Sunday, May 20, 2012

ആളുപൊതിഞ്ഞ ജീപ്പുകള്‍



ആളുപൊതിഞ്ഞ  ജീപ്പുകള്‍

‘കുറേ ആള്‍ക്കാര് ചേര്‍ന്ന് ഒരു വാഹനം എടുത്തുകൊണ്ടു പോവ്ന്നതാണോ’ എന്നായിരുന്നു റോഡിലെ കാഴ്ച കണ്ട നഗരവാസിയുടെ സംശയം... ‘അല്ല, അതൊര് ജീപ്പാ’ എന്ന് കൂടെയുള്ളയാളുടെ മറുപടി. ഈ ചോദ്യോത്തരത്തിലെ തമാശ കിട്ടണമെങ്കില്‍ ജീപ്പ് സര്‍വീസ് മാത്രമുള്ള നാട്ടുവഴികളില്‍ സഞ്ചരിച്ചു പരിചയം വേണം.
കണികാണാന്‍ വല്ലപ്പോഴും വന്നുപോകുന്ന ഒന്നോ രണ്ടോ ബസ് മാത്രമുണ്ടായിരുന്ന കാലത്ത്, ജീപ്പുകള്‍ നാടിനെ നഗരത്തിലെത്തിച്ചും നഗരത്തെ നാട്ടിലെത്തിച്ചും തലങ്ങുംവിലങ്ങും പാഞ്ഞിരുന്നു ഞങ്ങളുടെ നാട്ടുപാതയില്‍. അന്ന് ജീപ്പിന്‍െറ പിന്‍ഡോറിനു വലത്തും ഇടത്തുമുള്ള കൊമ്പത്ത് തൂങ്ങിയുള്ള യാത്രയുടെ രസത്തില്‍ ചങ്ങാതിയാണ് ഈ തമാശക്കഥ ആദ്യം പറയുന്നത്. സംഗതിയുടെ രസമോര്‍ത്ത് പലകുറി ചിരിച്ചുലഞ്ഞ് കൊമ്പത്തെ പിടിവിടുമെന്ന നിലവരെ വന്നു അന്ന്.
കൊയിലാണ്ടി ബോയ്സ് സ്കൂളിനടുത്ത റോഡരികില്‍ നാട്ടിന്‍പുറങ്ങളിലേക്ക് ജീപ്പ് കാത്ത് വലിയൊരു കൂട്ടമുണ്ടാവും. ബോയ്സ്-ഗേള്‍സ് സ്കൂളുകളിലെ കുട്ടികള്‍, കൂലിപ്പണി കഴിഞ്ഞെത്തിയവര്‍, ഉദ്യോഗസ്ഥര്‍, കടകളിലേക്ക് സാധനക്കെട്ടുമായി പോകുന്ന കച്ചവടക്കാര്‍, ‘ദ്വാരക’യില്‍നിന്നും ‘കൃഷ്ണ’യില്‍നിന്നുമൊക്കെ നൂണ്‍ഷോ കണ്ടിറങ്ങിയവര്‍... അങ്ങനെ വലിയ കൂട്ടം.
അവരിലേക്ക് കാത്തിരിപ്പിന്‍െറ ഏതോ നിമിഷത്തില്‍ ഒരു ജീപ്പ് കുതിച്ചെത്തും. ആളുകള്‍ വഴിമാറിയ ഇടങ്ങളിലൂടെ ജീപ്പിനെ അതിവിദഗ്ധമായി ഒതുക്കി, ഹോണില്‍ കൈയമര്‍ത്തി ചാവി തിരിച്ച് ചാടിയിറങ്ങി ഡ്രൈവര്‍ വിളിച്ചു പറയും. ‘കാവുംവട്ടം... കാവുംവട്ടം ...’ വലിയൊരു പട ജീപ്പിനു പിറകിലേക്കും മുന്നിലേക്കും സീറ്റിനെ ലക്ഷ്യംവെച്ച് ആവലാതിക്കളിയുമായി പൊതിഞ്ഞിരിക്കും അപ്പോള്‍. പിന്‍ഡോറിനരികിലെ കൊമ്പത്തുനിന്ന് കള്ളിലുങ്കിയുടുത്ത ‘കിളി’ താഴ്ന്നിറങ്ങി, പരമാവധി ആളുകളെ ജീപ്പിനുള്ളില്‍ നിറക്കുകയെന്ന വിഷമംപിടിച്ച ദൗത്യത്തിലേക്കു തിരിയും. പിന്‍ഭാഗത്തെ അഭിമുഖമായുള്ള ഇരിപ്പിടങ്ങളില്‍ വേഗത്തില്‍ എത്തിപ്പെട്ടവര്‍ ആശ്വാസ നിശ്വാസവുമായി പുറത്ത് പരിഭ്രമിച്ച് കയറിപ്പറ്റാനുള്ളവരെ നോക്കും. മുന്നോട്ട് തള്ളിയിരുന്നും ചരിഞ്ഞിരുന്നും ഒതുങ്ങിക്കൂടിയുമൊക്കെ അവരെയും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കും.
ഇടക്ക് വിശാലമായി ഇരിക്കണമെന്നും എനിക്കുശേഷം ആരും ഇരിക്കരുതെന്നും ബലംപിടിക്കുന്നവരെ മറ്റുള്ളവരെല്ലാംചേര്‍ന്ന് ഒതുക്കും. പരമാവധി പേരായാല്‍ രണ്ടുപേരെ ചരിച്ച് ഡോറില്‍കൂടി ഇരുത്തിയശേഷം കിളി ഡോറടക്കും. മുന്നിലും അപ്പോള്‍ ആളു നിറഞ്ഞിരിക്കും. നാലുപേര്‍ വരെ മുന്നിലിരുന്നാല്‍ ഡ്രൈവര്‍ കയറിയിരിക്കും. ഡ്രൈവര്‍ക്കും തൊട്ടുള്ള ആളുടെ കാലുകള്‍ക്കുമിടയിലാകും ഗിയറുണ്ടാവുക. അപ്പ് ഡൗണ്‍ ഗിയറുകളുടെ സ്ഥാനചലനങ്ങളില്‍ അയാള്‍ കാല്‍ പലരീതിയില്‍ ഒതുക്കി അസ്വസ്ഥതകളോടെ യാത്രതീരും വരെ ഇരിപ്പു തുടരണം. പിന്‍ഡോറിനടുത്തെ പുറത്തേക്കുള്ള സ്റ്റെപ്പില്‍ രണ്ടോ മൂന്നോ പേര്‍ കയറി മുകളിലെ കമ്പിയില്‍പിടിച്ച് തൂങ്ങിനില്‍ക്കും. അടുത്തസ്ഥലം കൊമ്പാണ്- ഇടത്തും വലത്തും അറ്റത്തെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗം. അതില്‍കയറിനിന്ന് ജീപ്പിനു മുകള്‍ഭാഗത്ത് കൈചേര്‍ത്ത് രാജകീയമായ നില്‍പുണ്ട്. കൊമ്പില്‍ കയറി നില്‍ക്കാനാണ് മിക്കവാറും വിദ്യാര്‍ഥികള്‍ മത്സരിക്കുക. സ്റ്റെപ്പില്‍ തൂങ്ങുന്നതിനേക്കാള്‍ പ്രൗഢിയുള്ള നില്‍പ് കൊമ്പിലാണ്. ജീപ്പിനേക്കാളുയര്‍ന്ന് പിന്നിടുന്ന ആകാശവും മരക്കൂട്ടവും വാഹനനിരയും നോക്കി മുടി പറത്തിയുള്ള നില്‍പാണത്. ഡ്രൈവറുടെ എതിര്‍ഭാഗത്തെ സ്റ്റെപ്പിലും തൂങ്ങിനില്‍ക്കാന്‍ ആളുണ്ടാവും. ചിലപ്പോള്‍ ഡ്രൈവറോടുചേര്‍ന്നും ആളു തൂങ്ങിനില്‍ക്കും.
എങ്ങനെയും പറ്റിച്ചേര്‍ന്ന് വീടണയാന്‍ ജീപ്പിലെവിടെയും ഇടമില്ലാതായ ആളുകള്‍ അടുത്ത ഊഴത്തിനായി നിരാശയോടെ മാറിനില്‍ക്കും...നാട്ടില്‍ നിന്ന് മറ്റൊരു ജീപ്പ് തിരികെയെത്തും വരെ അവര്‍ കാത്തിരിപ്പിലേക്ക് തിരിച്ചു പോവും... അവരെ പിന്നിലാക്കി ജീപ്പ് നീങ്ങിത്തുടങ്ങും... അങ്ങനെ ആളുപൊതിഞ്ഞ ജീപ്പുകള്‍ നാട്ടുകവലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ജീപ്പിന്‍െറ കറുത്ത കടുംതുണി മേലാപ്പിനു കീഴിലിരുന്ന് വിയര്‍ത്തുകുളിച്ച് നാട്ടുകാര്‍ വിശേഷങ്ങള്‍ പറഞ്ഞു, തമാശ പങ്കുവെച്ചു. ഡ്രൈവറും അതിലൊക്കെ സജീവമായി ചേര്‍ന്നു.
ജീപ്പുകള്‍ നിറഞ്ഞോടിയ കാലത്തും ആരും സമയത്തിന്‍െറ പേരില്‍ പോരടിച്ചില്ല, മത്സരിച്ചോടി ദുരന്തങ്ങളുണ്ടാക്കിയില്ല. ‘ബാബ്വോ, ഇവിടെ എറങ്ങാന്ണ്ട്ട്ടോ’ എന്ന് വിളിച്ചുപറഞ്ഞ് വണ്ടിനിര്‍ത്തിച്ച് ആളുകള്‍ പല വഴികളിലേക്ക് ഇറങ്ങിപ്പോയി. ബാബു, കുഞ്ഞബ്ദുല്ല, ദിവാകരന്‍, പ്രേമന്‍, കുഞ്ഞിമൊയ്തി, ദിനേശന്‍, ശങ്കരന്‍ നായര്‍...അങ്ങനെ ജീപ്പ് ഡ്രൈവര്‍മാര്‍ എല്ലാവര്‍ക്കും പരിചിതരായിരുന്നു. കിളികള്‍ പലകുറി മാറിയതിനാല്‍ അവര്‍ കിളികള്‍ തന്നെയായി അറിയപ്പെട്ടു.
