Wednesday, December 16, 2009

ഇവിടെ ഇവര്‍ ആത്മമിത്രങ്ങള്‍...



അറ്റ്ലാന്റ (യു.എസ്.എ): കാട്ടിലെ വീരന്‍മാരായ സിംഹവും കരടിയും കടുവയും ഒരു കൂട്ടില്‍ ഒരുമിച്ചു കഴിയുന്നു. കഥയല്ല, ഇത് കാര്യമാണ്. ജോര്‍ജിയയിലെ ലൊക്കസ്റ്റ് ഗ്രോവ് മൃഗ സംരക്ഷണ കേന്ദ്രത്തിലാണ് ഈ അപൂര്‍വ ചങ്ങാത്തം രൂപപ്പെട്ടത്.

ബാലൂ എന്ന കരടിയും ലിയോ എന്ന സിംഹവും ഷേര്‍ഖാനെന്ന കടുവയും പരസ്പരം സ്നേഹിച്ചു കഴിയുകയാണിവിടെ.

മയക്കുമരുന്നു മാഫിയകളെ തുരത്തുവാനുള്ള ശ്രമത്തിനിടയിലാണ് ജോര്‍ജിയയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞുപ്രായത്തില്‍ ഇവരെ കണ്ടെടുക്കുന്നത്. മയക്കുമരുന്ന് സംഘം പോറ്റുകയായിരുന്നു ഈ ചങ്ങാതികളെ. തുടര്‍ന്നാണ് ഇവര്‍ മൃഗ സംരക്ഷണ കേന്ദ്രത്തിലെത്തുന്നത്. വന്യ സ്വഭാവം നഷ്ടമായ അവര്‍ക്കായി പ്രത്യേക ആവാസ സ്ഥലം നിര്‍മിച്ച് അവിടെ പാര്‍പ്പിച്ചു. 'ബാലുക്കരടിയും ഷേര്‍ഖാന്‍ കടുവയുമാണ് ആത്മമിത്രങ്ങള്‍. അവര്‍ നേരത്തേ എഴുന്നേറ്റ് കൂട്ടുകൂടാന്‍ തുടങ്ങും. ലിയോ സിംഹം മിക്ക സമയവും നല്ല ഉറക്കിലായിരിക്കും' ^ മൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡയാനെ സ്മിത് പറയുന്നു. ഇവര്‍ ഒന്നിച്ചു കഴിയുന്നതു കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്
യൂറോപ്പില്‍ പാട്ടിന് ശബ്ദം കുറയും


ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ എം.പി.ത്രീ പ്ലേയറുകള്‍ക്ക് ശബ്ദപരിധിയേര്‍പ്പെടുത്താനൊരുങ്ങുന്നു. ഒരു കോടിയിലേറെ പേര്‍ക്ക് യൂറോപ്പില്‍ കേള്‍വി ശക്തി എന്നെന്നേക്കുമായി നഷ്ടമായെന്ന പഠനമാണ് യൂറോപ്യന്‍ യൂനിയനെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിപണിയിലെത്തുന്ന എം.പി.ത്രീ പ്ലേയറുകള്‍ യൂറോപ്യന്‍ കമീഷന്‍ നിഷ്കര്‍ഷിക്കുന്ന നിശ്ചിത ശബ്ദപരിധി പാലിക്കേണ്ടിവരും. ഐപോഡുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇതില്‍പെടും. ഇപ്പോള്‍ വിപണിയിലുള്ള കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ മ്യൂസിക് പ്ലേയറുകള്‍ക്ക് 120 ഡെസി ബെല്ലിനു മുകളില്‍ ശബ്ദ പരിധിയുണ്ട്.

ഇത് ഒരു ജെറ്റ് വിമാനം പറന്നുയരുമ്പോഴുള്ളത്ര ശബ്ദ മര്‍ദം സൃഷ്ടിക്കും. ഉയര്‍ന്ന ശബ്ദപരിധി 85 ഡെസി ബെല്ലായി നിജപ്പെടുത്താനാണ് വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.


