Saturday, February 25, 2012

ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി.പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.
പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.
അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.
പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.


 
പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.
വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു

1 comment:

  1. ഐൻസ്റ്റീനാണു ശരി എന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ... തിരുത്തേണ്ടവ തിരുത്തപ്പെടണം.... ശാസ്ത്രമാണു വിജയിക്കേണ്ടത്...

    ReplyDelete