Monday, October 12, 2015

കൊക്കരക്കോ കാര്യങ്ങള്‍


ല്ലുവമ്മ മിന്നലു വെട്ടുന്ന ചെറിയ പേനാക്കത്തി അരയിലെ വെള്ളമുണ്ടില്‍ തിരുകി വരുന്നത് ഒരു വരവാണ്. അടുക്കളപ്പുറത്തെ ഉരലിനരികില്‍ കാലു കെട്ടിയിട്ട ഒരു പല നിറ പൂവന്‍ കോഴി അപ്പോള്‍ തന്‍െറ സമയമെണ്ണി പിടപിടക്കുന്നുണ്ടാവും. കല്ലുവമ്മ അവനെ തൂക്കിയെടുത്ത് തലകുത്തനെ പിടിച്ചൊന്ന് നോക്കും.

എറച്ചീണ്ട് നല്ലണം -`എന്ന് അഭിപ്രായം പറയും. പിന്നെ മുണ്ടൊന്ന് മാടിക്കുത്തി മുറുക്കാനൊന്ന് നീട്ടിത്തുപ്പി ചേമ്പിന്‍ തണ്ട് അരിഞ്ഞിടുന്ന ലാളിത്യത്തോടെ അവന്‍െറ കഴുത്തിലേക്ക് പേനാക്കത്തി കൊണ്ട് ഒരു വരയിട്ട് നിലത്തേക്കെറിയും. അടുക്കളപ്പുറത്തെ പുപ്പലു പിടിച്ച മതിലിനരികില്‍ അവന്‍െറ ഗളചേദിത ദേഹം പിടച്ചു കയറും. അങ്ങനെയാണ് ഓരോ അപൂര്‍വ്വ വിരുന്നു കാരിലേക്കും ഒരു കൊത്തമ്പാരിയിട്ട  കോഴിക്കറി എത്തിയിരുന്നതിന്‍െറ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്.

വെള്ളയില്‍ ചുവപ്പ് പൂവുള്ള വില്‍പ്പനക്കോഴികളുടെ നിരയുമായി ചിക്കന്‍സ്റ്റാളുകള്‍ അക്കാലത്ത് നാട്ടിലൊന്നും വന്നത്തെിയിരുന്നില്ല.
യാത്രയുടെ മണവും തൂക്കിപ്പിടിച്ച കവറില്‍ ആറാംനമ്പറും എള്ളുണ്ടയും മായി വിരുന്നുകാര്‍ വന്നുകയറിയതിന്‍െറ ഉള്‍പ്പുളകം മായുംമുമ്പ് നമ്മള്‍ കുട്ടികള്‍ ഒരു കോഴിയെ തേടി അടുക്കളവാതില്‍ വഴി നാട്ടിലിറങ്ങിയിട്ടുണ്ടാവും.

അന്ന് കോഴിവളര്‍ത്തില്ലാത്ത വീടുകള്‍ വിരളമാണ്. കോഴിക്കാഷ്ഠം വീണ മുറ്റങ്ങളും കോഴിചികഞ്ഞിട്ട കണ്ടങ്ങളുമാണ് എവിടെയും. ഇറച്ചിവെച്ചൊരു പൂവനെ തിരഞ്ഞ് പലവീടുകള്‍ കയറുമ്പോഴാണ് ഒരിടത്ത് സമയം തലക്കുമുകളില്‍ ഉദിച്ച ഒത്ത ഒരു വര്‍ണ്ണപ്പൂവനെ കണ്ടത്തൊനാവുക. തൂക്കിനോക്കലൊന്നുമില്ല. കാഴ്ചമതിപ്പില്‍ കാര്‍ക്കശ്യമൊന്നുമില്ലാത്ത വില പറച്ചിലാവും. അത് ഓണ്‍ ദ സ്പോട്ട് പേയ്മെന്‍റിന്‍െറ ആര്‍ഭാടത്തിലുമാവില്ല. അപ്രതീക്ഷിത വിരുന്നുകാര്‍  ആര്‍ക്കും വന്നുപെടാവുന്ന ഒരു അവസ്ഥാവിശേഷമായതിനാല്‍ പണം പിന്നീട് മതിയെന്ന നിലപാടിന് ന്യായവുമുണ്ടായിരുന്നു.

തൂവലുകളെല്ലാം പറിച്ചിട്ട  കോഴിശരീരത്തില്‍ പിന്നീടുള്ള കത്തിവെക്കലുകള്‍ക്ക് കല്ലുവമ്മക്ക് കുട്ടികളുടെ സഹായം വേണമായിരുന്നു. ചോരച്ചൂടു തണിയാത്ത പാടലനിറമുള്ള മൃദുദേഹത്തിനൊരറ്റം പിടിച്ചു നില്‍ക്കലാണ് ദൗത്യം. കാലും കഴുത്തും വാരിക്കൂടും പൊളിച്ചു മാറ്റിയെടുക്കുന്ന കല്ലുവമ്മയുടെ ഗതിവേഗത്തിനൊത്ത് ഞങ്ങളുടെ കൈപ്പിടിയില്‍ നിന്ന് കോഴി ശരീരം പലവട്ടം വഴുതി മാറും. പിളര്‍ത്തിയിട്ട ആമാശയത്തില്‍ ദഹിക്കാതെ കിടന്ന കോഴിയുടെ അവസാനത്തെ അരിമണികളും പുല്‍ത്തലപ്പുകളും കണ്ട് ഞങ്ങള്‍ സഹതാപം കൊള്ളും.

വാടാത്ത പൂങ്കിരീടവും തുറുകണ്ണുമായി കിടക്കുന്ന കോഴിത്തലയും തൂവലുകളും വാരി കല്‍ക്കുഴിയില്‍ ഇട്ട് കത്തിയിലെ ചോര കഴുകി കല്ലുവമ്മ സ്ഥലം വിടും. അപ്പോഴേക്കും കൊത്തമ്പാരി വറുത്തരച്ച മസാല മണം അടുക്കള ജനല്‍ വഴി പുറത്തേക്ക് കടന്നു തുടങ്ങും.


ഒരിക്കല്‍ ഒത്ത പൂവനെ തേടിയുള്ള അന്വേഷണം എത്തിയത് കുഞ്ഞാമിത്താത്തയുടെ വീട്ടിലാണ്. അങ്കവാലിന്‍െറ അഹങ്കാരം ആവോളമുള്ള പൂവന്‍ അവരുടെ പറമ്പോരത്ത് തിരക്കിട്ട് ചിക്കുന്നത് കാണാമായിരുന്നു.

അയിനെ കൊടുക്കൂല മോനേ  അത് നേര്‍ച്ചക്കോയ്യാ-  താത്തയുടെ മറുപടി കേട്ട് വേഗം അടുത്ത വീട്ടിലേക്കുള്ള നടത്തത്തിനിടയിലും അവനെയൊന്നു തിരിഞ്ഞു നോക്കി. ലോകത്തോടു മുഴുവന്‍ ദേഷ്യം തീര്‍ക്കാനെന്ന മട്ടില്‍ അവന്‍ തിരക്കിട്ട് മണ്ണ് പാറ്റുകയായിരുന്നു.

മഴ ചാറിപ്പോയ ഒരു സ്കൂളില്ലാപ്പകലില്‍   കിണറോരത്തെ ചാമ്പക്കാച്ചോട്ടില്‍ വീണ ചാമ്പക്ക പെറുക്കി തിന്നു നില്‍ക്കുകയായിരുന്ന ഞങ്ങളിലേക്ക് അയല്‍വീട്ടിലെ പെണ്‍കുട്ടി ഓടിക്കയറി വരികയാണ്.
അയ്യോന്‍്റുമ്മോ അള്ളോ അയ്യോ എന്ന് നിലവിളിച്ചാണ് ഓട്ടം. അവളുടെ ജീവന്‍ പണയം വച്ചുള്ള ഓട്ടത്തിനു പിറകില്‍ ചിറകുവീശിപ്പറന്നും ഓടിയും മറ്റൊരു വേഗം കൂടിയുണ്ടായിരുന്നു. കുഞ്ഞാമിത്താത്തയുടെ നേര്‍ച്ചക്കോഴി. അവള്‍ ചാമ്പക്കായും ചവിട്ടിക്കിതച്ച് കിണറും വലംവച്ച് അടുത്ത കണ്ടത്തിലേക്ക് കയറിയിട്ടും അവന്‍ തൊട്ടു തൊട്ടില്ളെന്ന മട്ടില്‍ പിറകിലുണ്ടായിരുന്നു. ചേനത്തണ്ടില്‍ തട്ടി വീണ അവളുടെ തലയില്‍ കയറി ആഞ്ഞ് കൊത്തി ചോരയും കണ്ട് അവന്‍ കൊക്കരക്കോവിളിച്ച് സ്ഥലം വിട്ടു.

