍വനത്തില്‍ തന്നെ ബിജുവുണ്ടാകുമെന്നും പ്രദേശിക ഗ്രൂപ്പാണ് ഇതിനുപിന്നിലെന്നും എലീനയുടെ അച്ഛന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.






9തലയില്ലാത്ത ദേഹങ്ങള്‍ 

പലയിടങ്ങള്‍ മാറിയുള്ള വനവാസത്തിനിടയില്‍ മോചനത്തിന് ബിജുവിന് ആദ്യ അവസരമത്തെി. ഒരുനാള്‍ ഫിലിപ്പീന്‍ സൈന്യം അവരെ തിരഞ്ഞത്തെി. തൊട്ടിലില്‍ കിടക്കുകയായിരുന്ന ബിജുവിന്‍െറ 20മീറ്റര്‍ അപ്പുറത്താണ് ആദ്യ വെടി പൊട്ടുന്നത്. ഉടന്‍  കാവലിരുന്നയാള്‍ ബിജുവിനെ തൊട്ടിലില്‍ നിന്ന് പുറത്തേക്കെടുത്തിട്ടു. ഒരു വന്‍മരത്തിന്‍െറ വേരുകള്‍ക്കിടയിലാണ് ബിജു ചെന്നുവീണത്. അനങ്ങാന്‍ പോലുമാവാത്ത അകപ്പെടല്‍. കാവല്‍ക്കാരനും ബിജുവിനു മുകളിലായി കിടന്നു. ബിജുവിനെ മറച്ചുവെക്കാനും രക്ഷപ്പെടല്‍ തടയാനുമുള്ള നീക്കമായിരുന്നു അത്. ഇരു പക്ഷവും തമ്മില്‍ മൂന്നുമണിക്കൂറിലേറെ നീണ്ട ശക്തായ വെടിവെപ്പ് നടന്നു.  മീറ്ററുകള്‍ക്കകലെ ഗ്രനേഡ് വന്നുപൊട്ടി വേരുകള്‍ ചിതറി ബിജുവിനുമേല്‍ കുമിഞ്ഞു... ചെവിയില്‍ നിന്ന് രക്തമൊഴുകി...കുറേ കഴിഞ്ഞ് മുകളിലുള്ളയാള്‍ അനങ്ങാതായതോടെയാണ് അയാള്‍ മരിച്ചുവെന്ന് ബിജു തിരിച്ചറിഞ്ഞത്. എട്ടു മണിക്കൂറോളം ഒരു ശബ്ദവും ചെവിയിലത്തെിയില്ല... സൈന്യത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ മൂന്നുപേരും മരിച്ചു. പരിക്കേറ്റുകിടന്ന ഒന്‍പതു സൈനികരുടെ തല അവര്‍ മുറിച്ചുമാറ്റി. തലയില്ലാത്ത  മൃതദേഹത്തിന്‍െറ ദൃശ്യങ്ങള്‍ കാട്ടി ബിജുവിനെ ഭീക്ഷണിപ്പെടുത്തി. സൈനികാക്രമണത്തോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. അവരുടെ സങ്കേതങ്ങള്‍ ആശയവിനിമയ രീതികള്‍  അങ്ങനെയെല്ലാം കണ്ടറിഞ്ഞ ഒരാളെന്ന നിലയില്‍ ബിജു രക്ഷപ്പെടുന്നത് തിരിച്ചടിയാവുമെന്ന് അവര്‍ ഭയന്നു. മോചനം അസാധ്യമാണെന്ന അവസ്ഥ. പ്രതികാരമെന്നോണം എലീനയുടെ വീട്ടില്‍ തീവ്രവാദികളുടെ വെടിവെപ്പുണ്ടായി. പണം കൊടുത്താല്‍ ബിജുവിനെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി
 പിന്നീട് ഇവരിലൊരു സംഘത്തിന്‍െറ പ്രതിനിധി എലീനയുടെ വീട്ടുകാരെ സമീപിച്ചു. ഇത് വലിയൊരു തര്‍ക്കത്തിലേക്ക് നയിക്കുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. നാട്ടുകാരിലൊരാളുടെ വെടിയേറ്റ് അയാള്‍ മരിച്ചു. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആ മരണത്തിനു പകരമായി ബിജുവിന്‍െറ ജീവനെടുക്കണമെന്ന് സംഘത്തിലെ ഒരു വിഭാഗം വാദിച്ചു. ക്യാപ്റ്റനത് അംഗീകരിച്ചില്ല..കാവലില്‍ നിന്ന് ആ വിഭാഗക്കാരെ മാറ്റിനിര്‍ത്തുകയും ചെയ്തു. എങ്കിലും രക്ഷപ്പെടുന്നതനിടയില്‍ വെടിവെച്ചിട്ടു എന്ന ന്യായത്തില്‍ തനിക്കുനേരെ നീളുന്ന ഒരു തോക്കിന്‍മുന എപ്പോഴും ബിജുവിനെ അലട്ടി..പിന്നീട് മാസങ്ങളോളം ബിജു പുറം ലോകവുമായി ആശയിവിനിമയം തീര്‍ത്തും നിഷേധിക്കപ്പെട്ട നിലയില്‍ പ്രതീക്ഷയറ്റ് കാടായ കാടുതോറും തൊട്ടിലില്‍ കിടന്നകിടപ്പില്‍ കഴിച്ചുകൂട്ടി.



5ാം മാസം മരണവാര്‍ത്ത

വനവാസത്തിലെ അഞ്ചാംമാസത്തിലാണ് ബിജുമരിച്ചുവെന്ന് ഉറപ്പാക്കി സുലു ഗവര്‍ണ്‍മെന്‍റ് പത്രക്കുറിപ്പിറക്കിയത്. പൊലീസിലെ സാ്വധീനമുപയോഗിച്ച് തീവ്രവാദി സംഘത്തിലെ ചിലരുടെ നീക്കമായിരുന്നു ഇതെന്ന് കരുതുന്നു. ഗള്‍ഫ് മാധ്യമങ്ങളിലെല്ലാം വാര്‍ത്തവന്നു. എലീനയെ നിര്‍ബന്ധിച്ച് ഡത്തെ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പീടീക്കാന്‍ പൊലീസ് ശ്രമിച്ചു. മൃതദേഹം കാണിച്ചാലേ ഒപ്പിടൂ എന്ന് എലീന നിര്‍ബന്ധം പിടിച്ചതോടെ അവര്‍ പിന്‍വാങ്ങി. തങ്ങളുടെ നീക്കത്തില്‍ അന്താരാഷ്ത്ര പ്രതികരണം മനസിലാക്കുവാനും ഭരണകൂടത്തിനെതിരായ അവരുടെ നീക്കത്തിന് പിന്തുണ കൂട്ടാനുമുള്ള ശ്രമത്തിന്‍െറ ഭാഗമായിരുന്നു ഈ വാര്‍ത്ത ചമക്കല്‍.. പക്ഷേ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ഇന്ത്യാ ഗവര്‍ണമെന്‍റിന്‍െറ ഇന്‍റലിജന്‍സ് പക്ഷേ ബിജു ജീവനോടെ തുടരുന്നതായി മനസിലാക്കിയിരുന്നതിനാല്‍ അവിടെയും വാര്‍ത്ത ഏറ്റില്ല...മോചനം കൂടുതല്‍ അപ്രാപ്യമായതോടെ ബിജുവിന്‍െറ ദിവസങ്ങള്‍ കൂടുതല്‍ നിരാശയുടേതായി.. നാട്ടില്‍ നിന്നുള്ള ഒരുവിളിക്ക് ചെവികൊടുത്ത് മാസങ്ങള്‍ കഴിച്ചുകൂട്ടി...ശരീരം ശോഷിച്ചു..താടിയും മുടിയും വളര്‍ന്നു നിറഞ്ഞു.. കുടുംബത്തിനും സര്‍ക്കാരിനും നാടിനും നിന്നെ വേണ്ട...അതിനാല്‍ നിന്‍െറ മരണത്തില്‍ ആര്‍ക്കും ഒന്നുമില്ല എന്ന് അടിക്കടി പറഞ്ഞ് അവര്‍ ബിജുവിനെ തളര്‍ത്തി.. കത്തികൊണ്ട് ബിജുവിന്‍െറ താടിയരിയാന്‍ നോക്കി..അത് ഹറാമാണെന്ന് ആരോ വിലക്കിയതിനാല്‍ പാതിയില്‍ നിര്‍ത്തി..

നോമ്പുകാലമത്തെിയതോടെ ബിജു അവര്‍ക്കൊപ്പം നോമ്പെടുത്തു.. അവരിലൊരാള്‍ എന്ന പരിഗണന കിട്ടി..ഭക്ഷണവും അവര്‍ക്കൊപ്പമായി..ഇനി എത്രകാലം എന്ന് ഒരിക്കല്‍ ഗതികെട്ട് ബിജു കാവലിരുന്നവരോട് ചോദിച്ചു. മുറി ഇംഗ്ളീഷില്‍ ഈദിനു ശേഷം തീരുമാനമാവുമെന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ അതിലൊരാള്‍ ദയനീയമായി തന്നെ നോക്കി. അവര്‍ തമ്മിലെന്തോ അടക്കം പറഞ്ഞു. ഈദിനു ശേഷം അപകടം വരുന്നുവെന്ന് ബിജുവിന് തോന്നി..പതിനാലുമാസവും കാവലായിരുന്ന അതിലൊരാളുടെ ദയനീയനോട്ടം പിന്നീടെല്ലാ ദിവസവും ബിജുവിന്‍െറ ഉള്ളില്‍ കനലേറ്റി...കാട്ടില്‍ പലയിടത്തായി അവര്‍ക്ക് ചിലന്തിവല പോലെ കാവല്‍ വലയങ്ങളുണ്ടായിരുന്നു. ഒരു വലയം ഭേദിച്ചാല്‍ അടുത്തതിലാര്‍ക്കെങ്കിലും മുന്നിലൊടുങ്ങുമെന്ന അവസ്ഥ...



10 ആഗസ്ത്

നോമ്പുതുറന്ന് ഭക്ഷണം കഴിച്ച് എല്ലാവരും മയക്കത്തിലാണ്. എന്നാലും തൊട്ടിലിനരികില്‍ ഒരാള്‍ ഉണര്‍ന്നിരിപ്പുണ്ടാവും. വെള്ളം കുടിക്കുന്നതിനാല്‍ ബിജു ഇടക്കിടക്ക് മൂത്രമൊഴിക്കാനിറങ്ങും. അന്ന് ഉണര്‍ന്നു താഴെയിറങ്ങിയപ്പോള്‍ കാവലിനൂഴമുള്ളയാള്‍ നല്ല ഉറക്കത്തിലായിരുന്നു. അയാളുടെ നിലത്തിട്ട തോക്ക് ദേഷ്യത്തില്‍ തട്ടിമാറ്റി വഴിയുണ്ടാക്കി മൂത്രമൊഴിക്കാന്‍ നടക്കുമ്പോഴും അയാള്‍ തിരിഞ്ഞു കിടന്ന് ഉറക്കം തുടര്‍ന്നു. മൂത്രമൊഴിക്കാനുള്ള ഇരിപ്പിലാണ് എല്ലാവരും പതിവിലേറെ പരീക്ഷീണരായി മയങ്ങുന്ന ഈ അവസരം എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്ന ചിന്ത മിന്നുന്നത്. ഇതാണ് നിന്‍െറ സമയം എന്ന് ആരോ മന്ത്രിച്ചതുപോലെ തോന്നി...മെല്ളെ കുറച്ചുദൂരം നടന്നു..പിന്നെ ഇരുന്നു തിരിഞ്ഞുനോക്കി...ആരും ശ്രദ്ധിക്കുന്നില്ല...വീണ്ടും കുറച്ചുദൂരം...അങ്ങനെ നീങ്ങവേ ഒരുധൈര്യത്തിന്‍െറ തള്ളലില്‍ ഓട്ടം തുടങ്ങി.. ഇരുട്ടില്‍ കൊടും വനത്തില്‍ ലക്ഷ്യമില്ലാതെ ഓട്ടം...കിടന്നുമിരുന്നും മാത്രം മാസങ്ങള്‍ തള്ളീനീക്കിയതിനാല്‍ കാല്‍ പേശികള്‍ അയഞ്ഞുതൂങ്ങിപ്പോയിരുന്നു. ഓടിപ്പോവാതിരിക്കാനുളള അവരുടെ മുന്‍കരുതല്‍...കുറച്ച് ഓടിയപ്പോഴേക്കും മസിലുകയറി വീണു. ഒരു കുഴിയിലായിരുന്നു വീഴ്ച..നിലാവെട്ടത്ത് അത് സൈനിക ട്രക്കിന്‍െറ ടയര്‍ ചളിയിലാഴ്ന്ന പാടാണെന്ന് വ്യക്തമായി..പിന്നെ ആ വഴിയില്‍ ഓട്ടം തുടര്‍ന്നു.. മരണപ്പാച്ചില്‍...ഇടക്കിടെ അടിതെറ്റി വീണു...ഒരു മരത്തില്‍ താങ്ങിനിന്ന് ഛര്‍ദിച്ചു...തലപൊളിയുന്ന വേദന...ഒന്നരമണിക്കൂറോളം ഓട്ടം തുടര്‍ന്നു.. ഇരുട്ടില്‍ ഒരാളുടെ ചുമലിലിടിച്ചാണ് വീണത്..അയാളുടെ ദേഹത്തുനിന്ന് എന്തോ താഴെ പതിക്കുന്നതറിഞ്ഞു. തീവ്രവാദികള്‍ക്കെല്ലാം ചുമലില്‍ ഗ്രനേഡുകളും മറ്റുമുള്ള ബാഗുക
ള്‍ ഉണ്ടായിരുന്നു. അത്തരമൊരു ബാഗാണ് താഴെ വീണതെന്ന് ബിജു ഉറപ്പിച്ചു. കണ്ണുകളിറുക്കിയടച്ച് അയാള്‍ മക്കളെയും എലീനയെയും മാതാപിതാക്കളെയുമോര്‍ത്തു. ഒരുവെടിയൊച്ചക്ക് കാത്തു. താടിയിലാരോ പിടിക്കുന്നതറിഞ്ഞ് ബിജു നോക്കി. മുഖം വ്യക്തമല്ല. നീ ഇന്ത്യനാണോ എന്ന് പ്രാദേശിക ഭാഷയില്‍ അയാളുടെ ചോദ്യം...പൊട്ടിക്കരച്ചിലായിരുന്നു ബിജുവിന്‍െറ മറുപടി..പിന്നെ കാര്യങ്ങള്‍ പറഞ്ഞു. അല്‍ഹംദുലില്ലാ...അയാള്‍ നെടുവീര്‍പ്പോടെ അങ്ങനെ പറഞ്ഞ് ബിജുവിന്‍െറ കൈപിടിച്ച് ഓടാന്‍ തുടങ്ങി..ഊടുവഴികളിലൂടെ വേഗമേറിയ ഓട്ടം..അയാള്‍ തന്നെയും വലിച്ച്ഓടുകയായിരുന്നു... പിന്നെ നാട്ടുവഴിയിലത്തെി....വീടുകള്‍ കാണാറായി...ഒരുപഴയ വീടിനുമുന്നിലത്തെി...ടീഷര്‍ട്ട് അഴിച്ച് അയാള്‍ താടി മറച്ചുകെട്ടി. വീടിനരികിലെ ജീപ്പിനു പിറകില്‍ അയാളുടെ കാല്‍ച്ചുവട്ടിലായി ഒതുക്കിയിരുത്തി...അയാളുടെ വിളികേട്ട് വീടിനുള്ളിലുള്ളയാള്‍ ഇറങ്ങി വന്നു...എലീന...വതാവത എന്ന് അവരുടെ സംഭാഷണത്തിനിടയില്‍ കേട്ടതോടെ അവര്‍ ഭാര്യയെയും മക്കളെയും കുറിച്ചാണ് പറയുന്നതെന്ന് ഉറപ്പായി..എലീനയുടെ കുടുംബത്തെ അറിയാവുന്നവര്‍ക്കൊപ്പമാണെന്നത് ഏറെ ആശ്വാസം നല്‍കി. തീവ്രവാദികള്‍ക്ക് തിരിച്ചേല്‍പ്പിച്ചെങ്കില്‍ കോടികള്‍ അവര്‍ക്ക് ഉപഹാരമായി ലഭിക്കുമായിരുന്നു. ഒരുമണിക്കൂര്‍ യാത്രക്കുശേഷം ജീപ്പ് നിന്നത് പ്രദേശത്തെ ബോര്‍ഡ് മെംബറുടെ വീട്ടില്‍..പുറത്ത് നിന്ന്ഫോണില്‍ സംസാരിച്ചതിനുശേഷം മെംബര്‍ ഇറങ്ങി വന്നു.തിരിഞ്ഞു നോക്കുമ്പോഴെക്കും ജീപ്പ് അകന്നു തുടങ്ങിയിരുന്നു. രക്ഷകന്‍െറ മുഖം പോലുമോര്‍ക്കാനില്ല...ഒരു നന്ദിവാക്കുപോലും പറയാനുമായില്ല...ദൈവത്തെപോലെ ഒരു മനുഷ്യന്‍... പിന്നെ സുളു പൊലീസ് സ്റ്റേഷനില്‍..അവിടെ എലീനയും മക്കളുമത്തെി...താടിനീട്ടി മെലഞ്ഞ തന്നെ മക്കള്‍ തിരിച്ചറിഞ്ഞില്ല...പിന്നീട് ശബ്ദം കേട്ട് അവരടുത്തുവന്നു....എല്ലാവരും ഒന്നിച്ച് ഉല്‍സാഹിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിച്ചു....ബ ിജു പറയുന്നുഒരു പാട് നന്ദിയുണ്ട് എല്ലാവരോടും...മൂടാടിയിലെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കാണ്...



Nidheesh nadery

Sunday, August 26, 2012

ചന്ദ്രനില്‍ നിന്ന് ആരെങ്കിലും നീലിന്‍െറ ക്യാമറ കൊണ്ടുവന്നെങ്കില്‍



'ഒരിക്കല്‍  ആരെങ്കിലും ചന്ദ്രനില്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടെ നഷ്ടമായ എന്‍െറ ക്യാമറയും കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്' നാസയുടെ അപ്പോളോ ദൗത്യം വ്യാജമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ച് നീല്‍ ആംസ്ട്രോങ്ങിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആകര്‍ഷകമാണ്...പക്ഷേ അതൊരിക്കലും എന്നെ ബാധിച്ചിട്ടേയില്ല' ഗാര്‍ഡിയന്‍ പ്രതിനിധിക്കു നല്‍കിയ അവസാന അഭിമുഖത്തില്‍ മനുഷ്യരാശിയുടെ വലിയ കാല്‍വെപ്പുമായി ചരിത്രത്തിലേറിയ മനുഷ്യന്‍ പറഞ്ഞു. ബഹിരാകാശവിപ്ളവങ്ങളില്‍ റഷ്യയും അമേരിക്കയും കിടമല്‍സരങ്ങളിലേര്‍പ്പെട്ട കാലത്ത് നാസയുടെ അപ്പോളോ ദൗത്യത്തിന്‍െറ വിജയം പലരീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സ്റ്റുഡിയോയില്‍ സെറ്റിട്ടു നടത്തിയ തട്ടിപ്പുനാടകമായിരുന്നു അപ്പോളോ ദൗത്യമെന്നുവരെ ആരോപണങ്ങളുയര്‍ന്നു. തുടരെ തുടരെ മനുഷ്യരെ ചന്ദ്രനിലേക്കയച്ച് നാസ ദൗത്യം തുടരുകയും ചെയ്തു. കാലമേറെക്കഴിഞ്ഞും അപ്പോളോ ദൗത്യം തട്ടിപ്പായിരുന്നെന്നു ശഠിക്കുന്നവര്‍ വാദം തുടരുമ്പൊഴും നാസയുടെ പഴയ ദൗത്യങ്ങളുടെ ശേഷിപ്പുകള്‍  ചന്ദ്രന്‍െറ മണ്ണില്‍ നിന്ന് പല പേടകങ്ങളും പകര്‍ത്തി അയക്കുകയും ചെയ്യുന്നു.


 പ്രശസ്തിയില്‍ നിന്ന് വഴിമാറി നടക്കുന്ന നീല്‍ ആംസ്ട്രോങ്ങിന്‍െറ സ്വഭാവവും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ എതിര്‍വാദങ്ങളിലെ ഇനമായിരുന്നു. ലോകത്തെയാകെ കബളിപ്പിച്ചതിന് കൂട്ടുനിന്നതിന്‍െറ കുറ്റബോധമാണ് നീലിനെ പൊതു ഇടങ്ങളില്‍ നിന്ന് അകറ്റുന്നതെന്നായിരുന്നു വ്യാഖ്യാനം. അഭിമുഖങ്ങളില്‍ അല്‍പ്പഭാഷിയായ നീല്‍ പറഞ്ഞതത്രയും ലോകം കേള്‍ക്കാന്‍ കാത്തിരുന്ന മറുപടികളായിരുന്നു. എഡ്വിന്‍ ആല്‍ഡ്രിനും മൈകേല്‍ കോളിന്‍സും താനും സഞ്ചരിച്ച അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങാന്‍ അന്‍പതുശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അത്തരത്തിലൊന്നായിരുന്നു.  എന്നാല്‍ തിരിച്ചത്തൊന്‍ 90 ശതമാനം സാധ്യതയുമുണ്ടായിരുന്നു. വിസ്മയ ഗോളത്തിന്‍െറ അരികിലത്തെി ഒരു പക്ഷേ ഇറങ്ങാതെ തിരിച്ചു പറക്കേണ്ടി വന്നിരുന്നെങ്കില്‍ നീല്‍ ആംസ്ട്രോങ് എന്ന പേര് ചരിത്രത്തില്‍ ഇത്ര തിളക്കമുള്ള മഷിയില്‍ എഴുതിച്ചേര്‍ക്കില്ലായിരുന്നു. അറുപതുകളില്‍ വിപ്ളവകരമായ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് പിന്തുണയേകിയ അമേരിക്കന്‍ ഭരണകൂടം സമീപകാലത്ത് നാസയില്‍ അത്ര പ്രതീക്ഷയര്‍പ്പിക്കാതിരിക്കുന്നത് സങ്കടകരമാണെന്നും അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ തീരുമാനമെടുക്കുന്ന നാസക്ക് ഗുണകരമാവില്ല. വൈറ്റ് ഹൗസും കോണ്‍ഗ്രസും തട്ടിക്കളിക്കുന്ന ഷട്ടില്‍കോക്കാണിപ്പോള്‍ നാസ. ഈ ബഹിരാകാശ ഏജന്‍സിയുടെ നയഗതികളില്‍ ഏറെ ഉല്‍ക്കണ്‍ഠയുണ്ട്.



ചന്ദ്രനിലിറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളെക്കുറിച്ചും അവസാന അഭിമുഖത്തില്‍ നീല്‍ സംസാരിച്ചു. ഈഗ്ള്‍ പേടകത്തിന്‍െറ പൈലറ്റ് ചന്ദ്രനിലെ വലിയ ഗര്‍ത്തത്തിനരികിലൊരിടത്ത് പേടകമിറക്കാന്‍ ശ്രമിക്കുകയായിരുന്നു. 'എവിടെയാണ് ഇറങ്ങാന്‍ പര്യാപ്തമെന്ന് കമ്പ്യൂട്ടര്‍ സൂചന നല്‍കി. പക്ഷേ അതൊരു നല്ല സ്ഥലമായിരുന്നില്ല. 100-150 മീറ്റര്‍ വ്യാസമുള്ള വലിയ ഗര്‍ത്തം. വലിയ പാറക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ ചരിവുകള്‍..ഒരു തരത്തിലും താഴ്ന്നിറങ്ങാന്‍ അനുയോജ്യമല്ലാത്ത സ്ഥലം...പേടകത്തിന്‍െറ നിയന്ത്രണമേറ്റെടുത്ത് ഹെലികോപ്റ്റല്‍ ഇറക്കും പോലെ പടിഞ്ഞാറുമാറി സൗകര്യപ്രദമായ സ്ഥലത്ത് ഇറക്കുകയായിരുന്നു...'പേടകത്തിന്‍െറ ഇന്ധനം തീരാന്‍ ഇരുപതുസെക്കന്‍റ് മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഈ ലാന്‍ഡിങ്.  'ചന്ദ്രനിലിറങ്ങിയ നിമിഷങ്ങള്‍ സവിശേഷവും അവിസ്മരണീയവുമായിരുന്നു...പക്ഷേ ഞങ്ങളെ സംബന്ധിച്ച് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു...കുറേ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ഞങ്ങളവിടെ ചെന്നത്...അതിനാല്‍ ഞങ്ങള്‍ അതില്‍ മുഴുകി...'
മാനവരാശിയെ ഒന്നാകെ പുളകംകൊള്ളിച്ച ചന്ദ്രനിലെ ആദ്യ മനുഷ്യ സന്ദര്‍ശനത്തിന്‍െറ കഥ ഏറെ അത്ഭുതാവേശത്തോടെ കാലം പുതു തലമുറക്ക് കൈമാറുന്നു. നെറ്റിചുളിക്കുന്നവര്‍ വീണ്ടും പുതിയ കാല്‍വെപ്പുകള്‍ കാണുമ്പോള്‍ ചുളിവു നിവര്‍ത്തിക്കൊണ്ടിരിക്കുന്നു....അന്യഗോളത്തിന്‍െറ മാറില്‍ ആദ്യ കാല്‍പ്പാദം വെച്ച ചരിത്ര മനുഷ്യന്‍ ഓര്‍മയായിരിക്കുന്നു... പഞ്ഞിക്കെട്ടുപോലെ ചന്ദ്രന്‍െ മണ്ണില്‍ നീങ്ങിയ ആ ചുവടുകള്‍ പക്ഷേ ചരിത്രത്തിനൊപ്പം നില്‍ക്കാതെ നടന്നുകൊണ്ടിരിക്കും.....

