Monday, March 29, 2010

പ്രപഞ്ച വികാസത്തിനു

വേഗം കൂടുന്നു

ലണ്ടന്‍: പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് രണ്ടു സുപ്രധാന വെളിപ്പെടുത്തലുകള്‍. പ്രപഞ്ച വികാസത്തിന് വേഗത വര്‍ധിച്ചുവെന്ന് ഡച്ച് ജ്യോതിശാസ്ത്രകാരനായ ലുഡോവിക് വാന്‍ വെയര്‍ബെക്ക് വ്യക്തമാക്കി. അതേസമയം, പ്രപഞ്ച സര്‍വേകളിലൂടെ നാം കണ്ടെത്തിയ ഗാലക്സികള്‍ വെറും 10 ശതമാനം മാത്രമാണെന്നും നമുക്ക് പിടിതരാത്ത എണ്ണമറ്റ ഗാലക്സികള്‍ അവശേഷിക്കുന്നുവെന്നും 'നാച്വര്‍' ശാസ്ത്ര ജേണലില്‍ പ്രത്യക്ഷപ്പെട്ട പഠനം പറയുന്നു. ഇതുവരെ നാലര ലക്ഷത്തില്‍പരം ഗാലക്സികളെയാണ് ഹബ്ള്‍ ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള സര്‍വേയിലൂടെ കണ്ടെത്തിയത്. ഗാലക്സികളിലെ ഹൈഡ്രജന്‍ പുറത്തുവിടുന്ന 'ലിമന്‍ ആല്‍ഫ' എന്ന പ്രത്യേക തരംഗദൈര്‍ഘ്യം നിരീക്ഷിച്ചാണ് ഓരോ ഗാലക്സികളെയും തിരിച്ചറിയുന്നത്. ഈ വിവരം ഉപയോഗിച്ചാണ് ദൂര നിര്‍ണയവും സാധിക്കുന്ന്. പ്രാപഞ്ചിക കണികകളിലും പൊടിപടലങ്ങളിലും വാതകങ്ങളിലും തട്ടി മിക്ക വിദൂര ഗാലക്സികളില്‍നിന്നുമുള്ള ലിമന്‍ ആല്‍ഫാ തരംഗങ്ങള്‍ ചിതറി നശിച്ചുപോവുന്നുവെന്ന് ജ്യോതിശാസ്ത്രകാരനായ ഗോരാന്‍ ഔസ്റ്റിലിന്‍ പറയുന്നു. അങ്ങനെ 90 ശതമാനം ഗാലക്സികളും ജ്യോതിശാസ്ത്രകാരന്മാരുടെ കണ്ണില്‍പ്പെടാതാവുന്നു.

Friday, March 26, 2010

എക്സ് വുമണ്‍: മനുഷ്യന്

മറ്റൊരു ബന്ധു കൂടി

ലണ്ടന്‍: 30,000 വര്‍ഷം മുമ്പ് ഹോമോസാപിയന്‍സെന്ന ആധുനിക മനുഷ്യനും നിയാണ്ടര്‍താല്‍ മനുഷ്യനുമൊപ്പം നിലനിന്നിരുന്ന മറ്റൊരു പുരാതന മനുഷ്യവര്‍ഗത്തെക്കൂടി കണ്ടെത്തി. സൈബീരിയന്‍ ഗുഹയില്‍നിന്ന് കണ്ടെത്തിയ ഒരു വിരല്‍ ഫോസിലിലെ ഡി.എന്‍.എ പഠനമാണ 'എക്സ് വുമണ്‍' എന്ന് വിളിപ്പേരിട്ട ഈ ജീവിവര്‍ഗത്തിന്റെ സാന്നിധ്യം വെളിച്ചത്തുകൊണ്ടുവന്നത്. മനുഷ്യ പരമ്പരയിലെ വൈവിധ്യം സൂചിപ്പിക്കുന്ന നാലാമത്തെ കണ്ടെത്തലാണ് ഇത്. നേരത്തേ 18,000 വര്‍ഷം മുമ്പ് വരെ ജീവിച്ചിരുന്ന ഹോബിറ്റ് എന്ന മനുഷ്യവര്‍ഗത്തെ 2003ല്‍ കണ്ടെത്തിയിരുന്നു. നിയാണ്ടര്‍ താലിനെപ്പോലെ അതിജീവിക്കാനാവാതെ ഈ ജീവിവര്‍ഗങ്ങളും നശിച്ചുപോവുകയായിരുന്നു. 'എക്സ്വുമണ്‍' ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ന്യൂക്ലിയര്‍ ഡി.എന്‍.എയിലെ കൂടുതല്‍ പഠനങ്ങളിലൂടെ ഇത് നിര്‍ണയിക്കാനാവുമെന്ന് ഗവേഷകര്‍ കരുതുന്നു. എല്ലുകളുടെ അനുപാതത്തില്‍ നിന്നും ആധുനിക മനുഷ്യനും നിയാണ്ടര്‍താലിനും സമാനമായ ശരീര ഘടനയായിരുന്നു ഇതിനെന്ന് വ്യക്തമാവുന്നു.

Sunday, March 21, 2010

കള്ളനെ പിടിക്കാന്‍

ബാക്ടീരിയ മതിയാവും!

കള്ളന്‍മാരുടെ കൈയില്‍ അടിഞ്ഞുകൂടിയ ബാക്ടീരിയ കൂട്ടങ്ങള്‍ അവര്‍ക്ക് പാരയാവുന്ന കാലം വരും. വിരലടയാളം പോലെ ആളുകളുടെ കൈയില്‍ വളരുന്ന ബാക്ടീരിയകളും വിഭിന്നമായിരിക്കുമെന്ന് കൊളറാഡോ യൂനിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.കമ്പ്യൂട്ടര്‍ കീ ബോര്‍ഡുകളില്‍ ആളുകള്‍ പതിപ്പിച്ചുപോയ ബാക്ടീരിയകളില്‍ നിന്നും ആളെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇവര്‍ നടത്തിയ പരീക്ഷണം തെളിയിച്ചു

മൂന്നു പേരുടെ കൈയില്‍ വളരുന്ന ബാക്ടീരിയ കൂട്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു.പിന്നീട് ഇവര്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടര്‍ മൌസില്‍ പതിഞ്ഞ ബാക്ടീരിയ കൂട്ടങ്ങളെയും ശേഖരിച്ചു.ഇവയുടെ ഡിഎന്‍ എ ഫലം ഒത്തുനോക്കിയപ്പോള്‍ ഓരോ വ്യക്തിയുടെ കൈയിലെയും മൌസിലേയും ബാക്ടീരിയകള്‍ ഒരേ സ്വഭാവം കാണിക്കുന്നതായി ഇവര്‍ കണ്ടെത്തി.

ഓരോ വ്യക്തിയിലെയും ബാക്ടീരിയ കൂട്ടങ്ങള്‍ വ്യത്യസ്തമാണെന്ന് ഉറപ്പിക്കാന്‍ ഇവര്‍ മറ്റൊരു പരീക്ഷണം കൂടി നടത്തി. ഒരാളുടെ കൈകളിലെയും അയാള്‍ ഉപയോഗിക്കുന്ന 9 കമ്പ്യൂട്ടറിലെയും ബാക്ടീരിയന്‍ സാമ്പിള്‍ ശേഖരിച്ചു. 270 ഓളം പേരുടെ കൈകളിലെ ബാക്ടീരിയന്‍ ഡി എന്‍ എ ഡാറ്റാബേസുമായി ഇവ താരതമ്യം ചെയ്തു. എല്ലാ സാമ്പിളിലെയും ഡി എന്‍ എ പ്രൊഫൈല്‍ അയാളടെ കൈയിലെ ബാക്ടീരിയയുടെതിനല്ലാതെ മറ്റൊന്നിനോടും യോജിച്ചില്ല.നാളെ ഫോറന്‍സിക് ശാഖക്ക് മുതല്‍ക്കൂട്ടാവാന്‍ ഈ കണ്ടെത്തലിനു കഴിഞ്ഞേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

വിവിധ ആളുകളുടെ ബാക്ടീരിയന്‍ അടയാളങ്ങള്‍ ഒരിടത്ത് കലര്‍ന്നു പതിഞ്ഞാല്‍ അത് മൂന്നാമതൊരാളിന്റെതിനോട് സാമ്യമുള്ളതാവാന്‍ സാധ്യതയുണ്ടാവുമോ എന്ന ആശങ്കയാണ് ഇനി അകറ്റേണ്ടത്. അതിനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.
പ്രതിദിനം 100 എസ്.എം.എസ്;

ആനിക്ക് കണങ്കൈ ശസ്ത്രക്രിയ

വാഷിങ്ടണ്‍: മൊബൈലില്‍ ദിനംപ്രതി നൂറുകണക്കിന് എസ്.എം.എസ് അയച്ച് കണങ്കൈക്ക് ശസ്ത്രക്രിയ നേരിടുകയാണ് ആനി. ഷികാഗോയിലെ 16 കാരിയായ ഈ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കണങ്കൈക്ക് 'കാര്‍പല്‍ ടണല്‍ സിന്‍ഡ്രം' എന്ന തകരാറാണ് മെസേജ് ശീലം സമ്മാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൈയുടെ ചലനശേഷി നഷ്ടമായ ആനിക്ക് സാധനങ്ങള്‍ കൈയിലെടുക്കാനോ പിടിക്കാനോ കഴിയുന്നില്ല. നിരന്തരം മൊബൈല്‍ 'കീ'കളില്‍ വിരലമര്‍ത്തിയതുമൂലം കണങ്കൈയിലെ ഞരമ്പുകള്‍ പിണഞ്ഞുപോയതാണ് പ്രശ്നം. ഇനിയെങ്കിലും ഇഷ്ടക്കാര്‍ക്കയക്കുന്ന അപ്രധാന മെസേജുകള്‍ 50 എങ്കിലുമാക്കി കുറക്കണമെന്നാണ് ആനിയോട് ഡോക്ടര്‍മാരുടെ അപേക്ഷ. ഭേദമായാല്‍ ടച്ച് സ്ക്രീന്‍ സംവിധാനമുള്ള ഐ ഫോണില്‍ തന്റെ മെസേജ് ഹോബി തുടരുമെന്നാണ് ആനിയുടെ വാദം. നിരന്തരം വേദനാ സംഹാരി കുത്തിവെപ്പുകളും മരുന്നുകളുമായി ശസ്ത്രക്രിയ കാത്തിരിക്കുകയാണ് ആനി. ഒരുമാസം 2000 മെസേജുവരെ ഈ പെണ്‍കുട്ടി അയക്കാറുണ്ടെന്നാണ് ആനിയുടെ അമ്മ പറയുന്നത്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രം നിരന്തരം കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ വിരലമര്‍ത്തുന്നവര്‍ക്കും പിടിപെടാറുണ്ട്.

Saturday, March 20, 2010

പുതിയ ഗ്രഹം കണ്ടെത്തി

സൌരയൂഥ ഗ്രഹങ്ങളോട് സാമ്യമുള്ള ഗ്രഹത്തെ കണ്ടെത്തി. ആകാശഗംഗ ഗാലക്സിയിലെ 'കോറോട്ട് 9' എന്ന് ശാസ്ത്രകാരന്‍മാര്‍ പേരിട്ട നക്ഷത്രത്തെ ചുറ്റുന്ന 'കോറോട്ട് 9 ബി' എന്ന ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസ് ആണ് കണ്ടെത്തലിനു പിന്നില്‍. ഭൂമിയില്‍ നിന്നും 1500 പ്രകാശ വര്‍ഷം അകലെയുള്ള മറ്റൊരു സൌരയൂഥ സംവിധാനത്തിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ മേഘ വിതാനത്തില്‍ നിന്നും ഉപരിതലത്തിലെ ഊഷ്മാവ് മൈനസ് 20 മുതല്‍ 160 ഡിഗ്രി സെല്‍ഷ്യസ് വരെയെന്നാണ് അനുമാനിക്കുന്നത്. ഇതുവരെ സൌരയൂഥത്തിന് വെളിയില്‍ നാം കണ്ടെത്തിയ ഗ്രഹങ്ങളെല്ലാം താപനില കൂടിയ ചൂടന്‍ ഗ്രഹങ്ങളായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ തണുത്തുറഞ്ഞ ഗ്രഹത്തെ കണ്ടെത്തുന്നത്. വ്യാഴത്തിനത്ര വലിപ്പമുള്ള ഈ ഗ്രഹത്തിന്റെ ഭ്രമണപഥം ബുധന് സമാനമാണ
അദൃശ്യ വസ്ത്രം

യാഥാര്‍ഥ്യമാവുന്നു

ലണ്ടന്‍: ഹാരിപോട്ടര്‍ നോവലുകളിലും മുത്തശãിക്കഥകളിലും പതിവായ ആളുകളെ അദൃശ്യരാക്കുന്ന മാന്ത്രിക വസ്ത്രം യാഥാര്‍ഥ്യമാവുന്നു' .ജര്‍മ്മനിയിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്. എന്ന വസ്തുക്കളെ അദൃശ്യമാക്കുന്ന ഫോട്ടോണിക് മെറ്റാമെറ്റീരിയല്‍ ഉപകരണമാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

വസ്തുവില്‍ നിന്നുള്ള പ്രകാശതരംഗങ്ങളെ വഴിമാറ്റിയാണ് അവയെ അദൃശ്യമാക്കുന്നത്. ദ്യശ്യപ്രകാശത്തോട് അടുത്തു നില്‍ക്കുന്ന ഇന്‍ഫ്രാറെഡ് തരംഗങ്ങളിലാണ് മാന്ത്രികവസ്ത്രം പരീക്ഷിച്ചത്.ഒരു സ്വര്‍ണ്ണത്തകിടിനു മുകളിലെ ചെറിയ മുഴ അദൃശ്യ വസ്ത്രം ഉപയോഗിച്ച് അപ്രത്യക്ഷമാക്കുകയായിരുന്നു. വസ്തുവില്‍ പ്രകാശം സഞ്ചരിക്കുന്ന ദിശയും വേഗതയും വെത്യാസപ്പെടുത്തിയാണ് ഇതുസാധ്യമാവുന്നത്. മില്ലിമീറ്ററിന്റെ ആയിരത്തിലൊരംശമുള്ള സ്വര്‍ണ്ണമുഴയാണ് പരീക്ഷണത്തില്‍ അപ്രത്യക്ഷമാക്കിയതെങ്കിലും ഈ സിദ്ധാന്തം കൂടുതല്‍ പ്രായോഗികമാക്കാനായാല്‍ വലിയ വസ്തുക്കളെയും അപ്രത്യക്ഷമാക്കാനാവുമെന്ന് ഗവേഷകര്‍ കരുതുന്നു. ദൃശ്യപ്രകാശത്തില്‍ ഇത് പ്രയോഗിക്കാനായാല്‍ കഥയിലെ മാന്ത്രികക്കുപ്പായം കാര്യമാവും.

Sunday, March 7, 2010

മോണോ തടാകത്തില്‍

ജീവന്റെ രണ്ടാമൂഴം കാണുമോ?

ജീവന്റെ രണ്ടാം വരവിന് അരങ്ങൊരുങ്ങുന്നുണ്ടോ? ഈ ചോദ്യവുമായി കാലിഫോര്‍ണിയയിലെ മോണോ തടാകം കേന്ദ്രീകരിച്ച് ഒരു പഠനം നടക്കുന്നു. നാസയുടെ ആസ്േട്രാബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഗവേഷണം നടത്തുന്നത് ഫെലിസ വോള്‍ഫെ സൈമണ്‍ എന്ന ജിയോബയോളജിസ്റ്റാണ്. സ്തൂപിക പോലെ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ മോണോ തടാകം പ്രകൃതിയുടെ മറ്റൊരു ദ്യശ്യവിരുന്നാണ്. ഫെലിസ ആകൃഷ്ടയായത് ഈ സൌന്ദര്യത്തിലല്ലെന്ന് മാത്രം. ഭൂമിയില്‍ ഏറ്റവുമധികം ആര്‍സെനിക് സാന്ദ്രതയുള്ള പ്രദേശമാണ് ഈ തടാകം. ജീവന്റെ അടിസ്ഥാന ശിലകയായ ഡി എന്‍ എ യുടെയും ഊര്‍ജതന്മാത്രയായ എ ടി പിയുടെയും പ്രധാന ഘടകമായ ഫോസ്ഫറസുമായി രാസപരമായി ചില സാമ്യതകളുണ്ട് ആര്‍സെനികിന്. ആര്‍സനിക് അതി മാരകമായ വിഷമാണെന്നതാണ് പ്രധാന വെത്യാസം.ഫോസ്ഫറസിനു പകരം ആര്‍സനിക് സ്ഥാനം പിടിക്കുന്ന വെത്യസ്തമായ ജീവന്റെ 'കൂട്ട്' രൂപമെടുക്കുന്നുണ്ടോ എന്നാണ് ഫെലിസ തിരയുന്നത്. ആര്‍സനിക് നിറഞ്ഞ ഈ തടാകത്തില്‍ ഇത് ഭക്ഷിച്ചു ജീവിക്കുന്ന പ്രത്യേക സൂഷ്മാണുകളുണ്ട്. അവയുടെ ജീവഘടനയില്‍ പക്ഷേ ആര്‍സനിക് ഇല്ല താനും.

ജീവഘടനയില്‍ ഫോസ്ഫറസിനു പകരം ആര്‍സനിക് സ്ഥാനം പിടിക്കുന്ന വിപ്ലവകരമായ പാത ജീവന്‍ തെരഞ്ഞെടുക്കുമെന്നാണ് ഫെലിസയുടെ സിദ്ധാന്തം. മോണോ തടാകത്തില്‍ അത്തരമൊരു സൂഷ്മാണുവിനെ കണ്ടെത്താനായാല്‍ ജീവന്റെ രണ്ടാമൂഴത്തിന് തെളിവാകും.

തടാകത്തില്‍ നിന്ന് ശേഖരിച്ച ചെളിയും വെള്ളവും ഉപയോഗിച്ച് ആര്‍സനിക് സാന്ദ്ര ത ഉയര്‍ത്തിയും

ഫോസ്ഫറസ് സാന്ദ്രത കുറച്ചും പരീക്ഷണ പരമ്പരകള്‍ നടക്കുന്നു.

പഞ്ചസാരയും വിറ്റാമിനുകളും ഇതില്‍ ചേര്‍ത്ത് സൂഷ്മാണുക്കളെ വളരാനനുവദിച്ചും പഠനവിധേയമാക്കുന്നു.

ചില സുപ്രധാന നിഗമനങ്ങളില്‍ എത്താനായെന്ന് ഇവര്‍ പറയുന്നു. പഠന ഫലം ഈ വര്‍ഷാവസാനം പ്രസിദ്ധപ്പെടുത്തും.

മോണോ തടാകത്തിലെ സവിശേഷ സാഹചര്യത്തില്‍ ആര്‍സനോ ലൈഫ് എന്ന് ഫെലിസ വിശേഷിപ്പിക്കുന്ന ജീവാണുവിനെ കണ്ടെത്താനായാല്‍ ജീവോല്‍പ്പത്തിയുടെ പുതിയ പരീക്ഷണശാലയായി ഇത് മാറും.

Wednesday, March 3, 2010


രണ്ടു കപ്പല്‍ ദുരന്തങ്ങളും ചില പാഠങ്ങളും

ലോകം കണ്ട ദാതുണമായ കടല്‍ദുരന്തങ്ങളിലേക്ക് യാത്രപോയ കപ്പലുകളാണ് ടൈറ്റാനിക്കും ലുസിതാനിക്കയും.ടൈറ്റാനിക് ദുരന്തത്തിനു 3 വര്‍ഷത്തിനു ശേഷമാണ് ലുസിതാനിക മുങ്ങുന്നത്. രണ്ട് കപ്പല്‍ ദുരന്തങ്ങളെയും ഇഴകീറി പരിശോധിച്ച് ചില പാഠങ്ങള്‍ കണ്ടെത്തുകയാണ് ആസ്ത്രേലിയയിാ ക്വീന്‍സ്ലന്റ് യൂനിവേഴ്സിറ്റി ഗവേഷകര്‍.ദുരന്തത്തെ മുഖാമുഖം കാണുന്ന മനുഷ്യരുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ധാര്‍മികതക്കും സാമൂഹ്യ ആചാരങ്ങള്‍ക്കും എന്തു പ്രസക്തിയുണ്ടാവുമെന്നതാണ് പഠനവിഷവം.

2മണിക്കൂര്‍ 40 മിനിട്ടു കൊണ്ടാണ് ടൈറ്റാനിക് പൂര്‍ണമായി മുങ്ങിയത്.അതേസമയം ലുസിതാനിയ 18 മിനിട്ടുകൊണ്ട് അടിത്തട്ടിലെത്തി. ദുരന്ത മുഖത്ത് ഇരകള്‍ക്ക് ചെലവഴിക്കേണ്ടി വന്ന സമയത്തിലെ നാടകീയമായ ഈ വെത്യാസം അവരുടെ പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയതായി ചരിത്രത്തില്‍ നിന്ന് ഇവര്‍ കണ്ടെത്തുന്നു.ദുരന്തത്തിലേക്കുള്ള സമയക്കൂടുതല്‍ ടൈറ്റാനികിലെ യാത്രക്കാരിലെ ധാര്‍മികബോധം ബാക്കിവെച്ചു. കരുത്തരായ പുരുഷനമാര്‍ സ്ത്രീകളെ രക്ഷപ്പെടുത്താനായി രംഗത്തിറങ്ങി. സമൂഹം സത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണന ഇവിടെ പാലിക്കപ്പെട്ടു.ലൈഫ് ബോട്ടുകളില്‍ ഇവരെ സുരക്ഷിതരാക്കാനാണ് അന്നത്തെ പുരുഷന്മാരായ യാത്രക്കാര്‍ ശ്രമിച്ചതെന്നത് ചരിത്രരേഖയാണ്. അതേ സമയം ലുസ്താനിയയില്‍ ഈ സാമൂഹ്യ ബാധ്യത അപ്രസക്തമായി. രക്ഷക്കുള്ള ചെറിയ കാലയളവിലെ സമ്മര്‍ദ്ദം മനുഷ്യന്റെ അവനവന്‍ അവനവനുവേണ്ടിയെന്ന ബോധം മാത്രം ആളിക്കത്തിച്ചു. അര്‍ഹതയുള്ളവന്റെ അതിജീവനം നടന്നു. അരോഗ്യമുള്ളവര്‍ ലൈഫ് ബോട്ടുകള്‍ കരസ്ഥമാക്കി രക്ഷപ്പെട്ടു.

രണ്ടു കപ്പലിലും ഉണ്ടായിരുന്ന യാത്രക്കാരുടെ റെക്കോര്‍ഡുകള്‍ വയസ്,ലിംഗം(gender),കാബിന്‍ ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്.ടൈറ്റാനികില്‍ സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് രക്ഷപ്പെടാനുള്ള സാധ്യത 50ശതമാനം കൂടുുതലായിരുന്നു.എന്നാല്‍ ലുസിതാനയില്‍ ഈ സാധ്യത ഇല്ലായിരുന്നു.

അങ്ങേയറ്റം സമ്മര്‍ദ്ദിത സാഹചര്യങ്ങളില്‍ മനുഷ്യന്‍ അവനനവനു വേണ്ടി തന്നെയാകുന്നു. സാമൂഹ്യ ധര്‍മ്മങ്ങള്‍ സ്വരുക്കൂട്ടുന്നതിനും പിന്തുടരുന്നതിനും അവന്‍ അശക്തനാകുന്നുവെന്ന് പഠനം അടിവരയിടുന്നു.

സമയവും സാമൂഹ്യ പെരുമാറ്റവും അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 11അടക്കമുള്ള ദുരന്ത സാഹചര്യങ്ങള്‍ ഇവര്‍ പഠനവിധേയമാക്കുന്നുണ്ട്.