Friday, August 31, 2012

മരണയോട്ടം; പാതാളത്തില്‍ നിന്ന് പൊന്നോണത്തിലേക്ക്


കടലുകള്‍ക്കപ്പുറം  
കാട്ടില്‍ തൊട്ടിലില്‍ 
പതിനാലുമാസം

ണം തിരിച്ചുവരവിന്‍െറ കൂടി ഉല്‍സവമാണ്. ഐതിഹ്യത്തില്‍ പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ട മഹാബലിയുടെ തിരികെയത്തെലിന്‍െറ ഉല്‍സവം. ലോകത്തിനേതോ കോണില്‍ നരകായാതനയുടെ സംവല്‍സരത്തിനു ശേഷം അവിശ്വസനീയമായ തിരിച്ചണയലായിരുന്നു മൂടാടി കോളോറവീട്ടില്‍ ബിജുവന്‍േറത്.... ഈ  ഓണം ഏറ്റവും നിറവും മധുരവുമേറ്റുന്നത് ബിജുവിന്‍െറ മനസിലായിരിക്കുമെന്നുറപ്പ്.. പിന്നിട്ട പതിനാല് മാസങ്ങള്‍ ബിജുവിന് നിറംവറ്റിയ പ്രതീക്ഷകളസ്തമിച്ച പാതാളവാസത്തിന്‍േറതായിരുന്നു2011 ജൂണ്‍

കുവൈത്തിലെ ജോലിക്കിടയില്‍ വീണു കിട്ടിയ വെക്കേഷന്‍ ആസ്വദിക്കുവാന്‍ ഫിലിപ്പീന്‍സിലെ ഭാര്യവീട്ടിലത്തെിയതാണ് ബിജു.   സുലു പ്രവിശ്യയിലെ പത്തിക്കുള്‍ നഗരത്തിലാണ് ഭാര്യ എലീനയുടെ വീട്. കുവൈത്തിലെ ജീവിതത്തിനിടയില്‍ നാമ്പിട്ട  പ്രണയമായിരുന്നു എലീനയെന്ന ഫിലിപ്പീന്‍കാരിയെ ബിജുവിന്‍െറ ജീവിതസഖിയാക്കിയത്. രണ്ടു കുട്ടികള്‍ അര്‍ജുനും അജയും.  പതിനൊന്ന് ദിവസത്തോളം എലീനയുടെ കുടുംബവുമൊത്ത് സന്തോഷം തിമിര്‍ത്ത ദിവസങ്ങള്‍..നഗരയാത്രകള്‍...വിരുന്നുപോക്കുകള്‍

  2 1ന് രാത്രി

ഒരു വിരുന്ന് കഴിഞ്ഞ് എലീനയുടെ വീട്ടില്‍ തിരിച്ചത്തെിയ ദിവസം.  ജൂണ്‍21 രാത്രി. ഇളയ മകന്‍ അജയിന് നല്ല പനി. അവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയാണ് ബിജു. കാല്‍മുട്ടില്‍ ആരോ തട്ടുന്നതായി തോന്നിയാണ് കണ്ണു തുറന്നത്. ഇരുട്ടുവീണ മുറിയില്‍ കിടക്കയില്‍ ഒരു രൂപം നില്‍ക്കുന്നത് പാതി തുറന്ന കണ്ണുകൊണ്ട് ബിജു കണ്ടു. ഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോള്‍ രണ്ടു ഫിലീപ്പീന്‍ സൈനികരാണ് മുറിയിലെന്ന് വ്യക്തമായി. അതിലൊരാളാണ് തോക്കുകൊണ്ട് തന്‍െറ മുട്ടിനുമേല്‍ തട്ടിവിളിച്ചത്. എലീനയും പരിഭ്രാന്തയായി ഉണര്‍ന്നു.പൊലീസ് പൊലീസ്  സൈനികര്‍ മൃദുവായി പറഞ്ഞു. പിന്നീടുള്ള കാര്യങ്ങള്‍ അവര്‍ സംസാരിച്ചത് എലീനയോടായിരുന്നു. ഫിലിപ്പീന്‍ ദേശീയ ഭാഷയായ തഗാലോഗിലായിരുന്നു ആശയവിനിമയം. പത്തിക്കുള്‍ പ്രദേശം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് അറിയാമല്ളോ..ഒരു വിദേശിയായ ഇയാള്‍ ഇവിടെ താമസിക്കുന്ന കാര്യം എന്തുകൊണ്ട് സൈന്യത്തെ അറിയിച്ചില്ല...പുറത്ത് ക്യാപ്റ്റന്‍ കാത്തു നില്‍ക്കുന്നു...ഇയാളോട് സംസാരിക്കാനുണ്ട്. എന്നായിരുന്നു അവര്‍ പറഞ്ഞുവെച്ചത്. തൗഷൂക് ആണ് ആ പ്രദേശത്തെ സംസാരഭാഷ. ദേശീയഭാഷ ഉപയോഗിക്കുക തീര്‍ച്ചയായും സൈനികരാണ്. അതിനാല്‍ യാതൊരു സംശയവുമില്ലാതെ ധൈര്യപൂര്‍വം എലീനയും വീട്ടുകാരും ബിജുവിനെ അവരുടെ കൂടെ പുറത്തേക്കയച്ചു. പുറത്തേക്കിറങ്ങിയതും കുറേ പേര്‍ ചുറ്റുംകൂടി. ഇരുകൈകളും പിടിച്ച് കഴൂത്തില്‍ തോക്കു ചൂണ്ടി നടത്തിച്ചു. അപ്പോഴേക്കും അപകടം മണത്ത എലീനയുടെ സഹോദരന്‍െറ ഭാര്യ കരഞ്ഞുകൊണ്ട് പിറകില്‍ ഓടിയത്തെി. തോക്കിന്‍െറ പാത്തികൊണ്ട് അവരെ അടിച്ചു തള്ളിയിട്ട് പിന്നാലെയത്തെിയവരെ തോക്കു ചൂണ്ടി നില്‍പ്പിച്ച് അവര്‍ ബിജുവുമായി നടന്നു...ഏറെ ദൂരം...അതൊരു കുന്നിന്‍ പ്രദേശമായിരുന്നു. താഴ്വാരത്തെ നിബിഡവനത്തിനുള്ളിലേക്ക് അവര്‍ ബിജുവിനെ നയിച്ചു..എന്താണ് സംഭവിക്കുന്നതെന്ന് ബിജുവിന് അപ്പോഴും വ്യക്തമായില്ല.. കഴുത്തിലെ ചെയിനില്‍ അതിനിടയില്‍ ആരോ പിടിച്ചുവലിച്ചു. കഴൂത്ത് വലിഞ്ഞുമുറുകി...ബിജു ശ്വാസമില്ലാതെ പിടച്ചു. മരണം മുന്നിലത്തെിയത് തുറിച്ച കണ്ണോടെ കണ്ടു. കഴുത്തിന് നീളത്തില്‍ മുറിവേല്‍പ്പിച്ച് ചെയിന്‍ പൊട്ടി. ശ്വാസം വീണ്ടെടുത്ത ബിജുവിന് ഒരു കാര്യം വ്യക്തമായി തനിക്കു ചുറ്റുമുള്ളത് സൈനികരല്ല...അപകടകാരികളായ ഒരു കൂട്ടത്തിനു നടുവിലാണ്  അകപ്പെട്ടിരിക്കുന്നത്...പിന്നെ ബിജുവിന്‍െറ മോതിരങ്ങളും കയ്യിലെ സിക്ക് വളകളുമെല്ലാം അവര്‍ വാങ്ങി. ഉള്‍വനപാതകളില്‍ യാത്ര തുടര്‍ന്നു. ബിജു കിതച്ചു തളര്‍ന്നു. ഇടക്ക് ബിസ്കറ്റും ജ്യൂസും അവര്‍ നല്‍കി. ഒടുവില്‍ കുറ്റിക്കാട് വെട്ടിത്തെളിച്ച അവരുടെ താല്‍കാലിക സങ്കേതത്തില്‍ എത്തി. ലെനോത്ത് എന്ന വാഴവര്‍ഗത്തില്‍പ്പെട്ട ചെടിയുടെ വലിയ ഇലവെട്ടി വിരിച്ച് അവര്‍ ബിജുവിനെ കിടത്തി. നിറകണ്ണുകളുമായി ഇരുള്‍ വനത്തില്‍ അവര്‍ക്കിടയില്‍ ബിജു കിടന്നു. നേരം വെളുത്തുതുടങ്ങിയപ്പോള്‍ അവരെല്ലാം നിസ്കരിച്ചു കാട്ടുചെടികള്‍ വകഞ്ഞ് വീണ്ടും നടപ്പ് തുടര്‍ന്നു. പകല്‍ പരന്നു തുടങ്ങിയപ്പോള്‍ ഉള്‍വനത്തിലെ അവരുടെ ക്യാമ്പിലത്തെി. അവിടെ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. സൈനികരെ പോലെ മുടിവെട്ടിയവരല്ല മുടി നീട്ടിവളര്‍ത്തിയവരാണ് മിക്കവരുമെന്ന് ബിജു കണ്ടു. ഫിലിപ്പീന്‍ ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഏതോ തീവ്രവാദി ഗ്രൂപ്പിന്‍െറ ക്യാമ്പിലാണ് താനെന്ന് ബിജുവിന് മനസിലായി. അവര്‍ കാപ്പിയും ചോറും ബിജുവിന് നല്‍കി. മുറി ഇംഗ്ളീഷില്‍ നാളെ സന്ദര്‍ശകനുണ്ടെന്ന് അറിയിച്ചു.1കോടി ഡോളര്‍

അവരുടെ ക്യാപ്റ്റനായിരുന്നു സന്ദര്‍ശകന്‍. കൈാകാലുകള്‍ കെട്ടി ബിജുവിനെ അവര്‍ ക്യാപ്റ്റനു മുന്നില്‍ ഹാജരാക്കി. ഇംഗ്ളീഷില്‍ വിശദമായ ചോദ്യംചെയ്യലായിരുന്നു പിന്നെ. ബിജുവിനെ കുറിച്ച് വിശദമായി മനസിലാക്കാനുള്ള ശ്രമം. കാട്ടില്‍ മരങ്ങള്‍ക്കിടയില്‍ തൊട്ടില്‍ കെട്ടി താര്‍പായകൊണ്ട് മേല്‍ക്കൂരയിട്ട് അതില്‍ അവര്‍ ബിജുവിനെ കിടത്തി. അനങ്ങാനാവാതെ തൊട്ടിലില്‍ ദിവസങ്ങളോളം കിടപ്പു തന്നെ. അതിനിടയില്‍ ക്യാപ്റ്റന്‍ വീണ്ടും ഇന്ത്യന്‍ എംബസിയുടെ നമ്പറുമായി വന്നു. ഡയല്‍ ചെയ്ത് ബിജുവിന് നല്‍കി. എംബസി ഉദ്യോഗസ്ഥനോട് ബിജു കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഒരു കോടി ഡോളറാണ് അവരുടെ ആവശ്യമെന്ന് അറിയിച്ചു. കാര്യം ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിക്കാമെന്നും വേണ്ടതുചെയ്യാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പിന്നീട് ക്യാപ്റ്റന്‍െറ നിര്‍ബന്ധപ്രകാരം കുവൈത്തിലെ ഓഫിസിലേക്കും ബിജുവിന് വിളിക്കേണ്ടി വന്നു. അതുവഴി കുവൈത്തിലെ ജ്യേഷ്ഠനെയും കാര്യമറിയിച്ചു. ഗവര്‍ണമെന്‍റില്‍ കുടുംബത്തെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു ആവശ്യം. കൊയിലാണ്ടിയിലെ വീട്ടില്‍മാത്രം ബിജു വിളിച്ചില്ല. പ്രായമായ മാതാപിതാക്കളെ വലിയൊരു ആഘാതത്തിലേക്ക് നയിക്കാതിരിക്കാനായിരുന്നു അത്. എവിടെ നിന്നും പ്രതികരണം ഇല്ലാതായപ്പോള്‍ അവര്‍ ആവശ്യങ്ങള്‍ കുറച്ചു. പലതായി കുറഞ്ഞ അത് പത്തുലക്ഷം ഡോളറിലത്തെി. അപ്പോഴേക്കും സുലു പ്രവിശ്യയില്‍ ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബിജുവിനെ വിദേശിയായി കാണാനാവില്ളെന്നും അയാളെ സഹോദരീ ഭര്‍ത്താവായി കാണണമെന്നുമുള്ള നിലപാടായിരുന്നു നാട്ടുകാര്‍ക്ക്. എലീനയുടെ വീട്ടുകാരും ബിജുവിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പത്തിക്കൂളിലെ ഉള്‍വനത്തില്‍ തന്നെ ബിജുവുണ്ടാകുമെന്നും പ്രദേശിക ഗ്രൂപ്പാണ് ഇതിനുപിന്നിലെന്നും എലീനയുടെ അച്ഛന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.


9തലയില്ലാത്ത ദേഹങ്ങള്‍ 

പലയിടങ്ങള്‍ മാറിയുള്ള വനവാസത്തിനിടയില്‍ മോചനത്തിന് ബിജുവിന് ആദ്യ അവസരമത്തെി. ഒരുനാള്‍ ഫിലിപ്പീന്‍ സൈന്യം അവരെ തിരഞ്ഞത്തെി. തൊട്ടിലില്‍ കിടക്കുകയായിരുന്ന ബിജുവിന്‍െറ 20മീറ്റര്‍ അപ്പുറത്താണ് ആദ്യ വെടി പൊട്ടുന്നത്. ഉടന്‍  കാവലിരുന്നയാള്‍ ബിജുവിനെ തൊട്ടിലില്‍ നിന്ന് പുറത്തേക്കെടുത്തിട്ടു. ഒരു വന്‍മരത്തിന്‍െറ വേരുകള്‍ക്കിടയിലാണ് ബിജു ചെന്നുവീണത്. അനങ്ങാന്‍ പോലുമാവാത്ത അകപ്പെടല്‍. കാവല്‍ക്കാരനും ബിജുവിനു മുകളിലായി കിടന്നു. ബിജുവിനെ മറച്ചുവെക്കാനും രക്ഷപ്പെടല്‍ തടയാനുമുള്ള നീക്കമായിരുന്നു അത്. ഇരു പക്ഷവും തമ്മില്‍ മൂന്നുമണിക്കൂറിലേറെ നീണ്ട ശക്തായ വെടിവെപ്പ് നടന്നു.  മീറ്ററുകള്‍ക്കകലെ ഗ്രനേഡ് വന്നുപൊട്ടി വേരുകള്‍ ചിതറി ബിജുവിനുമേല്‍ കുമിഞ്ഞു... ചെവിയില്‍ നിന്ന് രക്തമൊഴുകി...കുറേ കഴിഞ്ഞ് മുകളിലുള്ളയാള്‍ അനങ്ങാതായതോടെയാണ് അയാള്‍ മരിച്ചുവെന്ന് ബിജു തിരിച്ചറിഞ്ഞത്. എട്ടു മണിക്കൂറോളം ഒരു ശബ്ദവും ചെവിയിലത്തെിയില്ല... സൈന്യത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ മൂന്നുപേരും മരിച്ചു. പരിക്കേറ്റുകിടന്ന ഒന്‍പതു സൈനികരുടെ തല അവര്‍ മുറിച്ചുമാറ്റി. തലയില്ലാത്ത  മൃതദേഹത്തിന്‍െറ ദൃശ്യങ്ങള്‍ കാട്ടി ബിജുവിനെ ഭീക്ഷണിപ്പെടുത്തി. സൈനികാക്രമണത്തോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. അവരുടെ സങ്കേതങ്ങള്‍ ആശയവിനിമയ രീതികള്‍  അങ്ങനെയെല്ലാം കണ്ടറിഞ്ഞ ഒരാളെന്ന നിലയില്‍ ബിജു രക്ഷപ്പെടുന്നത് തിരിച്ചടിയാവുമെന്ന് അവര്‍ ഭയന്നു. മോചനം അസാധ്യമാണെന്ന അവസ്ഥ. പ്രതികാരമെന്നോണം എലീനയുടെ വീട്ടില്‍ തീവ്രവാദികളുടെ വെടിവെപ്പുണ്ടായി. പണം കൊടുത്താല്‍ ബിജുവിനെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി
 പിന്നീട് ഇവരിലൊരു സംഘത്തിന്‍െറ പ്രതിനിധി എലീനയുടെ വീട്ടുകാരെ സമീപിച്ചു. ഇത് വലിയൊരു തര്‍ക്കത്തിലേക്ക് നയിക്കുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. നാട്ടുകാരിലൊരാളുടെ വെടിയേറ്റ് അയാള്‍ മരിച്ചു. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആ മരണത്തിനു പകരമായി ബിജുവിന്‍െറ ജീവനെടുക്കണമെന്ന് സംഘത്തിലെ ഒരു വിഭാഗം വാദിച്ചു. ക്യാപ്റ്റനത് അംഗീകരിച്ചില്ല..കാവലില്‍ നിന്ന് ആ വിഭാഗക്കാരെ മാറ്റിനിര്‍ത്തുകയും ചെയ്തു. എങ്കിലും രക്ഷപ്പെടുന്നതനിടയില്‍ വെടിവെച്ചിട്ടു എന്ന ന്യായത്തില്‍ തനിക്കുനേരെ നീളുന്ന ഒരു തോക്കിന്‍മുന എപ്പോഴും ബിജുവിനെ അലട്ടി..പിന്നീട് മാസങ്ങളോളം ബിജു പുറം ലോകവുമായി ആശയിവിനിമയം തീര്‍ത്തും നിഷേധിക്കപ്പെട്ട നിലയില്‍ പ്രതീക്ഷയറ്റ് കാടായ കാടുതോറും തൊട്ടിലില്‍ കിടന്നകിടപ്പില്‍ കഴിച്ചുകൂട്ടി.5ാം മാസം മരണവാര്‍ത്ത

വനവാസത്തിലെ അഞ്ചാംമാസത്തിലാണ് ബിജുമരിച്ചുവെന്ന് ഉറപ്പാക്കി സുലു ഗവര്‍ണ്‍മെന്‍റ് പത്രക്കുറിപ്പിറക്കിയത്. പൊലീസിലെ സാ്വധീനമുപയോഗിച്ച് തീവ്രവാദി സംഘത്തിലെ ചിലരുടെ നീക്കമായിരുന്നു ഇതെന്ന് കരുതുന്നു. ഗള്‍ഫ് മാധ്യമങ്ങളിലെല്ലാം വാര്‍ത്തവന്നു. എലീനയെ നിര്‍ബന്ധിച്ച് ഡത്തെ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പീടീക്കാന്‍ പൊലീസ് ശ്രമിച്ചു. മൃതദേഹം കാണിച്ചാലേ ഒപ്പിടൂ എന്ന് എലീന നിര്‍ബന്ധം പിടിച്ചതോടെ അവര്‍ പിന്‍വാങ്ങി. തങ്ങളുടെ നീക്കത്തില്‍ അന്താരാഷ്ത്ര പ്രതികരണം മനസിലാക്കുവാനും ഭരണകൂടത്തിനെതിരായ അവരുടെ നീക്കത്തിന് പിന്തുണ കൂട്ടാനുമുള്ള ശ്രമത്തിന്‍െറ ഭാഗമായിരുന്നു ഈ വാര്‍ത്ത ചമക്കല്‍.. പക്ഷേ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ഇന്ത്യാ ഗവര്‍ണമെന്‍റിന്‍െറ ഇന്‍റലിജന്‍സ് പക്ഷേ ബിജു ജീവനോടെ തുടരുന്നതായി മനസിലാക്കിയിരുന്നതിനാല്‍ അവിടെയും വാര്‍ത്ത ഏറ്റില്ല...മോചനം കൂടുതല്‍ അപ്രാപ്യമായതോടെ ബിജുവിന്‍െറ ദിവസങ്ങള്‍ കൂടുതല്‍ നിരാശയുടേതായി.. നാട്ടില്‍ നിന്നുള്ള ഒരുവിളിക്ക് ചെവികൊടുത്ത് മാസങ്ങള്‍ കഴിച്ചുകൂട്ടി...ശരീരം ശോഷിച്ചു..താടിയും മുടിയും വളര്‍ന്നു നിറഞ്ഞു.. കുടുംബത്തിനും സര്‍ക്കാരിനും നാടിനും നിന്നെ വേണ്ട...അതിനാല്‍ നിന്‍െറ മരണത്തില്‍ ആര്‍ക്കും ഒന്നുമില്ല എന്ന് അടിക്കടി പറഞ്ഞ് അവര്‍ ബിജുവിനെ തളര്‍ത്തി.. കത്തികൊണ്ട് ബിജുവിന്‍െറ താടിയരിയാന്‍ നോക്കി..അത് ഹറാമാണെന്ന് ആരോ വിലക്കിയതിനാല്‍ പാതിയില്‍ നിര്‍ത്തി..

നോമ്പുകാലമത്തെിയതോടെ ബിജു അവര്‍ക്കൊപ്പം നോമ്പെടുത്തു.. അവരിലൊരാള്‍ എന്ന പരിഗണന കിട്ടി..ഭക്ഷണവും അവര്‍ക്കൊപ്പമായി..ഇനി എത്രകാലം എന്ന് ഒരിക്കല്‍ ഗതികെട്ട് ബിജു കാവലിരുന്നവരോട് ചോദിച്ചു. മുറി ഇംഗ്ളീഷില്‍ ഈദിനു ശേഷം തീരുമാനമാവുമെന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ അതിലൊരാള്‍ ദയനീയമായി തന്നെ നോക്കി. അവര്‍ തമ്മിലെന്തോ അടക്കം പറഞ്ഞു. ഈദിനു ശേഷം അപകടം വരുന്നുവെന്ന് ബിജുവിന് തോന്നി..പതിനാലുമാസവും കാവലായിരുന്ന അതിലൊരാളുടെ ദയനീയനോട്ടം പിന്നീടെല്ലാ ദിവസവും ബിജുവിന്‍െറ ഉള്ളില്‍ കനലേറ്റി...കാട്ടില്‍ പലയിടത്തായി അവര്‍ക്ക് ചിലന്തിവല പോലെ കാവല്‍ വലയങ്ങളുണ്ടായിരുന്നു. ഒരു വലയം ഭേദിച്ചാല്‍ അടുത്തതിലാര്‍ക്കെങ്കിലും മുന്നിലൊടുങ്ങുമെന്ന അവസ്ഥ...10 ആഗസ്ത്