Thursday, August 9, 2012

ചൊവ്വയിലെ നമ്മുടെ ആകാംക്ഷ


ചൊവ്വ എന്നും നമ്മുടെ ആകാംക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്തിയ ഗ്രഹം തന്നെയായിരുന്നു. സൗരയൂഥത്തില്‍ വേറെയും അംഗങ്ങളുണ്ടെങ്കിലും  നമ്മുടെ ശാസ്ത്രാന്വേഷണങ്ങളില്‍ ചൊവ്വക്ക് മുന്‍ഗണനയുണ്ടായിരുന്നു. ഭൂമിയെപ്പോലെതന്നെ ജീവന്‍ എന്ന അദ്ഭുത പ്രതിഭാസത്തിന് അരങ്ങാകാന്‍ സകല സാധ്യതകളും ഉള്ള ഗ്രഹം എന്ന നിലക്കാണ് ചൊവ്വ നമ്മുടെ അന്വേഷണങ്ങളെ ത്രസിപ്പിച്ചത്.  1960 മുതല്‍ക്കുതന്നെ ചൊവ്വാദൗത്യങ്ങളുമായി നിരവധി പര്യവേക്ഷണ പേടകങ്ങള്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.  ചൊവ്വയെ വലംവെച്ചും ചൊവ്വോപരിതലത്തിലിറങ്ങിയും സഞ്ചരിച്ചുമെല്ലാം ഗ്രഹത്തെ തൊട്ടറിയാനുള്ള ദൗത്യങ്ങളുമായി സോവിയറ്റ് യൂനിയനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സജീവമായി.  മനുഷ്യനെ നേരിട്ടയച്ച് ചൊവ്വയെ അറിയുകയെന്ന പരമപ്രധാന ദൗത്യത്തിലേക്കുള്ള ചുവടുകള്‍തന്നെയായിരുന്നു ഈ ദൗത്യങ്ങളോരോന്നും.  അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ തന്നെയായിരുന്നു ചൊവ്വാദൗത്യങ്ങളുമായി കൂടുതല്‍ സജീവമായത്. മറൈനര്‍, വിക്കിങ്, മാര്‍സ് ഒബ്സര്‍വര്‍ തുടങ്ങിയ ആദ്യകാല ദൗത്യങ്ങളൊന്നും വേണ്ടത്ര പച്ചപിടിച്ചില്ല. ചൊവ്വോപരിതലത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തരുന്നത് നാസയുടെ ഗ്ളോബല്‍ സര്‍വേയര്‍(1996-1997) ആയിരുന്നു. ചൊവ്വയെ ഭ്രമണംചെയ്തുകൊണ്ട് ഉപരിതലം, അന്തരീക്ഷം, ആന്തരിക ഘടന എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയാണ് ഈ ദൗത്യമവസാനിച്ചത്. പിന്നീട് പാത്ത് ഫൈന്‍ഡര്‍ എന്ന റോബോട്ടിക് വാഹനമാണ് (1996-97) ചൊവ്വയിലിറങ്ങി നിരവധി പരീക്ഷണങ്ങളും ചിത്രങ്ങളുമായി ചൊവ്വയെ അറിയാന്‍ സഹായിച്ചത്. പിന്നീട് പരാജയപ്പെട്ട നിരവധി ശ്രമങ്ങള്‍ക്കുശേഷം ഫിനിക്സ് (2007) വരുന്നു. ചൊവ്വയില്‍ മൂന്നുമാസത്തെ താമസത്തിനിടയില്‍ ചൊവ്വോപരിതലത്തിലെ ഐസ് പരലുകളുടെ സാന്നിധ്യം വിളിച്ചുപറയുകയായിരുന്നു ഫിനിക്സ്. 


നാസയുടെ പല ദൗത്യവാഹനങ്ങളും ചൊവ്വയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍സ് ഒഡീസി(2001) ചൊവ്വയെ വലംവെച്ച് ഇപ്പോഴും വിവരങ്ങള്‍ കൈമാറുന്നു.  ഓപ്പര്‍ച്യൂനിറ്റി, സ്പിരിറ്റ് (2003) എന്നീ റോവറുകള്‍ ഇപ്പോഴും സജീവമായി ചൊവ്വയുടെ മണ്ണില്‍ പഠനം തുടരുകയാണ്. ചൊവ്വയുടെ പുരാതന കാലാവസ്ഥയെക്കുറിച്ചും ഭൗമശാസ്ത്രത്തെക്കുറിച്ചുമാണ് അവ പഠിക്കുന്നത്. ചൊവ്വയുടെ ഉള്‍പ്പാളികളിലെ ജലസാന്നിധ്യം ചികയുന്ന മാര്‍സ് എക്സ്പ്രസ് (2003) നിരീക്ഷണങ്ങളുമായി ഭ്രമണം തുടരുകയാണ്. ചൊവ്വോപരിതലത്തിന്‍െറ സൂക്ഷ്മമായ ചിത്രങ്ങളൊപ്പിയെടുക്കാന്‍ മാത്രം ശേഷികൂടിയ കാമറകളുമായി മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (2005) സജീവമാണ്. പല ദൗത്യങ്ങള്‍ ചൊവ്വയെ സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളുമായി ക്യൂരിയോസിറ്റിയും വന്നിറങ്ങിയത്.
ചൊവ്വയിലെ വലിയ ഗര്‍ത്തങ്ങളിലൊന്നായ ഗേല്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി താഴ്ന്നിറങ്ങിയത്.  മാര്‍സ് സയന്‍സ് ലബോറട്ടറി എന്നാണ് ദൗത്യത്തിന്‍െറ ഒൗദ്യോഗിക നാമം. ആറു ടയറുകളുമായി ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ താഴ്ന്നിറങ്ങിയതും സവിശേഷമായ ആകാശ ലാന്‍ഡിങ് ശാസ്ത്രചരിത്രത്തില്‍ കൂട്ടിച്ചേര്‍ത്തായിരുന്നു. ചൊവ്വക്ക് ഏഴ് കിലോമീറ്റര്‍ മുകളില്‍വെച്ച് പേടകത്തില്‍നിന്നു പുറത്തുവന്ന് ആകാശക്രെയിന്‍ വഴിയായിരുന്നു ക്യൂരിയോസിറ്റിയുടെ താഴ്ന്നിറക്കം. ശക്തമായ ലോഹവയറുകളില്‍ തൂങ്ങിയുള്ള സുരക്ഷിതമായ ലാന്‍ഡിങ്.

നിരവധി സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്നുപോയ ഈ ലാന്‍ഡിങ്ങില്‍ പിഴവുവരാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. സംഭ്രമത്തിന്‍െറ നിമിഷങ്ങള്‍ എന്ന ഈ ഘട്ടം വിജയകരമായതോടെ ക്യൂരിയോസിറ്റി ഗേല്‍ ഗര്‍ത്തത്തിലെ പരീക്ഷണനാളുകള്‍ക്കായി സര്‍വസജ്ജമാവുകയായിരുന്നു. മറ്റുള്ള റോവറുകളെ അപേക്ഷിച്ച് നിരവധി പരീക്ഷണ ഉപകരണങ്ങളുടെ നിരതന്നെയുണ്ട് ക്യൂരിയോസിറ്റിയില്‍. രണ്ടുവര്‍ഷത്തെ ചൊവ്വാദൗത്യത്തിനിടയില്‍ അന്തരീക്ഷ ചരിത്രം കാര്യമായി പഠനവിധേയമാക്കി ജീവന്‍ നിലനിന്ന ഏതെങ്കിലും കാലഘട്ടം ചൊവ്വയിലുണ്ടായിരുന്നോ എന്ന അന്വേഷണംകൂടി നടത്തും ഈ റോവര്‍.  ജീവന്‍ സാധ്യമാക്കിയിരുന്നതോ സാധ്യമാക്കുന്നതോ ആയ ഘടകങ്ങള്‍ ചൊവ്വയിലുണ്ടോ എന്നതാണ് ഈ സഞ്ചരിക്കുന്ന പരീക്ഷണ വാഹനത്തിന്‍െറ നിരീക്ഷണപരിധിയില്‍ വരുന്നത്. ഗേല്‍ ഗര്‍ത്തത്തിലെ മണ്ണടരുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ചികയുന്ന പരീക്ഷണങ്ങളുമായി ക്യൂരിയോസിറ്റി ഇനി സജീവമാകും. ഏറ്റവുമൊടുവില്‍ ചൊവ്വോപരിതലത്തിലിറങ്ങുന്നതിന് 2.5 മിനിറ്റ് മുമ്പുള്ള നിമിഷങ്ങളുടെ കളര്‍ ചിത്രവും വീഡിയോയും ക്യൂരിയോസിറ്റി ഭൂമിക്കു കൈമാറിയിരിക്കുന്നു. ചുവന്ന ഗ്രഹത്തിന്‍െറ പലകോണുകളില്‍ മനുഷ്യന്‍െറ ആകാംക്ഷകളുടെ ദൗത്യങ്ങള്‍ തുടരുകയാണ്. കുര്യോസിറ്റിയും അതില്‍ പങ്കുചേര്‍ന്നിരിക്കുന്നു. ചൊവ്വയുടെ ജൈവരഹസ്യങ്ങളുടെ പുതുവിവരങ്ങള്‍ ഇനിയും ഭൂമിയെ തേടി വരാനിരിക്കുന്നു.

Friday, July 20, 2012

ഡെസ്ക് ടോപ്പിലേക്ക് ആ താഴ്വാരമത്തെിയതെങ്ങനെ?






ച്ചപ്പ് മുഴുവന്‍ സൗന്ദര്യവും പുതച്ച് മേയാനിറങ്ങിയ കുന്നിന്‍ ചരുവ്. അവിടെ വീണുകിടക്കുന്ന വെളിച്ചത്തിന്‍െറ നേര്‍ത്ത പാല്‍പ്പാടകള്‍..മേലെ ജ്വലിച്ചു നില്‍ക്കുന്ന നീലാകാശ തുണ്ട്. അതിലുടെ അടുക്കും ചിട്ടയുമില്ലാതെ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങള്‍...വിന്‍ഡോസ് ഡെസ്കോപ്പുകളാകെ നിറഞ്ഞു നിന്ന ഈ ചിത്രം ഒരു ഗ്രാഫിക്കല്‍ ജാലവിദ്യയോ ഫോട്ടോഷോപ്പ് മികവോ ഒന്നുമല്ലായിരുന്നു. പച്ചക്ക് ക്യാമറ ക്ളിക്ക്ചെയ്ത് പകര്‍ത്തിയ പടമായിരുന്നു. അത് ഭൂമിയിലെ ഒരു കുന്നിന്‍ ചരുവിന്‍െറ കാഴ്ച തന്നെയോ എന്ന് സംശയം ജനിപ്പിക്കുമാറ് ജീവനുറ്റതായിരുന്നു. അതിലപ്പുറം ഒരു കാല്‍പ്പനിക ദൃശ്യം പോലെ ഭാവനാപൂരിതമായിരുന്നു. ലോകത്തേറ്റവും അധികം പേര്‍ കണ്ട ചിത്രമെന്ന് നിശംസയം പറയാവുന്ന ഈ ഫോട്ടോക്കു പിന്നില്‍ ഒരു മനുഷ്യന്‍െറ കണ്ണുണ്ട്. ജീവനോടെ ഈ കുന്നിന്‍ചരിവിന്‍െറ ആ നിമിഷം നേരില്‍ കണ്ടു ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫറുടെ മനസുണ്ട്. ചാള്‍സ് ഒ റിയര്‍ എന്ന ലോകപ്രശസ്ത ഫോട്ടോജീനിയസ് പകര്‍ത്തിയ അസംഖ്യം കാഴ്ചകളിലൊന്നു മാത്രമായിരുന്നു അത്.



