Friday, May 27, 2011

വലുതായ ചെറുപ്പങ്ങള്‍ചരിത്രത്തിലേറിയ ചില കുട്ടിക്കാലങ്ങളിലൂടെ നമുക്കു സഞ്ചരിക്കാം. ലോകത്തിന്റെ മുഴുവന്‍ ആരാധനയും പിടിച്ചു പറ്റാനുള്ള ജന്‍മമാണ് തന്റേതെന്ന് ഒരു പ്രതിഭയും കുട്ടിക്കാലത്ത് സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല. ജീവിതത്തിലെ ദുരന്തങ്ങളും, വിഷമസന്ധികളും കടന്ന് ലക്ഷ്യത്തിലെത്താനുള്ള പ്രയത്നത്തിനൊടുവില്‍ അവര്‍ ലോകത്തിന്റെ ഇഷ്ടം പിടിച്ചു വാങ്ങുകയായിരുന്നു... ചരിത്രത്തില്‍ ഇരിപ്പിടങ്ങള്‍ കണ്ടെത്തുകയായിരുന്നു...
അത്തരം ചിലകുട്ടികളുടെ വിശേഷങ്ങള്‍ പറയാം. ആ കുട്ടികള്‍ ആരായിരുന്നുവെന്ന് ഈ കുറിപ്പിനൊടുവിലും ചേര്‍ക്കാം. കുട്ടിക്കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ ഇപ്പറയുന്ന 
കൊച്ചുസമര്‍ഥന്‍ /സമര്‍ഥ ആരാണെന്ന്.1
സംസാരിക്കാന്‍ മടിച്ച കുട്ടി


ജനിച്ചു വീണപ്പൊള്‍ വലിയ തലയും ചെറിയ ഉടലുമായിരുന്നു ആ കുട്ടിക്ക്. വല്ല വൈകല്യവും കുട്ടിയെ ബാധിച്ചോ എന്ന് മാതാപിതാക്കള്‍ ആശങ്കപ്പെടുകയും ചെയ്തു. പക്ഷേ കുറച്ചു കാലം കൊണ്ട് തലയുടെ ആകൃതി സാധാരണ കുട്ടികളെ പോലെയായി. സംസാരശേഷിയിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഒമ്പതു വയസുവരെ കുട്ടിക്ക് ഒരു വാചകം പോലും പറഞ്ഞു പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. പറയുന്നത് തന്നെ പതുക്കെ ശബ്ദം കുറച്ച്.. വീട്ടുകാര്‍ക്ക് ആ കൊച്ചുപയ്യനെ കുറിച്ച് ആധികൂടി.. ഒരു ദിവസം രാത്രി മാതാപിതാക്കള്‍ക്കൊപ്പം അത്താഴം കഴിക്കവേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യമായി സംസാരിച്ചു.
എന്തു ചൂടാ ഈ സൂപ്പിന്^ എന്ന് അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മാതാപിതാക്കള്‍ അടക്കാനാവാത്ത സന്തോഷത്തോടെ അവനെ നോക്കി
എന്തുകൊണ്ടാ മോന്‍ ഇതിനുമുമ്പിങ്ങനെ നല്ലോണം സംസാരിക്കാതിരുന്നത്^അവര്‍ അവനോട് ചോദിച്ചു.
ഇപ്പോഴാണ് എല്ലാം ശരിയായത്^ അവന്‍ മറുപടി നല്‍കി
അഞ്ചാം വയസില്‍ ഒരുദിവസം രോഗം വന്ന് അവന്‍ കിടപ്പായി. അച്ഛന്‍ അവന് ഒരു വടക്കു നോക്കി യന്ത്രം കിടക്കയിലിരുന്ന് കളിക്കാന്‍ സമ്മാനിച്ചു.  അവന്റെ ശ്രദ്ധ വടക്കുനോക്കിയന്ത്രത്തിനുള്ളിലെ കാന്ത സൂചിയിലായിരുന്നു. എങ്ങനെ വെച്ചാലും ആ സൂചി ഒരേ ദിശയില്‍ നില്‍ക്കുന്നു. അവന്‍ ചിന്തിച്ചു. വെറുതെ ഒരു കാരണവും കണ്ടെത്തി. ഏതോ അദൃശ്യ ബലം അതിനെ അങ്ങിനെ നിര്‍ത്തുന്നുണ്ടാവും...കാന്തിക ബലം എന്തെന്ന് പഠിച്ചില്ലെങ്കിലും ആ അഞ്ചുവയസുകാരന്റെ ഊഹം സത്യമായിരുന്നു...
ചെറുപയ്യന്‍ വളര്‍ന്നു...സ്വിറ്റ്സര്‍ലണ്ടിലെ ഫെഡറല്‍ പൊളിടെക്നിക് സ്കൂളിന്റെ പ്രവേശന പരീക്ഷയെഴുതി. അപ്പോള്‍ പയ്യന് വയസ് പതിനേഴ്..കണക്കും സയന്‍സും മികച്ച മാര്‍ക്കോടെ കടന്നുകൂടി..ഹിസ്റ്ററിയും ജോഗ്രഫിയും ഭാഷാവിഷയങ്ങളും പയ്യനെ പറ്റിച്ചു. മൂന്നിലും തോറ്റു.  പിന്നീട് അടുത്ത വര്‍ഷം  അതില്‍ ജയിച്ച് അവിടെ പ്രവേശനം നേടി.
പിന്നെയൊരു വളര്‍ച്ചയായിരുന്നു... വളര്‍ന്ന് ലോകം ആരാധിക്കുന്ന ശാസ്ത്ര പ്രതിഭയായി...

