Tuesday, January 21, 2014

അറുപതിന്‍െറ കായകല്‍പ്പം....


പുതൂരിലെ ചായക്കടയില്‍ ഒരു വൈകുന്നേരമിരിക്കുന്നു.. ചായക്കടയുടെ വാതില്‍ക്കല്‍ വന്ന ഒരാള്‍ ഒരു ഇലപ്പൊതി കടക്കാരന്‍ പൊന്നുച്ചാമിയണ്ണനു നല്‍കുന്നു. അയാളുടെ കണ്ണില്‍ നിധി കിട്ടിയവന്‍െറ തെളിച്ചം.. . ധൃതിയില്‍ പൊതി തുറന്നു നോക്കുന്നു.... ഞങ്ങളുടെ കണ്ണുകളും ആ പൊതിയിലേക്ക് തന്നെ സ്വാഭാവികമായും നീളുന്നു... ഉണങ്ങിയൊട്ടി ചുരുണ്ടു ചേര്‍ന്നു കിടക്കുന്ന എന്തോ വേരുകള്‍....അയാളത് മേശയില്‍ ഭദ്രമായി വെക്കുന്നു....കൊണ്ടുനല്‍കിയ ആള്‍ക്ക് നണ്‍ട്രിയുടെ വലിയ പരവേശങ്ങള്‍ തന്നെ സമ്മാനിച്ച് യാത്രയാക്കുന്നു...പിന്നെയും തുറന്നു നോക്കുന്നു....നിര്‍വൃതിയടയുന്നു....ഞങ്ങളില്‍ അടുത്ത സ്വാഭാവിക നീക്കം നടക്കുന്നു....

അത് എന്ത് അണ്ണാ....

അതോ....പെരിയ മെഡിസിന്‍....ശത്ത് പോയവറും ഉയിരോടെ എഴ്ന്തിടും.....

അയാള്‍ സമാവറില്‍ നിന്ന് തിളച്ച വെള്ളമെടുത്ത് ഗ്ളാസിലാക്കി അതിവേഗമത്തെി....പൊതി തുറന്ന് ഉണക്കച്ചെമ്മീന്‍ പോലെ ഒട്ടിയ ശുഷ്കിച്ച ചെടിയുടെ ഒരു കഷണമെടുത്ത് അതിലിട്ടു...
ഏതാനും നിമിഷങ്ങള്‍... ചെടി വാര്‍ധക്യം വിട്ട് യൗവനത്തിലേക്കെന്ന പോലെ ഗ്ളാസില്‍ തളിര്‍ക്കാന്‍ തുടങ്ങി... ഉണങ്ങിയൊട്ടിയ രൂപം പടം പൊഴിച്ചിട്ട് നറുപച്ചയുടെ ചില്ലകളുമായി അത് ഗ്ളാസിലെ തിളച്ച വെള്ളത്തില്‍ നിറഞ്ഞു വളര്‍ന്നു....ചെടിയുടെ ഹരിത യൗവനം....

ഗരുഡപ്പച്ച.... റിസറക്ഷന്‍ പ്ളാന്‍റ് ....അതേ.... -കൂടെയുണ്ടായിരുന്ന ഡോ. ദിലീപ്കുമാര്‍ പറഞ്ഞു...
ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍െറ സസ്യം... കിട്ടാനില്ല ഈ സാധനം...ഉള്‍ക്കാട്ടില്‍ പാറകളില്‍ പറ്റിപ്പിടിച്ചു വളരും... ആളിന് അപരനുണ്ട്... സംഭവം റേയറായതിനാല്‍ പലരും അപരനെ മരുന്നില്‍ ചേര്‍ത്ത് നിര്‍വൃതിയടയും... ഇതിന്‍െറ യാതൊരു ഗുണവുമില്ല താനും....

ക്രമേണ ഗ്ളാസിലെ ജലം ഇളം മഞ്ഞയായി പിന്നെ ഇളം പച്ചയിലേക്ക് സംക്രമിക്കാന്‍ തുടങ്ങി....
പൊന്നുച്ചാമി ആ വെള്ളം മുഴുവന്‍ കുടിച്ചു.... അറുപതിന്‍െറ കായകല്‍പ്പം....