Monday, October 17, 2011

ആകാശത്ത് അസ്തമിച്ചവര്‍

കത്തിയമര്‍ന്ന കാളംബിയ പേടകവും അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കുന്നതിന്റെ വിദൂര ദൃശ്യം

ണിക്കൂറില്‍13200 മൈല്‍(21243 കിലോമീറ്റര്‍) വേഗതയില്‍ ന്യൂ മെക്സികോയെ സമീപിക്കുകയാണ് നിങ്ങള്‍.... ഭൂമിയിലെത്താന്‍ 2253 കിലോമീറ്റര്‍ മാത്രം...കൊളംബിയ പേടകത്തിന്റെ പൈലറ്റ് റിക്ക്.ഡി. ഹസ്ബന്റിനെ ഹോസ്റ്റണിലെ ദൌത്യനിയന്ത്രകന്‍  അറിയിച്ചു.
ശബ്ദത്തേക്കാള്‍ പതിനെട്ടുമടങ്ങു വേഗത്തില്‍ പതിനാറു ദിവസത്തെ ബഹിരാകാശ ദൌത്യം കഴിഞ്ഞ് കൊളംബിയ തിരിച്ചിറങ്ങുകയാണ്..മിഷന്‍ കണ്‍ട്രോളും കൊളംബിയയും തമ്മില്‍ നിരന്തരം ആശയവിനിമയം തുടരുകയാണ്.

മിഷന്‍ കണ്‍ട്രോളര്‍: ടയര്‍ പ്രഷറിനെ സംബന്ധിച്ച സന്ദേശം കിട്ടി...പക്ഷേ നിങ്ങളുടെ അവസാന സന്ദേശം ഞങ്ങള്‍ക്ക് കോപ്പി ചെയ്യാനായില്ല
റിക്ക് ഹസ്ബന്റ്( കൊളംബിയ പൈലറ്റ്): റോജര്‍..ആ....ബഹ്.....

അതിനപ്പുറം ഒരു മനുഷ്യശബ്ദവും കൊളംബിയ പേടകത്തില്‍ നിന്നുമുയര്‍ന്നില്ല.  വിജയദൌത്യവുമായി പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആകാശദൂതന്‍മാരെ കാത്തിരുന്ന ലോകത്തിനു മുന്നില്‍ 2003 ഫെബ്രുവരി 1ന് ഒരു അഗ്നിഗോളം കത്തിച്ചിതറി. എവിടെയൊക്കെയോ പാതി കത്തിയതെന്തൊക്കെയോ വന്നു പതിച്ചു. റിക്ക്.ഡി.ഹസ്ബന്‍ഡ്, വില്ല്യം.സി മക്കൂള്‍, മൈക്കല്‍ പി ആന്റേഴ്സണ്‍, ഇലന്‍ റാമോണ്‍, ലോറല്‍ ക്ലാര്‍ക്, ഡേവിഡ് ബ്രൌണ്‍, പിന്നെ നമ്മുടെ കല്‍പ്പന ചൌള ഈ ഏഴുപേര്‍ അന്ന് ആകാശത്ത് ഒടുങ്ങി.

കല്‍പ്പന ചൌളയും സംഘവും കൊളംബിയ പേടകത്തിനുള്ളില്‍
പൊട്ടിത്തെറിയുടെ ആറുമിനിട്ട് മുന്‍പെങ്കിലും അവര്‍ അറിഞ്ഞിരിക്കും. ആകാശത്ത് ഒരു ദുരന്തമായി അവര്‍ ഒടുങ്ങാന്‍ പോവുകയാണെന്ന്. ഗുരുതരമായ സാങ്കേതിക തകരാറ് സംഭവിച്ചെന്ന് കാണിച്ച് മുന്നറിയിപ്പ് അലാറങ്ങള്‍ ആറുമിനിട്ടു മുന്‍പേ പ്രവര്‍ത്തിച്ചതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായി. പേടകത്തിനുള്ളില്‍ താപനില സകല നിയന്ത്രണവും വിട്ട് ഉയരാന്‍ തുടങ്ങിയെന്ന് അവര്‍ നിസഹായരായി മനസിലാക്കിയിരിക്കണം. ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു. ലോകമാകെ ആകാശം നോക്കി സ്തബ്ധരായി നിന്നു. തികച്ചും സുരക്ഷിതമെന്ന് ഉറപ്പിച്ച തിരിച്ചിറക്കത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് പിന്നീട് മനസിലായി.

തിരിച്ചിറക്കം കരുതിവെച്ച ദുരന്തം
ഇരുപത്തിയെട്ടു ബഹിരാകാശ ദൌത്യങ്ങള്‍ക്ക് പറന്നുയര്‍ന്ന പാരമ്പര്യമുണ്ടായിരുന്നു കൊളമ്പിയ പേടകത്തിന്. സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിരുന്നില്ല.2003 ജനുവരി പതിനാറിന് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പേടകം കുതിച്ചുയരുമ്പോള്‍ ആര്‍ക്കും ദുരന്തഭീതിയുടെ ലാഞ്ചന പോലുമില്ലായിരുന്നു. എല്ലാം ശരിയായ രീതിയില്‍ തന്നെ മുന്നേറി. ബഹിരാകാശം തേടിയുള്ള യാത്രയുടെ 82ാം സെക്കന്റില്‍ ആരുമറിയാതെ  കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നിസാരമെന്നു തോന്നുന്ന ഒരു സംഭവമുണ്ടായി. കൊളംബിയയുടെ പുറത്തെ ഇന്ധന ടാങ്കിന്റെ കവചത്തില്‍ നിന്ന് ഒരു നേര്‍ത്ത ചെറു പാളി ഇളകി ഇടത് ചിറകിനു ചെന്നിടിച്ചു. അത് ചിറകിന്റെ പുറം കവചത്തില്‍ നേര്‍ത്ത സുഷിരം വീഴ്ത്തിയിരുന്നു. നിരീക്ഷണ ഉപകരണങ്ങളില്‍ അത് വ്യക്തമായിരുന്നു. പക്ഷേ തികച്ചും നിസാരം എന്ന മട്ടില്‍ നിരീക്ഷകര്‍ അതിനെ അവഗണിച്ചു. ബഹിരാകാശത്ത് എണ്‍പതോളം പരീക്ഷണങ്ങള്‍ പതിനാറ് ദിവസങ്ങള്‍ക്കകം ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു ദൌത്യ സംഘത്തിന്. പല രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ ഏല്‍പ്പിച്ച പരീക്ഷണങ്ങള്‍ അടക്കം നിരവധി ശാസ്ത്ര പരീക്ഷണങ്ങളുമായി തിരക്കു പിടിച്ച ബഹിരാകാശ ദിനങ്ങള്‍ അവര്‍ ചിലവഴിച്ചു. ഒരു ദുരന്തം തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. തീര്‍ത്തും സുരക്ഷിതമെന്ന ഉറപ്പില്‍ കൊളംബിയ പേടകത്തിന്റെ  ബഹിരാകാശത്തുനിന്ന് തിരിച്ചിറക്കത്തിനായി റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിച്ചു. അതിവേഗത്തില്‍ പേടകം ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചു. ഇടതു ചിറകില്‍ അപ്പോള്‍ ചിലത് നടക്കുന്നുണ്ടായിരുന്നു. തിരിച്ചിറക്കത്തില്‍ വായുവിലുരഞ്ഞ് പേടകത്തിനു പുറത്ത് രൂപപ്പെടുന്ന അമിത താപം സുഷിരത്തിലൂടെ അരിച്ചിറങ്ങുകയായിരുന്നു. അമിതതാപത്തില്‍ നിന്ന് സംരക്ഷിക്കേണ്ടിയിരുന്ന കവചത്തിലാണ് വിള്ളല്‍ വീണതെന്നത് വിനയാവുകയായിരുന്നു. പേടകത്തിനുള്ളില്‍ ഊഷ്മാവ് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്നു. പേടകം ചിന്നിച്ചിതറി. ശാസ്ത്ര ലോകത്തിന് ബഹിരകാശത്തുനിന്ന് ഏറെ വിവരങ്ങള്‍ കൈമാറിയ ആ ഏഴംഗ  സംഘം മണ്ണിനും വിണ്ണിനുമിടയില്‍ ചരിത്രമായി.  മറ്റൊരു പേടകത്തെ പറഞ്ഞയച്ച് ബഹിരാകാശത്തു വച്ചു തന്നെ കൊളംബിയയുടെ ഇടതു ചിറക് നന്നാക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാവുമായിരുന്നെന്ന് നാസ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പിന്നീട് പറഞ്ഞു. ദുരന്തം മുന്‍കൂട്ടി അറിയാന്‍ നിരീക്ഷകര്‍ക്കായില്ല. നേര്‍ത്തൊരു പാളി ഇളകി മാറിയത് വലിയൊരു ദുരന്തത്തിനു വഴിവെക്കുമെന്ന് കണക്കുകൂട്ടുന്നതില്‍ ദൌത്യനിരീക്ഷകര്‍ പരാജയപ്പെട്ടു.

ആകാശമെടുത്ത ആദ്യ ജീവന്‍
തകര്‍ന്നു വീണ സോയൂസ്.1പേടകം

ബഹിരാകാശ ദൌത്യങ്ങള്‍ ദുരന്തമായതിന്റെ തുടക്കം കൊളംബിയയില്‍ നിന്നൊന്നുമല്ല. ആദ്യ ബഹിരാകാശ ദൌത്യ ദുരന്തത്തിന് ഇരയായത് ഒരു റഷ്യക്കാരനായിരുന്നു.
റഷ്യയിലെ സോയുസ് 1 പേടകത്തില്‍ ബഹിരാകാശത്ത് പറന്നുയര്‍ന്ന വ്ലാഡമിര്‍ കൊമറോവ് ആണ് ബഹിരാകാശ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആദ്യ മനുഷ്യന്‍.
1967 ഏപ്രില്‍ 23ന് റഷ്യയുടെ ബെയ്കനൂര്‍ കോസ്മോഡ്രോം സ്പേസ് സെന്ററില്‍ നിന്ന് സോയൂസ് 1 പേടകത്തില്‍ കൊമറോവ് ബഹിരാകാശം തേടി യാത്ര തുടങ്ങി. രണ്ടുതവണ ശൂന്യാകാശത്തു പോവുന്ന ആദ്യ റഷ്യക്കാരന്‍ എന്ന പൊന്‍ തൂവലുമേറ്റിയായിരുന്നു യാത്ര. തുടക്കത്തിലേ  കുഴപ്പങ്ങള്‍ വന്നുപെട്ടു. കുതിച്ചുയര്‍ന്ന ഉടന്‍ പേടകത്തിന്റെ ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന സോളാര്‍ പാനലില്‍ ഒന്ന് തുറന്നില്ല. ബഹിരാകാശത്ത് ഭൂമിയെ ഭ്രമണം ചെയ്തു തുടങ്ങവേ പേടകം കടുത്ത ഊര്‍ജ പ്രതിസന്ധിയിലായി.
13ാമത്തെ ഭ്രമണത്തില്‍ തന്നെ ഓട്ടോമാറ്റിക് സ്റ്റബിലൈസേഷന്‍ സിസ്റ്റം നിലച്ചു. പിന്നെ കൊമറോവിനു തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു.
അത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. തുടര്‍ന്ന് ബഹിരാകാശ ദൌത്യം ഉപേക്ഷിക്കേണ്ടി വന്നു. ഉദ്ദേശിച്ച ലക്ഷ്യങ്ങളൊന്നും നടക്കാതെ ബഹിരാകാശത്ത് പേടകത്തിനുള്ളില്‍ കോമറോവ് നിരാശനായി. എത്രയും വേഗം പേടകം തിരിച്ചിറക്കാനായിരുന്നു ദൌത്യ നിയന്ത്രകരുടെ തീരുമാനം. കാമറോവ് റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു പേടകം തിരിച്ചിറക്കം തുടങ്ങി. ദൌത്യം നടന്നില്ലെങ്കിലും തിരിച്ചിറക്കത്തിന് യാതൊരു ഭീഷണിയും ഇല്ലായിരുന്നു.   കോമറോവിന് സുഖകരമായി തിരിച്ചിറങ്ങാമായിരുന്നു. പക്ഷേ ഭാഗ്യം തുണച്ചില്ല.  ഭൂമിയെ സമീപിക്കവേ  ഡ്രോഗ് പാരച്ച്യൂട്ട് തുറക്കാനുള്ള കോമറോവിന്റെ ശ്രമം പരാജയപ്പെട്ടു.പേടകത്തിന്റെ വേഗം കുറച്ച് ലാന്റിങ്ങിനു പര്യാപ്തമാക്കുന്നതിനാണ് പിന്നിലേക്ക് തുറന്നു പറന്നു നില്‍ക്കുന്ന ഡ്രോഗ് പാരച്യൂട്ട് തുറക്കുന്നത്. ബന്ധപ്പെട്ട സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതായതോടെ പാരച്യൂട്ട് നിവര്‍ന്നില്ല. ദുരന്തം മുന്നില്‍ വാ പിളര്‍ന്നു നിന്ന നേരം കോമറോവിന് ചെയ്യാനുണ്ടായിരുന്നത് റിസര്‍വ് പാരച്യൂട്ട് സ്വയം തുറക്കുകയെന്നതായിരുന്നു.   റിസര്‍വ്  പാരച്യൂട്ട് ഡ്രോഗ് പാരച്യൂട്ടില്‍ കുരുങ്ങിപ്പോയി. അതിവേഗം ഭൂമിയില്‍ മുഖം കുത്താനായി പറന്നിറങ്ങുന്ന പേടകത്തില്‍ കോമറോവിന് മരണമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല. ഒറേന്‍ബര്‍ഗ് ഒബ്ലാസ്റ്റ് എന്ന സ്ഥലത്തെ കൃഷിഭൂമിയില്‍ പേടകം മൂക്കുകുത്തി വീണു. കോമറോവ് തിരിച്ചറിയാനാവത്ത വിധം  പേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം മണ്ണില്‍ ചിതറി.

