Monday, November 23, 2009



ഈ മുതലകളുടെ പ്രിയഭക്ഷണം ദിനോസര്‍




ലണ്ടന്‍: ദിനോസറുകളെ കൊന്നു കഴിഞ്ഞ ഭീമന്‍ മുതലകളുടെ ഫോസില്‍ കണ്ടെത്തി. 10 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് വടക്കേ അമേരിക്കയിലെ പുഴകളില്‍ നീന്തിയും കരയിലൂടെ കുതിച്ചുചാടിയും കഴിഞ്ഞ മൂന്നു പുതിയ വര്‍ഗം മുതലകളെയാണ് കണ്ടെത്തിയത്. ന്യൂ മൊറോക്കോയിലും നൈഗറിലും സഹാറാ മരുപ്രദേശങ്ങളിലും നടത്തിയ ഖനന പരമ്പരകളിലാണ് ഫോസിലുകള്‍ കണ്ടെത്തിയത്.



ഇവ സമര്‍ഥരായ നീന്തല്‍ക്കാരായിരുന്നുവെന്ന് എല്ലുകളുടെ ഘടനയില്‍നിന്ന് വ്യക്തമായതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. സമതലപ്രദേശങ്ങളിലൂടെ കുതിച്ചുചാടാനുള്ള ശേഷി ഇവക്കുണ്ടായിരുന്നു. 6.5 മീറ്റര്‍ നീളവുമുള്ള കപ്രാസാക്കസ് സഹാരിക്കസ് എന്ന വര്‍ഗത്തിന് കഠാരപോലുള്ള മൂന്നു വലിയ കൊമ്പുകളും ഇരപിടിക്കാനുള്ള തുമ്പിക്കൈക്ക് സമാനമായ അവയവവും ഉണ്ടായിരുന്നതായി പഠനം വ്യക്തമാക്കുന്നു.



ലഗാനോസക്കസ് തുമാ സ്റ്റോസ് എന്ന വര്‍ഗത്തിനും അതേ നീളമുണ്ട്. പരന്ന തലയുള്ള ഇവ വായ തുറന്നുവെച്ച് പുഴയില്‍ മുങ്ങിക്കിടന്ന് ഇരപിടിച്ചിരുന്നു.

അരാരി പെസക്കസ് രാട്ടോയിഡ്സ് എന്ന മൂന്നാമത്തെ ഇനത്തിന് ഒരു മീറ്റര്‍ നീളമേയുള്ളൂ. കീഴ്ത്താടിയിലെ വലിയ പല്ലുകള്‍ ഉപയോഗിച്ച് ഇവ ഇരക്കായി കുഴി തീര്‍ക്കുമായിരുന്നു. കരയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന ഉറച്ച കാലുകളും വെള്ളത്തില്‍ തുഴയാന്‍ ശേഷിയുള്ള വലിയ വാലുമുള്ളവയായിരുന്നു ഈ മുതലകളെന്ന് ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ പോള്‍ സെറിനോ വ്യക്തമാക്കി.



കണികാപരീക്ഷണം പുനരാരംഭിച്ചു


ജനീവ: ലോകത്തെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനക്ഷമമായി. പ്രപഞ്ചോല്‍പത്തിക്കു കാരണമായ ബിഗ് ബാങ് സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആരായാനുള്ള ഈ ഉദ്യമം യന്ത്രത്തകരാര്‍ മൂലം ഒരുവര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണമാരംഭിച്ച് ഒമ്പതുദിവസങ്ങള്‍ക്കകം കൊളൈഡറിലെ വലിയ അതിചാലക കാന്തങ്ങള്‍ക്കിടയിലെ വൈദ്യുത സര്‍ക്യൂട്ടിലുണ്ടായ തകരാറുമൂലം പരീക്ഷണം തുടരാന്‍ കഴിഞ്ഞിരുന്നില്ല.

ഒരുവര്‍ഷത്തെ പ്രയത്നത്തിനുശേഷമാണ് പത്ത് ബില്യണ്‍ ഡോളറിന്റെ (46,630 കോടി രൂപ) പദ്ധതി പുനരാരംഭിച്ചത്. ഫ്രഞ്ച്^സ്വിറ്റ്സര്‍ലന്റ് അതിര്‍ത്തിയില്‍ 100 മീറ്റര്‍ താഴ്ചയില്‍ 27 കിലോമീറ്ററോളം വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ടണലിനുള്ളിലാണ് പരീക്ഷണം നടക്കുന്നത്. പ്രോട്ടോണ്‍ കണികകളുടെ കൂട്ടങ്ങളെ പ്രകാശത്തിനോടടുത്ത വേഗതയില്‍ വിപരീത ദിശകളില്‍ ടണലിലൂടെ പ്രവഹിപ്പിക്കും. ഇവ കൂട്ടിമുട്ടുമ്പോഴുണ്ടാവുന്ന ഭീമമായ ഊര്‍ജപ്രവാഹത്തെ ടണലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഡിറ്റക്റ്ററുകള്‍ പരിശോധിക്കും.