വീഞ്ഞു നുരഞ്ഞ ചിത്രങ്ങള്‍


നാഷനല്‍ ജോഗ്രഫിക് മാഗസിന്‍െറ ഫോട്ടോഗ്രാഫറായി കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുകയാണ് ഈ എഴുപതുകാരന്‍. മാഗസിനുവേണ്ടി ലോകത്തിന്‍െറ കോണുകളില്‍ നിന്നെല്ലാം ചാള്‍സ് ക്ളിക്ക് ചെയ്തു. 1978ല്‍ നാപ്പവാലി വീഞ്ഞുനിര്‍മാണ മേഖലയിലേക്ക് മാഗസിന്‍െറ ദൗത്യവുമായി ചാള്‍സ് ചെന്നു. മുന്തിരിത്തോപ്പുകളില്‍ നിന്ന് മധുരവും ലഹരിയും പതയുന്ന നാപ്പവാലിയുടെ ദൃശ്യ സാധ്യത അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തി. വീടുവെച്ചു താമസം അവിടെയാക്കി. പിന്നീട് വൈന്‍ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫിക്കു സമ്മാനിക്കും വിധം വൈന്‍ ഫോട്ടോകളുടെ കമനീയ ആല്‍ബങ്ങളുടെ നിരയുമായി ചാള്‍സ് ശ്രദ്ധനേടി. ലോകം മുഴുവനും വീഞ്ഞിന്‍െറ ഫോട്ടോസാധ്യത തേടി ചാള്‍സ് യാത്രചെയ്തു. നാപ്പവാലി ദലാന്‍ഡ് ദ വൈന്‍ ദപ്യൂപ്പ്ള്‍, വൈന്‍ എക്രോസ് അമേരിക്ക തുടങ്ങി പത്തോളം ഫോട്ടോപുസ്തകങ്ങള്‍ മികച്ച കാഴ്ചകളുടെ ലഹരിയുമായിറങ്ങി. www.wineviews.com എന്ന വെബ്സൈറ്റില്‍ വീഞ്ഞിന്‍ താഴ്വരകളുടെ കണ്ണുകവരുന്ന കാഴ്ചകള്‍ കാണാം.

കുന്ന് ഡെസ്ക്ടോപ്പിലേക്ക്


ബ്ളിസ് എന്ന ലോകമേറെ കണ്ട ഡിഫോള്‍ട്ട് ഡെസ്ക് ടോപ്പ് ഇമേജിലേക്ക് ചാള്‍സിന്‍െറ ചിത്രമത്തെിയത് കാലിഫോര്‍ണിയയിലെ സൊനോമ എന്ന പ്രദേശത്തുനിന്നാണ്. 1996ല്‍ പകര്‍ത്തിയ ചിത്രം.
ലോകം ചുറ്റി ഫ്ളാഷമര്‍ത്തിയ ചാള്‍സിന്‍െറ കരിയറിലെ തന്നെ ഏറ്റവും കാഴ്ചക്കാരുണ്ടായ ചിത്രമായി അത് മാറുകയായിരുന്നു. നാപ്പക്കും സാന്‍ഫ്രാന്‍സിസ്കോക്കും ഇടയിലുള്ള ഈ കുന്നിനരികിലൂടെ പലവട്ടം ചാള്‍സ് കടന്നു പോയിരുന്നു. ഒരു ജനുവരിയില്‍ അത്തരമൊരു യാത്രയിലാണ് പതിവിലേറെ തിളക്കത്തോടെ പച്ചപുതച്ച് നില്‍ക്കുന്ന താഴ്വരം ചാള്‍സിനു മുന്നില്‍ തെളിഞ്ഞത്.  കാറില്‍ നിന്ന് ചാടിയിറങ്ങി തുരുതുരാ നാലഞ്ച് സ്നാപ്പുകള്‍...അതിലേതോ ഒന്നായിരുന്നു ലോകം ഡെസ്ക് ടോപ്പിലേറ്റു വാങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിന്‍ഡോസ് എക്സ് പി പുറത്തിറങ്ങുന്നത്. അതിന്‍െറ ഡിഫോള്‍ട്ട് ഇമേജായി മൈക്രോസോഫ്റ്റ് ചാള്‍സിന്‍െറ അസാധാരണ വശ്യതയുള്ള ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവുംവലിയ രണ്ടാമത്തെ ഫോട്ടോക്കച്ചവടമായിരുന്നു ചാള്‍സും മൈക്രോസോഫ്റ്റും തമ്മിലെന്ന് അഭ്യൂഹങ്ങളുണ്ട്. മോണിക ലെവന്‍സ് ക്ളിന്‍റന്‍ ആലിംഗന ചിത്രത്തിനു ശേഷം പണംവാരിയ ചിത്രമിതാണെന്ന് പിന്നണിക്കഥകള്‍.. എന്തായാലും ഡീല്‍ മികച്ചതുതന്നെയെന്ന് ചാള്‍സ് അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നു. ഇന്നാ കുന്നിന്‍ ചരുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കും ഈ കാഴ്ച പകര്‍ത്താനാവില്ല. ആ കുന്നിന്‍ ചരിവിലെ പച്ചപ്പുല്‍നിരയാകെ മുന്തിരിത്തോട്ടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. തവിട്ടു നിറത്തില്‍ മുന്തിരിക്കുട്ടവുമായി ഭംഗിയറ്റപോലെ ഈ താഴ്വാരത്തിന്‍െറ ചിത്രം ഗൂഗ്ള്‍ സമ്മാനിക്കും. മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ പകര്‍ത്തിയ ആ കാഴ്ചയില്‍ ഡിജിറ്റല്‍ കലര്‍പ്പൊന്നുമില്ളെന്ന് ചാള്‍സ് ഉറപ്പുനല്‍കുന്നു. അന്ന് അതിനു നേരെ ക്യാമറവെക്കുമ്പോള്‍ ലോകം ഏറെ കാണാന്‍ പോവുന്ന കാഴ്ചയാണ് പകര്‍ത്തുന്നതെന്ന ധാരണയൊട്ടുമില്ലായിരുന്നെന്നും....

വര്‍ഷങ്ങള്‍ക്കുശേഷം സൊനോമ പ്രദേശത്തെ കുന്നിന്‍ ചരിവ്


നിധീഷ് നടേരി

Sunday, July 8, 2012

ചൊവ്വന്‍ കുഴിക്കരികില്‍ നിന്ന് ഓപ്പര്‍ച്യൂനിറ്റി


രിചിതമായ ഒരു ഭൂപ്രദേശം പോലെ തോന്നുന്നല്ളേ. ഭൂമിയിലെങ്ങുമല്ല ചൊവ്വോപരിതലത്തിലെ കാഴ്ചയാണിത്. മണല്‍ നിറഞ്ഞ വലിയൊരു കുഴിപ്രദേശം. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഏതോ ആഘാതമേല്‍പ്പിച്ച പാടാണ് ഈ കുഴിയെന്ന് കരുതുന്നു. ചിത്രം പകര്‍ത്തി ഭൂമിക്കു തന്നത് ഓപ്പര്‍ച്യൂനിറ്റി എന്ന ചൊവ്വയിലെ അതിഥി വാഹനം. നാസയുടെ ചൊവ്വാ പര്യവേഷണദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റി എന്ന റോബോട്ടിക് വാഹനം അലച്ചില്‍ തുടങ്ങിയിട്ട് 3000 ചൊവ്വന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ ഓപ്പര്‍ച്യൂനിറ്റിയുടെ സോളാര്‍പാനലുകളും മറ്റും ക്യാമറയില്‍ പതിഞ്ഞതും കാണാവുന്നതാണ്. കുഴിപ്രദേശത്തിന് അരികിലായി ഓപ്പര്‍ച്യൂനിറ്റിയുടെ സഞ്ചാരപഥത്തിന്‍െറ അടയാളങ്ങളും കാണാം. 2011 ഡിസംബര്‍ 21മുതല്‍ 2012 മെയ് 8വരെയുള്ള കാലയളവില്‍ ഓപ്പര്‍ച്യൂനിറ്റി പകര്‍ത്തിയ 817 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ഈ വലിയ ഫ്രെയിം ലഭിച്ചത്.  ഇത്രയും കാലം ഗ്രീലേ ഹെവന്‍ എന്നു പേരിട്ട കുഴിപ്രദേശത്തിനരികില്‍ നിലയുറപ്പിച്ചിരിക്കയായിരുന്നു ഓപ്പര്‍ച്യൂനിറ്റി. 2004 ജനുവരിയിലാണ് നാസയുടെ ദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റിയും സ്പിരിറ്റും ചൊവ്വയിലത്തെുന്നത്. നാസയുടെ ക്യൂരിയോസിറ്റി എന്ന പുതുതലമുറ റോവറും അടുത്തമാസം ചൊവ്വയിലേക്ക് പറക്കും.

Thursday, July 5, 2012

സത്യേന്ദ്രനാഥ്: ദൈവകണത്തിന്‍െറ ‘ബോസ്’

 ഹിഗ്സ് -ബോസോണ്‍ എന്ന കണത്തിന്‍െറ പേരിന്‍െറ ആദ്യഭാഗം ഈ കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്കരിച്ച പീറ്റര്‍ ഹിഗ്സിനെ ഓര്‍മിപ്പിക്കുന്നു.  രണ്ടാം പകുതിയിലെ ബോസോണ്‍ എന്ന് ലോകം മന്ത്രിക്കുമ്പോഴൊക്കെ  കുറച്ചേറെ നമുക്ക് അഭിമാനിക്കാം. സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രകാരനെയാണ് ഈ പേരിനൊപ്പം ലോകം ആദരിക്കുന്നത്. ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയത്തെിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്.  പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു.  ധാക്ക യൂനിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ വിസ്മയിപ്പിക്കുകയായിരുന്നു. ഐന്‍സ്റ്റീന്‍െറ കൂട്ടിച്ചേര്‍ക്കലോടെ ഇത് ജര്‍മന്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

പിന്നീട് ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടത്തെല്‍. സത്യേന്ദ്രനാഥ് ബോസിന്‍െറ ഓര്‍മക്കൊപ്പം ബോസോണ്‍ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ളെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍. ഹിഗ്സ് ബോസോണ്‍ വാര്‍ത്തകളുടെ നെറുകയിലേറുന്ന ഈ ദിനത്തില്‍ ബോസിന്‍െറ ഓര്‍മകളും ജ്വലിച്ചുനില്‍ക്കുന്നു. കോളനി ഭരണകാലത്തിന്‍െറ അവഗണനകളിലും ഐന്‍സ്റ്റീന്‍െറ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേല്‍ സമ്മാനം പോലും വഴിമാറിപ്പോവുകയായിരുന്നു.  1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ ഈ വിസ്മയ ശാസ്ത്രകാരന്‍ വിടവാങ്ങി.

