Saturday, April 10, 2010

മരണാസന്നര്‍ കണ്ട മായക്കാഴ്ചകള്‍ക്ക
 ഉത്തരവാദി കാര്‍ബണ്‍ഡയോക്സൈട്
: മരണത്തെ മുഖാമുഖം കണ്ടവരുടെ മായികാനുഭവങ്ങള്‍ക്കു പിന്നില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ കളിയാണെന്ന് പഠനം. മരണത്തോടടുത്ത സമയങ്ങളില്‍ അസാധാരണമായ വെളിച്ചങ്ങള്‍, പരേതരുടെ സാമീപ്യം, ഉയര്‍ന്നുപോകുന്നതായുള്ള അനുഭവം, കുഴിയിലേക്ക് താണുപോകുന്നതായുള്ള തോന്നല്‍ ഇങ്ങനെ പലതും ഉണ്ടായതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹൃദയസ്തംഭനത്തിലേക്ക് നീങ്ങുന്ന വേളയിലാണ് പലരും ഇത്തരം അനുഭവഘട്ടങ്ങളിലൂടെ കടന്നുപോയതായി പറയപ്പെടുന്നത്.

52 ഹൃദ്രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍, ഇത്തരക്കാരില്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് രോഗസമയത്ത് വര്‍ധിക്കുന്നതായി കണ്ടെത്തി. അമിതമായ കാര്‍ബണ്‍ ഡയോക്സൈഡ് മസ്തിഷ്കത്തിന്റെ സംതുലനാവസ്ഥ തെറ്റിക്കുന്നതാവാം അസാധാരണമായ തോന്നലുകളിലേക്ക് രോഗികളെ നയിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. പഠനവിധേയമാക്കിയ രോഗികളില്‍ മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായവരില്‍ കാര്‍ബന്‍ ഡായോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതായി ഇവര്‍ കണ്ടെത്തി. മാരിബോര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. സലിക്ക ക്ലെമെന്‍സ് കെറ്റിസും സംഘവുമാണ് ഗവേഷണം നടത്തിയത്.
ആദ്യ സൌരവിമാനം ആകാശത്ത്‌

ആകാശത്ത്ബേണ്‍: സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം വിജയകരമായ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. സ്വിറ്റ്സര്‍ലന്റിലെ പയേണ്‍ സൈനിക വിമാനത്താവളത്തിലായിരുന്നു പരീക്ഷണപ്പ റക്കല്‍. ബെര്‍ട്രന്റ് പിക്കാര്‍ഡ് എന്ന 50കാരന്‍ രൂപകല്‍പന ചെയ്ത വിമാനം മണിക്കൂറില്‍ 45.8 കിലോമീറ്റര്‍ വേഗതയിലാണ് കുതിച്ചുയര്‍ന്നത്. പിന്നീട് 22.5 കിലോമീറ്റര്‍ വേഗത നിലനിറുത്തി . 73.15 മീറ്റര്‍ വിങ്സ്പാനുണ്ട് വിമാനത്തിന്. 12,000ത്തോളം സൌര സെല്ലുകളും ലിതിയം ബാറ്ററികളും നാല് മോട്ടോറുകളുമാണ് വിമാനത്തെ ചലിപ്പിക്കുന്നത്.

Thursday, April 8, 2010

117ാമത് മൂലകം കണ്ടെത്തി


ലണ്ടന്‍: ആവര്‍ത്തനപ്പട്ടികയിലെ ഒരു ഒഴിവുകൂടി നികത്തപ്പെടുന്നു. പുതിയ അതിഘന മൂലകം കൂടി പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. അറ്റോമിക് നമ്പര്‍ 117 ആയ ഈ അതിഘനമൂലകം അമേരിക്കന്‍^റഷ്യന്‍ ഗവേഷകരുടെ സംയുക്ത ഗവേഷണത്തിലാണ് കൃത്രിമമായി സൃഷ്ടിച്ചത്. ടെന്നസിയിലെ ഒരു ആണവ റിയാക്ടറില്‍ ബര്‍ക്കിലിയം മൂലകത്തിന്റെ ആറ്റങ്ങളില്‍ കാല്‍സ്യം ആറ്റങ്ങള്‍ കൂട്ടിയിടിപ്പിച്ചാണ് പുതിയ മൂലകത്തിന്റെ ആറ്റങ്ങള്‍ സൃഷ്ടിച്ചത്. അണ്‍അണ്‍ സെപ്റ്റിയം (ununseptium) എന്ന് താല്‍ക്കാലിക പേരിട്ട മൂലകത്തിന് സെക്കന്‍ഡില്‍ ഒരംശം മാത്രമേ ആയുസ്സുള്ളൂ. അതിവേഗത്തില്‍ ഇവ ശോഷണത്തിന് വിധേയമാവുന്നു. ശാസ്ത്രലോകം പ്രവചിക്കുന്ന വര്‍ഷങ്ങളോളം ആയുസ്സുള്ള അതിഘന മൂലകങ്ങളുടെ മേഖലയായ 'സ്ഥിരതയുടെ ദ്വീപി'ലേക്കുള്ള വഴിയാണ് ഇത്തരം മൂലകങ്ങളുടെ കണ്ടെത്തലുകളെന്ന് കരുതപ്പെടുന്നു. ആറ്റോമിക നമ്പര്‍ 126 ആയ അതിഘന മൂലകങ്ങള്‍ കണ്ടെത്താനായാല്‍ അവക്ക് സ്ഥിരതയുണ്ടാവുമെന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്. ഇന്റര്‍ നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി അംഗീകാരത്തിനുശേഷമേ സ്ഥിരമായ പേരോടെ മൂലകം ആവര്‍ത്തനപ്പട്ടികയിലെത്തൂ.

Sunday, April 4, 2010

'ധൂമകേതു ചിതറിത്തെറിച്ചു,

ഭൂമിയില്‍ ഹിമയുഗമായി'

പാരിസ്: 13,000 വര്‍ഷം മുമ്പ് ഭൂമിലേക്ക് ചിതറിത്തെറിച്ച ധൂമകേതു ആയിരം വര്‍ഷം നീണ്ട ഹിമയുഗത്തിലേക്ക് ഭൂമിയെ തള്ളിവിട്ടെന്ന് കണ്ടെത്തല്‍. ക്രമേണ ചൂടുപിടിച്ചുവന്ന ഭൂമിയിലെ താപനില പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്ക് പെട്ടെന്ന് താഴ്ന്നതിന്റെയും കൂട്ടവംശനാശം സംഭവിച്ചതിന്റെയും കാരണംതേടിയുള്ള പഠനമാണ് ഈ നിഗമനത്തിലെത്തിയത്. കാര്‍ഡിഫ് യൂനിവേഴ്സിറ്റി പ്രഫസര്‍ ബില്‍ നേപിയര്‍ ആണ് പഠനത്തിനു പിന്നില്‍.

ഒരുമണിക്കൂര്‍ നിണ്ട ധൂമകേതു പദാര്‍ഥങ്ങളുടെ പ്രവാഹത്തിന്റെ ആഘാതത്തില്‍ ഭൌമാന്തരീക്ഷം പുകയും പൊടിയും കൊണ്ടുനിറഞ്ഞു. സൂര്യനില്‍നിന്നുള്ള വെളിച്ചവും ചൂടും തടയുന്ന പുതപ്പുപോലെ അവ അന്തരീക്ഷത്തില്‍ തങ്ങി. ഇത് ചെറു ഹിമയുഗത്തിലേക്ക് നയിച്ചു. വടക്കേ അമേരിക്കയിലെ 35ഓളം സസ്തനി ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയത് ഈ കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം പറയുന്നു.

ഭൂമിയിലേക്ക് വര്‍ഷിക്കപ്പെട്ട ധൂമകേതുവിന്റെ ഭീമാകാരങ്ങളായ അവശിഷ്ടങ്ങള്‍ക്ക് ഓരോന്നിനും ഒരു മെഗാടണ്‍ ന്യൂക്ലിയര്‍ ബോംബിന്റെയത്ര സംഹാര ശേഷിയുണ്ടായിരുന്നുവെന്ന് നേപിയര്‍ പറയുന്നു.
യേശുവിന്റെ പിതാവ്
വാസ്തുശില്‍പിയെന്ന് 

ലണ്ടന്‍: യേശുക്രിസ്തുവിന്റെ പിതാവ് മരപ്പണിക്കാരനായിരുന്നില്ലെന്നും പ്രഗല്ഭനായ ഒരു വാസ്തുശില്‍പിയായിരുന്നെന്നും വെളിപ്പെടുത്തല്‍. ആഡം ബ്രാഡ്ഫോര്‍ഡ് എന്ന ബൈബ്ള്‍ പണ്ഡിതനാണ് 'ദി ജീസസ് ഡിസ്കവറി' എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. യേശുവിന്റെ ജീവിതകഥയില്‍ പരാമര്‍ശിക്കപ്പെടാതെപോയ 12 മുതല്‍ 30 വയസ്സുവരെയുള്ള ജീവിതകാലത്ത് അദ്ദേഹം മതപാഠശാലകളില്‍ പഠനം നടത്തുകയായിരുന്നെന്നും ബ്രാഡ്ഫോര്‍ഡ് അവകാശപ്പെടുന്നു.

ബൈബ്ളിന്റെ ഒറിജിനല്‍ ഗ്രീക്, ഹീബ്രു പതിപ്പുകള്‍ സൂക്ഷ്മപഠനത്തിനു വിധേയമാക്കിയാണ് ബ്രാഡ്ഫോര്‍ഡിന്റെ വെളിപ്പെടുത്തല്‍.

യേശുവിന്റെ പിതാവ് ജോസഫിന്റെ ജോലി സൂചിപ്പിക്കുന്ന 'ടെക്ക്ടണ്‍' എന്ന ഗ്രീക് പദത്തിന്റെ പരിഭാഷയിലുണ്ടായ ആശയക്കുഴപ്പമാണ് അദ്ദേഹത്തെ മരപ്പണിക്കാരനാക്കിയത്. സാധാരണയായി മരപ്പണിക്കാരെ സൂചിപ്പിക്കാനുള്ള ഈ പദത്തിന് രാജശില്‍പി, വാസ്തുശില്‍പി തുടങ്ങിയ അര്‍ഥങ്ങളുണ്ട്. പ്രമുഖനായ വാസ്തുശില്‍പിയായതിനാലാണ് ജോസഫിന് മകനെ ഉയര്‍ന്ന പാഠശാലകളില്‍ അയക്കാന്‍ കഴിഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നു. യേശു ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ മകനായിരുന്നെങ്കില്‍ അന്നത്തെ സമൂഹത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ആദ്യകാലത്ത് സ്വീകാര്യത ലഭിക്കുമായിരുന്നില്ലെന്നും ബ്രാഡ്ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.