2
അവന് ശബ്ദങ്ങള്‍ ഇഷ്ടമല്ലായിരുന്നു

അമേരിക്കയില്‍ ഒഹിയോവിലായിരുന്നു അവന്റെ ജനനം.ഏഴാം വയസില്‍ മാതാപിതാക്കള്‍ അവനെ സ്കൂളിലയച്ചു. മൂന്നുമാസമേ സ്കൂളില്‍ നിന്നുള്ളൂ...പഠിക്കാന്‍ ഒട്ടും കഴിവില്ലാത്ത കുട്ടിയാണെന്നു പറഞ്ഞ് സ്കൂള്‍ ടീച്ചര്‍ അവനെ ഒഴിവാക്കി.. അമ്മ നാന്‍സി വീണ്ടും അവനെയും കൂട്ടി സ്കൂളില്‍ ചെന്നു. സ്കൂളില്‍ നിന്ന് പറഞ്ഞയക്കാനുള്ള കാരണം തിരക്കി.  അവന് പഠിക്കാന്‍ ശേഷി ഒട്ടുമില്ലെന്നു തന്നെ ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞു. അമ്മക്കു സങ്കടമായി. കുട്ടിയുമായി തിരികെ വീട്ടിലെത്തി. മകനെ വീട്ടില്‍ തന്നെ പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. ദരിദ്ര കുടുംബമായിരുന്നെങ്കിലും ഒരുപാട് പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യാറുണ്ടായിരുന്നു അവര്‍.. വീട്ടിലെ പുസ്തകങ്ങളെല്ലാം വായിച്ച്  അവന്‍ വളര്‍ന്നു. പന്ത്രണ്ട് വയസാവുമ്പോഴേക്കും ലോകപ്രശസ്തമായ സാഹിത്യ കൃതികള്‍ പലതും അവന്‍ വായിച്ചു കഴിഞ്ഞിരുന്നു.
അമ്മ കൊണ്ടുകൊടുക്കുന്ന സയന്‍സ് പുസ്തകങ്ങള്‍ നോക്കി വീട്ടിലിരുന്ന് അവന്‍ ചെറിയ പരീക്ഷണങ്ങള്‍ ചെയ്യുമായിരുന്നു. അച്ഛനില്‍ നിന്നു കിട്ടുന്ന ചില്ലറത്തുട്ടുകള്‍ ചേര്‍ത്തുവച്ച് അവന്‍ രാസവസ്തുക്കള്‍ വാങ്ങിവച്ചു. അങ്ങനെ വീട്ടില്‍ ഒരു കുഞ്ഞു പരീക്ഷണശാലയുമൊരുക്കി. 12ാം വയസില്‍ അവനൊരു ജോലികിട്ടി. തീവണ്ടിയില്‍ കപ്പലണ്ടിയും പത്രവും വില്‍ക്കലായിരുന്നു ജോലി.
ഒരു വര്‍ഷത്തിനകം തീവണ്ടിയിലെ ചരക്കു സൂക്ഷിക്കുന്ന ബോഗികളിലൊന്നിലേക്ക്  വീട്ടിലെ കുഞ്ഞു പരീക്ഷണ ശാല മാറ്റുവാന്‍ അവന്‍ അനുവാദം നേടിയെടുത്തു.പണികഴിഞ്ഞ് തീവണ്ടിക്കുള്ളിലെ ഈ കൊച്ചു ശാസ്ത്രസാമ്രാജ്യത്തില്‍ അവന്‍ പരീക്ഷണങ്ങളില്‍ മുഴുകി. ഒരു രാസവസ്തുവിന്റെ വികൃതി....ഒരുനാള്‍ ലാബോറട്ടറിയില്‍ നിന്ന് തീയും പുകയുമുയര്‍ന്നു. തീവണ്ടിയിലെ ഉദ്യോഗസ്ഥന്‍ ആ കുട്ടിയെ കയ്യോടെ പിടിച്ചു പുറത്താക്കി..അവന്റെ പരീക്ഷണശാലയും അങ്ങനെ ഇല്ലാതായി.