Wednesday, July 4, 2012

നിഗുഢ കണം വെളിപ്പെട്ടപ്പോള്‍


ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ കണ്ടത്തെിയതായി സേണ്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കണികാഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ചചെയ്യുന്ന ICHEP (International conference for high energy Physics) സമ്മേളനത്തിന്‍െറ ഭാഗമായി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് സേണ്‍ (യൂറോപ്യന്‍ ന്യൂക്ളിയര്‍ റിസര്‍ച്ച് സെന്‍റര്‍) ഗവേഷകര്‍ കണ്ടത്തെല്‍ വെളിപ്പെടുത്തിയത്. മെല്‍ബണില്‍ നടക്കുന്ന   ICHEP സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കുചേര്‍ന്നുകൊണ്ട് ജനീവയിലെ സേണ്‍ ഓഡിറ്റോറിയത്തിലാണ് ശാസ്ത്ര ചരിത്രത്തിലെ പുതുകണത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന ഏറെ സ്വീകാര്യത നേടിയ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തം പ്രവചിച്ച കണമായിരുന്നു ഹിഗ്സ്ബോസോണ്‍. ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടു വിഭാഗങ്ങളായി നടത്തിയ പരീക്ഷണ പരമ്പരകളിലാണ് ഹിഗ്സ്ബോസോണിന്‍െറ സാന്നിധ്യം വ്യക്തമായത്. സി.എം.എസ്, അറ്റ്ലസ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷണ പരമ്പരകളില്‍ നിന്നു ലഭിച്ച ഡാറ്റയില്‍ നിന്നാണ് ശാസ്ത്രം പ്രവചിച്ച കണത്തിന്‍െറ സാന്നിധ്യം ഉറപ്പാക്കിയത്. കണികാ ഭൗതികത്തിലെ മാനദണ്ഡമനുസരിച്ച് 5 സിഗ്മ സ്കെയില്‍ വരെ നല്‍കുന്ന നിരീക്ഷണങ്ങള്‍ മാത്രമാണ് കണ്ടത്തെല്‍ എന്ന രീതിയില്‍ ഉറപ്പിക്കാന്‍ കഴിയൂ. സേണ്‍ സംഘങ്ങള്‍ നടത്തിയ പരീക്ഷണങ്ങളില്‍ 4.9 സിഗ്മ സ്കെയില്‍ വരെ ഹിഗ്സ് ബോസോണ്‍ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന നിരീക്ഷണം ലഭ്യമായി. എതിര്‍ ദിശകളില്‍ പ്രോട്ടോണ്‍ ധാരകള്‍ പ്രവഹിപ്പിച്ച് നടത്തിയ കൂട്ടിയിടികള്‍ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു. 125-126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡമുള്ളവയാണ് പുതിയ കണമെന്ന് ഇരു സംഘങ്ങളുടെയും പരീക്ഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടോണ്‍ എന്ന സബ് ആറ്റോമിക് കണത്തേക്കാള്‍ 130 മടങ്ങ് പിണ്ഡമുണ്ട് ഇവക്ക്.

നോബല്‍ ജേതാവായ ശാസ്ത്രകാരന്‍ ലിയോണ്‍ലാഡര്‍മാനാണ് ഹിഗ്സ്ബോസോണിന് ദൈവകണം എന്ന വിളിപ്പേര് നല്‍കിയത്. ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത്. കണികാ ഭൗതികത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പാണ് ഹിഗ്സ് ബോസോണിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.

 സിദ്ധാന്തം  ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.  സബ് ആറ്റോമിക കണങ്ങള്‍ നിര്‍മിച്ച അടിസ്ഥാന കണങ്ങളായ ഇലക്ട്രോണ്‍, ക്വാര്‍ക് , ഗ്ളൂവോണ്‍ തുടങ്ങിയ കണങ്ങളുടെ   കുടുംബത്തില്‍ ഈ പേരും ഉറച്ചു പറയാന്‍ അപ്പോള്‍ നമുക്കാവും.

Tuesday, July 3, 2012

ദൈവകണത്തിന്‍െറ ജൂലൈ നാല്


അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ വീണ്ടും സേണിനെ ഉദ്വോഗപൂര്‍വം നിരീക്ഷിക്കുകയാണ്. പ്രപഞ്ചോല്‍പ്പത്തിക്ക് സാക്ഷിയായ ദൈവകണമെന്ന ഹിഗ്സ്ബോസോണിനെ തേടിയുള്ള അന്വേഷണത്തിന്‍െറ നിര്‍ണായക വിവരങ്ങള്‍ ജൂലൈ നാലിന് ലോകമറിയാന്‍ പോവുന്നു.  വിസ്മയ കണത്തിന്‍െറ സാനിധ്യം ഉറപ്പാക്കാനുള്ള പരീക്ഷണങ്ങളില്‍ മുഴുകിയ സേണ്‍ ഗവേഷക സംഘം വിജയിച്ചുവെന്നും മറ്റും വാര്‍ത്തകളൊഴുകുന്നു. ദൈവകണം പിടി തന്നിരിക്കുന്നുവെന്നൊക്കെ തലക്കെട്ടുകള്‍ പിറക്കുന്നു. യഥാര്‍ഥത്തില്‍ പരീക്ഷണത്തിന്‍െറ ഏറ്റവും പുതിയ ഫലം മെല്‍ബണില്‍ നടക്കുന്ന ICHEP 2012 (International conference for high energy Physics) എന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കുകയാണ് സേണ്‍ സംഘം.  കണികാ ഭൗതികത്തിന്‍െറ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനം ജൂലൈ നാല്മുതല്‍ 11 വരെയാണ് നടക്കുക. തീര്‍ച്ചയായും ശാസ്ത്രലോകത്തിനൊപ്പം അതിനേക്കാള്‍ ഉദ്വോഗത്തോടെ സാധാരണക്കാരും സമ്മേളനത്തിന്‍െറ ആദ്യദിനത്തിലേക്കാണ് കാതു കൂര്‍പ്പിച്ചിരിക്കുന്നത്. അന്ന് ഒരു പക്ഷേ ഹിഗ്സ്ബോസോണിന്‍െറ സാനിധ്യത്തിന് പ്രതീക്ഷയേറ്റുന്ന ചില വിവരങ്ങളുണ്ടായേക്കാം.  'ഈ വര്‍ഷത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ട വിവര ശേഖരണം ജൂണ്‍ 18ന് അവസാനിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്തു ഫലത്തിലത്തെിച്ചേരുമെന്നറിയാന്‍ ഞാനും വളരെ ആകാംക്ഷവാനാണ്' എന്നാണ് സേണ്‍ പത്രക്കുറിപ്പില്‍ സ്റ്റീവ് മ്യേസ് എന്ന സേണ്‍ ഡയരക്ടര്‍ പറയുന്നത്. മെല്‍ബണിലെ സമ്മേളനത്തില്‍ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്ര വിവര ശേഖരം നടത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു ആദ്യഘട്ട സേണ്‍ പ്രവര്‍ത്തനം മുന്നേറിയത്. കണികാ ഭൗതികത്തിന്‍െറ വഴിത്തിരിവു തന്നെയായിരിക്കും ഈ കണത്തിന്‍െറ സാനിധ്യത്തെ കുറിച്ച് തീര്‍പ്പു കല്‍പ്പിക്കല്‍. അതിലേക്ക് എത്ര നാം നടന്നടുക്കുന്നുവെന്ന് സേണിന്‍െറ ഏറ്റവും പുതിയ പരീക്ഷണ വിവരങ്ങള്‍  നമുക്കു സൂചന തരും.

ദൈവകണത്തിന്‍െറ മിന്നലാട്ടങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ തന്നെ ഹിഗ്സ്ബോസോണ്‍ എന്ന സബ് ആറ്റോമിക കണത്തിന്‍െറ ചില മിന്നലാട്ടങ്ങള്‍  കണികാപരീഷണ ഫലങ്ങളുടെ ഡാറ്റകള്‍ക്കിടയില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. അതേ സമയം കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിച്ച് പ്രഖ്യാപിക്കാന്‍ മാത്രം അത് പ്രസക്തമല്ലായിരുന്നു.  ഒരു പുതിയ കണത്തിന്‍െറ സാനിധ്യം അറിയിക്കുന്ന ചില ചാഞ്ചാട്ടങ്ങള്‍ അവരുടെ പരീക്ഷണ വിവരങ്ങളില്‍ തെളിഞ്ഞുവെന്ന് സേണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഹിഗ്സ് ബോസോണ്‍ എന്ന് ഉല്‍പ്പത്തി സിദ്ധാന്തം സങ്കല്‍പ്പിച്ചു കാത്തിരിക്കുന്ന കണം തന്നെ ആണോ എന്നും അന്ന് തീര്‍പ്പാക്കിയിരുന്നില്ല.  പ്രപഞ്ചം പിറന്നെന്ന് കരുതുന്ന ബിഗ് ബാങ് സ്ഫോടനവും തുടര്‍ന്നുണ്ടായ പ്രതിഭാസങ്ങളുമെല്ലാം കൃത്യമായി വിശദീകരിക്കാന്‍ ഈ കണം വെളിച്ചത്തു വരേണ്ടതുണ്ട്. ഇപ്പോള്‍ ശാസ്ത്ര നിഗമനങ്ങളില്‍ മാത്രം അസ്തിത്വമുള്ള ദൈവകണത്തിന് കൃത്യമായ തെളിവുകള്‍ ഉണ്ടായാല്‍ ബിഗ് ബാങ് ബാക്കിവെച്ച വിടവുകള്‍ പൂരിപ്പിക്കാനാവും. പ്രപഞ്ചത്തിലെ ശൂന്യസ്ഥലങ്ങളിലാകെ നിറഞ്ഞു നില്‍ക്കുന്ന അദൃശ്യമായ ഊര്‍ജമണ്ഡലമുണ്ട് എന്ന വാദത്തിന് ബലമേകുന്നതായിരിക്കും ഈ കണത്തിന്‍െറ സാനിധ്യം.  ദൈവകണങ്ങള്‍ നിറഞ്ഞ ഈ മണലത്തെ  ഹിഗ്സ് മണ്ഡലം എന്ന്  വിളിക്കാം. ഉല്‍പ്പത്തി സിദ്ധാന്ത പ്രകാരം ബിഗ്ബാങ് സ്ഫോടനം നടന്ന് സെക്കന്‍റിന്‍െറ പതിനായിരംകോടിയിലൊരംശം സമയം കൊണ്ട് തന്നെ ഈ മണ്ഡലം വ്യാപിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. അതിനു മുമ്പ് സര്‍വ്വ പദാര്‍ഥങ്ങളും പിണ്ഡമില്ലാതെ  പ്രകാശവേഗത്തില്‍ തോന്നും പടി അലഞ്ഞു നടക്കുകയായിരുന്നു. ഹിഗ്സ് മണ്ഡലം രൂപം കൊണ്ടതോടെ പല പദാര്‍ഥങ്ങള്‍ക്കും സ്വതന്ത്രമായി ചലിക്കുന്നതിനെതിരായ ഒരു വലിവ് അനുഭവപ്പെട്ടു. പ്രപഞ്ച പദാര്‍ഥങ്ങളെ ചേര്‍ത്തു നിര്‍ത്തി അവക്ക് പിണ്ഡം നല്‍കാന്‍ ഹിഗ്സ് മണ്ഡലത്തിനു കഴിഞ്ഞു. പ്രകാശവേഗത്തില്‍ നിന്ന് അവയുടെ വേഗം പലവിധത്തില്‍ കുറഞ്ഞു. പ്രപഞ്ചോല്‍പ്പത്തിയിലെ നിര്‍ണായക ഘട്ടം എന്നാണ് ബിഗ് ബാങ് സിദ്ധാന്തം ഇതിനെ കണക്കാക്കുന്നത്. സബ് ആറ്റോമിക് കണങ്ങളും ആറ്റങ്ങളും തന്‍മാത്രകളുമൊക്കെയായി പദാര്‍ഥങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകളെ ഈ മണ്ഡലം സ്വാധീനിച്ചില്ല. അവ എന്നെന്നേക്കുമായി വേഗവിത്യാസമില്ലാതെ ഹിഗ്സ് മണ്ഡലത്തില്‍ സഞ്ചരിച്ചു. അതേസമയം ഇലക്ട്രോണുകള്‍, ക്വാര്‍ക്കുകള്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങള്‍ ഈ മണ്ഡലത്തിന്‍െറ സ്വാധീനത്തില്‍ അകപ്പെട്ട് പിണ്ഡമാര്‍ജിച്ചു. അങ്ങനെ അത്തരം കണങ്ങള്‍ ഇണങ്ങിച്ചേര്‍ന്ന് ഈ പ്രപഞ്ചത്തിലെ സകലതുമുണ്ടായി. പ്രപഞ്ചത്തിനു രൂപം നല്‍കാന്‍ സ്വാധീനം ചെലുത്തിയെന്ന് ഉല്‍പ്പത്തി സിദ്ധാന്തം പറഞ്ഞുവെച്ച ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണത്തെയാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്‍െറ ടണലുകള്‍ക്കുള്ളിലും നാം തിരയുന്നത്.

