Thursday, January 28, 2010

ഹിമാലയത്തിലെ മഞ്ഞുരുക്ക പ്രവചനം
യു.എന്‍ പാനല്‍ പിന്‍വലിച്ചു


ഹേഗ്: 2035ഓടെ ഹിമാലയത്തിലെ മഞ്ഞു പര്‍വ്വതങ്ങള്‍ ഉരുകി അപ്രത്യക്ഷമാവുമെന്ന റിപ്പോര്‍ട്ട് യു.എന്‍ കാലാവസ്ഥാ ശാസ്ത്ര പാനല്‍ പിന്‍വലിച്ചു. രണ്ടുവര്‍ഷം മുമ്പാണ് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന പാനല്‍ (ഐ.പി.സി.സി) സമഗ്ര പഠനത്തിനു ശേഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോള താപനത്തിന്റെ അനന്തര ഫലങ്ങളില്‍ തീഷ്ണമായ ഒന്നായി ഇത് കണക്കാക്കപ്പെട്ടു.

അതു വലിയൊരു അബദ്ധമായിരുന്നെന്നും തിരുത്തുമെന്നും ഐ.പി.സി.സി വൈസ് ചെയര്‍മാന്‍ ജീന്‍ പാസ്‌കല്‍ വ്യക്തമാക്കി.

ആഗോള താപനവുമായി ബന്ധപ്പെട്ട 2007ലെ പഠനത്തില്‍ കടന്നുകൂടിയ ഈ തെറ്റ്, സമഗ്രമായ കാലാവസ്ഥാ വ്യതിയാന പഠനത്തെ അപ്രസക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശാസ്ത്ര ജേണലില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ.പി.സി.സി ഈ പ്രവചനം നടത്തിയത്. വസ്തുതകളെയോ ഗവേഷണത്തെയോ ആസ്പദമാക്കിയല്ല, ഒരു വിദഗ്ധനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ആ റിപ്പോര്‍ട്ടെന്ന് പിന്നീട് വ്യക്തമായി.

അങ്ങനെ 3000 പേജുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ 'ഹിമാലയന്‍ അബദ്ധമായി' ഹിമപാളികളുടെ നാശം കടന്നു കൂടി. വെറും ഊഹമായിരുന്നു ആ നിഗമനമെന്ന് ഇന്ത്യന്‍ ശാസ്ത്രകാരനായ ഡോ. സയിദ് ഹസ്‌നൈനും വ്യക്തമാക്കിയിരുന്നു. ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ നിന്നും ഈ ഭാഗം മാറ്റുമെന്ന് ഈ അധ്യായം തയാറാക്കിയ പ്രഫ. മുരാരിലാല്‍ പറഞ്ഞു. ലോകത്തെങ്ങുമുള്ളതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തില്‍ മഞ്ഞുരുക്കമെന്ന് പഠനത്തില്‍ പറഞ്ഞിരുന്നു.

നൂറുകണക്കിന് അടി കനമുള്ള മഞ്ഞു പര്‍വതങ്ങള്‍ 2015ഓടെ അപ്രത്യക്ഷമാകണമെങ്കില്‍ വലിയ തോതില്‍ ആഗോള താപനത്തില്‍ വ്യത്യാസം വരണമെന്ന് ഭൂമിശാസ്ത്രകാരന്മാര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷം മൂന്നോ നാലോ അടി എന്ന തോതിലാണ് ഇപ്പോള്‍ കൂടിയ മഞ്ഞുരുക്കം.

നോണ്‍സ്റ്റിക് പാത്രങ്ങളിലെ രാസവസ്തു രോഗകാരണം


വാഷിങ്ടണ്‍: നോണ്‍സ്റ്റിക് പാനില്‍ അടങ്ങിയ രാസവസ്തു തൈറോയിഡ് രോഗത്തിന് കാരണമാകുന്നുവെന്ന് ഗവേഷകര്‍. രക്തത്തില്‍ പി.എഫ്.ഒ.എ (പെര്‍ഫ്‌ളൂറോ ഒക്ടനോയിക് ആസിഡ്) എന്ന ഈ രാസവസ്തുവിന്റെ അളവ് കൂടിയവര്‍ക്ക് തൈറോയിഡ് രോഗങ്ങള്‍ പിടിപെടുന്നുവെന്ന് എക്‌സിറ്റര്‍ യൂനിവേഴ്‌സിറ്റി എപിഡമോളജി വിഭാഗം നടത്തിയ പഠനത്തിലാണ് തെളിഞ്ഞത്. ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളിലും ഷീറ്റുകളിലുമെല്ലാം ഈ രാസവസ്തുവിന്റെ സാന്നിധ്യമുണ്ട്. ഭക്ഷണത്തിലൂടെയേ ശ്വാസത്തിലൂടെയോ ഇത് ശരീരത്തിലെത്തുന്നു. തൈറോയിഡ് ഗ്രന്ഥികളിലെ ഹോര്‍മോണ്‍ തോതിനെ സ്വാധീനിക്കാന്‍ ഉയര്‍ന്ന ഗാഢതയിലുള്ള പി.എഫ്.ഒ.എക്ക് കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

1999നും 2006നുമിടയില്‍ 4000 പേരില്‍ നിന്നെടുത്ത സാമ്പിളുകള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയത്.

Tuesday, January 19, 2010

നാസ ബഹിരാകാശ പേടകങ്ങള്‍ വില്‍ക്കുന്നു



വാഷിങ്ടണ്‍: കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് 37 ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പറന്നുയര്‍ന്ന ഡിസ്‌കവറി പേടകം നാസ വില്‍ക്കുന്നു. 282 ലക്ഷം ഡോളറാണ് (128 കോടി രൂപ) വില. 420 ലക്ഷം ഡോളറാണ് (191 കോടി രൂപ) പേടകത്തിന്റെ യഥാര്‍ഥ വില. ഈ ഭീമന്‍ പേടകത്തെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് അമേരിക്കയിലെ വിമാനത്താവളത്തിലെത്തിക്കാനുള്ള ചെലവ് പരിഗണിച്ചാണ് വിലയിലെ ഡിസ്‌കൗണ്ട്.

സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ദേശീയ മ്യൂസിയത്തിലേക്ക് പേടകം കൊടുക്കാമെന്ന് ധാരണയായിട്ടുണ്ട്. അതേസമയം, മറ്റ് പേടകങ്ങളായ എന്‍ഡവറും അറ്റ്‌ലാന്റിസും വില്‍പനക്കുവെച്ചിരിക്കയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015ഓടെ എല്ലാ ബഹിരാകാശ ദൗത്യങ്ങള്‍ക്കുമായി എറിസ്ഫ1എക്‌സ് റോക്കറ്റ് വികസിപ്പിച്ചതിനാലാണ് പഴയ പേടകങ്ങള്‍ നാസ വില്‍ക്കുന്നത്.

Thursday, January 14, 2010


ചൊവ്വയില്‍ പൈന്‍ മരങ്ങളോ?


വാഷിങ്ടണ്‍: ചൊവ്വയുടെ ചുവന്ന മണ്ണു നിറഞ്ഞ ഉപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത് പൈന്‍ മരക്കൂട്ടങ്ങളാണോ? 2006ല്‍ നാസ ചൊവ്വയെ പഠിക്കാനയച്ച റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈറൈസ് എന്ന ശക്തി കൂടിയ കാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നും.

എന്നാല്‍ അത് തോന്നല്‍ മാത്രമാണ്. ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ ഉറഞ്ഞ കാര്‍ബണ്‍ഡൈ ഓക്സൈഡ് (ഡ്രൈ ഐസ്) മൂടിയ മണല്‍ക്കൂനകളാണിത്. ശൈത്യത്തില്‍ ചൊവ്വയിലെ മണല്‍ക്കൂനകളില്‍ മൂടിക്കിടക്കുന്ന ഡ്രൈ ഐസ് ശരത്കാലത്ത് ഉരുകിയൊലിക്കുമ്പോഴുണ്ടാകുന്ന മണ്ണിടിച്ചിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ തീര്‍ക്കുന്നത്.

ചൊവ്വയിലെ ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനയച്ച റെക്കൊനൈസന്‍സ് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ വികൃതിയാണ് പകര്‍ത്തി അയച്ചിരിക്കുന്നത്. ഭൂമിയെ പോലെ കോടിക്കണക്കിന് വര്‍ഷങ്ങളായി ചൊവ്വയും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുകയാണെന്ന് നാസ വ്യക്തമാക്കുന്നു.

Wednesday, January 13, 2010


ടി.വി കാണല്‍ ആയുസ്സ് കുറക്കും


സിഡ്നി: ദിവസം നാലു മണിക്കൂറിലധികം ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്നവര്‍ക്ക് ആയുസ്സ് കുറയുമെന്ന് ആസ്ത്രേലിയന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഈ മുന്നറിയിപ്പ് തരുന്നത്. രണ്ടു മണിക്കൂറില്‍ കുറഞ്ഞ നേരം ടി.വിക്കു മുന്നില്‍ ചെലവഴിക്കുന്നവരെ അപേക്ഷിച്ച് കൂടുതല്‍ നേരമിരിക്കുന്നവര്‍ക്ക് ഹൃദയ രോഗ സാധ്യത 46 ശതമാനം കൂടുതലായിരിക്കുമെന്ന് ഗവേഷകരിലൊരാളായ ഡേവിഡ് ഡന്‍സ്റ്റന്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് മസിലുകളെ ശരിയായവിധം പ്രവര്‍ത്തിപ്പിക്കാനുള്ള ശരീരത്തിന്റെ അവസരം കുറക്കുന്നു. പഞ്ചസാരയും കൊഴുപ്പും കൃത്യമായി കൈകാര്യം ചെയ്യാനും ശരീരത്തിന് കഴിയാതാവുന്നു. 8.800 ആസ്ത്രേലിയക്കാരുടെ ആരോഗ്യസ്ഥിതിയും ടെലിവിഷന്‍ ശീലങ്ങളും ആറു വര്‍ഷത്തോളം പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. പതിവായി വ്യായാമം ചെയ്യുന്നവര്‍പോലും ദീര്‍ഘനേരം കമ്പ്യൂട്ടര്‍, ടി.വി എന്നിവക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതിലൂടെ ശരീരത്തെ വിഷമസന്ധിയിലാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

Tuesday, January 12, 2010

കീശയിലിടാവുന്ന പ്രൊജക്ടറിന് 'ഓസ്കര്‍' അവാര്‍ഡ്



ലണ്ടന്‍: കീശയിലിട്ട് നടക്കാവുന്ന പ്രൊജക്ടറിന് സാങ്കേതിക ഉപകരണങ്ങളുടെ ഓസ്കര്‍ ആയ ഗാഡ്ജറ്റ് ഇന്‍ഡസ്ട്രി പുരസ്കാരം. ഒരു ചീട്ടുപെട്ടിയോളം വലിപ്പമുള്ള ഷോ ഡബ്ല്യു.എക്സ് ലേസര്‍ പ്രൊജക്ടറാണിത്. മൊബൈല്‍, കമ്പ്യൂട്ടര്‍, മീഡിയ പ്ലേയര്‍ എന്നിവയുമായി ഇത് കണക്റ്റ് ചെയ്ത് ദൃശ്യങ്ങളെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാവും. ലാസ്വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഷോയില്‍ 320 പൌണ്ടിനാണ് (23,409 രൂപ) ഇത് വിറ്റുപോയത്. രണ്ടര മണിക്കൂറിലധികം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാവുന്ന ഈ ഉപകരണം ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങളാണ് പ്രൊജക്ട് ചെയ്യുന്നത്.

കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ വെബ് ഉള്ളടക്കങ്ങള്‍ ടി.വിയില്‍ ലഭ്യമാക്കുന്ന ബോക്സീ ബോക്സ് എന്ന സെറ്റ് ടോപ് ബോക്സ് ഓഡിയന്‍സ് ചോയിസ് അവാര്‍ഡ് നേടി. 120 പൌണ്ടിനാണ് (8778 രൂപ) ഇത് വിറ്റുപോയത്

Monday, January 11, 2010

ചൈനയില്‍ സൌരോര്‍ജം ഉപയോഗിച്ച്

വന്‍കിട വൈദ്യുതി പദ്ധതി


ബീജിംഗ്: സൌര കണ്ണാടികള്‍ ഉപയോഗിച്ച് വലിയതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ ചൈനയില്‍ തയാറാവുന്നു.

കണ്ണാടികള്‍ പിടിച്ചെടുക്കുന്ന പ്രകാശം ഉപയോഗിച്ച് നീരാവി ഉല്‍പാദിപ്പിക്കുകയും ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന പ്ലാന്റ് വികസിപ്പിക്കുന്നതിലൂടെ ബദല്‍ ഊര്‍ജ സംവിധാനത്തിലെ അതികായന്‍മാരാവാനാണ് ചൈനയുടെ ശ്രമം.

കോണ്‍സന്‍ട്രേറ്റിങ് സോളാര്‍ പവര്‍ പ്ലാന്റ് എന്ന സംവിധാനത്തിനുവേണ്ട വലിയ കണ്ണാടികളും ടര്‍ബൈനും ടവറുകളും ചൈനയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ബെയ്ജിങ്ങില്‍ ഏഷ്യയിലെ ആദ്യ കോണ്‍സന്‍ട്രേറ്റിങ് സോളാര്‍ പ്ലാന്റ് നിര്‍മാണം തുടങ്ങി. 1.5 മെഗാവാട്ട് ശേഷിയുള്ള പരീക്ഷണ ഉദ്യമമാണിത്.

വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ 50 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തുടങ്ങി.

ബദല്‍ ഊര്‍ജ സംവിധാനത്തിനുവേണ്ട ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രധാന രാജ്യമാവാനും ചൈന ഉദ്ദേശിക്കുന്നു.

സൂര്യപ്രകാശം കൂടിയ ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച വലിയ സൌരക്കണ്ണാടികളെ ഓട്ടോമാറ്റഡ് ഗിയര്‍ ഉപയോഗിച്ച് വിദഗ്ധര്‍ സൂര്യപ്രകാശത്തിലെ ചൂടുപയോഗിച്ച് വെള്ളം നീരാവിയാക്കുന്ന ടവറുകളിലേക്ക് ഫോക്കസ് ചെയ്യിക്കും.

ഈ സംവിധാനം ചൈനക്ക് അനുഗുണമല്ലെന്ന വാദവും ഉയരുന്നുണ്ട്. ചൈനയിലെ സ്വകാര്യ സംരംഭകര്‍ താല്‍പര്യത്തോടെയാണ് ഈ ചുവടുവെപ്പിനെ കാണുന്നത്.

കാലിഫോര്‍ണിയയിലെ സോളാര്‍ സാങ്കേതിക സ്ഥാപനവുമായി 2000 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകളുടെ നിര്‍മാണത്തിന് ധാരണയായിക്കഴിഞ്ഞു.

ചെറിയതോതില്‍ വൈദ്യുതോല്‍പാദനത്തിന് ആശ്രയിക്കുന്ന സൌരോര്‍ജത്തെ വന്‍കിട വൈദ്യുതി സ്രോതസ്സായി മാറ്റാനാണ് ചൈനയുടെ ശ്രമം.

Sunday, January 10, 2010

സൌരയൂഥത്തിനു വെളിയില്‍ചെറു ഗ്രഹത്തെ കണ്ടെത്തി



വാഷിങ്ടണ്‍: ഭൂമിയേക്കാള്‍ നാലിരട്ടി പിണ്ഡമുള്ള ഗ്രഹത്തെ സൌരയൂഥത്തിനു വെളിയില്‍ കണ്ടെത്തി. 80 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തിലാണ് ഇതിന്റെ സ്ഥാനം. 'സൂപ്പര്‍ എര്‍ത്' ഗ്രഹങ്ങള്‍ എന്നു വിളിക്കുന്ന കണ്ടെത്തപ്പെട്ട ചെറു ഗ്രഹങ്ങളില്‍ ചെറുപ്പത്തില്‍ രണ്ടാം സ്ഥാനക്കാരനാണ് ഈ ഗ്രഹം. ഹവായിലെ കെക്ക് വാനനിരീക്ഷണ കേന്ദ്രത്തിലെ കെക്^1 ടെലിസ്കോപ്പാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.

'എച്ച്.ഡി 156668ബി' എന്നാണ് ഇതിനു നല്‍കിയ പേര്. കഴിഞ്ഞ ഏപ്രിലില്‍ സൌരയൂഥത്തിനു പുറത്ത് ഏറ്റവും ചെറിയ ഗ്രഹമായ 'ഗിലീസ് 581 ഇ' യെ കണ്ടെത്തിയിരുന്നു. ഏകദേശം ഭൂമിയേക്കാള്‍ രണ്ടിരട്ടി പിണ്ഡമുണ്ടിതിന്. സൌരയൂഥത്തിനു വെളിയില്‍ 400 ഓളം ചെറു ഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിക്കവക്കും വ്യാഴത്തിനേക്കാള്‍ വലുപ്പമുണ്ട്.

Friday, January 8, 2010

ശ്രദ്ധിക്കുക; ഒരു നക്ഷത്രം പൊട്ടിത്തെറിക്കാനൊരുങ്ങുന്നു



വാഷിങ്ടണ്‍: ഭൂമിക്ക് ഭീഷണിയുയര്‍ത്തി അകലെ ഒരു നക്ഷത്രം പൊട്ടിത്തെറിക്കാനൊരുങ്ങുന്നു. ഭൂമിയില്‍നിന്ന് 3,260 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ടി. പിക്‌സിഡിസ് എന്ന നക്ഷത്രമാണ് സൂപ്പര്‍നോവ സ്‌ഫോടനമെന്ന അന്ത്യഘട്ടത്തിലെത്തി നില്‍ക്കുന്നത്. രണ്ട് കോടി കോടി മെഗാ ടണ്‍ ടി.എന്‍.ടി ശേഷിയുള്ള ഊര്‍ജ വിസ്‌ഫോടനമാണ് ഈ നക്ഷത്രം ചിതറിത്തെറിക്കുമ്പോള്‍ നടക്കുക. ഇത് ഭൂമിയുടെ ഓസോണ്‍ കവചത്തെ ഉടച്ചുമാറ്റുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. ഫിലാദല്‍ഫിയയിലെ വില്ലനോവ യൂനിവേഴ്‌സിറ്റി ജ്യോതിശ്ശാസ്ത്രകാരന്മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3,260 പ്രകാശവര്‍ഷമെന്നത് ബഹിരാകാശ കണക്കില്‍ ചെറിയ ദൂരമാണ്. അന്താരാഷ്ട്ര അള്‍ട്രാവയലറ്റ് എക്‌സ്‌പ്ലോറര്‍ ഉപഗ്രഹമാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്. ടി. പിക്‌സിഡിസ് യഥാര്‍ഥത്തില്‍ രണ്ടു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ്. അവയിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന ക്രിട്ടിക്കല്‍ പിണ്ഡത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നത്. നിരവധി ചെറു സ്‌ഫോടനങ്ങളുടെ പരമ്പരയിലൂടെ സൂപ്പര്‍ നോവയിലേക്ക് നീങ്ങുന്ന ഈ നക്ഷത്രത്തെ ഹബ്ള്‍ ടെലസ്‌കോപ്പും നിരീക്ഷിച്ചിട്ടുണ്ട്. 1890 മുതല്‍ എല്ലാ 20 വര്‍ഷ കാലയളവിലും ഈ ചെറു സ്‌ഫോടനങ്ങളിലൂടെ നക്ഷത്രം കടന്നുപോയി. 1967ല്‍ സ്‌ഫോടന പരമ്പര നിന്നു.

വഴിവിട്ട ജീവിതത്തിന് മരിയ വിദ്യാലയത്തോട്
നഷ്ടപരിഹാരം ചോദിക്കുന്നു




ഹേഗ്: വഴിവിട്ട ജീവിതത്തിന് വിദ്യാലയം നഷ്ടപരിഹാരം നല്‍കണമെന്ന വാദവുമായി ലൈംഗികത്തൊഴിലാളി കോടതിയില്‍. നെതര്‍ലന്‍ഡുകാരിയായ മരിയ മൊസ്റ്റേര്‍ഡ് ആണ് പഠിച്ചിറങ്ങിയ വിദ്യാലയത്തിനെ കോടതിയില്‍ കയറ്റിയത്. വിദ്യാര്‍ഥിയായിരിക്കെ ലൈംഗിക ഏജന്റുമാരുടെ വലയില്‍പെട്ട് സ്കൂളില്‍ നിരന്തരം അവധിയായ കാര്യം വീട്ടില്‍ അറിയിക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെട്ടുവെന്നാണ് മരിയയുടെ വാദം. നെതര്‍ലന്‍ഡിലെ സ്കൂള്‍ വിദ്യാര്‍ഥികളെ പ്രണയം നടിച്ച് വഴിവിട്ട ജീവിതത്തിലേക്ക് നയിക്കുന്ന ലൈംഗിക ഏജന്റുമാര്‍ സജീവമാണെന്ന കാര്യം കോടതിയെ ബോധിപ്പിക്കുക കൂടിയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. അമ്മ ലൂയിസും മരിയക്കൊപ്പം കോടതിയിലെത്തി. പല സ്കൂളുകളിലും ഇത് നടക്കുന്നുണ്ടെന്നും ആരും ഇതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നില്ലെന്നും മരിയ പറഞ്ഞു.

കുട്ടികളുടെ പെരുമാറ്റ ദൂഷ്യത്തിന് വിദ്യാലയമല്ല മാതാപിതാക്കളാണ് പ്രഥമ ഉത്തരവാദികള്‍ എന്ന് സ്വോല്ലേ ജില്ലാ ജഡ്ജി നിരീക്ഷിച്ചു. മരിയയുടെ പരാതി തള്ളുകയും ചെയ്തു. കുട്ടി അവധിയായത് അറിയിക്കാതിരുന്നാല്‍ താനെങ്ങനെ ഇക്കാര്യത്തില്‍ ഉത്തരവാദിയാകുമെന്നാണ് ലൂയിസിന്റെ ചോദ്യം. എന്തായാലും ഇരുവരും അപ്പീലിനുള്ള തയാറെടുപ്പിലാണ്.

മൊബൈല്‍ മറവി രോഗത്തിന് മരുന്നെന്ന്


വാഷിങ്ടണ്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും അല്‍ഷൈമേഴ്സ് രോഗം അകറ്റുമെന്നും പഠനം. സൌത്ത് ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ഗാരി അരെന്‍ഡാഷും സംഘവും എലികളില്‍ നടത്തിയ പരീക്ഷണമാണ് ഈ സാധ്യത മുന്നോട്ടുവെക്കുന്നത്. മൊബൈലില്‍നിന്നുള്ള മൈക്രോവേവ് തരംഗങ്ങള്‍, മസ്തിഷ്കത്തിലടിയുന്ന ബീറ്റ അമിലോയിഡ് എന്ന പ്രോട്ടീനെ തുടച്ചുമാറ്റുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രോട്ടീനാണ് അല്‍ഷൈമേഴ്സ് എന്ന മറവിരോഗത്തിന് പ്രധാന കാരണം. അല്‍ഷൈമേഴ്സ് രോഗിയിലേതുപോലെ മറവി രൂപപ്പെടാന്‍ ജനിതകമാറ്റം വരുത്തിയ 96 എലികളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. മൊബൈലിന് സമാനമായി തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ആന്റിന കൂടിന്റെ മധ്യത്തില്‍ സ്ഥാപിച്ചു. മാസങ്ങള്‍ക്ക് ശേഷം ഇവയില്‍ ഓര്‍മത്തകരാറുകള്‍ ഭേദപ്പെട്ടതായി കാണപ്പെട്ടു. മനുഷ്യരില്‍ ഇത്തരം മാറ്റങ്ങള്‍ വരണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഗാരി പറയുന്നത്. മനുഷ്യന്റെ തലയോട് എലികളേതിനേക്കാള്‍ കട്ടി കൂടിയതായതിനാല്‍ കൂടുതല്‍ തരംഗങ്ങള്‍ക്ക് ഉള്ളിലെത്താനാവില്ല. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തിയാലേ മനുഷ്യരില്‍ ഇത് ഫലപ്രദമാണെന്ന് പറയാന്‍ കഴിയൂവെന്ന് അല്‍ഷൈമേഴ്സ് റിസര്‍ച് ട്രസ്റ്റ് വ്യക്തമാക്കി

Tuesday, January 5, 2010


ഉറക്കക്കുറവ് വിഷാദരോഗം വളര്‍ത്തും - പഠനം


വാഷിങ്ടണ്‍: നേരത്തേ കിടന്നുറങ്ങിയാല്‍ കൌമാരക്കാര്‍ക്ക് വിഷാദരോഗത്തില്‍ നിന്നും ആത്മഹത്യാ ചിന്തയില്‍ നിന്നും രക്ഷപ്പെടാം. കൊളംബിയ യൂനിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുടെ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അര്‍ധരാത്രിക്ക് ശേഷം ഉറങ്ങാന്‍ കിടക്കുന്ന 24 ശതമാനത്തോളം കൌമാരക്കാര്‍ക്കും വിഷാദരോഗവും ആത്മഹ്യാ ചിന്തയും ഉള്ളതായി പഠനത്തില്‍ വ്യക്തമായി.

രാത്രിയില്‍ അഞ്ച് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് 71 ശതമാനം അപകടസാധ്യത കൂടും. 1990കളില്‍ 15,500 കൌമാരക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനവിധേയമാക്കിയത്.

ഉറക്കത്തിന് അഞ്ച് മണിക്കൂറില്‍ താഴെ സമയം കണ്ടെത്തുന്ന കൌമാരക്കാര്‍ക്ക് ആത്മഹത്യാ പ്രവണത 48 ശതമാനം കൂടുതലായിരിക്കും. ഉറക്കക്കുറവ് വൈകാരികമായ മസ്തിഷ്ക പ്രതികരണങ്ങളെ ബാധിക്കും. ഇത് ദിനേനയുള്ള മാനസിക സമ്മര്‍ദങ്ങളുമായി പൊരുത്തപ്പെടാനുള്ള മാനസിക ശേഷിയെ തകര്‍ക്കും. ഏകാഗ്രത, തീരുമാനമെടുക്കാനുള്ള ശേഷി, വികാര നിയന്ത്രണം എന്നിവയെയും ഇത് സാരമായി ബാധിക്കും. പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജെയിംസ് ഗാങ്വിഷ് പറയുന്നു.