Monday, March 28, 2011

രസതന്ത്രത്തിലെ വില്ലന്‍മാര്‍


രു രസതന്ത്ര അധ്യാപിക കുട്ടികളോട് ചോദിച്ചു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരെ കൊന്നൊടുക്കിയ രാസപദാര്‍ഥം ഏതാണ്?
ഒരു കുട്ടി എഴുന്നേറ്റ് നിന്ന് എളുപ്പം മറുപടി കൊടുത്തു
H2O അതായത് വെള്ളം
ടീച്ചര്‍ക്ക് ദേഷ്യം വന്നു.
ടീച്ചര്‍ എത്ര പേരാണ് സുനാമിത്തിരകളിലും, വെള്ളപ്പൊക്കത്തിലും,മഴക്കെടുതിയിലും കാലങ്ങളായി മരിച്ചു പോവുന്നത്. അതിനെല്ലാം പിന്നില്‍ വെള്ളമല്ലേ^കുട്ടി സമര്‍ഥിച്ചു. കുട്ടികളും ഒപ്പം ടീച്ചറും അത് ആസ്വദിച്ച് ചിരിച്ചു. ആ കണ്ടെത്തലില്‍ തമാശയുണ്ടെങ്കിലും കാര്യമൊന്നുമില്ല.ജലം എന്ന പദാര്‍ഥം പ്രത്യക്ഷത്തില്‍ അപകടകാരിയൊന്നുമല്ലെന്ന് നമുക്കറിയാം. നമുക്ക് ഏറെ വേണ്ടപ്പെട്ട രാസപദാര്‍ഥമാണ് ജലമെന്നതില്‍ തര്‍ക്കവുമില്ല. മനുഷ്യരെ കൂട്ടമായി കൊന്നൊടുക്കുകയോ വലിയ ദുരിതങ്ങളിലേക്ക് ക്ഷണിക്കുകയോ ചെയ്ത വില്ലന്‍ രാസവസ്തുക്കള്‍ വേറെയുണ്ട്. പിന്നെ നമ്മുടെ പാവം ജലത്തെ എന്തിനു തമാശയാക്കണം അല്ലേ. പല ദുരന്തങ്ങള്‍ക്കുമൊപ്പം നാം കേട്ടറിഞ്ഞ ആ രാസവസ്തുക്കളില്‍ ചിലരെ പരിചയപ്പെടാം.

അരികിലുണ്ട് അവന്‍
എന്‍ഡോസള്‍ഫാന്‍

നിങ്ങള്‍ തന്നെ എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞിരിക്കും എന്‍ഡോസള്‍ഫാന്‍ എന്ന വില്ലന്റെ പേര്. ഇവന്‍ സര്‍വ്വഗുണ സമ്പന്നനായ നായകനാണെന്നാണ് ചിലരിപ്പൊഴും പറയുന്നത് കേട്ടോ. പത്രവാര്‍ത്തയിലും ടിവിയിലുമൊക്കെയായി കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിത കഥകള്‍ കേട്ടവരാരും അങ്ങനെ പറയില്ല അല്ലേ. നമ്മുടെ ദുരിതങ്ങളേക്കാള്‍ മറ്റു ലാഭചിന്തകളില്‍ മാത്രം കണ്ണു പതിഞ്ഞു പോവുന്നവരാണ് എന്‍ഡോസള്‍ഫാനെ ഒരു പാവത്താനായി കരുതുന്നത്. ആളിന്റെ സ്വഭാവഗുണമറിഞ്ഞവര്‍ അടുക്കാനിത്തിരി മടിക്കും. കശുവണ്ടിപോലുള്ള കാര്‍ഷിക വിളകളെ ആക്രമിക്കുന്ന കീടങ്ങളെ കൊന്നൊടുക്കാനാണ് ഇവന്‍ അവതരിച്ചത്.