കണികാത്വരകത്തിന്‍െറ ഇടനാഴിയില്‍


ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറെന്ന ലോകത്തിലെ ഏറ്റവും വലിയ കണികാത്വരകത്തിന്‍െറ ടണലിനുള്ളില്‍ എത്രയോ വട്ടം പ്രോട്ടോണ്‍ കൂട്ടങ്ങള്‍ എതിര്‍ദിശകളിലായി ചീറിപ്പാഞ്ഞു. അവ പരസ്പരം കൂട്ടിമുട്ടി. അതിഭീമ അളവില്‍ ഊര്‍ജം പുറത്തുവിട്ടു. പ്രപഞ്ചോല്‍പ്പത്തി സമയത്തുണ്ടായതെന്ന് കരുതുന്ന അതിഭീമ ഊര്‍ജാവസ്ഥയുടെ ചെറുപതിപ്പുകള്‍ ജനീവയിലെ ഭൗമാന്തര ടണലിനുള്ളില്‍ രൂപമെടുത്തു. അവ നിരീക്ഷിച്ച് ലഭിച്ച അസംഖ്യം ഡാറ്റകളില്‍ അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പതിപ്പുകളില്‍ അസാധാരണമായ ഏതെങ്കിലും കണത്തിന്‍െറ വിരലടയാളമുണ്ടോ എന്ന് ഗവേഷകര്‍ ചികഞ്ഞു. ഹിഗ്സ് ബോസോണ്‍ ആ കൂട്ടിയിടികളില്‍ പിറന്നിരുന്നെങ്കില്‍ ഞൊടിയിടയില്‍ ക്വാര്‍ക്ക് ഫോട്ടോണ്‍ തുടങ്ങിയ സബ് ആറ്റോമിക കണങ്ങളായി രൂപം മാറിക്കളയും. ഈ പദാര്‍ഥങ്ങള്‍ കൂട്ടമായി പിറവിയെടുത്തതിന്‍െറ സൂചനകള്‍ ലഭിച്ചിടത്തൊക്കെ ഹിഗ്സ് കണത്തിന്‍െറ സാനിധ്യം പ്രതീക്ഷിക്കാം. പക്ഷേ ഡാറ്റകളിലെ ഈ പ്രത്യേക കുതിപ്പുകളെ നേരെയങ്ങ് കണക്കിലെടുക്കാനാവില്ല. കണികാ ഭൗതികത്തില്‍ ഒരു കണത്തിന്‍െറ സാനിധ്യം ഉറപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. സിഗ്മാ സ്കെയില്‍ എന്നാണതിനു പറയുക. 1 സിഗ്മ സ്കെയില്‍ സൂചിപ്പിക്കുന്നത് ഫലംവെറും സ്ററാറ്റിറ്റിക്കല്‍ ചാഞ്ചാട്ടം മാത്രമാണെന്നാണ്. ഡാറ്റയിലെ കുതിപ്പ് 3സിഗ്മ സ്കെയിലാണെങ്കില്‍ മാത്രമേ അത് ഒരു നിരീക്ഷണമായി കണക്കാക്കാനാവൂ. 5 സിഗ്മയിലത്തെിയാല്‍ മാത്രമേ അത് കണ്ടുപിടിത്തം എന്ന നിലയില്‍ ഉറപ്പിക്കാനാവൂ. ഹിഗ്സ് ബോസോണിന്‍െറ കാര്യത്തില്‍ 3.1 സിഗ്മവരെ എത്തുന്ന ഡാറ്റകള്‍ ഇതുവരെ സേണ്‍ ഗവേഷകര്‍ക്ക് ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ ലഭിച്ച അവസാന ഡാറ്റകള്‍ അവരെ എന്തു നിഗമനത്തിലത്തൊനാണ് പ്രേരിപ്പിച്ചിരിക്കുക. മെല്‍ബണിലെ ICHEP സമ്മേളനത്തില്‍ കണികാഭൗതികത്തിന് എന്തു പുതിയ അറിവാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനുണ്ടാവുക. ലോകമാകെ ഊഹാപോഹങ്ങള്‍ നിറയുകയാണ്. ചിലപ്പോള്‍ അതിശയോക്തിയുടെ അതിരുകളും ഭേദിച്ച് വാര്‍ത്തകള്‍ ഇറങ്ങിവരുന്നു. ജൂലൈ നാലിന് മെല്‍ബണില്‍ അവര്‍ പറയട്ടെ ദൈവകണം അവരെ എവിടെയത്തെിച്ചുവെന്ന്.

Tuesday, May 29, 2012

വാഴപ്പോള ഫ്രിഡ്ജ്, പടകക്കച്ചോടം, പാവനാടകം...തോരാമഴ





നട്ടുച്ചക്ക് സന്ധ്യ വഴിതെറ്റി വന്ന പോലെ ഇരുട്ടാവും..പിന്നെ കറുത്ത ആകാശക്കോണില്‍ നിന്ന് മിന്നലിന്‍െറ ലൈന്‍ ഗ്രാഫുകള്‍...പതിഞ്ഞു മുരളുന്ന ഇടിനാദം... ഓര്‍ക്കാപ്പുറത്ത് ചുമരു വിറപ്പിച്ച് അടുത്തു വന്ന് പൊട്ടുന്ന കതിനപ്രയോഗം...അപ്പോഴേക്കും എല്ലാവരും ഏതെങ്കിലും കട്ടിലില്‍ കൂടിയിരിക്കുന്നുണ്ടാവും.. പിന്നെ കണ്ണുലക്കുന്ന ഓരോ മിന്നലിനും പിറകെയത്തെുന്ന ഇടിനാദത്തിനുമെല്ലാമൊപ്പം ഞങ്ങള്‍ പേടിമാറ്റാന്‍ അന്താക്ഷരി തുടങ്ങിയിട്ടുണ്ടാവും...മഴയും കാറ്റും പറമ്പാകെ ആധിപത്യം സ്ഥാപിച്ചിരിക്കും അന്നേരം...മനസില്‍ ആധി തുടങ്ങുന്നതും അത്തരം സമയത്താണ്...ഈ മഴക്കാലം ഇനിയും നീളും...ദിവസങ്ങള്‍ക്കകം സ്കൂളും തുറക്കും...ഇങ്ങനെ കൂടിയിരുന്നു മഴയായും ഇടിയായും ആശ്ചര്യത്തിന്‍െറ മിന്നലായും തിമിര്‍ത്ത അവധിക്കാലം തീരുകയാണ്.. കൂടെയിരുന്നു പാട്ടുപാടുന്ന ചേച്ചിമാര് പാലക്കാട്ടേക്ക് പോകും..പിന്നെ അനിയനും ഞാനുമാവും....അവധി തീരാറാവുന്ന ഒരു ദിനം അവര്‍ പോവാനിറങ്ങും. തലേന്നുമുതല്‍ ഒരു ദിവസം കൂടി കഴിഞ്ഞു പോവാമെന്ന ആവശ്യങ്ങളുമായി ഞങ്ങള്‍ നാലു പേര്‍  വീട്ടില്‍ സമരം തുടങ്ങിയിരിക്കും.  വഴികളെല്ലാം മുട്ടുമ്പോള്‍ പിന്നെ പ്രാര്‍ഥനകളാണ്...

സ്കൂള്‍ തുറക്കുന്നത് നീട്ടുവാനായി വല്ല അത്ഭുതവും സംഭവിക്കണേ എന്ന്... മഴപെയ്യാന്‍ കനത്തു നില്‍ക്കുന്ന ഉച്ച നേരത്ത് അവര്‍ പടിയിറങ്ങും.. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവര്‍ക്ക് യാത്രയയപ്പും നല്‍കും.. എന്ത്ന്നാ മക്കളേ ഓണാവധിയായാല്‍ ഓരൊക്കെ പിന്നേം വരൂല്ളേ...എന്ന് അച്ഛമ്മയുടെ ആശ്വാസമുണ്ടാവും വഴി നീളെ.. ബസ് സ്റ്റോപ്പിലും കണ്ണും മൂക്കുമൊലിപ്പിച്ച് നാലുപേരും നില്‍പ്പു തുടരും... അവരെ യാത്രയാക്കിയുള്ള തിരിച്ചു നടപ്പില്‍ ആരും ഒന്നും മിണ്ടില്ല...വീട്ടില്‍ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോയതുപോലെ തോന്നും അപ്പോള്‍...പിന്നെ കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തുള്ള സങ്കടപ്പെടലുകള്‍ക്ക് നീക്കിവെക്കും...

പിറകിലെ പറമ്പില്‍ ചേനക്കാടിനും ചേമ്പിലകള്‍ക്കുമൊപ്പം ഞങ്ങളുടെ 'ഹൗസിങ് കോളനി' മഴയില്‍ കുളിച്ചു നില്‍ക്കയാവും...കരിയോലകള്‍ വളച്ചുകെട്ടി ഓഫിസ് റൂമും ഡൈനിങ് റൂമും ഒക്കെയായി തിരിച്ചു വെച്ച മേല്‍ക്കൂരയില്ലാത്ത കളിവീടുകള്‍..വിറകുപുര മേയുമ്പോള്‍ ബാക്കിയാവുന്ന കരിയോലകള്‍ അച്ഛമ്മയുടെ കണ്ണുവെട്ടിച്ച് മാറ്റിയാണ് വീടു നിര്‍മാണം.. അതില്‍ വീട്ടുപകരണങ്ങളുടെയെല്ലാം മാതൃകകള്‍ ഞങ്ങള്‍ക്കാവും വണ്ണം നിര്‍മിച്ചു വച്ചിരുന്നു. വാഴപ്പോളകള്‍ ഈര്‍ക്കില്‍ കൊണ്ട് ചേര്‍ത്തുവച്ച് ഫ്രിഡ്ജ് ഉണ്ടാക്കും. അതിനകത്ത് തട്ടുകളും ഉണ്ടാവും. വാഴപ്പോളകള്‍ക്കിടയിലെ തണുപ്പില്‍ ഞങ്ങള്‍ മിഠായികളും അടുക്കളയില്‍ നിന്ന് അടിച്ചു മാറ്റിയ ബേക്കറി സാധനങ്ങളും സൂക്ഷിച്ചു. വീടുകള്‍ തമ്മില്‍ സജ്ജീകരണങ്ങളില്‍ മല്‍സരമുണ്ടായി. ഓരോ വീടുകളിലും മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ എന്തെല്ലാം സജ്ജമാക്കാം എന്നായിരുന്ന ഓരോ ദിവസത്തെയും കളിവീട് എപ്പിസോഡുകളിലെ ചിന്ത.  പരസ്പരം വിരുന്നു പോക്കുകള്‍ കളിവീടുകള്‍ക്കിടയില്‍ സമൃദ്ധമായി നടന്നു. സ്വീകരണമുറിയിലും അടുക്കളയിലും കറമൂസ(പപ്പായ) തണ്ടുകൊണ്ട് ഡ്രെയിനേജ് സംവിധാനവും ഉണ്ടായിരുന്നു. മണ്ണിനടിയില്‍ കുഴിച്ചിട്ട പപ്പായ പൈപ്പുകള്‍..  ഇപ്പൂത്തി മരത്തിന്‍െറ ഇലകള്‍ ചേര്‍ത്ത് ഈര്‍ക്കില്‍ കൊണ്ട് തുന്നിയ വാനിറ്റി ബാഗും സ്കൂള്‍ ബാഗും.. സ്റ്റേഷനറിക്കാരന് ചിരട്ട തുലാസ്.. ബിലുമ്പി ഈര്‍ക്കിലില്‍ കുത്തിയ ഐസ്ക്രീം...

വിഷുവടുത്തപ്പോഴാണ് കച്ചവട സാധ്യതകളിലേക്ക് നാല്‍വര്‍ സംഘത്തിന്‍െറ ശ്രദ്ധ തിരിഞ്ഞത്. ഇളയച്ഛനാണ് കാശിറക്കിയത്. റോഡരികിലെ വരമ്പത്ത് കച്ചവടം പൊടിപൊടിച്ചു. ഓലപ്പടകവും, പൊട്ടാസും, കമ്പിത്തിരിമത്താപ്പും ഒപ്പം പുളിയച്ചാറും മിഠായി ഇനങ്ങളും നിരന്നു. മണിച്ചിത്രത്താഴിന് വീട്ടുകാരെല്ലാം ഇറങ്ങിയപ്പോള്‍  നാഗവല്ലിക്കായി കച്ചവടത്തിന് അവധി നല്‍കാനാവില്ളെന്ന നിലപാടുമായി ഞങ്ങള്‍ മാറി നിന്നു.  വിഷുത്തലേന്ന് വരവു കണക്കാക്കിയപ്പോള്‍ അന്‍പതു രൂപയുടെ ലാഭമോര്‍ത്ത് നാലാളും അഭിമാനം കൊണ്ട് ഞെളിഞ്ഞു.
പരിഷത്തിന്‍െറ ശാസ്ത്ര കലാജാഥ കണ്ട് വീട്ടില്‍ വന്നപ്പോള്‍ തൊട്ട് കുട്ടിചര്‍ച്ചകള്‍ കൊഴുത്തത് അതെങ്ങനെ പറമ്പില്‍ നടപ്പാക്കാം എന്നതിനെ കുറിച്ചായിരുന്നു. നാടകങ്ങളും സംഗീതശില്‍പ്പവും പാവനാടകവും ഞങ്ങളുടെ പറമ്പിലും അരങ്ങേറി. വലിയ മുന്നൊരുക്കങ്ങള്‍ തന്നെ വേണ്ടി വന്നു ഞങ്ങളുടെ അരങ്ങുകേളികള്‍ക്ക്. പാവനിര്‍മാണമായിരുന്നു രസം. ബാലരമയിലും യുറീക്കയിലുമെല്ലാം നോക്കി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍  കഥാപാത്രങ്ങളെ വരച്ചു. തോന്നുന്നവരെല്ലാം കഥാപാത്രങ്ങളായി.. അത് വെട്ടിയെടുത്ത് ഈര്‍ക്കില്‍ പിടിപ്പിച്ചു. പന്തലില്‍ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിനു പിന്നില്‍ ഒളിച്ചിരുന്ന് ഈര്‍ക്കിലില്‍ പിടിച്ച് കഥാപാത്രങ്ങളെ ഉയര്‍ത്തി തോന്നുന്ന വഴിക്ക് നാടകത്തെ തെളിച്ചു. വാഹനങ്ങളും മരവും  ജീവികളുമെല്ലാം വെട്ടിവെച്ചത് ആവശ്യത്തിന് എടുത്ത് പ്രയോഗിച്ചു. കാഴ്ചച്ചക്കാര്‍ കളിക്കൂട്ടുകാര്‍ തന്നെ. ഇഖ്ബാലും കുട്ടനും സൗദയും റഷീദും സജിയും അവരുടെ കൂട്ടുകാരും അങ്ങനെകുറേ കുട്ടികള്‍.. ഒക്കെ ഒരുങ്ങിയാല്‍ കാണികളെ സംഘടിപ്പിക്കലായിരുന്നു പാട്. വയലിലെ വാഴത്തോപ്പിലും കനാലിലും അടുക്കളപ്പുറത്തുമെല്ലാം കളിത്തിരക്കിലായ കൂട്ടുകാരെ അനൗണ്‍സ് ചെയ്ത് തൊണ്ട വറ്റിച്ച് പറമ്പിലത്തെിക്കണം. പാവനാടകത്തിനൊപ്പം ചിലപ്പോള്‍ നാടകവും കൊഴുത്തു. പന്തലിനു മുന്നില്‍ കെട്ടിവെച്ച വലിയ ബിസ്ക്കറ്റ് ടിന്നായിരുന്നു ഷുവര്‍ മൈക്ക്. ഡയലോഗിനിടയില്‍ തുരുമ്പെടുത്ത ടിന്നിന്‍െറ മൂലയില്‍ തലതട്ടി അനിയന് പരിക്കേറ്റതോടെയാണ് ഉച്ചഭാഷിണി വേണ്ട എന്ന് സംഘാടക സമിതി തീരുമാനിച്ചത്.

ഏതൊക്കെ പുതുവഴികളിലേക്ക് കളിയുല്‍സവം കൊഴുപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു വേനലവധിയിലെ ഓരോദിനവും കൊഴിഞ്ഞു പോയിരുന്നത്. അടുത്തുവരുന്ന ജൂണ്‍ ദിനങ്ങള്‍ ആധിയായി മനസില്‍ മഴക്കൊപ്പം നില്‍ക്കും. അവധിക്കാലം തീര്‍ന്നതും കളിക്കൂട്ടം പിരിഞ്ഞതും മനസിനു സമ്മതിക്കാന്‍ സമയമേറെ വേണ്ടിവരും. പിന്നെ പുതിയ നോട്ടുപുസ്തകങ്ങളും കുടയും യൂനിഫോമുമെല്ലാം നിരക്കുന്ന മറ്റൊരു പുതുമ പതിയെ മനസില്‍ കൂടും. പുതിയ ക്ളാസ്, പുതിയ ടീച്ചര്‍, സ്കൂള്‍ കൂട്ടുകാരുടെ വിശേഷങ്ങള്‍ തുടങ്ങിയവയിലേക്ക് ഇറങ്ങാന്‍ മഴ പെയ്യുന്ന സ്കൂള്‍ മുറ്റത്തേക്ക് മനസ്  നടത്തം തുടങ്ങും.

നിധീഷ് നടേരി

Sunday, May 20, 2012

ആളുപൊതിഞ്ഞ ജീപ്പുകള്‍



ആളുപൊതിഞ്ഞ  ജീപ്പുകള്‍

‘കുറേ ആള്‍ക്കാര് ചേര്‍ന്ന് ഒരു വാഹനം എടുത്തുകൊണ്ടു പോവ്ന്നതാണോ’ എന്നായിരുന്നു റോഡിലെ കാഴ്ച കണ്ട നഗരവാസിയുടെ സംശയം... ‘അല്ല, അതൊര് ജീപ്പാ’ എന്ന് കൂടെയുള്ളയാളുടെ മറുപടി. ഈ ചോദ്യോത്തരത്തിലെ തമാശ കിട്ടണമെങ്കില്‍ ജീപ്പ് സര്‍വീസ് മാത്രമുള്ള നാട്ടുവഴികളില്‍ സഞ്ചരിച്ചു പരിചയം വേണം.
കണികാണാന്‍ വല്ലപ്പോഴും വന്നുപോകുന്ന ഒന്നോ രണ്ടോ ബസ് മാത്രമുണ്ടായിരുന്ന കാലത്ത്, ജീപ്പുകള്‍ നാടിനെ നഗരത്തിലെത്തിച്ചും നഗരത്തെ നാട്ടിലെത്തിച്ചും തലങ്ങുംവിലങ്ങും പാഞ്ഞിരുന്നു ഞങ്ങളുടെ നാട്ടുപാതയില്‍. അന്ന് ജീപ്പിന്‍െറ പിന്‍ഡോറിനു വലത്തും ഇടത്തുമുള്ള കൊമ്പത്ത് തൂങ്ങിയുള്ള യാത്രയുടെ രസത്തില്‍ ചങ്ങാതിയാണ് ഈ തമാശക്കഥ ആദ്യം പറയുന്നത്. സംഗതിയുടെ രസമോര്‍ത്ത് പലകുറി ചിരിച്ചുലഞ്ഞ് കൊമ്പത്തെ പിടിവിടുമെന്ന നിലവരെ വന്നു അന്ന്.
കൊയിലാണ്ടി ബോയ്സ് സ്കൂളിനടുത്ത റോഡരികില്‍ നാട്ടിന്‍പുറങ്ങളിലേക്ക് ജീപ്പ് കാത്ത് വലിയൊരു കൂട്ടമുണ്ടാവും. ബോയ്സ്-ഗേള്‍സ് സ്കൂളുകളിലെ കുട്ടികള്‍, കൂലിപ്പണി കഴിഞ്ഞെത്തിയവര്‍, ഉദ്യോഗസ്ഥര്‍, കടകളിലേക്ക് സാധനക്കെട്ടുമായി പോകുന്ന കച്ചവടക്കാര്‍, ‘ദ്വാരക’യില്‍നിന്നും ‘കൃഷ്ണ’യില്‍നിന്നുമൊക്കെ നൂണ്‍ഷോ കണ്ടിറങ്ങിയവര്‍... അങ്ങനെ വലിയ കൂട്ടം.
അവരിലേക്ക് കാത്തിരിപ്പിന്‍െറ ഏതോ നിമിഷത്തില്‍ ഒരു ജീപ്പ് കുതിച്ചെത്തും. ആളുകള്‍ വഴിമാറിയ ഇടങ്ങളിലൂടെ ജീപ്പിനെ അതിവിദഗ്ധമായി ഒതുക്കി, ഹോണില്‍ കൈയമര്‍ത്തി ചാവി തിരിച്ച് ചാടിയിറങ്ങി ഡ്രൈവര്‍ വിളിച്ചു പറയും. ‘കാവുംവട്ടം... കാവുംവട്ടം ...’ വലിയൊരു പട ജീപ്പിനു പിറകിലേക്കും മുന്നിലേക്കും സീറ്റിനെ ലക്ഷ്യംവെച്ച് ആവലാതിക്കളിയുമായി പൊതിഞ്ഞിരിക്കും അപ്പോള്‍. പിന്‍ഡോറിനരികിലെ കൊമ്പത്തുനിന്ന് കള്ളിലുങ്കിയുടുത്ത ‘കിളി’ താഴ്ന്നിറങ്ങി, പരമാവധി ആളുകളെ ജീപ്പിനുള്ളില്‍ നിറക്കുകയെന്ന വിഷമംപിടിച്ച ദൗത്യത്തിലേക്കു തിരിയും. പിന്‍ഭാഗത്തെ അഭിമുഖമായുള്ള ഇരിപ്പിടങ്ങളില്‍ വേഗത്തില്‍ എത്തിപ്പെട്ടവര്‍ ആശ്വാസ നിശ്വാസവുമായി പുറത്ത് പരിഭ്രമിച്ച് കയറിപ്പറ്റാനുള്ളവരെ നോക്കും. മുന്നോട്ട് തള്ളിയിരുന്നും ചരിഞ്ഞിരുന്നും ഒതുങ്ങിക്കൂടിയുമൊക്കെ അവരെയും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കും.
ഇടക്ക് വിശാലമായി ഇരിക്കണമെന്നും എനിക്കുശേഷം ആരും ഇരിക്കരുതെന്നും ബലംപിടിക്കുന്നവരെ മറ്റുള്ളവരെല്ലാംചേര്‍ന്ന് ഒതുക്കും. പരമാവധി പേരായാല്‍ രണ്ടുപേരെ ചരിച്ച് ഡോറില്‍കൂടി ഇരുത്തിയശേഷം കിളി ഡോറടക്കും. മുന്നിലും അപ്പോള്‍ ആളു നിറഞ്ഞിരിക്കും. നാലുപേര്‍ വരെ മുന്നിലിരുന്നാല്‍ ഡ്രൈവര്‍ കയറിയിരിക്കും. ഡ്രൈവര്‍ക്കും തൊട്ടുള്ള ആളുടെ കാലുകള്‍ക്കുമിടയിലാകും ഗിയറുണ്ടാവുക. അപ്പ് ഡൗണ്‍ ഗിയറുകളുടെ സ്ഥാനചലനങ്ങളില്‍ അയാള്‍ കാല്‍ പലരീതിയില്‍ ഒതുക്കി അസ്വസ്ഥതകളോടെ യാത്രതീരും വരെ ഇരിപ്പു തുടരണം. പിന്‍ഡോറിനടുത്തെ പുറത്തേക്കുള്ള സ്റ്റെപ്പില്‍ രണ്ടോ മൂന്നോ പേര്‍ കയറി മുകളിലെ കമ്പിയില്‍പിടിച്ച് തൂങ്ങിനില്‍ക്കും. അടുത്തസ്ഥലം കൊമ്പാണ്- ഇടത്തും വലത്തും അറ്റത്തെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗം. അതില്‍കയറിനിന്ന് ജീപ്പിനു മുകള്‍ഭാഗത്ത് കൈചേര്‍ത്ത് രാജകീയമായ നില്‍പുണ്ട്. കൊമ്പില്‍ കയറി നില്‍ക്കാനാണ് മിക്കവാറും വിദ്യാര്‍ഥികള്‍ മത്സരിക്കുക. സ്റ്റെപ്പില്‍ തൂങ്ങുന്നതിനേക്കാള്‍ പ്രൗഢിയുള്ള നില്‍പ് കൊമ്പിലാണ്. ജീപ്പിനേക്കാളുയര്‍ന്ന് പിന്നിടുന്ന ആകാശവും മരക്കൂട്ടവും വാഹനനിരയും നോക്കി മുടി പറത്തിയുള്ള നില്‍പാണത്. ഡ്രൈവറുടെ എതിര്‍ഭാഗത്തെ സ്റ്റെപ്പിലും തൂങ്ങിനില്‍ക്കാന്‍ ആളുണ്ടാവും. ചിലപ്പോള്‍ ഡ്രൈവറോടുചേര്‍ന്നും ആളു തൂങ്ങിനില്‍ക്കും.
എങ്ങനെയും പറ്റിച്ചേര്‍ന്ന് വീടണയാന്‍ ജീപ്പിലെവിടെയും ഇടമില്ലാതായ ആളുകള്‍ അടുത്ത ഊഴത്തിനായി നിരാശയോടെ മാറിനില്‍ക്കും...നാട്ടില്‍ നിന്ന് മറ്റൊരു ജീപ്പ് തിരികെയെത്തും വരെ അവര്‍ കാത്തിരിപ്പിലേക്ക് തിരിച്ചു പോവും... അവരെ പിന്നിലാക്കി ജീപ്പ് നീങ്ങിത്തുടങ്ങും... അങ്ങനെ ആളുപൊതിഞ്ഞ ജീപ്പുകള്‍ നാട്ടുകവലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ജീപ്പിന്‍െറ കറുത്ത കടുംതുണി മേലാപ്പിനു കീഴിലിരുന്ന് വിയര്‍ത്തുകുളിച്ച് നാട്ടുകാര്‍ വിശേഷങ്ങള്‍ പറഞ്ഞു, തമാശ പങ്കുവെച്ചു. ഡ്രൈവറും അതിലൊക്കെ സജീവമായി ചേര്‍ന്നു.
ജീപ്പുകള്‍ നിറഞ്ഞോടിയ കാലത്തും ആരും സമയത്തിന്‍െറ പേരില്‍ പോരടിച്ചില്ല, മത്സരിച്ചോടി ദുരന്തങ്ങളുണ്ടാക്കിയില്ല. ‘ബാബ്വോ, ഇവിടെ എറങ്ങാന്ണ്ട്ട്ടോ’ എന്ന് വിളിച്ചുപറഞ്ഞ് വണ്ടിനിര്‍ത്തിച്ച് ആളുകള്‍ പല വഴികളിലേക്ക് ഇറങ്ങിപ്പോയി. ബാബു, കുഞ്ഞബ്ദുല്ല, ദിവാകരന്‍, പ്രേമന്‍, കുഞ്ഞിമൊയ്തി, ദിനേശന്‍, ശങ്കരന്‍ നായര്‍...അങ്ങനെ ജീപ്പ് ഡ്രൈവര്‍മാര്‍ എല്ലാവര്‍ക്കും പരിചിതരായിരുന്നു. കിളികള്‍ പലകുറി മാറിയതിനാല്‍ അവര്‍ കിളികള്‍ തന്നെയായി അറിയപ്പെട്ടു.
ഏതു പാതിരാവിലും വിഷമങ്ങളുണ്ടായാല്‍ ജീപ്പുകള്‍ സ്റ്റാര്‍ട്ടായി. മരണവീട്ടിലേക്കും ആശുപത്രിയിലേക്കും കല്യാണവിരുന്നിലേക്കും സഞ്ചരിച്ചു. ‘അത് മ്മക്ക് പിന്നെ കണക്കാക്കാ, പിന്നെ തന്നാ മതി’ എന്നുപറഞ്ഞ് മരണവീടിനു മുന്നിലും ആശുപത്രിമുറ്റത്തും പരിഭ്രമിച്ചുനില്‍ക്കുന്ന ഗൃഹനാഥനെ ആശ്വസിപ്പിച്ച് അവര്‍ വണ്ടിതിരിച്ചു.
ലോകമഹായുദ്ധത്തിന് ദുര്‍ഘട പാതകളിലോടാനായി രൂപം നല്‍കിയ വാഹനം നമ്മുടെ നാട്ടിന്‍പുറങ്ങളുമായി പൊരുത്തമായതിന്‍െറ ചരിത്രവഴി പലതവണ ചികഞ്ഞിട്ടുണ്ട്. ജനറല്‍ പര്‍പസ് കാര്‍ ലോപിച്ച് ജി.പി കാര്‍ ആയതും അത് പിന്നീട് ജീപ്പ് ആയതുമായ പഴങ്കഥയറിഞ്ഞത് പണ്ടത്തെ ബാലമാസികയില്‍നിന്നാണ്. മഹീന്ദ്ര ഇന്ത്യന്‍ അന്തരീക്ഷത്തിലേക്ക് ജീപ്പിനെ മാറ്റി ഒരുക്കിയതുമുതല്‍ ഇന്ത്യന്‍ പാതകളില്‍ ഏറെ ജനകീയനാവുകയായിരുന്നു സാധാരണക്കാരന്‍െറ ആവശ്യങ്ങളിലേക്കുള്ള ഈ കാര്‍. എക്സ്മിലിറ്ററി എന്ന് ജീപ്പിനു മുകളിലെ ചതുരഫ്രെയിമില്‍ വെല്‍ഡ് ചെയ്തുചേര്‍ത്ത ശങ്കരന്‍ നായര്‍ എന്ന വിമുക്തഭടന്‍ അറിഞ്ഞിരിക്കുമോ ലോകയുദ്ധവും ജീപ്പുമായുള്ള ബന്ധം? ശങ്കരന്‍ നായരുടെ ജീപ്പില്‍ എത്രപേര്‍ക്കുമിരിക്കാമായിരുന്നു. സ്വന്തംസീറ്റ് വരെ ആള്‍ക്കാര്‍ക്കായി മൂപ്പര് ഒഴിഞ്ഞുകൊടുത്തുകളയുമെന്നായിരുന്നു അന്നത്തെ തമാശ. എത്ര തിങ്ങിനിറഞ്ഞാലും കൈകാണിച്ചവരെ നിരാശരാക്കാതെ നഗരത്തിലെത്തിക്കും ശങ്കരന്‍ നായര്‍.
സഞ്ചരിക്കുന്ന നാടുതന്നെയായിരുന്നു ഓരോ ജീപ്പും അന്ന്. നാട്ടില്‍ അണേലപ്പാലം വരുന്നതുവരെയായിരുന്നു ജീപ്പ്യാത്രയുടെ പ്രതാപകാലം. പിന്നീട് നാട്ടുവഴികള്‍ക്കിണങ്ങുംവിധം രൂപാന്തരപ്പെട്ട മിനി ബസുകളെത്തി. അവ നാട്ടുപാതകള്‍ കീഴടക്കി. സമാന്തര സര്‍വീസുകാര്‍ എന്ന് വിളിപ്പേരിട്ട് ജീപ്പുകാരെ മാറ്റിനിര്‍ത്താന്‍ തുടങ്ങി. ബസിന്‍െറ സമയത്ത് ഓടി ആളെ വലിക്കുന്നുവെന്ന് ബസുകാര്‍ മുറുമുറുക്കാന്‍ തുടങ്ങി. പതിയെ പല ജീപ്പുകളും സര്‍വീസ് അവസാനിപ്പിച്ചു. പലരും ജീപ്പ് വിറ്റു. ചിലര്‍ സ്വകാര്യ ആവശ്യത്തിനായി ചുരുക്കി. ജീപ്പ് ഡ്രൈവര്‍മാരില്‍ ചിലര്‍ ബസുകളുടെ വളയം പിടിച്ചു. ചിലര്‍ മറ്റുതൊഴിലുകള്‍ തേടിപ്പോയി... നാട്ടുപാതയില്‍ കാറുകള്‍ കൂടി വന്നു. ആര്‍ക്കുവേണ്ടിയും വാതില്‍ തുറന്നിട്ട ജനറല്‍ പര്‍പസ് കാര്‍ വല്ലപ്പോഴുമുള്ള കാഴ്ചയുമായി.

Monday, April 23, 2012

മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?




‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ നാദിയയുടെ കണ്ണടയും ചൂളിനില്‍ക്കുന്ന മോഹന്‍ലാലും ഓര്‍മയില്‍ വരുന്നു. മറച്ചുവെച്ചതെല്ലാം വെളിച്ച്ത്താക്കുമെന്ന് മോഹന്‍ലാലിനെ പേടിപ്പിച്ച കണ്ണട. അത്തരത്തില്‍ ഒരു കണ്ണട കണ്ടെത്തിയ കാര്യമൊന്നുമല്ല പറയാനുള്ളത്. മുറിയില്‍ ഒളിച്ചിരിക്കുന്ന ചിലതൊക്കെ കാണിച്ചു തരുന്ന ക്യാമറാ സാങ്കേതിക വിദ്യയെക്കുറിച്ചാണ്.
മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്.


നാച്വര്‍ ജേണലിലാണ് പരീക്ഷണ വിവരങ്ങള്‍. ഒരുമുറിയില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ, ക്യാമറക്കും നമുക്കും കാണാനൊക്കാത്ത ഒരുഭാഗം, എങ്ങനെ കാണാനാവുമെന്നാണ് പരീക്ഷണം കാണിച്ചുതരുന്നത്. സംഗതിയിതാണ്. മുറിയുടെ മൂലയിലിരിക്കുന്ന വസ്തു. ക്യാമറ പുറത്തെ വാതിലിനടുത്തു നില്‍ക്കുന്നു. ക്യാമറക്ക് വസ്തുവിന്റെ ഭാഗികമായ ചിത്രം കിട്ടും. പക്ഷേ മറുഭാഗം ലഭ്യമല്ല. ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ക്യാമറ ചില്ലറക്കാരനല്ല. സകല ഗുണസമ്പന്നനാണ്.
ആദ്യം ഒരു ലേസര്‍ പള്‍സ് വസ്തുവിനെതിരായ ചുവരിലേക്ക് അയക്കുന്നു. ലേസര്‍ പള്‍സ് ചുവരില്‍ തട്ടി ചിതറിപ്പരന്ന് മുറിയില്‍ നിറയുന്നു. തിരിച്ച് ചുവരില്‍ത്തട്ടി ക്യാമറയിലേക്കും പ്രവഹിക്കുന്നു. പ്രകാശ കണികകളുടെ തിരിച്ചു വരവ് കണിശമായി സമയത്തോടൊപ്പം രേഖപ്പെടുത്തിവെക്കാനും കഴിയും ക്യാമറക്ക്. ഈ ടൈം റെസലൂഷന്‍ വിദ്യയിലൂടെയാണ് മറഞ്ഞിരിക്കുന്ന വസ്തുവിന്റെ രൂപം നിര്‍ണയിക്കുന്നത്. സാധാരണ ക്യാമറകള്‍ വസ്തുവില്‍ നിന്ന് നേരിട്ട് പ്രതിഫലിക്കുന്ന പ്രകാശകണികകളെ ആശ്രയിച്ചാണ് വസ്തുക്കളുടെ പ്രതിബിംബങ്ങള്‍ നിര്‍മിക്കുന്നത്. അവ ചിതറിയ പ്രകാശ തരംഗങ്ങളെ അവഗണിക്കുന്നു. എന്നാല്‍ ഇവിടെ ചിതറിത്തെറിക്കുന്ന പ്രകാശ്ത്തെയും അത് സഞ്ചരിക്കുന്ന ദൂരത്തെയും ആശ്രയിച്ചാണ് വസ്തുവിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നത്.


ഓരോ 2 പൈകോസെക്കന്റ് (0.000 000 000 001 സെക്കന്റാണ് പൈകോസെക്കന്റ്) ഇടവേളകളിലും പ്രകാശകണികകളെ രേഖപ്പെടുത്താന്‍ കഴിയും വിധമുള്ള അതിവേഗമാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ ക്യാമറ ശേഖരിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അപഗ്രഥിച്ചാണ് രൂപം നിര്‍ണയിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെയാണ് ഇവിടെ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് ചിത്രനിര്‍ണയം നടക്കുന്നത്. ഏതാനും മിനിറ്റുകള്‍ ആണ് ഇപ്പോള്‍ ഒളിഞ്ഞതിനെ വെളിച്ചത്താക്കുന്ന പ്രക്രിയക്ക് വേണ്ടിവരുന്നതെന്ന് നാച്വറില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.
പരീക്ഷണത്തിന്റെ വീഡിയോ മാതൃക ഇതാ ഇവിടെ.

Saturday, February 25, 2012

ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി.



പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.
പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.
അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.
പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.


 
പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.
വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു