Sunday, January 16, 2011

മൃഗങ്ങളെ കഥ പറയിച്ച സ്മിത്ത്
'എനിക്കറിയാം കുട്ടികള്‍ക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. മൃഗങ്ങളെ സംസാരിപ്പിക്കുകയെന്നത് വലിയ തമാശയുമാണ്. ഒരു പറ്റം മൃഗങ്ങളെ ഞാന്‍ കൂടെ ഓമനിച്ചു വളര്‍ത്തുന്നുണ്ട്.പശു, കുതിര,പന്നി, ആട്, കോഴി, താറാവ്,മുയല്‍, എലി, നായ അങ്ങനെയങ്ങനെ നിരവധി കൂട്ടുകാര്‍ എനിക്കുണ്ട്. എനിക്ക് അവയെ നല്ലോണമറിയാം. അതാണ് കുട്ടികള്‍ക്കായി ഞാന്‍ അവരെക്കുറിച്ചെഴുതിയത്.'
വാക്കുകള്‍  ജനുവരി നാലിന് ജീവന്‍ വെടിഞ്ഞ ലോക പ്രശസ്ത ബാലസാഹിത്യകാരന്‍ ഡിക്ക് കിംങ് സ്മിത്തിന്റെത്.  ബേബ് ദ ഗാലന്റ് പിഗ് എന്ന അദ്ദേഹത്തിന്റെ പുസ്തകം എണ്‍പതുകളില്‍ കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു. അത് പിന്നീട് ഹോളിവുഡ് ആനിമേഷന്‍ ചിത്രമായും എത്തി. ബേബ് എന്ന പന്നിയുടെയും ഹോഗട്ട് എന്ന ചെമ്മരിയാട്ടിടയന്റെയും കഥയായിരുന്നു അത്.  നൂറുകണക്കിന് പുസ്തകങ്ങള്‍ സ്മിത്ത് കുട്ടികള്‍ക്കായി എഴുതി.

രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികനായിരുന്നു ഇംഗ്ലണ്ടുകാരനായ ഈ കുട്ടിക്കഥാകാരന്‍. പിന്നീട് കൃഷിയും വളര്‍ത്തുമൃഗങ്ങളുമായി കാലം കഴിച്ചു. പിന്നീടാണ് കുട്ടിയെഴുത്തിലേക്ക് കടക്കുന്നത്. 1976 ലാണ് ആദ്യ പുസ്തകം ദ ഫോക്സ് ബസ്റ്റേഴ്സ് പുറത്തിറങ്ങുന്നത്. കുറുക്കനോട് യുദ്ധത്തിനിറങ്ങിയ കോഴിപ്പോരാളികളുടെ കഥയായിരുന്നു അത്. കുട്ടികളുടെ മനസായിരുന്നു ഈ എഴൂത്തുകാരന് . മുറിയില്‍ നിറയെ തന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചു വെക്കുമായിരുന്നു അദ്ദേഹം. പണത്തേക്കാളുപരി ലോകമെമ്പാടു നിന്നും കുട്ടികള്‍ അയച്ച കത്തുകളാണ് കൂടുതല്‍ അവര്‍ക്കായി എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രായമേറിയിട്ടും ലോകമെങ്ങുമുള്ള കുട്ടിയാരാധകരുമായി സംവദിക്കാനും  സാഹിത്യോല്‍സവങ്ങളില്‍ പങ്കു ചേരാനും സ്മിത്ത് നിരന്തരം സഞ്ചാരത്തിലായിരുന്നു. ച്യൂയിങ് ദ കഡ് എന്ന അദ്ദേഹത്തിന്റെ ആത്മകഥ പെന്‍ഗിന്‍ ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. കൃഷിയിടത്തില്‍ നിന്ന് ഹോളിവുഡ് വരെയുള്ള അവിചാരിത ജീവിതം എന്നാണ് ആത്മകഥയുടെ അടിക്കുറിപ്പ്.