Friday, November 20, 2009

വെള്ളം കണ്ടു; ഇനി ചന്ദ്രനില്‍ കൂടുതേടാം






ചാന്ദ്രഗര്‍ത്തത്തിലെ ഇരട്ട സ്ഫോടനങ്ങള്‍. തുടര്‍ന്നുണ്ടായ ഉല്‍ക്കണ്ഠകള്‍, വിവാദങ്ങള്‍. ഒടുവില്‍, നാസ തീര്‍പ്പാക്കിയിരിക്കുന്നു: ചന്ദ്രനില്‍ ജലമുണ്ട്. ഉറഞ്ഞ രൂപത്തിലും നീരാവിയായും.

'ഞങ്ങള്‍ വെള്ളം കണ്ടെത്തിയിരിക്കുന്നു. കുറച്ചൊന്നുമല്ല, കാര്യമായി തന്നെ' ^നാസയുടെ ചാന്ദ്ര സ്ഫോടന ദൌത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ആന്റണി കോള്‍പ്രീറ്റ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കഴിഞ്ഞ മാസം ഒമ്പതിന് ചന്ദ്രനില്‍ സെന്റാനര്‍ റോക്കറ്റും എല്‍ക്രോസ് പേടകവും നടത്തിയ ഇരട്ട സ്ഫോടനത്തില്‍ ഉയര്‍ന്ന പൊടിപടലങ്ങളെ വിശകലനം ചെയ്താണ് നാസ ചന്ദ്രനിലെ ഗര്‍ത്തത്തില്‍ ഉറഞ്ഞ രൂപത്തില്‍ ജലമുണ്ടെന്ന് തീര്‍പ്പാക്കിയത്. 25 ഗാലണ്‍ (ഏകദേശം 100 ലിറ്റര്‍) ജലമാണ് ഈ പൊടിപടലങ്ങളില്‍ ഉണ്ടായിരുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ചന്ദ്രനില്‍ ജലസാന്നിധ്യം സൂചിപ്പിക്കുന്ന 'ഹൈഡ്രോക്സില്‍' ഉണ്ടെന്ന ഇന്ത്യയുടെ ചാന്ദ്രയാന്‍^ഒന്നിന്റെ വെളിപ്പെടുത്തലിന് ജലതന്മാത്രകളുടെ തന്നെ വലിയ ശേഖരമുണ്ടെന്ന നാസയുടെ കണ്ടെത്തല്‍ പൂര്‍ണത നല്‍കിയിരിക്കുന്നു. 'പുതിയ തെളിവ് സന്ദര്‍ശനത്തിനുള്ള മികച്ച സ്ഥലമായി ചന്ദ്രനെ മാറ്റാനുള്ള ശ്രമത്തിന്റെ പ്രധാന ചുവടുവെപ്പാണ്' ^ബഹിരാകാശ വിദഗ്ധന്‍ ജോണ്‍ ലോഗ്സ്ഡണ്‍ പറയുന്നു.

ചന്ദ്രനില്‍ ഇടത്താവളമൊരുക്കുകയെന്ന ശാസ്ത്രസ്വപ്നത്തിലേക്ക് ഈകണ്ടെത്തല്‍ നമ്മെ അടുപ്പിക്കുന്നു. ബഹിരാകാശ യാത്രികര്‍ക്ക് വേണ്ട ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനും ദാഹശമനത്തിനും ഇന്ധനങ്ങള്‍ക്കുമെല്ലാം ഈ ജലശേഖരത്തെ ആശ്രയിക്കാം. ചൊവ്വയിലേക്കും മറ്റും യാത്രികരെ അയക്കാനുള്ള ഭാവി പദ്ധതികളില്‍ ചന്ദ്രനെന്ന ഇടത്താവളം ഗുണം ചെയ്യും. ഇവര്‍ക്കുള്ള സര്‍വീസ് സ്റ്റേഷനായും ചന്ദ്രന്‍ മാറും.
നാസയുടെ സ്ഫോടന പരീക്ഷണത്തില്‍ പത്ത് കിലോമീറ്ററോളം ഉയരത്തില്‍ പൊടിപടലങ്ങള്‍ പ്രവഹിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഏകദേശം രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ ചെറിയ പ്രവാഹമേ ഉണ്ടായുള്ളൂ.

പൊടിപടലങ്ങളില്‍നിന്ന് പകര്‍ത്തിയയച്ച സ്പെക്ട്രല്‍ രേഖകളും മറ്റു സിഗ്നലുകളും ഒരു മാസം അപഗ്രഥിച്ച ശേഷമാണ് നാസ ഈ നിഗമനത്തിലെത്തിയത്. 'വെള്ളമുണ്ടെന്ന സൂചനയായിരുന്നു നേരത്തെ.                                                    
ഇപ്പോഴിത് ജലം
രുചിച്ചു നോക്കുന്നപോലെയാണ്' ^ദൌത്യത്തില്‍ പങ്കാളിയായ പീറ്റര്‍ ഷല്‍ട്സ് പറയുന്നു.

ജലം കൂടാതെ അസാധാരണമായ നിരവധി രാസവസ്തുക്കളുടെ സാന്നിധ്യത്തെ കുറിച്ചും ഇത് പുതുവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓര്‍ഗാനിക് ഹൈഡ്രോകാര്‍ബണുകള്‍ മുതല്‍ മെര്‍ക്കുറി വരെനിരവധി തന്മാത്രകളുടെ സാന്നിധ്യം ചന്ദ്രനിലെ മണ്ണിലുണ്ടെന്ന് വ്യക്തമായി. കോടിക്കണക്കിന് വര്‍ഷങ്ങളായി പ്രകാശത്തിന്റെ ചെറു കണികപോലും പതിക്കാത്ത ചന്ദ്രനിലെ സെബിയസ് ഗര്‍ത്തത്തിലെ അസാധാരണ പദാര്‍ഥങ്ങളും ജലസാന്നിധ്യംപോലെ വലിയ ആശ്ചര്യമുണര്‍ത്തുന്ന കാര്യമാണെന്ന് കോള്‍പ്രീറ്റ് പറയുന്നു. ഇരുട്ടും തണുപ്പും ഈ ഗര്‍ത്തങ്ങളെ വന്നുവീഴുന്ന എല്ലാ പദാര്‍ഥങ്ങളെയും പിടിച്ചുനിറുത്തുന്ന കെണികളാക്കുന്നു. കോടിക്കണക്കിന് വര്‍ഷമായി സൌരയൂഥത്തിനുള്ളിലെ പൊടിപടലങ്ങളെ ഇവ തുടച്ചെടുത്തിരിക്കും ^അദ്ദേഹം പറഞ്ഞു.

എങ്ങനെ ജലതന്മാത്രകള്‍ ചന്ദ്രനില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ഇനി പഠിക്കേണ്ടത്. രണ്ട് സിദ്ധാന്തങ്ങള്‍ ഇപ്പോള്‍തന്നെ വന്നു കഴിഞ്ഞു. സൂര്യനില്‍നിന്നുള്ള സൌരപ്രവാഹത്തിലൂടെ ചന്ദ്രനിലെത്തുന്ന ഹൈഡ്രജന്‍ ചന്ദ്രോപരിതലത്തിലെ ഓക്സിജന്‍ സംയുക്തങ്ങളുമായി ചേര്‍ന്നാണ് ജലമുണ്ടാവുന്നതെന്ന് കരുതപ്പെടുന്നു. ചന്ദ്രോപരിതലത്തില്‍ ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും ഇടിക്കുമ്പോള്‍ പുറത്തുവരുന്ന ബാഷ്പങ്ങളില്‍നിന്നാണ് ജലം രൂപംകൊള്ളുന്നതെന്നും വിശദീകരണമുണ്ട്.

No comments:

Post a Comment