Tuesday, July 20, 2010

ശരിക്കും അവര്‍ ചന്ദ്രനില്‍ ചെന്നിരുന്നോ?


ജൂലൈ21 ചാന്ദ്ര ദിനം special
ശരിക്കും അവര്‍ ചന്ദ്രനില്‍ ചെന്നിരുന്നോ?
Edwin Andril. we can see Neel Armsstrong the Photographer In his mask
മേരിക്കയിലെവിടെയോ വിജനമായ വലിയ പ്രദേശത്ത് സജ്ജമാക്കിയ ഹോളിവുഡ് സിനിമകളുടെ സെറ്റിനെ വെല്ലുന്ന സ്റ്റുഡിയോ. അവിടെ അരങ്ങേറിയ മനോഹരമായൊരു തട്ടിപ്പു നാടകം. അഭിനേതാക്കള്‍ നീല്‍ ആംസ്േട്രാംഗ് എഡ്വിന്‍ ആല്‍ഡ്രിന്‍ പിന്നെ മൈക്കേല്‍ കോളിന്‍സ്. തിരക്കഥ സംവിധാനം നാസ. വിഢികളായത് കാഴ്ച കണ്ട് കയ്യടിക്കുന്ന നമ്മളും. അങ്ങനെയൊരു സാധ്യത തോന്നുന്നുണ്ടോ? ഇതു ശരിയാവാന്‍ വഴിയുണ്ടോ? സംശയാലുക്കള്‍ അക്കാലത്തേ രംഗത്തുണ്ടായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്നും സംഗതി തട്ടിപ്പാണെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും പറഞ്ഞ് ലോകത്തിന്റെ പല ഭാഗത്തും വാദമുയര്‍ന്നു. ഗൂഢാലോചനാ സിദ്ധാന്തമെന്ന പേരില്‍ ദൌത്യം  കെട്ടിച്ചമച്ചതാണെന്നതിന് അന്നത്തെ ചന്ദ്രനില്‍ നിന്നു പകര്‍ത്തിയ ഫോട്ടോകളും വീഡിയോയും അപഗ്രഥിച്ച് പല തെളിവുകളും ഇവര്‍ മുന്നോട്ടുവച്ചു.
US Flag posted in moon soil
ചന്ദ്രന്റെ ആകാശത്തെ നക്ഷത്രങ്ങളെവിടെ?

ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളിലെല്ലാം നല്ല കറു കറുപ്പന്‍ ആകാശം. ഒരു നക്ഷത്രത്തെ പോലും കണി കാണാനില്ല. എവിടെപ്പോയി നമ്മുടെ നക്ഷത്രങ്ങള്‍? തിരക്കഥയില്‍ അതു വിട്ടു പോയോ? എതിര്‍വാദക്കാര്‍ കണ്ടെത്തിയ പാളിച്ചകളിലൊന്നായിരുന്നു ഇത്.

ഇതാമറുപടി
ചന്ദ്രന്റെ അന്തരീക്ഷത്തില്‍ വായുവില്ല. സൂര്യപ്രകാശം തടസങ്ങളില്ലാതെ നേരിട്ടു പതിച്ച് ഉപരിതലത്തില്‍ നിന്ന് തീവ്രമായി പ്രതിഫലിക്കുന്നു. വെട്ടിത്തിളങ്ങുന്ന ചന്ദ്രോപരിതലത്തില്‍ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ അകലെയുള്ള നക്ഷത്രങ്ങള്‍ മങ്ങിയതായി തോന്നുന്നു.

പരുക്കന്‍ മണ്ണില്‍  തെളിഞ്ഞ ഷൂ അടയാളമോ?

ആല്‍ഡ്രിന്റെ ഷൂ അടയാളം നോക്കൂ. എന്തൊരു കൃത്യത. ചന്ദ്രന്റെ പരുക്കന്‍ മണ്ണില്‍ എങ്ങനെ ഇത്ര തെളിഞ്ഞ അടയാളം പതിയും? നനഞ്ഞ പൂഴിപ്പൊടിയിലേ ഇത്ര നന്നായി അടയാളം പതിയൂ

ഇതാ മറുപടി
ചാന്ദ്ര മണ്ണിന്റെ സവിശേഷതകള്‍ മനസിലാക്കുവാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് അത്തരമൊരു ചിത്രം പകര്‍ത്തിയത്.വാദം ശുദ്ധ മണ്ടത്തരമെന്നാണ് നാസ ഗവേഷകര്‍ തെളിയിച്ചത്. അവിടത്തെ മണ്ണ്  നന്നായി പൊടിഞ്ഞ തരത്തിലുള്ളതാണ്. മൈക്രോസ്േകാപ്പില്‍ നിരീക്ഷിച്ചാല്‍ ഇത് അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ അവശേഷിക്കുന്ന ചാരത്തിനു സമാനമായി തോന്നും. ഈ മണ്ണില്‍ ചുവടു വെക്കുമ്പോള്‍ എളുപ്പത്തില്‍ അമര്‍ന്ന് കൃത്യമായ കാലടയാളം രൂപപ്പെടും. വായുവില്ലാത്തതിനാല്‍ അവ മാറ്റമില്ലാതെ തുടരുകയും ചെയ്യും.


കാറ്റില്ലാത്തിടത്ത് കൊടിപാറുന്നു!

വായുവില്ലാത്തതിനാല്‍ കാറ്റെന്നാലെന്തെന്ന് അറിയാത്ത ചന്ദ്രനിലാണ് അമേരിക്കന്‍ പതാക പാറുന്നത്. ചിത്രങ്ങളില്‍ പതാക പാറുന്നത് വ്യക്തം. ഇതെങ്ങനെ സംഭവിച്ചു? തിരക്കഥയില്‍ വീണ്ടും പിഴവ്.

ഇതാ മറുപടി
ഒരു വസ്തുവിന് ചലിക്കാന്‍ കാറ്റു തന്നെ വേണമെന്ന് എന്തിനിത്ര വാശി. വലിഞ്ഞു മുറുക്കിയ സ്പ്രിംഗ് കൈവിട്ടാല്‍ താനെ പിന്നോട്ട് തിരിയാറില്ലേ. ഇവിടെ സംഭവിച്ചതിതാണ്. പതാക ചാന്ദ്ര മണ്ണില്‍ ആഴ്ത്താന്‍ രണ്ടു യാത്രികരും നന്നേ വിഷമിച്ചിരുന്നു. ഇരു ദിശകളിലേക്കും തിരിച്ച് കൊണ്ടാണ് പതാകയുടെ ദണ്ഡ് ഇവര്‍ ചന്ദ്രനില്‍ ഉറപ്പിച്ചത്. ആ ചലനങ്ങള്‍ക്ക് ശേഷമുള്ള ജഡത്വമാണ് കുറച്ചു നേരം അതിനെ ചലിപ്പിച്ചത്. മറ്റൊന്ന് പതാകയുടെ മുകളില്‍ അതിന്റെ ആകൃതി നിലനിര്‍ത്താന്‍ ഘടിപ്പിച്ച ദണ്ഡും സാഹസത്തിനിടയില്‍ പലയിടത്ത് വളഞ്ഞു പോയിരുന്നു. ഇത് പറന്നു നില്‍ക്കുന്ന പോലുള്ള പ്രതീതി പതാകയിലുണ്ടാക്കി.

ഫോട്ടോയില്‍ പതിഞ്ഞ മൂന്നാമന്‍?
എഡ്വിന്‍ ആല്‍ഡ്രിന്റെ ചിത്രത്തില്‍ മുഖാവരണത്തില്‍ ദൂരത്തെന്നോണം നില്‍ക്കുന്ന നീല്‍ ആംസ്ട്രോംഗിനെ കാണാം. പ്രത്യേകിച്ചൊന്നും ചെയ്യാത്തപോലെ നില്‍ക്കുകയാണ് നീല്‍. ഫോട്ടോ എടുക്കണമെങ്കില്‍ നീല്‍ തന്നെ വേണം. മൈക്കേല്‍ കോളിന്‍സ് അകലെയുള്ള പേടകത്തിനുള്ളിലാണ്. പിന്നെ ആല്‍ഡ്രിന്റെ ഫോട്ടോ ആരെടുത്തു?

ഇതാ മറുപടി
തടിച്ച സ്േപസ് സ്യൂട്ടും പുറത്ത് വലിയ ബേഗും തൂക്കിയ ഈ യാത്രികര്‍ നമ്മള്‍ ചെയ്യുന്ന പോലെ ക്യാമറ കയ്യിലെടുത്ത് ഫോട്ടോപിടിക്കുകയായിരുന്നില്ല. നിരവധി ജോലികള്‍ക്കിടയില്‍ ഒന്നായിരുന്നു അവര്‍ക്ക് ഫോട്ടോപിടുത്തം.അതിനായി അവരുടെ മാറിലായിരുന്നു ക്യാമറ സജ്ജീകരിച്ചിരുന്നത്. ആല്‍ഡ്രിന്റെ ഫോട്ടോയെടുത്തത് നീല്‍ തന്നെയായിരുന്നു. ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ പതിവ് ശരീര ചലനമൊന്നുമില്ലാതെ നീല്‍ നിന്നതും അതിനാലായിരുന്നു.

തിരിച്ചു പറന്നത് കത്താത്ത റോക്കറ്റില്‍!

യാത്രികരുടെ പേടകംതിരിച്ചു പറന്നുയരാന്‍ സഹായിച്ച റോക്കറ്റ് ജ്വലിച്ചിരുന്നില്ല. കത്താത്ത റോക്കറ്റെങ്ങനെ പേടകവുമായി കുതിച്ചുയര്‍ന്നു?

ഇതാ മറുപടി
ആരു പറഞ്ഞു കത്താത്ത റോക്കറ്റെന്ന്. ജ്വലനം എന്ന രാസപ്രവര്‍ത്തനം അവിടെ നടന്നിരുന്നു. പക്ഷേ അതിന്റെ ഉല്‍പ്പന്നമായ ജ്വാല അദൃശ്യമായിരുന്നു. ചന്ദ്രനില്‍ നിന്ന് ഉയരാനുള്ള റോക്കറ്റില്‍ ഉപയോഗിച്ചത് ഹൈഡ്രസീനും ഡൈ നൈട്രജന്‍ ടെട്രോക്സൈഡുമാണ്.
ഇവ തമ്മില്‍ ചേര്‍ന്ന് ജ്വലിക്കുമ്പോഴുണ്ടാവുന്ന ഉല്‍പ്പന്നം ജലം പോലെ നിറമില്ലാത്തതാണ്.

എങ്ങനെ ഇത്ര നല്ല ഫോട്ടോകള്‍?

പുറത്തുവിട്ട ഫോട്ടോയെല്ലാം മികച്ച നിലവാരത്തിലുള്ളതായിരുന്നു
നല്ല ഫോട്ടോഗ്രാഫര്‍മാരുടെ കഴിവു വിളിച്ചോതുന്നവ. എങ്ങനെയാണ് മാറിലെ ക്യാമറയില്‍ ഇങ്ങനെ നല്ല ചിത്രങ്ങള്‍ പകത്താന്‍ കഴിയുക?

ഇതാ മറുപടി
ആയിരക്കണക്കിന് ചിത്രങ്ങളാണ് ദൌത്യത്തിനായി പ്രത്യേകം സജ്ജമാക്കിയ ക്യാമറകളില്‍ ഇവര്‍ എടുത്തത്. നാസ പുറത്തുവിട്ടതും മാസികകളില്‍ വന്നതുമെല്ലാം അവയില്‍ അത്യാവശ്യം നല്ല ചിത്രങ്ങള്‍ മാത്രം. തലയില്ലാത്തതും ഫോക്കസ് തെറ്റിയതും മങ്ങിയതുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ പുറത്തു വന്നില്ല.
ചന്ദ്രനില്‍ ചെയ്ത ഓരോ നീക്കത്തിനും നിരവധി തവണ ആവര്‍ത്തിച്ച് പരിശീലനം നടത്തിയവരാണ് യാത്രികര്‍. ഫോട്ടോയെടുപ്പിലും നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയിരുന്നു.

മാരക വികിരണങ്ങള്‍ നിറഞ്ഞ വാന്‍ അലന്‍ ബെല്‍റ്റ് ഇവര്‍ എങ്ങനെ തരണം ചെയ്തു?
ഭൂമിയില്‍ നിന്ന് 1000 കിലോമീറ്റര്‍ മുകളിലുള്ള മാരക വികിരണങ്ങള്‍ നിറഞ്ഞ മേഖലയാണ് വാന്‍ അലന്‍ ബെല്‍റ്റ്. ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ സൌരവാത പദാര്‍ഥങ്ങള്‍ വന്നുപെടുന്ന ഇവിടത്തെ വികിരണമേറ്റാല്‍ ജീവഹാനി നിശ്ചയം

ഇതാ മറുപടി
വാന്‍ അലന്‍ ബെല്‍റ്റിന് കഥ കൊഴുപ്പിക്കാന്‍ കൂടുതല്‍ ഭീകരത നല്‍കിയതാണ്. യാതൊരു മുന്‍കരുതലുമെടുക്കാതെ ദീര്‍ഘനേരം ഇവിടെ പെട്ടാല്‍ ജീവഹാനി ഉണ്ടാവാം. അതിവേഗത്തില്‍ കുതിക്കുന്ന ചാന്ദ്രപേടകത്തിനകത്ത് സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ യാത്രികര്‍ക്ക് വികിരണമേല്‍ക്കാന്‍ സാധ്യത കുറവാണ്. 1000കിലോമീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ മേഖല  ഒരു മണിക്കൂര്‍ കൊണ്ട് പേടകം മുറിച്ചുകടന്നു.
ഇതിനിടയില്‍ ഒരു എക്സ് റേയ് ടെസ്റ്റിലുള്ളത്ര വികിരണം മാത്രമേ ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നുള്ളൂ.

എതിര്‍വാദങ്ങള്‍ക്കെല്ലാം നാസ കൃത്യമായ മറുപടി  അന്നേ നല്‍കിയിരുന്നു. ചാന്ദ്രയാത്രികര്‍ ശേഖരിച്ച ശിലാപദാര്‍ഥങ്ങള്‍ തന്നെയാണ് ദൌത്യം യാഥാര്‍ഥ്യമായിരുന്നുവെന്ന് കാണിക്കുന്ന ശക്തമായ തെളിവ്. ലോകത്തിലെ നിരവധി പരീക്ഷണശാലകളില്‍ പഠനവിധേയമാക്കിയ ഇവ ഭൂമിയിലുള്ളതല്ലെന്ന് വ്യക്തമായിരുന്നു.
ഒന്‍പതു തവണയാണ് നാസ ദൌത്യം തുടര്‍ന്നത്. തട്ടിപ്പായിരുന്നെങ്കില്‍ ഇത്ര തവണയും പാളിച്ചകളില്ലാതെ എങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയും.
ഇന്ന് ചന്ദ്രനില്‍ നിന്ന് തെളിവുറ്റ ചിത്രങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്ന പേടകങ്ങള്‍ പഴയ ചാന്ദ്ര ദൌത്യങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്.ലോകത്തിന്റെ പലകോണുകളില്‍ നിന്നുള്ള പ്രതിഭാശാലികളായ 50000ത്തോളം ശാസ്ീത്രകാരന്‍മാരുടെ പ്രയത്നമായിരുന്നു ഈ ദൌത്യങ്ങള്‍.

 visit this to see the video
http://www.youtube.com/watch?v=QbwZL-EK6CY

3 comments:

  1. എന്റെ ഒരുപാടു കാലത്തെ സംശയം.. thanks for most valuable information...

    ReplyDelete
  2. Its Almost 43 years afters appollo 11 landing. and 40 years after last manned moon mission.. still next proposed year for manned mooned mission is 2015.. while india and japan has proposed on 2020..china and russia on 2025.. why there is so much delay if technology is readily available , 12 people has already landed(Only US..)??.. why chandrayan and other moon mission sare viewed with so much importance if the moon can be accessed so easily..

    ReplyDelete