വായുവിലൂടെയും ജലത്തിലൂടെയും മനുഷ്യശരീരത്തില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍  ലോകത്തെ പല രാജ്യങ്ങളും എന്‍ഡോസള്‍ഫാനെ പടിക്കു പുറത്താക്കി. നമ്മള്‍ ഇന്ത്യാക്കാര്‍ ഇപ്പോഴും ഈ വില്ലനെ കഥയില്‍ നിന്ന് പുറത്താക്കിയിട്ടില്ല . കാസര്‍കോട്ടെ കശുവണടി കൃഷിയിടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എത്രയോ നിരപരാധികളുടെ ശരീരത്തില്‍ കയറി എന്തെല്ലാം ക്രൂരതകള്‍ തീര്‍ത്തെന്നോ? കണ്ണു നിറഞ്ഞു പോവുന്ന കാഴ്ചകളായി ആ കാസര്‍കോട്ടുകാരെ നിങ്ങള്‍ കണ്ടതല്ലേ. കണ്ണില്‍ നിന്ന് ചോര പൊടിയുന്നവര്‍, കാലും കൈയും അങ്ങനെ മെയ്യാകെ തളര്‍ന്നു പോയവര്‍, അര്‍ബുദത്തിനു കീഴ്പ്പെട്ടവര്‍, ബുദ്ധിമാന്ദ്യം വന്നവര്‍ അങ്ങനെ അങ്ങനെ  തീരാദുരിതങ്ങളില്‍ കഴിയുന്നവര്‍..
എല്ലാത്തിനും വിത്തുപാകിയ എന്‍ഡോസള്‍ഫാന്‍ എന്ന വില്ലന്‍ പിന്നെയും കളി തുടരുകയാണ്.
structure of endo sulfan

തനിനിറം
ഓര്‍ഗാനോ ക്ലോറിന്‍ (ക്ലോറിന്‍ അടങ്ങിയ ഓര്‍ഗാനിക് സംയുക്തങ്ങള്‍)വിഭാഗത്തില്‍പ്പെട്ട രാസവസ്തുവാണ് എന്‍ഡോസള്‍ഫാന്‍. 6,7,8,9,10,10  ഹെക്സാക്ലോറോ- 1,5,5a,6,9,9aഹെക്സാ ഹൈഡ്രോ- 6,9 മെഥനോ2,4,3ബെന്‍സോ ഡൈ ഓക്സാ തൈപീന്‍ 3ഓക്സൈഡ് എന്നാണ് രാസനാമം. എത്ര നീളന്‍ പേര് അല്ലേ.  പേര് കേള്‍ക്കുന്ന ലോകത്തെ ഏത് രസതന്ത്രകാരനും ഘടനയെന്തെന്ന് പെട്ടെന്ന് മനസിലാക്കാനാണ് സംയുക്തങ്ങള്‍ക്ക് ഇങ്ങനെ രാസനാമം നിശ്ചയിക്കുന്നത്. ഓക്സിജന്‍,കാര്‍ബണ്‍,ക്ലോറിന്‍,ഹൈഡ്രജന്‍,സള്‍ഫര്‍ എന്നീ മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

ശുദ്ധരൂപത്തില്‍ നിറമില്ലാത്ത പരലുകളായാണ് എന്‍ഡോസള്‍ഫാന്‍ കാണപ്പെടുന്നത്. വ്യാവസായികമായി വലിയതോതില്‍ നിര്‍മിക്കുമ്പോള്‍ ഇത് നേരിയ ബ്രൌണ്‍ നിറത്തിലാണുണ്ടാവുക. വെള്ളത്തില്‍ നേരിയതോതില്‍ മാത്രമേ ലയിച്ചു ചേരൂ. മണ്ണെണ്ണ,ക്ലോറോഫോം തുടങ്ങിയ ഓര്‍ഗാനിക് ലായകങ്ങളില്‍ നന്നായി ലയിച്ചു ചേരും.
മനുഷ്യന്റെ കേന്ദ്രനാഡീ വ്യൂഹത്തിനെയാണ് എന്‍ഡോസള്‍ഫാന്‍ ആക്രമിച്ച് തകരാറിലാക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. അമിതഉദ്ദീപനം അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കുന്നു. അമിത തോതില്‍ എന്‍ഡോസള്‍ഫാന്‍ ശരീരത്തിലെത്തിയാല്‍ അബോധാവസ്ഥ തൊട്ട് മരണം വരെ സംഭവിക്കാനിടയുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പ്പാദനവും വിതരണവും നിയന്ത്രിക്കുന്ന അന്ത:ശ്രാവീ വ്യൂഹത്തെ തകരാറിലാക്കാനും ഈ വില്ലന്‍ സംയുക്തത്തിനു കഴിയും. മനുഷ്യന്റെ പ്രത്യൂല്‍പ്പാദന ശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങളുണ്ട്. 64 ലോകരാജ്യങ്ങള്‍ ഈ മാരക സംയുക്തത്തെ പടിയടച്ചു പുറത്താക്കിയിട്ടും നമ്മുടെ രാജ്യം മാത്രം തീരുമാനമെടുത്തിട്ടില്ല.

