Saturday, June 21, 2014

വനയാത്രാ ഡയറി


ഴ വരാനിരിക്കുകയും വെയില്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്ത ഒരു പകലില്‍ അട്ടപ്പാടിയിലെ പുതൂര് നിന്ന് മലകയറാന്‍ തുടങ്ങി. കയറിയിട്ടും കയറിയിട്ടും ഉയരങ്ങളേറെ അവശേഷിപ്പിച്ച് മലയുടെ പരിഹാസം. മണ്ണിലെങ്ങും മുളച്ചു പൊന്തിയ തുമ്പച്ചെടികളില്‍ തൂവെള്ളകള്‍ നിറഞ്ഞു നില്‍ക്കുന്നു. വിഷമൊട്ടുമില്ലാതെ കരിവേപ്പിന്‍ കാടുകള്‍ കാറ്റത്ത് കഴുത്തു കുനിച്ച് ഉലയുന്നു. ദൂരെ എതിരായുള്ള മലനിരകളിലൊന്നില്‍ മാത്രം ചാഞ്ഞിറങ്ങുന്ന വെയിലിന്‍െറ വെണ്‍പട്ട്. കുറെ മുകളിലത്തെിയപ്പോള്‍ സ്വര്‍ണഗദ്ദയെന്ന ഗ്രാമത്തിലെ ചിതറിയ കുഞ്ഞു വീടുകളും ജീവിതങ്ങളും ഒരു ക്യാന്‍വാസിലെന്നപോലെ ഒറ്റക്കാഴ്ചയിലേക്ക് നിറഞ്ഞു. സംഘത്തില ഡോ ഇ കെ ദിലീപ്കുമാറാണ് വേഗം കുന്നു കയറി ഉച്ചിയിലെ പച്ചപ്പിലത്തെിയത്. പ്രദീപും രമേഷ്കുമാറും ഞാനും കിതച്ചു കിതച്ചു കയറി. ചുറ്റും അപരിചിതരായ സസ്യജാലങ്ങളാണേറെയും. ചാറ്റല്‍ മഴ പെട്ടെന്ന് കുന്നു കയറിയത്തെി. കുന്നുകളില്‍ നിന്ന് കുന്നുകളിലേക്ക് കൈകോര്‍ത്ത് നില്‍ക്കുകയാണ് കാടുകള്‍. വൃക്കരോഗത്തിന് ഒൗഷധമായ ഒരു ചെവിയന്‍ ചെടിയുടെ ഒരു കൂട്ടം മരത്തണലില്‍ ചിതറിക്കിടക്കുന്നു. ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന കറുത്ത മുസലവും കാട്ടു തണലുകളില്‍ പതുങ്ങിയിരിക്കുന്നു. കരടിയെ ഏറെ പ്രാവശ്യം കണ്ടിട്ടുള്ള ഭാഗത്തത്തെിയപ്പോള്‍ എല്ലാവരും ഉല്‍ക്കണഠയോടെ കാറ്റു മൂളലിനു പോലും ചെവി കൊടുത്തു നടന്നു.

സ്വര്‍ണഗദ്ദ

കാട്ടുമരങ്ങളുടെ തോല്‍ പലതും ഏതൊക്കെയോ മൃഗങ്ങളുടെ കൊമ്പുരസി ചിതറി നില്‍ക്കുന്നു. ഇടക്ക് നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ ഒരു കാല്‍പ്പാദം പതിഞ്ഞു കിടക്കുന്നത് കണ്ടു. നഖങ്ങള്‍ മണ്ണിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കടുവയുടേതായിരിക്കാമെന്ന് ദിലീപ് കുമാറിന്‍െറ അനുമാനം. ഏറെ വടക്കോട്ട് നടന്നു കയറിയപ്പോള്‍ താഴ്വാരത്ത്  മൂലക്കൊമ്പെന്ന ഗ്രാമം കാണാറായി. ഗ്രാമ വീടുകളുടെ കുട്ടത്തിനടുത്ത് തലയെടുത്തു നില്‍ക്കുന്ന ഒരു പാറക്കുന്ന്. താഴെ നിലമൊരുക്കുന്ന തൊഴിലാളികളുടെ നിര ചെറുതായി ഇളകി നീങ്ങുന്നു. മള്‍ബെറിപ്പാടങ്ങളുടെ കടുംപച്ചയും ചുകപ്പന്‍ മണ്ണും ചേര്‍ന്ന് അതിമനോഹരമായ ചിത്രണം.

