Sunday, August 29, 2010

ഗോതമ്പിന്റെ ജനിതകഘടന വായിച്ചെടുത്തു

ഗോതമ്പിന്റെ ജനിതകഘടന പൂര്‍ണമായി വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ലിവര്‍പൂള്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെട്ടു. മനുഷ്യജനിതകഘടനയേക്കാള്‍ അഞ്ചിരട്ടി വലിപ്പമേറിയ ജനിതകഘടന ഒരു വര്‍ഷത്തെ പരിശ്രമഫലമായാണ് പൂര്‍ണമായി അപഗ്രഥിച്ചതെന്ന് യൂനിവേഴ്സിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ ഗോതമ്പ് ഉല്‍പ്പാദനത്തിന് പുതിയ ഉണര്‍വേകാന്‍ ഇതു വഴിവെക്കുമെന്ന് കരുതുന്നു.


ജനിതകഘടന വ്യക്തമാവുന്നതോടെ അതിജീവനശേഷിയുള്ള ഫലപ്രദമായ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍  വികസിപ്പിക്കുവാന്‍ ഈ മേഖലയില്‍ ഗവേഷകര്‍ക്ക് പുതു വഴി തെളിയും. ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാനും കഴിയും. സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്ക്  മര്‍മപ്രധാന ജനിതക ഘടകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ വിവരങ്ങള്‍ സഹായിക്കും. ജനിതകഘടന ഉടന്‍ തന്നെ ലോകത്തിന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഇതിലൂടെ സ്വഭാവ വിശേഷങ്ങള്‍ നിര്‍ണയിക്കുന്ന ജീനുകളെ തെരഞ്ഞുപിടിച്ച് ബ്രീഡിംഗില്‍ ഉപയോഗപ്പെടുത്താനാവും. അങ്ങനെ കാര്യശേഷി കൂടിയ പുതിയ സങ്കരയിനം ഗോതമ്പിനങ്ങള്‍ വികസിപ്പിക്കാനാവും. മനുഷ്യജനിതകഘടന വായിച്ചെടുക്കാന്‍ ഗവേഷകര്‍ 15വര്‍ഷമാണെടുത്തതെങ്കില്‍ നവീന അപഗ്രഥന മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഗോതമ്പിന്റെ ഘടന തിരിച്ചറിയുകയായിരുന്നു.