ഇതില്‍നിന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ് ബോസോണ്‍ കണികയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവും. തകരാര്‍ പരിഹരിച്ചശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രോട്ടോണ്‍ പ്രവാഹം വിജയകരമായി പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ അറിയിച്ചു.


വര്‍ഷങ്ങള്‍ക്കുശേഷം ഗലീലിയോയുടെ വിരലുകള്‍ കണ്ടെത്തി


ലണ്ടന്‍: മഹാനായ ശാസ്ത്രകാരന്‍ ഗലീലിയോ ഗലീലിയുടെ മൃതദേഹത്തില്‍നിന്ന് ആരാധകര്‍ മുറിച്ചുമാറ്റിയ വിരലുകളും പല്ലും കണ്ടെത്തി. ഇറ്റലിയിലെ ഫേ്‌ളാറന്‍സ് ശാസ്ത്രചരിത്ര മ്യൂസിയം അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ച് 95 വര്‍ഷത്തിനുശേഷം മൃതദേഹം സാന്റാക്രോസ് ബസിലിക്കയിലെ ശവകുടീരത്തിലേക്ക് മാറ്റിയപ്പോള്‍ ആരാധകര്‍ മൂന്നു വിരലുകളും നട്ടെല്ലും പല്ലും കൈവശപ്പെടുത്തിയിരുന്നു. അതില്‍ ഒരു വിരലും നട്ടെല്ലും പിന്നീട് കണ്ടെത്തി. ഇവ ഫേ്‌ളാറന്‍സ് മ്യൂസിയത്തിലും ഗലീലിയോ അധ്യാപകനായി പ്രവര്‍ത്തിച്ച പഡുവ യൂനിവേഴ്‌സിറ്റിയിലുമുണ്ട്. മറ്റുരണ്ട് വിരലുകളും പല്ലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ കണ്ടെത്തിയത്. മ്യൂസിയം ഡയറക്ടര്‍ പൗലോ ഗല്ലൂസി പറഞ്ഞു. ഇപ്പോള്‍ കണ്ടെത്തിയ പെരുവിരലും നടുവിരലും പല്ലും കാലങ്ങളായി ഒരു ആരാധകന്റെ കുടുംബം കൈമാറിവരികയായിരുന്നു. പിന്നീടുവന്ന തലമുറക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിയാനാവാതെ അവ വില്‍ക്കുകയായിരുന്നു. ഈയിടെ ഒരു ലേലത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇവ സ്വന്തമാക്കിയ സ്വകാര്യ വ്യക്തി മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അത് മുമ്പ് കൈവശംവെച്ച കുടുംബക്കാരുടെ രേഖകള്‍ പരിശോധിച്ച് ഗലീലിയോയുടെ വിരലുകളാണെന്ന് ഉറപ്പാക്കുകയായിരുന്നു.


ദക്ഷിണ ധ്രുവം തേടി ഇന്ത്യന്‍ വനിത ഹിമയാത്ര തുടങ്ങി



വെല്ലിംഗ്ടണ്‍ (ന്യൂസിലാന്റ്): ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ വനിത റീന കൌശല്‍ ദക്ഷിണ ധ്രുവത്തിലേക്ക് ഹിമപാളികളിലൂടെ തെന്നിനീങ്ങുന്ന സ്കീയിങ് തുടങ്ങി. ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്തിന്റെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റീനയും എട്ടു രാജ്യങ്ങളിലെ സ്ത്രീയാത്രികരും സാഹസികമായ ഹിമയാത്ര തുടങ്ങിയത്. തിങ്കളാഴ്ച അന്റാര്‍ട്ടിക്കയിലെ ബേയ്സ് ക്യാമ്പില്‍നിന്നു യാത്ര തുടങ്ങിയ ഇവര്‍, 800 കിലോമീറ്റര്‍ ഹിമപാളികളിലൂടെ സഞ്ചരിച്ച് 40 ദിവസം കൊണ്ട് ദക്ഷിണ ധ്രുവത്തിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ദിവസം 10 മണിക്കൂര്‍ ഇവര്‍ മഞ്ഞുകട്ടകള്‍ക്കു മീതെ തെന്നിപ്പായും. ഭക്ഷണവും അവശ്യ വസ്തുക്കളുമായി 80 കിലോഗ്രാം ഭാരമുള്ള ഹിമവണ്ടികളും യാത്രയില്‍ ഒപ്പമുണ്ട്. കോമണ്‍വെല്‍ത്ത് ദിനമായ ജനുവരി ഒന്നിന് ദക്ഷിണ ധ്രുവത്തിലെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള ശീതക്കാറ്റും ഹിമപാളികളിലെ ഒളിഞ്ഞിരിക്കുന്ന വിള്ളലുകളും മൈനസ് 42 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന ഊഷ്മാവുമെല്ലാം യാത്രയില്‍ വെല്ലുവിളിയാണ്. ഇന്ത്യയെ കൂടാതെ ബ്രൂണെ, സൈപ്രസ്, ഘാന, ജമൈക്ക, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വനിതകളാണ് സംഘത്തിലുള്ളത്.



മഞ്ഞുപാളികളിലൂടെയുള്ള യാത്രയില്‍ അവര്‍ക്ക് 24 മണിക്കൂറും പകല്‍വെളിച്ചം ലഭിക്കും.

ഒരു ജീവജാലത്തെയും യാത്രയില്‍ കാണാനാവില്ല. കനത്ത ഏകാന്തത മാത്രമായിരിക്കും ചുറ്റും. എവിടെയും മഞ്ഞുപാളികളും ഹിമപര്‍വതങ്ങളും ആകാശവും മാത്രമേ കാണാനാവൂ. ^അന്റാര്‍ട്ടിക് പര്യവേക്ഷണ വെബ്സൈറ്റ് വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന 38കാരിയായ റീന ഡാര്‍ജിലിങിലെ സ്കീയിങ് പരിശീലകയാണ്. ദല്‍ഹിയാണ് സ്വദേശം.

Friday, November 20, 2009

വെള്ളം കണ്ടു; ഇനി ചന്ദ്രനില്‍ കൂടുതേടാം






ചാന്ദ്രഗര്‍ത്തത്തിലെ ഇരട്ട സ്ഫോടനങ്ങള്‍. തുടര്‍ന്നുണ്ടായ ഉല്‍ക്കണ്ഠകള്‍, വിവാദങ്ങള്‍. ഒടുവില്‍, നാസ തീര്‍പ്പാക്കിയിരിക്കുന്നു: ചന്ദ്രനില്‍ ജലമുണ്ട്. ഉറഞ്ഞ രൂപത്തിലും നീരാവിയായും.

'ഞങ്ങള്‍ വെള്ളം കണ്ടെത്തിയിരിക്കുന്നു. കുറച്ചൊന്നുമല്ല, കാര്യമായി തന്നെ' ^നാസയുടെ ചാന്ദ്ര സ്ഫോടന ദൌത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ആന്റണി കോള്‍പ്രീറ്റ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കഴിഞ്ഞ മാസം ഒമ്പതിന് ചന്ദ്രനില്‍ സെന്റാനര്‍ റോക്കറ്റും എല്‍ക്രോസ് പേടകവും നടത്തിയ ഇരട്ട സ്ഫോടനത്തില്‍ ഉയര്‍ന്ന പൊടിപടലങ്ങളെ വിശകലനം ചെയ്താണ് നാസ ചന്ദ്രനിലെ ഗര്‍ത്തത്തില്‍ ഉറഞ്ഞ രൂപത്തില്‍ ജലമുണ്ടെന്ന് തീര്‍പ്പാക്കിയത്. 25 ഗാലണ്‍ (ഏകദേശം 100 ലിറ്റര്‍) ജലമാണ് ഈ പൊടിപടലങ്ങളില്‍ ഉണ്ടായിരുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ചന്ദ്രനില്‍ ജലസാന്നിധ്യം സൂചിപ്പിക്കുന്ന 'ഹൈഡ്രോക്സില്‍' ഉണ്ടെന്ന ഇന്ത്യയുടെ ചാന്ദ്രയാന്‍^ഒന്നിന്റെ വെളിപ്പെടുത്തലിന് ജലതന്മാത്രകളുടെ തന്നെ വലിയ ശേഖരമുണ്ടെന്ന നാസയുടെ കണ്ടെത്തല്‍ പൂര്‍ണത നല്‍കിയിരിക്കുന്നു. 'പുതിയ തെളിവ് സന്ദര്‍ശനത്തിനുള്ള മികച്ച സ്ഥലമായി ചന്ദ്രനെ മാറ്റാനുള്ള ശ്രമത്തിന്റെ പ്രധാന ചുവടുവെപ്പാണ്' ^ബഹിരാകാശ വിദഗ്ധന്‍ ജോണ്‍ ലോഗ്സ്ഡണ്‍ പറയുന്നു.

ചന്ദ്രനില്‍ ഇടത്താവളമൊരുക്കുകയെന്ന ശാസ്ത്രസ്വപ്നത്തിലേക്ക് ഈകണ്ടെത്തല്‍ നമ്മെ അടുപ്പിക്കുന്നു. ബഹിരാകാശ യാത്രികര്‍ക്ക് വേണ്ട ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനും ദാഹശമനത്തിനും ഇന്ധനങ്ങള്‍ക്കുമെല്ലാം ഈ ജലശേഖരത്തെ ആശ്രയിക്കാം. ചൊവ്വയിലേക്കും മറ്റും യാത്രികരെ അയക്കാനുള്ള ഭാവി പദ്ധതികളില്‍ ചന്ദ്രനെന്ന ഇടത്താവളം ഗുണം ചെയ്യും. ഇവര്‍ക്കുള്ള സര്‍വീസ് സ്റ്റേഷനായും ചന്ദ്രന്‍ മാറും.
നാസയുടെ സ്ഫോടന പരീക്ഷണത്തില്‍ പത്ത് കിലോമീറ്ററോളം ഉയരത്തില്‍ പൊടിപടലങ്ങള്‍ പ്രവഹിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഏകദേശം രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ ചെറിയ പ്രവാഹമേ ഉണ്ടായുള്ളൂ.

പൊടിപടലങ്ങളില്‍നിന്ന് പകര്‍ത്തിയയച്ച സ്പെക്ട്രല്‍ രേഖകളും മറ്റു സിഗ്നലുകളും ഒരു മാസം അപഗ്രഥിച്ച ശേഷമാണ് നാസ ഈ നിഗമനത്തിലെത്തിയത്. 'വെള്ളമുണ്ടെന്ന സൂചനയായിരുന്നു നേരത്തെ.                                                    
ഇപ്പോഴിത് ജലം
രുചിച്ചു നോക്കുന്നപോലെയാണ്' ^ദൌത്യത്തില്‍ പങ്കാളിയായ പീറ്റര്‍ ഷല്‍ട്സ് പറയുന്നു.

ജലം കൂടാതെ അസാധാരണമായ നിരവധി രാസവസ്തുക്കളുടെ സാന്നിധ്യത്തെ കുറിച്ചും ഇത് പുതുവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓര്‍ഗാനിക് ഹൈഡ്രോകാര്‍ബണുകള്‍ മുതല്‍ മെര്‍ക്കുറി വരെനിരവധി തന്മാത്രകളുടെ സാന്നിധ്യം ചന്ദ്രനിലെ മണ്ണിലുണ്ടെന്ന് വ്യക്തമായി. കോടിക്കണക്കിന് വര്‍ഷങ്ങളായി പ്രകാശത്തിന്റെ ചെറു കണികപോലും പതിക്കാത്ത ചന്ദ്രനിലെ സെബിയസ് ഗര്‍ത്തത്തിലെ അസാധാരണ പദാര്‍ഥങ്ങളും ജലസാന്നിധ്യംപോലെ വലിയ ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണെന്ന് കോള്‍പ്രീറ്റ് പറയുന്നു. ഇരുട്ടും തണുപ്പും ഈ ഗര്‍ത്തങ്ങളെ വന്നുവീഴുന്ന എല്ലാ പദാര്‍ഥങ്ങളെയും പിടിച്ചുനിറുത്തുന്ന കെണികളാക്കുന്നു. കോടിക്കണക്കിന് വര്‍ഷമായി സൌരയൂഥത്തിനുള്ളിലെ പൊടിപടലങ്ങളെ ഇവ തുടച്ചെടുത്തിരിക്കും ^അദ്ദേഹം പറഞ്ഞു.

എങ്ങനെ ജലതന്മാത്രകള്‍ ചന്ദ്രനില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ഇനി പഠിക്കേണ്ടത്. രണ്ട് സിദ്ധാന്തങ്ങള്‍ ഇപ്പോള്‍തന്നെ വന്നു കഴിഞ്ഞു. സൂര്യനില്‍നിന്നുള്ള സൌരപ്രവാഹത്തിലൂടെ ചന്ദ്രനിലെത്തുന്ന ഹൈഡ്രജന്‍ ചന്ദ്രോപരിതലത്തിലെ ഓക്സിജന്‍ സംയുക്തങ്ങളുമായി ചേര്‍ന്നാണ് ജലമുണ്ടാവുന്നതെന്ന് കരുതപ്പെടുന്നു. ചന്ദ്രോപരിതലത്തില്‍ ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും ഇടിക്കുമ്പോള്‍ പുറത്തുവരുന്ന ബാഷ്പങ്ങളില്‍നിന്നാണ് ജലം രൂപംകൊള്ളുന്നതെന്നും വിശദീകരണമുണ്ട്.


              തീവണ്ടിക്ക് ചാടുന്നവരെ തടയാന്‍ നീല വെളിച്ചം



തീവണ്ടിക്കു മുന്നില്‍ ജീവിതമൊടുക്കാനെത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ജപ്പാനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി നീലവിളക്കുകള്‍! ജപ്പാനിലെ മനഃശാസ്ത്ര വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത കുറക്കാന്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. നീലപ്രകാശത്തിന് ആത്മഹത്യാ ചിന്തയുള്ളവരെ ശാന്തരാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഏതെങ്കിലും കാര്യത്തില്‍ മാനസിക സമ്മര്‍ദമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും ഇതിന് കഴിയും ^ജപ്പാന്‍ കളര്‍ സൈകോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെറാപ്പിസ്റ്റായ മിസുക്കി തകാഷായി പറയുന്നു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ജപ്പാനില്‍ തീവണ്ടിക്കു തലവെച്ച് ജീവനൊടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം തന്നെ 2000 പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിരുന്നു.

ടോക്യോവിലെ 29 സ്റ്റേഷനുകളിലാണ് ഇപ്പോള്‍ നീലപ്രകാശം പുറപ്പെടുവിക്കുന്ന പ്രത്യേക എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Thursday, November 19, 2009



നൂറ്റാണ്ടറുതിയില്‍ ലോകത്തിന് ചൂടേറും


വാഷിങ്ടണ്‍: കാര്‍ബണ്‍ പുറന്തള്ളല്‍ ഇതുപോലെ തുടര്‍ന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ ശരാശരി ആഗോളതാപനില ആറ് ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്.

ആഗോള കാര്‍ബണ്‍ പ്രോജക്റ്റിലെ മുന്‍നിര ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകം പതിയെ വലിയൊരു ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. ആഗോള താപനിലയില്‍ ആറ് ഡിഗ്രി വ്യതിയാനം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഭൂമിയുടെ വലിയൊരു ഭാഗം ആവാസയോഗ്യമല്ലാതാവും ^ പഠനം വ്യക്തമാക്കുന്നു. കോപന്‍ഹേഗനില്‍ ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായാണ് ഏഴ് രാജ്യങ്ങളിലെ 31 മുന്‍നിര ഗവേഷകര്‍ ഉള്‍പ്പെട്ട പഠനം പുറത്തുവന്നത്


പുകവലി നിര്‍ത്താന്‍ വാക്സിന്‍


ലണ്ടന്‍: പുകവലി ശീലത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന വാക്സിന്‍ വിപണിയിലെത്താന്‍ പോകുന്നു. പുകയിലയിലെ നിക്കോട്ടിന്‍ മസ്തിഷ്കത്തിലെത്തുന്നത് തടയുകയാണ് ഈ വാക്സിന്റെ ധര്‍മം. വാക്സിനെടുക്കുന്നതോടെ നിക്കോട്ടിന്‍ മസ്തിഷ്കത്തിലുണ്ടാക്കുന്ന പ്രത്യേകതരം ഉത്തേജനം പുകവലിക്കാരന് ലഭിക്കാതാവും. നിരവധി ആളുകളെ പുകവലിയില്‍ നിന്ന് രക്ഷപ്പെടുത്താനാവുമെന്നാണ് വാക്സിന്‍ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനി നാബി ഫാര്‍മസ്യൂട്ടിക്കല്‍സിലെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ബ്രിട്ടനിലെ ഗ്ലാക്സോ സിമ്ത് ക്ലിനുമായി ചേര്‍ന്നാണ് ഇത് വിപണിയിലെത്തിക്കുന്നത്്. ഇപ്പോള്‍ വാക്സിന്‍ സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അംഗീകരിക്കപ്പെട്ടല്‍ ഈ സങ്കേതം പുകവലിക്കാരെ രക്ഷിക്കാനുള്ള പുതിയ പരിഹാരമായിരിക്കും. ആഗ്രഹിച്ചിട്ടും നിര്‍ത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും. ഗ്ലാക്സോ സ്മിത് ക്ലിന്‍ പ്രസിഡന്റ് ജീന്‍ സ്റ്റീഫന്‍ പറയുന്നു.


അനുകൂല വിധി; അവര്‍ക്കിനി ഹോംവര്‍ക്ക് ചെയ്യേണ്ട


ഓട്ടവ: സ്കൂളില്‍ നിന്ന് എടുത്താന്‍ പൊങ്ങാത്തത്ര ഹോം വര്‍ക്കുമായി വീട്ടിലെത്തുന്ന കുട്ടികള്‍ക്കൊപ്പം മല്ലടിക്കേണ്ടിവരുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ഹോം വര്‍ക്കില്‍ പൊറുതി മുട്ടിയ കനേഡിയക്കാരായ മാതാപിതാക്കള്‍ കുട്ടികളെ ഹോംവര്‍ക്കില്‍ നിന്നൊഴിവാക്കാന്‍ കോടതിവിധി നേടിയിരിക്കുന്നു.

കാലഗാരിയിലെ അഭിഭാഷക ദമ്പതികളായ ഷെറിയും ടോം മിലിയുമാണ് വിധി നേടിയത്. എല്ലാ രാത്രികളിലും മക്കള്‍ക്കൊപ്പം നിരന്തര ഹോംവര്‍ക്ക് യുദ്ധം നടത്തി കുഴങ്ങിയപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ ഹോം വര്‍ക്കിന്റെ ഫലത്തെക്കുറിച്ച പഠനങ്ങള്‍ ശേഖരിക്കാനും ഹോം വര്‍ക്കിന്റെ ആവശ്യകത പഠിക്കാനും തുടങ്ങി.

മൂത്ത മകന്‍ ജയ്ക്കുവേണ്ടി നേരിടേണ്ടിവന്ന കഷ്ടപ്പാടുകളാണ് ഇളയവരായ സ്പെന്‍സര്‍, ബ്രിട്ടനി എന്നിവരുടെ കാര്യത്തിലെങ്കിലും സ്ഥിതി മാറ്റണമെന്ന് ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കുട്ടികളുടെ മൂല്യനിര്‍ണയത്തിന് ഹോം വര്‍ക്ക് ഫലപ്രദമായ പഠനസമ്പ്രദായമല്ലെന്നും, അത് അക്കാദമിക നിലവാരം മെച്ചപ്പെടുത്തില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.

'രാത്രി കരയുന്ന കുട്ടിയെ കണക്കു ചെയ്യാന്‍ വലിച്ചിഴക്കുന്നത് കഠിനമായിരുന്നു. അവര്‍ക്ക് രാത്രിയിലും പ്രയത്നിക്കേണ്ട കാര്യമുണ്ടോ, എന്തിനാണ് കുടുംബത്തിന് മൊത്തം വലിയ സമ്മര്‍ദം വരുത്തിവെക്കുന്നത്' ഷെറി കനഡയിലെ റെയ്ന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Monday, November 9, 2009


കൃത്രിമക്കൈയിലൂടെ സ്പര്‍ശനാനുഭൂതി

ലണ്ടന്‍: സ്പര്‍ശനാനുഭവം നല്‍കുന്ന കൃത്രിമക്കൈ വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ പുരോഗതി. യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തിലുള്ള 'സ്മാര്‍ട്ട് ഹാന്‍ഡ്' പ്രോജക്ട് അഭൂതപൂര്‍വമായ സംവേദനശേഷി നല്‍കുന്ന കൃത്രിമക്കൈയുടെ ചെറുപതിപ്പ് നിര്‍മിച്ചുകഴിഞ്ഞു. കൈ നഷ്ടമായവര്‍ക്ക് അത് അവിടെയുണ്ടെന്ന് തോന്നുന്ന 'ഫാന്റം ഹാന്‍ഡ്' പ്രതിഭാസത്തിലൂന്നിയായിരുന്നു ഇവരുടെ ഗവേഷണം.
കൃത്രിമക്കൈയിലെ സെന്‍സറുകള്‍ കൈത്തണ്ടയിലേക്ക് സിഗ്നലുകള്‍ അയക്കുന്നു. ഓരോ കൈവിരലുമായും ബന്ധപ്പെട്ട് മസ്തിഷ്ക പ്രദേശത്തെ ഉത്തേജിപ്പിക്കുന്ന കൈത്തണ്ടയിലെ മര്‍മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ് ഈ സിഗ്നലുകള്‍ അയക്കുന്നത്. അങ്ങനെ ഓരോ സ്പര്‍ശനത്തിന്റെയും അനുഭൂതി കൃത്രിമക്കൈയിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നു. ശരിക്കും യഥാര്‍ഥ കൈ പോലെ. ^പദ്ധതിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വീഡനിലെ ലണ്ട് യൂനിവേഴ്സിറ്റി പ്രതിനിധി പ്രെഡറിക് സെബെല്യസ് വ്യക്തമാക്കി.
കൈ ചലിപ്പിക്കണമെന്ന് തോന്നുമ്പോഴുണ്ടാവുന്ന മസ്തിഷ്ക സിഗ്നലുകള്‍ കൈത്തണ്ടയുമായി ബന്ധിപ്പിച്ച ഇലക്ട്രോഡുകള്‍ പിടിച്ചെടുക്കുകയും കൃത്രിമക്കൈയിലെ മോട്ടോറുകളിലേക്ക് അയക്കുകയും ചെയ്യും. അങ്ങനെ വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനുമാവും ^അദ്ദേഹം പറഞ്ഞു.

Saturday, November 7, 2009

ബുധനില്‍ ഇരുമ്പിന്റെയും ടൈറ്റാനിയത്തിന്റെയും കനത്ത സാന്നിധ്യം


വാഷിങ്ടണ്‍: ഇരുമ്പിന്റെയും ടൈറ്റാനിയത്തിന്റെയും കനത്ത സാന്നിധ്യം ബുധനില്‍ കണ്ടെത്തിയതായി നാസ. ഗ്രഹ പഠനത്തിനായി നാസ അയച്ച 'മെസെഞ്ചര്‍' പേടകമാണ് ഇവ കണ്ടെത്തിയത്. ബുധന്റെ ഉപരിതലത്തില്‍ ടൈറ്റാനിയത്തിന്റെ ഓക്സൈഡുകള്‍ നിറഞ്ഞിരിക്കുന്നതായി മെസെഞ്ചര്‍ അയച്ച വിവരങ്ങള്‍ വ്യക്തമാക്കി. ബുധന്റെ ഉള്‍ക്കാമ്പില്‍ വ്യാപകമായി ഇരുമ്പിന്റെ സാന്നിധ്യമുണ്ടാവാനിടയുണ്ടെന്ന് ഉപരിതലത്തിലെ ഇരുമ്പിന്റെ കനത്ത സാന്നിധ്യത്തില്‍നിന്ന് ഗവേഷകര്‍ അനുമാനിക്കുന്നുണ്ട്.


ബുധന്‍ ചുറ്റിയുള്ള പേടകത്തിന്റെ അവസാന പര്യടനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിവായത്. മെസെഞ്ചറിലെ കാമറകള്‍ ബുധോപരിതലത്തിന്റെ നിരവധി ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്.

ഗ്രഹത്തിന്റെ പിറവിയെ കുറിച്ചുള്ള പഠനത്തില്‍ ഈ കണ്ടെത്തല്‍ കൂടുതല്‍ സഹായകരമാവും.

മികച്ച കണ്ടുപിടിത്തo ' x 'ray
Worlds First xray taken by rontjen.this is his wives palm.see her ring in this

ലണ്ടന്‍: കണ്ടുപിടിത്തങ്ങള്‍ നിറഞ്ഞ ശാസ്ത്രലോകത്തെ ഏറ്റവും മികച്ച കണ്ടുപിടിത്തമേതെന്ന് തീരുമാനമായിരിക്കുന്നു. അത് 'എക്സ്റേ' മെഷീനാണ്.
ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വോട്ടെടുപ്പിലാണ് 'എക്സ്റേ' മുന്നിലെത്തിയത്. അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത വോട്ടിങില്‍ അഞ്ചിലൊന്നു പേരും വൈദ്യചികില്‍സാരംഗത്ത് വിപ്ലവമായ ഈ കണ്ടുപിടിത്തത്തിനൊപ്പം നിന്നു.
ശാസ്ത്രം, എന്‍ജിനിയറിങ്, മെഡിസിന്‍ മേഖലകളിലെ മികച്ച കണ്ടുപിടിത്തങ്ങളായിരുന്നു വോട്ടെടുപ്പില്‍ 'മല്‍സരിച്ചത്'.
പെന്‍സിലിന്റെ കണ്ടുപിടിത്തം രണ്ടാം സ്ഥാനം കൈയടക്കി.
ഡി.എന്‍ a ഇരട്ട ഗോവണി ഘടനയുടെ കണ്ടെത്തലാണ് മൂന്നാം സ്ഥാനത്തെത്തിയത്
                                                                                                         
അപ്പോളോ^10 ആകാശപേടകം, ആവിയന്ത്രമായ സ്റ്റെഫെന്‍സണ്‍സ് റോക്കറ്റ് തുടങ്ങിയവയെല്ലാം മല്‍സരത്തിനുണ്ടായിരുന്നു.
ശരീരം തുറന്നുനോക്കാതെ  ആന്തരികാവയവങ്ങളെക്കുറിച്ച്   വ്യക്തമായ വിവരങ്ങള്‍ തരുന്ന എക്സ്റേ സങ്കേതം 1895ല്‍ ഭൌതികശാസ്ത്രകാരന്‍ വില്യം റോണ്‍ജനാണ് കണ്ടുപിടിച്ച

മിഷേല്‍ ഒബാമ റിയാലിറ്റി ഷോയില്‍
ലണ്ടന്‍: 'അയേണ്‍ ഷെഫ് അമേരിക്ക' എന്ന പാചക റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് അമേരിക്കക്കാര്‍ക്കൊരു പുതുമ സമ്മാനിക്കുകയാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ. ഇതുവരെ അമേരിക്കന്‍ പ്രസിഡന്റിന്റെ പത്നിമാരോ വൈറ്റ്ഹൌസുമായി ബന്ധപ്പെട്ടവരോ ടി.വി ഷോകളില്‍ പങ്കെടുത്ത ചരിത്രമില്ല. ബ്രിട്ടീഷ് പാചകവിദഗ്ധയായ നിഗേല ലോഡണ്‍ ജഡ്ജായെത്തുന്ന പാചകവിദഗ്ധരുടെ ഈ ഏറ്റുമുട്ടലില്‍ അതിഥിയായെത്തി മിഷേല്‍ ചരിത്രം മാറ്റിയെഴുതുകയാണ്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മിഷേല്‍ എത്തുന്നത്. വൈറ്റ്ഹൌസില്‍ ഈയിടെ ഒരുക്കിയ തോട്ടത്തിലെ പച്ചക്കറികള്‍ ഉപയോഗിച്ച് മല്‍സരാര്‍ഥികള്‍ വിഭവമൊരുക്കും. വൈറ്റ്ഹൌസിലെ തോട്ടത്തില്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ചുള്ള തന്റെ പ്രചാരണത്തിനുള്ള വേദിയായാണ് മിഷേല്‍ ഈ അവസരത്തെ കാണുന്നത്. 15 ലക്ഷത്തോളം പ്രേക്ഷക പിന്തുണയുള്ള ഈ പരിപാടിയില്‍ പാചക മല്‍സരാര്‍ഥികളോട് കുട്ടികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മിഷേല്‍ സംസാരിക്കും. ഒബാമയുടെ സ്ഥാനാരോഹണത്തിനുശേഷം വൈറ്റ്ഹൌസും ഹോളിവുഡ് താരങ്ങളും തമ്മില്‍ ബന്ധം കൂടിയതിനെപ്പറ്റി വിമര്‍ശമുയരുന്ന പശ്ചാത്തലത്തില്‍ മിഷേലയുടെ 'ഷോയും' വിവാദമാകാനിടയുണ്ട്. ഒബാമ ഭരണത്തിലെ ആദ്യ ഒമ്പതു മാസങ്ങളില്‍ വൈറ്റ്ഹൌസ് സന്ദര്‍ശിച്ചവരിലേറെയും ഹോളിവുഡ് പ്രവര്‍ത്തകരായിരുന്നു.

Friday, November 6, 2009


ഒബാമ പറഞ്ഞു മലിയ മിടുക്കിയായ കഥ
    
വാഷിങ്ടണ്‍: മകള്‍ മലിയക്ക് ശാസ്ത്രപരീക്ഷയില്‍ ലഭിച്ച 73 മാര്‍ക്ക് പിന്നത്തെ പരീക്ഷയിലെങ്ങനെ 95 ആയെന്ന കഥ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വിവരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാസിഡന്‍ വിസ്കോന്‍സില്‍ സ്കൂളിലെ ചടങ്ങിലാണ് തയാറാക്കിയ പ്രസംഗത്തില്‍നിന്ന് വിട്ടുമാറി ഒബാമയിലെ പിതാവ് സദസ്സിനെ ഉത്തേജിപ്പിച്ചത്.
ആറാം തരത്തിലെ ശാസ്ത്രപരീക്ഷക്ക് 73മാര്‍ക്ക് ലഭിച്ചതില്‍ നിരാശയായ മലിയയോട് ഒബാമ കാരണമന്വേഷിച്ചു. ക്ലാസിലെ പഠനസഹായിയിലുള്ള കാര്യങ്ങളല്ല പരീക്ഷക്ക് വന്നതെന്നായിരുന്നു മറുപടി. തന്റെ പ്രേരണയിലൂടെ മലിയ മെച്ചപ്പെടാന്‍ തീര്‍ച്ചയാക്കി. കഠിനപ്രയത്നത്തിലൂടെ അടുത്ത ശാസ്ത്രപരീക്ഷയില്‍ മാര്‍ക്ക് 95 ആയി ഉയര്‍ത്തി ^ഒബാമ വിവരിച്ചു. എന്തു ചെയ്യണമെന്ന് കുട്ടികളെ ഉപദേശിക്കലല്ല മാതാപിതാക്കളുടെ ജോലി. അവര്‍ക്ക് ചെയ്യാവുന്നത് എന്തെന്ന് തിരിച്ചറിയാനുള്ള ശേഷി അവരില്‍ വളര്‍ത്തിയെടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പ്രസിഡന്റിന്റെ കുടുംബകാര്യങ്ങള്‍ അതീവ രഹസ്യമായി സംരക്ഷിക്കുന്ന അമേരിക്കയില്‍ ഒബാമയുടെ 'കുടുംബകഥ പറച്ചില്‍' ആശ്ചര്യമായി മാറിയിരിക്കുകയാണ്.