Saturday, November 19, 2011

പുതിയ പരീക്ഷണത്തിലും ന്യൂട്രിനോ പ്രകാശത്തെ മറികടന്നെന്ന്

തിര്‍വാദക്കാര്‍ നിരത്തിയ പോരായ്മകള്‍ പരിഹരിച്ച് നടത്തിയ പുതിയ പരീക്ഷണത്തിലും ന്യൂട്രിനോകണങ്ങള്‍ പ്രകാശവേഗത്തെ മറികടന്നുവെന്ന് സേണ്‍(യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) അവകാശപ്പെട്ടു. ന്യൂട്രിനോ കണങ്ങളെ ജനീവയിലെ സേണ്‍ പരീക്ഷണശാലയില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ പരീക്ഷണ ശാലയിലേക്ക് അയച്ച് വേഗം നിര്‍ണയിക്കുന്ന പരീക്ഷണമാണ് വീണ്ടും ആവര്‍ത്തിച്ചത്. സെപ്റ്റംബറില്‍ ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന പരീക്ഷണ ഫലം പ്രഖ്യാപിച്ച് സേണ്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയും  സംവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ നിഗമനത്തെ ഖണ്ഡിക്കുന്ന ഈ പരീക്ഷണ ഫലം കൂടുതല്‍ സ്വതന്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷം അംഗീകരിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ തീരുമാനം. സേണിലെ പ്രോട്ടോണ്‍ ത്വരകത്തില്‍ നിന്ന്   10.5 മൈക്രോ സെക്കന്റ്  നേരം തുടരുന്ന പ്രോട്ടോണ്‍ പ്രവാഹത്തില്‍ നിന്നുണ്ടാവുന്ന ന്യൂട്രിനോ പ്രവാഹത്തെ പറഞ്ഞയച്ചാണ് നേരത്തേ പരീക്ഷണം നടത്തിയത്.  പ്രോട്ടോണ്‍ ത്വരകത്തിലെ ഓരോ പ്രോട്ടോണും ഈ സമയത്തിനകം സങ്കീര്‍ണമായപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയാണ് ന്യൂട്രിനോകളായി പുറത്തേക്ക് പ്രവഹിക്കുന്നത്.

അതിനാല്‍ ഗ്രാന്‍ഡ് സാസോ ലാബിലെത്തുന്ന ന്യൂട്രിനോകളുടെ കൃത്യമായ സഞ്ചാര സമയം നിര്‍ണയിക്കുന്നതില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നേരത്തേ വാദമുയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ മൂന്നുമൈക്രോസെക്കന്റിന്റെ പ്രോട്ടോണ്‍ പ്രവാഹം സൃഷ്ടിച്ച് ന്യൂട്രിനോകളെ പറഞ്ഞുവിട്ടാണ് പരീക്ഷണം വീണ്ടും നടത്തിയത്. ഇരുപത് തവണ ആവര്‍ത്തിച്ച പരീക്ഷണത്തില്‍ പ്രകാശത്തേക്കാള്‍ 60നാനോ സെക്കന്റ് വേഗത ന്യൂട്രിനോ കണങ്ങള്‍ കൈവരിച്ചുവെന്ന് സേണ്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം ആദ്യഫലം പ്രസിദ്ധീകരിച്ച fr.arxiv.org വെബ്സൈറ്റില്‍ കൂടുതല്‍ വിശകലനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.  ഓപറ(OPERA ^Oscillation Project with Emulsiontracking Apparatus) എന്ന  ഈ പരീക്ഷണ പദ്ധതിയില്‍ ന്യൂട്രിനോ വേഗ പരീക്ഷണങ്ങള്‍ തുടരുമെന്നും ഗവേഷകര്‍ പറയുന്നു. പുതിയ  പരീക്ഷണ ഫലം നേരത്തത്തെക്കാള്‍ മെച്ചപ്പെട്ടെന്നും കൂടുതല്‍ വിശകലനങ്ങള്‍ക്കു ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുവെന്നും ഓപറ ഫിസിക്സ് കോഡിനേറ്റര്‍ അറിയിച്ചു. സേണിലെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്ന ന്യൂട്രിനോകള്‍  ഭൂമിക്കടിയിലൂടെ 730 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ ലാബില്‍ എത്തുന്നത്. അവിടത്തെ ന്യൂട്രിനോ ഡിറ്റക്ടറുകളാണ് ഇവയെ തിരിച്ചറിയുന്നത്.

Sunday, November 13, 2011

റഷ്യന്‍ പേടകം ദുരന്ത വക്കില്‍


ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം. വിക്ഷേപണത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ കറങ്ങിത്തിരിയുകയാണ് ഇത്. പതിമൂന്ന് ടണ്ണോളം വരുന്ന പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് കുതിക്കാന്‍ അപ്പര്‍ സ്റ്റേജ് റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഭ്രമണപഥത്തില്‍ പേടകത്തെ നിലനിര്‍ത്തി പ്രശ്നം മനസിലാക്കി ദൌത്യത്തെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് റഷ്യന്‍ ഗവേഷകര്‍……………..

റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ രണ്ടാം കുതിപ്പിന് അവസരമൊരുക്കാനായാല്‍ ദൌത്യം റഷ്യക്ക് ഒരു പക്ഷേ തിരിച്ചുപിടിക്കാനായേക്കും. ആഴ്ചകള്‍ക്കകം തകരാറ് മനസിലാക്കി ദൌത്യം പുനരുജ്ജീവിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. റോക്കറ്റ് പണിമുടക്കിയതിനു പിന്നില്‍ സോഫ്റ്റ്വേര്‍ തകരാറായിരിക്കാമെന്നും എളുപ്പം പരിഹരിക്കാമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഹാര്‍ഡ്വേര്‍ തകരാറാണെങ്കില്‍ ദൌത്യം ഉപേക്ഷിക്കേണ്ടിവരും. അതോടെ പതിനെട്ട് ചൊവ്വന്‍ ദൌത്യങ്ങളില്‍ പതിനാറിലും പരാജയമറിഞ്ഞ റഷ്യയുടെ കണക്കു പുസ്തകത്തില്‍ ഈ നഷ്ടവും കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.
ഭൂമിയില്‍ പതിച്ചേക്കാമെന്ന രീതിയില്‍ അപകടകരമായ ഭ്രമണപഥത്തിലാണ് പേടകം ഉള്ളതെന്നും ദൌത്യ സംഘത്തിന് പേടകവുമായി ആശയവിനിമയം പൂര്‍ണമായി നഷ്ടമായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മൂന്നു ദിവസത്തിനകം പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമമെന്നും തുടര്‍ന്ന് രണ്ടാംഘട്ട റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

അതേസമയം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും അപകടകാരികളായ സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന പേടകം ഭൂമിയില്‍ പതിച്ചേക്കുമെന്ന് ഭീതി വിതക്കുന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കത്താതെ ബാക്കിയായ വിഷകരമായ ഹൈഡ്രസീന്‍ – നൈട്രജന്‍ ടെട്രോക്സൈഡ് ഇന്ധനവും റേഡിയോ ആക്ടീവ് കൊബാള്‍ട്ട് `57 ശേഖരവും പേടകത്തിലുണ്ട്. നിയന്ത്രണം വിട്ടുള്ള പതനമാണെങ്കില്‍ ഇവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരക്കാനിടയാവും.

ചൈനയുടെ യിംഗ്വോ ഉപഗ്രഹവും പുതിയൊരു ദൌത്യത്തിന് ബാക്കിയില്ലാതെ ചിതറിപ്പോവും. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയെ ഭ്രമണം ചെയ്യാനായിരുന്നു ഈ ഉപഗ്രഹത്തെ ചൈന ദൌത്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പേടകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്പേസ് ഏജന്‍സി വക്താക്കള്‍ വ്യക്തമാക്കുന്നു.
ബന്ധം സ്ഥാപിക്കാനായാല്‍ സോഫ്റ്റ് വേര്‍ റീപ്രോഗ്രാം ചെയ്യുക എന്ന കഠിന ദൌത്യത്തിനു ശേഷമേ പേടകത്തിന്റെ കുതിപ്പ് തുടരാനാവൂ. 

ഇതിനുള്ള സാധ്യത വിരളമാണ്. പേടകം ഫോബോസ് മണ്ണിലെത്തുമെന്ന റഷ്യന്‍ പ്രതീക്ഷയും ചൈനയുടെ യിംഗോ 1 എന്ന ചൊവ്വാനിരീക്ഷണ ഉപഗ്രഹ പദ്ധതിയുമാണ് നിലയില്ലാ വായുവിലായിരിക്കുന്നത്. ദൌത്യ പരാജയത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യക്ക് ഏല്‍ക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല. 163 കോടി ഡോളര്‍ ചിലവിട്ട പദ്ധതി റഷ്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. തുടര്‍ പരാജയങ്ങള്‍ ഗവേഷകരുടെ ആത്മവിശ്വാസത്തിനും പോറലേല്‍പ്പിക്കും.

Wednesday, October 26, 2011

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…


ശാസ്ത്രലോകം അടങ്ങിയിരിക്കുന്നില്ല, എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്. മിക്കവയും സൈദ്ധാന്തികമായി പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്കൊപ്പം തന്നെയുള്ളവയാണ്. സേണിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നവ.

അതേ സമയം കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര പരീക്ഷണ ഫലങ്ങളുമുണ്ട്. അതിലൊന്ന് ഓപ്പറ പരീക്ഷണഫലത്തെ ഖണ്ഡിക്കുന്നതാണ്. ICARU( ഇമേജിങ് കോസ്മിക് ആന്‍ഡ് റെയര്‍ അണ്ടര്‍ഗ്രൌണ്ട് സിഗ്നല്‍സ്) നടത്തിയ സ്വതന്ത്ര പരീക്ഷണ ഫലം ന്യൂട്രിനോ പ്രകാശവേഗം മറികടന്നുവെന്ന നിഗമനത്തിന് ചില എതിര്‍വാദങ്ങള്‍ തൊടുത്തുവിടുന്നു. സേണില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ നാഷനല്‍ ലാബിലേക്ക് ന്യൂട്രിനോ പ്രവാഹത്തെ അയച്ചു തന്നെയാണ് സ്വതന്ത്ര പരീക്ഷണവും നടത്തിയിരിക്കുന്നത്. പക്ഷേ ന്യൂട്രിനോകളുടെ വേഗം അളക്കുകയല്ല ICARU സംഘം ചെയ്തത്. അവയുടെ ഊര്‍ജ സ്പെക്ട്രം നിരീക്ഷണവിധേയമാക്കുകയായിരുന്നു.

പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ക്ക് സംഭവിക്കുമെന്ന് സൈദ്ധാന്തികമായി പ്രതീക്ഷിക്കപ്പെടുന്ന ഊര്‍ജ വ്യതിയാനം ഈ സ്പെക്ട്രത്തില്‍ ദൃശ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. നൊബേല്‍ ജേതാവായ ഭൌതികശാസ്ത്രകാരന്‍ ഷെല്‍ഡന്‍ ഗ്ലാഷോയും ആന്‍ഡ്യ്രൂ കോഹനും ചേര്‍ന്ന് പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോക്ക് സംഭവിക്കാവുന്ന ഊര്‍ജ വ്യതിയാനത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു. കോഹന്‍-ഗ്ലാഷോ എഫക്റ്റ് എന്നാണ് ന്യൂട്രിനോകള്‍ക്കു സംഭവിക്കാവുന്ന ഊര്‍ജവ്യതിയാന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശവേഗം മറികടന്നു സഞ്ചരിക്കുമ്പോള്‍ അവക്ക് ഇലക്ട്രോണ്‍ -പോസിട്രോണ്‍ ജോഡികളെ പുറത്തുവിടേണ്ടിവരുന്നു. ഇങ്ങനെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് നിരന്തരം ഇലക്ട്രോണ്‍- പോസിട്രോണ്‍ ഉല്‍സര്‍ജനം നടത്തുന്നതിലൂടെ ന്യൂട്രിനോകളുടെ ഊര്‍ജം കുറയുന്നു. അങ്ങനെയെങ്കില്‍ സേണ്‍ പരീക്ഷണത്തില്‍ 730 കിലോമീറ്റര്‍ സഞ്ചരിച്ച ന്യൂട്രിനോകള്‍ക്ക് ഈ ഊര്‍ജ വ്യതിയാനം ദൃശ്യമാകണം. പക്ഷേ സേണിന്റെ പരീക്ഷണ ഫലത്തിലും ICARU പരീക്ഷണത്തിലും അത്തരം ഊര്‍ജവ്യതിയാനം കണ്ടെത്താനാവുന്നില്ല. ഇത് വലിയൊരു പൊരുത്തക്കേടായി മുന്നില്‍ നില്‍ക്കുന്നുണ്ട്.
അതേസമയം ഈ പൊരുത്തക്കേട് സേണ്‍സംഘത്തിനു പുതിയ അറിവല്ലെന്നും കോഹന്‍ ഗ്ലാഷോ എഫക്റ്റ് അനുസരിക്കുന്നില്ല പരീക്ഷണ ഫലമെന്ന കാര്യം പത്തോളം സേണ്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും ഓപ്പറ ഫിസിക്സ് കോ ഓഡിനേറ്റര്‍ ദാരിയോ ഓഡിയാരോ പറയുന്നു. കോഹന്‍ ഗ്ലാഷോ എഫക്റ്റ് എല്ലായ്പ്പോഴും പ്രകാശവേഗം മറികടക്കുന്ന ന്യൂട്രിനോകള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ലെന്ന് കരുതുന്നവരുണ്ട്.
ചിലപ്പോള്‍ സാങ്കല്‍പ്പികമായ അഞ്ചാമതൊരു ഡൈമന്‍ഷന്റെ കുറുക്കുവഴിയിലൂടെയാണ് അവ സഞ്ചരിക്കുന്നതെങ്കില്‍ ഈ നിഗമനങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്യും. നീളം, വീതി, ഉയരം, സമയം എന്നീ നാലു മാനങ്ങള്‍ക്കപ്പുറം(dimension) നാമറിയാത്ത അഞ്ചാമതൊരു ഡയമന്‍ഷന്‍. അതിന്റെ കുറുക്കുവഴിയില്‍ നിയമങ്ങള്‍ തെറ്റിച്ച് ഊര്‍ജവ്യതിയാനം സംഭവിക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ..അങ്ങനെയെങ്കില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതക്ക് പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ക്ക് പുതിയൊരു തലം കൈവരും.
എന്തായാലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഏറെ ചലനമുണ്ടാക്കിയ ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം.


ആറു വര്‍ഷമെടുത്തു ഓപ്പറ പരീക്ഷണഫലം പുറം ലോകത്തോട് പറയാനുള്ള രീതിയില്‍ എത്തുന്നതിന്. തുടര്‍ പരീക്ഷണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മെയിന്‍ ഇന്‍ജെക്റ്റര്‍ ന്യൂട്രിനോ ഓസിലേഷന്‍ സെര്‍ച്ച് (MINOS) എന്ന് ന്യൂട്രിനോ വേഗത്തെക്കുറിച്ചുള്ള ഫെര്‍മിലാബ് പരീക്ഷണമാണ് ഒന്ന്. ജപ്പാനില്‍ ടോകായ് ടു കാമോയ്ക(T2K) പരീക്ഷണമാണ് മറ്റൊന്ന്. പിന്നെ സൈദ്ധാന്തിക സംവാദങ്ങളുടെ പരമ്പരകളും. വരട്ടെ നോക്കാം പ്രകാശം തോറ്റോ ന്യൂട്രിനോ ജയിച്ചോ ഐന്‍സ്റ്റീനെ തിരുത്തണോ എന്നൊക്കെ.

വാല്‍നക്ഷത്രം: എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നെ അതിനു നൂറു ന്യായം നിരത്തലല്ല ശാസ്ത്രം. നൂറു ന്യായീകരണങ്ങള്‍ ഉറപ്പാക്കി ഉള്ളതു പറച്ചിലാണ്

Monday, October 24, 2011

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ക്രിസ്റ്റലും; അകലുന്ന പ്രപഞ്ചവും
ലോകം അവസാനിക്കുന്നത് തീയിലോ തണുപ്പിലോ എന്ന് ഒരു പഴയ ചോദ്യമുണ്ട്. തണുപ്പില്‍ തന്നെ ആയിരിക്കുമെന്ന് വേണമെങ്കില്‍ മറുപടി പറയാം. ഇത്തവണത്തെ ഫിസിക്സ് നൊബല്‍ സമ്മാനം നേടിയ കണ്ടെത്തല്‍ പ്രപഞ്ച വികാസത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്ന ശാസ്ത്രത്തിന്‍െ തിരിച്ചറിവിനാണ്. യുഗങ്ങളോളം അകന്നകന്ന് തണുത്ത് അവസാനിക്കാനായിരിക്കും ലോക നിയോഗമെന്ന് ഇനി ചിന്തിച്ചു നോക്കുകയാവാം. ക്രിസ്റ്റല്‍ ലോകത്തെ അപരന്‍മാരെ വെളിച്ചത്തു നിര്‍ത്തി സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയതിനാണ് രസതന്ത്ര നോബല്‍ ലഭിച്ചത്. ഇരു ഗവേഷണങ്ങളും അതത് രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകള്‍ തന്നെയായിരുന്നു.

സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ഖ്വാസി ക്രിസ്റ്റല്‍ഡാനിയല്‍ ഷെറ്റ്സ്മാന്‍
ലോഹവസ്തുക്കളെ എക്സറേ ക്രിസ്റ്റലോഗ്രഫി, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഡിഫ്രാക്ഷന്‍ പാറ്റേണ്‍ വിശകലനം ചെയ്താണ് ഓരോ ക്രിസ്റ്റല്‍ ഘടനയും തിരിച്ചറിയുന്നത്. അങ്ങനെ ലഭ്യമായ വിവരങ്ങളില്‍ നിന്നാണ്  ക്രിസ്റ്റലുകളെ സിമ്മെട്രിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ലാറ്റൈസ് സിസ്റ്റങ്ങളായി തരം തിരിച്ചത്. അങ്ങനെ രൂപം കൊടുത്ത ക്രിസ്റ്റലുകളുടെ നിര്‍വചനം തന്നെ അട്ടിമറിക്കുകയാണ് ഡാനിയല്‍ ഷെറ്റ്സ്മാന്‍ എന്ന ഇസ്രായേല്‍ ഗവേഷകന്‍ ചെയ്തത്. 'ആറ്റങ്ങളോ തന്‍മാത്രകളോ അയോണുകളോ ക്രമമായി  ആവര്‍ത്തിച്ച് ത്രിമാനമായി വിന്യസിച്ച ഘടനയുള്ള വസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്നായിരുന്നു കാലങ്ങളായി കൈമാറിയ നിര്‍വചനം. 'കൃത്യമായി വേര്‍തിരിക്കാവുന്ന ഡിഫ്രാക്ഷന്‍ പാറ്റേണുള്ള ഖരവസ്തുക്കളാണ് ക്രിസ്റ്റലുകള്‍' എന്ന് മാറ്റിയെഴുതിപ്പിച്ചു ഷെറ്റ്സ്മാന്‍. അതുവരെയുള്ള ക്രിസ്റ്റല്‍ ധാരണകളെ തെറ്റിക്കുകയായിരുന്നു  ഖ്വാസി ക്രിസ്റ്റല്‍(quasi crystal) എന്ന  ഷെറ്റ്സ്മാന്റെ കണ്ടുപിടിത്തം. കൃത്യമായി ആവര്‍ത്തിക്കുന്ന യൂനിറ്റ് സെല്ലുകള്‍ ഉള്ള ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാത്ത ഒരിക്കലും ആവര്‍ത്തിക്കാത്ത ആറ്റ വിന്യാസമുള്ളവയായിരുന്നു ഖ്വാസി ക്രിസ്റ്റലുകള്‍. ക്രിസ്റ്റല്‍ ലാറ്റൈസുകളിലെവിടെയും കാണാത്ത 5 ഫോള്‍ഡ് സിമ്മെട്രിയും ഇവ കാണിച്ചു. 2,3,4,6 ഫോള്‍ഡ് സിമ്മെട്രികളില്‍ മാത്രമായി പരിമിതപ്പെട്ട ക്രിസ്റ്റല്‍ സിമ്മെട്രിയിലേക്കാണ് ഷാറ്റ്സ്മാന്‍ 5ഫോള്‍ഡ് സിമ്മെട്രിയുമായി വരുന്നത്. 1982 ഏപ്രില്‍ 8ന് നിരന്തരം ശീതീകരിച്ച അലൂമിനിയം മാംഗനീസ് ലോഹസങ്കരത്തിന്റെ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്  ഇമേജുകള്‍ പരിശോധിക്കവേയാണ് അസാധാരണമായ വിന്യാസം ഷെറ്റ്സ്മാന്‍ തിരിച്ചറിഞ്ഞത്. ആറ്റങ്ങര്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത ക്രമത്തില്‍ അടുക്കിവച്ചിരിക്കുന്ന ക്രിസ്റ്റല്‍ ഘടന ആദ്യമായി വെളിപ്പെടുകയായിരുന്നു. ക്രിസ്റ്റല്‍ സങ്കല്‍പ്പങ്ങളെ ഉലച്ചുകളഞ്ഞ  ഷാറ്റ്സ്മാന്റെ കണ്ടുപിടിത്തം അന്ന് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. രണ്ടുതവണ നോബല്‍ കരസ്ഥമാക്കിയ ശാസ്ത്രകാരന്‍ ലീനസ് പോളിങ് ഏതെങ്കിലും ക്രിസ്റ്റലോഗ്രഫി ടെക്സ്റ്റ് ബുക്ക് എടുത്ത് വായിക്കൂ എന്ന് ഷാറ്റ്സ്മാനെ പരിഹസിച്ചു.  സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെ ഈ വാദത്തിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പിന്നീട് ഇത്തരം ക്രിസ്റ്റല്‍ ഘടനയുള്ള നിരവധി വസ്തുക്കളെ തിരിച്ചറിഞ്ഞതോടെ ഖ്വാസി ക്രിസ്റ്റലുകളെന്ന അപരന്‍മാര്‍ ക്രിസ്റ്റലോഗ്രഫിയില്‍ ഇടം പിടിക്കുകയായിരുന്നു. അസാധാരണ കാഠിന്യമുള്ള ഇത്തരം ഖ്വാസി ക്രിസ്റ്റല്‍ വസ്തുക്കള്‍ ഫ്രൈയിങ് പാനുകള്‍, റാസര്‍ ബ്ലേഡുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.  താപം തീരെ കുറഞ്ഞ അളവില്‍ മാത്രം സംവഹിപ്പിക്കുന്ന ഇവ താപകവചങ്ങളായും ഉപയോഗിക്കുന്നു.  രസതന്ത്ര നോബെല്‍ ഷാറ്റ്സ്മാന്റെ കണ്ടെത്തലിന് പരിപൂര്‍ണമായ അംഗീകാരം പതിച്ചു നല്‍കുന്നു; ഒപ്പം അവഗണനയുടെ കറുത്ത പാടുകളെ മായ്ക്കുകയും ചെയ്യുന്നു.

അതിവേഗം അകലുന്ന പ്രപഞ്ചം


1998ല്‍ രണ്ടു ഗവേഷക സംഘങ്ങള്‍  ജ്യോതിശാസ്ത്രത്തെ അടിമുടി അമ്പരപ്പിച്ച ഗവേഷണ ഫലം പുറത്തിറക്കി. പ്രപഞ്ച വികാസത്തിന്റെ വേഗത വര്‍ധിക്കുന്നുവെന്നായിരുന്നു നിരന്തര നിരീക്ഷണങ്ങളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനം. പ്രപഞ്ചം 1400 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബിഗ് ബാങ് സ്ഫോടനത്തിനുശേഷം വികസിച്ചു കൊണ്ടിരിക്കുന്നുവെന്നത് നേരത്തെ സ്വീകാര്യമായ നിരീക്ഷണമായിരുന്നു. എന്നാല്‍ കാലമേറും തോറും പ്രപഞ്ച വസ്തുക്കള്‍ തമ്മിലുള്ള  അകല്‍ച്ചയുടെ വേഗം വര്‍ധിക്കുന്നുവെന്നത് വിപ്ലവകരമായ കണ്ടെത്തല്‍ തന്നെയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകളെ നിരന്തരം നിരീക്ഷണ വിധേയമാക്കുകയായിരുന്നു ഈ ഗവേഷക സംഘം. അമേരിക്കന്‍ ഗവേഷകന്‍ സോള്‍ പെള്‍മുട്ടറുടെ നേതൃത്വത്തില്‍ 1988 ല്‍തുടങ്ങിയ പഠനത്തിനു തുടക്കമിടുന്നത്.  ആസ്ത്രേലിയന്‍ ഗവേഷകന്‍ ബ്രയന്‍ സ്മിത് അമേരിക്കന്‍ ഗവേഷകന്‍ ആദം റൈസസ് എന്നിവര്‍ ചേര്‍ന്ന് 1994ല്‍ മറ്റൊരു നിരീക്ഷണ ദൌത്യവും തുടങ്ങി. ഇരു ഗവേഷക സംഘങ്ങളും ചേര്‍ന്ന് അമ്പരപ്പിക്കുന്ന ഫലത്തില്‍ എത്തിച്ചേരുകയായിരുന്നു. അതിവിദൂര സൂപ്പര്‍ നോവകള്‍( നക്ഷത്ര സ്ഫോടനങ്ങളാണ് സൂപ്പര്‍ നോവകള്‍, നക്ഷത്രങ്ങളുടെ കത്തിയാളുന്ന ചിത) നിരീക്ഷിച്ച് പ്രപഞ്ചമാപ്പ് തയാറാക്കുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. ബഹിരാകാശത്തും ഭൂമിയിലും അത്യാധുനിക ദൂരദര്‍ശിനികള്‍ വിന്യസിച്ചും ശേഷികൂടിയ കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ഇമേജിങ് സെന്‍സറുകള്‍ എന്നിവ  ഉപയോഗിച്ചും ആയിരുന്നു നിരീക്ഷണം. ഏറെ പ്രായം ചെന്ന ചെറു നക്ഷത്രങ്ങളുടെ സൂപ്പര്‍ നോവകളായ ടൈപ്പ് 1 സൂപ്പര്‍ നോവകളാണ് നിരീക്ഷണവിധേയമാക്കിയത്. ഒരു ഗാലക്സിഒന്നാകെ പ്രകാശപൂരിതമാക്കാന്‍ ശേഷിയുണ്ട് ഇത്തരം നക്ഷത്രങ്ങള്‍ക്ക്. അന്‍പതോളം ടൈപ്പ ്1 സൂപ്പര്‍ നോവകളെ നിരീക്ഷിച്ചതില്‍ നിന്ന് സൈദ്ധാന്തികമായി കണക്കാക്കിയതിനേക്കാള്‍ കുറവാണ് അവയില്‍ നിന്നുള്ള പ്രകാശത്തിന്റെ തോതെന്ന് തിരിച്ചറിഞ്ഞു. പ്രപഞ്ചവ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ സൂചനയായിരുന്നു ഇത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് പരസ്പരം അകലാന്‍ പ്രപഞ്ച വസ്തുക്കളെ പ്രേരിപ്പിക്കുന്ന രഹസ്യബലം എന്താണെന്നത് രഹസ്യമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു. പ്രപഞ്ചത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞു നില്‍ക്കുന്ന സാങ്കല്‍പ്പിക പദാര്‍ഥമായ ഡാര്‍ക് എനര്‍ജി(തമോ ഊര്‍ജം) ആയിരിക്കാം ഇതിനു പിന്നിലെന്നും കരുതുന്നു. പ്രപഞ്ച പഠനങ്ങള്‍ക്ക് പുതുവഴി തിരിച്ചുവിട്ട കണ്ടെത്തല്‍ ഫിസിക്സ് നോബല്‍ നേടിയത് വരും കാല വിപ്ലവത്തിന് ആക്കം കൂട്ടുന്നു.
Friday, October 21, 2011

കാശില്ല, നാസ മുങ്ങി; ചൊവ്വയില്‍ പോവാന്‍ ഇനി റഷ്യ കനിയണം

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars). റോവറുകളെ ചൊവ്വയിലയച്ച് ജീവസാന്നിധ്യത്തിന്റെ അടയാളമായ മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം മണത്തറിയുക അടക്കമുള്ള നിരവധി ലക്ഷ്യങ്ങള്‍ ചുവന്ന ഗ്രഹത്തില്‍ എക്സോമാര്‍സ് ലക്ഷ്യമിടുന്നുണ്ട്.
ഏറെ കാലമായി ഈ ദൌത്യത്തിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഗവേഷകര്‍. 2016 ജനുവരിയില്‍ എക്സോമാര്‍സിന്റെ ആദ്യഘട്ടമായി വാതകസാന്നിധ്യം പരിശോധിക്കുന്ന ഓര്‍ബിറ്ററിനെ ചൊവ്വയിലയക്കും. രണ്ടാം ഘട്ടമായി 2018ല്‍ രണ്ടു റോവറുകള്‍ കൂടി ചൊവ്വയിലേക്ക് അയക്കും. അവ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച് സാമ്പിള്‍ ശേഖരിക്കും.2020 നുശേഷമുള്ള ഭാവി ദൌത്യത്തില്‍ ഈ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് പരിശോധിക്കും.
മീഥൈന്‍ വാതകമുള്‍പ്പെടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം വിളിച്ചു പറയുന്ന വാതകങ്ങളെ മണത്തറിയാനായാണ് ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ അയക്കുന്നത്. ഭാരിച്ച ചെലവു വരുന്ന ദൌത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഓര്‍ബിറ്ററിനെ ചൊവ്വയിലെത്തിക്കാനുള്ള അറ്റ്ലസ് 5 എന്ന ലോഞ്ച് റോക്കറ്റ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ(NASA) നല്‍കുമെന്ന് ഏറ്റിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ നാസ പാലം വലിച്ചു. ഫണ്ടില്ലായ്മ കാരണം വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് നാസ അറിയിച്ചു. ലോഞ്ച് റോക്കറ്റ് തയാറാക്കാന്‍ ബഡ്ജറ്റില്‍ വകയില്ലെന്നും രണ്ടാം ഘട്ടത്തില്‍ ലോഞ്ച് റോക്കറ്റ് തയാറാക്കാം എന്നുമായിരുന്നു നാസയുടെ നിലപാട്.
207കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിയില്‍ ലോഞ്ചിങ് റോക്കറ്റു കൂടി ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കു ശേഷിയില്ലാത്തതിനാലാണ് പരസഹായം തേടിയത്. പ്രതീക്ഷ അസ്ഥാനത്തായതോടെ അവര്‍ റഷ്യന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണം തേടുകയാണ്. ശാസ്ത്രലോകത്തിനാകെ ഏറെ പ്രതീക്ഷ നല്‍കിയ ചൊവ്വാ ദൌത്യം താല്‍ക്കാലികമായി പ്രതിസന്ധി നേരിടുകയാണ്.
റഷ്യ കനിഞ്ഞാല്‍ കാര്യങ്ങള്‍ ചൊവ്വാവും. ഫെബ്രുവരിക്കുള്ളില്‍ റഷ്യയുമായി ധാരണയിലെത്താനും നാസയുടെ മറ്റു സഹായവാഗ്ദാനങ്ങളില്‍ ഉറപ്പുവാങ്ങാനുമാണ് ഇസയുടെ ശ്രമം.വാഗ്ദാനത്തില്‍ നിന്നുള്ള നാസയുടെ പിന്‍മാറ്റം അവിടത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ അടയാളമായി വിലയിരുത്തപ്പെടുന്നു. ഹബ്ള്‍ ടെലസ്കോപ്പിനെ തുടര്‍ന്ന് ബഹിരാകാശത്ത് അയക്കാന്‍ പദ്ധതിയിട ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് പൂര്‍ത്തിയാക്കാന്‍ വലിയ ചിലവു വകയിരുത്തേണ്ടി വന്നതാണ് ഫണ്ടില്ലായ്മക്കു കാരണമെന്ന് കരുതുന്നു. റഷ്യ വഴങ്ങിയില്ലെങ്കില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും.

Monday, October 17, 2011

ആകാശത്ത് അസ്തമിച്ചവര്‍

കത്തിയമര്‍ന്ന കാളംബിയ പേടകവും അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കുന്നതിന്റെ വിദൂര ദൃശ്യം

ണിക്കൂറില്‍13200 മൈല്‍(21243 കിലോമീറ്റര്‍) വേഗതയില്‍ ന്യൂ മെക്സികോയെ സമീപിക്കുകയാണ് നിങ്ങള്‍.... ഭൂമിയിലെത്താന്‍ 2253 കിലോമീറ്റര്‍ മാത്രം...കൊളംബിയ പേടകത്തിന്റെ പൈലറ്റ് റിക്ക്.ഡി. ഹസ്ബന്റിനെ ഹോസ്റ്റണിലെ ദൌത്യനിയന്ത്രകന്‍  അറിയിച്ചു.
ശബ്ദത്തേക്കാള്‍ പതിനെട്ടുമടങ്ങു വേഗത്തില്‍ പതിനാറു ദിവസത്തെ ബഹിരാകാശ ദൌത്യം കഴിഞ്ഞ് കൊളംബിയ തിരിച്ചിറങ്ങുകയാണ്..മിഷന്‍ കണ്‍ട്രോളും കൊളംബിയയും തമ്മില്‍ നിരന്തരം ആശയവിനിമയം തുടരുകയാണ്.

മിഷന്‍ കണ്‍ട്രോളര്‍: ടയര്‍ പ്രഷറിനെ സംബന്ധിച്ച സന്ദേശം കിട്ടി...പക്ഷേ നിങ്ങളുടെ അവസാന സന്ദേശം ഞങ്ങള്‍ക്ക് കോപ്പി ചെയ്യാനായില്ല
റിക്ക് ഹസ്ബന്റ്( കൊളംബിയ പൈലറ്റ്): റോജര്‍..ആ....ബഹ്.....

അതിനപ്പുറം ഒരു മനുഷ്യശബ്ദവും കൊളംബിയ പേടകത്തില്‍ നിന്നുമുയര്‍ന്നില്ല.  വിജയദൌത്യവുമായി പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആകാശദൂതന്‍മാരെ കാത്തിരുന്ന ലോകത്തിനു മുന്നില്‍ 2003 ഫെബ്രുവരി 1ന് ഒരു അഗ്നിഗോളം കത്തിച്ചിതറി. എവിടെയൊക്കെയോ പാതി കത്തിയതെന്തൊക്കെയോ വന്നു പതിച്ചു. റിക്ക്.ഡി.ഹസ്ബന്‍ഡ്, വില്ല്യം.സി മക്കൂള്‍, മൈക്കല്‍ പി ആന്റേഴ്സണ്‍, ഇലന്‍ റാമോണ്‍, ലോറല്‍ ക്ലാര്‍ക്, ഡേവിഡ് ബ്രൌണ്‍, പിന്നെ നമ്മുടെ കല്‍പ്പന ചൌള ഈ ഏഴുപേര്‍ അന്ന് ആകാശത്ത് ഒടുങ്ങി.

കല്‍പ്പന ചൌളയും സംഘവും കൊളംബിയ പേടകത്തിനുള്ളില്‍
പൊട്ടിത്തെറിയുടെ ആറുമിനിട്ട് മുന്‍പെങ്കിലും അവര്‍ അറിഞ്ഞിരിക്കും. ആകാശത്ത് ഒരു ദുരന്തമായി അവര്‍ ഒടുങ്ങാന്‍ പോവുകയാണെന്ന്. ഗുരുതരമായ സാങ്കേതിക തകരാറ് സംഭവിച്ചെന്ന് കാണിച്ച് മുന്നറിയിപ്പ് അലാറങ്ങള്‍ ആറുമിനിട്ടു മുന്‍പേ പ്രവര്‍ത്തിച്ചതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായി. പേടകത്തിനുള്ളില്‍ താപനില സകല നിയന്ത്രണവും വിട്ട് ഉയരാന്‍ തുടങ്ങിയെന്ന് അവര്‍ നിസഹായരായി മനസിലാക്കിയിരിക്കണം. ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു. ലോകമാകെ ആകാശം നോക്കി സ്തബ്ധരായി നിന്നു. തികച്ചും സുരക്ഷിതമെന്ന് ഉറപ്പിച്ച തിരിച്ചിറക്കത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് പിന്നീട് മനസിലായി.

