Saturday, February 25, 2012

ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി.



പ്രകാശത്തെ മറികടന്ന് കുതിച്ച ന്യൂട്രിനോകള്‍ക്ക് ഒടുവില്‍ ഫൌള്‍ വിളി. ശാസ്ത്രസമൂഹത്തിന്റെ ഉറക്കം കെടുത്തിയ ന്യൂട്രിനോവിജയം അങ്ങനെ സംശയത്തിന്റെ നിഴലിലാവുന്നു. വിപ്ലവം സൃഷ്ടിച്ച പരീക്ഷണഫലവുമായെത്തിയ യൂറോപ്യന്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ഏജന്‍സിയുടെ (സേണ്‍) വെബ്സൈറ്റില്‍ ഒരു പ്രസ് റിലീസ് ഫെബ്രുവരി 23ന് സ്ഥാനം പിടിച്ചു. അതില്‍ ശാസ്ത്രസമൂഹത്തെ പിടിച്ചുലച്ച പരീക്ഷണത്തിന്റെ തിരുത്തുണ്ടായിരുന്നു. ഐന്‍സ്റീന്റെ നിഗമനങ്ങളെ വെല്ലുവിളിച്ച് പ്രകാശവേഗം മറികടന്നു പോയ ന്യൂട്രിനോകളെക്കുറിച്ചാണ് തിരുത്ത്.
പരീക്ഷണഫലത്തെ സ്വാധീനിച്ച രണ്ടു കുഴപ്പങ്ങളെക്കുറിച്ചാണ് സേണ്‍ ഏറ്റു പറയുന്നത്. ന്യൂട്രിനോകളുടെ സഞ്ചാരസമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ന്യൂട്രിനോ പ്രവാഹത്തിന്റെ സമയദൈര്‍ഘ്യം അളന്ന ഘടികാരങ്ങളെ നിയന്ത്രിച്ച ഓസിലേറ്ററില്‍ സാങ്കേതികതകരാര്‍ ഉണ്ടായിരുന്നു. ഒപ്റ്റിക്കല്‍ കേബ്ളിലെ പിഴവും ചേര്‍ന്നതോടെ പരീക്ഷണംവഴിതെറ്റാനുള്ള സാധ്യതയേറി. ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മേയില്‍ പരീക്ഷണം ആവര്‍ത്തിക്കാനാണ് സേണ്‍ തീരുമാനം.
അപ്പോള്‍, തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ് എന്നു വരുന്നു. 2011 സെപ്റ്റംബറിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചഓപ്പറ പരീക്ഷണഫലവുമായി സേണ്‍ രംഗത്തെത്തിയത്. ജനീവയിലെ സേണിന്റെ കണികാത്വരകത്തില്‍നിന്ന് ഇറ്റലിയിലെ ഗ്രാന്റ് സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോപ്രവാഹത്തെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം. ആവര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളിലെല്ലാം പ്രകാശത്തെക്കാള്‍ 60 നാനോസെക്കന്‍ഡ് മുമ്പില്‍ ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നുവെന്ന അമ്പരപ്പിക്കുന്ന ഫലമായിരുന്നു ഗവേഷകര്‍ക്ക് ലഭിച്ചത്.
പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റീന്റെ സിദ്ധാന്തത്തെയാണ് ഇത് ചോദ്യം ചെയ്തത്. പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ശാസ്ത്രകാരന്മാര്‍ അന്നേ രംഗത്തുണ്ടായിരുന്നു. പരീക്ഷണത്തില്‍ സാങ്കേതിക പിഴവില്ലെന്നായിരുന്നു ആദ്യം സേണ്‍ വാദിച്ചിരുന്നത്. അതേസമയം വിപ്ലവകരമെന്ന് തോന്നിച്ച ഫലം മറ്റു സ്വതന്ത്ര പരീക്ഷണങ്ങളിലും ആവര്‍ത്തിച്ചാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. ലോകമെങ്ങുമുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ പരീക്ഷണം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടു തരത്തില്‍ ആഗോള ഭൌതിക സമൂഹം ഈ ഫലവുമായി പ്രതികരിച്ചിരുന്നു.


 
പരീക്ഷണത്തില്‍ അസാധാരണ ഫലം വരാനുള്ള സാധ്യതകള്‍ ആരായുന്ന രീതിയില്‍ നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം പ്രകാശവേഗം അവസാനവാക്കല്ലെന്ന പുതിയ അവസ്ഥയില്‍ ഏതു സിദ്ധാന്തം കൊണ്ട് അതിനെ സാധൂകരിക്കാമെന്ന രീതിയിലും ചര്‍ച്ചകളുണ്ടായി. എന്തായാലും സേണ്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ല. കറകളഞ്ഞ നിഗമനങ്ങളിലേക്ക് ഒരു പക്ഷേ ഐന്‍സ്റീന്‍ പറഞ്ഞുവച്ചതുപോലെ പ്രകാശം തന്നെ അവസാനവാക്കെന്ന ഉറപ്പിക്കലിലേക്ക് പരീക്ഷണം തുടരട്ടെ.
വാല്‍നക്ഷത്രം
അവിശ്വസനീയ ഫലങ്ങളിലാണ് ശാസ്ത്രം കൂടുതല്‍ അസ്വസ്ഥമാവുക. ശരി, കൂടുതല്‍ ശരി, കൂടുതല്‍ സൂക്ഷ്മമായ ശരി എന്നതിലേക്കുള്ള തുടര്‍പ്രക്രിയയില്‍ അത് സ്വയം തെറ്റുകള്‍ തിരുത്തുന്നു

Saturday, November 19, 2011

പുതിയ പരീക്ഷണത്തിലും ന്യൂട്രിനോ പ്രകാശത്തെ മറികടന്നെന്ന്

എതിര്‍വാദക്കാര്‍ നിരത്തിയ പോരായ്മകള്‍ പരിഹരിച്ച് നടത്തിയ പുതിയ പരീക്ഷണത്തിലും ന്യൂട്രിനോകണങ്ങള്‍ പ്രകാശവേഗത്തെ മറികടന്നുവെന്ന് സേണ്‍(യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്) അവകാശപ്പെട്ടു. ന്യൂട്രിനോ കണങ്ങളെ ജനീവയിലെ സേണ്‍ പരീക്ഷണശാലയില്‍ നിന്ന് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ പരീക്ഷണ ശാലയിലേക്ക് അയച്ച് വേഗം നിര്‍ണയിക്കുന്ന പരീക്ഷണമാണ് വീണ്ടും ആവര്‍ത്തിച്ചത്. സെപ്റ്റംബറില്‍ ന്യൂട്രിനോകള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന പരീക്ഷണ ഫലം പ്രഖ്യാപിച്ച് സേണ്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയും  സംവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. പ്രകാശത്തിനപ്പുറം വേഗമില്ലെന്ന ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ നിഗമനത്തെ ഖണ്ഡിക്കുന്ന ഈ പരീക്ഷണ ഫലം കൂടുതല്‍ സ്വതന്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷം അംഗീകരിച്ചാല്‍ മതിയെന്നായിരുന്നു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ തീരുമാനം. സേണിലെ പ്രോട്ടോണ്‍ ത്വരകത്തില്‍ നിന്ന്   10.5 മൈക്രോ സെക്കന്റ്  നേരം തുടരുന്ന പ്രോട്ടോണ്‍ പ്രവാഹത്തില്‍ നിന്നുണ്ടാവുന്ന ന്യൂട്രിനോ പ്രവാഹത്തെ പറഞ്ഞയച്ചാണ് നേരത്തേ പരീക്ഷണം നടത്തിയത്.  പ്രോട്ടോണ്‍ ത്വരകത്തിലെ ഓരോ പ്രോട്ടോണും ഈ സമയത്തിനകം സങ്കീര്‍ണമായപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയാണ് ന്യൂട്രിനോകളായി പുറത്തേക്ക് പ്രവഹിക്കുന്നത്.

അതിനാല്‍ ഗ്രാന്‍ഡ് സാസോ ലാബിലെത്തുന്ന ന്യൂട്രിനോകളുടെ കൃത്യമായ സഞ്ചാര സമയം നിര്‍ണയിക്കുന്നതില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നേരത്തേ വാദമുയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ മൂന്നുമൈക്രോസെക്കന്റിന്റെ പ്രോട്ടോണ്‍ പ്രവാഹം സൃഷ്ടിച്ച് ന്യൂട്രിനോകളെ പറഞ്ഞുവിട്ടാണ് പരീക്ഷണം വീണ്ടും നടത്തിയത്. ഇരുപത് തവണ ആവര്‍ത്തിച്ച പരീക്ഷണത്തില്‍ പ്രകാശത്തേക്കാള്‍ 60നാനോ സെക്കന്റ് വേഗത ന്യൂട്രിനോ കണങ്ങള്‍ കൈവരിച്ചുവെന്ന് സേണ്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം ആദ്യഫലം പ്രസിദ്ധീകരിച്ച fr.arxiv.org വെബ്സൈറ്റില്‍ കൂടുതല്‍ വിശകലനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.  ഓപറ(OPERA ^Oscillation Project with Emulsiontracking Apparatus) എന്ന  ഈ പരീക്ഷണ പദ്ധതിയില്‍ ന്യൂട്രിനോ വേഗ പരീക്ഷണങ്ങള്‍ തുടരുമെന്നും ഗവേഷകര്‍ പറയുന്നു. പുതിയ  പരീക്ഷണ ഫലം നേരത്തത്തെക്കാള്‍ മെച്ചപ്പെട്ടെന്നും കൂടുതല്‍ വിശകലനങ്ങള്‍ക്കു ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുവെന്നും ഓപറ ഫിസിക്സ് കോഡിനേറ്റര്‍ അറിയിച്ചു. സേണിലെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്ന ന്യൂട്രിനോകള്‍  ഭൂമിക്കടിയിലൂടെ 730 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇറ്റലിയിലെ ഗ്രാന്‍ഡ് സസോ ലാബില്‍ എത്തുന്നത്. അവിടത്തെ ന്യൂട്രിനോ ഡിറ്റക്ടറുകളാണ് ഇവയെ തിരിച്ചറിയുന്നത്.

Sunday, November 13, 2011

റഷ്യന്‍ പേടകം ദുരന്ത വക്കില്‍


ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം. വിക്ഷേപണത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ കറങ്ങിത്തിരിയുകയാണ് ഇത്. പതിമൂന്ന് ടണ്ണോളം വരുന്ന പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് കുതിക്കാന്‍ അപ്പര്‍ സ്റ്റേജ് റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഭ്രമണപഥത്തില്‍ പേടകത്തെ നിലനിര്‍ത്തി പ്രശ്നം മനസിലാക്കി ദൌത്യത്തെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് റഷ്യന്‍ ഗവേഷകര്‍……………..

റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ രണ്ടാം കുതിപ്പിന് അവസരമൊരുക്കാനായാല്‍ ദൌത്യം റഷ്യക്ക് ഒരു പക്ഷേ തിരിച്ചുപിടിക്കാനായേക്കും. ആഴ്ചകള്‍ക്കകം തകരാറ് മനസിലാക്കി ദൌത്യം പുനരുജ്ജീവിപ്പിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. റോക്കറ്റ് പണിമുടക്കിയതിനു പിന്നില്‍ സോഫ്റ്റ്വേര്‍ തകരാറായിരിക്കാമെന്നും എളുപ്പം പരിഹരിക്കാമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഹാര്‍ഡ്വേര്‍ തകരാറാണെങ്കില്‍ ദൌത്യം ഉപേക്ഷിക്കേണ്ടിവരും. അതോടെ പതിനെട്ട് ചൊവ്വന്‍ ദൌത്യങ്ങളില്‍ പതിനാറിലും പരാജയമറിഞ്ഞ റഷ്യയുടെ കണക്കു പുസ്തകത്തില്‍ ഈ നഷ്ടവും കൂടി എഴുതിച്ചേര്‍ക്കേണ്ടി വരും.
ഭൂമിയില്‍ പതിച്ചേക്കാമെന്ന രീതിയില്‍ അപകടകരമായ ഭ്രമണപഥത്തിലാണ് പേടകം ഉള്ളതെന്നും ദൌത്യ സംഘത്തിന് പേടകവുമായി ആശയവിനിമയം പൂര്‍ണമായി നഷ്ടമായെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മൂന്നു ദിവസത്തിനകം പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമമെന്നും തുടര്‍ന്ന് രണ്ടാംഘട്ട റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

അതേസമയം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും അപകടകാരികളായ സൂക്ഷ്മ ജീവികളും ഉള്‍ക്കൊള്ളുന്ന പേടകം ഭൂമിയില്‍ പതിച്ചേക്കുമെന്ന് ഭീതി വിതക്കുന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കത്താതെ ബാക്കിയായ വിഷകരമായ ഹൈഡ്രസീന്‍ – നൈട്രജന്‍ ടെട്രോക്സൈഡ് ഇന്ധനവും റേഡിയോ ആക്ടീവ് കൊബാള്‍ട്ട് `57 ശേഖരവും പേടകത്തിലുണ്ട്. നിയന്ത്രണം വിട്ടുള്ള പതനമാണെങ്കില്‍ ഇവയെല്ലാം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരക്കാനിടയാവും.

ചൈനയുടെ യിംഗ്വോ ഉപഗ്രഹവും പുതിയൊരു ദൌത്യത്തിന് ബാക്കിയില്ലാതെ ചിതറിപ്പോവും. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയെ ഭ്രമണം ചെയ്യാനായിരുന്നു ഈ ഉപഗ്രഹത്തെ ചൈന ദൌത്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പേടകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്പേസ് ഏജന്‍സി വക്താക്കള്‍ വ്യക്തമാക്കുന്നു.
ബന്ധം സ്ഥാപിക്കാനായാല്‍ സോഫ്റ്റ് വേര്‍ റീപ്രോഗ്രാം ചെയ്യുക എന്ന കഠിന ദൌത്യത്തിനു ശേഷമേ പേടകത്തിന്റെ കുതിപ്പ് തുടരാനാവൂ. 

ഇതിനുള്ള സാധ്യത വിരളമാണ്. പേടകം ഫോബോസ് മണ്ണിലെത്തുമെന്ന റഷ്യന്‍ പ്രതീക്ഷയും ചൈനയുടെ യിംഗോ 1 എന്ന ചൊവ്വാനിരീക്ഷണ ഉപഗ്രഹ പദ്ധതിയുമാണ് നിലയില്ലാ വായുവിലായിരിക്കുന്നത്. ദൌത്യ പരാജയത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യക്ക് ഏല്‍ക്കുന്ന തിരിച്ചടി ചെറുതൊന്നുമല്ല. 163 കോടി ഡോളര്‍ ചിലവിട്ട പദ്ധതി റഷ്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. തുടര്‍ പരാജയങ്ങള്‍ ഗവേഷകരുടെ ആത്മവിശ്വാസത്തിനും പോറലേല്‍പ്പിക്കും.