പറന്നിറങ്ങിയിട്ടും അവര്‍ പുറത്തുവന്നില്ല

സോയൂസ്11 ദുരന്തത്തിനിരയായ പര്യവേഷകര്‍ പേടകത്തിനുള്ളില്‍
സല്യൂട്ട് 1 എന്ന ലോകത്തിലെ ആദ്യ ബഹിരാകാശ നിലയത്തില്‍ ഇരുപത്തിനാലു ദിവസത്തെ വിജയകരമായ ദൌത്യം പൂര്‍ത്തിയാക്കി സോയൂസ് 11 പേടകം  റഷ്യയിലെ ഖസാകിസ്ഥാനില്‍ വന്നിറങ്ങി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചിലവഴിച്ചവരെന്ന ബഹുമതിയുമായി തിരിച്ചെത്തിയ മൂന്നു ഹീറോകളെ വരവേല്‍ക്കാന്‍ റഷ്യന്‍ ജനത കാത്തിരിക്കുകയായിരുന്നു. 1971 ജൂണ്‍ 30 നായിരുന്നു സോയൂസ്11 പേടകം തിരിച്ചിറങ്ങിയത്. വ്ലാഡിസ്ലാവ് വോള്‍ക്കോവ്്, ജോര്‍ജി ദൊബ്രൊവോസ്കി, വിക്ടര്‍ പാറ്റ്സെവ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്.  താഴ്ന്നിറങ്ങിയ പേടകത്തിലെ കേബിനില്‍ നിന്ന് താഴെ ഇറങ്ങാന്‍ അവരെ സഹായിക്കാന്‍ ചെന്നവര്‍ക്ക് ആ കാഴ്ച അപ്രതീക്ഷിതമായിരുന്നു. കാബിനുള്ളില്‍ മൂന്നു പേരും മരിച്ചു കിടക്കുകയായിരുന്നു. റഷ്യയും ഒപ്പം ലോകവും വിറങ്ങലിച്ചു പോയി. വിജയകരമായി പര്യവസാനിച്ച ബഹിരാകാശ ദൌത്യത്തിന് ഒടുവില്‍ കഥാനായകര്‍ ഇല്ലാതായിരിക്കുന്നു.എന്താണ് അവര്‍ക്ക് സംഭവിച്ചത്.  പെട്ടെന്ന് ഉത്തരമൊന്നുമില്ലായിരുന്നു റഷ്യയുടെ കൈയില്‍. ദൌത്യത്തിലെവിടെയും പാളിച്ചകളൊന്നുമില്ലായിരുന്നു. 1971 ജൂണ്‍ 7നാണ് പേടകം പറന്നുയര്‍ന്നത്. പ്രതീക്ഷിച്ചതുപോലെ റഷ്യന്‍ ബഹിരാകാശ നിലയമായ സല്യൂട്ടുമായി സോയുസ് പേടകം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. മൂവരും പേടകത്തില്‍ നിന്ന് ബഹിരാകാശ നിലയത്തിനുള്ളില്‍ നുഴഞ്ഞിറങ്ങി. പദ്ധതി പ്രകാരമുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇരുപത്തിനാലു ദിവസം ബഹിരാകാശത്തു ചിലവഴിച്ച മനുഷ്യരെന്ന അഭിമാനം നെഞ്ചേറ്റി. ഇടക്കൊരു നാള്‍ പാറ്റ്സെവിന്റെ ജന്‍മദിനവും വന്നു. ബഹിരാകാശ നിലയത്തിനുള്ളില്‍ അവര്‍ ഭൂമിയില്‍ പിറന്നവന്റെ ഭൂമിയിലല്ലാത്ത ജന്‍മദിനം ആഘോഷിച്ചു. ലോകം അതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് ആഹ്ലാദിച്ചു. ലോകം പാറ്റ്സെവിന് ശൂന്യകാശത്തേക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. തിരിച്ചിറക്കനാള്‍ അവര്‍ സല്യൂട്ട് നിലയത്തിനല നിന്ന് പേടകത്തിലേക്ക് തിരിച്ചു കടന്നു. റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് തിരിച്ചിറക്കം തുടങ്ങി. എല്ലാ ഘട്ടങ്ങളും കൃത്യമായിരുന്നു. പക്ഷേ തിരിച്ചിറങ്ങിയ പേടകത്തില്‍ അവരുടെ ജീവന്‍ മാത്രം ബാക്കിയില്ലായിരുന്നു.

ഉയരങ്ങളില്‍ മരണമെത്തിയ വഴി
ദുരൂഹമായിരുന്നു അക്കാലത്ത് ആ ദുരന്ത കാരണം. ഏറെ ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതിന്റെ അസ്വസ്ഥതകള്‍ അവരുടെ ശരീരത്തിന് താങ്ങാന്‍ കഴിയാഞ്ഞതാവാം കാരണമെന്ന് വാദമുയര്‍ന്നു. പക്ഷേ ഗുരുത്വബലം എന്നൊന്ന് ഇല്ലാത്ത ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്മയും അതുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളും അതിജീവിക്കാനുള്ള മുന്‍കരുതലുകളില്‍ പിഴവൊന്നുമില്ലായിരുന്നു. മൂന്നുപേരുടെയും ഹൃദയം നിലച്ചിരിക്കുന്നത് ഒരേ സമയത്താണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശാരീരിക പ്രശ്നമല്ല മരണകാരണമെന്ന് അങ്ങനെ ഉറപ്പായി. വിശദമായ അന്വേഷണങ്ങളില്‍ നിന്ന് ചിലത് പുറത്തുവന്നു. തിരിച്ചിറക്കത്തിനിടെ  പേടകം രണ്ട് ഭാഗങ്ങളായി വേര്‍തിരിയുന്ന ഘട്ടമുണ്ട്. ആ സമയത്ത് ഘട്ടം ഘട്ടമായി കത്തിപ്പറക്കേണ്ട രണ്ട് റോക്കറ്റുകള്‍ ഒരുമിച്ച് കുതിച്ചുയര്‍ന്നുവെന്ന് കണ്ടെത്തി. ഒരേസമയം രണ്ട് റോക്കറ്റുകള്‍ കുതിച്ചപ്പോഴുണ്ടായ അതിശക്ത ബലത്തില്‍ പേടകത്തിന്റെ മര്‍ദം സന്തുലിതമാക്കുന്ന വാല്‍വ് പൊട്ടി. പേടകം ഭൂമിയില്‍ നിന്ന് 168 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍. ദൌത്യസംഘത്തിന്റെ കാബിനിനുള്ളില്‍ പെട്ടെന്ന് മര്‍ദം കുറയാന്‍ തുടങ്ങി.  മര്‍ദവെത്യാസം അതിജീവിക്കാനാവാതെ നാല്‍പ്പത് സെക്കന്റുകള്‍ക്കകം അവരുടെ ഹൃദയങ്ങള്‍ നിലച്ചു. ക്രമേണ മര്‍ദം പൂജ്യത്തിലെത്തി.

ശൂന്യമായ ആകാശ സ്വപ്നം
ചലഞ്ചര്‍ പേടകം ആകാശത്ത് പൊട്ടിത്തെറിക്കുന്നു

1986 ജനുവരി 28. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ചാലഞ്ചര്‍ പേടകം കുതിച്ചുയരാന്‍ ഒരുങ്ങി. ജനുവരി 22ന് നിശ്ചയിക്കപ്പെട്ട പറക്കല്‍ പ്രതികൂല കാലാവസ്ഥ കാരണം ആറുതവണ മാറ്റിവെക്കേണ്ടി വന്നു. ക്രിസ്റ്റ മക്ലിഫെ,  ഫ്രാന്‍സിസ് ആര്‍ സ്കോബി,മൈക്കല്‍ ജെ സ്മിത്ത്, ജുഡിത് എ റെസ്നിക്,റൊനാള്‍ഡ് മക്നെയ്ര്‍, എലിസന്‍ ഒനിസുക,
ഗ്രെഗറി ജാവിസ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്. ക്രിസ്റ്റ മക്ലിഫെ ഒരു സ്കൂള്‍ ടീച്ചറായിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പദ്ധതിയായിരുന്നു ബഹിരാകാശത്തേക്ക് ഒരു സാധാരണ അമേരിക്കന്‍ പൌരനെ അയക്കുക എന്നത്. ബഹിരാകാശ ദൌത്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്ങനെ വന്ന പതിനൊന്നായിരം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തത് ക്രിസ്റ്റയെ ആയിരുന്നു. അങ്ങനെ ആറ് പര്യവേഷരും ക്രിസ്റ്റയുമായി ചലഞ്ചര്‍ കുതിപ്പിനൊരുങ്ങി. യാത്രയയക്കാനായി വലിയൊരു ജനസഞ്ചയം സ്പേസ് സെന്ററിനു ചുറ്റും തടിച്ചു കൂടി. ലോകമാകെ ടെലിവിഷന്‍ചാനലുകള്‍ അതിന്റെ തല്‍സമയ സംപ്രേഷണത്തിന് തയാറായി നിന്നു. കൌണ്ട് ഡൌണ്‍ കഴിഞ്ഞു. പേടകം കുതിച്ചുയര്‍ന്നു. താഴെ ജനക്കുട്ടം ആവേശത്തോടെ അവരെ യാത്രയാക്കി. അവര്‍ക്കുമുന്നില്‍ തീതുപ്പിക്കൊണ്ട് ചലഞ്ചര്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ഒരുമിനിട്ടും പതിമൂന്നു സെക്കന്റും കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ആകാശത്ത് ചലഞ്ചര്‍ രണ്ടായി പിളര്‍ന്നു കത്തി. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ജനങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞുവിളിച്ചു. ആകാശത്ത് പുകയുടെ വലിയ മേഘം പോലെ ചലഞ്ചര്‍ കത്തിയമര്‍ന്ന് വീണു. താഴേക്ക് താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ബഹിരാകാശം കാണും മുന്‍പേ അവര്‍ ഏഴുപേര്‍ ആകാശത്തെവിടേയോ ചിതറിപ്പോയി.
ചലഞ്ചര്‍ പേടകത്തിലേക്ക് ദൌത്യസംഘത്തിന്റെ
അവസാനയാത്ര

പേടകത്തിന്റെ റോക്കറ്റ് ബൂസ്റ്ററില്‍ വന്ന തകരാറാണ് ദുരന്ത കാരണമെന്ന് പിന്നീട് വ്യക്തമായി. ബൂസ്റ്ററിന്റെ റബ്ബര്‍സീല്‍  പൊട്ടി പ്പോവുകയായിരുന്നു. തലേന്നു രാത്രിയുണ്ടായ അതിശൈത്യത്തില്‍ റബ്ബര്‍ സീല്‍ ഉറച്ചുപോയതാണ് പൊട്ടാനുള്ള കാരണം. പുറത്തേക്ക് പടര്‍ന്ന തീജ്വാകളേറ്റ് പുറത്തെ ഇന്ധന ടാങ്ക് പിളരുകയായിരുന്നു. ഇന്ധനടാങ്കിനുള്ളിലെ ദ്രവ ഹൈഡ്രജനും ഓക്സിജനും പുറത്തെത്തി തമ്മില്‍ കലര്‍ന്നതോടെ അതിഭീമമായ അഗ്നിഗോളമായി അത് മാറി. ആ ഊഷ്മാവ് താങ്ങാനാവാതെ ചലഞ്ചര്‍ പൊട്ടിപ്പിളരുകയായിരുന്നു. 
പ്രപഞ്ചം കരുതിവെച്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മനുഷ്യന്റെ ആകാശ യാത്രകളില്‍ ദുരന്തങ്ങളേക്കാള്‍ വിജയത്തിന്റെ കഥകളാണേറെ...അസാമാന്യ ധൈര്യവും മനസ്ൈഥര്യവുമായി മാനവരാശിയെ മുഴുവന്‍ പ്രതിനിധീകരിച്ച് പറന്നുയര്‍ന്ന എത്രയോ പര്യവേഷകര്‍ നമുക്ക് പകര്‍ന്നു തന്ന അറിവുകള്‍ തന്നെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു.  അത്തരം യാത്രകളില്‍ പൊലിഞ്ഞു പോയവരോട് ലോകത്തിന് കടപ്പാടേറുകയും ചെയ്യുന്നു.

നിധീഷ് നടേരി

No comments:

Post a Comment