എണ്ണായിരത്തോളം ജീവനെടുത്ത
എം.ഐ.സി

എം.ഐ.സി എന്ന മൂന്നക്ഷരക്കാരന്‍ ലോകത്തെ ഞെട്ടിച്ച വലിയ രാസദുരന്തത്തിലെ വില്ലനാണ്.മീഥൈല്‍ ഐസോ സയനേറ്റ് എന്നാണ് മുഴുവന്‍ പേര്. ഭോപാല്‍ വാതക ദുരന്തമെന്ന് ചരിത്രത്തില്‍ കയറിയ ഭീകര മനുഷ്യകുരുതി നടന്നത് 1984 മാര്‍ച്ച് രണ്ടിനായിരുന്നു. സെവിന്‍ എന്ന പേരില്‍ കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്ന യൂനിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ നിന്ന് വിഷവാതകം പുറത്തേക്ക് വമിക്കുകയായിരുന്നു. നിയന്ത്രണങ്ങളെല്ലാം തകര്‍ത്ത് എം.ഐ.സിയും മറ്റ് വിഷവാതകങ്ങളും ഭോപാലിലെ അന്തരീക്ഷമാകെ പടര്‍ന്നു.

കാര്‍ബാറില്‍ (1^നാഫ്തൈല്‍ മീഥൈല്‍ കാര്‍ബമേറ്റ്) എന്ന കീടനാശിനിയാണ് യൂനിയന്‍ കാര്‍ബൈഡ് ഫാക്റ്ററി സെവിന്‍ എന്ന പേരില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇത് നിര്‍മിക്കാനുള്ള രാസപ്രവര്‍ത്തനത്തിലെ പ്രധാന ചേരുവയാണ് മീഥൈല്‍ ഐസോ സയനേറ്റ്.  ഫാക്റ്ററിയില്‍ വലിയ ടാങ്കുകളില്‍ എം.ഐ.സി ഉല്‍പ്പാദിപ്പിച്ച് സൂക്ഷിച്ചിരുന്നു.

methyl iso cyanate plant

ദുരന്തദിനം രാത്രി 9 മണിയോടെ 40 മെട്രിക് ടണ്‍(40,000 കിലോഗ്രാം) എം.ഐ.സി സംഭരിച്ചിരുന്ന ടാങ്കിനുള്ളിലേക്ക് സാങ്കേതിക തകരാറുമൂലം വെള്ളമെത്തുകയായിരുന്നു. അമിത തോതില്‍ താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനം വെള്ളവും എം.ഐ.സിയും തമ്മില്‍ നടന്നു. ടാങ്കിനുള്ളില്‍ മര്‍ദ്ദമുയര്‍ന്നു. തുടര്‍ന്ന് ശേഷിക്കുന്ന എം.ഐ.സിയും രാസപ്രവര്‍ത്തനത്തിലെ ഉല്‍പ്പന്നങ്ങളും പുറത്തേക്കൊഴുകി. മാരക വിഷമായ ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍മോണോക്സൈഡ്, ഹൈഡ്രജന്‍ ക്ലോറൈഡ്, നൈഡ്രജന്‍ ഓക്സൈഡുകള്‍ തുടങ്ങിയവയും വിഷവാതകത്തില്‍ ഉള്‍പ്പെട്ടിരുന്നു. വീടുകളില്‍ ശാന്തമായി ഉറങ്ങുകയായിരുന്ന പരിസരവാസികളിലേക്ക് വിഷവാതകമെത്തിയതോടെ. അവര്‍ കൂട്ടമായി ചുുമക്കാനും ശ്വാസം കിട്ടാതെ മരണവെപ്രാളം കാണിക്കാനും തുടങ്ങി. പലരും വേഗത്തില്‍ മരണത്തിനു കീഴടങ്ങി. ദിവസങ്ങള്‍ക്കകം തീവ്ര ശ്വസന തകരാറുകളുമായി മരിച്ചു വീഴൂന്നവരുടെ എണ്ണം കൂടി. കൂട്ടക്കുരുതിയുടെ ദിനങ്ങള്‍ക്ക് ഭോപ്പാല്‍ സാക്ഷിയായി.
structure of methyl iso cyanate


