Sunday, February 28, 2010

112ാമത് മൂലകം കോപ്പര്‍നീസിയം
ആവര്‍ത്തനപ്പട്ടികയില്‍

കണ്ടെത്തി പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം 112ാമത് മൂലകം അംഗീകരിക്കപ്പെട്ട പേരുമായി ആവര്‍ത്തനപ്പട്ടികയില്‍ ഇടം നേടുന്നു.1996ല്‍ പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ മൂലകത്തിന് കോപ്പര്‍നീസിയം എന്ന പേര് ഐയുപിഎസി(ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂര്‍ അന്‍ഡ് അപ്ലൈഡ് കെമിസ്ട്രി) അംഗീകരിച്ചു. പ്രാചീന ബഹിരാകാശ ശാസ്ത്രകാരനായിരുന്ന കോപ്പര്‍നിക്കസിന്റെ ഓര്‍മ്മക്കായാണ് ഈ പേര് നിര്‍ദേശിക്കപ്പെട്ടത്. ഫെബ്രുവരി 19നാണ് ഐയുപിഎസി ഇക്കാര്യം പ്രസ്താവിച്ചത്.ജര്‍മനിയിലെ ഹെവി അയോണ്‍ റിസര്‍ച്ച് സെന്ററിലെ സിഗാര്‍ഡ് ഹോഫ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂലകത്തെ ആദ്യമായി സൃഷ്ടിച്ചത്. സിങ്ക് ഐസോടോപ്പുകള്‍ ലെഡുമായി കൂട്ടിയിടിപ്പിച്ചാണ് മാസ് നമ്പര്‍ 277 ആയ കോപ്പര്‍നീസിയം നിര്‍മിച്ചത്.കോപ്പര്‍നീസിയം ഒരു സൂപ്പര്‍ഹെവി മൂലകമാണ്.മാസ് നമ്പര്‍ കൂടിയ ഇത്തരം മൂലകങ്ങള്‍ അസ്ഥിമാണെങ്കിലും കോപ്പര്‍നീസിയത്തിന്

സെക്കന്റുകള്‍ നീളുന്ന ആയുസുണ്ട്. .ആവര്‍ത്തനപ്പട്ടികയില്‍ ഇനി സ്ഥാനം പിടിക്കുമെന്ന് രസതന്ത്രകാരന്‍മാര്‍ പ്രവചിച്ച സ്ഥിരതയുള്ള സൂപ്പര്‍ഹെവി മൂലകങ്ങളുടെ മേഘലയായ സ്ഥിരതയുടെ ദ്വീപി(Island of stability)ലേക്കുള്ള കാല്‍വെപ്പാണ് കോപ്പര്‍നീസിയത്തിന്റെ വരവെന്ന് കരുതപ്പെടുന്നു.ആവര്‍ത്തനപ്പട്ടികയില്‍ സിങ്കിനും കാഡ്മിയത്തിനും മെര്‍ക്കുറിക്കും താഴെ ഇടംപിടിക്കുന്ന ഈ മൂലകം അവയെപ്പോലെ തന്നെ സംക്രമണസ്വഭാവം(Transition Properties) കാണിക്കും.മെര്‍ക്കുറിയേക്കാള്‍ ബാഷ്പസ്വഭാവം കൂടിയതാണെങ്കിലും സാധാരണ ഊഷ്മാവില്‍ മെര്‍ക്കുറിയെപ്പോലെ ഇത് ദ്രാവകാവസ്ഥയിലായിരിക്കും.

Wednesday, February 24, 2010

അഞ്ചു വര്‍ഷത്തിനകം

എയ്ഡ്സ് വ്യാപനം തടയാം

ജൊഹാനസ്ബര്‍ഗ്: എച്ച്.ഐ.വി ബാധിതരെ കൃത്യമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ആന്‍ഡി റിട്രോവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് കര്‍ശനമായി ചികില്‍സിക്കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട്. സൌത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസിലെ ഗവേഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ എച്ച്.ഐ.വി ബാധിതരെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി ബാധിത പ്രദേശങ്ങളിലെ ആയിരം പേരെ ഉള്‍ക്കൊള്ളിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇവര്‍ തയാറെടുക്കുകയാണ്. അമേരിക്കയിലെ എയ്ഡ്സ് രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളിലും സമാനമായ പരീക്ഷണപദ്ധതി നടപ്പാക്കും.

എ.ആര്‍.ടിയിലൂടെ എയ്ഡ്സ് രോഗിയുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, പകരുന്നത് തടയുകകൂടിയാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്ന് വില്യംസ് പറയുന്നു. ആന്‍ഡി റിട്രോവൈറല്‍ ചികില്‍സ (എ.ആര്‍.ടി) പദ്ധതി കൃത്യമായി നടപ്പാക്കിയാല്‍ 40 വര്‍ഷത്തിനകം എയ്ഡ്സിനെ ഭൂമുഖത്തുനിന്ന് തുരത്താമെന്നാണ് കണക്കാക്കപ്പെടുന്നത്. എയ്ഡിസിനെ തുരത്തുന്ന ഫലപ്രദമായ കുത്തിവെപ്പിന് കാത്തിരിക്കുന്നതിലും എ.ആര്‍.ടി ചികില്‍സയിലൂടെ അതിനെ തുടച്ചുനീക്കുകയാണ് ഭേദമെന്ന് സ്ഥാപനത്തിലെ ഡോക്ടര്‍ ബ്രിയന്‍ വില്യംസ് പറയുന്നു. സാന്റിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് സമ്മേളനത്തിലാണ് അദ്ദേഹം ശുഭപ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

രോഗിയുടെ രക്തത്തില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്ദ്രത കുറക്കുകയാണ് എ.ആര്‍.ടി ചികില്‍സയിലൂടെ ചെയ്യുന്നത്. രോഗം പകര്‍ത്താനുള്ള ശരീരത്തിന്റെ ശേഷിയെയും ഇത് കുറക്കുന്നു. എച്ച്.ഐ.വി ബാധിതര്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുന്നതിലൂടെ അവരുടെ ആയുഷ്കാലത്തിനുള്ളില്‍ കൂടുതല്‍ പടരാനാവാതെ രോഗത്തെ നിയന്ത്രിക്കാനാവും.

'ജീവന്‍ രക്ഷിക്കാന്‍ മാത്രം ചികില്‍സിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ എയ്ഡ്സ് ചികില്‍സയുടെ കുഴപ്പം. പകര്‍ച്ച തടയാന്‍ നാമൊന്നും ചെയ്യുന്നില്ല' ^വില്യംസ് പറയുന്നു. എ.ആര്‍.ടി രോഗിയുടെ ശരീരത്തിലെ എച്ച്.ഐ.വി സാന്ദ്രത 10,000 മടങ്ങ് കുറക്കുന്നു. 25 മടങ്ങോളം സാംക്രമികശേഷിയാണ് ഇതിലൂടെ കുറയുന്നത്.

ആഗോളതലത്തില്‍ എ.ആര്‍.ടി കൃത്യമായി പിന്തുര്‍ന്നാല്‍ 10 വര്‍ഷത്തിനകം പുതിയ എച്ച്.ഐ.വി രോഗി ഉണ്ടാവാനുള്ള സാധ്യത 95 ശതമാനം കുറക്കാമെന്ന് പഠനം വന്നിട്ടുണ്ട്. ചികില്‍സ ലഭിക്കാത്ത ഒരു എച്ച്.ഐ.വി രോഗി ശരാശരി 10 വര്‍ഷംവരെ ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം അഞ്ചുമുതല്‍ പത്തുവരെ പേര്‍ക്ക് ഇത് പകര്‍ത്താനുള്ള സാധ്യതയുമുണ്ട് ^വില്യംസ് പറയുന്നു. രോഗബാധിതനായി ഒരു വര്‍ഷത്തിനകം എ.ആര്‍.ടി ചികില്‍സക്ക് വിധേയനാവുന്ന രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യത പത്തു മടങ്ങ് കുറയും. ഇങ്ങനെ പടരാനുള്ള സാധ്യത കുറച്ചുകൊണ്ടുവന്ന് ക്രമേണ എയ്ഡ്സിനെ തുരത്താനാവും. ഡര്‍ബനിനടുത്ത് സോം ഖേലെയിലാണ് ഇവരുടെ ആദ്യ ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. കര്‍ശനമായ ചികില്‍സാവിധികളിലൂടെ രോഗസംക്രമണ സാധ്യതാ നിരക്ക് എത്രമാത്രം കുറക്കാമെന്നാണ് പഠിക്കേണ്ടത്.
സൂര്യന്റെതിനേക്കാള്‍ രണ്ടരലക്ഷം മടങ്ങ്
താപം പരീക്ഷണശാലയില്‍


സൂര്യന്റെ ഉള്‍ക്കാമ്പിലുള്ളതിനേക്കാള്‍ രണ്ടരലക്ഷം മടങ്ങ് അധികം താപം പരീക്ഷണശാലയില്‍ സൃഷ്ടിച്ചു.അമേരിക്കയിലെ ബ്രൂക്കാവന്‍ നാഷനല്‍ ലാബോറട്ടറിയിടെ അയോണ്‍ കൊളൈഡറിലാണ് പരീക്ഷണം നടന്നത്. സ്വര്‍ണത്തിന്റെ ആറ്റങ്ങളെ പ്രകാശവേഗത്തില്‍ കൂട്ടിയിടിപ്പിച്ചാണ് ലോകചരിത്രത്തില്‍ പരീക്ഷണശാലയില്‍ എത്തിച്ചേരാവുന്ന ഏറ്റവുഒ ഉയര്‍ന്ന താപനില കൈവരിച്ചത്. 4ട്രില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസ് താപമാണ് പുറത്തുവന്നത്. സ്വര്‍ണ ആറ്റങ്ങളിലെ പ്രോട്ടോണുകളും,ന്യൂട്രോണുകളും ഉരുകി അവയുടെ ചെറുകണികകളായി ചിതറിയെന്ന് അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോണുകളും,ന്യൂട്രോണുകളും ചെറുകണികകളായ ഗ്ലൂവോണുകളും ക്വാര്‍ക്കുകളുമായി വിഭജിക്കപ്പെട്ടു. ക്വാര്‍ക്ക്^ഗ്ലൂവോണ്‍ പ്ലാസ്മയെന്ന പ്രത്യേക അവസ്ഥവായി ഇത് മാറി.പദാര്‍ഥങ്ങളുടെ പുതിയ അവസ്ഥകള്‍ തിരിച്ചറിയാനുള്ള ജാലകങ്ങളാണ് ഇത്തരം പരീക്ഷണങ്ങളെന്ന് ഫിസിസിസ്റ്റ് ക്രിസ് ക്വിഗ് പറയുന്നു.,

Sunday, February 21, 2010

വരുന്നു വാട്ടര്‍ ചോക്കലേറ്റ്


ലണ്ടന്‍: 60 ശതമാനത്തോളം വെള്ളം; രുചി സാധാരണ ചോക്കലേറ്റിന് സമാനവും. വാട്ടര്‍ ചോക്കലേറ്റ് എന്ന പേരില്‍ ബ്രിട്ടനിലെ ബിര്‍മിംഹാം യൂനിവേഴ്സിറ്റി ഗവേഷകരാണ് കൊഴുപ്പില്ലാത്ത പുതിയ ചോക്കലേറ്റിന് രൂപം നല്‍കിയത്. ചോക്കലേറ്റ് നിര്‍മിക്കുന്ന കോക്കോപ ബട്ലര്‍ ക്രിസ്റ്റലുമായി ജല തന്മാത്രകള്‍ ഇണക്കി ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അമിതമായി കൊഴുപ്പടങ്ങിയ ചോക്കലേറ്റ് തീറ്റി മൂലം ബ്രിട്ടനിലെ 17 ശതമാനം കുട്ടികളും പൊണ്ണത്തടിയന്മാരാവുന്ന പ്രവണതയെ ചെറുക്കാനുള്ള നടപടിയിലൊന്നാണ് ഈ സംരംഭമെന്ന് ഗവേഷകര്‍ പറയുന്നു. ചോക്കലേറ്റില്‍ കൊഴുപ്പ് തന്മാത്രകള്‍ക്കുള്ള സ്ഥാനമാണ് നിരുപദ്രവകാരിയായ ജലത്തിന് ഇവര്‍ നല്‍കിയത്.

കൊഴുപ്പുരഹിതമായതോടെ ഇത് ആരോഗ്യകരമായ ഭക്ഷണവുമായി. 32^34 ഡിഗ്രി സെല്‍ഷ്യസില്‍ ഈ ചോക്കലേറ്റ് ഉരുകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.

ഭൌതിക ഗുണങ്ങളിലും ആകൃതിയിലും എണ്ണ തന്മാത്രകളെപ്പോലുള്ള സ്ഥിരത കൂടിയ വായു കണികകളെ ഉപയോഗിച്ച് ഇതേ രീതിയില്‍ കൊഴുപ്പുരഹിത ഭക്ഷണ പദാര്‍ഥങ്ങള്‍ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണിവര്‍.