തിരിച്ചിറക്കം കരുതിവെച്ച ദുരന്തം
ഇരുപത്തിയെട്ടു ബഹിരാകാശ ദൌത്യങ്ങള്‍ക്ക് പറന്നുയര്‍ന്ന പാരമ്പര്യമുണ്ടായിരുന്നു കൊളമ്പിയ പേടകത്തിന്. സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിരുന്നില്ല.2003 ജനുവരി പതിനാറിന് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പേടകം കുതിച്ചുയരുമ്പോള്‍ ആര്‍ക്കും ദുരന്തഭീതിയുടെ ലാഞ്ചന പോലുമില്ലായിരുന്നു. എല്ലാം ശരിയായ രീതിയില്‍ തന്നെ മുന്നേറി. ബഹിരാകാശം തേടിയുള്ള യാത്രയുടെ 82ാം സെക്കന്റില്‍ ആരുമറിയാതെ  കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നിസാരമെന്നു തോന്നുന്ന ഒരു സംഭവമുണ്ടായി. കൊളംബിയയുടെ പുറത്തെ ഇന്ധന ടാങ്കിന്റെ കവചത്തില്‍ നിന്ന് ഒരു നേര്‍ത്ത ചെറു പാളി ഇളകി ഇടത് ചിറകിനു ചെന്നിടിച്ചു. അത് ചിറകിന്റെ പുറം കവചത്തില്‍ നേര്‍ത്ത സുഷിരം വീഴ്ത്തിയിരുന്നു. നിരീക്ഷണ ഉപകരണങ്ങളില്‍ അത് വ്യക്തമായിരുന്നു. പക്ഷേ തികച്ചും നിസാരം എന്ന മട്ടില്‍ നിരീക്ഷകര്‍ അതിനെ അവഗണിച്ചു. ബഹിരാകാശത്ത് എണ്‍പതോളം പരീക്ഷണങ്ങള്‍ പതിനാറ് ദിവസങ്ങള്‍ക്കകം ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു ദൌത്യ സംഘത്തിന്. പല രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ ഏല്‍പ്പിച്ച പരീക്ഷണങ്ങള്‍ അടക്കം നിരവധി ശാസ്ത്ര പരീക്ഷണങ്ങളുമായി തിരക്കു പിടിച്ച ബഹിരാകാശ ദിനങ്ങള്‍ അവര്‍ ചിലവഴിച്ചു. ഒരു ദുരന്തം തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. തീര്‍ത്തും സുരക്ഷിതമെന്ന ഉറപ്പില്‍ കൊളംബിയ പേടകത്തിന്റെ  ബഹിരാകാശത്തുനിന്ന് തിരിച്ചിറക്കത്തിനായി റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിച്ചു. അതിവേഗത്തില്‍ പേടകം ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചു. ഇടതു ചിറകില്‍ അപ്പോള്‍ ചിലത് നടക്കുന്നുണ്ടായിരുന്നു. തിരിച്ചിറക്കത്തില്‍ വായുവിലുരഞ്ഞ് പേടകത്തിനു പുറത്ത് രൂപപ്പെടുന്ന അമിത താപം സുഷിരത്തിലൂടെ അരിച്ചിറങ്ങുകയായിരുന്നു. അമിതതാപത്തില്‍ നിന്ന് സംരക്ഷിക്കേണ്ടിയിരുന്ന കവചത്തിലാണ് വിള്ളല്‍ വീണതെന്നത് വിനയാവുകയായിരുന്നു. പേടകത്തിനുള്ളില്‍ ഊഷ്മാവ് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്നു. പേടകം ചിന്നിച്ചിതറി. ശാസ്ത്ര ലോകത്തിന് ബഹിരകാശത്തുനിന്ന് ഏറെ വിവരങ്ങള്‍ കൈമാറിയ ആ ഏഴംഗ  സംഘം മണ്ണിനും വിണ്ണിനുമിടയില്‍ ചരിത്രമായി.  മറ്റൊരു പേടകത്തെ പറഞ്ഞയച്ച് ബഹിരാകാശത്തു വച്ചു തന്നെ കൊളംബിയയുടെ ഇടതു ചിറക് നന്നാക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാവുമായിരുന്നെന്ന് നാസ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പിന്നീട് പറഞ്ഞു. ദുരന്തം മുന്‍കൂട്ടി അറിയാന്‍ നിരീക്ഷകര്‍ക്കായില്ല. നേര്‍ത്തൊരു പാളി ഇളകി മാറിയത് വലിയൊരു ദുരന്തത്തിനു വഴിവെക്കുമെന്ന് കണക്കുകൂട്ടുന്നതില്‍ ദൌത്യനിരീക്ഷകര്‍ പരാജയപ്പെട്ടു.

ആകാശമെടുത്ത ആദ്യ ജീവന്‍
തകര്‍ന്നു വീണ സോയൂസ്.1പേടകം

ബഹിരാകാശ ദൌത്യങ്ങള്‍ ദുരന്തമായതിന്റെ തുടക്കം കൊളംബിയയില്‍ നിന്നൊന്നുമല്ല. ആദ്യ ബഹിരാകാശ ദൌത്യ ദുരന്തത്തിന് ഇരയായത് ഒരു റഷ്യക്കാരനായിരുന്നു.
റഷ്യയിലെ സോയുസ് 1 പേടകത്തില്‍ ബഹിരാകാശത്ത് പറന്നുയര്‍ന്ന വ്ലാഡമിര്‍ കൊമറോവ് ആണ് ബഹിരാകാശ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആദ്യ മനുഷ്യന്‍.
1967 ഏപ്രില്‍ 23ന് റഷ്യയുടെ ബെയ്കനൂര്‍ കോസ്മോഡ്രോം സ്പേസ് സെന്ററില്‍ നിന്ന് സോയൂസ് 1 പേടകത്തില്‍ കൊമറോവ് ബഹിരാകാശം തേടി യാത്ര തുടങ്ങി. രണ്ടുതവണ ശൂന്യാകാശത്തു പോവുന്ന ആദ്യ റഷ്യക്കാരന്‍ എന്ന പൊന്‍ തൂവലുമേറ്റിയായിരുന്നു യാത്ര. തുടക്കത്തിലേ  കുഴപ്പങ്ങള്‍ വന്നുപെട്ടു. കുതിച്ചുയര്‍ന്ന ഉടന്‍ പേടകത്തിന്റെ ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന സോളാര്‍ പാനലില്‍ ഒന്ന് തുറന്നില്ല. ബഹിരാകാശത്ത് ഭൂമിയെ ഭ്രമണം ചെയ്തു തുടങ്ങവേ പേടകം കടുത്ത ഊര്‍ജ പ്രതിസന്ധിയിലായി.
13ാമത്തെ ഭ്രമണത്തില്‍ തന്നെ ഓട്ടോമാറ്റിക് സ്റ്റബിലൈസേഷന്‍ സിസ്റ്റം നിലച്ചു. പിന്നെ കൊമറോവിനു തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു.
അത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. തുടര്‍ന്ന് ബഹിരാകാശ ദൌത്യം ഉപേക്ഷിക്കേണ്ടി വന്നു. ഉദ്ദേശിച്ച ലക്ഷ്യങ്ങളൊന്നും നടക്കാതെ ബഹിരാകാശത്ത് പേടകത്തിനുള്ളില്‍ കോമറോവ് നിരാശനായി. എത്രയും വേഗം പേടകം തിരിച്ചിറക്കാനായിരുന്നു ദൌത്യ നിയന്ത്രകരുടെ തീരുമാനം. കാമറോവ് റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു പേടകം തിരിച്ചിറക്കം തുടങ്ങി. ദൌത്യം നടന്നില്ലെങ്കിലും തിരിച്ചിറക്കത്തിന് യാതൊരു ഭീഷണിയും ഇല്ലായിരുന്നു.   കോമറോവിന് സുഖകരമായി തിരിച്ചിറങ്ങാമായിരുന്നു. പക്ഷേ ഭാഗ്യം തുണച്ചില്ല.  ഭൂമിയെ സമീപിക്കവേ  ഡ്രോഗ് പാരച്ച്യൂട്ട് തുറക്കാനുള്ള കോമറോവിന്റെ ശ്രമം പരാജയപ്പെട്ടു.പേടകത്തിന്റെ വേഗം കുറച്ച് ലാന്റിങ്ങിനു പര്യാപ്തമാക്കുന്നതിനാണ് പിന്നിലേക്ക് തുറന്നു പറന്നു നില്‍ക്കുന്ന ഡ്രോഗ് പാരച്യൂട്ട് തുറക്കുന്നത്. ബന്ധപ്പെട്ട സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതായതോടെ പാരച്യൂട്ട് നിവര്‍ന്നില്ല. ദുരന്തം മുന്നില്‍ വാ പിളര്‍ന്നു നിന്ന നേരം കോമറോവിന് ചെയ്യാനുണ്ടായിരുന്നത് റിസര്‍വ് പാരച്യൂട്ട് സ്വയം തുറക്കുകയെന്നതായിരുന്നു.   റിസര്‍വ്  പാരച്യൂട്ട് ഡ്രോഗ് പാരച്യൂട്ടില്‍ കുരുങ്ങിപ്പോയി. അതിവേഗം ഭൂമിയില്‍ മുഖം കുത്താനായി പറന്നിറങ്ങുന്ന പേടകത്തില്‍ കോമറോവിന് മരണമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല. ഒറേന്‍ബര്‍ഗ് ഒബ്ലാസ്റ്റ് എന്ന സ്ഥലത്തെ കൃഷിഭൂമിയില്‍ പേടകം മൂക്കുകുത്തി വീണു. കോമറോവ് തിരിച്ചറിയാനാവത്ത വിധം  പേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം മണ്ണില്‍ ചിതറി.

പറന്നിറങ്ങിയിട്ടും അവര്‍ പുറത്തുവന്നില്ല

സോയൂസ്11 ദുരന്തത്തിനിരയായ പര്യവേഷകര്‍ പേടകത്തിനുള്ളില്‍
സല്യൂട്ട് 1 എന്ന ലോകത്തിലെ ആദ്യ ബഹിരാകാശ നിലയത്തില്‍ ഇരുപത്തിനാലു ദിവസത്തെ വിജയകരമായ ദൌത്യം പൂര്‍ത്തിയാക്കി സോയൂസ് 11 പേടകം  റഷ്യയിലെ ഖസാകിസ്ഥാനില്‍ വന്നിറങ്ങി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചിലവഴിച്ചവരെന്ന ബഹുമതിയുമായി തിരിച്ചെത്തിയ മൂന്നു ഹീറോകളെ വരവേല്‍ക്കാന്‍ റഷ്യന്‍ ജനത കാത്തിരിക്കുകയായിരുന്നു. 1971 ജൂണ്‍ 30 നായിരുന്നു സോയൂസ്11 പേടകം തിരിച്ചിറങ്ങിയത്. വ്ലാഡിസ്ലാവ് വോള്‍ക്കോവ്്, ജോര്‍ജി ദൊബ്രൊവോസ്കി, വിക്ടര്‍ പാറ്റ്സെവ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്.  താഴ്ന്നിറങ്ങിയ പേടകത്തിലെ കേബിനില്‍ നിന്ന് താഴെ ഇറങ്ങാന്‍ അവരെ സഹായിക്കാന്‍ ചെന്നവര്‍ക്ക് ആ കാഴ്ച അപ്രതീക്ഷിതമായിരുന്നു. കാബിനുള്ളില്‍ മൂന്നു പേരും മരിച്ചു കിടക്കുകയായിരുന്നു. റഷ്യയും ഒപ്പം ലോകവും വിറങ്ങലിച്ചു പോയി. വിജയകരമായി പര്യവസാനിച്ച ബഹിരാകാശ ദൌത്യത്തിന് ഒടുവില്‍ കഥാനായകര്‍ ഇല്ലാതായിരിക്കുന്നു.എന്താണ് അവര്‍ക്ക് സംഭവിച്ചത്.  പെട്ടെന്ന് ഉത്തരമൊന്നുമില്ലായിരുന്നു റഷ്യയുടെ കൈയില്‍. ദൌത്യത്തിലെവിടെയും പാളിച്ചകളൊന്നുമില്ലായിരുന്നു. 1971 ജൂണ്‍ 7നാണ് പേടകം പറന്നുയര്‍ന്നത്. പ്രതീക്ഷിച്ചതുപോലെ റഷ്യന്‍ ബഹിരാകാശ നിലയമായ സല്യൂട്ടുമായി സോയുസ് പേടകം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. മൂവരും പേടകത്തില്‍ നിന്ന് ബഹിരാകാശ നിലയത്തിനുള്ളില്‍ നുഴഞ്ഞിറങ്ങി. പദ്ധതി പ്രകാരമുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇരുപത്തിനാലു ദിവസം ബഹിരാകാശത്തു ചിലവഴിച്ച മനുഷ്യരെന്ന അഭിമാനം നെഞ്ചേറ്റി. ഇടക്കൊരു നാള്‍ പാറ്റ്സെവിന്റെ ജന്‍മദിനവും വന്നു. ബഹിരാകാശ നിലയത്തിനുള്ളില്‍ അവര്‍ ഭൂമിയില്‍ പിറന്നവന്റെ ഭൂമിയിലല്ലാത്ത ജന്‍മദിനം ആഘോഷിച്ചു. ലോകം അതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് ആഹ്ലാദിച്ചു. ലോകം പാറ്റ്സെവിന് ശൂന്യകാശത്തേക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. തിരിച്ചിറക്കനാള്‍ അവര്‍ സല്യൂട്ട് നിലയത്തിനല നിന്ന് പേടകത്തിലേക്ക് തിരിച്ചു കടന്നു. റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് തിരിച്ചിറക്കം തുടങ്ങി. എല്ലാ ഘട്ടങ്ങളും കൃത്യമായിരുന്നു. പക്ഷേ തിരിച്ചിറങ്ങിയ പേടകത്തില്‍ അവരുടെ ജീവന്‍ മാത്രം ബാക്കിയില്ലായിരുന്നു.

ഉയരങ്ങളില്‍ മരണമെത്തിയ വഴി
ദുരൂഹമായിരുന്നു അക്കാലത്ത് ആ ദുരന്ത കാരണം. ഏറെ ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതിന്റെ അസ്വസ്ഥതകള്‍ അവരുടെ ശരീരത്തിന് താങ്ങാന്‍ കഴിയാഞ്ഞതാവാം കാരണമെന്ന് വാദമുയര്‍ന്നു. പക്ഷേ ഗുരുത്വബലം എന്നൊന്ന് ഇല്ലാത്ത ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്മയും അതുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളും അതിജീവിക്കാനുള്ള മുന്‍കരുതലുകളില്‍ പിഴവൊന്നുമില്ലായിരുന്നു. മൂന്നുപേരുടെയും ഹൃദയം നിലച്ചിരിക്കുന്നത് ഒരേ സമയത്താണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശാരീരിക പ്രശ്നമല്ല മരണകാരണമെന്ന് അങ്ങനെ ഉറപ്പായി. വിശദമായ അന്വേഷണങ്ങളില്‍ നിന്ന് ചിലത് പുറത്തുവന്നു. തിരിച്ചിറക്കത്തിനിടെ  പേടകം രണ്ട് ഭാഗങ്ങളായി വേര്‍തിരിയുന്ന ഘട്ടമുണ്ട്. ആ സമയത്ത് ഘട്ടം ഘട്ടമായി കത്തിപ്പറക്കേണ്ട രണ്ട് റോക്കറ്റുകള്‍ ഒരുമിച്ച് കുതിച്ചുയര്‍ന്നുവെന്ന് കണ്ടെത്തി. ഒരേസമയം രണ്ട് റോക്കറ്റുകള്‍ കുതിച്ചപ്പോഴുണ്ടായ അതിശക്ത ബലത്തില്‍ പേടകത്തിന്റെ മര്‍ദം സന്തുലിതമാക്കുന്ന വാല്‍വ് പൊട്ടി. പേടകം ഭൂമിയില്‍ നിന്ന് 168 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍. ദൌത്യസംഘത്തിന്റെ കാബിനിനുള്ളില്‍ പെട്ടെന്ന് മര്‍ദം കുറയാന്‍ തുടങ്ങി.  മര്‍ദവെത്യാസം അതിജീവിക്കാനാവാതെ നാല്‍പ്പത് സെക്കന്റുകള്‍ക്കകം അവരുടെ ഹൃദയങ്ങള്‍ നിലച്ചു. ക്രമേണ മര്‍ദം പൂജ്യത്തിലെത്തി.