വില്ലനെ അടുത്തറിയാം

 H3CN=C=O.ആണ്  മീഥൈല്‍ ഐസോ സയനേറ്റിന്റെ രാസസൂത്രം. മീഥൈല്‍ കാര്‍ബിലമീന്‍ എന്നും രാസനാമമുണ്ട്. തീവ്രഗന്ധമുള്ള തെളിഞ്ഞ ദ്രാവകാസ്ഥയില്‍ കാണപ്പെടുന്നു.  എളുപ്പം തീപിടിക്കുകയും ബാഷ്പമാവുകയും ചെയ്യും. 39.1 ഡിഗ്രി സെല്‍ഷ്യസില്‍ തിളക്കാന്‍ തുടങ്ങും.(മനുഷ്യ ശരീരത്തിലെ ഊഷ്മാവ് 37 ഡിഗ്രിയാണെന്നോര്‍ക്കുക). ജലവുമായി എളുപ്പത്തില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു.

ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍   1,3^ഡൈമീഥൈല്‍ യൂറിയയും കാര്‍ബണ്‍ ഡൈ ഓക്സൈഡുമുണ്ടാവുന്നു. വലിയ തോതില്‍ താപവും പുറത്തു വരുന്നു. താപം കുറക്കാനായില്ലെങ്കില്‍ രാസപ്രവര്‍ത്തന വേഗത കൂടുകയും എം.ഐ.സി തിളക്കാന്‍ തുടങ്ങുകയും ചെയ്യും. ജലത്തേക്കാള്‍ എം.ഐ.സിയാണ് രാസപ്രവര്‍ത്തന വേളയില്‍ കൂടുതലെങ്കില്‍ ഉല്‍പ്പന്നത്തിലും മാറ്റമുണ്ടാവും. 1,3,5^ട്രൈമീഥൈല്‍ ബയുറെറ്റ് എന്ന സംയുക്തമാണ് രൂപപ്പെടുക.

ശരീരത്തിലെത്തിയാല്‍
ചര്‍മ്മത്തിലും കണ്ണിലും ശ്വാസനാളത്തിലെ മ്യൂകസ് ആവരണത്തിലും
തീവ്രമായ ചൊറിച്ചില്‍ സൃഷ്ടിക്കുന്നു.  ശരീരത്തിലെ ജലവുമായുള്ള എം.ഐ.സിയുടെ പ്രവര്‍ത്തനമാണ് ഇതിന് കാരണമാവുന്നത്. കോശസമൂഹങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറാനും പ്രോട്ടീനുമായി പ്രവര്‍ത്തിക്കാനും ഇതിനു കഴിയുന്നു.അമിത തോതില്‍ എം.ഐ.സി ഉള്ളിലെത്തിയാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുന്നു. ശ്വാസകോശങ്ങള്‍ വീര്‍ക്കുന്നു. ശ്വസനപ്രക്രിയ തടസപ്പെടുന്നു. തീവ്രത കൂടുതലെങ്കില്‍ ശ്വാസകോശപ്രവര്‍ത്തനം നിലച്ച് രോഗി മരിക്കുന്നു.
ഈ വിഷവാതകത്തെ നിയന്ത്രിക്കുന്നതിലും, സുരക്ഷാക്രമീകരണങ്ങള്‍ പരിപാലിക്കുന്നതിലും യൂനിയന്‍ കാര്‍ബൈഡിനു വന്ന വീഴ്ചയായിരുന്നു ഭോപാല്‍ ദുരന്തത്തിലേക്ക് നയിച്ചത്.

മീന്‍ വഴി വന്ന
മീഥൈല്‍ മെര്‍ക്കുറി

1956ലാണ് സംഭവം അപൂര്‍വ്വരോഗവുമായാണ് ജപ്പാനിലെ മിനമാതാ നഗരത്തിലെ ആശുപത്രിയില്‍ അഞ്ചുവയസുകാരി പ്രവേശിക്കപ്പെട്ടത്.നടക്കാന്‍ കഴിയുന്നില്ല, സംസാരിക്കാനാവുന്നില്ല. ദിവസങ്ങള്‍ മുന്‍പുവരെ ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നു. രോഗം കണ്ടുപിടിക്കാനാവാതെ ഡോക്ടര്‍മാര്‍ കുഴങ്ങി. അതുവരെയുള്ള മെഡിക്കല്‍ ചരിത്രത്തിലൊന്നുമില്ലാത്ത രോഗലക്ഷണങ്ങളായിരുന്നു അവള്‍ക്ക്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ
അനുജത്തിയും ഇതേ ലക്ഷണങ്ങളുമായി ഡോക്ടര്‍മാരുടെ മുന്നിലെത്തി.പിന്നെ രോഗികളുടെ ഒഴുക്കായിരുന്നു. കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന അജ്ഞാത പകര്‍ച്ചവ്യാധി നാട്ടില്‍ പടരുന്നുവെന്ന് ജപ്പാനില്‍ ഔദ്യോഗിക അറിയിപ്പ് വന്നു. മിനമാതായിലെ പക്ഷികള്‍ക്കും, പൂച്ചകള്‍ക്കുമെല്ലാം ഇതേ രോഗം പടര്‍ന്നിരുന്നു.കാക്കകള്‍ പറന്നുകൊണ്ടിരിക്കേ ആകാശത്തുനിന്ന് മരിച്ചു വീണുകൊണ്ടിരുന്നു.


പൂച്ചകള്‍ തെരുവുകളില്‍ നൃത്തം ചെയ്തു മരിച്ചു വീഴുന്നുവെന്ന് അന്നാട്ടുകാര്‍ ആശ്ചര്യം പറഞ്ഞു. പക്ഷേ വലിയൊരു ദുരന്തത്തിന്റെ ലക്ഷണങ്ങളായിരുന്നു അതെന്ന് ആരുമറിഞ്ഞില്ല. കാലങ്ങള്‍ക്കുള്ളില്‍ 3000ത്തോളം മനുഷ്യജീവന്‍ കവര്‍ന്ന വിഷം തങ്ങളിലെല്ലാം കുടിയേറിപ്പാര്‍ക്കുന്നുണ്ടെന്ന കാര്യം അന്ന് അവരാരും അറിഞ്ഞിരുന്നില്ല.
മീഥൈല്‍ മെര്‍ക്കുറി എന്ന വിഷമാണ് ദുരിതം വിതക്കുന്നതെന്ന് പിന്നീട് കണ്ടെത്തി.
ചിത്രം പതിയെ തെളിഞ്ഞു. മിനമാതാ നഗരത്തിലെ ചിസോ കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ നിന്നാണ്  കാര്യങ്ങള്‍ തുടങ്ങുന്നത്. പ്ലാസ്റ്റികും ചില രാസവസ്തുക്കളുമൊക്കെയാണ് ചിസോ ഫാക്ടറിയിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍. അസറ്റാല്‍ഡിഹൈഡ് എന്ന ഓര്‍ഗാനിക് സംയുക്തത്തിന്റെ നിര്‍മ്മാണ പ്രക്രിയക്കിടയിലാണ് മീഥൈല്‍ മെര്‍ക്കുറി പിറവിയെടുക്കുന്നത്. അസററാല്‍ഡിഹൈഡ് നിര്‍മിക്കാനുള്ള രാസപ്രവര്‍ത്തനത്തില്‍ ഉല്‍പ്രേരക(catalyst)മായി മെര്‍കുറിക് സള്‍ഫേറ്റ് ചേര്‍ത്തിരുന്നു. ഇതില്‍ നിന്നാണ് രാസപ്രവര്‍ത്തനത്തിന്റെ ഉപോല്‍പ്പന്നമായി ഓര്‍ഗാനിക് മെര്‍കുറി സംയുക്തമായ മീഥൈല്‍ മെര്‍കുറി ചെറിയ തോതില്‍ ഉണ്ടാവുന്നത്. അതി മാരക വിഷമായ ഈ ഉല്‍പ്പന്നം ടണ്‍കണക്കിന് കമ്പനി മീനമാതാ ഉള്‍ക്കടലില്‍ നിക്ഷേപിച്ചിരുന്നു. അങ്ങനെ ഈ മാരകവിഷം മല്‍സ്യങ്ങളിലെത്തി. മല്‍സ്യം പ്രധാന ഭക്ഷണയിനമായ മീനമാതയിലെ ജനങ്ങളിലേക്കും പതിയെ മീഥൈല്‍ മെര്‍ക്കുറി നുഴഞ്ഞുകയുകയായിരുന്നു.
structure of methyl mercury


ദുരന്തനായകന്റെ സ്വഭാവം
ഓര്‍ഗനോ മെറ്റാലിക് കാറ്റയോണാണ് (പോസിറ്റീവ് ചാര്‍ജുള്ള അയോണ്‍) മീഥൈല്‍ മെര്‍ക്കുറി. ഓര്‍ഗാനിക് സംയുക്തങ്ങളും ചില ലോഹങ്ങളും ചേരുമ്പോഴാണ് ഓര്‍ഗനോ മെറ്റാലിക് സംയുക്തങ്ങള്‍ പിറവിയെടുക്കുക. ഇവിടെ മീഥൈല്‍ എന്ന ഓര്‍ഗാനിക് ഭാഗവും മെര്‍കുറി എന്ന ലോഹവും ചേര്‍ന്ന ഘടനയാണ് മീഥൈല്‍ മെര്‍കുറിയുടേത്.പോസിറ്റീവ് അയോണായതിനാല്‍ ഒരു നെഗറ്റീവ് അയോണും അടുത്തു തന്നെ ചേര്‍ന്നുണ്ടാവും. ചിലപ്പോള്‍ നെഗറ്റീവ് ചാര്‍ജുള്ള ഹാലൈഡ് അയോണുകളാവും(ക്ലോറൈഡ്
ബ്രോമൈഡ്,അയഡൈഡ് ഇവയിലേതിെലും), അല്ലെങ്കില്‍ ഹൈഡ്രോക്സില്‍ അയോണോ(OH^)നൈട്രേറ്റ് അയോണോ(NO3^) ആവും കൂടെ ചേര്‍ന്നു നില്‍ക്കുക.

മീഥൈല്‍ മെര്‍കുറി വളരെ എളുപ്പത്തില്‍ നമ്മുടെ ദഹനേന്ദ്രിയ വ്യൂഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. പ്രോട്ടീനുകളിലെയും പെപ്റ്റൈഡുകളിലെയും അമിനോ ആസിഡ് തന്‍മാത്രകളുമായി ചേര്‍ന്ന് നില്‍ക്കാന്‍ മീഥൈല്‍ മെര്‍കുറിക്ക് കഴിയും. അമിനോ ആസിഡുകളിലെ നെഗറ്റീവ് അയോണ്‍ ഗ്രൂപ്പുകളുമായി ബന്ധനമുണ്ടാക്കിയാണ് മീഥൈല്‍ മെര്‍ക്കുറി അവയോട് ചേരുന്നത്. ശരീരത്തില്‍ അവശ്യം വേണ്ട അമിനോ ആസിഡുകളുമായി രൂപസാദൃശ്യമുള്ളതിനാല്‍ കള്ളനെ തിരിച്ചറിയാതെ  പ്രോട്ടീന്‍ വാഹകര്‍ ഇവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.