Saturday, November 19, 2011

പുതിയ പരീക്ഷണത്തിലും ന്യൂട്രിനോ പ്രകാശത്തെ മറികടന്നെന്ന്

തിര്‍വാദക്കാര്‍ നിരത്തിയ പോരായ്മകള്‍ പരിഹരിച്ച് നടത്തിയ പുതിയ പരീക്ഷണത്തിലും ന്യൂട്രിനോകണങ്ങള്‍ പ്രകാശവേഗത്തെ മറികടന്നുവെന്ന് സേണ്‍(യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) അവകാശപ്പെട്ടു. ന്യൂട്രിനോ കണങ്ങളെ ജനീവയിലെ സേണ്‍ പരീക്ഷണശാലയില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ പരീക്ഷണ ശാലയിലേക്ക് അയച്ച് വേഗം നിര്‍ണയിക്കുന്ന പരീക്ഷണമാണ് വീണ്ടും ആവര്‍ത്തിച്ചത്. സെപ്റ്റംബറില്‍ ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന പരീക്ഷണ ഫലം പ്രഖ്യാപിച്ച് സേണ്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയും  സംവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ നിഗമനത്തെ ഖണ്ഡിക്കുന്ന ഈ പരീക്ഷണ ഫലം കൂടുതല്‍ സ്വതന്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷം അംഗീകരിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ തീരുമാനം. സേണിലെ പ്രോട്ടോണ്‍ ത്വരകത്തില്‍ നിന്ന്   10.5 മൈക്രോ സെക്കന്റ്  നേരം തുടരുന്ന പ്രോട്ടോണ്‍ പ്രവാഹത്തില്‍ നിന്നുണ്ടാവുന്ന ന്യൂട്രിനോ പ്രവാഹത്തെ പറഞ്ഞയച്ചാണ് നേരത്തേ പരീക്ഷണം നടത്തിയത്.  പ്രോട്ടോണ്‍ ത്വരകത്തിലെ ഓരോ പ്രോട്ടോണും ഈ സമയത്തിനകം സങ്കീര്‍ണമായപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയാണ് ന്യൂട്രിനോകളായി പുറത്തേക്ക് പ്രവഹിക്കുന്നത്.

അതിനാല്‍ ഗ്രാന്‍ഡ് സാസോ ലാബിലെത്തുന്ന ന്യൂട്രിനോകളുടെ കൃത്യമായ സഞ്ചാര സമയം നിര്‍ണയിക്കുന്നതില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നേരത്തേ വാദമുയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ മൂന്നുമൈക്രോസെക്കന്റിന്റെ പ്രോട്ടോണ്‍ പ്രവാഹം സൃഷ്ടിച്ച് ന്യൂട്രിനോകളെ പറഞ്ഞുവിട്ടാണ് പരീക്ഷണം വീണ്ടും നടത്തിയത്. ഇരുപത് തവണ ആവര്‍ത്തിച്ച പരീക്ഷണത്തില്‍ പ്രകാശത്തേക്കാള്‍ 60നാനോ സെക്കന്റ് വേഗത ന്യൂട്രിനോ കണങ്ങള്‍ കൈവരിച്ചുവെന്ന് സേണ്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം ആദ്യഫലം പ്രസിദ്ധീകരിച്ച fr.arxiv.org വെബ്സൈറ്റില്‍ കൂടുതല്‍ വിശകലനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.  ഓപറ(OPERA ^Oscillation Project with Emulsiontracking Apparatus) എന്ന  ഈ പരീക്ഷണ പദ്ധതിയില്‍ ന്യൂട്രിനോ വേഗ പരീക്ഷണങ്ങള്‍ തുടരുമെന്നും ഗവേഷകര്‍ പറയുന്നു. പുതിയ  പരീക്ഷണ ഫലം നേരത്തത്തെക്കാള്‍ മെച്ചപ്പെട്ടെന്നും കൂടുതല്‍ വിശകലനങ്ങള്‍ക്കു ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുവെന്നും ഓപറ ഫിസിക്സ് കോഡിനേറ്റര്‍ അറിയിച്ചു. സേണിലെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്ന ന്യൂട്രിനോകള്‍  ഭൂമിക്കടിയിലൂടെ 730 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ ലാബില്‍ എത്തുന്നത്. അവിടത്തെ ന്യൂട്രിനോ ഡിറ്റക്ടറുകളാണ് ഇവയെ തിരിച്ചറിയുന്നത്.