അഞ്ചോ ആറോ മണിക്കൂര്‍ വിശപ്പിനെ തടഞ്ഞുനിറുത്തുന്ന പ്രത്യേക കഞ്ഞിയും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.

ആമാശയത്തിലെ അമ്ലവുമായി ചേരുമ്പോള്‍ ജെല്‍ രൂപത്തിലാവുന്ന പ്രത്യേക ദ്രാവകമാണ് ഇതിലടങ്ങിയിരിക്കുന്നത്. ആമാശയത്തില്‍ ഇവ മണിക്കൂറുകളോളം നിലനില്‍ക്കുന്നതിനാല്‍ വിശപ്പുണ്ടാകില്ല.

ബ്രിട്ടനിലെ നാലിലൊരാള്‍ അമിത വണ്ണത്തിന്റെ ദുരിതമനുഭവിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ശാസ്ത്രകാരന്മാരെ പുതുവഴികളില്‍ നടത്തുന്നത്.

Saturday, February 20, 2010

സമുദ്രാന്തര സെന്‍സസില്‍ 5000 പുതിയ ജീവിവര്‍ഗങ്ങള്‍


ലണ്ടന്‍: ആഗോളതലത്തില്‍ നടന്ന സമുദ്രാന്തര ജീവികളുടെ സെന്‍സസില്‍ 5000 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. ഇവയില്‍ മിക്കവയും രോഗശമനശേഷിയുള്ള രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഗവേഷകര്‍ പറയുന്നു.പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിന്റെ അന്തിമഫലം ഒക്ടോബറില്‍ പുറത്തുവരും.

സാന്റിയാഗോയിന്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സയന്‍സിന്റെ വാര്‍ഷിക ചടങ്ങിലാണ് ഗവേഷണത്തിന്റെ ചെറിയ ഭാഗം ഗവേഷക സംഘം വെളിപ്പെടുത്തിയത്. 80 രാജ്യങ്ങളിലെ 2000 ശാസ്ത്രകാരന്മാര്‍ സംഘത്തിലുണ്ട്. കിവ ഹിര്‍സുറ്റ എന്ന് നാമകരണം ചെയ്ത പുതിയ ഞണ്ടും 1999ല്‍ ഫ്ലോറിഡയിലെ സമുദ്രാന്തര്‍ഭാഗത്ത് കണ്ടെത്തിയ കാന്‍സര്‍ പ്രതിരോധ ഗുണങ്ങളുള്ള രാസവസ്തു ഉല്‍പാദിപ്പിക്കുന്ന ജീവിയുമെല്ലാം ഇതില്‍പെടും. ഉന്നത സാങ്കേതിക ശേഷിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിനുപോലും രൂപംനല്‍കാന്‍ കഴിയാത്ത തരത്തിലുള്ള രാസവസ്തുക്കളാണ് ഇവയില്‍ മിക്കതും പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്ര സംരക്ഷിത പ്രദേശങ്ങള്‍ പ്രഖ്യാപിച്ച് ഇത്തരം ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനും സംഘം ആലോചിക്കുന്നു.
ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ളത് കഴിക്കണ്ട'


ലണ്ടന്‍: ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്ന നാട്ടുവഴക്കത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്റ് പുറത്തിറക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികള്‍ ആദ്യത്തെ ആറുമാസം വരെ ഭക്ഷണക്രമത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. അമിത കൊഴുപ്പുള്ള പാലും കുടിക്കേണ്ട ^ഇതില്‍ പറയുന്നു. അവസാന മൂന്നു മാസങ്ങളില്‍ 200 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അമിതമായി ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു സാന്റ്വിച്ച് അധികം കഴിച്ചാല്‍ ഇത്രയുമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവത്തോടെ അമ്മമാര്‍ അമിത വണ്ണമുള്ളവരായി തീരുന്ന പ്രവണത വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. അമ്മമാര്‍ക്ക് അമിത വണ്ണമുള്ളത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കളെ അപകടത്തിലാക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്ക് കെല്ലി പറയുന്നു.


പ്രസവ ശേഷം വണ്ണം കുറയാന്‍ സമയമെടുക്കും. ശാരീരിക പ്രവര്‍ത്തനങ്ങളും തൂക്കക്കുറവും മുലയൂട്ടാനുള്ള അമ്മയുടെ കഴിവിനെ ബാധിക്കില്ല ^അദ്ദേഹം പറയുന്നു. പ്രസവാനുബന്ധമായുള്ള തൂക്കക്കൂടുതല്‍ 10 മുതല്‍ 12വരെ കിലോഗ്രാമിനുള്ളില്‍ നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

Friday, February 19, 2010

ഗര്‍ഭധാരണം തടയാന്‍

പുരുഷന്മാര്‍ക്ക് കുത്തിവെപ്പ്

വാഷിങ്ടണ്‍: ഗര്‍ഭധാരണം തടയാന്‍ പുരുഷന്മാര്‍ക്ക് കുത്തിവെപ്പ് വരുന്നു. ബ്രിട്ടനിലെ മാഞ്ചസ്റ്ററിലും എഡിന്‍ ബെര്‍ഗിലുമുള്ള 26 ദമ്പതികളില്‍ ഇതിന്റെ പരീക്ഷണം തുടങ്ങി. ബീജോല്‍പാദനം നിറുത്തിവെക്കാനായി രണ്ടു മാസം കൂടുമ്പോള്‍ രണ്ടു കുത്തിവെപ്പുകളാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നത്. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണും സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റിറോണിന്റെ കൃത്രിമപ്പതിപ്പുമാണ് കുത്തിവെക്കുന്നത്. മസ്തിഷ്കം ഇവയെ തിരിച്ചറിയുന്നതോടെ ബീജോല്‍പാദനം നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ തോത് കുറയും ^ഗവേഷകര്‍ പറയുന്നു. ഒരിക്കല്‍ കുത്തിവെപ്പ് നിറുത്തിവെച്ചാല്‍ ബീജോല്‍പാദനം പെട്ടെന്ന് പതിവു രീതിയിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
പറക്കുംതളിക: പുതിയ റിപ്പോര്‍ട്ട് പുറത്ത്


ലണ്ടന്‍: ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. വിമാനത്താവളത്തിലെ റഡാറിലൂടെ അതിവേഗത്തില്‍ പറക്കുന്ന പറക്കുംതളികയെ കണ്ടതായി പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ മുതിര്‍ന്ന ട്രാഫിക് നിയന്ത്രകന്റെ സാക്ഷിമൊഴി ഇതില്‍ പെടുന്നു.

പരന്ന തിളക്കമുള്ള അജ്ഞാത ആകാശവാഹനത്തെ കണ്ടതായി സ്കോട്ടിഷ് മല്‍സ്യത്തൊഴിലാളികളുടെ സാക്ഷ്യവുമുണ്ട്. അജ്ഞാത പറക്കുംവാഹനങ്ങളെ മുഖാമുഖം കണ്ടെന്ന ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളാണ് പ്രതിരോധ മന്ത്രാലയം പരിശോധിച്ചത്.

പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ സംഭവത്തിനുശേഷം ഫാല്‍കിര്‍ക്കിലെ ബോണി ബ്രിഡ്ജ് ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. പറക്കുംതളിക ദര്‍ശനത്തിന് പറ്റിയ സ്ഥലമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കാര്യം ഗൌരവമായി അന്വേഷിക്കണമെന്നായിരുന്നു നിവേദനം.

വ്യോമ പ്രതിരോധ ഉദ്യോഗസ്ഥര്‍ ബ്രിട്ടനിലെ നിരവധി വിമാനത്താവളത്തിലെ റഡാര്‍ ടേപ്പുകളെല്ലാം പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷേ, കൂടുതല്‍ സമാന സംഭവങ്ങള്‍ കണ്ടെത്താനായില്ല. അജ്ഞാത വാഹനത്തിന്റെ സ്കെച്ചും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

Wednesday, February 17, 2010

നായ്ക്കള്‍ സൂക്ഷിക്കുക ; പോസ്റ്റ്മാന്‍ വരുന്നു


ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ്മാന്മാര്‍ ഇനി നാടു ചുറ്റുക, വളര്‍ത്തു നായ്ക്കളെ പേടിപ്പിക്കുന്ന പ്രത്യേക ഉപകരണവുമായി.

പ്രത്യേക രീതിയില്‍ ചീറ്റല്‍ ശബ്ദത്തോടെ സമ്മര്‍ദിത വായു പുറന്തള്ളുന്ന ഈ ഉപകരണം പ്രവര്‍ത്തിപ്പിച്ചാല്‍ കടിക്കാന്‍ വരുന്ന നായ പേടിച്ചോടുമെന്നാണ് റോയല്‍ മെയ്ല്‍ ഉദ്യോഗസ്ഥരുടെ വാദം. തങ്ങളുടെ പോസ്റ്റ്മാന്മാര്‍ക്ക് വീടുകളില്‍ നിന്ന് നിരന്തരം വളര്‍ത്തു നായ ആക്രമണം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചത്. പോസ്റ്റ്മാന്മാര്‍ക്കെതിരായ ആക്രമണം കഴിഞ്ഞവര്‍ഷം 20 ശതമാനം വര്‍ധിച്ചതാണ് റോയല്‍ മെയ്ല്‍ അധികൃതരെ ഉണര്‍ത്തിയത്. ഉപകരണത്തോടൊപ്പം നായ്ക്കളെ നേരിടാന്‍ ഉപദേശ സംഹിതയുമുണ്ട് ജീവനക്കാര്‍ക്ക്.

ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടുന്ന സാധു നായ്ക്കളെ വെറുതെ പേടിപ്പിക്കാന്‍ നോക്കരുത്. ഒരു പക്ഷേ, അതിന്റെ പേരിലാവും കടിയേല്‍ക്കേണ്ടി വരികയെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ തുറിച്ചു നോക്കരുതെന്നും നിര്‍ദേശമുണ്ട്. പല പോസ്റ്റ്മാന്മാരുടെ കൈയിലും നേരത്തേ മറ്റൊരു ഉപകരണം നായ്ക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഉണ്ടായിരുന്നു. വാതകപ്പുക പുറപ്പെടുവിക്കുന്ന ഈ ഉപകരണം 20 മിനിറ്റോളം ആക്രമണകാരിയായ നായക്ക് സ്ഥലജല വിഭ്രമം സൃഷ്ടിക്കും. ആക്രമണത്തിനൊരുങ്ങുന്ന നായയെ ഞെട്ടിച്ച് നിറുത്താന്‍ പുതിയ ഉപകരണത്തിനാവുമെന്ന് റോയല്‍ മെയില്‍ വക്താവ് പറഞ്ഞു.



Email this Story

Wednesday, February 10, 2010

ശനിയുടെ 'ചന്ദ്രനില്‍' ജീവനു സാധ്യത


ലണ്ടന്‍: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന് സാധ്യതയെന്ന് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍ തണുത്തുറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജലശേഖരമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ നാസയിലെ ഗവേഷകര്‍ക്ക് ലഭിച്ചു.

ഉപഗ്രഹത്തിലെ ഐസ് പര്‍വതങ്ങള്‍ പുറപ്പെടുവിക്കുന്ന ഹിമ ധൂമങ്ങള്‍ പഠനവിധേയമാക്കിയ കാസിനി പേടകമാണ് എന്‍സെലാഡസില്‍ നെഗറ്റീവ് ചാര്‍ജുള്ള ജല തന്മാത്രകളുണ്ടെന്ന് കണ്ടെത്തിയത്. സാധാരണയായി നിരന്തരം ചലനാത്മകമായ ജലത്തിലാണ് നെഗറ്റീവ് ചാര്‍ജുള്ള തന്മാത്രകള്‍ ദുര്‍ബലമായെങ്കിലും ഉണ്ടാവുക. എന്‍സെലാഡസില്‍ ഈ തന്മാത്രയുടെ സാന്നിധ്യം ഒഴുകുന്ന ജലസ്രോതസ്സിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉപഗ്രഹത്തില്‍ ജലസാന്നിധ്യം ഉറപ്പിക്കാനായാല്‍ ജീവന്‍ നിലനില്‍ക്കാനുള്ള അനുയോജ്യ സാഹചര്യമായി ഇതിനെ കണക്കാക്കാമെന്ന് ശാസ്ത്രകാരന്മാര്‍ കരുതുന്നു.
എന്‍സെലാഡസിന്റെ ഹിമ ധൂമത്തില്‍ സോഡിയത്തിന്റെ സാന്നിധ്യവും നേരത്തെ കാസിനി കണ്ടെത്തിയിരുന്നു. പാറകളിലും മറ്റും നിരന്തരം ജലസമ്പര്‍ക്കമുണ്ടാവുമ്പോഴാണ് സോഡിയത്തിന്റേതടക്കമുള്ള ലവണങ്ങള്‍ ജലത്തില്‍ ലയിക്കുന്നത്. തെളിവുകളെല്ലാം ജലസാന്നിധ്യവും അതുവഴി ജീവനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.