പത്ര വില്‍പ്പന മുടങ്ങിയില്ല..അവന്‍ ആ ജോലി തുടര്‍ന്നു...പതിനഞ്ചാം വയസില്‍ മറ്റൊരു ദുരന്തം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഓടുന്ന തീവണ്ടിയില്‍ നിന്നിറങ്ങാന്‍ ശ്രമിച്ച അവനെ ഒരു ഉദ്യോഗസ്ഥന്‍ പിടിച്ചു വലിക്കാന്‍ ശ്രമിച്ചത് വിനയായി.. ചെവിയിലാണ് പിടി വീണത്..  ആഘാതത്തില്‍ ചെവിയുടെ പ്രവര്‍ത്തനം തകരാറിലായി.. അവന്റെ കേള്‍വിശക്തിയുടെ എണ്‍പതുശതമാനവും നശിച്ചു..ഓപ്പറേഷനിലൂടെ ഭേദമാക്കാമായിരുന്നുവെങ്കിലും അവന്‍ അതിനു സമ്മതിച്ചില്ല. ചെവി കേള്‍ക്കാത്തതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഏകാഗ്രത പുലര്‍ത്താനാവുമെന്നായിരുന്നു അവന്റെ വാദം..
അതിനിടെ അവന്റെ ജീവിതത്തില്‍ വഴിത്തിരിവായ മറ്റൊരു സംഭവം നടന്നു. അവന്‍ പത്രം വിറ്റു നടക്കുകയായിരുന്നു. അപ്പോള്‍  ഒരു കാഴ്ച കണ്ടു. തീവണ്ടിപ്പാളത്തില്‍ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നു. മറ്റൊന്നു കൂടി കണ്ടതോടെ അവന്‍ ശരിക്കു ഞെട്ടി. പാളത്തിലൂടെ ഒരു തീവണ്ടി കുതിച്ചെത്തുകയാണ്. മറ്റൊന്നും നോക്കിയില്ല. അവന്‍ ഓടിച്ചെന്ന് കുട്ടിയെ പിടിച്ചുമാറ്റി. തലനാരിഴ വെത്യാസത്തിന് തീവണ്ടി കുതിച്ചു കടന്നുപോയി.  കൊച്ചു കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അവനോട് നന്ദി എങ്ങനെ പറഞ്ഞു തീര്‍ക്കണമെന്ന് അറിയില്ലായിരുന്നു. അക്കാലത്ത് പ്രചാരത്തിലായി തുടങ്ങിയ ടെലഗ്രാഫ് എന്ന സന്ദേശക്കൈമാറ്റ വിദ്യ പഠിപ്പിച്ചു കൊടുത്താണ് അവനോട്  ആ കുഞ്ഞിന്റെ അച്ഛന്‍ കടപ്പാടു തീര്‍ത്തത്. ലോഹത്തകിടുകള്‍ ഉപയോഗിച്ച് ഒരു ടെലഗ്രാഫ് യന്ത്രം സ്വയം നിര്‍മിച്ച് അവന്‍ അതില്‍ പഠിച്ച വിദ്യ പയറ്റി. പുതിയ കണ്ടു പിടിത്തങ്ങളിലേക്കുള്ള ഒരു മഹാ ശാസ്ത്രകാരന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. ലോകത്തിന് എന്നേക്കും ഉപകാരപ്പെടുന്ന നിരവധി കണ്ടുപിടിത്തങ്ങളുടെ തമ്പുരാനായി ആ പ്രതിഭ ഇന്നും ശാസ്ത്ര ലോകത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.

3
വേദനയില്‍ ചിരിച്ച ചെറുപയ്യന്‍

പിറന്നത് ഇംഗ്ലണ്ടില്‍. മാതാപിതാക്കള്‍ കലാപ്രവര്‍ത്തകര്‍ ആയിരുന്നു. സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ കഴിവുറ്റവരായിരുന്നു അവര്‍. ഇംഗ്ലണ്ടിലങ്ങോളമുള്ള കലാവേദികളില്‍ പരിപാടി അവതരിപ്പിച്ച് അവര്‍ ജീവിച്ചു. അവന്റെ ബാല്യം തീരാത്ത സങ്കടങ്ങളുടേതായിരുന്നു.. ഒരിക്കല്‍ അല്‍ഡര്‍ഷോട്ട് എന്ന നഗരത്തിലെ ഒരു വേദിയില്‍ അമ്മയുടെ സംഗീത പരിപാടി നടക്കുന്നു. ഏറെ കുഴപ്പം പിടിച്ച വേദിയായിരുന്നു അത്. സദസില്‍ ഏറെയും സൈനികരും അക്രമവാസനയുള്ളവരും തിങ്ങി നിറഞ്ഞിരുന്നു. അമ്മ പാടിത്തുടങ്ങിയപ്പോഴേ ശബ്ദം പിഴക്കാന്‍ തുടങ്ങി. തൊണ്ടയിലെ ശബ്ദപേടകത്തിന് തകരാറു വന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. എത്ര ശ്രമിച്ചിട്ടും ശബ്ദം നിയന്ത്രിക്കാനാവാതെ അവന്റെ അമ്മ കുഴങ്ങി. പാട്ടുകള്‍ മോശമായതോടെ കാണികള്‍ ക്ഷുഭിതരായി.. അവര്‍ അവന്റെ അമ്മക്കു നേരെ കല്ലേറുതുടങ്ങി.
അവരുടെ ശരീരത്തില്‍ നിന്നും രക്തമൊഴുകി..അവര്‍ ബോധമറ്റ് വേദിയില്‍ വീണു. അപ്പോള്‍ അഞ്ചുവയസുകാരനായ അവന്‍ അമ്മയെ രക്ഷിക്കാന്‍ വേദിയില്‍ വന്നു. ജീവിതത്തിലെ ആദ്യ വേദി. അവന്‍ അടക്കാനാവാത്ത സങ്കടത്തിലും പാടാന്‍ തുടങ്ങി. അക്കാലത്ത് ഏറെ ജനപ്രിയമായിരുന്ന  ഒരു ഗാനമായിരുന്നു അവന്‍ പാടിയത്. സദസ് ശാന്തമായി അഞ്ചുവയസുകാരന്റെ പ്രകടനം കണ്ടിരുന്നു.
അവിടുന്നങ്ങോട്ട് ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു ആ ചെറുപയ്യന്റെ ജീവിതത്തില്‍. ശബ്ദം തകരാറിലായതോടെ അമ്മ മാനസികമായി തളര്‍ന്നു. ലണ്ടനിലെ മാനസികരോഗാശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അച്ഛന്‍ മുഴുക്കുടിയനായി നടന്നു. മറ്റൊരു വിവാഹവും കഴിച്ചു. പിന്നീട് അനാഥാലയങ്ങളിലായിരുന്നു അവന്റെ ജീവിതം. അവന് ഏഴുവയസായ സമയം. അനാഥാലയത്തില്‍  ക്രിസ്മസ് ആഘോഷം നടക്കുന്നു. കുട്ടികളെല്ലാം വരിയായി നില്‍ക്കുകയാണ്. അവര്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ ഒരു പാത്രത്തില്‍ നിരത്തിവെച്ചിട്ടുണ്ട്. കളിപ്പാട്ടങ്ങളും ചിത്രപുസ്തകങ്ങളും പഴങ്ങളുമെല്ലാം അതില്‍ നിരത്തിയിട്ടുണ്ട്. വിശന്ന് തളര്‍ന്നിരുന്ന അവന്റെ കണ്ണുടക്കിയത് ഒരു വലിയ ചുവന്ന ആപ്പിളിലായിരുന്നു. എങ്ങനെയെങ്കിലും  അവന്റെ ഊഴമാവാന്‍ കാത്തുകാത്തു നില്‍ക്കയായിരുന്നു അവന്‍. വിശപ്പ് ഏറി വരുന്നുമുണ്ട്.
രണ്ടു കുട്ടികള്‍ കഴിഞ്ഞാല്‍ അവന് ആപ്പിള്‍ എടുക്കാമെന്ന ഘട്ടമായപ്പോള്‍ അനാഥാലയ ജോലിക്കാരന്‍ അവനെ വരിയില്‍ നിന്ന് തള്ളിമാറ്റി. പിടിച്ചു വലിച്ച് അവന്റെ റൂമില്‍ കൊണ്ടുപോയി. ഈ വര്‍ഷം നിനക്ക് ക്രിസ്മസ് സമ്മാനമില്ല. ഇവിടത്തെ കുട്ടികളോട് നീ നിരന്തരം കള്ളക്കഥകള്‍ പറയുന്നുവെന്ന് പരാതിയുണ്ട്.. അയാള്‍ അവനോട് പറഞ്ഞു. അവന്റെ കണ്ണു നിറഞ്ഞു പോയി. കൂട്ടുകാരെ രസിപ്പിക്കാന്‍ പറഞ്ഞ തമാശക്കഥകള്‍ ഇങ്ങനെ തിരിച്ചടിക്കുമെന്ന് അവന്‍ കരുതിയിരുന്നില്ല. പിന്നീട് വളര്‍ന്നപ്പോള്‍ അവന്‍ നഷ്ടമായ ആ ചുവന്ന ആപ്പിളിനെ കുറിച്ച് പറഞ്ഞു. സന്തോഷത്തിന്റെ ആ ചുവന്ന ആപ്പ്ള്‍ ജീവിതത്തില്‍ പലപ്പോഴും എനിക്ക് നഷ്ടമായിക്കൊണ്ടിരുന്നു^എന്നായിരുന്നു അവന്‍ പറഞ്ഞത്. കുട്ടിക്കാലത്തേ ജീവിക്കാനായി അവന്‍ സ്റ്റേജുകളില്‍ സ്ഥിര സാനിധ്യമായി. തമാശ നാടകങ്ങളുണ്ടാക്കി സദസിന്റെ കയ്യടി വാങ്ങി. ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലണ്ടില്‍ ഏറെ ജനപ്രിയനായ നാടകനടനായി.  പതുക്കെ ചലച്ചിത്രരംഗത്തും സജീവമായി. ലോകസിനിമയെ മാറ്റിമറിച്ച ചലച്ചിത്ര വിസ്മയമായി.

4
സ്വയം പേരിട്ട മിടുക്കി

ഹരിയാനയിലെ മുള്‍ട്ടാനിലാണ് അവള്‍ ജനിച്ചത്. 16 അംഗങ്ങളുള്ള വലിയ കൂട്ടുകുടുംബത്തിന്റെ നാഥനായിരുന്നു അച്ഛന്‍. ചെറുകിട കച്ചവടങ്ങള്‍ നടത്തി കുടുംബം പുലര്‍ത്തി. പിന്നീട് സ്വയം പഠിച്ച് വളര്‍ന്ന് ഒരു എന്‍ജിനീയറും  ടയര്‍ നിര്‍മാണ കമ്പനിയുടെ നടത്തിപ്പുകാരനുമാായി.  പരിശ്രമത്തിന് ഏറെ വിലകല്‍പ്പിക്കുന്ന കുടുംബാന്തരീക്ഷത്തിലായിരുന്നു അവള്‍ വളര്‍ന്നത്.  വീട്ടില്‍ അവഴെ മോണ്ടോ എന്നാണ് വിളിച്ചിരുന്നത്. അവള്‍ക്ക് മറ്റൊരു പേരു കണ്ടെത്തുവാന്‍ മാതാപിതാക്കള്‍ ശ്രമിച്ചുമില്ല.  അങ്ങനെ അവളെ നഴ്സറി സ്കൂളില്‍ ചേര്‍ക്കാനുള്ള ദിനമെത്തി.  ചേച്ചി സുനിതയും അമ്മായിയും ചേര്‍ന്നാണ് അവളെ സ്കൂളില്‍ കൊണ്ടുപോയത്. സ്കൂള്‍ അധ്യാപകന്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ അവളുടെ പേര് ചോദിച്ചു. മൂന്നു പേരുകള്‍ തങ്ങളുടെ മനസിലുണ്ടെന്നും അതിലേത് ഇടണമെന്ന് നിശ്ചയിച്ചില്ലെന്നും സുനിത അധ്യാപകനോട് പറഞ്ഞു. അധ്യാപകന്‍ ആ കൊച്ചുപെണ്‍കുട്ടിയോട്  ചോദിച്ചു. ഇതിലേതാണ് മോള്‍ക്ക് ഇഷ്ടമായ പേര്. അവള്‍ അതിലൊരു പേര് പെട്ടെന്നു തന്നെ പറഞ്ഞു. രജിസ്റ്ററില്‍ ആ പേരു ചേര്‍ക്കപ്പെട്ടു. അങ്ങനെ സ്വന്തം പേര് തിരഞ്ഞെടുക്കാനുള്ള അപൂര്‍വ്വഭാഗ്യം ആ കുഞ്ഞുപെണ്‍കുട്ടിക്ക് ഉണ്ടായി. പിന്നീട് ആ പേര് ലോകമേറ്റെടുത്തത് പില്‍ക്കാല ചരിത്രം..
എന്നും ആകാശക്കാഴ്ചകള്‍ കണ്ടിരിക്കാനായിരുന്നു അവള്‍ക്ക് ഏറെ താല്‍പ്പര്യം.. വേനല്‍ക്കാലങ്ങളില്‍ വീട്ടുകാരെല്ലാം ഉറങ്ങിയാല്‍ കൊച്ചു വീടിന്റെ മട്ടുപ്പാവിലിരുന്ന് അവള്‍ ആകാശം നോക്കി വിസ്മയിച്ചു. നക്ഷത്രങ്ങള്‍ അവളെ തേടിയെത്തുന്നതായും അവള്‍ നക്ഷത്രങ്ങളില്‍ ചെല്ലുന്നതായും സങ്കല്‍പ്പിച്ചു.
സ്കൂളില്‍ ഒരു ക്ലാസ്മുറിയുടെ വലിപ്പത്തില്‍ അവളും സഹപാഠികളും ഇന്ത്യയുടെ ഭൌമശാസ്ത്ര മേപ്പ് തയാറാക്കിയത് അധ്യാപകരെ അമ്പരപ്പിച്ചു. ക്ലാസ്റൂമിന്റെ മേല്‍ഭാഗം നിറയെ നക്ഷത്രങ്ങളും ഗ്രഹങ്ങളും നിരത്തി അവളും സംഘവും ചെറിയ ആകാശം തീര്‍ത്തു.കറുത്ത പേപ്പര്‍ ഒട്ടിച്ചു വച്ച് അതില്‍ തിളങ്ങുന്ന പേപ്പറില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും നിര്‍മിച്ച് ചേര്‍ത്തുവെക്കുകയായിരുന്നു. അവളുടെ വീടിനു സമീപമായിരുന്നു വിമാനം പറത്തല്‍ പരിശീലനം നല്‍കുന്ന ഹരിയാന ഏവിയേഷന്‍ ക്ലബ്. നിരന്തരം പുഷ്പക് വിമാനങ്ങളും ഗ്ലൈഡറുകളും പറന്നുയരുന്നതും താണിറങ്ങുന്നതും അവിടെ പതിവായിരുന്നു. തലക്കുമുകളിലൂടെ ഇരമ്പി പറക്കുന്ന വിമാനങ്ങള്‍ നോക്കി അവള്‍ വീടിന്റെ മട്ടുപ്പാവില്‍ നില്‍ക്കുമായിരുന്നു. വിമാനം പറത്താന്‍ പഠിക്കണമെന്ന് അവള്‍ അങ്ങിനെ തീരുമാനിച്ചു.
പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള യാത്രകള്‍ തന്നെ കാത്തിരിപ്പുണ്ടെന്ന് അന്ന് ആ കുട്ടി കരുതിയിരുന്നില്ല.  കാലങ്ങളേറെ കഴിഞ്ഞ് അവള്‍ പറന്നുയര്‍ന്നത് വിമാനങ്ങള്‍ക്കും ചെന്നെത്താവുന്നതിലും അപ്പുറം ഉയരങ്ങളിലേക്കായിരുന്നു. ശൂന്യാകാശത്തിലെ വിരുന്നു കാരിയായി എത്രയോ വട്ടം അവര്‍ പറന്നുചെന്നു.  സദാ പരീക്ഷണങ്ങളാല്‍ സജീവമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അന്തേവാസിയായി കുറേ നാള്‍ ചെലവഴിച്ചു. ലോകമാരാധിക്കുന്ന പ്രപഞ്ച പര്യവേഷകയായി ചരിത്രത്തിലേറി.


5
സംഗീതത്തില്‍ പിറന്നവന്‍
ജനനം മദ്രാസിലെ ഒരു സംഗീതകുടുംബത്തിലായിരുന്നു. അച്ഛന്‍ സംഗീതസംവിധായകന്‍. മൂന്നു സഹോദരിമാര്‍ കളിക്കൂട്ടിന്..കുഞ്ഞുപ്രായത്തിലേ ഹാര്‍മോണിയത്തില്‍ വിരല്‍പായിച്ച് ഈണങ്ങള്‍ കേള്‍പ്പിക്കുന്നത് അവന്റെ ഇഷ്ടവിനോദമായിരുന്നു. യാദൃശ്ചികമായി ഈ പ്രകടനം കാണാനിടയായ മറ്റൊരു സംഗീതസംവിധായകന്‍ കുട്ടിയെ സംഗീതം പഠിപ്പിക്കണമെന്ന് നിര്‍ദേശിച്ചു.  നാലാം വയസില്‍ അവന്‍ പിയാനോ പഠിക്കാന്‍ തുടങ്ങി. സംഗീതപഠനം തുടരുമ്പൊഴും ഇലക്ട്രോണിക് എന്‍ജിനീയറിങ്ങോ  കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങോ പഠിച്ചാല്‍ മതിയെന്നായിരുന്നു അവന്റെ ആഗ്രഹം. സംഗീതത്തേക്കാള്‍ സാങ്കേതിക വിദ്യയിലായിരുന്നു അവന് കമ്പം. ഒരിക്കല്‍ സിംതസൈസര്‍ എന്ന സംഗീത ഉപകരണം അച്ഛന്‍ സിംഗപ്പൂരില്‍ നിന്ന് കൊണ്ടു വന്നു.  കൊച്ചു പയ്യന് അതില്‍ നിന്നു കണ്ണെടുക്കാനായില്ല. പിന്നെ മെല്ലെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. മണിക്കൂറുകളോളം സിംതസൈസറില്‍ അവന്റെ കുഞ്ഞുവിരലുകള്‍ ഓടിനടന്നു. പുതിയ പരീക്ഷണങ്ങള്‍ നടത്തി. പുതിയ ഈണങ്ങള്‍ മീട്ടി.
സംഗീതത്തില്‍ സ്വയം മറന്നു കഴിയവേ കുട്ടിയുടെ ജീവിതത്തില്‍ സങ്കടങ്ങള്‍ കടന്നുവന്നു. അവന് 9 വയസായപ്പോള്‍ അച്ഛന്‍ മരിച്ചു. അപൂര്‍വ്വ രോഗത്തെതുടര്‍ന്നായിരുന്നു മരണം. പിന്നീട് കുടുംബ ഭാരം ആ ചെറുപയ്യന്റെ ചുമലിലായി. സംഗീതജീവിതത്തിനിടെ കാര്യമായൊന്നും കാത്തുവെക്കാന്‍ അവന്റെ അച്ഛനു കഴിഞ്ഞിരുന്നില്ല. കുടുംബം വിഷമസന്ധിയിലായി. ജീവിതപ്രയാസങ്ങള്‍ കടുത്തപ്പോള്‍ അച്ഛന്റെ സംഗീതോപകരണങ്ങള്‍ വാടകക്കു കൊടുത്താണ് പിന്നീട് അവര്‍ വരുമാനം കണ്ടെത്തിയത്.  കഷ്ടപ്പാടില്‍ നിന്നു പടികടക്കാന്‍ പതിനൊന്നാം വയസില്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ ട്രൂപ്പില്‍ കീബോര്‍ഡ് വായനക്കാരനായി അവന്‍ ചേര്‍ന്നു. കീബോര്‍ഡുമായി വേദികളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ചെറുപയ്യന്‍ ഏറെ ശ്രദ്ധേയനായി തുടങ്ങി. കുറേ വര്‍ഷങ്ങള്‍ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് സംഗീതത്തില്‍ പുതുയുഗമായി അവന്‍ മാറുന്ന കാഴ്ച ലോകം കണ്ടു. 

