Saturday, April 10, 2010

മരണാസന്നര്‍ കണ്ട മായക്കാഴ്ചകള്‍ക്ക
 ഉത്തരവാദി കാര്‍ബണ്‍ഡയോക്സൈട്
: മരണത്തെ മുഖാമുഖം കണ്ടവരുടെ മായികാനുഭവങ്ങള്‍ക്കു പിന്നില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ കളിയാണെന്ന് പഠനം. മരണത്തോടടുത്ത സമയങ്ങളില്‍ അസാധാരണമായ വെളിച്ചങ്ങള്‍, പരേതരുടെ സാമീപ്യം, ഉയര്‍ന്നുപോകുന്നതായുള്ള അനുഭവം, കുഴിയിലേക്ക് താണുപോകുന്നതായുള്ള തോന്നല്‍ ഇങ്ങനെ പലതും ഉണ്ടായതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹൃദയസ്തംഭനത്തിലേക്ക് നീങ്ങുന്ന വേളയിലാണ് പലരും ഇത്തരം അനുഭവഘട്ടങ്ങളിലൂടെ കടന്നുപോയതായി പറയപ്പെടുന്നത്.

52 ഹൃദ്രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍, ഇത്തരക്കാരില്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് രോഗസമയത്ത് വര്‍ധിക്കുന്നതായി കണ്ടെത്തി. അമിതമായ കാര്‍ബണ്‍ ഡയോക്സൈഡ് മസ്തിഷ്കത്തിന്റെ സംതുലനാവസ്ഥ തെറ്റിക്കുന്നതാവാം അസാധാരണമായ തോന്നലുകളിലേക്ക് രോഗികളെ നയിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. പഠനവിധേയമാക്കിയ രോഗികളില്‍ മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായവരില്‍ കാര്‍ബന്‍ ഡായോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതായി ഇവര്‍ കണ്ടെത്തി. മാരിബോര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. സലിക്ക ക്ലെമെന്‍സ് കെറ്റിസും സംഘവുമാണ് ഗവേഷണം നടത്തിയത്.
ആദ്യ സൌരവിമാനം ആകാശത്ത്‌

ആകാശത്ത്ബേണ്‍: സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം വിജയകരമായ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. സ്വിറ്റ്സര്‍ലന്റിലെ പയേണ്‍ സൈനിക വിമാനത്താവളത്തിലായിരുന്നു പരീക്ഷണപ്പ റക്കല്‍. ബെര്‍ട്രന്റ് പിക്കാര്‍ഡ് എന്ന 50കാരന്‍ രൂപകല്‍പന ചെയ്ത വിമാനം മണിക്കൂറില്‍ 45.8 കിലോമീറ്റര്‍ വേഗതയിലാണ് കുതിച്ചുയര്‍ന്നത്. പിന്നീട് 22.5 കിലോമീറ്റര്‍ വേഗത നിലനിറുത്തി . 73.15 മീറ്റര്‍ വിങ്സ്പാനുണ്ട് വിമാനത്തിന്. 12,000ത്തോളം സൌര സെല്ലുകളും ലിതിയം ബാറ്ററികളും നാല് മോട്ടോറുകളുമാണ് വിമാനത്തെ ചലിപ്പിക്കുന്നത്.

Thursday, April 8, 2010

117ാമത് മൂലകം കണ്ടെത്തി


ലണ്ടന്‍: ആവര്‍ത്തനപ്പട്ടികയിലെ ഒരു ഒഴിവുകൂടി നികത്തപ്പെടുന്നു. പുതിയ അതിഘന മൂലകം കൂടി പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. അറ്റോമിക് നമ്പര്‍ 117 ആയ ഈ അതിഘനമൂലകം അമേരിക്കന്‍^റഷ്യന്‍ ഗവേഷകരുടെ സംയുക്ത ഗവേഷണത്തിലാണ് കൃത്രിമമായി സൃഷ്ടിച്ചത്. ടെന്നസിയിലെ ഒരു ആണവ റിയാക്ടറില്‍ ബര്‍ക്കിലിയം മൂലകത്തിന്റെ ആറ്റങ്ങളില്‍ കാല്‍സ്യം ആറ്റങ്ങള്‍ കൂട്ടിയിടിപ്പിച്ചാണ് പുതിയ മൂലകത്തിന്റെ ആറ്റങ്ങള്‍ സൃഷ്ടിച്ചത്. അണ്‍അണ്‍ സെപ്റ്റിയം (ununseptium) എന്ന് താല്‍ക്കാലിക പേരിട്ട മൂലകത്തിന് സെക്കന്‍ഡില്‍ ഒരംശം മാത്രമേ ആയുസ്സുള്ളൂ. അതിവേഗത്തില്‍ ഇവ ശോഷണത്തിന് വിധേയമാവുന്നു. ശാസ്ത്രലോകം പ്രവചിക്കുന്ന വര്‍ഷങ്ങളോളം ആയുസ്സുള്ള അതിഘന മൂലകങ്ങളുടെ മേഖലയായ 'സ്ഥിരതയുടെ ദ്വീപി'ലേക്കുള്ള വഴിയാണ് ഇത്തരം മൂലകങ്ങളുടെ കണ്ടെത്തലുകളെന്ന് കരുതപ്പെടുന്നു. ആറ്റോമിക നമ്പര്‍ 126 ആയ അതിഘന മൂലകങ്ങള്‍ കണ്ടെത്താനായാല്‍ അവക്ക് സ്ഥിരതയുണ്ടാവുമെന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്. ഇന്റര്‍ നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി അംഗീകാരത്തിനുശേഷമേ സ്ഥിരമായ പേരോടെ മൂലകം ആവര്‍ത്തനപ്പട്ടികയിലെത്തൂ.