 അന്നു മുതല്‍ നേര്‍ച്ച ക്കോഴി ഞങ്ങളുടെ പേടി സ്വപ്നമായി. സ്കൂള്‍ വിട്ടു വരുമ്പോള്‍ കുഞ്ഞാമിത്താത്തയുടെ പറമ്പു കഴിയും വരെ പലവട്ടം തിരിഞ്ഞ് അവനില്ളെന്ന് ഉറപ്പാക്കി ചുവടുവെക്കേണ്ടി വന്നു. കനാലിന്‍െറ വരമ്പിനു മുകളിലെ മതിലില്‍ നിന്ന് ഒരിക്കല്‍ അപ്രതീക്ഷിതമായി പാറിവന്ന് അവന്‍ ഞങ്ങളെ ഓടിച്ചു. പാലുവാങ്ങാന്‍ രാവിലെ പോകവേ മുന്നിലകപ്പെട്ട ഒന്നാംക്ളാസുകാരനെ അവന്‍ ഓടിച്ചു. തലയില്‍ കയറി കൊത്തുന്ന നേര്‍ച്ചക്കോഴിയുമായി അവന്‍ കരഞ്ഞു വിളിച്ചോടി. ചോര ചാലിട്ട മുഖവുമായി പാല്‍പ്പാത്രമില്ലാതെ അവന്‍ വീട്ടില്‍ ചെന്നു. എവിടെയും നേര്‍ച്ചക്കോഴിയുടെ വിക്രിയകള്‍ സംസാരമായി.

 മണ്ണില്‍ കാല്‍രാകി തുറുകണ്ണില്‍ കോപവുമായി കൊക്കര കൊക്കര വിളിച്ചു പറഞ്ഞ് അവന്‍ സമീപിക്കുന്നതോര്‍ത്ത് പല കുട്ടികളും ഒറ്റക്കിറങ്ങാന്‍ മടിച്ചു.  നേര്‍ച്ചക്കോഴിയുടെ മുന്നില്‍പ്പെട്ട് രക്ഷപ്പെട്ടതിന്‍െറയും കൊത്ത് ഏറ്റുവാങ്ങിയതിന്‍െയും കഥകള്‍ ഓരോ കുട്ടിക്കും പറയാനുണ്ടായിരുന്നു.  കഥകള്‍ നിറഞ്ഞ കാലത്ത് തന്നെ എപ്പോഴോ അവനെ കാണാതായി. അറുത്തിറച്ചിയാക്കിയോ ലോകത്തോട് ദേഷ്യം തീരാതെ പലായനം ചെയ്തോ എന്നൊന്നും നിശ്ചയമില്ല. അവന്‍െറ ചെയ്തികള്‍ പരാതികളായി പലവട്ടം കുഞ്ഞാമിത്താത്തയോട് പലരും പറഞ്ഞിരുന്നു. അവനെ എന്തു ചെയ്തെന്ന് അന്വേഷിക്കാന്‍ അവനവിടെ തന്നെയുണ്ടെങ്കിലോ എന്ന ശങ്ക ഞങ്ങളെ തടഞ്ഞു.

നമ്മളിങ്ങനെ കോഴേളെ കൊന്ന് തിന്ന്ന്നതിന്‍െറ ദേഷ്യം തീര്‍ക്കാന്‍ വന്ന കോഴ്യോ  നേര്‍ച്ചക്കോഴി എന്ന് അന്നാരോ ന്യായം പറഞ്ഞു. നേര്‍ച്ചക്കോഴിയെപ്പോലെ അക്രമാസക്തനായ ഒരു കോഴിയെ പിന്നീടൊരിക്കലും നാട്ടില്‍ കാണാനായില്ല.  ഊഴം കാത്ത് നേര്‍ത്ത മുരള്‍ച്ച മാത്രം ബാക്കിയായ ചലനം പോലും പരിമിതമായ കോഴിക്കൂട്ടങ്ങളുമായി ഇറച്ചിക്കോഴി സ്റ്റാളുകള്‍ നാട്ടില്‍ വന്നു. അവരിലൊന്നും പ്രതിഷേധത്തിന്‍െറ നേര്‍ച്ചക്കോഴിയെ കാണാനായില്ല. അവയെല്ലാം തീന്‍മേശയിലേക്കുള്ള മരണത്തിനായി മാത്രം ജനിച്ചതിന്‍െറ അപകര്‍ഷതയിലായിരുന്നു.

നിധീഷ് നടേരി

2 comments:

  1. Nadinte manavum naattarude gunavum chertha pazhaya nerchapoovan veentum varenteerikunnu

    ReplyDelete
  2. Nadinte manavum naattarude gunavum chertha pazhaya nerchapoovan veentum varenteerikunnu

    ReplyDelete