1
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ജനനം-1897 മാര്‍ച്ച് 14
മരണ-ഏപ്രില്‍ 18
ലോകപ്രശസ്ത ജര്‍മന്‍ ശാസ്ത്രകാരന്‍
ഭൌതിക ശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ആധുനിക ഭൌതിക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. ഭൌതിക ശാസ്ത്രത്തിലെ സംഭാവനകള്‍ക്കും ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് എന്ന പ്രതിഭാസം വിശദമാക്കിയതിനും 1921ല്‍ നൊബേല്‍ പ്രൈസ് ലഭിച്ചു. 300ഓളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ 150 ഓളം ശാസ്ത്ര ഇതര വിഷയങ്ങളിലുള്ള പ്രബന്ധങ്ങളാണ്.


 2
തോമസ് ആല്‍വാ എഡിസണ്‍

ജനനം-1987 ഫെബ്രുവരി 11
മരണം-1931 ഒക്ടോബര്‍ 18
ലോകത്തെ സ്വാധീനിച്ച നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ അമേരിക്കന്‍ ശാസ്ത്രകാരന്‍.
ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ ക്യാമറ,  ലൈറ്റ് ബള്‍ബ് തുടങ്ങി നിരവധി ഉപകരണങ്ങള്‍ കണ്ടെത്തി. 1093  അമേരിക്കന്‍ പേറ്റന്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ആശയവിനിമയ സാങ്കേതിക വിദ്യയില്‍ നിരവധി സംഭാവനകള്‍ ഇദ്ദേഹത്തിനു നല്‍കാന്‍ കഴിഞ്ഞു.


3
ചാര്‍ലി ചാപ്ലിന്‍

ജനനം- 1889 ഏപ്രില്‍ 16
മരണം-1977 ഡിസംബര്‍ 25
ലോകപ്രശസ്ത ചലച്ചിത്രകാരന്‍. ഹാസ്യനടന്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ കൈയൊപ്പു ചാര്‍ത്തി.  നിശബ്ദ സിനിമാ യുഗത്തിലെ ചാപ്ലിന്റെ സംഭാവനകള്‍ ചലച്ചിത്ര ലോകത്തിനു മുതല്‍ക്കൂട്ടുകളാണ്. ആക്ഷേപഹാസ്യത്തിലൂന്നിയ അദ്ദേഹത്തിന്റെ സിനിമകള്‍ ലോകമെങ്ങും ഏറെ സ്വീകാര്യത നേടി.
ദ കിഡ്, മൊഡേണ്‍ ടൈംസ്, ട്രാംപ്, സിറ്റി ലൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പുറത്തിറക്കി. ഹിറ്റ്ലറെ വിമര്‍ശിക്കുന്ന ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ആയിരുന്നു ചാപ്ലിന്റെ ആദ്യ ശബ്ദ സിനിമ.4
കല്‍പ്പന ചൌള

ജനനം- 1961 ജൂലൈ 1
മരണം-2003 ഫെബ്രുവരി 1
ലോകപ്രശസ്തയായ ഇന്തോ അമേരിക്കന്‍ ബഹിരാകാശ പര്യവേഷക. ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായ വനിതയെന്ന ബഹുമതി ലഭിച്ചു. അമേരിക്കന്‍ പര്യവേഷണ സംഘടനയായ നാസയില്‍ പ്രവര്‍ത്തിച്ചു.  നാസയുടെ നിരവധി ബഹിരാകാശ ദൌത്യങ്ങളില്‍ പങ്കുചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ച് പരീക്ഷണങ്ങള്‍ ചെയ്തു.
2003 ല്‍ നാസയുടെ ബഹിരാകാശ ദൌത്യം കഴിഞ്ഞ് തിരിച്ചിറങ്ങവേ കൊളംബിയ പേടകം തകര്‍ന്ന് മരിച്ചു.

5
എ.ആര്‍.റഹ്മാന്‍
ജനനം-1966 ജനുവരി 6
ലോകപ്രശസ്തനായ ഇന്ത്യന്‍ ചലച്ചിത്രസംഗീതജ്ഞന്‍. സംഗീത സംവിധായകന്‍,ഗായകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായി. സ്ലം ഡോഗ് മില്ല്യനയര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടി. സംഗീതത്തിലെ ആഗോള പുരസ്കാരങ്ങളായ ഗ്രാമി അവാര്‍ഡ് ബാഫ്ത അവാര്‍ഡ് എന്നിവ നേടി. നാല് ദേശീയ അവാര്‍ഡുകള്‍ മികച്ച സംഗീതസംവിധാനത്തിന് നേടി.
No comments:

Post a Comment