നോമ്പുതുറന്ന് ഭക്ഷണം കഴിച്ച് എല്ലാവരും മയക്കത്തിലാണ്. എന്നാലും തൊട്ടിലിനരികില്‍ ഒരാള്‍ ഉണര്‍ന്നിരിപ്പുണ്ടാവും. വെള്ളം കുടിക്കുന്നതിനാല്‍ ബിജു ഇടക്കിടക്ക് മൂത്രമൊഴിക്കാനിറങ്ങും. അന്ന് ഉണര്‍ന്നു താഴെയിറങ്ങിയപ്പോള്‍ കാവലിനൂഴമുള്ളയാള്‍ നല്ല ഉറക്കത്തിലായിരുന്നു. അയാളുടെ നിലത്തിട്ട തോക്ക് ദേഷ്യത്തില്‍ തട്ടിമാറ്റി വഴിയുണ്ടാക്കി മൂത്രമൊഴിക്കാന്‍ നടക്കുമ്പോഴും അയാള്‍ തിരിഞ്ഞു കിടന്ന് ഉറക്കം തുടര്‍ന്നു. മൂത്രമൊഴിക്കാനുള്ള ഇരിപ്പിലാണ് എല്ലാവരും പതിവിലേറെ പരീക്ഷീണരായി മയങ്ങുന്ന ഈ അവസരം എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്ന ചിന്ത മിന്നുന്നത്. ഇതാണ് നിന്‍െറ സമയം എന്ന് ആരോ മന്ത്രിച്ചതുപോലെ തോന്നി...മെല്ളെ കുറച്ചുദൂരം നടന്നു..പിന്നെ ഇരുന്നു തിരിഞ്ഞുനോക്കി...ആരും ശ്രദ്ധിക്കുന്നില്ല...വീണ്ടും കുറച്ചുദൂരം...അങ്ങനെ നീങ്ങവേ ഒരുധൈര്യത്തിന്‍െറ തള്ളലില്‍ ഓട്ടം തുടങ്ങി.. ഇരുട്ടില്‍ കൊടും വനത്തില്‍ ലക്ഷ്യമില്ലാതെ ഓട്ടം...കിടന്നുമിരുന്നും മാത്രം മാസങ്ങള്‍ തള്ളീനീക്കിയതിനാല്‍ കാല്‍ പേശികള്‍ അയഞ്ഞുതൂങ്ങിപ്പോയിരുന്നു. ഓടിപ്പോവാതിരിക്കാനുളള അവരുടെ മുന്‍കരുതല്‍...കുറച്ച് ഓടിയപ്പോഴേക്കും മസിലുകയറി വീണു. ഒരു കുഴിയിലായിരുന്നു വീഴ്ച..നിലാവെട്ടത്ത് അത് സൈനിക ട്രക്കിന്‍െറ ടയര്‍ ചളിയിലാഴ്ന്ന പാടാണെന്ന് വ്യക്തമായി..പിന്നെ ആ വഴിയില്‍ ഓട്ടം തുടര്‍ന്നു.. മരണപ്പാച്ചില്‍...ഇടക്കിടെ അടിതെറ്റി വീണു...ഒരു മരത്തില്‍ താങ്ങിനിന്ന് ഛര്‍ദിച്ചു...തലപൊളിയുന്ന വേദന...ഒന്നരമണിക്കൂറോളം ഓട്ടം തുടര്‍ന്നു.. ഇരുട്ടില്‍ ഒരാളുടെ ചുമലിലിടിച്ചാണ് വീണത്..അയാളുടെ ദേഹത്തുനിന്ന് എന്തോ താഴെ പതിക്കുന്നതറിഞ്ഞു. തീവ്രവാദികള്‍ക്കെല്ലാം ചുമലില്‍ ഗ്രനേഡുകളും മറ്റുമുള്ള ബാഗുക
ള്‍ ഉണ്ടായിരുന്നു. അത്തരമൊരു ബാഗാണ് താഴെ വീണതെന്ന് ബിജു ഉറപ്പിച്ചു. കണ്ണുകളിറുക്കിയടച്ച് അയാള്‍ മക്കളെയും എലീനയെയും മാതാപിതാക്കളെയുമോര്‍ത്തു. ഒരുവെടിയൊച്ചക്ക് കാത്തു. താടിയിലാരോ പിടിക്കുന്നതറിഞ്ഞ് ബിജു നോക്കി. മുഖം വ്യക്തമല്ല. നീ ഇന്ത്യനാണോ എന്ന് പ്രാദേശിക ഭാഷയില്‍ അയാളുടെ ചോദ്യം...പൊട്ടിക്കരച്ചിലായിരുന്നു ബിജുവിന്‍െറ മറുപടി..പിന്നെ കാര്യങ്ങള്‍ പറഞ്ഞു. അല്‍ഹംദുലില്ലാ...അയാള്‍ നെടുവീര്‍പ്പോടെ അങ്ങനെ പറഞ്ഞ് ബിജുവിന്‍െറ കൈപിടിച്ച് ഓടാന്‍ തുടങ്ങി..ഊടുവഴികളിലൂടെ വേഗമേറിയ ഓട്ടം..അയാള്‍ തന്നെയും വലിച്ച്ഓടുകയായിരുന്നു... പിന്നെ നാട്ടുവഴിയിലത്തെി....വീടുകള്‍ കാണാറായി...ഒരുപഴയ വീടിനുമുന്നിലത്തെി...ടീഷര്‍ട്ട് അഴിച്ച് അയാള്‍ താടി മറച്ചുകെട്ടി. വീടിനരികിലെ ജീപ്പിനു പിറകില്‍ അയാളുടെ കാല്‍ച്ചുവട്ടിലായി ഒതുക്കിയിരുത്തി...അയാളുടെ വിളികേട്ട് വീടിനുള്ളിലുള്ളയാള്‍ ഇറങ്ങി വന്നു...എലീന...വതാവത എന്ന് അവരുടെ സംഭാഷണത്തിനിടയില്‍ കേട്ടതോടെ അവര്‍ ഭാര്യയെയും മക്കളെയും കുറിച്ചാണ് പറയുന്നതെന്ന് ഉറപ്പായി..എലീനയുടെ കുടുംബത്തെ അറിയാവുന്നവര്‍ക്കൊപ്പമാണെന്നത് ഏറെ ആശ്വാസം നല്‍കി. തീവ്രവാദികള്‍ക്ക് തിരിച്ചേല്‍പ്പിച്ചെങ്കില്‍ കോടികള്‍ അവര്‍ക്ക് ഉപഹാരമായി ലഭിക്കുമായിരുന്നു. ഒരുമണിക്കൂര്‍ യാത്രക്കുശേഷം ജീപ്പ് നിന്നത് പ്രദേശത്തെ ബോര്‍ഡ് മെംബറുടെ വീട്ടില്‍..പുറത്ത് നിന്ന്ഫോണില്‍ സംസാരിച്ചതിനുശേഷം മെംബര്‍ ഇറങ്ങി വന്നു.തിരിഞ്ഞു നോക്കുമ്പോഴെക്കും ജീപ്പ് അകന്നു തുടങ്ങിയിരുന്നു. രക്ഷകന്‍െറ മുഖം പോലുമോര്‍ക്കാനില്ല...ഒരു നന്ദിവാക്കുപോലും പറയാനുമായില്ല...ദൈവത്തെപോലെ ഒരു മനുഷ്യന്‍... പിന്നെ സുളു പൊലീസ് സ്റ്റേഷനില്‍..അവിടെ എലീനയും മക്കളുമത്തെി...താടിനീട്ടി മെലഞ്ഞ തന്നെ മക്കള്‍ തിരിച്ചറിഞ്ഞില്ല...പിന്നീട് ശബ്ദം കേട്ട് അവരടുത്തുവന്നു....എല്ലാവരും ഒന്നിച്ച് ഉല്‍സാഹിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിച്ചു....ബ ിജു പറയുന്നുഒരു പാട് നന്ദിയുണ്ട് എല്ലാവരോടും...മൂടാടിയിലെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കാണ്...Nidheesh nadery

Sunday, August 26, 2012

ചന്ദ്രനില്‍ നിന്ന് ആരെങ്കിലും നീലിന്‍െറ ക്യാമറ കൊണ്ടുവന്നെങ്കില്‍'ഒരിക്കല്‍  ആരെങ്കിലും ചന്ദ്രനില്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടെ നഷ്ടമായ എന്‍െറ ക്യാമറയും കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്' നാസയുടെ അപ്പോളോ ദൗത്യം വ്യാജമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ച് നീല്‍ ആംസ്ട്രോങ്ങിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആകര്‍ഷകമാണ്...പക്ഷേ അതൊരിക്കലും എന്നെ ബാധിച്ചിട്ടേയില്ല' ഗാര്‍ഡിയന്‍ പ്രതിനിധിക്കു നല്‍കിയ അവസാന അഭിമുഖത്തില്‍ മനുഷ്യരാശിയുടെ വലിയ കാല്‍വെപ്പുമായി ചരിത്രത്തിലേറിയ മനുഷ്യന്‍ പറഞ്ഞു. ബഹിരാകാശവിപ്ളവങ്ങളില്‍ റഷ്യയും അമേരിക്കയും കിടമല്‍സരങ്ങളിലേര്‍പ്പെട്ട കാലത്ത് നാസയുടെ അപ്പോളോ ദൗത്യത്തിന്‍െറ വിജയം പലരീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സ്റ്റുഡിയോയില്‍ സെറ്റിട്ടു നടത്തിയ തട്ടിപ്പുനാടകമായിരുന്നു അപ്പോളോ ദൗത്യമെന്നുവരെ ആരോപണങ്ങളുയര്‍ന്നു. തുടരെ തുടരെ മനുഷ്യരെ ചന്ദ്രനിലേക്കയച്ച് നാസ ദൗത്യം തുടരുകയും ചെയ്തു. കാലമേറെക്കഴിഞ്ഞും അപ്പോളോ ദൗത്യം തട്ടിപ്പായിരുന്നെന്നു ശഠിക്കുന്നവര്‍ വാദം തുടരുമ്പൊഴും നാസയുടെ പഴയ ദൗത്യങ്ങളുടെ ശേഷിപ്പുകള്‍  ചന്ദ്രന്‍െറ മണ്ണില്‍ നിന്ന് പല പേടകങ്ങളും പകര്‍ത്തി അയക്കുകയും ചെയ്യുന്നു.


 പ്രശസ്തിയില്‍ നിന്ന് വഴിമാറി നടക്കുന്ന നീല്‍ ആംസ്ട്രോങ്ങിന്‍െറ സ്വഭാവവും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ എതിര്‍വാദങ്ങളിലെ ഇനമായിരുന്നു. ലോകത്തെയാകെ കബളിപ്പിച്ചതിന് കൂട്ടുനിന്നതിന്‍െറ കുറ്റബോധമാണ് നീലിനെ പൊതു ഇടങ്ങളില്‍ നിന്ന് അകറ്റുന്നതെന്നായിരുന്നു വ്യാഖ്യാനം. അഭിമുഖങ്ങളില്‍ അല്‍പ്പഭാഷിയായ നീല്‍ പറഞ്ഞതത്രയും ലോകം കേള്‍ക്കാന്‍ കാത്തിരുന്ന മറുപടികളായിരുന്നു. എഡ്വിന്‍ ആല്‍ഡ്രിനും മൈകേല്‍ കോളിന്‍സും താനും സഞ്ചരിച്ച അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങാന്‍ അന്‍പതുശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അത്തരത്തിലൊന്നായിരുന്നു.  എന്നാല്‍ തിരിച്ചത്തൊന്‍ 90 ശതമാനം സാധ്യതയുമുണ്ടായിരുന്നു. വിസ്മയ ഗോളത്തിന്‍െറ അരികിലത്തെി ഒരു പക്ഷേ ഇറങ്ങാതെ തിരിച്ചു പറക്കേണ്ടി വന്നിരുന്നെങ്കില്‍ നീല്‍ ആംസ്ട്രോങ് എന്ന പേര് ചരിത്രത്തില്‍ ഇത്ര തിളക്കമുള്ള മഷിയില്‍ എഴുതിച്ചേര്‍ക്കില്ലായിരുന്നു. അറുപതുകളില്‍ വിപ്ളവകരമായ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് പിന്തുണയേകിയ അമേരിക്കന്‍ ഭരണകൂടം സമീപകാലത്ത് നാസയില്‍ അത്ര പ്രതീക്ഷയര്‍പ്പിക്കാതിരിക്കുന്നത് സങ്കടകരമാണെന്നും അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ തീരുമാനമെടുക്കുന്ന നാസക്ക് ഗുണകരമാവില്ല. വൈറ്റ് ഹൗസും കോണ്‍ഗ്രസും തട്ടിക്കളിക്കുന്ന ഷട്ടില്‍കോക്കാണിപ്പോള്‍ നാസ. ഈ ബഹിരാകാശ ഏജന്‍സിയുടെ നയഗതികളില്‍ ഏറെ ഉല്‍ക്കണ്‍ഠയുണ്ട്.ചന്ദ്രനിലിറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളെക്കുറിച്ചും അവസാന അഭിമുഖത്തില്‍ നീല്‍ സംസാരിച്ചു. ഈഗ്ള്‍ പേടകത്തിന്‍െറ പൈലറ്റ് ചന്ദ്രനിലെ വലിയ ഗര്‍ത്തത്തിനരികിലൊരിടത്ത് പേടകമിറക്കാന്‍ ശ്രമിക്കുകയായിരുന്നു. 'എവിടെയാണ് ഇറങ്ങാന്‍ പര്യാപ്തമെന്ന് കമ്പ്യൂട്ടര്‍ സൂചന നല്‍കി. പക്ഷേ അതൊരു നല്ല സ്ഥലമായിരുന്നില്ല. 100-150 മീറ്റര്‍ വ്യാസമുള്ള വലിയ ഗര്‍ത്തം. വലിയ പാറക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ ചരിവുകള്‍..ഒരു തരത്തിലും താഴ്ന്നിറങ്ങാന്‍ അനുയോജ്യമല്ലാത്ത സ്ഥലം...പേടകത്തിന്‍െറ നിയന്ത്രണമേറ്റെടുത്ത് ഹെലികോപ്റ്റല്‍ ഇറക്കും പോലെ പടിഞ്ഞാറുമാറി സൗകര്യപ്രദമായ സ്ഥലത്ത് ഇറക്കുകയായിരുന്നു...'പേടകത്തിന്‍െറ ഇന്ധനം തീരാന്‍ ഇരുപതുസെക്കന്‍റ് മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഈ ലാന്‍ഡിങ്.  'ചന്ദ്രനിലിറങ്ങിയ നിമിഷങ്ങള്‍ സവിശേഷവും അവിസ്മരണീയവുമായിരുന്നു...പക്ഷേ ഞങ്ങളെ സംബന്ധിച്ച് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു...കുറേ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ഞങ്ങളവിടെ ചെന്നത്...അതിനാല്‍ ഞങ്ങള്‍ അതില്‍ മുഴുകി...'
മാനവരാശിയെ ഒന്നാകെ പുളകംകൊള്ളിച്ച ചന്ദ്രനിലെ ആദ്യ മനുഷ്യ സന്ദര്‍ശനത്തിന്‍െറ കഥ ഏറെ അത്ഭുതാവേശത്തോടെ കാലം പുതു തലമുറക്ക് കൈമാറുന്നു. നെറ്റിചുളിക്കുന്നവര്‍ വീണ്ടും പുതിയ കാല്‍വെപ്പുകള്‍ കാണുമ്പോള്‍ ചുളിവു നിവര്‍ത്തിക്കൊണ്ടിരിക്കുന്നു....അന്യഗോളത്തിന്‍െറ മാറില്‍ ആദ്യ കാല്‍പ്പാദം വെച്ച ചരിത്ര മനുഷ്യന്‍ ഓര്‍മയായിരിക്കുന്നു... പഞ്ഞിക്കെട്ടുപോലെ ചന്ദ്രന്‍െ മണ്ണില്‍ നീങ്ങിയ ആ ചുവടുകള്‍ പക്ഷേ ചരിത്രത്തിനൊപ്പം നില്‍ക്കാതെ നടന്നുകൊണ്ടിരിക്കും.....

Thursday, August 9, 2012

ചൊവ്വയിലെ നമ്മുടെ ആകാംക്ഷ


ചൊവ്വ എന്നും നമ്മുടെ ആകാംക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്തിയ ഗ്രഹം തന്നെയായിരുന്നു. സൗരയൂഥത്തില്‍ വേറെയും അംഗങ്ങളുണ്ടെങ്കിലും  നമ്മുടെ ശാസ്ത്രാന്വേഷണങ്ങളില്‍ ചൊവ്വക്ക് മുന്‍ഗണനയുണ്ടായിരുന്നു. ഭൂമിയെപ്പോലെതന്നെ ജീവന്‍ എന്ന അദ്ഭുത പ്രതിഭാസത്തിന് അരങ്ങാകാന്‍ സകല സാധ്യതകളും ഉള്ള ഗ്രഹം എന്ന നിലക്കാണ് ചൊവ്വ നമ്മുടെ അന്വേഷണങ്ങളെ ത്രസിപ്പിച്ചത്.  1960 മുതല്‍ക്കുതന്നെ ചൊവ്വാദൗത്യങ്ങളുമായി നിരവധി പര്യവേക്ഷണ പേടകങ്ങള്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.  ചൊവ്വയെ വലംവെച്ചും ചൊവ്വോപരിതലത്തിലിറങ്ങിയും സഞ്ചരിച്ചുമെല്ലാം ഗ്രഹത്തെ തൊട്ടറിയാനുള്ള ദൗത്യങ്ങളുമായി സോവിയറ്റ് യൂനിയനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സജീവമായി.  മനുഷ്യനെ നേരിട്ടയച്ച് ചൊവ്വയെ അറിയുകയെന്ന പരമപ്രധാന ദൗത്യത്തിലേക്കുള്ള ചുവടുകള്‍തന്നെയായിരുന്നു ഈ ദൗത്യങ്ങളോരോന്നും.  അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ തന്നെയായിരുന്നു ചൊവ്വാദൗത്യങ്ങളുമായി കൂടുതല്‍ സജീവമായത്. മറൈനര്‍, വിക്കിങ്, മാര്‍സ് ഒബ്സര്‍വര്‍ തുടങ്ങിയ ആദ്യകാല ദൗത്യങ്ങളൊന്നും വേണ്ടത്ര പച്ചപിടിച്ചില്ല. ചൊവ്വോപരിതലത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തരുന്നത് നാസയുടെ ഗ്ളോബല്‍ സര്‍വേയര്‍(1996-1997) ആയിരുന്നു. ചൊവ്വയെ ഭ്രമണംചെയ്തുകൊണ്ട് ഉപരിതലം, അന്തരീക്ഷം, ആന്തരിക ഘടന എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയാണ് ഈ ദൗത്യമവസാനിച്ചത്. പിന്നീട് പാത്ത് ഫൈന്‍ഡര്‍ എന്ന റോബോട്ടിക് വാഹനമാണ് (1996-97) ചൊവ്വയിലിറങ്ങി നിരവധി പരീക്ഷണങ്ങളും ചിത്രങ്ങളുമായി ചൊവ്വയെ അറിയാന്‍ സഹായിച്ചത്. പിന്നീട് പരാജയപ്പെട്ട നിരവധി ശ്രമങ്ങള്‍ക്കുശേഷം ഫിനിക്സ് (2007) വരുന്നു. ചൊവ്വയില്‍ മൂന്നുമാസത്തെ താമസത്തിനിടയില്‍ ചൊവ്വോപരിതലത്തിലെ ഐസ് പരലുകളുടെ സാന്നിധ്യം വിളിച്ചുപറയുകയായിരുന്നു ഫിനിക്സ്. 


നാസയുടെ പല ദൗത്യവാഹനങ്ങളും ചൊവ്വയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍സ് ഒഡീസി(2001) ചൊവ്വയെ വലംവെച്ച് ഇപ്പോഴും വിവരങ്ങള്‍ കൈമാറുന്നു.  ഓപ്പര്‍ച്യൂനിറ്റി, സ്പിരിറ്റ് (2003) എന്നീ റോവറുകള്‍ ഇപ്പോഴും സജീവമായി ചൊവ്വയുടെ മണ്ണില്‍ പഠനം തുടരുകയാണ്. ചൊവ്വയുടെ പുരാതന കാലാവസ്ഥയെക്കുറിച്ചും ഭൗമശാസ്ത്രത്തെക്കുറിച്ചുമാണ് അവ പഠിക്കുന്നത്. ചൊവ്വയുടെ ഉള്‍പ്പാളികളിലെ ജലസാന്നിധ്യം ചികയുന്ന മാര്‍സ് എക്സ്പ്രസ് (2003) നിരീക്ഷണങ്ങളുമായി ഭ്രമണം തുടരുകയാണ്. ചൊവ്വോപരിതലത്തിന്‍െറ സൂക്ഷ്മമായ ചിത്രങ്ങളൊപ്പിയെടുക്കാന്‍ മാത്രം ശേഷികൂടിയ കാമറകളുമായി മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (2005) സജീവമാണ്. പല ദൗത്യങ്ങള്‍ ചൊവ്വയെ സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളുമായി ക്യൂരിയോസിറ്റിയും വന്നിറങ്ങിയത്.
ചൊവ്വയിലെ വലിയ ഗര്‍ത്തങ്ങളിലൊന്നായ ഗേല്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി താഴ്ന്നിറങ്ങിയത്.  മാര്‍സ് സയന്‍സ് ലബോറട്ടറി എന്നാണ് ദൗത്യത്തിന്‍െറ ഒൗദ്യോഗിക നാമം. ആറു ടയറുകളുമായി ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ താഴ്ന്നിറങ്ങിയതും സവിശേഷമായ ആകാശ ലാന്‍ഡിങ് ശാസ്ത്രചരിത്രത്തില്‍ കൂട്ടിച്ചേര്‍ത്തായിരുന്നു. ചൊവ്വക്ക് ഏഴ് കിലോമീറ്റര്‍ മുകളില്‍വെച്ച് പേടകത്തില്‍നിന്നു പുറത്തുവന്ന് ആകാശക്രെയിന്‍ വഴിയായിരുന്നു ക്യൂരിയോസിറ്റിയുടെ താഴ്ന്നിറക്കം. ശക്തമായ ലോഹവയറുകളില്‍ തൂങ്ങിയുള്ള സുരക്ഷിതമായ ലാന്‍ഡിങ്.

നിരവധി സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്നുപോയ ഈ ലാന്‍ഡിങ്ങില്‍ പിഴവുവരാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. സംഭ്രമത്തിന്‍െറ നിമിഷങ്ങള്‍ എന്ന ഈ ഘട്ടം വിജയകരമായതോടെ ക്യൂരിയോസിറ്റി ഗേല്‍ ഗര്‍ത്തത്തിലെ പരീക്ഷണനാളുകള്‍ക്കായി സര്‍വസജ്ജമാവുകയായിരുന്നു. മറ്റുള്ള റോവറുകളെ അപേക്ഷിച്ച് നിരവധി പരീക്ഷണ ഉപകരണങ്ങളുടെ നിരതന്നെയുണ്ട് ക്യൂരിയോസിറ്റിയില്‍. രണ്ടുവര്‍ഷത്തെ ചൊവ്വാദൗത്യത്തിനിടയില്‍ അന്തരീക്ഷ ചരിത്രം കാര്യമായി പഠനവിധേയമാക്കി ജീവന്‍ നിലനിന്ന ഏതെങ്കിലും കാലഘട്ടം ചൊവ്വയിലുണ്ടായിരുന്നോ എന്ന അന്വേഷണംകൂടി നടത്തും ഈ റോവര്‍.  ജീവന്‍ സാധ്യമാക്കിയിരുന്നതോ സാധ്യമാക്കുന്നതോ ആയ ഘടകങ്ങള്‍ ചൊവ്വയിലുണ്ടോ എന്നതാണ് ഈ സഞ്ചരിക്കുന്ന പരീക്ഷണ വാഹനത്തിന്‍െറ നിരീക്ഷണപരിധിയില്‍ വരുന്നത്. ഗേല്‍ ഗര്‍ത്തത്തിലെ മണ്ണടരുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ചികയുന്ന പരീക്ഷണങ്ങളുമായി ക്യൂരിയോസിറ്റി ഇനി സജീവമാകും. ഏറ്റവുമൊടുവില്‍ ചൊവ്വോപരിതലത്തിലിറങ്ങുന്നതിന് 2.5 മിനിറ്റ് മുമ്പുള്ള നിമിഷങ്ങളുടെ കളര്‍ ചിത്രവും വീഡിയോയും ക്യൂരിയോസിറ്റി ഭൂമിക്കു കൈമാറിയിരിക്കുന്നു. ചുവന്ന ഗ്രഹത്തിന്‍െറ പലകോണുകളില്‍ മനുഷ്യന്‍െറ ആകാംക്ഷകളുടെ ദൗത്യങ്ങള്‍ തുടരുകയാണ്. കുര്യോസിറ്റിയും അതില്‍ പങ്കുചേര്‍ന്നിരിക്കുന്നു. ചൊവ്വയുടെ ജൈവരഹസ്യങ്ങളുടെ പുതുവിവരങ്ങള്‍ ഇനിയും ഭൂമിയെ തേടി വരാനിരിക്കുന്നു.