Thursday, June 17, 2010

കാറ്റില്‍ തുണിയിഴ  പോലെ തിരമാല
ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ

ലോകത്തെ ഏറ്റവും വേഗം കുറഞ്ഞ വീഡിയോ ചിത്രം കാണാം.സൌത്ത് പസഫിക് എന്ന ഡോക്യുമെന്ററിക്കു വേണ്ടി ബി.ബി.സി പ്രവര്‍ത്തകര്‍ പകര്‍ത്തിയ തിരമാലയുടെ ചലനമാണിത്.ഒരു ലക്ഷം ഡോളര്‍ വിലയുള്ള നൂതന HD ക്യാമറ ഉപയോഗിച്ചാണ് ലോക ചരിത്രത്തിലെ വേഗം കുറഞ്ഞ ഷോട്ട് പകര്‍ത്തിയിരിക്കുന്നത്.ഒരു ഗ്രാഫിക് ചിത്രം പോലെ വിസ്മയിപ്പിക്കുന്ന വീഡിയോ link താഴെ.പകര്‍ത്തിയ HD4 ക്യാമറയുടെ ചിത്രവും കൂടെയുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം പകുതിയാണ് ഏറെ ഹൃദ്യം
http://www.youtube.com/watch?v=7BOhDaJH0m4

Tuesday, June 15, 2010


ചാന്ദ്ര ജലാംശം
അളന്നതിനേക്കാള്‍ നൂറു മടങ്ങധികം

കണ്ടെത്തിയതൊന്നുമായില്ല, ചന്ദ്രനിലെ ജലകേളി കാണാനിരിക്കുന്നേയുള്ളൂ. ഇതുവരെയുള്ള ശാസ്ത്രനിഗമനങ്ങളേക്കാള്‍ നൂറു മടങ്ങ് ജലാംശം ചന്ദ്രനിലുണ്ടെന്ന്  നാസ നേതൃത്വം നല്‍കിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. അമേരിക്കയിലെ മഹാതടാകങ്ങളിലുള്ള ജലസമ്പത്തിന്റെ രണ്ടര മടങ്ങ് അധികം വരും ചാന്ദ്രജലാംശത്തിന്റെ വ്യാപ്തമെന്നാണ് പുതിയ നിഗമനം. ധാതുക്കള്‍ക്കിടയില്‍ അകപ്പെട്ട ജലാംശം മുഴുവന്‍ ശേഖരിക്കാനായെങ്കില്‍ അത് ചന്ദ്രോപരിതലത്തെ ഒരു മീറ്ററോളം കനത്തില്‍ മൂടാവുന്നത്രയുണ്ടാവുമെന്ന് ഗവേഷകര്‍ വിശദമാക്കുന്നു.അമേരിക്കയിലെ കാര്‍നേജി ശാസ്ത്ര കോന്ദ്രത്തിലെ ഫ്രാന്‍സിസ് മക് കുബിനും സംഘവും ചാന്ദ്രശിലാവശിഷ്ടങ്ങളില്‍ നടത്തിയ പഠനമാണ് നിഗമനങ്ങളെ മാറ്റിമറിക്കുന്നത്. അപ്പോളോ ദൌത്യങ്ങളില്‍ ശേഖരിച്ച സാമ്പിളുകളും ചന്ദ്രനില്‍ നിന്നുണ്ടായി ഭൂമിയില്‍ കോടിക്കണക്കിന് വര്‍ഷം മുന്‍പ് പതിച്ചതെന്ന് കണക്കാക്കുന്ന ഉല്‍ക്കയുമാണ് പഠനവിധേയമാക്കിയത്.ഇവയിലെ ഹൈഡ്രോക്സില്‍ ഗ്രൂപ്പിനെയും(ഒരു ഹൈഡ്രജന്‍ ഓക്സിജന്‍ സംയുക്തം.ജലസാനിധ്യത്തിന്റെ സൂചന തരുന്നു) ജലാംശം വഹിക്കുന്ന അപ്പറ്റെറ്റ് എന്ന ഫോസ്ഫറസ് ധാതുവിനെയും കേന്ദ്രീകരിച്ചായിരുന്നു പഠനം. നൂറു കോടിയില്‍ ഒരു ഭാഗം(parts per billion) അളവില്‍ മൂലകങ്ങളെ തിട്ടപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്തി.ഉല്‍പ്പത്തിസമയത്ത് ചുട്ടു പഴൂത്ത മാഗ്മയായിരുന്ന(ഉരുകിയ ശിലാവസ്ഥ) ചന്ദ്രന്‍ തണുത്തപ്പോള്‍ എങ്ങിനെയാണ് പദാര്‍ഥങ്ങള്‍ ഉറഞ്ഞുകൂടിയതെന്ന് വ്യക്തമാക്കുന്ന മാതൃകകളുമായി പരീക്ഷണ ഫലങ്ങള്‍ ചേര്‍ത്തുവച്ചാണ് നിഗമനത്തിലെത്തിയത്.

പിറവിയില്‍ ചേര്‍ന്ന ജലം
450 കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ ചൊവ്വയോളം പോന്ന ആകാശവസ്തു പതിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ പിറവിയെടുത്തതെന്നാണ് ശാസ്ത്രസങ്കല്‍പം. ചിതറിത്തെറിച്ച അവശേഷിപ്പുകള്‍ ചേര്‍ന്ന് ചന്ദ്രന്‍ രൂപപ്പെടുകയായിരുന്നു.ചന്ദ്ര മാഗ്മാ സമുദ്രമെന്ന ചുട്ടുപഴൂത്ത ഈ പദാര്‍ഥസഞ്ജയം തണുക്കുന്നതിനിടയില്‍ കുറേ ജലം ബാഷ്പമാവുകയും ബാക്കിയുള്ളവ ഉറയുന്ന ധാതുക്കള്‍ക്കിടയില്‍ അകപ്പെട്ട് ഹൈഡ്രോക്സില്‍ രൂപത്തില്‍ സംരക്ഷിക്കപ്പെടുകയായിരുന്നു.
ഇല്ലാതായെങ്കിലും ചന്ദ്രനിലെ ഹൈഡ്രോക്സില്‍ സാനിധ്യം തെളിവുസഹിതം വിളിച്ചു പറഞ്ഞ നമ്മുടെ ചാന്ദ്രയാന് നന്ദി പറയാം. അതിലേക്ക് ശാസ്ത്രം പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

Tuesday, June 1, 2010

സ്തനാര്‍ബുദത്തിന് ഫലപ്രദ
വാക്സിന് സാധ്യത തെളിയുന്നു

സ്തനാര്‍ബുദത്തിനെതിരായ ഫലപ്രദമായ വാക്സിന് സാധ്യത തെളിയുന്നു. അമേരിക്കയില്‍ ക്ലെവ് ലാന്റ് ക്ലിനിക്കിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ശുഭസൂചന തരുന്നു. മനുഷ്യരില്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദ സാധ്യതയേറിയ നാല്‍പ്പതു കഴിഞ്ഞ സ്ത്രീകള്‍ക്ക് മുന്‍കരുതലായി ഈ കുത്തിവെപ്പ് നല്‍കാന്‍ കഴിയും.
സ്തനാര്‍ബുദ കോശങ്ങളിലും മുലയൂട്ടുന്ന സ്ത്രീകളുടെ പാലുല്‍പ്പാദന കോശസമൂഹങ്ങളിലും കണ്ടുവരുന്ന  ആല്‍ഫാ ലാക്റ്റാല്‍ബുമിന്‍ എന്ന പ്രോട്ടീനിനെതിരെ തിരിയാന്‍ ഈ കുത്തിവെപ്പ് പ്രതിരോധസംവിധാനത്തെ പ്രാപ്തമാക്കമെന്ന് കരുതുന്നു. ഭാവിയില്‍ മുലയൂട്ടാന്‍ സാധ്യതയില്ലാത്ത സ്ത്രീകളില്‍ മാത്രമേ ഇതു നല്‍കാന്‍ കഴിയൂ. വൈദ്യശാസ്ത്ര ജേര്‍ണ്‍ലായ നാച്ച്വറിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളുമായി സാമ്യത  പുലര്‍ത്തുന്നതിനാല്‍ ഇവക്കെതിരായ കുത്തിവെപ്പ് വികസിപ്പിക്കുന്നത് സങ്കീര്‍ണമായ ദൌത്യമായിരിക്കും.  പത്ത് മാസത്തിനകം സ്തനാര്‍ബുദത്തിന് സാധ്യതയുള്ള എലികളില്‍ ആല്‍ഫാ ലാക്റ്റാല്‍ബുമിനില്‍ നിന്ന് നിര്‍മിച്ച വാക്സിനും പ്രതിരോധ സംവിധാനത്തെ ഇതിനോട് പ്രതികരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേക രാസവസ്തുവും അടങ്ങിയ കുത്തിവെപ്പ് നല്‍കി. ആറുമാസത്തിനുശേഷം പരീശോധിച്ചപ്പോള്‍ ഇവയില്‍ സ്തനാര്‍ബുദത്തിന്റെ യാതൊരു അടയാളങ്ങളും ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല.
നൂറു ശതമാനം പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ് സ്തനാര്‍ബുദമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ വിന്‍സെന്റ് ത്യൂഹി പറയുന്നു.ഹോര്‍മോണ്‍ വ്യതിയാനവും ജനിതക കാരണങ്ങളും മദ്യപാനവും പുകവലിയുമെല്ലാം സ്തനാര്‍ബുദത്തിനു വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.