ഒരു ചെവിയന്‍ ചെടി

നെഞ്ചറുപ്പന്‍


നെഞ്ചറുപ്പനെന്ന പച്ചവള്ളി പല മരങ്ങളിലും ചുറ്റി താഴെ ഊര്‍ന്നു നില്‍ക്കുന്നു. ആദിവാസികളുടെ വിവാഹ ചടങ്ങുകളില്‍ കാപ്പ് കെട്ടാന്‍ നഞ്ചറുപ്പന്‍  ഉപയോഗിക്കാറുണ്ട്. ഒൗഷധ മൂല്യവുമുണ്ട് ഈ ചെടിക്ക്. ജുറാസിക് കാലഘട്ടത്തില്‍ തന്നെ  അവതരിച്ച സസ്യവര്‍ഗത്തിലെ ഒരു പ്രതിനിധിയെയും കണ്ടു ചുവടുകള്‍ക്കരികില്‍. ആക്ടിനോ ടെറിസ് എന്ന പന്നല്‍ ചെടി പൗരാതനികമായ ഗര്‍വോടെ കാഴ്ചയില്‍ നിറഞ്ഞു. പ്രകൃതിയുടെ ശുദ്ധതയുടെ സൂചകമായ ലൈക്കന്‍ വിഭാഗത്തിലെ അസ്നിയ മരക്കൊമ്പുകളില്‍ മഞ്ഞനാരുപോലെ ചേര്‍ന്നു കിടക്കുന്നു. പൂര്‍ണമായും ശുദ്ധവായു ഉള്ളിടത്തു മാത്രമേ ഈ ലൈകനെ കാണാറുള്ളൂ. ഡൈ നിര്‍മാണത്തിന് ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഉള്ളിലേക്ക് വലിച്ച വായു എത്ര പരിശുദ്ധമായിരുന്നെന്നതിന്‍െറ ഹോള്‍ മാര്‍ക്കായി അസ്നിയ കൂട്ടങ്ങള്‍ പലയിടത്തും കാണാറായി.പേരറിയാത്ത  പലതരം പക്ഷിക്കൂട്ടങ്ങള്‍ മുന്നില്‍  പലപ്പോഴായി  പറന്നു പോയി.

മരത്തില്‍ മഞ്ഞനാരുപോലെ അസ്നിയ 

ആക്ടിനോ ടെറിസ് 

കൂട്ടത്തില്‍ ഉയരമേറിയ ഒരു കുന്നു കൂടെ കയറിയപ്പോള്‍ മലനിരയുടെ മധ്യഭാഗത്തോളമത്തെിയതായി മനസിലായി. അവിടെ നിന്ന് നോക്കുമ്പോള്‍ കയറിയത്തെിയ കുന്നുകള്‍ ഓരോന്നും കാണാമായിരുന്നു. അവിടെ നിന്ന് കുത്തനെയുള്ള ഇറക്കം ശ്രമകരമായിരുന്നു. പലപ്പോഴും കാലിടറി.  മരങ്ങളില്‍ ചാഞ്ഞു ചേര്‍ന്ന് കുന്നിറങ്ങി. കൊടും കാടിന്‍െറ ഇരുട്ട് അടുത്ത് കനത്തു കിടക്കുന്നുണ്ടായിരുന്നു. അതിലേക്ക് പ്രവേശിക്കുവാനുള്ള സമയമില്ല. മഴ പെയ്തുതുടങ്ങിയതിനാല്‍ ഇരുട്ടുമേറി വരികയാണ്. ഏറെ നടന്നപ്പോള്‍ മുളങ്കാടുകളുള്ള പുറംവഴി തെളിഞ്ഞു. മഴ ചാഞ്ഞും ചരിഞ്ഞും കാറ്റിനൊപ്പം പെയ്യുന്നു. മുളങ്കാടിനടുത്ത് ആനച്ചൂര് ഒഴുകിവന്നു. കാഴ്ചപ്പെട്ടില്ല. പിന്നെ നിരപ്പായ പുല്‍മേട്ടിലൂടെ നടന്നു.


മൂലക്കൊമ്പെന്ന ഗ്രാമം


ഒന്നാടെ വീണടിഞ്ഞു ചിതറിയ മുളങ്കൂട്ടങ്ങളും കരിവേപ്പില കാടുകളും പാലയും നെല്ലിയും അത്തിയും സീതമരവുമെല്ലാം ഇടതൂര്‍ന്നു നനഞ്ഞു നില്‍ക്കുന്നു. കാടിന്‍െറ ശാന്ത മര്‍മരങ്ങളിലേക്ക് നാട്ടുമനുഷ്യരുടെ ചെറിയ ശബ്ദങ്ങള്‍ അരിച്ചു കയറി തുടങ്ങി. വഴിയരികിലെ വലിയ പാലമരത്തില്‍ ചാക്കുകെട്ടുകള്‍ തൂങ്ങിക്കിടക്കുന്നു. പശുവിന് പാല് കൂടുവാന്‍ മറുപിള്ള ചാക്കില്‍കെക്കി പാല്‍ക്കറയുള്ള മരക്കൊമ്പുകളില്‍ കെട്ടുന്ന ആചാരം ഇവിടെ ഗ്രാമീണര്‍ക്കിടയിലുണ്ട്. മുളവേലികള്‍ അതിരിട്ട ചെറിയ നാട്ടുവഴിയിലേക്ക് കാട് ഞങ്ങളെ പറഞ്ഞയച്ചു. വേലിക്കരികില്‍ കള്ളിച്ചെടിയുടെ പലതരം വൈവിധ്യങ്ങള്‍. ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ പുല്‍മേടുകളില്‍ പല കൂട്ടങ്ങളായി ലോകകപ്പ് കളിക്കുന്നു. റോഡ് കാണാറായി  മനുഷ്യന്‍െറ അഹന്തകളിലേക്ക് ഞങ്ങള്‍ പരിണയിക്കാന്‍ തുടങ്ങി.

പിന്നറിവ്: പിറ്റേന്നാണ് അറിഞ്ഞത് മൂലക്കൊമ്പ് ഗ്രാമത്തില്‍ കടുവയിറങ്ങി ആടുകളെ പിടിച്ച കാര്യം.  മിക്കവാറും തലേന്ന് ഏതോ മരക്കൊമ്പിലിരുന്നു അവന്‍ ഞങ്ങളെ കണ്ടിരിക്കണം....