Friday, May 20, 2011

ആനിമേഷനിപ്പുറത്തെ അത്ഭുത പെണ്‍കുട്ടിആനിമേഷന്‍ പലപ്പോഴും അത്ഭുതക്കാഴ്ചയാണ്. ആനിമേഷന്‍ നിര്‍മാണത്തിന്റെ പിന്നണിയിലെ ഒരു അത്ഭുതക്കാഴ്ചയെക്കുറിച്ചാണിനി പറയുന്നത്. തമിഴ്നാട്ടിലെ സെപ്പന്‍ എന്ന ആനിമേഷന്‍ കമ്പനി. 2ഡി, 3ഡി ആനിമേഷന്‍ ചിത്രങ്ങള്‍ തയാറാക്കുക, ആനിമേഷന്‍ പരസ്യചിത്രങ്ങളൊരുക്കുക അങ്ങിനെ നിരവധി ദൌത്യവുമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രൊജക്ററും ഏറെറടുത്തു കഴിഞ്ഞാല്‍ ടീം അംഗങ്ങള്‍ കമ്പനി സി.ഇ.ഒ(ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) യുമായി ചര്‍ച്ചകള്‍ നടത്തുന്നു. സി.ഇ.ഒയുടെ നിര്‍ദേശപ്രകാരം മുന്നോട്ടു നീങ്ങുന്നു. മികച്ച സംരഭങ്ങള്‍ പുറത്തുവരുന്നു. ബഹുമാനത്തേക്കാള്‍ അധികം വാല്‍സല്യമാണ്  സി. ഇ.ഒ യോട് മറ്റ് ടീം അംഗങ്ങള്‍ക്ക്.
ആനിമേഷന്‍ ചിത്ര നിര്‍മാണത്തില്‍ ഏറെ കഴിവുതെളിയിച്ച ഒരു കൊച്ചു പെണ്‍ കുട്ടിയാണ് അവരുടെ സി.ഇ.ഒ. എന്നതു തന്നെകാരണം. ഒമ്പതാം ക്ലാസുകാരി സിന്ധുജ രാമരാജനാണ് സെപ്പന്‍ എന്ന കമ്പനിയുടെ സി.ഇ.ഒ. ലോകത്തെ ഏററവും പ്രായം കുറഞ്ഞ സി.ഇ.ഒ എന്ന പദവിയുമുണ്ട് ഈ പതിനാലുകാരിക്ക്. കുസൃതിച്ചിരിയുമായി ടീം മീറ്റുകളില്‍ സിന്ധുജ രസകരമായ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നു. വേഗത്തില്‍ അവയില്‍ നിന്ന് ആനിമേഷന്‍ ചിത്രങ്ങളൊരുക്കുന്നു. കാര്‍ട്ടൂണുകളും പരസ്യങ്ങളും ഏറെ ഇഷ്ടത്തോടെ ആസ്വദിക്കേണ്ട കുട്ടിപ്രായത്തില്‍ അത്തരം ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് സിന്ധുജ.