ഏതു പാതിരാവിലും വിഷമങ്ങളുണ്ടായാല്‍ ജീപ്പുകള്‍ സ്റ്റാര്‍ട്ടായി. മരണവീട്ടിലേക്കും ആശുപത്രിയിലേക്കും കല്യാണവിരുന്നിലേക്കും സഞ്ചരിച്ചു. ‘അത് മ്മക്ക് പിന്നെ കണക്കാക്കാ, പിന്നെ തന്നാ മതി’ എന്നുപറഞ്ഞ് മരണവീടിനു മുന്നിലും ആശുപത്രിമുറ്റത്തും പരിഭ്രമിച്ചുനില്‍ക്കുന്ന ഗൃഹനാഥനെ ആശ്വസിപ്പിച്ച് അവര്‍ വണ്ടിതിരിച്ചു.
ലോകമഹായുദ്ധത്തിന് ദുര്‍ഘട പാതകളിലോടാനായി രൂപം നല്‍കിയ വാഹനം നമ്മുടെ നാട്ടിന്‍പുറങ്ങളുമായി പൊരുത്തമായതിന്‍െറ ചരിത്രവഴി പലതവണ ചികഞ്ഞിട്ടുണ്ട്. ജനറല്‍ പര്‍പസ് കാര്‍ ലോപിച്ച് ജി.പി കാര്‍ ആയതും അത് പിന്നീട് ജീപ്പ് ആയതുമായ പഴങ്കഥയറിഞ്ഞത് പണ്ടത്തെ ബാലമാസികയില്‍നിന്നാണ്. മഹീന്ദ്ര ഇന്ത്യന്‍ അന്തരീക്ഷത്തിലേക്ക് ജീപ്പിനെ മാറ്റി ഒരുക്കിയതുമുതല്‍ ഇന്ത്യന്‍ പാതകളില്‍ ഏറെ ജനകീയനാവുകയായിരുന്നു സാധാരണക്കാരന്‍െറ ആവശ്യങ്ങളിലേക്കുള്ള ഈ കാര്‍. എക്സ്മിലിറ്ററി എന്ന് ജീപ്പിനു മുകളിലെ ചതുരഫ്രെയിമില്‍ വെല്‍ഡ് ചെയ്തുചേര്‍ത്ത ശങ്കരന്‍ നായര്‍ എന്ന വിമുക്തഭടന്‍ അറിഞ്ഞിരിക്കുമോ ലോകയുദ്ധവും ജീപ്പുമായുള്ള ബന്ധം? ശങ്കരന്‍ നായരുടെ ജീപ്പില്‍ എത്രപേര്‍ക്കുമിരിക്കാമായിരുന്നു. സ്വന്തംസീറ്റ് വരെ ആള്‍ക്കാര്‍ക്കായി മൂപ്പര് ഒഴിഞ്ഞുകൊടുത്തുകളയുമെന്നായിരുന്നു അന്നത്തെ തമാശ. എത്ര തിങ്ങിനിറഞ്ഞാലും കൈകാണിച്ചവരെ നിരാശരാക്കാതെ നഗരത്തിലെത്തിക്കും ശങ്കരന്‍ നായര്‍.
സഞ്ചരിക്കുന്ന നാടുതന്നെയായിരുന്നു ഓരോ ജീപ്പും അന്ന്. നാട്ടില്‍ അണേലപ്പാലം വരുന്നതുവരെയായിരുന്നു ജീപ്പ്യാത്രയുടെ പ്രതാപകാലം. പിന്നീട് നാട്ടുവഴികള്‍ക്കിണങ്ങുംവിധം രൂപാന്തരപ്പെട്ട മിനി ബസുകളെത്തി. അവ നാട്ടുപാതകള്‍ കീഴടക്കി. സമാന്തര സര്‍വീസുകാര്‍ എന്ന് വിളിപ്പേരിട്ട് ജീപ്പുകാരെ മാറ്റിനിര്‍ത്താന്‍ തുടങ്ങി. ബസിന്‍െറ സമയത്ത് ഓടി ആളെ വലിക്കുന്നുവെന്ന് ബസുകാര്‍ മുറുമുറുക്കാന്‍ തുടങ്ങി. പതിയെ പല ജീപ്പുകളും സര്‍വീസ് അവസാനിപ്പിച്ചു. പലരും ജീപ്പ് വിറ്റു. ചിലര്‍ സ്വകാര്യ ആവശ്യത്തിനായി ചുരുക്കി. ജീപ്പ് ഡ്രൈവര്‍മാരില്‍ ചിലര്‍ ബസുകളുടെ വളയം പിടിച്ചു. ചിലര്‍ മറ്റുതൊഴിലുകള്‍ തേടിപ്പോയി... നാട്ടുപാതയില്‍ കാറുകള്‍ കൂടി വന്നു. ആര്‍ക്കുവേണ്ടിയും വാതില്‍ തുറന്നിട്ട ജനറല്‍ പര്‍പസ് കാര്‍ വല്ലപ്പോഴുമുള്ള കാഴ്ചയുമായി.

4 comments:

  1. നല്ല ഓര്‍മ. ജീപ്പില്‍ തൂങ്ങാത്ത ഒരുത്തനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു എഴുത്താവും. പക്ഷേ എനിക്കങ്ങനല്ല :) മുന്നില്‍ നാല്, പിന്നില്‍ ഓരോ സീറ്റിലും അഞ്ച്, ഡോറില്‍ ഒന്നോ രണ്ടോ, കുട്ട്യോള് മടിയില്‍, തൂങ്ങാന്‍ പറ്റുന്നോരൊക്കെ. ഇതായിരുന്ന് അന്നത്തെ ജീപ്പ് യാത്രയുടെ അളവ്. ഒറ്റക്കാല് മാത്രം വെച്ച് തൂങ്ങി എത്രയോ തവണ യാത്ര ചെയ്തിരിക്കുന്നു.

    ReplyDelete
  2. ശരിയാ ഭായീ, ഞാനൊക്കെ പഠിക്കണ കാലത്ത് ഞങ്ങളുടെ നാട്ടിലേക്കും ജീപ്പുകളും പിന്നെ ആകെപ്പാടെ രണ്ട് ബസ്സും മാത്രമാരുന്നു. സ്കൂൾ വിട്ട് വരുമ്പോ ആഗ്രഹം എഴുതി വച്ച മുഖത്തോടെ ചിരിച്ച് കാട്ടുമ്പോ കുഞ്ഞുമോൻ ചേട്ടനൊക്കെ നിർത്തിതരും. പിന്നെ പുറകിൽ തൂങ്ങി ഒരു വരവാ....
    വലുതാവുമ്പോ ജീപ്പ് ഡ്രൈവറാകൂന്ന് പറഞ്ഞ എത്ര കൂട്ടുകാർ.... അവന്മാരിൽ പലരും ഓട്ടോക്കാരായി.
    ഇപ്പോ ജീപ്പ് സർവ്വീസ് ഒക്കെ അവസാനിച്ചു, ബസ്സു കുറവാ , എന്നാലും ആൾക്കാർക്കൊക്കെ കാശായി... ഓട്ടോയും സ്വന്തം കാറുകളും മാത്രം;.

    നല്ലൊരു ഓർമ്മപ്പെടുത്തൽ... നന്ദി.

    ReplyDelete
  3. arun bhaskaran,sumesh vasu
    thanks a lot
    vannathinu ....vaayichathinu...vaakkukalkk

    ReplyDelete
  4. jhangi jharungiyaNenkilum sukhakaramaaya oru jeep yathra. jeepil ninnuM irangiyappozho aswaasavum? etharamoru yaathra enikkanubhavappettathu swakaarya bus panimudakku ullappOzhaa. jeepukar kittiya avasaram sarikkum muthalaaki.pakshe krithya samayathu officilum veettilum ethippedum.nidheesh nadery valare bhangiyaayi orukaryavum vidaathe....? ezhuthy.enikku nanne ishtaayi.

    ReplyDelete