സി.ടി സ്കാനിങ് കൂടിയാല്‍ കാന്‍സര്‍


വാഷിങ്ടണ്‍: അമിതമായ സി.ടി സ്കാനിങ്ങിന് വിധേയമാകുന്നത് കാന്‍സറിന് ഇടയാക്കുമെന്ന് പഠനം. സി.ടി സ്കാനറുകളുടെ വ്യാപകമായ ഉപയോഗവും അതില്‍ നിന്നേല്‍ക്കുന്ന അമിത റേഡിയേഷനും പുതിയ കാന്‍സര്‍ രോഗികളെ സൃഷ്ടിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായ ഗവേഷകസംഘം നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിഷ്കര്‍ഷിക്കപ്പെട്ട വികിരണ തോതിനേക്കാള്‍ വളരെ കൂടുതലാണ് പല മെഡിക്കല്‍ സി.ടി സ്കാനറുകളിലെയും റേഡിയേഷന്‍. സാധാരണ സി.ടി സ്കാനിങ് 100 എക്സ്റേ റേഡിയേഷന് തുല്യമായ വികിരണമുണ്ടാക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നിലവില്‍ ഉപയോഗിക്കുന്ന പല സ്കാനറുകളും 440 എക്സ്റേ റേഡിയേഷനോളം തുല്യമായ ആഘാതമാണുണ്ടാക്കുന്നത് ^ 'ആര്‍കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

സി.ടി സ്കാനര്‍ കൂടുതല്‍ വ്യക്തതക്ക് ശ്രമിക്കുന്നതിനനുസരിച്ച് പാര്‍ശ്വഫലവും കൂടുന്നു. അമിത ഡോസിന് എക്സ്റേ വിധേയമാവുന്നവരില്‍ ഡി.എന്‍.എ മ്യൂട്ടേഷന്‍ സംഭവിക്കുകയും അത് കാന്‍സര്‍ വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യും. പല സ്കാനര്‍ നിര്‍മാതാക്കളും താഴ്ന്ന റേഡിയേഷന്‍ ഡോസാണ് ഉപയോഗിക്കുന്നതെങ്കിലും, പഴയ സി.ടി സ്കാനറുകള്‍ അധിക എക്സ്റേ ഡോസ് ഉള്ളവയാണ്. റേഡിയോളജിസ്റ്റുകള്‍ തന്നെ പലപ്പോഴും ഡോസുകളില്‍ വ്യത്യാസം വരുത്തുന്നു. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും നിരീക്ഷണത്തിനുള്ള 'കൊറോണറി ആഞ്ചിയോഗ്രഫി' സ്കാനിങ്ങിന് വിധേയമാകുന്ന 270ല്‍ ഒരു സ്ത്രീക്കും 600ല്‍ ഒരു പുരുഷനും വീതം കാന്‍സര്‍ ബാധയുണ്ടാവുന്നു ^റേഡിയോളജി പ്രഫസര്‍ ഡോ. റെബേക്ക സ്മിത്ത് പറയുന്നു.

അപകടസാധ്യത 20 വയസ്സുള്ളവര്‍ക്ക് ഇരട്ടിയാണ്. 60വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ശതമാനമാണിത്. അമേരിക്കയില്‍ 2007ല്‍ മാത്രം നടത്തിയ സ്കാനിങ്ങുകളില്‍നിന്ന് 29,000 ഭാവി കാന്‍സര്‍ രോഗികള്‍ ഉണ്ടാവുമെന്ന് പ്രവചിച്ചാണ് പഠനം ഉപസംഹരിച്ചിരിക്കുന്നത്.

Monday, December 7, 2009



ഇന്ത്യന്‍ സ്വാതന്ത്യ്രസമര സ്മൃതികളുടെ അപൂര്‍വ ശേഖരം ബ്രിട്ടന്‍ പരസ്യപ്പെടുത്തി


ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനും ബ്രിട്ടീഷ് ഇന്ത്യയുടെ അന്ത്യനാളുകള്‍ക്കും സാക്ഷിയായ നിരവധി പേരുടെ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ചരിത്ര ശേഖരം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തിറക്കി.

സ്വാതന്ത്യ്രപ്രചാരകര്‍, സേനാനികള്‍, കൊലക്കുറ്റത്തിന് പിടിയിലായവര്‍, സാധാരണക്കാര്‍, കൃഷിക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മിഷനറിമാര്‍ തുടങ്ങി വിവിധ തുറകളില്‍പെട്ടവരുടെ സംഭാഷണങ്ങളാണ് ശേഖരത്തില്‍. സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠനവിഭാഗം സൂക്ഷിച്ചിരുന്ന ശേഖരത്തില്‍ 500 മണിക്കൂര്‍ ഓഡിയോ സംഭാഷണങ്ങളും 10,000 പേജ് അഭിമുഖങ്ങളുമുണ്ട്.

http://www.s%5easian.com.ac.uk/ എന്ന വെബ്സൈറ്റില്‍ ഈ അമൂല്യ sരേഖ സൌജന്യമായി ലഭിക്കും. ഗാന്ധിജിയെക്കുറിച്ച് ഉറ്റസുഹൃത്തുക്കളുടെ സംഭാഷണങ്ങളും ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഓര്‍മകളും സംരക്ഷിക്കാന്‍ ആവിഷ്കരിച്ച ബൃഹദ്പദ്ധതിയുടെ ഭാഗമായാണ് ബ്രിട്ടന്‍ ഇവ ശേഖരിച്ചത്. നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം എന്നിവയില്‍ ഗാന്ധിക്കൊപ്പം നിന്ന അനുയായികളുടെ ഓര്‍മകള്‍ ഇതിലുണ്ട്.



ഉപ്പു സത്യഗ്രഹത്തില്‍ ഗാന്ധിജിക്കൊപ്പം ചേര്‍ന്ന് ജയില്‍വാസം വരിച്ച പത്രപ്രവര്‍ത്തകന്‍ എസ്.ആര്‍. ടികേക്കര്‍ അക്കാലത്ത് ഗാന്ധിജി കടുത്ത നിരാശയിലായിരുന്നെന്ന് ടേപ്പില്‍ പറയുന്നുണ്ട്. തന്റെ പ്രചാരണങ്ങള്‍ മതിയായ പ്രതികരണം സൃഷ്ടിക്കുന്നില്ലെന്നായിരുന്നു ഗാന്ധിജിയെ നിരാശനാക്കിയത്. ദണ്ഡിയാത്രയുടെ ദൂരമത്രയും നടന്നെത്താമെന്ന് ഗാന്ധിജി പ്രതീക്ഷിച്ചിരുന്നില്ലത്രെ. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നായിരുന്നു ഗാന്ധിജിയുടെ കണക്കുകൂട്ടല്‍ ^ടികേക്കര്‍ പറയുന്നു.

'ക്വിറ്റ് ഇന്ത്യ' സമരകാലത്ത് പൂനെയിലെ കാപിറ്റോള്‍ തിയറ്ററില്‍ ബോംബുവെച്ചതെങ്ങനെയെന്ന് ബി.വി. ചുവന്‍ വിശദമാക്കുന്നതും ടേപ്പിലുണ്ട്. മൂന്ന് ബ്രിട്ടീഷുകാര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബോംബെ ആക്ടിങ് ഗവര്‍ണറായിരുന്ന ഏണസ്റ്റ് ഹോസ്റ്റനെതിരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ച് ബി.വി. ഗൊഗാത്തെ ടേപ്പില്‍ പറയുന്നു.

ഷോലാപൂരില്‍ സമരസേനാനികളെ തൂക്കിക്കൊന്നതിന്റെ പ്രതികാരമായിരുന്നു ഈ വധശ്രമം. നിരവധി ചരിത്രമുഹൂര്‍ത്തങ്ങളുടെ ഈ ശബ്ദശേഖരം ഇനി ലോകം മുഴുവന്‍ ഓണ്‍ലൈനായി ലഭ്യമാവും.