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 2ഡി ആനിമേറ്ററും ഡിജിററല്‍ കാരിക്കേച്ചറിസ്റ്റുമാണ് ഈ പെണ്‍കുട്ടിയെന്ന് കോറല്‍ കോര്‍പ്പറേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിജിററല്‍ ചിത്രരചനക്കും ആനിമേഷനും സോഫ്ററ് വേയറുകള്‍ ഒരുക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡാണ് കോറല്‍. ആനിമേഷന്‍ കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോം(ചമരീാൈ) വേഗത കൂടിയ 2ഡി ആനിമേഷന്‍ ചിത്രകാരിയാണ് സിന്ധുജയെന്ന് സാക്ഷ്യപ്പെടുത്തുന്നു. വലിയ കോര്‍പ്പറേറ് ആനിമേഷന്‍ കമ്പനികള്‍ സിന്ധുജയെ കാത്തിരിക്കുന്നു. പക്ഷേ തല്‍ക്കാലം നാട്ടില്‍ തന്നെ തുടരാനാണ് ചെന്നെ രാമനാഥപുരം സ്വദേശിയായ ഈ കൊച്ചു പ്രതിഭയുടെ പദ്ധതി.
കുറച്ചു വര്‍ഷം മുന്‍പ് മാത്രമാണ് കമ്പ്യൂട്ടര്‍ ആനിമേഷന്‍ എന്താണെന്ന് സിന്ധുജ മനസിലാക്കാന്‍ തുടങ്ങുന്നത്. പുതിയ രസമുള്ള എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിച്ചിരിക്കയായിരുന്നു അക്കാലത്ത് സിന്ധുജ. കാര്‍ട്ടൂണിസ്ററും കാരിക്കേച്ചറിസ്ററും കൂടിയായ അച്ഛന്‍ രാമരാജന്‍ ആനിമേഷന്‍ ചിത്രനിര്‍മാണത്തിന്റെ ആദ്യപാഠങ്ങള്‍ അവളെ പഠിപ്പിക്കാനൊരുങ്ങുന്നത് അങ്ങനെയാണ്. ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് സിന്ധുജ ആദ്യ ആനിമേഷന്‍ പ്രൊജക്ററ് ചെയ്യുന്നത്. "ഡു നോട്ട് ഡിസ്ററര്‍ബ് ആനിമല്‍സ്'  എന്നായിരുന്നു ചിത്രത്തിന്റെ പേര്. പ്രൊജക്ററ് സമര്‍പ്പിക്കാനുള്ള അവസാനദിനമടുത്തപ്പോള്‍ കുടുംബം മുഴുവന്‍ പിന്നണിയില്‍ അണിനിരന്നു. അനിയത്തി കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകര്‍ന്നു. കഥാപാത്രങ്ങള്‍ ഡിസൈന്‍ ചെയ്യുവാന്‍ അച്ഛനും സഹായിച്ചു. അമ്മയും പിന്തുണയുമായി കൂടെ നിന്നു. ആനിമേഷന്‍ പ്രക്രിയ സ്വന്തമായി സിന്ധുജ തന്നെ ചെയ്തു തീര്‍ത്തു.