ശൂന്യമായ ആകാശ സ്വപ്നം
ചലഞ്ചര്‍ പേടകം ആകാശത്ത് പൊട്ടിത്തെറിക്കുന്നു

1986 ജനുവരി 28. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ചാലഞ്ചര്‍ പേടകം കുതിച്ചുയരാന്‍ ഒരുങ്ങി. ജനുവരി 22ന് നിശ്ചയിക്കപ്പെട്ട പറക്കല്‍ പ്രതികൂല കാലാവസ്ഥ കാരണം ആറുതവണ മാറ്റിവെക്കേണ്ടി വന്നു. ക്രിസ്റ്റ മക്ലിഫെ,  ഫ്രാന്‍സിസ് ആര്‍ സ്കോബി,മൈക്കല്‍ ജെ സ്മിത്ത്, ജുഡിത് എ റെസ്നിക്,റൊനാള്‍ഡ് മക്നെയ്ര്‍, എലിസന്‍ ഒനിസുക,
ഗ്രെഗറി ജാവിസ് എന്നിവരായിരുന്നു ദൌത്യ സംഘത്തിലുണ്ടായിരുന്നത്. ക്രിസ്റ്റ മക്ലിഫെ ഒരു സ്കൂള്‍ ടീച്ചറായിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പദ്ധതിയായിരുന്നു ബഹിരാകാശത്തേക്ക് ഒരു സാധാരണ അമേരിക്കന്‍ പൌരനെ അയക്കുക എന്നത്. ബഹിരാകാശ ദൌത്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്ങനെ വന്ന പതിനൊന്നായിരം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തത് ക്രിസ്റ്റയെ ആയിരുന്നു. അങ്ങനെ ആറ് പര്യവേഷരും ക്രിസ്റ്റയുമായി ചലഞ്ചര്‍ കുതിപ്പിനൊരുങ്ങി. യാത്രയയക്കാനായി വലിയൊരു ജനസഞ്ചയം സ്പേസ് സെന്ററിനു ചുറ്റും തടിച്ചു കൂടി. ലോകമാകെ ടെലിവിഷന്‍ചാനലുകള്‍ അതിന്റെ തല്‍സമയ സംപ്രേഷണത്തിന് തയാറായി നിന്നു. കൌണ്ട് ഡൌണ്‍ കഴിഞ്ഞു. പേടകം കുതിച്ചുയര്‍ന്നു. താഴെ ജനക്കുട്ടം ആവേശത്തോടെ അവരെ യാത്രയാക്കി. അവര്‍ക്കുമുന്നില്‍ തീതുപ്പിക്കൊണ്ട് ചലഞ്ചര്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ഒരുമിനിട്ടും പതിമൂന്നു സെക്കന്റും കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ആകാശത്ത് ചലഞ്ചര്‍ രണ്ടായി പിളര്‍ന്നു കത്തി. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ജനങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞുവിളിച്ചു. ആകാശത്ത് പുകയുടെ വലിയ മേഘം പോലെ ചലഞ്ചര്‍ കത്തിയമര്‍ന്ന് വീണു. താഴേക്ക് താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ബഹിരാകാശം കാണും മുന്‍പേ അവര്‍ ഏഴുപേര്‍ ആകാശത്തെവിടേയോ ചിതറിപ്പോയി.
ചലഞ്ചര്‍ പേടകത്തിലേക്ക് ദൌത്യസംഘത്തിന്റെ
അവസാനയാത്ര

പേടകത്തിന്റെ റോക്കറ്റ് ബൂസ്റ്ററില്‍ വന്ന തകരാറാണ് ദുരന്ത കാരണമെന്ന് പിന്നീട് വ്യക്തമായി. ബൂസ്റ്ററിന്റെ റബ്ബര്‍സീല്‍  പൊട്ടി പ്പോവുകയായിരുന്നു. തലേന്നു രാത്രിയുണ്ടായ അതിശൈത്യത്തില്‍ റബ്ബര്‍ സീല്‍ ഉറച്ചുപോയതാണ് പൊട്ടാനുള്ള കാരണം. പുറത്തേക്ക് പടര്‍ന്ന തീജ്വാകളേറ്റ് പുറത്തെ ഇന്ധന ടാങ്ക് പിളരുകയായിരുന്നു. ഇന്ധനടാങ്കിനുള്ളിലെ ദ്രവ ഹൈഡ്രജനും ഓക്സിജനും പുറത്തെത്തി തമ്മില്‍ കലര്‍ന്നതോടെ അതിഭീമമായ അഗ്നിഗോളമായി അത് മാറി. ആ ഊഷ്മാവ് താങ്ങാനാവാതെ ചലഞ്ചര്‍ പൊട്ടിപ്പിളരുകയായിരുന്നു. 
പ്രപഞ്ചം കരുതിവെച്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മനുഷ്യന്റെ ആകാശ യാത്രകളില്‍ ദുരന്തങ്ങളേക്കാള്‍ വിജയത്തിന്റെ കഥകളാണേറെ...അസാമാന്യ ധൈര്യവും മനസ്ൈഥര്യവുമായി മാനവരാശിയെ മുഴുവന്‍ പ്രതിനിധീകരിച്ച് പറന്നുയര്‍ന്ന എത്രയോ പര്യവേഷകര്‍ നമുക്ക് പകര്‍ന്നു തന്ന അറിവുകള്‍ തന്നെ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു.  അത്തരം യാത്രകളില്‍ പൊലിഞ്ഞു പോയവരോട് ലോകത്തിന് കടപ്പാടേറുകയും ചെയ്യുന്നു.

നിധീഷ് നടേരി

Friday, October 7, 2011

കൂട്ടിമുട്ടലുകള്‍ ഒടുങ്ങി; ഇനി ഇങ്ങിനെയൊരു കണികാ ത്വരകമില്ലടെവട്രോണില്‍(Tevatrone) ഇനി ഊര്‍ജമടങ്ങാത്ത പ്രോട്ടോണ്‍ പ്രവാഹങ്ങള്‍ തമ്മിലിടി തുടരില്ല.
രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരു പുതിയ കണവും പിടി തരില്ല.
സബ് ആറ്റോമിക് ലോകത്തു മറഞ്ഞു നിന്ന ഒരു പാട് കണങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന ലോകത്തെ രണ്ടാമത്തെ കണികാത്വരകം(particle accelator)നിശബ്ദമായി. ചിക്കാഗോ ഫെര്‍മിലാബിലെ ആറര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കണികാ ത്വരകം1983മുതല്‍ നിരന്തരം കണികാ സംഘട്ടനങ്ങളുടെ അരങ്ങാവുകയായിരുന്നു.
പുതിയ അണു പദാര്‍ഥങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ള്‍ ഫിസിക്സിന്റെ അഴിയാക്കുരുക്കുകള്‍ നിവര്‍ത്താനുള്ള ശാസ്ത്രക്കുതിപ്പുകള്‍ക്ക് ഊര്‍ജമേകുകയായിരുന്നു ടെവട്രോണ്‍. 2009ല്‍ സേണിന്റെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വരുന്നത് വരെ ലോകത്തെ ഏറ്റവും വലിയ കണികാ ത്വരകമായി തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു ഇത്.
27.3 കിലോമീറ്ററില്‍ ഭൂമിക്കടിയില്‍ വ്യാപിച്ചു കിടന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അതിചാലക കാന്തങ്ങള്‍(super conducting magnets) ഉപയോഗിച്ച് പ്രോട്ടോണുകളുടെ ഗതിവേഗം കൂട്ടുന്ന ടെവട്രോണിന്റെ സാങ്കേതികത തന്നെയാണ് പിന്‍ തുടര്‍ന്നത്.
പാര്‍ട്ടിക്ക്ള്‍ ഫിസിക്സിലെ ഗവേഷണങ്ങളില്‍ മല്‍സര ബുദ്ധിയോടെ മുന്നേറുന്ന അമേരിക്കയിലെ ഫെര്‍മിലാബിനും യൂറോപ്പിലെ സേണിനും അഭിമാനചിഹ്നങ്ങളാണ് അവരുടെ കണികാത്വരകങ്ങള്‍.
തീവ്ര, ദുര്‍ബല അണുകേന്ദ്ര പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ശരിവെക്കുന്ന കണങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കുകയായിരുന്നു ഇരുസ്ഥാപനങ്ങളും. ബോസോണുകള്‍ എന്ന സബ് ആറ്റോമിക് കണങ്ങളെ തിരിച്ചറിഞ്ഞ് സേണ്‍(ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അന്ന് രംഗത്തു വന്നിട്ടില്ല അന്ന് സൂപ്പര്‍ പ്രോട്ടോന്‍ സിങ്കോട്രോണ്‍ SPS ആയിരുന്നു സേണിന്റെ കണികാത്വരകം) അനുമാനങ്ങള്‍ക്ക് ആദ്യ തെളിവു മുന്നോട്ടുവെച്ചു.
1983ല്‍ ടോപ്കോര്‍ക്ക് ,ബോട്ടം ക്വാര്‍ക്ക്, താവു ന്യൂട്രിനോ എന്നിവയെ തിരിച്ചറിഞ്ഞാണ് ടെവട്രോണ്‍ മുന്നേറ്റം തുടങ്ങുന്നത്. അന്ന് ലോകത്ത് അത്രയും വലിയ കണികാത്വരകം വേറെയില്ലായിരുന്നു.
ചിക്കാഗോയുടെ മണ്ണിനടിയിലെ ഈ ആറരകിലോമീറ്റര്‍ ഭൂഗര്‍ഭ ടണലിലൂടെ നിരന്തരം പ്രോട്ടോണുകള്‍ പ്രവഹിച്ചു. ബാരിയോണുകള്‍ അടക്കമുള്ള നിരവധി പുതിയ കണങ്ങള്‍ ടെവട്രോണ്‍ തിരിച്ചറിഞ്ഞു. സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ കണികാ പരീക്ഷണത്തില്‍ അമേരിക്കന്‍ ശാസ്ത്രകാരന്‍മാര്‍ ചുവടുമാറിയപ്പോള്‍ ടെവട്രോണിന്റെ പ്രസക്തി കുറയുകയായിരുന്നു.
അമേരിക്ക കൂടി പങ്കാളിയായ ഈ ആഗോള ദൌത്യത്തില്‍ ഹിഗ്സ് ബോസോണിനെ തേടി മൂവായിരത്തോളം ശാസ്ത്രകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു വലിയ കണികാത്വരകം പണിയുകയെന്ന ഫെര്‍മിലാബ് ചിന്തക്ക് യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ ലഭിച്ചിരുന്നില്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ അറ്റകുറ്റപ്പണിക്കായി യു.എസ് വന്‍ തുക മുടക്കിയിട്ടുമുണ്ട്.
കണികാ പരീക്ഷണവുമായി സഹകരിക്കാന്‍ സേണുമായി ഉടമ്പടിയിലേര്‍പ്പെട്ട ആറായിരത്തോളം ശാസ്ത്രകാരന്‍മാരില്‍ 1600ഓളം പേര്‍ അമേരിക്കന്‍ ഗവേഷകരാണ്. അങ്ങനെ ശാസ്ത്ര ചരിത്രത്തില്‍ നവീനതകള്‍ എഴുതിച്ചേര്‍ത്ത ടെവട്രോണിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Sunday, October 2, 2011

ഐന്‍സ്റ്റീന് തെറ്റിയെന്ന് തുള്ളിച്ചാടാന്‍ വരട്ടെ


ലോക ശാസ്ത്ര സമൂഹത്തെ മുള്‍ മുനയിലാക്കിയ കണ്ടെത്തലിനെ തുടര്‍ന്ന് സേണ്‍ വക്താവ് ജെയിംസ് ഗില്ലീസ് റേഡിയോ ഫോര്‍ ലിബര്‍ട്ടി കറസ്പോണ്ടന്റിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ന്യൂട്രിനോ പരീക്ഷണത്തിന്റെ ഫലം ദൌത്യത്തിലുള്‍പ്പെട്ട സേണ്‍ ഗവേഷകര്‍ക്കുപോലും അവിശ്വസനീയമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ…എന്താണങ്ങിനെ?
ശാസ്ത്രത്തില്‍ വല്ലപ്പോഴും മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയുള്ളു. ഒരു പരീക്ഷണം അസാധാരണമായ ഫലം തരുമ്പോള്‍ ആരായാലും അവിശ്വസനീയമെന്നു തന്നെ പറഞ്ഞുപോകും. അങ്ങനെ വന്നാല്‍ നിരന്തരം നമ്മുടെ പരീക്ഷണ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ ഒക്കെ തിരിച്ചും മറിച്ചും പരിശോധിച്ച് നാം ആ ഫലത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പു വരുത്തുവാന്‍ ശ്രമിക്കും. കൂടുതല്‍ തവണ ചെയ്തു കഴിയുമ്പോള്‍ ആ ഫലത്തിന് സാധാരണമായ എന്തെങ്കിലും വിശദീകരണം നമുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ ആ ഫലം ഉപേക്ഷിക്കപ്പെടും. പക്ഷേ എല്ലായ്പ്പോഴും അങ്ങിനെയാവില്ല. ഇവിടെ സംഭവിച്ചതും അതാണ്. ഗവേഷകര്‍ കിട്ടിയ വിവരം ഇഴകീറി പരിശോധിച്ചപ്പൊഴും പരീക്ഷണ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തി അതിനൊരു വിശദീകരണം നല്‍കല്‍ വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസിലാക്കുകയായിരുന്നു. അപ്പോള്‍ അടുത്ത പടി ഈ ഫലം ആഗോള ഭൌതിക ശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ ചര്‍ച്ചക്കു വെക്കുകയെന്നതാണ്. അതാണിപ്പോള്‍ നടക്കുന്നത്.
ഈ കണ്ടെത്തല്‍ സ്വീകരിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ മറ്റു ശാസ്ത്രകാരന്‍മാര്‍ സ്വതന്ത്രമായി ന്യൂട്രിനോകണങ്ങള്‍ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ ഭൌതികശാസ്ത്രത്തില്‍ അതിന്റെ അനന്തരഫലം എന്തായിരിക്കും
ആപേക്ഷികതാ സിദ്ധാന്തം ഒരു നൂറ്റാണ്ടോളമായി കാലത്തിന്റെ പരീക്ഷണങ്ങള്‍ക്കായി നിലകൊള്ളുകയാണ്. ആരും അതിനെ പരീക്ഷണ വിധേയമാക്കാത്തതുകൊണ്ടല്ല അത് നിലനിന്നത്. പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇതിനെ ആസ്പദമാക്കി നടന്നിട്ടും കോസ്മിക് സ്പീഡ് ലിമിറ്റിനെ ഖണ്ഡിക്കുന്ന യാതൊരു കണ്ടെത്തലുകളും ഉണ്ടായില്ല.
അതു പോലെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇതും. എന്നു വെച്ച് ഇത് തെറ്റാണെന്നല്ല. ഇവിടെ വേറിട്ട വിശദീകരണം തീര്‍ച്ചയായും ഉണ്ടായേക്കാമെന്ന് ശാസ്ത്ര സമൂഹത്തിനാകെ ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. ആപേക്ഷികത, ക്വാണ്ടം മെക്കാനിക്സ് എന്നീ രണ്ടു നെടും തൂണുകളിലാണ് ആധുനിക ഭൌതിക ശാസ്ത്രം ഉയര്‍ന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഭൌതികശാസ്ത്രത്തെ വലിയ ധര്‍മസങ്കടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ഈ രണ്ട് ധാരകളാണ്.
ആപേക്ഷികത ഗുരുത്വ(gravity) സിദ്ധാന്തമാണ്. ഗുരുത്വവുമായി ബന്ധപ്പെട്ട് യാതൊരു ക്വാണ്ടം സിദ്ധാന്തവുമില്ല താനും. ആപേക്ഷികതക്കും ക്വാണ്ടം മെക്കാനിക്സിനും ഇടയിലുള്ള ഈ പ്രശ്നം പരിഹരിക്കുകയെന്നത് ആധുനിക ഭൌതിക ശാസ്ത്രത്തെ സംബന്ധിച്ച് പ്രധാന കാര്യമാണ്. അപ്പോള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത കണ്ടെത്തലുകള്‍ ചിലപ്പോള്‍ പ്രശ്ന പരിഹാരത്തിന്റെ വഴിതുറക്കലാവും. പക്ഷേ എല്ലാത്തിനുമുപരി ഈ നിരീക്ഷണം യഥാര്‍ഥമോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ന്യൂട്രിനോ പരീക്ഷണം വിശദമാക്കാമോ?
ഒരു കോസ്മിക് സ്പീഡ് ലിമിറ്റ് ഉണ്ടെന്നും അത് പ്രകാശ പ്രവേഗമാവാമെന്നുമാണ് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്.
സേണില്‍ നിന്ന് 730 കിലോമീറ്റര്‍ അപ്പുറം ഗ്രാന്‍ സാസോയിലുള്ള ഭൂഗര്‍ഭ കണികാ നിരീക്ഷണ സംവിധാനത്തിലേക്ക് അയച്ച ന്യൂട്രിനോ പ്രവാഹത്തിന്റെ സഞ്ചാര സമയമാണ് ഞങ്ങള്‍ അളന്നത്. കൃത്യമായി പറഞ്ഞാല്‍ 732 കിലോമീറ്റര്‍ ദൂരം ന്യൂട്രിനോ കണങ്ങള്‍ സഞ്ചരിച്ചത് 2.4 മൈക്രോ സെക്കന്റുകൊണ്ടാണ്.
പരീക്ഷണം വ്യക്തമാക്കിയത് ന്യൂട്രിനോകള്‍ പ്രകാശത്തേക്കാള്‍ വേഗത്തിലെത്തുന്നുവെന്നാണ്. വളരെ നേര്‍ത്ത വ്യത്യാസം അതായത് .oo25 ശതമാനം മുന്നില്‍. അത് ശരിയാണെങ്കില്‍ അത് ഭൌതിക ശാസ്ത്രത്തില്‍ വിപ്ലവം തന്നെയാണ്.
ഐന്‍സ്റ്റീന് തെറ്റിയെന്ന് പറഞ്ഞ് തുള്ളിച്ചാടും മുന്‍പ് അത്യധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്താണ് ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് കൃത്യമായി പ്രസ്താവിക്കും മുന്‍പ് ലോകത്തെവിടെയെങ്കിലും സ്വതന്ത്ര പരീക്ഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.
ഭൂഗര്‍ഭ നിരീക്ഷണ ഉപകരണങ്ങള്‍ പരീക്ഷണത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞു. ന്യൂട്രിനോ കണങ്ങള്‍ കടന്നുപോയ ഭൂഗര്‍ഭ വഴിയിലെ സംവിധാനങ്ങള്‍ അതിനെ പ്രകാശത്തെ പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചതാവുമോ?
അവ പ്രകാശകണങ്ങള്‍ അല്ലായിരുന്നല്ലോ… അവ ന്യൂട്രിനോ എന്ന പരമാണു കണങ്ങളായിരുന്നു. പ്രപഞ്ചത്തില്‍ സര്‍വവ്യാപിയായി നിറഞ്ഞു നില്‍ക്കുന്ന കണങ്ങള്‍. കണ്ടെത്താന്‍ പ്രയാസമേറിയ സൂക്ഷ്മ കണങ്ങള്‍…ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്നവ…ബഹിരാകാശത്തുനിന്നുവരുന്ന ന്യൂട്രിനോ പ്രവാഹങ്ങളില്‍ നമ്മള്‍ നിരന്തരം കുളിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും സൂര്യനില്‍ നിന്ന്. ഒരു തടസവുമില്ലാതെ ഒന്നുമായും പ്രതിപ്രവര്‍ത്തിക്കാതെ നേരെ വന്നു പതിക്കുന്നു.
അവയെ മനസിലാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അവയ്ക്ക് ഭൂമിയുടെ ഏതു കോണിലും ഒരു പ്രവര്‍ത്തനവുമില്ലാതെ കടന്നുചെല്ലാനാവും. ചിക്കാഗോയിലെ ഫെര്‍മിലാബിലും സേണിലുമെല്ലാം അത്തരം പ്രവാഹങ്ങള്‍ സൃഷ്ടിക്കുക അതുകൊണ്ടുതന്നെ എളുപ്പമാണ്. അവയെ ഭൂമിക്കടിയിലേക്ക് പറഞ്ഞയക്കാനും….അതാണ് ചെയ്തത്. അത് പ്രത്യേക ടണലിലൂടെ ഒന്നുമായിരുന്നില്ല. അവ യഥാര്‍ഥത്തില്‍ ഭൂമിയിലൂടെ കടന്നുപോവുക തന്നെയായിരുന്നു. സഞ്ചരിക്കാനെടുത്ത ദൂരം ഹരിക്കണം സമയം സമം വേഗം എന്ന ലളിത തത്വം തന്നെ വെച്ചാണ് ന്യൂട്രിനോകളുടെ വേഗം നിശ്ചയിച്ചത്.
2007ല്‍ ചിക്കാഗോയിലെ ഫെര്‍മിലാബിലും ന്യൂട്രിനോ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് കണ്ടെത്തിയല്ലോ…എങ്ങനെയാണ് ഇത് അതില്‍ നിന്ന് വ്യത്യസ്തമാവുന്നത്.
അതും രസകരമായ ഫലം തന്നെയായിരുന്നു. വളരെ സാമ്യതയുള്ള പരീക്ഷണം തന്നെയായിരുന്നു അവിടെയും നടന്നത്. പക്ഷേ അവരുടെ നിഗമനം അത്ര ശക്തമായിരുന്നില്ല. അതുകൊണ്ടു തന്നെ പരീക്ഷണ ഫലം സംബന്ധിച്ച് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കായില്ല. കൂടുതല്‍ കൃത്യമായ നിഗമനങ്ങളിലേക്കെത്താന്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണവര്‍. അവര്‍ ചെയ്യുന്നത് കാത്തിരിക്കയാണ്ഞങ്ങളും.

Saturday, August 27, 2011

ആ മനുഷ്യന്റെ വയറ്റില്‍ ഒരാടുണ്ടായിരുന്നു

ഓട്സി

5300 വര്‍ഷം മുന്‍പ് മരിച്ചുപോയ ആ മനുഷ്യന്റെ അവസാന ആഹാരം ഒരാടായിരുന്നു. ഇബെക്സ് എന്ന കാട്ടാടിനെ അകത്താക്കിയതിന് ശേഷമാണ് ചെമ്പുയുഗത്തിലെ നമ്മുടെ പൂര്‍വികന്‍ മരിച്ചു വീണത്. 1991ല്‍  ഇറ്റലിയിലെ ആല്‍പ്സ് പര്‍വ്വതനിരയിലെ മഞ്ഞുപരലുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ ഓട്സിയെന്ന മൃതമനുഷ്യനെ കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. മഞ്ഞുപരലുകള്‍ക്കുള്ളില്‍ യുഗങ്ങളോളം സംരക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു ഓട്സിയുടെ  മൃതദേഹം. നൂറ്റാണ്ടുകള്‍ കേടുവരുത്താതെ നമുക്കു സമ്മാനിച്ച ഓട്സിയുടെ ചലനമറ്റ ദേഹം ആദിമ മനുഷ്യനെ അറിയുവാനുള്ള അമൂല്യ മ്യൂസിയം തന്നെയായിരിക്കുമെന്ന് അന്നേ ഉറപ്പായിരുന്നു. ഗവേഷകര്‍ ഓട്സിയുടെ ശരീരത്തില്‍ നിന്ന് പുതിയ വിവരങ്ങള്‍ കണ്ടെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഓട്സി സമ്മാനിക്കുന്ന ആശ്ചര്യം ആമാശയത്തിലെ ആടിനെ കുറിച്ചാണ്. പിന്‍ഭാഗത്ത് അമ്പേറ്റാണ് കാലങ്ങള്‍ക്കപ്പുറം അയാള്‍ മരിച്ചതെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ റേഡിയോളജികല്‍ ദൃശ്യങ്ങളിലൂടെ  വേര്‍തിരിച്ചറിഞ്ഞ ആമാശയമാണ് പുതിയ വിവരങ്ങള്‍ തന്നത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വലിയൊരു കാട്ടാടിനെ  ഓട്സി അകത്താക്കിയിരുന്നുവെന്ന് ഇറ്റലിയിലെ ബോള്‍സാനോവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മമ്മീസ് എന്റ് ദ ഐസ്മാന്‍ സ്ഥാപനത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ആര്‍കിയോളജികല്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇവര്‍ ഇക്കാര്യം പുറത്തുകൊണ്ടു വന്നത്.

നിരന്തരം മാംസഭക്ഷണം അകത്താക്കുന്ന സ്വഭാവക്കാരനായിരുന്നു ഈ ഐസ് മനുഷ്യനെന്ന് പഠനത്തില്‍ പറയുന്നു. മൃതശരീരം സ്കാന്‍ ചെയ്ത് കണ്ടെത്തിയ മൂന്ന് ഗാല്‍ സ്റ്റോണുകള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. മാംസഭക്ഷണം കൂടുതല്‍ കഴിക്കുന്നവരിലാണ് ബൈല്‍ അടിഞ്ഞുകൂടി ഗാല്‍ സ്റ്റോണുകള്‍ രൂപപ്പെടുക. കാല്‍ മുട്ടുകളില്‍ അമിതസമ്മര്‍ദം അനുഭവപ്പെട്ടതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതിനാല്‍ മലമടക്കുകള്‍ കയറി നിരന്തരം സഞ്ചരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഈ പൂര്‍വികനെന്ന് വ്യക്തമാവുന്നു. തവിട്ടു കണ്ണുകളും നീണ്ട തലമുടിയുമുള്ള ഈ അഞ്ചടി മൂന്നിഞ്ചുകാരന് നാല്‍പ്പതു വയസിനടുത്ത് മരിക്കുമ്പോഴുണ്ടായിരുന്നു. ആമാശയത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ റെഡ് ഡീര്‍, ഇബെക്സ് എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും ശേഷിപ്പുകളും ആമാശയത്തില്‍ ഉണ്ടായിരുന്നു. ഓട്സിയുടെ ആമാശയ ഭിത്തിയിലെ കൊഴുപ്പു കോശസമൂഹങ്ങളില്‍ നടത്തിയ ഡി.എന്‍. എ ടെസ്റ്റിലാണ് ഇബെക്സ് എന്ന കാട്ടാടിന്റെ സാനിധ്യം വ്യക്തമായത്. ഈ ഒക്ടോബറില്‍ ഓട്സിയുടെ മൃതശരീരത്തിന്റെ വിവിധ സാമ്പിളുകളില്‍ ഗവേഷണം നടത്തിയ ഗവേഷകര്‍ ബോല്‍സാനോയില്‍ സംഗമിക്കുന്നുണ്ട്.  ഈ ഐസ് മനുഷ്യന്റെ ന്യൂക്ലിയര്‍ ഡി എന്‍ എ പഠന വിവരവും ഈ സമയം പുറത്തു വിടുമെന്ന് പ്രതീക്ഷിക്കുന്നു.

Sunday, July 31, 2011

മഴപ്പേച്ച് കേള്‍ക്കവാ...
ര്‍ദ്ധരാത്രി ഓര്‍ക്കാപ്പുറത്തായിരുന്നു മഴ.  മുന്നിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ലോട്ടറിക്കാരന്‍ ഉറക്കം ഞെട്ടി.  പാതിയുറക്കത്തില്‍ ആകാശം നോക്കി മിഴിച്ച അയാളെയും മുഷിഞ്ഞ പുതപ്പിനെയും തലയിണയാക്കിയ ലോട്ടറിബാഗിനെയും നനയിച്ച് മഴ. അയാള്‍ അവിടെ തന്നെ കിടന്ന് പുളച്ചു. ആകാശത്ത് നിന്ന് പൊട്ടി വീഴുന്ന ഓരോ മഴത്തുള്ളിയെയും തെറിവിളിച്ചു. മറുവശത്ത് മുറുക്കാന്‍ കടയിലിരുന്ന ചെറുക്കന്‍ ഉറക്കെ ഇതുകണ്ട് ചിരിച്ചു. അയാള്‍ അവനെയും തെറിവിളിച്ചു. മഴപോലെ തോരാത്ത തെറി..അവന്‍ ചിരിക്കിടയില്‍ പറഞ്ഞു. അതിന് എണീക്കാനാവില്ല പാവം..മഴ കൊള്ള്വന്നെ...കയ്യില്‍ നിരങ്ങി ലോട്ടറിവില്‍ക്കുന്ന ആളല്ലേ അതെന്ന് ദീര്‍ഘനിശ്വാസം അപ്പോള്‍. എഴുന്നേല്‍പ്പിക്കാന്‍ ചെന്നവരെയും അയാള്‍ ചീത്തവിളിച്ചു.

മഴയോടുള്ള കലിപ്പ് തീര്‍ത്തു.ആ മഴ തീരും വരെ അയാള്‍ തെറി പറഞ്ഞു കൊണ്ടിരുന്നിരിക്കും.  മഴയെ ഓരോരുത്തരും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിലും ലക്ഷദ്വീപിലുമായി 70 സ്റ്റേഷനുകളിലെ നിരീക്ഷണ ഉപകരണങ്ങളില്‍ നിന്ന് കണക്കുകൂട്ടി തിരുവനന്തപുരത്തെ കാലാവസ്ഥാ കേന്ദ്രം മഴവരും മുമ്പേ പറയാന്‍ തുടങ്ങുന്നു.   പെയ്തു വീണ മഴത്തുള്ളികളേക്കാളേറെ  ഒരു പക്ഷേ മഴയെക്കുറിച്ച് നാം കുറിച്ചു വച്ചിട്ടും പറഞ്ഞിട്ടുമുണ്ടാകും. കവിതയിലും കഥയിലും കനവുകളിലും ഇറയത്തും ഇടവഴിയിലും നഗരപാതയിലും കടലിലും മഴയുണ്ട്. മഴ നല്‍കുന്ന അനുഭവങ്ങള്‍ ,നീട്ടുന്ന ഓര്‍മകള്‍, അസ്വസ്ഥതകള്‍ എല്ലാം ഓരോ മഴക്കാലവും കടന്നുപോവുമ്പോഴും അുഷ്ഠാനം പോലെ നാം ഏറ്റുവാങ്ങുന്നുമുണ്ട്. മഴപോലെ ചിതറിയ ചില മഴപ്പറച്ചിലുകളുമായി ഇരിക്കാം...                                                           മഴപെയ്യുന്ന കാട്ടുവഴികള്‍ഒരു മുന്നറിയിപ്പുമില്ലാതെയാണ് കാട്ടില്‍ മഴ അധീശത്വം സ്ഥാപിക്കുക. അതുവരെ ഇലപ്പടര്‍പ്പുകള്‍ നുഴഞ്ഞെത്തുന്ന വെയില്‍ നാളങ്ങളില്‍ തെളിയുന്ന വനാന്തരത്തില്‍ ഇരുളുകോരിയിട്ട്  പെട്ടെന്നാണ് മഴയെത്തുക.  വള്ളിപ്പടര്‍പ്പുകളിലും ഇലകളിലും പുല്‍ത്തുമ്പുകളിലും തട്ടിത്തെറിച്ച് മഴപ്പെയ്ത്ത്. ഇലപ്പച്ച വിരിപ്പുകളിലൂടെ തിരക്കിട്ട് അരിച്ചുകയറുന്ന കണക്കറ്റ കുളിര്‍ മണികള്‍...ഓരോ മഴയും വനഹൃദയത്തില്‍ പുതിയ കവിത വിരിയും പോലെയാണ്.. മഴപെയ്തു തിമിര്‍ത്ത കാടിന് പിന്നെ  പുതുചൈതന്യം...തവിട്ടുമഞ്ഞ നിറത്തില്‍ ചന്തംവറ്റിയ വേനല്‍ക്കാടിനെ മഴ ഇളം പച്ചയുടെയും കരിംപച്ചയുടെയും പുടവ ചാര്‍ത്തുന്നു. കരിയിലപ്പടര്‍പ്പുകള്‍ക്കടിയില്‍ കാട് ഒളിപ്പിച്ചു വച്ച ആവാസവ്യവസ്ഥ തേടി നടന്ന കെ.വി വിനോദ് എന്ന ഗവേഷകന് കാട് കുറേ മഴയനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫോറസ്റ്റ് എന്‍ഡമോളജിയിലായിരുന്നു വിനോദിന്റെ ഗവേഷണം.  പരിസ്ഥിതി വന മന്ത്രാലയത്തിന്റെ ഒരു പ്രൊജക്റ്റിലാണ് വിനോദ് കാടിന്റെ കരിയിലപ്പുതപ്പുകള്‍ക്കടിയിലെ വണ്ടുകളെയും ഷഡ്പദങ്ങളെയും തേടി നടന്നത്. ദിവസങ്ങളോളം ഓരോ നിബിഡ വനങ്ങളിലും മഴക്കൊപ്പം വിനോദ് നടന്നു. മഴ ഈറനുടുപ്പിച്ച വനത്തിലാണ് ഷഡ്പദങ്ങളും ചീവീടുകളും പാമ്പുകളും വണ്ടുകളും തവളകളുമെല്ലാം സജീവമാവുക. വേനല്‍ വരള്‍ച്ചയില്‍ മണ്ണോട്ചേര്‍ന്ന് കിടന്ന അവയെല്ലാം മഴ വിതച്ചു പോയ തണുപ്പില്‍ പതിയെ പുറത്തെത്തുന്നു. കാട് ശബ്ദമുഖരിതമാകുന്നു.

 അവയെ തിന്നു വിശപ്പു തീര്‍ക്കാന്‍ ഭക്ഷ്യശൃംഖലയിലെ അടുത്ത കണ്ണികളെത്തുന്നു. പാമ്പുകളും പക്ഷികളും സജീവമായി ഇരതേടിയിറങ്ങുന്നു. മുളച്ചു പൊന്തിയ ഇളം പുല്‍ നാമ്പുകള്‍ തേടി മാന്‍ കൂട്ടങ്ങളിറങ്ങുന്നു. പൂക്കള്‍ തേടി അസംഖ്യം പൂമ്പാറ്റകള്‍...ഓരോ മഴക്കാലവും കാടിന് നൂറഴകു തിരിച്ചു നല്‍കുവാനാണ് പെയ്തൊഴിയുന്നതെന്ന് വിനോദ് പറയുന്നു. മഴയത്ത് കാട്ടാനകളും കാട്ടുപോത്തുകളും മാനുകളുമെല്ലാം വലിയ വൃക്ഷച്ചുവടുകളില്‍ കുളിര്‍ന്നു നില്‍ക്കുന്നത് പതിവു കാഴ്ച.  മഴത്തോര്‍ച്ചയില്‍ ദേഹത്തെ നീര്‍മുത്തുകള്‍ കുടഞ്ഞെറിഞ്ഞു കളയുന്ന മാന്‍കൂട്ടങ്ങള്‍ കണ്ണിനു വിരുന്ന്.. ആനച്ചന്തത്തിന്റെ പൂര്‍ണത വെളിപ്പെടുന്നത് മഴതിമിര്‍ക്കുന്ന കാട്ടിലാണെന്ന് വിനോദ് പറയുന്നു. ദേഹത്തെ ചെളിയെല്ലാം മഴ കഴുകിക്കളയുമ്പോഴാണ് കറുകറുപ്പിന്റെ യഥാര്‍ഥ ആനച്ചന്തം വെളിപ്പെടുക. നിബിഡവനങ്ങളിലെ ആനകള്‍ക്ക് നാട്ടാനകളെപ്പോലെ വെള്ളപ്പാണ്ടിന്റെ അഭംഗിയുമുണ്ടാവില്ല. മഴ വാഴുന്ന കാട്ടില്‍ തന്നെ ആനക്ക് ആനയോളം അഴകെന്ന് വിനോദിന്റെ പക്ഷം. നനവ് തീരെയിഷ്ടമില്ലാത്ത കടുവ പോലുള്ള ജീവികള്‍ മഴ തുടങ്ങിയാല്‍ പുറത്തിറങ്ങുകയേ ഇല്ല. അവ കണിയാവുകയില്ല തന്നെ..

ഒരു മഴക്കാലം സൈലന്റ്വാലിയിലെ നിബിഡതകളില്‍ അലഞ്ഞ ഓര്‍മള്‍ക്ക് ഇപ്പോഴും നനവാറിയിട്ടില്ല വിനോദിനുള്ളില്‍. അപൂര്‍വമായി പ്രവേശനം സാധ്യമാവുന്ന സൈലന്റ്വാലിയിലെ കോര്‍ മേഖലയും കടന്നു യാത്ര തുടരവേ മഴ പെയ്തുതുടങ്ങി. തമിഴ്നാടിലെ മുകുര്‍തി ദേശീയ പാര്‍ക്കിന്റെ അതിര്‍ത്തിയോളം വനയാത്ര കൊണ്ടെത്തിച്ചിരുന്നു. ഒരു ദിനം മുഴുവന്‍ മഴയേറ്റു നടത്തം. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള മലമുകളിലൂടെയായിരുന്നു മഴയാത്ര. അല്‍പ്പവസ്ത്രനായി മഴകലമ്പുന്ന കാടിനുള്ളില്‍ സര്‍വ്വം മറന്നു നടപ്പായിരുന്നു.  കനത്ത മഴയിലും തോടുകള്‍ തെളിഞ്ഞു തന്നെ കുത്തിയൊഴുകുന്നു.  മഴയത്ത് കാട്ടിലൂടെ പോവുമ്പോള്‍ വന്യമൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാധ്യത കൂടുതലാണ്. കടുവ,പുലി ഒഴികെയുള്ള വന്യജീവികള്‍ മനുഷ്യന്റെ സാനിധ്യം തിരിച്ചറിയുന്നത് ഗന്ധങ്ങളിലൂടെയാണ്. കാടിലേക്ക് നാം കടന്നു തുടങ്ങുമ്പോള്‍ തന്നെ ഗന്ധമുള്‍ക്കൊണ്ട് ആനയും കാട്ടുപോത്തും മാനുമെല്ലാം വഴിമാറിപ്പോവും. പക്ഷേ മഴ ഈ മണംപിടിക്കലിന് തടസമാവുന്നു. ഈര്‍പ്പം നിറഞ്ഞ വനാന്തരീക്ഷത്തില്‍ ഗന്ധകണികകള്‍ അധികം സഞ്ചരിക്കാതാവുന്നതിനാല്‍ പലപ്പോഴും മൃഗങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് നമ്മുടെ സാനിധ്യമറിയുക.

 തൊട്ടരികിലായി അടയാളങ്ങള്‍ അവശേഷിപ്പിച്ചുപോയ വന്യജീവിയെ ഈ യാത്രയില്‍ ഏറെ തിരിച്ചറിഞ്ഞു. ചിലവ മുന്നില്‍ വന്നുപെടുകയും ചെയ്തു.  നിബിഡവനങ്ങളിലെ മൃഗങ്ങള്‍ക്ക് ഒട്ടും പരിചിതമല്ലാത്തതിനാല്‍ മനുഷ്യസാനിധ്യം അവയെ മറ്റു വനമേഖലകളിലുള്ള മൃഗങ്ങളേക്കാള്‍ കൂടുതല്‍ ഭയചകിതരാക്കും. മനുഷ്യസാനിധ്യമറിഞ്ഞ ഷോക്കില്‍ നിന്ന് ചിലപ്പോള്‍ മുക്തരാവാന്‍ അവ ദിവസങ്ങളെടുക്കും. കനത്തുപെയ്യുന്ന മഴ പലപ്പോഴും കാടിനുള്ളിലെ നമ്മുടെ കാഴ്ചയുടെ പരിധി കുറക്കും. ഒരിക്കല്‍ വയനാട്  തിരുനെല്ലിയിലെ പക്ഷിപാതാളത്തുനിന്ന് കണ്ണുരിലെ ആറളം വന്യമേഖലയിലേക്കുള്ള ദിവസങ്ങളോളം നീണ്ട വിനോദിന്റെയും സംഘത്തിന്റെയും വനയാത്രയില്‍ മഴ വില്ലനായി. സഹയാത്രികരായി മൂന്നു ഫോറസ്റ്റ് വാച്ചര്‍മാരും സുഹൃത്തുക്കളും..പക്ഷിപാതാളത്തുനിന്ന് ഏഴു കിലോമീറ്റര്‍ നടന്നുകയറിയപ്പോള്‍ സമൃദ്ധമായ പുല്‍മേടുകള്‍.. അവിടെനിന്ന് ഏഴുകിലോമീറ്റര്‍ താണ്ടി തിരുനെല്ലിയുടെ അതിര്‍ത്തിയായ അമ്പലപ്പാറ മേഖലയിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരം. പാറക്കെട്ടുകളില്‍ വേരാഴ്ത്താനാവാതെ മുരടിച്ചുപോയ മരക്കൂട്ടങ്ങള്‍. അവിടെയായിരുന്നു മഴ പെയ്തുതുടങ്ങിയത്. ഇടിമിന്നലോടെ കനത്ത മഴ. അവിടെ പണിപാതിയായ വാച്ച് ടവര്‍ ബീമിന്റെ അടിയില്‍ തീക്കൂട്ടി ഭക്ഷണമുണ്ടാക്കി കഴിച്ചു. സ്ലീപ്പിങ് ബാഗിനുള്ളില്‍ മഴയും ഇരുട്ടും മല്‍സരിച്ചു തിമിര്‍ക്കുന്ന കാട്ടില്‍ ഉറക്കം. രാവിലെ തുടര്‍യാത്ര. നടത്തമേറെ ദൂരം താണ്ടിയിട്ടും എവിടെയുമെത്തുന്നില്ല. ചെറിയ കുന്നുകള്‍ കയറിയിറങ്ങുന്ന യാത്രയില്‍ മഴ കൂടെയുണ്ട്. ചുറ്റും കുന്നുകള്‍ മാത്രം.. കാഴ്ചയില്‍ മഴ മറ്റൊന്നും കൊണ്ടുവരുന്നില്ല.
 ഒടുവില്‍ ഫോറസ്റ്റ് വാച്ചര്‍മാര്‍ സമ്മതിച്ചു.
വഴിതെറ്റിയിരിക്കുന്നു.
പിന്നെ രണ്ടും കല്‍പ്പിച്ച് കുന്നു കയറിയിറങ്ങിയുള്ള അലക്ഷ്യമായ യാത്രയാണ് മഴക്കൊപ്പം. അട്ടകള്‍ രക്തം ഊറ്റിയെടുത്ത് കാല്‍പ്പാദങ്ങളില്‍ മല്‍സരം.. വിശപ്പില്‍ വയറു കത്തുന്നു. ഇടക്ക് മുന്‍പെപ്പോഴോ മൃഗവേട്ടക്കു വന്നവര്‍ ഇറച്ചി ഉണക്കിയെടുക്കാന്‍ അരുവിക്കരകളില്‍ കൂട്ടിയ ചെറുകുടിലുകള്‍ കാണാറായി. കഞ്ചാവു നടാന്‍ വെട്ടി തെളിച്ച പ്രദേശങ്ങള്‍...പലനിറത്തില്‍ പാമ്പുകള്‍ ചുവടുകള്‍ക്കുതാഴെ കുതറിയിഴയുന്നു. ഒടുവില്‍ വിദൂരതയില്‍ നിന്ന് ഒരു ബസിന്റെ ഹോണ്‍മുഴക്കം...ശബ്ദം കേട്ട ദിക്കു വെച്ചുപിടിച്ചുള്ള നടത്തം. കണ്ണുര്‍ കൊട്ടിയൂരിനടുത്തുള്ള അമ്പായത്തോടാണ് സ്ഥലമെന്നു തിരിച്ചറിഞ്ഞു... മഴക്കൊപ്പമുള്ള വനയാത്രകള്‍ വിനോദ് തുടരുകയാണ്... ഇപ്പോള്‍ വാണിമേല്‍ അസി. കൃഷി ഓഫീസറായിരിക്കുമ്പോഴും ഗവേഷണജീവിതം കൈവെടിഞ്ഞിട്ടില്ല.


                                                            ചുരമിറങ്ങിപ്പോയ മഴ


മഴ ഗൃഹാതുരകളേറെ മനസിലും പെയ്യിക്കും. നാടും കാടും ഇഴചേര്‍ന്ന വയനാട്ടില്‍ മഴക്കാലത്തിന്  വേറിട്ട ചില സവിശേഷതകളുണ്ടായിരുന്നുവെന്ന് കല്‍പ്പറ്റ നാരായണന്റെ ഓര്‍മ.  'അടത്തിടെ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോഴാണ് വയനാട്ടിലെ പഴയ മഴക്കാലം ഓര്‍ത്തത്. എനിക്ക് അക്കാലത്തു നില്‍ക്കുന്ന പോലെ തോന്നി. പെയ്തുതോരാത്ത മഴക്കാലമുണ്ടായിരുന്നു വയനാടിന്.. ജൂണില്‍ തുടങ്ങി ഡിസംബര്‍ വരെ നീളുന്ന മഴ...സമസ്തവും അവസാനിക്കുകയാണെന്ന് തോന്നും വിധം  കനത്തു പെയ്യും.. മലകളില്‍ നിന്ന് ചെങ്കുത്തായ് വെള്ളം കുത്തിയൊഴുകും  മരങ്ങള്‍ എത്രയോ കടപുഴകും മണ്ണിടിയും... പുഴകള്‍ ദിശമാറിയൊഴുകും...വയനാടിന്റെ ഭൂപ്രകൃതി മഴയെ കുടുതല്‍ തീവ്രമാക്കി കാണിച്ചിരുന്നു. മലമ്പനി പോലത്തെ രോഗങ്ങള്‍ ഒരുപാട് മരണങ്ങള്‍ വിതച്ചിരുന്നു.  അതേ സമയം മനുഷ്യരും മൃഗങ്ങളും ഏറെ പിറന്നു വീഴുന്ന കാലവുമായിരുന്നു.

സൃഷ്ടിയുടെയും സംഹാരത്തിന്റെയും കാലം. മാറ്റങ്ങളുടെ  ഋതു. ഉള്ളവന്റെയും ഇല്ലാത്തവന്റെയുമെല്ലാം പുരകള്‍ പുല്ലുമേഞ്ഞതായിരുന്നു അന്ന്'. കാപ്പിവെള്ളം പോലെ മിഥുനമാസത്തില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കും. കുട്ടികള്‍ ഉമ്മറത്തിരുന്ന് വെള്ളം കയറി മുറ്റം കടന്നെത്തുന്നതും നോക്കിയിരിക്കും. മൂഴികേറുക എന്നാണ് ഇതിനു വയനാട്ടിലെ വിളിപ്പേര്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകള്‍ വെള്ളത്തിലാവുമ്പോള്‍ അവര്‍ ഉയര്‍ന്ന വീടുകളില്‍ അഭയം തേടിയെത്തും.  ചതുപ്പുകളില്‍ ചളി നിറയും.  നടക്കുമ്പോള്‍ കാല്‍മുട്ടോളം ചളി പുതയും. കനത്തുപെയ്യുന്ന മഴയിലും കൃഷിപ്പണി മുടങ്ങില്ല. പാടങ്ങള്‍ സജീവമായി തന്നെയിരിക്കും. വൃശ്ചികം തുടങ്ങുമ്പോഴേക്ക് നീണ്ട മഴക്കാലം പതിയെ പിന്‍വാങ്ങും. മാനം തെളിയും. പാടങ്ങള്‍ കൊയ്ത്തിനൊരുങ്ങും. ആകെ തെളിഞ്ഞ കുളിരുള്ള അന്തരീക്ഷമാവും. ഒരു പക്ഷേ നീണ്ട വര്‍ഷകാലത്തിന്റെ ആധികളാവാം പിന്നെയുള്ള കാലത്തിന് കൂടുതല്‍ സുഖം തോന്നിച്ചത്.  മഴക്ക് വയനാട്ടില്‍ ഇന്ന് പഴയ പ്രതാപമില്ല. തുടര്‍മഴകള്‍ നിലച്ചു. പുല്‍പ്പള്ളി പോലുള്ള സ്ഥലങ്ങളില്‍ മഴപെയ്യാത്ത വര്‍ഷങ്ങള്‍ കടന്നു പോയി. പുഴകള്‍ പുഴകളായി തോന്നുന്നത് മഴക്കാലത്ത് മാത്രമായി...'


                                                        ഉള്‍ക്കടലിലെ പെയ്ത്ത്

photo: P B Biju Madhyamam


കരയില്‍ നിന്നിറങ്ങുമ്പോള്‍ തെളിഞ്ഞു കണ്ട മാനം കടലില്‍ മുഖം കറുപ്പിക്കുന്നത് പെട്ടെന്നായിരിക്കും.അഞ്ചങ്ങാടി കടപ്പുറത്തെ  റസാഖും കൂട്ടരും ലക്ഷണങ്ങളില്‍ നിന്ന് പെയ്യാന്‍ പോകുന്ന മഴയുടെ  ജാതകം ഗണിക്കും. കാറ്റിന്റെ ഉശിരു ചികയും. കരയിലേക്കോ മീന്‍ തേടി ഉള്‍ക്കടലിലേക്കോ യാത്രയെന്ന് തീരുമാനമാവും.  തെക്കുനിന്നാണ് കാറുപിടിച്ചുവരുന്നതെങ്കില്‍, കാറ്റു വീശിയെത്തുന്നതെങ്കില്‍ അപകടം മണക്കും. കടല്‍ പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പ്. കടലില്‍ വെള്ളമൊഴുക്ക് ശക്തമാണെങ്കില്‍ മഴ കാര്യമായി പെയ്യില്ലെന്നാണ് കണക്ക്. അപായ സൂചനയില്ലെങ്കില്‍ മുന്നോട്ടു തന്നെ കുതിക്കും.

ചിലപ്പോള്‍ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് മഴയും കാറ്റും കടലുകുത്തിമറിക്കും. നിലയില്ലാതെ ഉലയുന്ന ബോട്ടില്‍ അവര്‍ പ്രാണനും മുറുകെപ്പിടിച്ചിരിക്കും.  കഴിഞ്ഞ സ്വാതന്ത്യ്രദിനത്തില്‍   റസാഖും സംഘവും സഹയാത്രികരുടെ ദുരന്തത്തിനു ഉള്‍ക്കടലില്‍ സാക്ഷികളായി. അപ്രതീക്ഷിതമായി മഴയും കാറ്റുമെത്തി. കടലു കലിതുള്ളി വഞ്ചികള്‍ തിരയില്‍ ചുഴറ്റിയെടുത്തു. കരക്ക് തിരിച്ചു ചെല്ലുമ്പോള്‍ പലരും കൂടെയില്ലായിരുന്നു.  മാനം കറുത്തു തുടങ്ങിയാല്‍  കടലാകെ ഇരുട്ടാവും. അടുത്ത വഞ്ചിക്കാരെ പോലും കാണാത്തത്ര ഇരുട്ട്.  ചിലപ്പോള്‍ തലക്കു മുകളിലൂടെ ഒരു മഴയെ കാറ്റ് അകലേക്ക് കൊണ്ടുപോകും. കിലോമീറ്ററുകള്‍ക്കകലെ മഴപെയ്യും. അകലത്തെ വഞ്ചിക്കാര്‍ മഴയില്‍ കുളിക്കുമ്പോള്‍ അവര്‍ക്ക് മുകളില്‍ ഒരു തുള്ളിപോലും പെയ്യുന്നുണ്ടാവില്ല.  കടലില്‍ പെയ്ത് പെയ്ത് മഴ കരയിലേക്ക് കയറും. അപ്പോള്‍ കടലിനു മീതെ മാനം തെളിയും. കടലില്‍ മീന്‍ കൂട്ടങ്ങള്‍ക്കു പിന്നാലെ അലയുമ്പോള്‍ മഴ കാഴ്ച മറച്ചു പെയ്യും. മീനുകളെ ഓളപ്പരപ്പില്‍ കാണാനാവാത്ത വിധം മഴ ഒളിപ്പിച്ചു കളയും. പിന്നെ മഴമാറിപ്പോവുന്നതുവരെ കാത്തിരിപ്പാണ്. മനസുതെളിയണമെങ്കില്‍ കരയിലേക്ക് കൊണ്ടുചെല്ലാന്‍ വലനിറയുക തന്നെ വേണം. കരയില്‍ കാത്തിരിക്കുന്ന കുടുംബങ്ങളുടെ വയറും നിറയണം. അറ്റമില്ലാത്ത കടല്‍പ്പരപ്പുകളില്‍ ജീവിതം പണയം വെച്ച് മഴയോടും കാറ്റിനോടും പകിടകളിക്കാതെ അവര്‍ക്കെന്ത് ജീവിതം.

                                                       തിരക്കഥയിലൊതുങ്ങാത്ത മഴ


മനുഷ്യന്റെ സര്‍വ്വഭാവങ്ങള്‍ക്കുമൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ മഴക്കു മാത്രമേ കഴിയൂ. സന്തോഷത്തിനൊപ്പം കുളിരുമായി മഴ കൂടെ നില്‍ക്കും. വിരഹം തീവ്രമാക്കാന്‍ മഴ മനസുവെച്ചാല്‍ മതി. പ്രണയത്തിന്റെ മധുരം തന്നെ മഴയാണ്. പുതിയ ജയറാം ചിത്രത്തിന്റെ ലൊക്കേഷന്‍ തേടിയുള്ള യാത്രയില്‍ സംവിധായകന്‍ കമല്‍ മഴയോര്‍മകളിലൂടെ...മഴയെ എന്നും ഏതെങ്കിലുമൊരു ഫ്രെയ്മില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മഴ സിനിമയില്‍ കാണാനേറെ സുഖമാണെങ്കിലും ചിത്രീകരിക്കാന്‍ അത്ര സുഖമില്ല. യഥാര്‍ഥ മഴയില്‍ ചിത്രീകരണം ദുഷ്കരമാണ്. ക്യാമറയും കേബിളുകളും ലൈറ്റ്സിലുമെല്ലാം കേറി മഴപെയ്തു കളയും. ഏറിയും കുറഞ്ഞും ഇഷ്ടത്തിന് ആടി തിമിര്‍ക്കുന്ന മഴയില്‍ ഷൂട്ട് ചെയ്താല്‍ സീനിന്റെ തുടര്‍ച്ച(continuity)യും നഷ്ടമാവും. കൃത്രിമ മഴ തന്നെയാണ് ചിത്രീകരണത്തിന് അനുയോജ്യം. പെരുമഴക്കാലം പകര്‍ത്തുന്ന സമയത്തൊക്കെ പെരുമഴ പെയ്തു തിമിര്‍ക്കുന്നത് കണ്ട് ഷൂട്ടിങ് സംഘം ഇറയത്തിരിക്കുകയായിരുന്നു. മഴയൊന്നു തീര്‍ന്നു കിട്ടാനായിരുന്നു അന്ന് പ്രാര്‍ഥന. ഷൂട്ടിങ് ഇല്ലാതിരിക്കുന്ന സമയത്തും യാത്രകളിലും മഴ ഏറെ പ്രിയപ്പെട്ടതു തന്നെ. ഷൂട്ടിങ് തുടങ്ങിയാല്‍ ഇത്ര വെറുക്കുന്ന മറ്റൊന്നുമില്ല താനും.ചമ്പക്കുളം തച്ചന്‍ ചിത്രീകരിക്കുന്ന സമയത്തായിരുന്നു മഴയെ ഏറെ വെറുത്തത്. കുട്ടനാട്ടിലായിരുന്നു ഷൂട്ടിങ്. തോരാമഴയായിരുന്നു മിക്ക ദിവസങ്ങളിലും. കായലിലും കരയിലും മഴ മദിച്ചു പെയ്തുകൊണ്ടിരുന്നു. ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ടുപോവാന്‍ ഏറെ പ്രയാസപ്പെട്ടു. ഗ്രാമഫോണിലെ പൈക്കുറുമ്പിയെ മേയ്ക്കാന്‍ എന്ന പാട്ട് ചിത്രീകരിച്ചത് കര്‍ണാടകയിലെ ഹമ്പിയിലായിരുന്നു. ബെല്ലാരിയില്‍ നിന്ന് 200 കിലോമീറ്ററോളം ഉള്ളോട്ട് പോവണം. പഴയ വിജയ നഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള സ്ഥലം. വേനല്‍ കത്തിനില്‍ക്കുകയായിരുന്നു അവിടെ. ചിത്രീകരണത്തിനു പറ്റിയ അന്തരീക്ഷം. ലൊക്കേഷന്‍ തേടി പോയ കലാസംവിധായകന്‍ സുരേഷ് കൊല്ലം പറഞ്ഞു രണ്ടു വര്‍ഷത്തോളമായി മഴയെ കണികാണാനാവാതെ വരണ്ടു കിടക്കുന്ന സ്ഥലമാണെന്ന്. ഷൂട്ടിങ്ങിനു ചെന്നപ്പോള്‍ നാട്ടുകാരോട് മഴയുടെ കാര്യം തിരക്കി . മഴ കണ്ടിട്ടു കാലമേറെയായെന്ന് അവരെല്ലാം പറഞ്ഞു. ഷൂട്ടിങ്ങ് തുടങ്ങി. കനത്തവെയിലില്‍ എല്ലാവരും നന്നായി പ്രയാസപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നു മണിയായപ്പോള്‍ ആകാശം കറുത്തു. നാലുമണിയോടെ പെരുമഴയെത്തി. മണിക്കൂറുകളോളം നീണ്ട മഴ. നാട്ടുകാര്‍ക്ക്  അത്ഭുതവും ആഹ്ലാദവും. ഏതു സ്ഥലത്തു ഷൂട്ടിനു ചെന്നാലും മഴ എന്നെ തേടിയെത്തും പോലെ തോന്നിയിട്ടുണ്ട്.
സ്വപ്നക്കൂടിലെ ഒരു ഗാനരംഗം വിയന്നയിലെ സാള്‍സ് ബര്‍ഗിലായിരുന്നു. സൌണ്ട് ഓഫ് മ്യുസിക് എന്ന സംഗീതചിത്രമൊക്കെ ഷൂട്ട് ചെയ്ത മനോഹരമായ പ്രദേശം. ചെന്നപ്പൊഴേ കാലാവസ്ഥാ റിപ്പോര്‍ട്ട് ഒക്കെ നോക്കി. അവിടെ കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കും. മേഘവിതാനം മഴസാധ്യത ഒക്കെ കൃത്യമായി അറിയിക്കും. മഴക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ചിത്രീകരണം തുടങ്ങി. ഉച്ചയോടെ സര്‍വ്വ കണക്കു കൂട്ടലും അസ്ഥാനത്താക്കി മഴ വരുക തന്നെ ചെയ്തു. ലോകത്തേതു കോണില്‍ ചെന്നു ഞാന്‍ ചിത്രീകരിച്ചാലും മഴ കൂടെ വരുമെന്ന് പിന്നീട് എല്ലാവരും പറയാന്‍ തുടങ്ങി. മഴക്കാലം വേര്‍പാടുകളുടെ കാലം കൂടിയാണ്. ഏറെപ്രിയപ്പെട്ടവര്‍ വിട്ടുപോയത് മഴ മൂടിക്കെട്ടിയ കാലങ്ങളിലാണ്. കുട്ടിക്കാലത്ത് ആദ്യ മരണം കാണുന്നതും മഴക്കാലത്താണ്. എളാപ്പയുടെ മയ്യത്തുയാത്ര പെരുമഴയിലായിരുന്നു. ഖബറിലെല്ലാം വെള്ളം നിറച്ച് മഴ പെയ്തുകൊണ്ടിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, ലോഹിതദാസ്, മുരളി, ഭരതന്‍ അങ്ങനെ ഒരുപാടു പ്രിയപ്പെട്ടവരെ മഴക്കാലമാണ് തിരികെക്കൊണ്ടുപോയത്.

എല്ലാ ഓര്‍മകള്‍ക്കും, വാക്കുകള്‍ക്കും, സ്വപ്നങ്ങള്‍ക്കും, ജീവിതങ്ങള്‍ക്കും മേലെ മഴ പിന്നെയും വന്നു പെയ്യുകയാണ്. ഇനിയും എത്ര പറയാനുണ്ട്  മഴയെക്കുറിച്ചിങ്ങനെ... സ്നേഹിച്ചും വെറുത്തും കാത്തിരുന്നും ശപിച്ചും....

നിധീഷ് നടേരി


 

Friday, July 29, 2011

'നടക്കാനിരിക്കുന്ന അപകടത്തിന്' ഇനി സ്ഫോടകവസ്തുവെന്ന് വിളിപ്പേര്


ങ്ങനെ ഏറെ കാലമായി പൊട്ടിത്തെറികളുടെ മുഴുവന്‍ അണിയറക്കാരനായ അമോണിയം നൈട്രേറ്റിനെ അവസാനം സ്ഫോടകവസ്തുവെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു.  45 ശതമാനത്തിനു മുകളില്‍ അമോണിയം നൈട്രേറ്റ് അടങ്ങിയ മിശ്രിതങ്ങള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ജയിലിന് അകത്തേക്കുള്ള വഴി തുറക്കും. അതേസമയം രാസവളം എന്ന രീതിയില്‍  അമോണിയം നൈട്രേറ്റ് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നത് തുടരാനാവും.
ഇന്ത്യയില്‍ നടന്ന മിക്ക സ്ഫോടന പരമ്പരകളിലും അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തുക്കളായിരുന്നു ഉപയോഗിക്കപ്പെട്ടത്. ചുരുങ്ങിയ ചിലവില്‍ അമോണിയം നൈട്രേറ്റ് ലഭിക്കുമെന്നതിനാല്‍ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യാന്‍ എളുപ്പവുമായിരുന്നു. എ.എന്‍.എഫ്.ഒ എന്ന അമോണിയം നൈട്രേറ്റ് അടങ്ങിയ വെടിക്കൂട്ടാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. അമോണിയം നൈട്രേറ്റ്^ഫുവല്‍ ഓയില്‍ എന്നാണ് എ.എന്‍.എഫ്.ഒ കൊണ്ട് ഉദ്ദേശിക്കുന്നത്. അമോണിയം നൈട്രേറ്റും ഡീസല്‍, മണ്ണെണ്ണ, കല്‍ക്കരിപ്പൊടി തുടങ്ങിയ ഏതെങ്കിലും ഇന്ധനവും ചേര്‍ന്നാണ് ഏറെ ജീവനെടുത്ത ഉഗ്ര സ്ഫോടനങ്ങള്‍ സൃഷ്ടിച്ചത്. അമോണിയം നൈട്രേറ്റിന്റെ ഈ ഉഗ്രപ്രതാപം മനസിലാക്കി പലരാജ്യങ്ങളും ഇത് നിരോധിച്ചതാണ്. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ രാസവളമായി പോലും അമോണിയം നൈട്രേറ്റ് മിശ്രിതങ്ങള്‍ പല രാജ്യങ്ങളിലും ലഭ്യമാവൂ.

സ്ഫോടനത്തിന്റെ രസതന്ത്രം

അമോണിയം നൈട്രേറ്റിന്റെ രാസഘടന.

അമോണിയം നൈട്രേറ്റ്(NH4NO3)  ഏതെങ്കിലും നീണ്ട കാര്‍ബണ്‍ ചെയിനുള്ള ഹൈഡ്രോകാര്‍ബണും(CnH2n+2) തമ്മിലുള്ള പ്രവര്‍ത്തനമാണ് സ്ഫോടനം സൃഷ്ടിക്കുന്നത്. രാസപ്രവര്‍ത്തന ഫലമായി നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവുമുണ്ടാകുന്നു. വലിയ തോതില്‍ താപം പുറന്തള്ളുന്ന താപമോചന(exothermic reaction) പ്രവര്‍ത്തനമാണ് ഇത്. അണകെട്ടിനിര്‍ത്തിയ വലിയ ജലാശയം പോലെയെന്നാണ് അമോണിയം നൈട്രേറ്റിന്റെ രാസ സ്വഭാവത്തെ കുറിച്ച് രസതന്ത്രകാരന്‍മാര്‍ പറയുന്നത്. എളുപ്പം ഒരു സ്ഫോടനാത്മകമായ പ്രവര്‍ത്തനത്തിന് വിങ്ങി നില്‍ക്കുന്നതുപോലെയാണ് അതിന്റെ രാസഘടന. ഓക്സിജനാല്‍ ചുറ്റപ്പെട്ട നൈട്രജനും ഹൈഡ്രജനാല്‍ ചുറ്റപ്പെട്ട നൈട്രജനും ചേര്‍ന്നു നില്‍ക്കുന്ന ഘടനയാണ് അമോണിയം നൈട്രേറ്റിന്റെത്. സ്വാഭാവികമായും ഓക്സിഡൈസ്ഡ് റെഡ്യൂസ്ഡ് രൂപത്തില്‍ അടുത്ത് നില്‍ക്കുന്ന രണ്ട് നൈട്രജനും ചേര്‍ന്ന് നൈട്രജന്‍ വാതകമായി മാറാവുന്നതേയുള്ളൂ. ഓക്സിജന്റെയും ഹൈഡ്രജന്റെയും തന്‍മാത്രകളും രൂപം കൊള്ളുകയുമാവാം. അങ്ങനെ ഈ സംയുക്തത്തിന് ചിന്ന ഭിന്നമാവാം.  പക്ഷേ അതിനൊന്നിനും പോവാതെ താല്‍കാലിക സ്ഥിരത നിലനിര്‍ത്തി അത് ആ ഘടനയില്‍ വിങ്ങി തുടരുകയാണ്. ഒരവസരം കിട്ടിയാല്‍ ആള്‍ ചിതറുകയും ചെയ്യും. നടക്കാനിരിക്കുന്ന അപകടമാണ് ഓരോ അമോണിയം നൈട്രേററ് ശേഖരവുമെന്ന് പറയാം.

അമോണിയം നൈട്രേറ്റ്
1920 ല്‍ ജര്‍മനിയില്‍ ഉല്‍പ്പാദനം തുടങ്ങിയ കാലത്തൊന്നും ആള്‍ അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാസവളമെന്ന രീതിയിലായിരുന്നു വ്യാപകമായി ഉല്‍പ്പാദിപ്പിച്ച് ശേഖരിച്ചിരുന്നത്.ജര്‍മനിയിലെ ഒപ്പൌവിലുള്ള ഫാക്ടറിയില്‍ അമോണിയം നൈട്രേറ്റ് വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് സൂക്ഷിച്ചിരുന്നു. തണുപ്പുകാലത്ത് ഇത് ഈര്‍പ്പം വലിച്ചെടുത്ത് ക്രമേണ നന്നായി ഉറച്ച നിലയിലായി. വിതരണത്തിന് കൊണ്ടുപോവാനാവത്ത വിധം പാറ പോലെ ഉറച്ചു നിന്നു. എളുപ്പത്തില്‍ ഈ അമോണിയം നൈട്രേറ്റ് മല പൊട്ടിക്കാന്‍ തൊഴിലാളികള്‍ ഒരു ഉപായം കണ്ടെത്തി. അവര്‍ ചെറിയ ഡൈനാമിറ്റ് കൊണ്ടുവന്ന് അതിനിടയിലിട്ട് പൊട്ടിച്ചു. ഉഗ്രസ്ഫോടനമായിരുന്നു ഫലം. 1921 സപ്തംബര്‍ 21നാണ് ലോകത്തിന് തന്റെ ഭീകരമുഖം അമോണിയം നൈട്രേറ്റ് കാണിച്ചു കൊടുത്തത്. അന്ന് ആ ഫാക്ടറിയില്‍ ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് എഴുനൂറു പേരോളം മരിച്ചു. നഗരം കത്തിച്ചാമ്പലായി. മുന്നൂറു കിലോമീറ്ററോളം അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനമെത്തി.

അമേരിക്കന്‍ രസതന്ത്രകാരനായ അക്രേയാണ് അമോണിയം നൈട്രേറ്റും ഡീസലും ചേര്‍ത്ത് ആദ്യ സ്ഫോടകവസ്തു ഉണ്ടാക്കുന്നത്. അക്രെമൈറ്റ് എന്ന് പേരിട്ട ഇത് ഖനന സ്ഥലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് പല ഇന്ധനങ്ങളുമായും അമോണിയം നൈട്രേറ്റ് ചേര്‍ത്ത് പലരും പുതിയ രീതികള്‍ പരീക്ഷിച്ചു. അങ്ങനെ ആളെക്കൊല്ലികളായ പല രൂപങ്ങളിലും ലോകത്ത് പലയിടത്തും അമോണിയം നൈട്രറ്റ് പൊട്ടിത്തെറിക്കാനും തുടങ്ങി.

Tuesday, July 26, 2011

സൂര്യന്റെ തീ തുമ്മല്‍


സുര്യനില്‍ നിന്ന് 20000 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പ്ലാസ്മ ചിതറിപ്പരക്കുന്നു. നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പകര്‍ത്തിയ ചിത്രം


സൂര്യന്റെ തീ തുമ്മലാണിത്. ജൂണ്‍ 7ന് നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി എന്ന
നിരീക്ഷണ പേടകം പകര്‍ത്തിയത്. സൂര്യോപരിതലത്തില്‍ നിന്ന് ചിതറിത്തെറിക്കുന്നത് 20000 ഡിഗ്രി സെല്‍ഷ്യസ് പ്ലാസ്മയാണ്. അതിലെങ്ങാന്‍ പെട്ടാല്‍ മുച്ചൂടും ബാഷ്പമായി പോവും. സുര്യോപരിതലത്തില്‍ രൂപപ്പെടുന്ന കാന്തിക വലയങ്ങളാണ് ഇത്തരം പ്ലാസ്മാ പ്രവാഹത്തിനു കാരണമാവുന്നത്.

ഭൂമിയിലേതുപോലെ ഒരു ദക്ഷിണധ്രുവവും ഉത്തരധ്രുവവുമുള്ള കാന്തിക മണ്ഡലമല്ല സൂര്യന്റേത്.  നിരവധി ഉത്തര ദക്ഷിണ ധ്രുവങ്ങളുള്ള ചിതറിയ കാന്തികമണ്ഡലമാണ് സൂര്യനില്‍. ഇത്തരം ഏതെങ്കിലും ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന കാന്തിക വലയങ്ങളില്‍ താരതമ്യേന ചൂടു കുറഞ്ഞ സാന്ദ്രതയേറിയ വാതകങ്ങള്‍ കെണിയില്‍പ്പെട്ടു കിടക്കും. സൂര്യോപരിതലത്തില്‍ നിന്ന് വായുവിന്റെ ഒരു വലയമായി ഇത് പുറത്തേക്ക് തള്ളി നില്‍ക്കും. ഇതിനെ സണ്‍ഫിലമെന്റ് എന്നാണ് വിളിക്കുക. ഇത്തരം സണ്‍ഫിലമെന്റുകള്‍ അതിനു ചുറ്റുമുള്ള കാന്തിക മണ്ഡലം അസ്ഥിരമാവുമ്പോള്‍ പൊട്ടിപ്പോവുകയും. അതി വിദൂരതയിലേക്ക് വരെ പ്ലാസ്മ ചിതറിപ്പരക്കുകയും ചെയ്യും. അത്തരമൊരു 'തുമ്മലാണ്' നാസയുടെ നിരീക്ഷണപേടകത്തിനു മുന്നില്‍ തെളിഞ്ഞത്.
സൂര്യേപരിതലത്തില്‍ കാന്തികവലയങ്ങളില്‍ വാതകങ്ങള്‍ അകപ്പെട്ട് സണ്‍ ഫിലമെന്റ് രൂപപ്പെടുന്ന വിധം

Wednesday, July 13, 2011

അങ്ങനെ...നമുക്കു മുന്‍പില്‍ ആ തണുപ്പന്‍ഗോളത്തിന് ഒരു വര്‍ഷം

നെപ്റ്റ്യൂണ്‍.നാസയുടെ വോയേജര്‍ പേടകം പകര്‍ത്തിയ ചിത്രം


നമ്മുടെ കണ്ണില്‍പ്പെട്ടതിനു ശേഷം നെപ്റ്റ്യൂണ്‍  സൂര്യനു ചുറ്റുമുള്ള ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. ജൂലൈ 12നായിരുന്നു നമുക്കു മുന്നില്‍ നെപ്റ്റ്യൂണിന്റെ ആദ്യ ഭ്രമണം പൂര്‍ത്തിയായത്. 165 വര്‍ഷമപ്പുറമായിരുന്നു നെപ്റ്റ്യൂണ്‍ എന്ന ഗ്രഹം നമ്മുടെ കണ്ണിil വന്നു പെട്ടത്. 1846 സെപ്റ്റംബര്‍ 23നാണ് നെപ്റ്റ്യൂണ്‍ ആദ്യദര്‍ശനം തരുന്നത്. ജര്‍മന്‍ ജ്യോതിശാസ്ത്രകാരനായ ജോഹന്‍ ഗാലെയാണ് ആദ്യമായി നെപ്റ്റ്യൂണിനെ നിരീക്ഷിച്ചത്. 1840ല്‍ ജോണ്‍ കോച്ച് ആഡംസ്(ബ്രിട്ടന്‍), അര്‍ബെയ്ന്‍ ലീ വെറ്യര്‍(ഫ്രാന്‍സ്) എന്നിവര്‍ ഗണിതവഴികളില്‍ പ്രവചിച്ച നെപ്റ്റ്യൂണിന്റെ സാനിധ്യം ഗാലെ ഉറപ്പിക്കുകയായിരുന്നു. ഭൂമിയും സൂര്യനുമായുള്ള അകലത്തിന്റെ 30 മടങ്ങോളമാണ് നെപ്ററ്യൂണും സൂര്യനുമായുള്ള അകലം. യുറാനസ് എന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലുണ്ടാവുന്ന ചില വ്യതിയാനങ്ങളാണ് ജ്യോതിശാസ്ത്രകാരന്‍മാരെ പുതുഗ്രഹത്തിന്റെ സാനിധ്യം അന്വേഷിക്കുന്നതിന് പ്രേരിപ്പിച്ചത്.

അന്ന് യുറാനസിന്റെ പാതയെ മറ്റേതോ ഗ്രഹത്തിന്റെ ആകര്‍ഷണബലം സ്വാധീനിക്കുന്നതായി സൂചനകള്‍ ലഭിക്കുകയായിരുന്നു. പിന്നീടാണ് കണക്കുകളിലൂടെ പുതുഗ്രഹത്തിന്റെ സ്ഥാനം നിര്‍ണയിച്ചത്. സൌരയൂഥത്തിന്റെ അങ്ങേത്തലക്കലുള്ള ഈ നീലവാതകച്ചെപ്പ് (ഹൈഡ്രജനും ഹീലിയവുമാണ് ഈ ഗ്രഹത്തിലെ മുഖ്യ വാതകങ്ങള്‍) ജ്യോതിശാസ്ത്രകാരന്‍മാരുടെ ഇഷ്ടവിഷയം തന്നെയാണ്. 1989ല്‍ നാസയുടെ വോയേജര്‍ പേടകം ഈ തണുത്ത ഗ്രഹത്തിന്റെ താരതമ്യേന മികച്ച ചിത്രങ്ങള്‍ അയച്ചു തന്നിരുന്നു.

Saturday, July 2, 2011

തിങ്കള്‍പ്പൊരുളും തേടിപ്പറന്നവര്‍


 ചന്ദ്ര പഠനത്തിന് അമേരിക്കയും റഷ്യയും നിരവധി ആളില്ലാ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. അവ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങി പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളും ചന്ദ്രനെ അറിയുവാനുള്ള നമ്മുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അറുപതുകളിലാണ് അമേരിക്ക മനുഷ്യന്‍ ഉള്‍പ്പെട്ട ചാന്ദ്രദൌത്ത്യത്തിനായി ശ്രമം ഊര്‍ജിതമാക്കിയത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അപ്പോളോ ദൌത്യങ്ങള്‍ അങ്ങനെയാണ് യാഥാര്‍ഥ്യമാവുന്നത്.

അപ്പോളോ 1
ദുരന്ത ദൌത്യം

മനുഷ്യരടങ്ങുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന അപ്പോളോ ഒന്ന് വിക്ഷേപണം 1967 ഫെബ്രുവരി 21നായിരുന്നു നിശ്ചയിക്കപ്പെട്ടത്. ഗസ് ഗ്രിസണ്‍, എഡ്വാര്‍ഡ് വൈറ്റ് ,റോജര്‍ ഷെഫി എന്നിവരായിരുന്നു ദൌത്യസംഘത്തില്‍. വിക്ഷേപണത്തിനു മുന്‍പുള്ള പരീക്ഷണങ്ങള്‍ക്കായി ജനുവരി 27 ന് ഇവര്‍ അപ്പോളോ പേടകത്തില്‍ കയറി. ഇതു സാറ്റേണ്‍ 1ബി റോക്കറ്റുമായി ബന്ധിച്ചു. റോക്കറ്റ് ഇന്ധനം കത്തിക്കാതെ അതുവരെയുള്ള കൌണ്ട്ഡൌണ്‍ പ്രക്രിയ പരിശീലിക്കലായിരുന്നു ഉദ്ദേശ്യം.
പരീക്ഷണത്തിനിടെ തീ മണക്കുന്നുവെന്ന് പേടകത്തിനുള്ളില്‍ നിന്ന് ഷഫി റിപ്പോര്‍ട്ടുചെയ്തു. 
സാങ്കേതികമായ  തകരാറിനെ തുടര്‍ന്ന് തീപടരുകയായിരുന്നു. മൂന്നു പേരും പേടകത്തിനുള്ളില്‍ കത്തിയമര്‍ന്നു.


അപ്പോളോ 7

മനുഷ്യന്‍ ഉള്‍പ്പെട്ട ആദ്യ ചാന്ദ്ര ദൌത്യം.
1968 ഒക്േടാബര്‍ 11ന് വിക്ഷേപിച്ചു.
ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങി ചില പരീക്ഷണങ്ങള്‍ നടത്തി. ചന്ദ്രഭ്രമണ പഥത്തില്‍ പ്രവേശിച്ചില്ല.വാള്‍ട്ടര്‍ ഷിറ, കണ്ണിംഗ്ഹാം,ഡോണ്‍ ഈസ്ലേ എന്നിവരായിരുന്നു ദൌത്യസംഘത്തില്‍.
10 ദിവസത്തെ ദൌത്യത്തിനു ശേഷം ഒക്േടാബര്‍ 22ന് തിരിച്ചെത്തി.

അപ്പോളോ 8

കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 1968 ഡിസംബര്‍ 21ന് വിക്ഷേപണം.
ചന്ദ്രനെ ആദ്യം അടുത്തുകാണുവാന്‍ കഴിഞ്ഞ മനുഷ്യര്‍ ഈ സംഘാംഗങ്ങളാണ്.
പേടകം ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്ത് പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന സുരക്ഷിത സ്ഥലം കണ്ടെത്തുകയെന്നതും ലക്ഷ്യമായിരുന്നു.ആറു ദിവസത്തെ പര്യവേഷണത്തിനു ശേഷം ഇവര്‍ തിരിച്ചെത്തി.ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യത്തിന് ആക്കം കൂട്ടുകയായിരുന്നു ദൌത്ത്യത്തിന്റെ ഉദ്ദേശ്യം. ഫ്രാങ്ക് ബോര്‍മാന്‍, വില്ല്യം ആന്‍ഡേര്‍സ്, ജയിംസ് ലോവല്‍ എന്നിവര്‍ ദൌത്യസംഘം.

അപ്പോളോ 9
1969 മാര്‍ച്ച് ന് വിക്ഷേപിക്കപ്പെട്ടു.
ജയിംസ് മക് ദിവിത്ത്, റസല്‍ ഷ്വയികാര്‍ട്ട്, ഡേവിഡ് സ്േകാട്ട് എന്നിവരായിരുന്നു യാത്രികര്‍.വരാനിരിക്കുന്ന ദൌത്യങ്ങള്‍ക്കായി ചാന്ദ്ര പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.ചന്ദ്രനെ 152 തവണ ചുറ്റി പരീക്ഷണങ്ങള്‍ നടത്തി. രണ്ടു യാത്രികര്‍ ബഹിരാകാശത്ത് ഇറങ്ങി നടന്നു.മാര്‍ച്ച് 13ന് പേടകം തിരിച്ചിറങ്ങി.


അപ്പോളോ10

1969 മെയ് 18ന് ആകാശത്തേക്കുയര്‍ന്നു.തോമസ് സ്റ്റാഫോര്‍ഡ്, യുജിന്‍ സെര്‍നാന്‍, ജോണ്‍ യംഗ് എന്നിവരായിരുന്നു സംഘത്തില്‍. ചന്ദ്രന് 14 കിലോമീറ്റര്‍ അടുത്തുവരെ പേടകം ഭ്രമണം ചെയ്തു.31 തവണ ചന്ദ്രനെ ചുറ്റി പേടകം മെയ് 26ന് തിരിച്ചെത്തി.


അപ്പോളോ11
ചരിത്രദൌത്യം

ചരിത്രദൌത്യം. മനുഷ്യന്‍ ഒടുവില്‍ ചന്ദ്രനെ സ്പര്‍ശിച്ചു. നീല്‍ ആംസ്ട്രോംഗും എഡ്വിന്‍ ആല്‍ഡ്രിനുംമൈക്കേല്‍ കോളിന്‍സുമടങ്ങുന്ന സംഘം 1969 ജൂലൈ 16ന് യാത്ര തിരിച്ചു. ജൂലൈ 20 ന് ചരിത്രമെഴുതി നീല്‍ ചന്ദ്രനിലിറങ്ങി. പ്രശാന്തതയുടെ കടല്‍ എന്നു വിളിക്കുന്ന പ്രദേശത്തായിരുന്നു ഇറക്കം. പിറകെ ആല്‍ഡ്രിനും. ഭൂമിയിലേക്ക് ടെലിവിഷന്‍ പ്രക്ഷേപണമെത്തിക്കാന്‍ സിഗ്നല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കുക ,സൌരവാതത്തെക്കുറിച്ച് പരീക്ഷണം നടത്തുക, മനുഷ്യന് ലഭ്യമാവുന്നതില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തുക,ചന്ദ്രനില്‍ നിന്ന് ശിലകള്‍ ശേഖരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവര്‍ നിറവേറ്റിയത്.ആകെ  21 മണിക്കൂര്‍ 36 മിനിട്ട് സമയം ഇവര്‍ ചന്ദ്രനിലുണ്ടായിരുന്നു.  പേടകത്തിനു പുറത്ത് ചന്ദ്രോപരിതലത്തില്‍ 2 മണിക്കൂര്‍ 49 മിനിട്ട് ഇവര്‍ ചെലവഴിച്ചു. ജൂലൈ21ന് തിരികെ യാത്ര തുടങ്ങി.ജൂലൈ 24ന് ഭൂമിയിലെത്തി.

അപ്പോളോ12
ആദ്യവിരുന്നിന്റെ വിജയത്തോടെ നാലുമാസത്തിനകം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി അടുത്ത സംഘം നവംബര്‍ 14ന് പുറപ്പെട്ടു. ചാള്‍സ് കോണാര്‍ഡ്, അലന്‍ ബീന്‍,റിച്ചാര്‍ഡ് ഗോര്‍ഡന്‍ എന്നിവരായിരുന്നു വിരുന്നുകാര്‍.കൊടുങ്കാറ്റിന്റെ സമുദ്രം എന്നു പേരിട്ട ഭാഗത്താണ് ഇവര്‍ ഇറങ്ങിയത്.
ആകെ 31 മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിച്ചു..ഇതില്‍ 7 മണിക്കൂര്‍ 46മിനിട്ടാണ് ചന്ദ്രോപരിതലത്തില്‍ ചെലവിട്ടത്.നവംബര്‍ 24ന് തിരികെയെത്തി.

അപ്പോളോ13
ഇറങ്ങാതെ മടക്കം

ദൌത്യത്തില്‍ ഉള്‍പ്പെട്ട മൂവര്‍സംഘത്തിന് ചന്ദ്രനില്‍ ഇറങ്ങുവാനുള്ള ഭാഗ്യമുണ്ടായില്ല. വലിയൊരു ബഹിരാകാശ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യമുണ്ടാവുകയും ചെയ്തു. ജയിംസ് .എ.ലോവല്‍, ഫ്രഡ് ഹെയ്സ്, ജോണ്‍ സ്വിഗേര്‍ട്ട് എന്നിവരായിരുന്നു യാത്രികര്‍.1970 ഏപ്രില്‍ 11ന് വിക്ഷേപണം നടന്നു. 51ാം മിനുട്ടില്‍ പേടകത്തിന് വിറയല്‍ അനുഭവപ്പെടുന്നതായി യാത്രികര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കുഴപ്പമുണ്ടായില്ല. രണ്ടു ദിവസം സംഘം സുഖകരമായി പേടകത്തില്‍ ചെലവഴിച്ചു. ലോകം ടെലിവിഷനില്‍ തല്‍സമയം അതു കണ്ടു. 55ാം മണിക്കൂറിലാണ് പ്രധാനപ്പെട്ട ഓക്സിജന്‍ ടാങ്കില്‍ ലീക്കുള്ളതായി ബോധ്യമായത്.ഭൂമിയില്‍ നിന്ന് 3ലക്ഷത്തിലധികം കിലോമീറ്ററുകള്‍ക്ക് അകലെയായിരുന്നു അപ്പോള്‍ പേടകം. ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശമനുസരിച്ച് ഇവര്‍ രക്ഷാ ദൌത്യത്തിലേര്‍പ്പെട്ടു. ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊടുവില്‍ പേടകം സുരക്ഷിതമായി തിരിച്ചിറക്കി. വിജയകരമായ പരാജയം എന്നാണ് നാസ ഈ ദൌത്യത്തെ വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്തുള്ള പ്രതിസന്ധികളെ എങ്ങിനെ തരണം ചെയ്യാമെന്ന മഹത്തായ പാഠം ഇത് ഗവേഷകര്‍ക്ക് പകര്‍ന്നു നല്‍കി.

അപ്പോളോ 14

ചന്ദ്രോപരിതലത്തില്‍ നിരവധി പരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുക, ശിലാപദാര്‍ഥങ്ങള്‍ ശേഖരിക്കുക, നിരവധി പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ ദൌത്യസംഘം പുറപ്പെട്ടത്. അലന്‍ ഷെപ്പേര്‍ഡ്, എഡ്ഗാര്‍ മിച്ചല്‍, സ്ററൂവര്‍ട്ട് റോസ എന്നിവരായിരുന്നു യാതികര്‍.1971 ജനുവരി 31ന് പുറപ്പെട്ടു. കഴിഞ്ഞ ദൌത്യത്തില്‍ ലക്ഷ്യമിട്ടിരുന്ന  ഫ്രാ മുറോ മേഖലയിലാണ് ഇവരിറങ്ങിയത്.  48 കിലോഗ്രാം ചാന്ദ്രശിലാപദാര്‍ഥങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇവ പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ക്ക് ഉപകരിച്ചു. ഫെബ്രുവരി  9ന് ഇവര്‍ തിരികെയെത്തി.

അപ്പോളോ 15

1971 ജൂലൈ26ന് യാത്ര തിരിച്ചു.ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ആല്‍ഫ്രഡ് വോര്‍ഡന്‍ എന്നിവരായിരുന്നു ദൌത്യ സംഘത്തില്‍. ചന്ദ്രനിലിറങ്ങിയ പേടകത്തില്‍ നിന്ന്  മൂന്നു തവണയായി ഇറങ്ങി ഉപരിതലത്തില്‍  ചുറ്റി സഞ്ചരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. മറ്റു യാത്രികരേക്കാള്‍ കൂടുതല്‍ ദൂരം ഇവര്‍ ചന്ദ്രനില്‍ നടന്നു.67 കിലോഗ്രാം ശിലാവസ്തുക്കള്‍ ശേഖരിച്ചു.ആഗസ്റ്റ് 7ന് തിരിച്ചെത്തി.അപ്പോളോ 16


ജോണ്‍ യംഗ്, ചാള്‍സ് ഡ്യൂക്ക്, തോമസ് മാറ്റിംഗ്ലി എന്നിവരുമായി 1972 ഏപ്രില്‍ 16ന് യാത്ര തിരിച്ചു.ചന്ദ്രന്റെ തെക്കുപടിഞ്ഞാറുള്ള ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായിരുന്നു ലക്ഷ്യം. ഡിസ്കാര്‍ട്ടസ് ഹൈലാന്‍ഡ്സ് എന്നു പേരിട്ട പ്രദേശത്ത് ചെന്നിറങ്ങി. 20 മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ പേടകത്തിനു വെളിയില്‍ ഇവര്‍ ചെലവഴിച്ചു. 469 കിലോഗ്രാം ശിലാപദാര്‍ഥങ്ങള്‍ ശേഖരിച്ചു. ഏപ്രില്‍ 27ന് തിരികെയെത്തി.


അപ്പോളോ 17


മനുഷ്യനുള്‍പ്പെട്ട ഒടുവിലത്തെ ദൌത്യം.
കുന്നും താഴ്്വാരങ്ങളും നിറഞ്ഞ ടോറസ് ലിട്രോ പ്രദേശമായിരുന്നു ലക്ഷ്യസ്ഥാനം.
1972 ഡിസംബര്‍ 7ന്  യൂജീന്‍ സെര്‍നന്‍, ഹാരിസ് സ്മിത്ത്, റൊണാള്‍ഡ്  ഇവാന്‍സ് എന്നിവരുമായി പുറപ്പെട്ടു.ഹാരിസ് സ്മിത്ത് ചന്ദ്രനിലെത്തുന്ന ആദ്യ ശാസ്ത്രജ്ഞനായിരുന്നു. ഏറ്റവും ദൂരം ചന്ദ്രനില്‍ നടന്നത് ഈ ദൌത്യ സംഘമാണ്.  ഉപരിതല സവിശേഷതകള്‍ പഠിക്കാനുള്ള പരീക്ഷണങ്ങള്‍, ജൈവപരീക്ഷണങ്ങള്‍,തുടങ്ങി നിരവധി ദൌത്യങ്ങള്‍ ഇവര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 19ന് തിരിച്ചെത്തി.

നാസ പിന്നീട് മനുഷ്യരുള്‍പ്പെട്ട ദൌത്യങ്ങളേക്കാള്‍ പേടകങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്ന ദൌത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യയും ചൈനയുമെല്ലാം ചാന്ദ്ര ദൌത്യങ്ങള്‍ നടത്തി. നമുക്ക് അഭിമാനമായി ഇന്ത്യയും ചാന്ദ്രയാന്‍ എന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു.മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്ന ഉപകരണം ചന്ദ്രനില്‍ വീഴ്ത്തി മികച്ച ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. ജലസാനിധ്യത്തെക്കുറിച്ച് നിര്‍ണായക വിവരം നല്‍കി.