Sunday, October 18, 2009


മഞ്ഞുരുക്കം: ആര്‍ട്ടിക് സമുദ്രത്തില്‍ ഇനി കപ്പലോടിക്കാം

ലണ്ടന്‍: വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടന്ന ഉത്തരാര്‍ധ ഗോളത്തിലെ ആര്‍ട്ടിക് സമുദ്രം രണ്ടു പതിറ്റാണ്ടിനകം മഞ്ഞുപാളികളില്ലാത്ത സമുദ്രമായി മാറുമെന്ന് പഠനം. വേനല്‍ക്കാലത്ത് മഞ്ഞുരുകി സാധാരണ സമുദ്രംപോലെ ആര്‍ട്ടിക് കാണപ്പെടുമെന്ന് കാറ്റ്ലിന്‍ ആര്‍ട്ടിക് സര്‍വേ എന്ന പഠനമാണ് വ്യക്തമാക്കിയത്. തുറന്ന സമുദ്രമാകുന്നതോടെ ഇത് ഗതാഗതത്തിനും യോഗ്യമാകും. 435 കിലോമീറ്റര്‍ ആര്‍ട്ടിക് മഞ്ഞുപാളികളിലൂടെ പര്യവേക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഭൂമിയുടെ വടക്കുഭാഗത്തുനിന്നും ഒരാവരണം എടുത്തുമാറ്റുംപോലെയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ വാധാംസ് പറഞ്ഞു. കാലാവസ്ഥക്കനുസരിച്ചുള്ള മഞ്ഞുപാളികളുടെ കനത്തിന്റെയും വ്യാപനത്തിന്റെയും വ്യതിയാനങ്ങള്‍, താപനിലയിലുണ്ടായ മാറ്റം, കാറ്റ്, ഐസ്ഘടന എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 10 വര്‍ഷത്തിനുള്ളില്‍ തന്നെ വേനലില്‍ വലിയതോതില്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമായി തുടങ്ങും. ഭൂമിയുടെ സ്ഥായിയായ സവിശേഷതകളിലൊന്നില്‍ സംഭവിക്കുന്ന ഈ മാറ്റം ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കും. സമുദ്രത്തിലെ നീരൊഴുക്കിന്റെ ഘടനയില്‍ മാറ്റം വരും. ആവാസവ്യവസ്ഥകളെയും ഇത് ദോഷകരമായി ബാധിക്കും

മനസ്സിലുള്ളത് വായിക്കാം (നെറ്റ് വഴി)

ലണ്ടന്‍: ആശയ വിനിമയത്തിന് ഇനി എഴുതണ്ട, ഫോണ്‍ വിളിക്കണ്ട, കീ ബോര്‍ഡില്‍ വിരലമര്‍ത്തണ്ട, മനസ്സു മനസ്സോട് ഇന്റര്‍നെറ്റു വഴി നേരിട്ടു സംവദിച്ചോളും. വിദൂരഭാവിയില്‍ മസ്തിഷ്കങ്ങള്‍ക്കിടയില്‍ നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന 'ബ്രെയിന്‍ ടു ബ്രെയിന്‍' എന്ന പുതിയ സംവേദന സാധ്യത യാഥാര്‍ഥ്യമാവുന്നു. ബ്രിട്ടനിലെ സതാംപ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിനുള്ള ആദ്യ ചുവടുവെപ്പ് വിജയകരമായി പരീക്ഷിച്ചത്.
മസ്തിഷ്ക തരംഗങ്ങള്‍ തലയില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സിംഗ് (ബി.സി.ഐ) എന്ന സങ്കേതത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇത്. പരീക്ഷണത്തില്‍ ഒരാളുടെ തലയില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. അയാള്‍ വലതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഇടതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഉണ്ടായ വ്യത്യസ്ത മസ്തിഷ്ക തരംഗങ്ങളെ പൂജ്യം, ഒന്ന് എന്നീ കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കി മാറ്റി ഈ സന്ദേശം ഇന്റര്‍നെറ്റു വഴി മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്കയച്ചു.
ഈ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ സന്ദേശത്തിനനുസരിച്ച് രണ്ട് വ്യത്യസ്ത ആവൃത്തികളിലുള്ള പ്രകാശം പുറപ്പെടുവിച്ചു. ഇവയിലെ വ്യത്യാസം തിരിച്ചറിഞ്ഞ രണ്ടാമത്തെയാളിന്റെ മസ്തിഷ്കത്തിലുണ്ടായ തരംഗങ്ങള്‍ അപഗ്രഥിച്ച് പൂജ്യമോ ഒന്നോ എന്ന് അയാളുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ വ്യക്തമാക്കി. 30 സെക്കന്റുകള്‍ക്കുള്ളിലാണ് ഈ സംവേദനം നടന്നത്. ഈ സങ്കേതംപരിഷ്കരിച്ചാല്‍ ചിന്തകള്‍ അപ്പാടെ കൈമാറാനായേക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ക്രിസ്റ്റഫര്‍ ജയിംസ് പറയുന്നത്.

ഡാവിഞ്ചിയുടെ പുതിയ ചിത്രം

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പുതിയ ചിത്രം കണ്ടെത്തി. 15ാം നൂറ്റാണ്ടിലെ മിലാനീസ് ശൈലിയിലുള്ള വസ്ത്രങ്ങളും കേശാലങ്കാരവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ നിന്ന് 500 വര്‍ഷം പഴക്കമുള്ള ഡാവിഞ്ചിയുടെ വിരലടയാളം തിരിച്ചറിഞ്ഞതോടെയാണ്, ചിത്രകാരന്‍ അദ്ദേഹമാണെന്ന നിഗമനത്തിലെത്തിയത്. ചിത്രത്തിലുള്ള നടുവിരലിന്റെയോ ചൂണ്ടുവിരലിന്റെയോ അഗ്രഭാഗത്തിന്റെ അടയാളത്തിന് വത്തിക്കാനിലുള്ള ഡാവിഞ്ചിയുടെ സെന്റ്ജറോം ചിത്രത്തിലെ വിരലടയാളവുമായി സാദൃശ്യമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
ഇതുവരെ 19ാം നൂറ്റാണ്ടിലെ ജര്‍മന്‍ രചനയെന്ന് പരിഗണിക്കപ്പെട്ട ഈ ചിത്രം അവസാനം വില്‍പന നടത്തിയപ്പോള്‍ ഒമ്പതു ലക്ഷം രൂപക്കടുത്തു വിലയിട്ടിരുന്നു. അവസാനമായി കനഡക്കാരനായ പീറ്റര്‍ സില്‍വര്‍മാന്റെ കൈയിലാണ് ചിത്രമെത്തിയത്. മഷിയിലും ചോക്കിലും വരച്ച ചിത്രത്തിന്റെ ഫ്ലോറന്റൈന്‍ ശൈലി ശ്രദ്ധിച്ച ഇദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനായ നിക്കോളസ് ടര്‍ണറെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രത്തിനു ജന്മം നല്‍കിയത് ഡാവിഞ്ചിയാണെന്ന് വിശദ പരിശോധനകളിലൂടെ നിഗമനത്തിലെത്തുന്നത്. പുതിയ വെളിപ്പെടുത്തല്‍ ചിത്രത്തിന്റെ വില 800 കോടിക്ക് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.1452^1508 കാലഘട്ടത്തില്‍ മിലാന്‍ ഡ്യൂക്കായിരുന്ന ലൂഡോവിക്കോ എസ്. ഫോര്‍ഡയുടെ മകള്‍ ബിയാങ്ക എസ്. ഫോര്‍ഡയാണ് ചിത്രത്തിലെ പെണ്‍കുട്ടിയെന്ന് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി കലാചരിത്ര വിദഗ്ധനായ ഡോക്ടര്‍ മാര്‍ട്ടിന്‍ കെമ്പ് അഭിപ്രായപ്പെട്ടു. ഡ്യൂക്കിന്റെ രണ്ട് പത്നിമാരുടെ ചിത്രങ്ങള്‍ ഡാവിഞ്ചിയുടെതായി നേരത്തേ കണ്ടെടുക്കപ്പെട്ടിരുന്നു.

ആ പൊടിപടലങ്ങള്‍ എവിടെപ്പോയി ?
രണ്ടു പേടകങ്ങള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുക. അതിന്റെ ആഘാതത്തില്‍ ഭൂമിയിലെ ദൂരദര്‍ശിനികളില്‍ നിന്ന് കാണാനാവുംവിധം 10 കിലോമീറ്ററോളം ഉയരത്തില്‍ പൊടിപടലങ്ങള്‍ പ്രവഹിക്കുക. അതില്‍നിന്ന് ഐസ് പരലിന്റെ സാധ്യത ചികയുക. ബഹിരാകാശ ചരിത്രത്തിലെ വന്‍ നേട്ടമാണെന്ന് കരുതുന്ന ഈ സാധ്യതയാണ് ഇക്കഴിഞ്ഞ ഒമ്പതിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി 'നാസ' ആരാഞ്ഞത്.
രണ്ടാഴ്ച മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ആഴത്തില്‍ വെള്ളമോ ഹിമപാളികളോ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിരുന്നു നാസയുടെ ശ്രമം. 2.2 ടണ്‍ ഭാരമുള്ള കത്തിത്തീര്‍ന്ന സെന്റോര്‍ റോക്കറ്റ് വെടിയുണ്ടയുടെ ഇരട്ടി വേഗത്തില്‍ ഇടിച്ചിറക്കിയാണ് സ്ഫോടനം നടത്തിയത്. ഈ സ്ഫോടനശക്തിയില്‍ ഉയര്‍ന്നുപൊങ്ങിയ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച പേടകം നാലു മിനിറ്റിനുശേഷം ഇടിച്ചിറക്കി. പേടകം പകര്‍ത്തി അയക്കുന്ന ആദ്യ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വിലയിരുത്തി ജലസാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നു പദ്ധതി.
ആദ്യം എല്‍ക്രോസ് പേടകത്തില്‍നിന്ന് വേര്‍പെട്ട്, വെടിയുണ്ടയുടെ വേഗത്തില്‍ ഇടിച്ചിറങ്ങുന്ന സെന്റോര്‍ റോക്കറ്റ് 350 ടണ്ണോളം പൊടിപടലങ്ങള്‍ ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ഒളിമ്പിക് നീന്തല്‍ക്കുളത്തിന്റെ പകുതി വലുപ്പമുള്ള ഒരു കുഴി അവശേഷിപ്പിക്കുമെന്നും പിന്നീടുള്ള എല്‍ക്രോസിന്റെ ഇടിച്ചിറങ്ങല്‍ ഇതിന്റെ മൂന്നിലൊന്നു മാത്രം പ്രഹരശേഷിയുണ്ടാക്കുമെന്നും കരുതി. അങ്ങനെ പരീക്ഷണം നടന്നു. പേടകത്തില്‍നിന്ന് വേര്‍പെട്ട സെന്റോര്‍ റോക്കറ്റിന്റെ യാത്ര ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന് നാലു മിനിറ്റ് മുമ്പുവരെ എല്‍ക്രോസിലെ കാമറകള്‍ തല്‍സമയം ഭൂമിയിലെത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ച നഷ്ടമായി. ഊഷ്മാവ് 170 മൈനസ് ഡിഗ്രി സെല്‍ഷ്യസും താഴ്ന്ന ഈ ഗര്‍ത്തത്തില്‍ ഐസ്പരലുകള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചു.പിന്നീട് എല്‍ക്രോസ് പേടകം ഈ ഗര്‍ത്തത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ദൃശ്യം വലുതായിക്കൊണ്ടിരുന്നു. പക്ഷേ, പ്രതിക്ഷീച്ചതുപോലെ പൊടിപടലങ്ങളുടെ ഒരു അടയാളവും ഇവ തന്നില്ല. നാസയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ഉപകരണങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നാണ്. പക്ഷേ, പ്രതീക്ഷിക്കപ്പെട്ട പല ദൃശ്യങ്ങളും ലഭിച്ചില്ല. സ്ഫോടനം നടന്നെന്ന് സൂചിപ്പിക്കുന്ന ഏക തെളിവ് എല്‍ക്രോസിലെ ഇന്‍ഫ്രാറെഡ് കാമറ ഒപ്പിയെടുത്ത താപ തരംഗങ്ങള്‍ മാത്രമാണ്.
ദൌത്യത്തിനു മുമ്പ് നാസ പുറത്തുവിട്ട സ്ഫോടനത്തിന്റെ ആനിമേഷനുകള്‍ കണ്ടതിനാല്‍ തല്‍സമയ സംപ്രേഷണത്തിനെത്തിയ പൊതുജനങ്ങളുടെ പ്രതീക്ഷ വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍, ആനിമേഷനപ്പുറം ഒന്നും കാണാനാവാതെ അവര്‍ നിരാശരായി. 'കാണാനാഗ്രഹിച്ച വലിയ പൊടിപടല പ്രവാഹം കാണാനായില്ല' ^ദൌത്യത്തിന്റെ നിരീക്ഷകരിലൊരാളായ മൈക്കല്‍ ബികേയ് പറയുന്നു. സ്ഫോടനത്തിന് ഒരു മണിക്കൂറിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്ന് നേരത്തെ ശാസ്ത്രകാരന്‍മാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കൃത്യമായ ഉത്തരത്തിന് രണ്ടാഴ്ചയെടുക്കുമെന്നാണ് ഇപ്പോള്‍ നാസ പറയുന്നത്. വെളിച്ചക്കുറവുമൂലം സ്ഫോടന ചിത്രങ്ങള്‍ വ്യക്തമായില്ലെന്നും ചില വിദഗ്ധര്‍ പറയുന്നു.
ഭൂമിയിലെ ദൂരദര്‍ശിനികളിലെ ദൃശ്യങ്ങളും എല്‍ക്രോസ് അയച്ച വിവരങ്ങളും ഗവേഷകസംഘം വിശകലനം ചെയ്തുവരികയാണെന്നും ചന്ദ്രോപരിതലത്തിനടിയിലേക്ക് ഇറങ്ങിക്കിടക്കുന്ന രീതിയില്‍ ജലശേഖരമുണ്ടോയെന്ന വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നും ഗവേഷകരിലൊരാളായ ആന്‍ഡ്രൂസ് പറയുന്നു.പ്രതീക്ഷിച്ചപോലെയല്ല ചന്ദ്രോപരിതലം പ്രവര്‍ത്തിച്ചതെന്ന് ദൌത്യത്തിന് ചന്ദ്രനില്‍ കൃത്യമായ ഇടം കണ്ടെത്തുന്നതില്‍ നാസയെ സഹായിച്ച ഡര്‍ഹം യൂനിവേഴ്സിറ്റിയിലെ ഡോ. വിന്‍സന്റ് എക് അഭിപ്രായപ്പെട്ടു. 'ആഘാതത്തോട് ചന്ദ്രനിലെ മണ്ണ് വേണ്ടവിധം പ്രതികരിച്ചില്ല. പക്ഷേ, മതിയായ വിവരങ്ങള്‍ ലഭിച്ചില്ലെന്നല്ല അതിലൂടെ അര്‍ഥമാക്കുന്നത്' ^എക് പറയുന്നു. ചാന്ദ്രധ്രുവങ്ങളിലെ നിഴലുവീണ ഗര്‍ത്തങ്ങളില്‍ ഹൈഡ്രജന്റെ സാന്നിധ്യമുണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ജലശേഖരം കണ്ടെത്തിയാല്‍ ചന്ദ്രനിലെ ഇടത്താവളമെന്ന ശാസ്ത്ര സ്വപ്നം പ്രയോഗക്ഷമമാവും. ചൊവ്വാ പര്യവേക്ഷണ ദൌത്യങ്ങള്‍ക്കും ചന്ദ്രന്‍ വേദിയാവും ^എക് പറയുന്നു. 'ലക്ഷ്യംവെച്ച സ്ഥാനത്തുതന്നെയാണ് പേടകം ഇടിച്ചിറങ്ങിയത്. അതില്‍ തര്‍ക്കമില്ല. പക്ഷേ, ആഘാതത്തില്‍ പദാര്‍ഥങ്ങള്‍ ചിതറിത്തെറിക്കുന്നത് ഉപരിതലത്തിന്റെ സ്വഭാവവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. അത് പാറപോലെ ഉറച്ചതാണോ മൃദുവാണോ എന്നതൊക്കെ ഇതിനെ ബാധിക്കും' ^അദ്ദേഹം വിശദമാക്കി.

സ്തനാര്‍ബുദത്തിന് കാരണമായ ജീന്‍ കണ്ടെത്തി

ലണ്ടന്‍: പകുതിയിലേറെ സ്തനാര്‍ബുദങ്ങള്‍ക്കും കാരണക്കാരന്‍, തകരാറ് വന്ന ഒരു ജീനാണെന്ന് കണ്ടെത്തി. എല്ലാ മനുഷ്യരിലും കാണപ്പെടുന്ന എന്‍.ആര്‍.ജി 1 എന്ന ജീന്‍ കേടാവുന്നതാണ് സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നത്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ഡോക്ടര്‍ പോള്‍ എഡ്വേര്‍ഡ്സും സംഘവുമാണ് സ്തനാര്‍ബുദ ചികില്‍സക്ക് വഴിത്തിരിവാകുന്ന ഈ കണ്ടെത്തല്‍ നടത്തിയത്.
പഠനവിധേയമാക്കിയ 50 ശതമാനത്തോളം സ്തനാര്‍ബുദ രോഗികളിലും കേടുവന്ന ഈ ജീന്‍ ഇവര്‍ കണ്ടെത്തി. ബ്രിട്ടീഷ് ജേര്‍ണലായ ഒങ്കോ ജീനിലാണ് പഠനം പ്രത്യക്ഷപ്പെട്ടത്. കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച തടയാന്‍ ശേഷിയുള്ള എന്‍.ആര്‍.ജി 1 ജീന്‍ തകരാറിലാവുന്നതോടെ സ്തനാര്‍ബുദം രൂപപ്പെടുന്നു.ഇവക്ക് എങ്ങനെ തകരാറ് സംഭവിക്കുന്നുവെന്നത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

എച്ച്.ഐ.വി വൈറസിന്റെ 'വേഷംമാറല്‍' ലാബില്‍ പുനര്‍നിര്‍മിച്ചു

ലണ്ടന്‍: ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചുകഴിയാനുള്ള എച്ച്.ഐ.വി വൈറസിന്റെ 'കാമോ ഫ്ലേഗ്' മെക്കാനിസമെന്ന വേഷംമാറല്‍ പ്രക്രിയ ലബോറട്ടറിയില്‍ പുനര്‍നിര്‍മിച്ചു. എച്ച്.ഐ.വിയില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഏറ്റവും ഫലപ്രദമായ ആദ്യ എയിഡ്സ് വാക്സിന്‍ വികസിപ്പിക്കാന്‍ ഈ ചുവടുവെപ്പിന് കഴിയുമെന്നാണ് കരുതുന്നത്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ബെന്‍ ഡേവീസും സംഘവുമാണ് കണ്ടെത്തലിനുപിന്നില്‍.
എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞ് വളരെക്കാലത്തോളം പ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയാറില്ല. നിശãബ്ദഘട്ടമെന്ന ഈ സമയത്ത് പ്രത്യേകതരത്തിലുള്ള പഞ്ചസാര പാളികള്‍ക്കുള്ളില്‍ കഴിയുന്നതിനാലാണ് ഇവയെ പിടികിട്ടാതാവുന്നത്. അതിനാല്‍, ഇവക്കെതിരായ ആന്റിബോഡികള്‍ നിര്‍മിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്നു.
ബെന്‍ ഡേവിസും സംഘവും എച്ച്.ഐ.വി വൈറസിനെ പൊതിയുന്ന പഞ്ചസാരപാളികള്‍ കൃത്യമായി നിര്‍മിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാവുന്നവിധം ഇവയെ രൂപപ്പെടുത്തി. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ കൃത്രിമ തന്മാത്രകളെ 2 ജി 12 എന്ന ആന്റിബോഡി തളച്ചിടുന്നതായി കണ്ടെത്തി.രോഗികളില്‍ ഇത്തരം കൃത്രിമ പഞ്ചസാരപ്പാളികള്‍ കുത്തിവെക്കുന്നതിലൂടെ എച്ച്.ഐ.വി വൈറസിനെ തുരത്താനുള്ള വഴി ശരീരത്തിന് പരിചയപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ ഉറച്ച വിശ്വാസം.

കസാക്കില്‍ എത്ര ഇന്ദിരമാരുണ്ട്?

അസ്തന: 1955ല്‍ നെഹ്റുവിനൊപ്പം കസാക്കിസ്താന്‍ സന്ദര്‍ശിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവം അവിടെ ശേഷിപ്പിച്ചത് ഒരു പറ്റം ഇന്ദിരമാരെ. 1980നും 90നുമിടയില്‍ ജനിച്ച പത്തിലൊന്ന് കസാക്ക് പെണ്‍കുട്ടിക്കും പേരുവീണത് ഇന്ദിരയെന്നായിരുന്നു. ഇന്ദിരാഗാന്ധിയെ അത്രമേല്‍ സ്നേഹിക്കുന്ന ഈ ജനത ഇന്നും പെണ്‍കുട്ടികളെ ഇന്ദിരയെന്നു പേരു ചൊല്ലി വിളിച്ചുകൊണ്ടിരിക്കുന്നു.
'എന്റെ മുത്തശãനാണ് പേര് ഇന്ദിരയെന്നാവണമെന്ന് നിര്‍ബന്ധം പിടിച്ചത്'^ അല്‍മാട്ടി പ്രദേശത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരി ഇന്ദിര ഒസ്പാനോവ പറയുന്നു. ലോകത്തിലെ പ്രശസ്തയായ ഒരു വനിതാ നേതാവിന്റെ പേര് പങ്കുവെക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് എയര്‍ അസ്തനയിലെ ജീവനക്കാരി ഇന്ദിര സ്മഗാലോവ് പറയുന്നത്.
അല്‍മാട്ടിയില്‍ നെഹ്റുവിനൊപ്പം അര ദിവസം മാത്രം ചെലവഴിച്ച ഇന്ദിരാഗാന്ധി തങ്ങളെ ഏറെ സ്വാധീനിച്ചതായി 82കാരനായ പ്രദേശത്തെ പുരോഹിതന്‍ സതര്‍ഹാന്‍ പറയുന്നു.ഇന്ത്യയുമായി കസാക്കിലെ ജനങ്ങള്‍ക്കുള്ള ഹൃദയബന്ധമാണ് ഈ പ്രവണത തുറന്നുകാട്ടുന്നതെന്ന് അവിടത്തെ അംബാസഡര്‍ അശോക് സജന്‍ഹര്‍ അഭിപ്രായപ്പെടുന്നു.ഇന്ദിരമാരെ കൂടാതെ കസാക്കിസ്താനില്‍ മഹാത്മാഗാന്ധി സ്ട്രീറ്റുമുണ്ട്.

നിത്യയൌവനത്തിന് വഴിതുറക്കുന്നു

വാഷിംഗ്ടണ്‍: പ്രായാധിക്യത്തില്‍ പ്രയാസപ്പെടേണ്ട. നിത്യ യൌവനത്തിനുള്ള വഴിതുറക്കാന്‍ പോകുന്നു. പ്രായമേറുന്നതിന് ഒരു കാരണമായ പേശീശോഷണം കുറച്ച്, ആളുകളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകരുടെ വാദം. കോപന്‍ഹേഗന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്തി ഏജിംഗ് വിഭാഗത്തിലെ ഗവേഷക സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. 21നും 24നും ഇടയില്‍ പ്രായമുള്ള 15 പേരിലും 68നും 74നും ഇടയിലുള്ള 15 പേരിലും നടത്തിയ പേശീതാരതമ്യ പഠനത്തിലാണ് ഇത് വ്യക്തമായത്.
തുടകളില്‍നിന്ന് പേശികള്‍ എടുത്തുമാറ്റിയ ശേഷം പേശീനിര്‍മാണ പ്രക്രിയ നിരീക്ഷിക്കുകയായിരുന്നു.ആളുകള്‍ക്ക് പ്രായമേറുന്നതനുസരിച്ച് പേശികള്‍ക്കുണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. സാധാരണ ശരീരത്തിലെ മൂലകോശങ്ങളാണ് ഇതിന് സന്ദേശം നല്‍കുന്നത്. കേടായ പേശികള്‍ നന്നാക്കാനും പുതുക്കിനിര്‍മിക്കാനുമുള്ള മൂലകോശങ്ങളുടെ സന്ദേശങ്ങളെ പ്രായം തകിടം മറിക്കുന്നു. അങ്ങനെ അവരില്‍ പേശീ സംരക്ഷണ പ്രക്രിയ ദുര്‍ബലമാവുന്നു. കൃത്യമായ അനുപാതത്തിലുള്ള ജൈവ^രാസ സന്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ മൂലകോശങ്ങളുടെ ഈ കഴിവ് തിരിച്ചുകൊണ്ടുവരാമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍.

Friday, October 16, 2009


ഒറ്റക്കെട്ടിന് നാലു പെണ്ണുങ്ങള്‍

പ്രിട്ടോറിയ: ഒരു കെട്ടിന് നാലു ഭാര്യമാര്‍. ദക്ഷിണാഫ്രിക്കയിലെ നാട്ടുപ്രമാണി മില്‍ട്ടണ്‍ എംബലെയാണ് തോബിലെ, സെനേലേ, ബാക്വിനിസെല്‍, സ്മാംഗലേ എന്നീ നാലു യുവതികളെ ഒന്നിച്ച് വിവാഹം ചെയ്തത്. രണ്ടുദിവസം നീളുന്ന കല്യാണച്ചടങ്ങുകള്‍ ഇന്നലെ തുടങ്ങി. ഇന്നാണ് സദ്യവട്ടങ്ങള്‍. ക്വാസുലു പ്രവിശ്യയിലെ 44കാരനായ മില്‍ട്ടണ്‍ കെട്ടാന്‍ പോകുന്ന നാലുപേരും 22നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.
നാട്ടുപള്ളിയില്‍ നടന്ന മനസമ്മതച്ചടങ്ങില്‍ മില്‍ട്ടനെ കെട്ടാന്‍ സമ്മതമാണോയെന്ന് മണവാട്ടിമാരോട് അച്ചന്‍ ചോദിച്ചു. അതേയെന്ന് സംഘഗാനംപോലെ മറുപടി വന്നു.
ബഹുഭാര്യത്വം ഈ പ്രദേശത്ത് പുതുമയുള്ള കാര്യമല്ല. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമാക്കുതന്നെ മൂന്നു പത്നിമാരുണ്ട്. അദ്ദേഹവും കല്യാണം കൂടാനെത്തിയിരുന്നു. പക്ഷേ, ബഹുഭാര്യമാരെ ഒറ്റ മംഗല്യത്തില്‍ സ്വന്തമാക്കുകയെന്നത് പുതുമതന്നെയാണ്.മില്‍ട്ടണ്‍ ഇവര്‍ക്ക് പുരുഷധനമായി നല്‍കിയത് 33 പശുക്കളെയാണ്. 100 പശുക്കളും 250 ആടുകളും സമ്പാദ്യമായുള്ള മില്‍ട്ടണ് അത് കൊടുക്കുന്നതിലെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ നിയമം ആദ്യഭാര്യയെ മാത്രമേ അംഗീകരിക്കൂ. വിവാഹ സര്‍ട്ടിഫിക്കറ്റെന്തിന്, തങ്ങള്‍ക്ക് മില്‍ട്ടന്റെ സ്നേഹം മതിയെന്നാണ് നാലു മണവാട്ടിമാരും ഒരേ സ്വരത്തില്‍ പറയുന്നത്.

ജൂലിയക്ക് ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം

വാഷിംഗ്ടണ്‍: 'ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം' എന്നു കേട്ടിട്ടുണ്ടോ? അത് സംഭവിച്ചിരിക്കുന്നു, അമേരിക്കയില്‍. ജൂലിയ ഗ്രോവന്‍ബര്‍ഗ് എന്ന മുപ്പത്തൊന്നുകാരിക്കാണ് ഈ അപൂര്‍വ അവസ്ഥ. രണ്ടര മാസം ഗര്‍ഭിണിയായ ജൂലിയ കുട്ടിയുടെ ആരോഗ്യ വിവരമറിയാന്‍ ഭര്‍ത്താവ് ടോഡിനൊപ്പം സ്കാനിങ്ങിനെത്തിയതായിരുന്നു. രണ്ടാഴ്ച പ്രായമായ മറ്റൊരു ഭ്രൂണവും ഗര്‍ഭപാത്രത്തില്‍ കഴിയുന്നുണ്ടെന്ന് സ്കാനിംഗില്‍ തെളിഞ്ഞു. ടെക്നീഷ്യന്‍ റിസല്‍ട്ട് കണ്ട് പരിഭ്രമിച്ചു പോയെന്നാണ് ജൂലിയ പറയുന്നത്.ഗര്‍ഭ പാത്രത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ രൂപപ്പെട്ട ഭ്രൂണങ്ങള്‍ ഒരുമിച്ചു കാണുന്ന 'സൂപ്പര്‍ ഫെറ്റേഷന്‍' എന്ന അവസ്ഥയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. കുതിര, ആട്, കങ്കാരു തുടങ്ങിയ മൃഗങ്ങളില്‍ ഇത് സര്‍വ സാധാരണമാണെങ്കിലും മനുഷ്യരില്‍ അപൂര്‍വമാണ്. ലോകത്ത് 10 കേസുകളെ ഇത്തരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ബാള്‍ട്ടിമര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കരന്‍ ബോയ്ലേ പറയുന്നു. ജൂലിയയുടെ ആദ്യ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയും പുതുമുഖം ആണ്‍കുട്ടിയുമാണ്. ആദ്യത്തെയാള്‍ ഡിസംബര്‍ 24നും രണ്ടാമന്‍ ജനുവരി 10നും പിറക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒരുമിച്ച് ഇരുവരും പിറക്കാനും സാധ്യതയുണ്ട്. പ്രായമെത്താതെ പിറക്കേണ്ടി വരുന്നതിനാല്‍ ഇത്തരം ഗര്‍ഭാവസ്ഥ ഇളയ കുട്ടിക്ക് ദോഷമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.പക്ഷി പിടിയന്‍ തവള; പുലിത്തോലിട്ട പല്ലി


ലണ്ടന്‍: പക്ഷിപിടിയന്‍ തവളയും പുലിത്തോലണിഞ്ഞ പല്ലിയും രംഗത്ത്. ഏഷ്യയുടെ തെക്കു കിഴക്കന്‍ വനാന്തരങ്ങളില്‍ ഗവേഷണം നടത്തിയ സംഘമാണ് ഇതുവരെ കണ്ണില്‍പെടാതിരുന്ന 163 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയത്. തായ്ലന്റുകാരനാണ് പുതിയ തവള. കോമ്പല്ലുകളുള്ള ഇവ ചെറിയ പക്ഷികളെ ആക്രമിച്ചു ഭക്ഷിക്കുമെന്ന് സംഘം കണ്ടെത്തി. മറ്റുള്ള തവളകളുമായി മല്‍പിടിത്തത്തിനും കോമ്പല്ലുപയോഗിക്കും.ഗെക്കോ വിഭാഗത്തില്‍പെട്ട വലിയ പല്ലിക്ക് 'അന്യഗ്രഹ ജീവി'യുടെ ഛായയാണെന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. ചീറ്റപ്പുലിത്തോലിലേതുപോലുള്ള പ്രത്യേക പാറ്റേണുകള്‍ ഇവയുടെ ശരീരത്തിലുണ്ട്. ഓറഞ്ച് നിറത്തിലാണ് കണ്ണുകള്‍. വിയറ്റ്നാമില്‍ കണ്ടെത്തിയ ഈ ജീവിവര്‍ഗം വംശനാശ ഭീഷണിയിലാണ്. ഇവയെ കൂടാതെ ചുവന്ന പൂവുള്ള കാട്ടുവാഴ ഉള്‍പ്പെടെ 100 പുതിയ സസ്യജാതികള്‍, ആറ് പുതിയ ഓര്‍ക്കിഡുകള്‍, 28 തരം മീനുകള്‍, 18 ഉരഗങ്ങള്‍, 14 ഉഭയജീവികള്‍ എന്നിവയെയും സംഘം കണ്ടെത്തി.

അമ്മിഞ്ഞപ്പാലിലും വിഷം കലരുന്നു

കോപന്‍ഹേഗന്‍: മലിനീകരിക്കപ്പെട്ട പരിസ്ഥിതി മുലപ്പാലില്‍ വിഷം പുരട്ടുന്നു. ഡെന്‍മാര്‍ക്കിലെ 68 അമ്മമാരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.ഡയോക്സിന്‍, ബൈഫിനൈലുകള്‍, കീടനാശിനികള്‍ എന്നിവയുള്‍പ്പെടെ 121 വിഷാംശമുള്ള രാസവസ്തുക്കളാണ് മുലപ്പാലില്‍ കണ്ടെത്തിയത്. ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ആന്‍ഡ്രോളജിയിലാണ് പഠനം പ്രസിദ്ധപ്പെടുത്തിയത്. ക്രമാതീതമായി വൃഷണ കാന്‍സര്‍ രോഗികള്‍കൂടിയ സാഹചര്യത്തില്‍ നടത്തിയ പഠനമാണ് മുലപ്പാലാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്. പരിസ്ഥിതി മലിനീകരണംമൂലം അമ്മമാരുടെ ശരീരത്തില്‍ കയറിക്കൂടുന്ന രാസവസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും പിന്നീട് അര്‍ബുദത്തിനു കാരണമാവുകയും ചെയ്യുന്നു. വൃഷണകാന്‍സര്‍ മാത്രമല്ല, പുരുഷന്മാരില്‍ വന്ധ്യതയും ജനിതക തകരാറുകളും സൃഷ്ടിക്കുന്നതും ഇവയാണെന്ന് പഠനം വ്യക്തമാക്കുന്നു.ഫിന്‍ലാന്റിലെ അമ്മമാരെയും പഠനത്തിനു പരിഗണിച്ചിരുന്നുവെങ്കിലും അവിടെ മുലപ്പാലിലെ വിഷാംശം താരതമ്യേന കുറവാണെന്നാണ് നിഗമനം. ഡെന്മാര്‍ക്കിലെ അമ്മമാരിലെങ്ങനെ ഇത്രക്ക് വിഷാംശം പടര്‍ന്നുവെന്നതിന് ഉത്തരം തേടുകയാണ് ഗവേഷകര്‍.
എയിഡ്സ്: പുതുവാക്സിന്‍ കണ്ടെത്തി
വാഷിംഗ്ടണ്‍: എച്ച്.ഐ.വി അണുബാധക്കുള്ള സാധ്യത കുറക്കുന്ന പുതിയ വാക്സിന്‍ കണ്ടെത്തി. അമേരിക്കന്‍ സൈന്യവും തായ്ലന്റ് സര്‍ക്കാറും സംയുക്തമായി നടത്തിയ പഠനത്തിലാണ് അണുബാധക്കുള്ള സാധ്യത 32 ശതമാനം കുറക്കുന്ന ആര്‍.വി 144 എന്ന വാക്സിന്‍ കണ്ടെത്തിയത്. ഇപ്പോള്‍ നിലവിലുള്ള കാര്യക്ഷമത കുറഞ്ഞ അല്‍വാക്, എയിഡ്സ് വാക്സ് വാക്സിനുകള്‍ യോജിപ്പിച്ചാണ് ഇത് നിര്‍മിച്ചത്.
തായ്ലന്റിലെ 16000 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് വാക്സിന്‍ കുത്തിവെച്ചു. ബാക്കിയുള്ളവരെ കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കി. ആറുവര്‍ഷം നീണ്ട പരീക്ഷണത്തിനിടെ നിരന്തരം എയിഡ്സ് പരിശോധന നടത്തി. എച്ച്.ഐ.വി അണുബാധക്ക് സാധ്യതയേറിയ ഈ പ്രദേശത്തെ വാക്സിന്‍ കുത്തിവെച്ച 51 പേര്‍ക്ക് മാത്രമേ അവസാന ഡോസ് നല്‍കി മൂന്നുവര്‍ഷത്തിനു ശേഷം എയിഡ്സ് ബാധയുണ്ടായുള്ളൂ. എന്നാല്‍ കുത്തിവെക്കാത്ത 74 പേര്‍ക്ക് രോഗം വന്നു. ഇതില്‍നിന്നാണ് വാക്സിന്‍ അണുബാധ സാധ്യത കുറക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയത്.
വാക്സിനുകളുടെ യോജിച്ച പ്രവര്‍ത്തനമായിരിക്കാം ഈ ഫലത്തിന് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തി. ഫലപ്രദമായ എച്ച്.ഐ.വി വാക്സിന്‍ സാധ്യമാണെന്നതിലേക്ക് ഈ കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നു.

മരണത്തെ മറികടന്ന് എവറസ്റ്റില്‍നിന്നൊരു ചാട്ടം

കാഠ്മണ്ഡു: മരണത്തെ വെല്ലുവിളിച്ച് രമേഷ് ചന്ദ്ര ത്രിപാഠി ചാടിയത് ലോകത്തെ ഏറ്റവും ഉയരത്തില്‍നിന്ന്. 16800 അടിയുള്ള എവറസ്റ്റ് കൊടുമുടിയില്‍നിന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാരച്യൂട്ട് ജംപ് നടത്തിയ ത്രിപാഠി തലച്ചോറില്‍ രക്തസ്രാവ ഭീഷണി നേരിടുന്ന രോഗിയാണ്. ആറുമാസം മുമ്പ് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഈ പാര ജംപ് പരിശീലകന്‍ എവറസ്റ്റിലെത്തിയത്.
ഹെലികോപ്റ്ററില്‍ ഇരുപതിനായിരം അടി മുകളില്‍നിന്ന്, എവറസ്റ്റിന്റെ മടിത്തട്ടിലുള്ള 'ഖൊരാക് ഷെപ്പ്' എന്ന നിരപ്പായ പ്രദേശത്ത് ഇദ്ദേഹത്തെ ഇറക്കുകയായിരുന്നു. ഓക്സിജന്‍ കുറവായ ഇവിടത്തെ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധാരണ ഏറെ സമയമെടുക്കും. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ത്രിപാഠി ചാട്ടത്തിനു തയാറായി. കൂടെയുണ്ടായിരുന്ന സാഹസികരായ ബ്രിട്ടനിലെ ലിയോ ഡിക്കിന്‍സണും റാല്‍ഫ് മിഷലും അഞ്ചു ദിവസമാണ് ചാട്ടത്തിനു മുമ്പുള്ള പൊരുത്തപ്പെടലിന് എടുത്തത്. ശക്തമായ കാറ്റില്‍ ചിലപ്പോള്‍ ചാട്ടം പിഴച്ച് ഹിമപാളികള്‍ക്കിടയിലെ വിള്ളലുകളില്‍ അകപ്പെടാനും ഹിമശിഖരങ്ങളില്‍ ഇടിച്ചുവീഴാനും സാധ്യതയുണ്ടായിരുന്നു. നാളെ മരിക്കുകയാണെങ്കില്‍, ഏറ്റവും സന്തോഷവാനായാണ് താന്‍ മരിക്കുക ^ചാട്ടത്തിനുശേഷം രമേഷ് ത്രിപാഠി പറഞ്ഞു. 2006ല്‍ രാഷ്ട്രപതിയുടെ വായുസേനാ മെഡല്‍ ഈ സാഹസികന്‍ സ്വന്തമാക്കിയിട്ടുണ്ട്.


കണ്ണിന് പല്ല്; ഷാരണിന് കാഴ്ച


വാഷിംഗ്ടണ്‍: കണ്ണില്‍ പല്ല് ഘടിപ്പിച്ചാല്‍ കാഴ്ച തിരിച്ചുകിട്ടുമോ? മിസിസ്സിപ്പിയിലെ ഷാരണ്‍ തോണ്‍ടണ്‍ എന്ന അറുപതുകാരി 'അതെ' എന്നുപറയും. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടമായ കാഴ്ചശക്തി അവര്‍ക്ക് തിരിച്ചുകിട്ടിയത് അങ്ങനെയാണ്. 'സ്റ്റീവന്‍സ് സിന്‍ഡ്രം' എന്ന മാരക നേത്രരോഗം ബാധിച്ച ഇവര്‍ക്ക് സങ്കീര്‍ണമായ 'ഐ^ടൂത്ത്' ശസ്ത്രക്രിയയിലൂടെ കാഴ്ച കിട്ടുകയായിരുന്നു.
ഷാരണിന്റെ കണ്ണില്‍ യഥാര്‍ഥത്തില്‍ സ്വന്തം പല്ലുതന്നെയാണ് ഘടിപ്പിച്ചത്. വെറും പല്ല് അല്ലെന്നുമാത്രം. കോമ്പല്ല് നീക്കംചെയ്ത് ചെറിയ ബോള്‍ട്ടിന്റെ രൂപത്തില്‍ ചെറുതാക്കി അതില്‍ തുളയിട്ട് ഒരു ഒപ്റ്റിക്കല്‍ സിലിണ്ടര്‍ ലെന്‍സ് സ്ഥാപിച്ചു.
'ഐ^ടൂത്ത്' എന്ന ഈ പ്രത്യേക പല്ലിനെ വായക്കുള്ളില്‍ത്തന്നെ നട്ടുപിടിപ്പിച്ചു. വേരുറക്കാറായപ്പോള്‍ കണ്ണിലേക്ക് അത് മാറ്റിവെച്ചു. കണ്ണിലെ അനാവശ്യ പടലങ്ങള്‍ നീക്കംചെയ്താണ് 'ഐ^ടൂത്ത്' വെച്ചത്. ഐ ടൂത്തിലെ ലെന്‍സും കടന്ന് കണ്ണിലേക്ക് വെളിച്ചമെത്തിയപ്പോള്‍ ഷാരണ്‍ ഏറെ ആഹ്ലാദവതിയായി. മരുന്നിന്റെ നിറവും മറ്റും ഷാരണ്‍ ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞു. അന്ധയായതിനു ശേഷം പിറന്ന ഏഴു പേരക്കുട്ടികളെയും കാണാന്‍ പോകുന്നുവെന്നതാണ് ഈ മുത്തശãിയെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.
'ഓസ്റ്റിയോ ഒഡന്റോ കെരാറ്റോ പ്രോസ്തസിസ്' എന്ന ഈ ശസ്ത്രക്രിയക്ക് വിജയസാധ്യത വളരെ നേരിയതാണ്. ഈ ശസ്ത്രക്രിയയില്‍ വിജയിക്കുന്ന ആദ്യ അമേരിക്കക്കാരിയാണിവര്‍. അമേരിക്കയിലെ ബാല്‍കം പാല്‍മര്‍ നേത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ശസ്ത്രക്രിയ.

വീഡിയോ പരസ്യവുമായി ആദ്യ പുസ്തകം

ന്യൂയോര്‍ക്ക്: വീഡിയോ പരസ്യ ചിത്രങ്ങളുമായി ലോകത്തിലെ ആദ്യ പുസ്തകം പുറത്തിറങ്ങി. അമേരിക്കയില്‍ നിന്നിറങ്ങുന്ന 'ഷോബിസ്' വിനോദമാസികയിലാണ് ചലനചിത്രങ്ങള്‍ ഇടംപിടിച്ചത്. മാസിക മറിക്കുമ്പോള്‍ കട്ടിയുള്ള നാലു പേജുകളില്‍ സജ്ജീകരിച്ച എല്‍.സി.ഡി സ്ക്രീനില്‍ പരസ്യങ്ങള്‍ തെളിയും.
തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന ആശംസാ കാര്‍ഡുകളിലുള്ള മൈക്രോചിപ്പ് സാങ്കേതികവിദ്യയാണ് പ്രയോഗിച്ചത്. പേജ് തുറക്കുമ്പോള്‍ മൈക്രോചിപ്പ് പ്രവര്‍ത്തനസജ്ജമാവും, വീഡിയോ തെളിയും. മൊബൈല്‍ ഫോണിലുള്ളതിനു സമാനമായ സ്ക്രീനിലാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ തെളിയുന്നത്.
വളരെ ചെറിയ റീചാര്‍ജബ്ള്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഈ പുത്തന്‍ പരസ്യരീതിക്ക് ചെലവ് എത്ര വരുമെന്ന് പരസ്യദാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇങ്ങനെ ഒരുക്കാന്‍ ഒരു മാസികക്ക് ഇരുപത് ഡോളറിനടുത്ത് വേണ്ടിവരുമെന്ന് ചിപ്പ് നിര്‍മാതാക്കള്‍ പറയുന്നു. 'വീഡിയോ' മാസിക അമേരിക്കയില്‍ തരംഗമായിരിക്കുകയാണ്. ആദ്യദിനംതന്നെ ആയിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

Thursday, October 15, 2009


പഴങ്കഥയിലെ നരഭോജിപ്പരുന്തുകള്‍ യാഥാര്‍ഥ്യം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റുകാര്‍ പഴങ്കഥയില്‍ പറയുന്ന മനുഷ്യരെ തിന്നുന്ന പരുന്തുകള്‍ യാഥാര്‍ഥ്യമെന്ന് ശാസ്ത്രജ്ഞര്‍. പര്‍വതപ്രദേശങ്ങളില്‍ തേ ഹോ ക്വോയി എന്ന നരഭോജിപ്പരുന്തുകള്‍ ഉണ്ടായിരുന്നതായികെന്‍ ആഷ്വെല്ലും (ന്യൂ സൌത്ത് വേന്‍ഡ് യൂനിവേഴ്സിറ്റി ആസ്ത്രേലിയ), പോള്‍ സ്കോഫീന്‍ഡും (കാന്റെന്‍ബര്‍ മ്യൂസിയം) നടത്തിയ പഠനമാണ് സ്ഥിരീകരിച്ചത്. 1870ല്‍ കണ്ടെത്തിയ ഫോസിലുകളില്‍ നടത്തിയ സങ്കീര്‍ണമായ സ്കാനിംഗിലൂടെയാണ് പക്ഷിയെക്കുറിച്ച് ഇവര്‍ നിഗമനത്തിലെത്തിയത്. 18 കിലോഗ്രാം ഭാരമുള്ള ഇവ ലോകത്തില്‍ ഇപ്പോഴുള്ള ഏറ്റവും വലിയ പരുന്തിന്റെ (സ്റ്റെലാഴ്സ് കടല്‍പ്പരുന്ത്) ഇരട്ടിയോളം വരും. കടുവയുടെ നഖങ്ങളേക്കാള്‍ വലുപ്പമുള്ള നഖങ്ങള്‍കൊണ്ട് ഇവക്ക് ഇരയുടെ മേല്‍ ശക്തമായി പ്രഹരിക്കാന്‍ കഴിയുമായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പറന്നിറങ്ങി ഇരയെ റാഞ്ചാനുള്ള കഴിവുണ്ടായിരുന്നു ഇവക്ക്. അക്കാലത്തുണ്ടായിരുന്ന 250 കിലോഗ്രാം ഭാരമുള്ള പറക്കാനാവാത്ത 'മോവ' പക്ഷികളായിരുന്നു ഇവയുടെ പ്രധാന ഇര.

മൊബൈല്‍ ഫോണും ബ്രെയിന്‍ ട്യൂമറും തമ്മിലെന്ത്?

മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമോ? അതേ, എന്നാണ് ഇന്റര്‍നാഷനല്‍ ഇ.എം.എഫ് കൊളാബറേറ്റീവ് നടത്തിയ പഠനം പറയുന്നത്. മൊബൈല്‍ കമ്പനികളുടെ പ്രചാരണങ്ങളെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു, ലോസ് ആഞ്ചലസ് ടൈംസ് കോളമിസ്റ്റ് ഡേവിഡ് ലാസറസ്

'ദീര്‍ഘകാല ഉപയോഗം ആരോഗ്യത്തിന് ഹാനികരം' എന്നൊരു മുന്നറിയിപ്പ് ഇനി മൊബൈല്‍ ഫോണുകളില്‍ സ്ഥാനം പിടിച്ചേക്കാം' ഈ പ്രവചനം ലിയോള്‍ഡ് മോര്‍ഗന്റേതാണ്. വൈദ്യുത കാന്തിക മണ്ഡലങ്ങളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് കൊളാബറേറ്റീവിലെ അംഗമാണ് അദ്ദേഹം. സംഘടന നടത്തിയ 'സെല്‍ഫോണും ബ്രെയിന്‍ ട്യൂമറും: പരിഗണനക്ക് പതിനഞ്ച് കാരണങ്ങള്‍' എന്ന പഠന റിപ്പോര്‍ട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച മിത്തുകളാണ് തകര്‍ക്കുന്നത്. 'ദീര്‍ഘകാല മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൊബൈല്‍ കമ്പനികളുടെ പിന്‍ബലത്തോടെ നടത്തുന്ന പഠനങ്ങള്‍ ഒരുപക്ഷേ, ഈ സത്യം മറച്ചുവെച്ചേക്കും. പക്ഷേ, ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ചില അപകടസാധ്യതകള്‍ നമുക്ക് കാണാന്‍ കഴിയും' ^മോര്‍ഗന്‍ പറയുന്നു. മുതിര്‍ന്നവരേക്കാളും കുട്ടികള്‍ക്കാണ് അപകടസാധ്യത കൂടുതല്‍. അവരുടെ വളര്‍ച്ചാ ദശയിലുള്ള മസ്തിഷ്ക കോശങ്ങളെ വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൊബൈല്‍ ഫോണുകള്‍ ആരോഗ്യത്തിന് ഭീഷണിയാണോ എന്നത് വര്‍ഷങ്ങളായുള്ള വലിയ സംവാദ വിഷയമാണ്. ലോകാരോഗ്യ സംഘടന, അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പറയുന്നത് മൊബൈല്‍ ഫോണ്‍ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നതിന് നിര്‍ണായകമായ തെളിവുകളൊന്നുമില്ലെന്നാണ്. എന്നാല്‍, പല ഉപഭോക്തൃ അഭിഭാഷകരും ആരോഗ്യപ്രവര്‍ത്തകരും അന്തിമവിധിക്ക് സമയമായില്ലെന്നാണ് പറയുന്നത്. ഏറെ വര്‍ഷങ്ങളായി തുടരുന്ന 13 രാജ്യങ്ങള്‍ ചേര്‍ന്നുള്ള പഠനത്തിന്റെ ഫലം കാത്തിരിക്കയാണവര്‍. അതുകൂടെ വന്നാല്‍ എന്നെന്നേക്കുമായി മൊബൈല്‍ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയും. 'ഇന്റര്‍ ഫോണ്‍ സ്റ്റഡി' എന്ന ഈ പഠനം 2000ത്തിലാണ് ആരംഭിച്ചത്. ഇതുവരെ ലഭ്യമായ വിശദാംശങ്ങളില്‍നിന്നും ചിലര്‍ വ്യാഖ്യാനിക്കുന്നത് ദീര്‍ഘകാല മൊബൈല്‍ ഫോണ്‍ ഉപയോഗവും ബ്രെയിന്‍ ട്യൂമറുമായി ബന്ധമുണ്ടെന്നാണ്. പക്ഷേ, ഇതിനെ നിരാകരിക്കുന്ന പക്ഷവുമുണ്ട്. 2.4 കോടി ഡോളര്‍ ചെലവഴിച്ചുള്ള ഈ പഠനത്തിന് മൊബൈല്‍ കമ്പനികളുടെകൂടി സാമ്പത്തിക പിന്തുണയുണ്ട്. തങ്ങള്‍ക്ക് വിനയായേക്കാവുന്ന കണ്ടെത്തലുകള്‍ മയപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുമെന്ന് ചിലര്‍ സംശയിക്കുന്നു. ബ്രെയിന്‍ കാന്‍സര്‍ രോഗികളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ഇല്ലിനോയ്ഡിലെ സെന്‍ട്രല്‍ ബ്രെയിന്‍ ട്യൂമര്‍ രജിസ്ട്രി ചൂണ്ടിക്കാട്ടുന്നത് ചില പ്രത്യേകതരം ട്യൂമര്‍ കേസുകളുടെ കാര്യത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ്. ഈ വര്‍ധനയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്ന് രജിസ്ട്രിയുടെ പ്രസിഡന്റ് കാറോള്‍ ക്രൂച്ച്കോ പറയുന്നു. എന്നാല്‍, മൊബൈല്‍ ഫോണുകള്‍ അപകടകാരികളല്ലെന്നാണ് മൊബൈല്‍ ഫോണ്‍ ഉല്‍പാദകരുടെ സംഘടനയായ സി.ടി.ഐ.എ പറയുന്നത്. ടെലികമ്യൂണിക്കേഷന്‍ വ്യവസായത്തെ നിയന്ത്രിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ എഫ്.സി.സി നിശ്ചയിച്ച പരിധിയിലുള്ള മൈക്രോവേവ് തരംഗങ്ങള്‍ക്ക് ശരീരവുമായി ദോഷകരമായി ഒരു പ്രവര്‍ത്തനവും ഉള്ളതായി അറിവില്ല. സംഘടനയുടെ വക്താവ് പറഞ്ഞു. 'പ്രവര്‍ത്തനം ഉള്ളതായി അറിവില്ലെന്ന് പറയുന്നതുതന്നെ അശാസ്ത്രീയമല്ലേ' ^ലിയോള്‍ഡ് മോര്‍ഗന്‍ ചോദിക്കുന്നു. 'നമുക്കറിയില്ലെന്ന് കരുതിയാല്‍ എല്ലാം തികയുമോ?'മൊബൈല്‍ ഫോണുകളില്‍നിന്ന് വരുന്ന മൈക്രോവേവ് തരംഗങ്ങള്‍ വളരെ ദുര്‍ബലമായതിനാല്‍ നമ്മുടെ മസ്തിഷ്ക കോശ സമൂഹങ്ങളെ അത് ചൂടുപിടിപ്പിക്കില്ലെന്നും ട്യൂമര്‍ രൂപംകൊള്ളാന്‍ ഇടയാക്കില്ലെന്നും ചില പഠനങ്ങളുടെ വെളിച്ചത്തില്‍ മൊബൈല്‍ കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനെ മോര്‍ഗന്‍ ചോദ്യംചെയ്യുന്നു. ജൈവശരീരവുമായുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ ചൂടുപിടിപ്പിക്കാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവരെന്തു പറയുന്നു'? മോര്‍ഗന്‍ ചോദിക്കുന്നു. 'ഒടിഞ്ഞ എല്ലുകള്‍ നേരെയാക്കുന്നതിന് വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ തരംഗങ്ങളെപ്പോലെ ഇവയും ദുര്‍ബലവും കോശസമൂഹങ്ങളെ ചൂടാക്കാത്തതുമാണ്. അപ്പോള്‍ അവക്കും ചൂടുപിടിപ്പിക്കുന്നതില്‍ കവിഞ്ഞ്, മറ്റു ചില സ്വാധീനങ്ങള്‍ ജൈവശരീരത്തില്‍ ഉണ്ട് എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്' ^മോര്‍ഗന്‍ പറയുന്നു. ദുര്‍ബലമായ റേഡിയോ തരംഗങ്ങള്‍ക്ക് ശരീരത്തെ ചൂടുപിടിപ്പിക്കാത്ത മറ്റു സ്വാധീനങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അത്യാവശ്യമാണെന്ന് അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. അപായ സാധ്യതകള്‍ നിര്‍ണയിക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമുണ്ടെന്നും ഇപ്പോഴത്തെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും ലോകാരോഗ്യ സംഘടനയും പറയുന്നു. 'ഇന്റര്‍ഫോണ്‍ സ്റ്റഡി' ഭാഗികമായി പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ സൂചനകളുണ്ട്. പത്തുവര്‍ഷത്തോളമായി നിരന്തരം മൊബൈല്‍ ഫോണ്‍, പ്രത്യേകിച്ച് തലയുടെ ഒരേവശത്ത് ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ക്ക്, ബ്രെയിന്‍ ട്യൂമര്‍ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പഠനം വ്യക്തമാക്കുന്നു. 'അതിനര്‍ഥം മൊബൈല്‍ ഫോണ്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകും എന്നുതന്നെയാണ്' ^മോര്‍ഗന്‍ വാദിക്കുന്നു. മൊബൈല്‍ തരംഗങ്ങള്‍ ബ്രെയിന്‍ ട്യൂമറിനെ തടയുമെന്നും ചില പഠനങ്ങളുണ്ട്. എന്നാല്‍, റേഡിയേഷന്‍ പുറത്തുവിടുന്ന ഉപകരണം തലയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ബ്രെയിന്‍ കാന്‍സറിനെ തുരത്താമെന്നത് പരിഹാസ്യമായ കാര്യമായാണ് പല ഗവേഷകരും കരുതുന്നത്. 'അത് ശരിയാണെങ്കില്‍, എന്തുകൊണ്ട് മൊബൈല്‍ ഫോണ്‍ വ്യവസായകര്‍ ഇത് പ്രചരിപ്പിക്കുന്നില്ല? ലോകത്തെ 400 കോടി മൊബൈല്‍ ഫോണുകളും നിരോധിക്കപ്പെടുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, മൊബൈല്‍ ഫോണ്‍ കഴിയുന്നത്ര തലയില്‍നിന്ന് അകറ്റിനിര്‍ത്തി ഉപയോഗിക്കാനും ഇയര്‍ഫോണുകള്‍ ഘടിപ്പിക്കാനും ആളുകള്‍ നിര്‍ബന്ധിതരായിത്തീരും' ^മോര്‍ഗന്‍ പറയുന്നു. 14 രാജ്യങ്ങളിലെ 40ലധികം ശാസ്ത്രജ്ഞര്‍ മോര്‍ഗന്റെ കണ്ടെത്തലുകള്‍ അംഗീകരിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോക്ടര്‍ റൊണാള്‍ഡ് ഹെര്‍ബെര്‍മാന്‍ മോര്‍ഗന്റെ റിപ്പോര്‍ട്ട് കണ്ടതിനുശേഷം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു മെമ്മോ അയച്ചു. മൊബൈല്‍ ഉപയോഗം കഴിയുന്നത്ര കുറക്കാനും തലയില്‍നിന്ന് കഴിയുന്നത്ര അകലത്തില്‍ അവ ഉപയോഗിക്കാനുമായിരുന്നു ഈ മെമ്മോയിലെ നിര്‍ദേശം. എന്തായാലും മോര്‍ഗന്റെ വാദങ്ങള്‍ ചില ഗൌരവചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്.

ഇനി മരത്തില്‍നിന്ന് വൈദ്യുതി

വാഷിംഗ്ടണ്‍: ഇനി മരത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാം.ഈ വൈദ്യുതി ഉപയോഗിച്ച് കാട്ടുതീയെപ്പറ്റിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റിയും മുന്നറിയിപ്പ് തരുന്ന സെന്‍സറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ്. വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ കണ്ടുവരുന്ന 'ബിഗ്ലീഫ് മാപ്പ്ള്‍' മരങ്ങളിലായിരുന്നു ഇവരുടെ പരീക്ഷണം
ഒരു ലോഹദണ്ഡ് മരത്തിലും മറ്റൊന്ന് മണ്ണിലും കുത്തിനിര്‍ത്തി പരസ്പരം ബന്ധിപ്പിച്ചാല്‍ 200 മില്ലി വോള്‍ട്ട് വരെ വൈദ്യുതി ഉണ്ടാവുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി.
ഇത് നിസ്സാരമായ വൈദ്യുതിയാണെങ്കിലും (ഒരു മില്ലി വോള്‍ട്ട് ഒരു വോള്‍ട്ടിന്റെ ആയിരത്തിലൊരംശമാണ്). ഇവര്‍ വികസിപ്പിച്ച ബൂസ്റ്റ് കണ്‍വെര്‍ട്ടര്‍ എന്ന ഉപകരണം ഈ വൈദ്യുതി ശേഖരിച്ച് കൂടിയ വൈദ്യുതിയാക്കി പുറത്തുവിടുന്നു. 20 മില്ലി വോള്‍ട്ട് വൈദ്യുതിയെ ഈ ഉപകരണം 1.1 വോള്‍ട്ട് വരെയാക്കി ഉയര്‍ത്തും.
ഇതുപയോഗിച്ചാണ് മുന്നറിയിപ്പ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുക.തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയില്‍ വ്യത്യസ്ത ലോഹദണ്ഡുകള്‍ ഉറപ്പിച്ചുനിര്‍ത്തി തമ്മില്‍ ബന്ധിപ്പിച്ച് വൈദ്യുതിയുണ്ടാവുന്ന പ്രതിഭാസവും ഇതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ത ലോഹദണ്ഡുകളും അവയിലെ രാസവസ്തുക്കളും തമ്മിലുള്ള പ്രവര്‍ത്തനമാണ് അവിടെ വൈദ്യുതി സൃഷ്ടിക്കുന്നത്. എന്നാല്‍, മരത്തില്‍ തന്നെയുള്ള സന്ദേശങ്ങള്‍ കൈമാറുന്ന വൈദ്യുതി സിഗ്നലുകളായിരിക്കാം 'മര വൈദ്യുതി' പ്രതിഭാസത്തിനുപിന്നിലെന്നാണ് ഗവേഷകരുടെ നിഗമനം. .
രാസവസ്തുക്കള്‍ അഞ്ചു കോടി കവിഞ്ഞു
ഒഹിയോ: ലോകത്ത് രാസവസ്തുക്കളുടെ എണ്ണം അഞ്ചു കോടി തികഞ്ഞു. രാസവസ്തുക്കളുടെ പട്ടിക തയാറാക്കുന്ന കെമിക്കല്‍ അബ്സ്ട്രാക്റ്റ്സ് സര്‍വീസാണ് (സി.എ.എസ്) 'അറൈല്‍ മെഥിലിഡിന്‍ ഹെറ്ററോസൈക്കിള്‍' എന്ന പുതിയ അംഗത്തെ തിരിച്ചറിഞ്ഞത്. ലോകത്ത് കണ്ടുപിടിക്കപ്പെടുന്ന എല്ലാ രാസവസ്തുക്കളുടെയും വിശദവിവരങ്ങള്‍ അടങ്ങുന്ന പട്ടിക 1907 മുതല്‍ തയാറാക്കി വരുകയാണ് സി.എ.എസ്. ഒമ്പതു മാസം മുമ്പാണ് പട്ടിക നാലു കോടി തികഞ്ഞത്. സെപ്റ്റംബര്‍ ഏഴിന് അഞ്ചു കോടി തികച്ച് രണ്ടു ദിവസത്തിനുള്ളില്‍ പട്ടികയില്‍ 50039490 അംഗങ്ങളായി. 59 പേറ്റന്റ് അധികൃതരില്‍നിന്നും വിവിധ ശാസ്ത്ര ജേര്‍ണലുകളില്‍നിന്നുമൊക്കെയാണ് പുതിയ രാസവസ്തുവിന്റെ രംഗപ്രവേശം രേഖപ്പെടുത്തുന്നത്.

വിണ്ണില്‍നിന്ന് ബര്‍തേ മണ്ണിലിറങ്ങി അസ്തന: ബഹിരാകാശത്തെത്തിയ ആദ്യ സര്‍ക്കസ് 'കോമാളി'ഗയ് ലാലി ബര്‍തേ തിരിച്ചെത്തി. പത്തുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെയും രണ്ട് സഹയാത്രികരെയും വഹിച്ച സൂയസ് പേടകം ഇന്നലെ വടക്കന്‍ കസാക്കിസ്താനില്‍ വന്നിറങ്ങി. ശനിയാഴ്ച ബഹിരാകാശത്തുവെച്ച് ജലക്ഷാമത്തെക്കുറിച്ചുള്ള ആഗോള പരിപാടിക്ക് അവതാരകനായതോടെ, നേരംപോക്കല്ല തന്റെ ബഹിരാകാശ ദൌത്യമെന്ന് ബര്‍തേ തെളിയിച്ചിരുന്നു. ബര്‍തേ നയിക്കുന്ന സേവനസംഘടനയായ 'വണ്‍ ഡ്രോപ്പി'ന്റെ വെബ്സൈറ്റില്‍ തല്‍സമയം പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ ലോകത്തെ 14 നഗരങ്ങളില്‍നിന്ന് നിരവധി പ്രമുഖര്‍ പങ്കുചേര്‍ന്നിരുന്നു. ബഹിരാകാശ യാത്രികരായ ഗെന്നഡി പദാല്‍ക്ക (റഷ്യ), മൈക്കല്‍ ബറാത്ത് (യു.എസ്) എന്നിവര്‍ക്കൊപ്പമാണ് ബര്‍തേ തിരിച്ചെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുപേര്‍ ഇപ്പോഴും ഗവേഷണങ്ങളുമായി തുടരുന്നുണ്ട്. 162 കോടി രൂപ മുടക്കി ബഹിരാകാശ സന്ദര്‍ശനം നടത്തിയ ബര്‍തേ ഉദ്യമം ഫലപ്രദമായതിന്റെ സന്തോഷത്തിലാണ്.

കുത്തിവെക്കേണ്ട; ഇനി ഇന്‍സുലിന്‍ ശ്വസിക്കാം
പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ ശ്വസിക്കാന്‍ കഴിയുന്ന ഉപകരണം വരുന്നു. സ്പെയിനിലെ മാന്‍കൈന്‍സ് കോര്‍പറേഷനാണ് ഉള്ളംകൈയില്‍ ഒതുങ്ങുന്ന ഇന്‍സുലിന്‍ ഇന്‍ഹേലര്‍ വികസിപ്പിച്ചത്. ശ്വാസത്തോടൊപ്പം ഇന്‍ഹേലറിലുള്ള 'അഫ്രിസ' എന്ന ഇന്‍സുലിന്‍ പൊടി ശ്വാസകോശത്തിലെത്തും, അവിടെനിന്ന് രക്തത്തില്‍ അലിയും. സ്പെയിനില്‍ സര്‍ക്കാര്‍ അംഗീകാരത്തതിന് കാത്തിരിക്കുകയാണ് ഈ ഉല്‍പന്നം. അംഗീകാരം ലഭിച്ചാല്‍ അടുത്തവര്‍ഷത്തോടെ വിപണിയിലെത്തും. 2006ല്‍ 'ഫിസര്‍' കമ്പനി ഇത്തരം ഇന്‍ഹേലര്‍ വികസിപ്പിച്ചിരുന്നു. വലിപ്പമേറിയതിനാല്‍ വിപണിയില്‍ പരാജയപ്പെട്ടു.