പിന്നീടാണ് കൌതുകകരമായ ഒരു ആനിമേഷന്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ അവസരം സിന്ധുജയെ തേടിയെത്തുന്നത്. എക്സ്നോറ എന്ന സാമൂഹ്യസേവന സംഘടന ആഗോള താപനം എന്ന വിഷയത്തില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് യജ്ഞം സംഘടിപ്പിക്കുകയായിരുന്നു. ഒരാള്‍ പത്ത് മണിക്കൂര്‍ സമയത്തിനകം 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാര്‍ട്ടൂണ്‍ ചിത്രം നിര്‍മിക്കണം. അതായിരുന്നു വെല്ലുവിളി.

നിരന്തരം ആനിമേഷന്‍ ചെയ്തുകൊണ്ട് സിന്ധുജ ഗിന്നസ് യജ്ഞത്തിന് ഒരുങ്ങി. ഒറ്റക്കണ്ണുള്ള ലിറ്റി(ീില ല്യലറ ഹശ്യ) എന്ന സാങ്കല്‍പിക കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സിന്ധുജ മനസിലൊരുക്കിയത്. ഷോട്ടുകള്‍ ക്രമീകരിച്ചും ടൈമിങ് ശരിയാക്കിയും ഒററക്കണ്ണന്‍ ലിററിയുടെ ആനിമേഷന്‍ ചിത്രം അവള്‍ മെനഞ്ഞെടുത്തു. ഈ കഥാപാത്രം ആഗോള താപനത്തെക്കുറിച്ചുള്ള സന്ദേശം  നല്‍കുന്നുവെന്നായിരുന്നു തീം. അങ്ങനെ ദിവസമെത്തി. പത്രക്കാരും വിശിഷ്ട അതിഥികളും അടങ്ങുന്ന കാഴ്ചക്കാര്‍ക്കു മുന്നില്‍ സിന്ധുജ സര്‍ഗ പ്രതിഭ തെളിയിച്ചു.
എട്ടര മണിക്കുര്‍  കൊണ്ട്  കൊച്ചു പെണ്‍കുട്ടിയുടെ കരവിരുതില്‍ കാര്‍ട്ടൂണ്‍ചിത്രം ഒരുങ്ങി. ഗിന്നസ് അധികൃതരുടെ പരിഗണനയിലാണ് സിന്ധുജയുടെ ഈ ആനിമേഷന്‍ യജ്ഞം. ഫസ്റ്റ് പ്ലാനററ് എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ടീമിലേക്കാണ് സെപ്പന്‍ എന്ന കമ്പനി ആദ്യമായി സിന്ധുജയെ ക്ഷണിച്ചത്. ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ എന്നാലെന്തെന്ന് അറിയാത്ത സമയത്താണ് 10ലക്ഷം മുതല്‍മുടക്കിയ ഈ ആനിമേഷന്‍ ചിത്രത്തിന്റെ സി.ഇ. ഒ ആവാന്‍ തന്നെ ക്ഷണിച്ചതെന്ന് സിന്ധുജ ഒരു അഭിമുഖത്തില്‍ കുസൃതിച്ചിരിയോടെ പറഞ്ഞു.
വിര്‍ച്ച്വല്‍ ത്യാഗരാജ നഗര്‍ എന്ന ആനിമേഷന്‍ പ്രൊജക്ററും  ഈ കുഞ്ഞുപെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നു. ത്യാഗരാജ നഗര്‍ എന്ന തമിഴ്നാട്ടിലെ ഷോപ്പിങ്ങ് നഗരത്തിലെ വേസ്ററ് മാനേജ്മെന്റിനെ കുറിച്ചാണ് ചിത്രം. ജോയ് ആലുക്കാസിനു വേണ്ടി 40മിനിട്ട് പരസ്യ ചിത്രവും സിന്ധുജ ഒരുക്കുന്നു. നല്ല സര്‍ഗശേഷിയും സാങ്കേതിക ജ്ഞാനവുമുണ്ട് തങ്ങളുടെ സി. ഇ.ഒ ക്കെന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ അഭിമാനത്തോടെ പറയുന്നു.  ആദ്യം ബിസിനസ് ഇടപാടുകളില്‍ നാണക്കാരിയായി നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആള്‍ സ്മാര്‍ട്ടായി പെരുമാറുന്നുവെന്നാണ് അവരുടെ നിരീക്ഷണം. കുറച്ചുകൂടെ മുതിര്‍ന്നാല്‍ കാനഡയിലെ വാന്‍കൌവര്‍ ഫിലിംസ്കൂളില്‍ പഠിക്കണമെന്നാണ് സിന്ധുജയുടെ മോഹം. ജപ്പാനീസ് ചിത്രകലയും പഠിച്ചറിയണം. 

പിന്നെ ഇന്ത്യയില്‍ സ്വന്തമായി ആനിമേഷന്‍ പ്രൊഡക്ഷന്‍ ഹൌസ് തുടങ്ങണം. ആഗോള നിലവാരമുള്ള മികച്ച ആനിമേഷന്‍ സിനിമകള്‍ നിര്‍മിക്കണം...സിന്ധുജയുടെ സ്വപ്നങ്ങള്‍ ഒട്ടും അകലെയല്ലെന്ന് ഇതുവരെയുള്ള ഈ കൊച്ചുപെണ്‍കുട്ടിയുടെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ ആനിമേഷന്‍ രംഗത്ത് വരാനിരിക്കുന്ന വസന്തത്തിന്റെ സി.ഇ.ഒ  ഇവള്‍ തന്നെയായിരിക്കും.

4 comments: