Tuesday, May 29, 2012

വാഴപ്പോള ഫ്രിഡ്ജ്, പടകക്കച്ചോടം, പാവനാടകം...തോരാമഴ





നട്ടുച്ചക്ക് സന്ധ്യ വഴിതെറ്റി വന്ന പോലെ ഇരുട്ടാവും..പിന്നെ കറുത്ത ആകാശക്കോണില്‍ നിന്ന് മിന്നലിന്‍െറ ലൈന്‍ ഗ്രാഫുകള്‍...പതിഞ്ഞു മുരളുന്ന ഇടിനാദം... ഓര്‍ക്കാപ്പുറത്ത് ചുമരു വിറപ്പിച്ച് അടുത്തു വന്ന് പൊട്ടുന്ന കതിനപ്രയോഗം...അപ്പോഴേക്കും എല്ലാവരും ഏതെങ്കിലും കട്ടിലില്‍ കൂടിയിരിക്കുന്നുണ്ടാവും.. പിന്നെ കണ്ണുലക്കുന്ന ഓരോ മിന്നലിനും പിറകെയത്തെുന്ന ഇടിനാദത്തിനുമെല്ലാമൊപ്പം ഞങ്ങള്‍ പേടിമാറ്റാന്‍ അന്താക്ഷരി തുടങ്ങിയിട്ടുണ്ടാവും...മഴയും കാറ്റും പറമ്പാകെ ആധിപത്യം സ്ഥാപിച്ചിരിക്കും അന്നേരം...മനസില്‍ ആധി തുടങ്ങുന്നതും അത്തരം സമയത്താണ്...ഈ മഴക്കാലം ഇനിയും നീളും...ദിവസങ്ങള്‍ക്കകം സ്കൂളും തുറക്കും...ഇങ്ങനെ കൂടിയിരുന്നു മഴയായും ഇടിയായും ആശ്ചര്യത്തിന്‍െറ മിന്നലായും തിമിര്‍ത്ത അവധിക്കാലം തീരുകയാണ്.. കൂടെയിരുന്നു പാട്ടുപാടുന്ന ചേച്ചിമാര് പാലക്കാട്ടേക്ക് പോകും..പിന്നെ അനിയനും ഞാനുമാവും....അവധി തീരാറാവുന്ന ഒരു ദിനം അവര്‍ പോവാനിറങ്ങും. തലേന്നുമുതല്‍ ഒരു ദിവസം കൂടി കഴിഞ്ഞു പോവാമെന്ന ആവശ്യങ്ങളുമായി ഞങ്ങള്‍ നാലു പേര്‍  വീട്ടില്‍ സമരം തുടങ്ങിയിരിക്കും.  വഴികളെല്ലാം മുട്ടുമ്പോള്‍ പിന്നെ പ്രാര്‍ഥനകളാണ്...

സ്കൂള്‍ തുറക്കുന്നത് നീട്ടുവാനായി വല്ല അത്ഭുതവും സംഭവിക്കണേ എന്ന്... മഴപെയ്യാന്‍ കനത്തു നില്‍ക്കുന്ന ഉച്ച നേരത്ത് അവര്‍ പടിയിറങ്ങും.. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ അവര്‍ക്ക് യാത്രയയപ്പും നല്‍കും.. എന്ത്ന്നാ മക്കളേ ഓണാവധിയായാല്‍ ഓരൊക്കെ പിന്നേം വരൂല്ളേ...എന്ന് അച്ഛമ്മയുടെ ആശ്വാസമുണ്ടാവും വഴി നീളെ.. ബസ് സ്റ്റോപ്പിലും കണ്ണും മൂക്കുമൊലിപ്പിച്ച് നാലുപേരും നില്‍പ്പു തുടരും... അവരെ യാത്രയാക്കിയുള്ള തിരിച്ചു നടപ്പില്‍ ആരും ഒന്നും മിണ്ടില്ല...വീട്ടില്‍ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോയതുപോലെ തോന്നും അപ്പോള്‍...പിന്നെ കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തുള്ള സങ്കടപ്പെടലുകള്‍ക്ക് നീക്കിവെക്കും...

പിറകിലെ പറമ്പില്‍ ചേനക്കാടിനും ചേമ്പിലകള്‍ക്കുമൊപ്പം ഞങ്ങളുടെ 'ഹൗസിങ് കോളനി' മഴയില്‍ കുളിച്ചു നില്‍ക്കയാവും...കരിയോലകള്‍ വളച്ചുകെട്ടി ഓഫിസ് റൂമും ഡൈനിങ് റൂമും ഒക്കെയായി തിരിച്ചു വെച്ച മേല്‍ക്കൂരയില്ലാത്ത കളിവീടുകള്‍..വിറകുപുര മേയുമ്പോള്‍ ബാക്കിയാവുന്ന കരിയോലകള്‍ അച്ഛമ്മയുടെ കണ്ണുവെട്ടിച്ച് മാറ്റിയാണ് വീടു നിര്‍മാണം.. അതില്‍ വീട്ടുപകരണങ്ങളുടെയെല്ലാം മാതൃകകള്‍ ഞങ്ങള്‍ക്കാവും വണ്ണം നിര്‍മിച്ചു വച്ചിരുന്നു. വാഴപ്പോളകള്‍ ഈര്‍ക്കില്‍ കൊണ്ട് ചേര്‍ത്തുവച്ച് ഫ്രിഡ്ജ് ഉണ്ടാക്കും. അതിനകത്ത് തട്ടുകളും ഉണ്ടാവും. വാഴപ്പോളകള്‍ക്കിടയിലെ തണുപ്പില്‍ ഞങ്ങള്‍ മിഠായികളും അടുക്കളയില്‍ നിന്ന് അടിച്ചു മാറ്റിയ ബേക്കറി സാധനങ്ങളും സൂക്ഷിച്ചു. വീടുകള്‍ തമ്മില്‍ സജ്ജീകരണങ്ങളില്‍ മല്‍സരമുണ്ടായി. ഓരോ വീടുകളിലും മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ എന്തെല്ലാം സജ്ജമാക്കാം എന്നായിരുന്ന ഓരോ ദിവസത്തെയും കളിവീട് എപ്പിസോഡുകളിലെ ചിന്ത.  പരസ്പരം വിരുന്നു പോക്കുകള്‍ കളിവീടുകള്‍ക്കിടയില്‍ സമൃദ്ധമായി നടന്നു. സ്വീകരണമുറിയിലും അടുക്കളയിലും കറമൂസ(പപ്പായ) തണ്ടുകൊണ്ട് ഡ്രെയിനേജ് സംവിധാനവും ഉണ്ടായിരുന്നു. മണ്ണിനടിയില്‍ കുഴിച്ചിട്ട പപ്പായ പൈപ്പുകള്‍..  ഇപ്പൂത്തി മരത്തിന്‍െറ ഇലകള്‍ ചേര്‍ത്ത് ഈര്‍ക്കില്‍ കൊണ്ട് തുന്നിയ വാനിറ്റി ബാഗും സ്കൂള്‍ ബാഗും.. സ്റ്റേഷനറിക്കാരന് ചിരട്ട തുലാസ്.. ബിലുമ്പി ഈര്‍ക്കിലില്‍ കുത്തിയ ഐസ്ക്രീം...

വിഷുവടുത്തപ്പോഴാണ് കച്ചവട സാധ്യതകളിലേക്ക് നാല്‍വര്‍ സംഘത്തിന്‍െറ ശ്രദ്ധ തിരിഞ്ഞത്. ഇളയച്ഛനാണ് കാശിറക്കിയത്. റോഡരികിലെ വരമ്പത്ത് കച്ചവടം പൊടിപൊടിച്ചു. ഓലപ്പടകവും, പൊട്ടാസും, കമ്പിത്തിരിമത്താപ്പും ഒപ്പം പുളിയച്ചാറും മിഠായി ഇനങ്ങളും നിരന്നു. മണിച്ചിത്രത്താഴിന് വീട്ടുകാരെല്ലാം ഇറങ്ങിയപ്പോള്‍  നാഗവല്ലിക്കായി കച്ചവടത്തിന് അവധി നല്‍കാനാവില്ളെന്ന നിലപാടുമായി ഞങ്ങള്‍ മാറി നിന്നു.  വിഷുത്തലേന്ന് വരവു കണക്കാക്കിയപ്പോള്‍ അന്‍പതു രൂപയുടെ ലാഭമോര്‍ത്ത് നാലാളും അഭിമാനം കൊണ്ട് ഞെളിഞ്ഞു.
പരിഷത്തിന്‍െറ ശാസ്ത്ര കലാജാഥ കണ്ട് വീട്ടില്‍ വന്നപ്പോള്‍ തൊട്ട് കുട്ടിചര്‍ച്ചകള്‍ കൊഴുത്തത് അതെങ്ങനെ പറമ്പില്‍ നടപ്പാക്കാം എന്നതിനെ കുറിച്ചായിരുന്നു. നാടകങ്ങളും സംഗീതശില്‍പ്പവും പാവനാടകവും ഞങ്ങളുടെ പറമ്പിലും അരങ്ങേറി. വലിയ മുന്നൊരുക്കങ്ങള്‍ തന്നെ വേണ്ടി വന്നു ഞങ്ങളുടെ അരങ്ങുകേളികള്‍ക്ക്. പാവനിര്‍മാണമായിരുന്നു രസം. ബാലരമയിലും യുറീക്കയിലുമെല്ലാം നോക്കി കാര്‍ഡ്ബോര്‍ഡ് പേപ്പറില്‍  കഥാപാത്രങ്ങളെ വരച്ചു. തോന്നുന്നവരെല്ലാം കഥാപാത്രങ്ങളായി.. അത് വെട്ടിയെടുത്ത് ഈര്‍ക്കില്‍ പിടിപ്പിച്ചു. പന്തലില്‍ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിനു പിന്നില്‍ ഒളിച്ചിരുന്ന് ഈര്‍ക്കിലില്‍ പിടിച്ച് കഥാപാത്രങ്ങളെ ഉയര്‍ത്തി തോന്നുന്ന വഴിക്ക് നാടകത്തെ തെളിച്ചു. വാഹനങ്ങളും മരവും  ജീവികളുമെല്ലാം വെട്ടിവെച്ചത് ആവശ്യത്തിന് എടുത്ത് പ്രയോഗിച്ചു. കാഴ്ചച്ചക്കാര്‍ കളിക്കൂട്ടുകാര്‍ തന്നെ. ഇഖ്ബാലും കുട്ടനും സൗദയും റഷീദും സജിയും അവരുടെ കൂട്ടുകാരും അങ്ങനെകുറേ കുട്ടികള്‍.. ഒക്കെ ഒരുങ്ങിയാല്‍ കാണികളെ സംഘടിപ്പിക്കലായിരുന്നു പാട്. വയലിലെ വാഴത്തോപ്പിലും കനാലിലും അടുക്കളപ്പുറത്തുമെല്ലാം കളിത്തിരക്കിലായ കൂട്ടുകാരെ അനൗണ്‍സ് ചെയ്ത് തൊണ്ട വറ്റിച്ച് പറമ്പിലത്തെിക്കണം. പാവനാടകത്തിനൊപ്പം ചിലപ്പോള്‍ നാടകവും കൊഴുത്തു. പന്തലിനു മുന്നില്‍ കെട്ടിവെച്ച വലിയ ബിസ്ക്കറ്റ് ടിന്നായിരുന്നു ഷുവര്‍ മൈക്ക്. ഡയലോഗിനിടയില്‍ തുരുമ്പെടുത്ത ടിന്നിന്‍െറ മൂലയില്‍ തലതട്ടി അനിയന് പരിക്കേറ്റതോടെയാണ് ഉച്ചഭാഷിണി വേണ്ട എന്ന് സംഘാടക സമിതി തീരുമാനിച്ചത്.

ഏതൊക്കെ പുതുവഴികളിലേക്ക് കളിയുല്‍സവം കൊഴുപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു വേനലവധിയിലെ ഓരോദിനവും കൊഴിഞ്ഞു പോയിരുന്നത്. അടുത്തുവരുന്ന ജൂണ്‍ ദിനങ്ങള്‍ ആധിയായി മനസില്‍ മഴക്കൊപ്പം നില്‍ക്കും. അവധിക്കാലം തീര്‍ന്നതും കളിക്കൂട്ടം പിരിഞ്ഞതും മനസിനു സമ്മതിക്കാന്‍ സമയമേറെ വേണ്ടിവരും. പിന്നെ പുതിയ നോട്ടുപുസ്തകങ്ങളും കുടയും യൂനിഫോമുമെല്ലാം നിരക്കുന്ന മറ്റൊരു പുതുമ പതിയെ മനസില്‍ കൂടും. പുതിയ ക്ളാസ്, പുതിയ ടീച്ചര്‍, സ്കൂള്‍ കൂട്ടുകാരുടെ വിശേഷങ്ങള്‍ തുടങ്ങിയവയിലേക്ക് ഇറങ്ങാന്‍ മഴ പെയ്യുന്ന സ്കൂള്‍ മുറ്റത്തേക്ക് മനസ്  നടത്തം തുടങ്ങും.

നിധീഷ് നടേരി

1 comment:

  1. mashe... kollllattttto....super.... njanum ente kuttikkalathekkonnupoyi..... ithil palathun njangaludeyum kaliyayirunnu....

    ReplyDelete