Monday, July 19, 2010

ആകാശത്ത്  ഭൂമി വലം വെക്കാന്‍ 
നമുക്ക് ഒരാള്‍ കൂടി
ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹ കൂട്ടത്തിലേക്ക് ഇന്ത്യയുടെ അഭിമാനമായി ഒരാളെ കൂടെ നാം പറഞ്ഞു വിട്ടു. കാര്‍ട്ടോസാറ്റ് 2ബി എന്ന റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹവുമായി ജൂലൈ 12ന് ഐ എസ് ആര്‍ ഒയുടെ പി.എസ്.എല്‍.വി ^15 റോക്കറ്റ് കുതിച്ചുയര്‍ന്നു.ഇന്ത്യന്‍ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹ (IRS)പരമ്പരയിലെ പതിനേഴാമനാണ് കാര്‍ട്ടോസാറ്റ് 2ബി. വിക്ഷേപിച്ച് 20 മിനിട്ടുകള്‍ കൊണ്ട്  4 സഹ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ട്ടോസാറ്റ് 2ബി ഉപഗ്രഹം ഭൂമിയില്‍ നിന്ന് 637 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു.

കൂട്ടാളികള്‍

കാര്‍ട്ടോസാറ്റ് 2ബി എന്ന പ്രധാന ഉപഗ്രഹത്തിനൊപ്പം നാലു ചെറു ഉപഗ്രഹങ്ങള്‍ കൂടെ അയച്ചിരുന്നു.
നമ്മുടെ അന്താരാഷ്ട്ര സൌഹൃദത്തിന്റെ പുറത്ത് നാം 'ലിഫ്റ്റ്' കൊടുത്ത 3 ഉപഗ്രഹങ്ങളും പിന്നെ ബാംഗ്ലൂരുവിലും ഹൈദരാബാദിലുമുള്ള എന്‍ജിനീയറിംഗ് കോളജുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു കുഞ്ഞന്‍ ഉപഗ്രഹവും. സറ്റഡ് സാറ്റ് എന്ന ഒരു കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്.
മറ്റു മൂന്നു പേര്‍
Cartosat 2B

  • അല്‍സാറ്റ് 2എ അല്‍ജീരിയന്‍ ഉപഗ്രഹം(116 കിലോഗ്രാം)
  • എന്‍.എല്‍.എസ് 6.1 എ.ഐ.എസ്.എസ്.എ.ടി^1 കനേഡിയന്‍ ഉപഗ്രഹം
  • എന്‍.എല്‍.എസ് 6.2 ടിസാറ്റ്  സ്വിറ്റ്സര്‍ലാന്റ്  ഉപഗ്രഹം

കാര്‍ട്ടോസാറ്റ് 2ബി
694 കിലോഗ്രാം തൂക്കമുള്ള ഈ ഉപഗ്രഹം പ്രധാനമായും ഭൂതല മാപ്പിംഗ് ഉദ്ദേശിച്ചാണ് അയച്ചത്. പ്രധാന സവിശേഷത ഇതിലെ പാന്‍ക്രൊമാറ്റിക് ക്യാമറയാണ്(പാന്‍ ക്യാമറ). ഏകദേശം പത്ത് കിലോമീറ്റര്‍ വ്യാപ്തിയില്‍  ഒറ്റയടിക്ക് ദൃശ്യം പകര്‍ത്താന്‍ ഈ ക്യാമറക്കു കഴിയും.ഒരു വിശാല ഭൂഭാഗത്തിന്റെ  ഗുണമേന്‍മ കൂടിയ ഒറ്റച്ചിത്രം ഒരു സ്നാപ്പില്‍ പകര്‍ത്താമെന്ന് ചുരുക്കം. സഞ്ചാര ദിശയില്‍ നിന്ന് 26ഡിഗ്രിയോളം തിരിയുവാന്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിനാവും.ഒട്ടുമിക്ക പ്രദേശങ്ങളും കൃത്യമായി ഒപ്പിയെടുക്കാന്‍ ഇതുമൂലം സാധിക്കും.64ജിഗാ ബൈറ്റ് ശേഷിയുള്ള റെക്കോര്‍ഡറില്‍ ഇവ ശേഖരിക്കാനും  ഭൂമിയിലെ ഗ്രൌണ്ട് സ്േറ്റേഷന്റെ പരിധിയിലെത്തുമ്പോള്‍ ചിത്രങ്ങള്‍ അയക്കാനുമാവും.

ലക്ഷ്യങ്ങള്‍

ഗ്രാമീണതലത്തിലും മറ്റുമുള്ള അടിസ്ഥാന സൌകര്യ ലഭ്യതയെക്കുറിച്ചുള്ള വിശദമായ ചിത്രം കാര്‍ട്ടോസാറ്റ് തരുന്ന ഭൂതല മാപ്പിലൂടെ കൈവരും. ഗതാഗത സംവിധാനങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാന്‍ ഈ മാപ്പിംഗ് സഹായിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ കഴിയും.വനമേഖലയെക്കുറിച്ച്  വിശദമായ  ചിത്രം തയാറാക്കാന്‍ കഴിയും. വൃക്ഷസാന്ദ്രത നിര്‍ണയിക്കാം. ഗ്രാമീണ പാതകള്‍ ആസൂത്രണം ചെയ്യാം അവയുടെ നിര്‍മാണം നിരീക്ഷണവിധേയമാക്കം.തീരദേശ ഭൂവിനിയോഗവും നിരീക്ഷണവിധേയമാക്കാം

No comments:

Post a Comment