Thursday, May 27, 2010

ഗാലക്സികള്‍ ഉരയുന്നു
തമോഗര്‍ത്തങ്ങള്‍ ഉത്തേജിതമാവുന്നു

തമോഗര്‍ത്തങ്ങളില്‍  ചെറുവിഭാഗം അതിഭീമമായ അളവില്‍ ഊര്‍ജം പുറത്തുവിടുന്നതിനു പിന്നിലെ രഹസ്യം പതിറ്റാണ്ടുകളായി ജ്യോതിശാസ്ത്രകാരന്‍മാരുടെ സമസ്യയായിരുന്നു. പ്രപഞ്ചസര്‍വേ തുടരുന്ന നാസയുടെ സ്വിഫ്റ്റ് ഉപഗ്രഹം നല്‍കിയ വിവരങ്ങള്‍ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു. ഗാലക്സികള്‍ തമ്മിലുരയുമ്പോഴാണ് അവയിലെ തമോഗര്‍ത്തങ്ങള്‍ ഉത്തേജിക്കപ്പെട്ട് ഉന്നത ഊര്‍ജാവസ്ഥയിലെത്തുന്നതെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. സൂര്യനെക്കാള്‍ പത്തുകോടിയിലധികം മടങ്ങ് പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ക്കരികിലെ ഗാലക്സി കേന്ദ്രങ്ങളില്‍ നിന്നാണ് തീവ്രമായ ഊര്‍ജ പ്രവാഹമുണ്ടാവുന്നത്. ഇത്തരത്തിലുള്ള ചില ഉത്തേജിത ഗാലക്റ്റിക്കല്‍ കേന്ദ്രങ്ങളാണ് (Active Gallectical Nuclei) പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശിക്കുന്ന വസ്തുക്കള്‍.സ്വിഫ്റ്റില്‍ സജ്ജമാക്കിയ ബേസ്റ്റ് അലര്‍ട്ട് ടെലസ്കോപ്പ് (BAT) ഘന എക്സ് റേ കിരണങ്ങള്‍ ഉപയോഗിച്ച് 2004 മുതല്‍  തുടങ്ങിയ പ്രപഞ്ച മാപ്പിംഗ് പ്രക്രിയയിലാണ് പുതു വിവരം ലഭ്യമായത്.ഉത്തേജിത ഗാലക്റ്റിക്കല്‍ കേന്ദ്രങ്ങള്‍ ആധാരമാക്കിയുള്ള സര്‍വ്വേയില്‍ നിരവധി പുതിയ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി.തമ്മില്‍ ചേര്‍ന്നു തുടങ്ങിയതോ അടുത്തു നില്‍ക്കുന്നതോ ആയ ഗാലക്സികളാണ് ബാറ്റ് നിരീക്ഷിച്ചത്.ഇതില്‍ അറുപത് ശതമാനവും അടുത്ത നൂറുവര്‍ഷത്തിനകം മുഴൂവനായി ചേരുമെന്നാണ് കണക്കാക്കുന്നത്.

Saturday, May 22, 2010

കൃത്രിമജീവകോശം;
സാധ്യതകള്‍ ആശങ്കകള്‍


സാധ്യതകളുടെയും ആശങ്കകളുടെയും ജാലകമാണ് അമേരിക്കയിലെ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിട്ടിരിക്കുന്നത്. മനുഷ്യനിര്‍മ്മിത ജനിതകഘടന ഒരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയൊരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയുമെന്ന വെളിപ്പെടുത്തല്‍ ലോകം ആശ്ചര്യത്തോടെയാണ് ഉള്‍ക്കൊണ്ടത്. ക്രെയ്ഗ് വെന്റര്‍ എന്ന വിയററ്നാം ജനിതകശാസ്ത്രകാരന്‍ 15 വര്‍ഷത്തോളമായി കാത്തുവെച്ച സ്വപ്നമായിരുന്നു ഒരു ജനിതകഘടന പുനര്‍സൃഷ്ടിച്ച് കൃത്രിമജീവകോശത്തിന് രൂപം നല്‍കുകയെന്നത്.മനുഷ്യനിര്‍മ്മിത ഡി എന്‍ എ നയിക്കുന്ന ജീവന്‍ പരീക്ഷണശാലയില്‍ തയാറായെന്ന് ലോകത്തെ അറിയിക്കുമ്പോള്‍ ക്രെയ്ഗിനും കൂട്ടര്‍ക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു. കൂടുവിട്ട് കൂടുമാറുന്നത് പോലെ എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു. സ്വഭാവം എന്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയുന്ന സൂഷ്മജീവികള്‍ പിറവിയെടുക്കുന്നതോടെ പല മേഖലകളിലും പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ സൂഷ്മജീവികളെ സൃഷ്ടിക്കാനുള്ള വെന്ററിന്റെ ശ്രമം തീര്‍ത്തും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിറുത്തിയാണെന്ന് വിമര്‍ശകര്‍ മുറുമുറുക്കുന്നുണ്ട്.കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഇന്ധനമായി മാറ്റാന്‍ കഴിയുന്ന ആല്‍ഗകളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വെന്ററും സംഘവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. എക്േസാണ്‍ മൊബൈല്‍ എന്ന ഓയില്‍ കമ്പനിയുമായി ഇതിന് കരാറായി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഊഹങ്ങള്‍ക്കപ്പുറത്തെ ഡോളര്‍ ചെലവഴിച്ചുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ത്തും ഇഷ്ടമില്ലാത്തത് ഒഴിവാക്കിയും  ജനിതകഘടനയെ പുനര്‍നിര്‍മ്മിച്ച് വ്യാവസായിക പ്രാധാന്യമുള്ള സൂഷ്മജീവികളെ സൃഷ്ടിക്കാനാവുമെന്നത് സിദ്ധാന്തം മാത്രമായിരുന്നു ഇന്നലെവരെ. ഈ പരീക്ഷണത്തോടെ അത് പ്രയോഗ തലത്തിലെത്തുന്നു^ക്രെയ്ഗ് പറയുന്നു.പുതിയ ഡി എന്‍ എ സോഫ്റ്റ്വെയര്‍ മാറ്റിവെക്കുന്നതോടെ കോശം അതിനെ കൃത്യമായി അപഗ്രഥിക്കാന്‍ തുടങ്ങുന്നു.പിന്നീട് തീര്‍ത്തും പുതിയ ഒരുപറ്റം  പ്രോട്ടീന്‍ ശൃംഖലക്ക് രൂപം നല്‍കാന്‍ തുടങ്ങുന്നു.കുറച്ചുസമയത്തിനകം നേരത്തെ ആ കോശത്തിനുണ്ടായിരുന്ന എല്ലാ സ്വഭാവസവിശേഷതകളം അപ്രത്യക്ഷമാവുന്നു. അത് പുതിയ ജൈവരൂപമായി പരിണമിക്കുന്നു.ഇത് അത്ഭുതകരമായിരുന്നു.^ക്രെയ്ഗ് വിശദമാക്കുന്നു.
അതേ സമയം ആശങ്കകളും പരക്കുന്നുണ്ട്. പുതിയ പ്രവണത വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകൃത്യാലല്ലാതെ പരിണമിക്കുന്ന ജൈവരൂപങ്ങള്‍ ലോകത്തിനു ചേരില്ലെന്നും വാദമുണ്ട്. ആക്രമണകാരികള്‍ക്ക് ജൈവായുധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇത് വഴിതെളിക്കുമെന്നും  ആശങ്കയുണ്ട്. പരീക്ഷണശാലകളില്‍ നിന്ന് കൃത്രിമജീവികള്‍ പുറത്തെത്താതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് വെന്റര്‍ പറയുന്നു. തീര്‍ച്ചയായും സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ്  ഇത്. ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ പരമ പ്രധാനം ^അദ്ദേഹം പറയുന്നു. പുതിയ മരുന്നുകള്‍ രൂപപ്പെടുത്തുന്നതിലും കുത്തിവെപ്പുകള്‍ വികസിപ്പിക്കുന്നതിലും ഈ സങ്കേതം ഉപയോഗപ്പെടും. മലിനജലം ശുദ്ധീകരിക്കുന്ന സൂഷ്മജീവികളെ രൂപപ്പെടുത്തുവാനും കഴിഞ്ഞേക്കും. ഹാനികരമായ രാസവസ്തുക്കളെ ഭക്ഷിച്ച് ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ജീവികളെ സൃഷ്ടിക്കാന്‍ ഈ സങ്കേതം ഇനിയും വികസിക്കേണ്ടതുണ്ട്. ശാസ്ത്രഭാവനകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന  പുതുയുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് വെന്റര്‍ പറയുന്നു.

Friday, May 21, 2010

ശാസ്ത്രം വീണ്ടും വിസ്മയിപ്പിക്കുന്നു 
ആദ്യ കൃത്രിമ ജീവകോശം

വാഷിംഗ് ടണ്‍; ശാസ്ത്ര ലോകത്തിനു മറ്റൊരു നിര്‍ണായക വഴിത്തിരിവായി ആദ്യ കൃത്രിമ ജീവകോശം സൃഷ്ടിച്ചു.അമേരിക്കന്‍ ഗവേഷകര്‍ ഒരു ബാക്ടീരിയയുടെ ജനിതക സോഫ്ട്വെയര്‍ നിര്‍മ്മിച്ച് മറ്റൊരുകോശത്തില്‍ ചേര്‍ത്തുവെക്കുകയായിരുന്നു. മനുഷ്യന്‍ ജനിതക ഘടന നല്‍കിയ ഈ ജീവകോശം കൃംത്രിമ ഡി എന്‍ എ യുടെ പിന്‍ബലത്തില്‍ ജീവന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൃത്രിമ ജീവികളുടെ സൃഷ്ടിയിലേക്ക്  ഈ കണ്ടെത്തല്‍ നയിക്കുമെന്നും അത് ലോകത്തിന് ദോഷം ചെയ്യുമെന്നും വിമര്‍ശനമുയരുന്നുണ്ട്.യീസ്റ്റ്, രാസവസ്തുക്കള്‍,കമ്പ്യൂട്ടര്‍ എന്നിവയുടെ സവിശേഷ വിന്യാസത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് ഗവേഷകര്‍ പറയുന്നു.ആടുകളില്‍ കാണപ്പെടുന്ന പ്രത്യേക സൂഷ്മജീവിയൂടെ ഡി എന്‍ എ അപഗ്രഥിച്ച് അവയുടെ ശൃംഖലകള്‍ക്കു സമാനമായ ഘടകങ്ങള്‍ രാസവസ്തുക്കളില്‍ നിന്ന് തയാറാക്കുകയായിരുന്നു.പിന്നീട് ഇവ യീസ്റ്റില്‍ കലര്‍ത്തി.അവ പരസ്പരം ഒട്ടിച്ചേര്‍ന്ന് യഥാര്‍ഥ ഡി എന്‍ എയുടെ കൃത്രിമ പതിപ്പ് രൂപപ്പെടുകയായിരുന്നു.പിന്നിട് ,ഇത് മറ്റൊരു ബാക്ടീരിയയില്‍ വളര്‍ന്ന് വിഭജിച്ച് രണ്ട് രണ്ട് കോശങ്ങളായി കൃത്രിമ ഡി എന്‍ എയുമായി ഒരു കോശവും യഥാര്‍ഥ ഡി എന്‍ എയുമായി മറ്റൊന്നും.ഗവേഷകര്‍ പിന്നീട് യഥാര്‍ഥ കോശങ്ങളെ നശിപ്പിച്ച് കൃത്രിമ കോശത്തെ വിഭജിക്കാന്‍ അനുവദിച്ചു.മണിക്കൂറുകള്‍ക്കകം കൃത്രിമകോശങ്ങളുമായി സൂഷ്മജീവികള്‍ പിറവിയെടുത്തു.എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു.

Sunday, May 16, 2010

ഹിമാലയത്തിലെ തിബത്തന്‍ മാര്‍ക്കെന്താ പ്രത്യേകത?




ഹിമാലയ പര്‍വ്വതത്തിന്റെ നാലായിരത്തോളം മീറ്റര്‍ ഉയരത്തില്‍ തിബത്തുകാര്‍ സ്വസ്ഥജീവിതം നയിക്കുന്നു.ഓക്സിജന്‍ കുറഞ്ഞ ഈ ഉയരങ്ങളില്‍ അള്‍ട്ടിറ്റ്യൂഡ് സിക്ക്നെസ് എന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിടേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് ഇവര്‍ അത്ഭുതമായിരുന്നു. തിബത്തുകാരുടെ ഉയരങ്ങളിലെ അതീജീവനരഹസ്യമെന്താണെന്ന് പുറത്തായിരിക്കുന്നു.ഓക്സിജന്‍ വിന്യാസത്തെ നിയന്ത്രിക്കുന്ന രണ്ടു ജീനുകളിലുള്ള വ്യതിയാനമാണ് ഇവരുടെ പ്രത്യേകതയെന്ന് ചൈനീസ്^അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ജീവിത സാഹചര്യം കാലക്രമേണ സൃഷ്ടിച്ച ജനിതക വ്യതിയാനമാണ് ഇത്. രക്തത്തില്‍ ഓക്സിജന്‍ കുറഞ്ഞ തോതില്‍ മാത്രമേ ഇവര്‍ക്ക് നിലനിര്‍ത്താന്‍ കഴിയൂ. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തിരി ഓക്സിജനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.് രക്തത്തിലെ ഓക്സിജന്‍ വാഹിയായ ഹീമോഗ്ലോബിന്റെ അളവും തിബത്തുകാരില്‍ കുറവാണ്. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ വായുവിലെ ഓക്സിജന്റെ ഭാഗിക മര്‍ദ്ദം(partial pressure) കുറയുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാര്‍ബണ്‍ മോണോക്സൈഡ് പോയിസനിംഗ് അടക്കമുള്ള ഗൌരവമായ ശാരീരിക പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക.തിബത്തുകാര്‍ക്ക് ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല.ഓക്സിജന്‍ കുറച്ചു മതി എന്നതിനാല്‍ മര്‍ദ്ദവ്യതിയാനത്തിന്റെ തിക്തഫലം അധികം അനുഭവിക്കേണ്ടെന്നു സാരം.

Sunday, May 9, 2010


മനുഷ്യര്‍
ക്ഷുദ്രഗ്രഹങ്ങളിലേക്ക് 

ക്ഷുദ്രഗ്രഹങ്ങളിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ഒരുങ്ങുന്നു.2o25ഓടെ പര്യവേക്ഷണത്തിന് ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹത്തിലേക്ക്് പര്യവേക്ഷണ ദൌത്യത്തിന് നാസ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രഹങ്ങളേക്കാള്‍ ചെറുതും ഉല്‍ക്കകളേക്കാള്‍ വലുതുമായ  സൌരയൂഥത്തിലെ അനേകായിരം ഇത്തരം ചെറുഗ്രഹങ്ങളില്‍ ദൌത്യത്തിനു പറ്റിയത് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.കേംബ്രിഡ്ജിലെ ജ്യോതിശാസ്ത്രകാരനായ മാര്‍ട്ടിന്‍ എല്‍വിസ് സന്ദര്‍ശനയോഗ്യമായ ക്ഷുദ്രഗ്രഹങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.കുറഞ്ഞ ഭ്രമണവേഗതയും പ്രശ്നക്കാരനല്ലാത്ത ഗ്രഹത്തിന്റെ സാമീപ്യവും പര്യവേക്ഷണ പേടകത്തിന് എളുപ്പത്തില്‍ ഇറങ്ങാന്‍ സഹായകരമായ രീതിയില്‍ ഭ്രമണപഥവുമുള്ള ക്ഷുദ്രഗ്രഹമാണ് തെരഞ്ഞെടുക്കേണ്ടത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥത്തിനിടയിലെ മേഖലയിലാണ് ഭൂരിഭാഗം ക്ഷുദ്രഗ്രഹങ്ങളുമുള്ളത്. ഭൂമിക്കു ചുറ്റുമായും ക്ഷുദ്രഗ്രഹ സാന്നിധ്യമുണ്ട്. ഭൂമിക്കു സമാനമായ ഭ്രമണവേഗതയില്‍ സൂര്യനെ ചുറ്റുന്ന ക്ഷുദ്രഗ്രഹം തെരഞ്ഞെടുക്കുന്നതാണ് ദൌത്യത്തിന് അഭികാമ്യമെന്ന് എല്‍വിസ് പറയുന്നു. ഭൂമിയുടെ അയല്‍ക്കാരായ 6699 ക്ഷുദ്രഗ്രഹങ്ങളില്‍ ആറ് എണ്ണത്തിന് ഈ സവിശേഷതയുണ്ട്. മനുഷ്യന്റെ ചൊവ്വാപര്യവേക്ഷണ ദൌത്യത്തിന്റെ മുന്നൊരുക്കമായാണ് ചില ഗവേഷകര്‍ ഈ നീക്കത്തെ കാണുന്നത്.തൊട്ടടുത്ത ക്ഷുദ്രഗ്രഹത്തിലേക്കായാലും ആറു മാസത്തെ യാത്ര വേണ്ടിവരുമെന്ന് കണക്കാക്കുന്നു.

Saturday, May 8, 2010

'ഓര്‍മയുടെ സ്വിച്ച്' കണ്ടെത്തി

ലണ്ടന്‍: തലച്ചോറിലെ 'ഓര്‍മയുടെ സ്വിച്ച്' എന്നു വിശേഷിപ്പിക്കാവുന്ന പ്രോട്ടീന്‍ സംവിധാനത്തെ തിരിച്ചറിഞ്ഞു. പ്രായമേറുമ്പോള്‍ പ്രവര്‍ത്തനം നിലക്കുന്ന ഈ സ്വിച്ചിനെ അനുയോജ്യമായ മരുന്നുകളുടെ സഹായത്തോടെ തട്ടിയുണര്‍ത്താമെന്നും ഗവേഷകര്‍ തെളിയിച്ചു.

യൂറോപ്യന്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എലികളുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷൈമേഴ്സ് രോഗ ചികില്‍സക്കുള്ള പുതിയ സാധ്യതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എലികളുടെ ഓര്‍മയേയും തിരിച്ചറിവിനെയും സഹായിക്കുന്ന പ്രധാന ജീനുകളെ നിയന്ത്രിക്കുന്ന H4 K12 എന്ന പ്രോട്ടീനാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വോറിനോ സ്റ്റാറ്റ് എന്ന മരുന്ന് പ്രയോഗിച്ച് പ്രായമായ എലികളിലെ ഓര്‍മശേഷിയെ തട്ടിയുണര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞതായി 'ജേണല്‍ സയന്‍സ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് മനുഷ്യ മസ്തിഷ്കത്തിന് ഹാനികരമാണ്. അല്‍ഷൈമേഴ്സിനു മരുന്ന് വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതായി ഗവേഷകരിലൊരാളായ ഡോ. ഫിഷര്‍ പറഞ്ഞു. തലച്ചോറില്‍ 'ഓര്‍മ' എന്ന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും.

Friday, May 7, 2010

വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അഡോബി(Adobe) സി.എസ്^5


ന്യൂയോര്‍ക്ക്: ഡിസൈനര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ നിരവധി പുതുമകളുമായി അഡോബി ക്രിയേറ്റീവ് സ്യൂട്ട്^5 സോഫ്റ്റ് വെയര്‍ ശേഖരം പുറത്തിറങ്ങി. അഡോബി ഡിസൈന്‍ പ്രീമിയം, വെബ് പ്രീമിയം, പ്രൊഡക്ഷന്‍ പ്രീമിയം, മാസ്റ്റര്‍ കലക്ഷന്‍ തുടങ്ങിയ പുതിയ സോഫ്റ്റ്വെയറുകളാണ് ഈ പാക്കേജിലുള്ളത്. മികച്ച ഗുണമേന്മയുള്ള ലേഔട്ട് സാധ്യതയുമായാണ് ഡിസൈന്‍ പ്രീമിയം രംഗത്തിറക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മിഴിവുറ്റ ചിത്രങ്ങള്‍ തീര്‍ക്കാനുള്ള പണിയായുധങ്ങളും, ത്രിമാന രൂപനിര്‍മിതി എളുപ്പം സാധ്യമാക്കലും ഉള്‍പ്പെടെ നിരവധി സാധ്യതകള്‍ ഇതിലുണ്ട്.

മികച്ച ഡിജിറ്റല്‍ അനുഭവം ലഭ്യമാക്കുന്ന വെബ് സൈറ്റ് ഡിസൈനിങ് ഓപ്ഷനുകളാണ് പാക്കേജിന്റെ മറ്റൊരു സവിശേഷത. അഡോബി വീഡിയോ പ്രൊഡക്ഷന്‍ വീഡിയോ നിര്‍മാണത്തിനുള്ള മികച്ച ടൂള്‍ക്കിറ്റ് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിക്കുന്നത്. അച്ചടി, ദൃശ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ മാധ്യമങ്ങളിലെല്ലാം ലഭ്യമാക്കാവുന്ന രീതിയില്‍ ഉള്ളടക്കം ഡിസൈന്‍ ചെയ്യാനുള്ള സാധ്യതയാണ് അഡോബി മാസ്റ്റര്‍ കലക്ഷന്‍ ഒരുക്കുന്നത്.