Wednesday, October 26, 2011

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…


ശാസ്ത്രലോകം അടങ്ങിയിരിക്കുന്നില്ല, എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്. മിക്കവയും സൈദ്ധാന്തികമായി പ്രകാശവേഗം മറികടന്ന ന്യൂട്രിനോകള്‍ക്കൊപ്പം തന്നെയുള്ളവയാണ്. സേണിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നവ.

അതേ സമയം കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര പരീക്ഷണ ഫലങ്ങളുമുണ്ട്. അതിലൊന്ന് ഓപ്പറ പരീക്ഷണഫലത്തെ ഖണ്ഡിക്കുന്നതാണ്. ICARU( ഇമേജിങ് കോസ്മിക് ആന്‍ഡ് റെയര്‍ അണ്ടര്‍ഗ്രൌണ്ട് സിഗ്നല്‍സ്) നടത്തിയ സ്വതന്ത്ര പരീക്ഷണ ഫലം ന്യൂട്രിനോ പ്രകാശവേഗം മറികടന്നുവെന്ന നിഗമനത്തിന് ചില എതിര്‍വാദങ്ങള്‍ തൊടുത്തുവിടുന്നു. സേണില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ നാഷനല്‍ ലാബിലേക്ക് ന്യൂട്രിനോ പ്രവാഹത്തെ അയച്ചു തന്നെയാണ് സ്വതന്ത്ര പരീക്ഷണവും നടത്തിയിരിക്കുന്നത്. പക്ഷേ ന്യൂട്രിനോകളുടെ വേഗം അളക്കുകയല്ല ICARU സംഘം ചെയ്തത്. അവയുടെ ഊര്‍ജ സ്പെക്ട്രം നിരീക്ഷണവിധേയമാക്കുകയായിരുന്നു.

പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ക്ക് സംഭവിക്കുമെന്ന് സൈദ്ധാന്തികമായി പ്രതീക്ഷിക്കപ്പെടുന്ന ഊര്‍ജ വ്യതിയാനം ഈ സ്പെക്ട്രത്തില്‍ ദൃശ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. നൊബേല്‍ ജേതാവായ ഭൌതികശാസ്ത്രകാരന്‍ ഷെല്‍ഡന്‍ ഗ്ലാഷോയും ആന്‍ഡ്യ്രൂ കോഹനും ചേര്‍ന്ന് പ്രകാശവേഗത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂട്രിനോക്ക് സംഭവിക്കാവുന്ന ഊര്‍ജ വ്യതിയാനത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രവചിച്ചിരുന്നു. കോഹന്‍-ഗ്ലാഷോ എഫക്റ്റ് എന്നാണ് ന്യൂട്രിനോകള്‍ക്കു സംഭവിക്കാവുന്ന ഊര്‍ജവ്യതിയാന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശവേഗം മറികടന്നു സഞ്ചരിക്കുമ്പോള്‍ അവക്ക് ഇലക്ട്രോണ്‍ -പോസിട്രോണ്‍ ജോഡികളെ പുറത്തുവിടേണ്ടിവരുന്നു. ഇങ്ങനെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് നിരന്തരം ഇലക്ട്രോണ്‍- പോസിട്രോണ്‍ ഉല്‍സര്‍ജനം നടത്തുന്നതിലൂടെ ന്യൂട്രിനോകളുടെ ഊര്‍ജം കുറയുന്നു. അങ്ങനെയെങ്കില്‍ സേണ്‍ പരീക്ഷണത്തില്‍ 730 കിലോമീറ്റര്‍ സഞ്ചരിച്ച ന്യൂട്രിനോകള്‍ക്ക് ഈ ഊര്‍ജ വ്യതിയാനം ദൃശ്യമാകണം. പക്ഷേ സേണിന്റെ പരീക്ഷണ ഫലത്തിലും ICARU പരീക്ഷണത്തിലും അത്തരം ഊര്‍ജവ്യതിയാനം കണ്ടെത്താനാവുന്നില്ല. ഇത് വലിയൊരു പൊരുത്തക്കേടായി മുന്നില്‍ നില്‍ക്കുന്നുണ്ട്.
അതേസമയം ഈ പൊരുത്തക്കേട് സേണ്‍സംഘത്തിനു പുതിയ അറിവല്ലെന്നും കോഹന്‍ ഗ്ലാഷോ എഫക്റ്റ് അനുസരിക്കുന്നില്ല പരീക്ഷണ ഫലമെന്ന കാര്യം പത്തോളം സേണ്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും ഓപ്പറ ഫിസിക്സ് കോ ഓഡിനേറ്റര്‍ ദാരിയോ ഓഡിയാരോ പറയുന്നു. കോഹന്‍ ഗ്ലാഷോ എഫക്റ്റ് എല്ലായ്പ്പോഴും പ്രകാശവേഗം മറികടക്കുന്ന ന്യൂട്രിനോകള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ലെന്ന് കരുതുന്നവരുണ്ട്.
ചിലപ്പോള്‍ സാങ്കല്‍പ്പികമായ അഞ്ചാമതൊരു ഡൈമന്‍ഷന്റെ കുറുക്കുവഴിയിലൂടെയാണ് അവ സഞ്ചരിക്കുന്നതെങ്കില്‍ ഈ നിഗമനങ്ങളെല്ലാം അപ്രസക്തമാവുകയും ചെയ്യും. നീളം, വീതി, ഉയരം, സമയം എന്നീ നാലു മാനങ്ങള്‍ക്കപ്പുറം(dimension) നാമറിയാത്ത അഞ്ചാമതൊരു ഡയമന്‍ഷന്‍. അതിന്റെ കുറുക്കുവഴിയില്‍ നിയമങ്ങള്‍ തെറ്റിച്ച് ഊര്‍ജവ്യതിയാനം സംഭവിക്കാതെ സഞ്ചരിക്കുന്ന ന്യൂട്രിനോ..അങ്ങനെയെങ്കില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതക്ക് പരിക്കേല്‍ക്കാതെ കാര്യങ്ങള്‍ക്ക് പുതിയൊരു തലം കൈവരും.
എന്തായാലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഏറെ ചലനമുണ്ടാക്കിയ ഈ ശാസ്ത്രസമസ്യക്ക് അതിവേഗം പരിഹാരമുണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രത്തിന്റെ സഞ്ചാരം അവശ്യമായും സാവധാനത്തിലായിരിക്കും. എടുത്തുചാട്ടങ്ങളില്ലാതെ ശരികളുടെ സൂഷ്മ തലങ്ങള്‍ ഇഴകീറിയെടുക്കുവാനുള്ള സമയം അനുവദിച്ച് നമുക്ക് കാത്തിരിക്കാം.


ആറു വര്‍ഷമെടുത്തു ഓപ്പറ പരീക്ഷണഫലം പുറം ലോകത്തോട് പറയാനുള്ള രീതിയില്‍ എത്തുന്നതിന്. തുടര്‍ പരീക്ഷണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മെയിന്‍ ഇന്‍ജെക്റ്റര്‍ ന്യൂട്രിനോ ഓസിലേഷന്‍ സെര്‍ച്ച് (MINOS) എന്ന് ന്യൂട്രിനോ വേഗത്തെക്കുറിച്ചുള്ള ഫെര്‍മിലാബ് പരീക്ഷണമാണ് ഒന്ന്. ജപ്പാനില്‍ ടോകായ് ടു കാമോയ്ക(T2K) പരീക്ഷണമാണ് മറ്റൊന്ന്. പിന്നെ സൈദ്ധാന്തിക സംവാദങ്ങളുടെ പരമ്പരകളും. വരട്ടെ നോക്കാം പ്രകാശം തോറ്റോ ന്യൂട്രിനോ ജയിച്ചോ ഐന്‍സ്റ്റീനെ തിരുത്തണോ എന്നൊക്കെ.

വാല്‍നക്ഷത്രം: എന്തെങ്കിലും വിളിച്ചു പറഞ്ഞ് പിന്നെ അതിനു നൂറു ന്യായം നിരത്തലല്ല ശാസ്ത്രം. നൂറു ന്യായീകരണങ്ങള്‍ ഉറപ്പാക്കി ഉള്ളതു പറച്ചിലാണ്

1 comment: