![]() |
ഓട്സി |
5300 വര്‍ഷം മുന്‍പ് മരിച്ചുപോയ ആ മനുഷ്യന്റെ അവസാന ആഹാരം ഒരാടായിരുന്നു. ഇബെക്സ് എന്ന കാട്ടാടിനെ അകത്താക്കിയതിന് ശേഷമാണ് ചെമ്പുയുഗത്തിലെ നമ്മുടെ പൂര്വികന് മരിച്ചു വീണത്. 1991ല്‍ ഇറ്റലിയിലെ ആല്‍പ്സ് പര്‍വ്വതനിരയിലെ മഞ്ഞുപരലുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ ഓട്സിയെന്ന മൃതമനുഷ്യനെ കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്. മഞ്ഞുപരലുകള്‍ക്കുള്ളില്‍ യുഗങ്ങളോളം സംരക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു ഓട്സിയുടെ മൃതദേഹം. നൂറ്റാണ്ടുകള്‍ കേടുവരുത്താതെ നമുക്കു സമ്മാനിച്ച ഓട്സിയുടെ ചലനമറ്റ ദേഹം ആദിമ മനുഷ്യനെ അറിയുവാനുള്ള അമൂല്യ മ്യൂസിയം തന്നെയായിരിക്കുമെന്ന് അന്നേ ഉറപ്പായിരുന്നു. ഗവേഷകര്‍ ഓട്സിയുടെ ശരീരത്തില്‍ നിന്ന് പുതിയ വിവരങ്ങള്‍ കണ്ടെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഓട്സി സമ്മാനിക്കുന്ന ആശ്ചര്യം ആമാശയത്തിലെ ആടിനെ കുറിച്ചാണ്. പിന്‍ഭാഗത്ത് അമ്പേറ്റാണ് കാലങ്ങള്‍ക്കപ്പുറം അയാള്‍ മരിച്ചതെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ റേഡിയോളജികല്‍ ദൃശ്യങ്ങളിലൂടെ വേര്‍തിരിച്ചറിഞ്ഞ ആമാശയമാണ് പുതിയ വിവരങ്ങള്‍ തന്നത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വലിയൊരു കാട്ടാടിനെ ഓട്സി അകത്താക്കിയിരുന്നുവെന്ന് ഇറ്റലിയിലെ ബോള്‍സാനോവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മമ്മീസ് എന്റ് ദ ഐസ്മാന് സ്ഥാപനത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ആര്‍കിയോളജികല്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇവര്‍ ഇക്കാര്യം പുറത്തുകൊണ്ടു വന്നത്.
നിരന്തരം മാംസഭക്ഷണം അകത്താക്കുന്ന സ്വഭാവക്കാരനായിരുന്നു ഈ ഐസ് മനുഷ്യനെന്ന് പഠനത്തില്‍ പറയുന്നു. മൃതശരീരം സ്കാന്‍ ചെയ്ത് കണ്ടെത്തിയ മൂന്ന് ഗാല്‍ സ്റ്റോണുകള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. മാംസഭക്ഷണം കൂടുതല്‍ കഴിക്കുന്നവരിലാണ് ബൈല്‍ അടിഞ്ഞുകൂടി ഗാല്‍ സ്റ്റോണുകള്‍ രൂപപ്പെടുക. കാല് മുട്ടുകളില്‍ അമിതസമ്മര്‍ദം അനുഭവപ്പെട്ടതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതിനാല്‍ മലമടക്കുകള്‍ കയറി നിരന്തരം സഞ്ചരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഈ പൂര്‍വികനെന്ന് വ്യക്തമാവുന്നു. തവിട്ടു കണ്ണുകളും നീണ്ട തലമുടിയുമുള്ള ഈ അഞ്ചടി മൂന്നിഞ്ചുകാരന് നാല്‍പ്പതു വയസിനടുത്ത് മരിക്കുമ്പോഴുണ്ടായിരുന്നു. ആമാശയത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ റെഡ് ഡീര്‍, ഇബെക്സ് എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും ശേഷിപ്പുകളും ആമാശയത്തില്‍ ഉണ്ടായിരുന്നു. ഓട്സിയുടെ ആമാശയ ഭിത്തിയിലെ കൊഴുപ്പു കോശസമൂഹങ്ങളില്‍ നടത്തിയ ഡി.എന്‍. എ ടെസ്റ്റിലാണ് ഇബെക്സ് എന്ന കാട്ടാടിന്റെ സാനിധ്യം വ്യക്തമായത്. ഈ ഒക്ടോബറില്‍ ഓട്സിയുടെ മൃതശരീരത്തിന്റെ വിവിധ സാമ്പിളുകളില്‍ ഗവേഷണം നടത്തിയ ഗവേഷകര്‍ ബോല്‍സാനോയില്‍ സംഗമിക്കുന്നുണ്ട്. ഈ ഐസ് മനുഷ്യന്റെ ന്യൂക്ലിയര്‍ ഡി എന്‍ എ പഠന വിവരവും ഈ സമയം പുറത്തു വിടുമെന്ന് പ്രതീക്ഷിക്കുന്നു.