Sunday, November 13, 2011

റഷ്യന്‍ പേടകം ദുരന്ത വക്കില്‍


ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം. വിക്ഷേപണത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ കറങ്ങിത്തിരിയുകയാണ് ഇത്. പതിമൂന്ന് ടണ്ണോളം വരുന്ന പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് കുതിക്കാന്‍ അപ്പര്‍ സ്റ്റേജ് റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഭ്രമണപഥത്തില്‍ പേടകത്തെ നിലനിര്‍ത്തി പ്രശ്നം മനസിലാക്കി ദൌത്യത്തെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് റഷ്യന്‍ ഗവേഷകര്‍……………..

റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ രണ്ടാം കുതിപ്പിന് അവസരമൊരുക്കാനായാല്‍ ദൌത്യം റഷ്യക്ക് ഒരു പക്ഷേ തിരിച്ചുപിടിക്കാനായേക്കും. ആഴ്ചകള്‍ക്കകം തകരാറ് മനസിലാക്കി ദൌത്യം പുനരുജ്ജീവിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. റോക്കറ്റ് പണിമുടക്കിയതിനു പിന്നില്‍ സോഫ്റ്റ്വേര്‍ തകരാറായിരിക്കാമെന്നും എളുപ്പം പരിഹരിക്കാമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഹാര്‍ഡ്വേര്‍ തകരാറാണെങ്കില്‍ ദൌത്യം ഉപേക്ഷിക്കേണ്ടിവരും. അതോടെ പതിനെട്ട് ചൊവ്വന്‍ ദൌത്യങ്ങളില്‍ പതിനാറിലും പരാജയമറിഞ്ഞ റഷ്യയുടെ കണക്കു പുസ്തകത്തില്‍ ഈ നഷ്ടവും കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.
ഭൂമിയില്‍ പതിച്ചേക്കാമെന്ന രീതിയില്‍ അപകടകരമായ ഭ്രമണപഥത്തിലാണ് പേടകം ഉള്ളതെന്നും ദൌത്യ സംഘത്തിന് പേടകവുമായി ആശയവിനിമയം പൂര്‍ണമായി നഷ്ടമായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മൂന്നു ദിവസത്തിനകം പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമമെന്നും തുടര്‍ന്ന് രണ്ടാംഘട്ട റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

അതേസമയം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും അപകടകാരികളായ സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന പേടകം ഭൂമിയില്‍ പതിച്ചേക്കുമെന്ന് ഭീതി വിതക്കുന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കത്താതെ ബാക്കിയായ വിഷകരമായ ഹൈഡ്രസീന്‍ – നൈട്രജന്‍ ടെട്രോക്സൈഡ് ഇന്ധനവും റേഡിയോ ആക്ടീവ് കൊബാള്‍ട്ട് `57 ശേഖരവും പേടകത്തിലുണ്ട്. നിയന്ത്രണം വിട്ടുള്ള പതനമാണെങ്കില്‍ ഇവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരക്കാനിടയാവും.

ചൈനയുടെ യിംഗ്വോ ഉപഗ്രഹവും പുതിയൊരു ദൌത്യത്തിന് ബാക്കിയില്ലാതെ ചിതറിപ്പോവും. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയെ ഭ്രമണം ചെയ്യാനായിരുന്നു ഈ ഉപഗ്രഹത്തെ ചൈന ദൌത്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പേടകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്പേസ് ഏജന്‍സി വക്താക്കള്‍ വ്യക്തമാക്കുന്നു.
ബന്ധം സ്ഥാപിക്കാനായാല്‍ സോഫ്റ്റ് വേര്‍ റീപ്രോഗ്രാം ചെയ്യുക എന്ന കഠിന ദൌത്യത്തിനു ശേഷമേ പേടകത്തിന്റെ കുതിപ്പ് തുടരാനാവൂ. 

ഇതിനുള്ള സാധ്യത വിരളമാണ്. പേടകം ഫോബോസ് മണ്ണിലെത്തുമെന്ന റഷ്യന്‍ പ്രതീക്ഷയും ചൈനയുടെ യിംഗോ 1 എന്ന ചൊവ്വാനിരീക്ഷണ ഉപഗ്രഹ പദ്ധതിയുമാണ് നിലയില്ലാ വായുവിലായിരിക്കുന്നത്. ദൌത്യ പരാജയത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യക്ക് ഏല്‍ക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല. 163 കോടി ഡോളര്‍ ചിലവിട്ട പദ്ധതി റഷ്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. തുടര്‍ പരാജയങ്ങള്‍ ഗവേഷകരുടെ ആത്മവിശ്വാസത്തിനും പോറലേല്‍പ്പിക്കും.