Wednesday, December 22, 2010ര്‍ഷകര്‍ പാടത്തു നിന്ന് പടിയിറക്കപ്പെടും. വന്‍കിട കമ്പനികള്‍ ഇന്ത്യയുടെ പാട ശേഖരങ്ങള്‍ പാട്ടത്തിനെടുത്ത് കാര്‍ഷിക വ്യവസായം തുടങ്ങും.  ശേഷി കൂടിയ ജീനുകള്‍ വിളക്കി ചേര്‍ത്ത പുതു വിത്തിനങ്ങള്‍ ഇനിയും മണ്ണിലെത്തും. രാസപ്രയോഗത്തിന്റെ രൂക്ഷതയില്‍ മണ്ണടരുകളില്‍ അര്‍ബുദം പോലെ വിളകള്‍ പെരുകും. അന്നദാതാക്കളായി കോര്‍പറേറ്റ് ഭീമന്‍മാര്‍ കമ്പോളം വാഴും.  വിഷം  കിനിയുന്ന ഭക്ഷണപ്പൊതികള്‍ക്ക് കൈനീട്ടി നാംഅവര്‍ക്കു മുമ്പില്‍ ഊഴം കാത്തുനില്‍ക്കും...സംഗീതവും സംസ്കാരവും ജീവിതവും കൃഷിയും ചേറിയെടുക്കനാവാതെ കലര്‍ന്ന കാലം കഥമാത്രമാവും... ബയോടെക്നോളജി റെഗുലേറ്ററി ബില്ലും, സീഡ് ബില്ലുമെല്ലാം ആര്‍ക്കോ പരവതാനി വിരിക്കാന്‍ അണിയറയിലൊരുങ്ങുന്നു. പണയപ്പെടുത്തലുകള്‍ക്ക് മുന്‍പ് പ്രകൃതിയറിഞ്ഞ് വിളയിറക്കിയ പഴമയെ നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. ഓര്‍മ്മപ്പെടുത്തലിനും കരുതലിനുമായി ഒരുസംഘം ജൈവകര്‍ഷകരും കാര്‍ഷികപ്രവര്‍ത്തകരും ഇന്ത്യയുടനീളം  യാത്രയിലാണ്. ഗാന്ധിസ്മൃതിദിനത്തില്‍ സബര്‍മതിയില്‍ തുടങ്ങിയ കിസാന്‍ സ്വരാജ് യാത്ര കേരളത്തിലൂടെയും കടന്നു പോയി. നാട്ടുകൂട്ടങ്ങളില്‍ അവര്‍ ആശങ്കകളും ജൈവകൃഷി നല്‍കുന്ന പ്രതീക്ഷകളും പങ്കുവെച്ചു...കാര്‍ഷിക സംഘടനകളുടെ കൂട്ടായ്മ ആഷയാണ് (allince for sustainable and holistic agriculture)എഴുപത്തൊന്ന്  ദിനം നീളുന്ന യാത്രയുടെ പിന്നില്‍.

പാലക്കാട്
29/11/2010
തമിഴ്നാട് കടന്ന് കേരളത്തില്‍ പ്രവേശിച്ച യാത്രക്ക് ആദ്യ സ്വീകരണം വിക്ടോറിയ കോളജില്‍. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നിരോധത്തിനായ്ി ഉറച്ചുനില്‍ക്കുമെന്നും മൊബൈലില്‍ അഭിസംബോധന ചെയ്ത കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍.തണല്‍ പരിസ്ഥിതി സംഘത്തിലെ ശ്രീധര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ സദസില്‍ കൈയടി.
preperation to start the journey at palakkad
തോളില്‍ മെഗഫോണ്‍ തൂക്കിയ ബീഹാറുകാരന്‍ പങ്കജ് ഭൂഷണ്‍  മുദ്രാവാക്യം മുഴക്കുന്നു..എയര്‍ഫോഴ്സില്‍ നിന്ന് രാജിവെച്ച് പരമ്പരാഗത കൃഷിക്കിറങ്ങിയ ആളാണ് പങ്കജ്. കാര്‍ഷികപ്രവര്‍ത്തകന്‍. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരായ ജി.എം ഫ്രീ ബീഹാര്‍ മൂവ്മെന്റിന്റെ കണ്‍വീനര്‍. ചടങ്ങുകഴിഞ്ഞ് സംഘം യാത്രക്കൊരുങ്ങി. മലയാളത്തിലെഴുതിയ ബാനറുകളിലെ പരിഭാഷയറിയാന്‍ ഡല്‍ഹിയില്‍ നിന്നുള്ള രച്ന വര്‍മ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. കിസാന്‍ സ്വരാജ് യാത്ര ബസ് ചലിച്ചു തുടങ്ങുന്നു
ഒറീസയില്‍ നിന്നുള്ള ജൈവകര്‍ഷകന്‍ രത്നാകര്‍ സാഹുവും മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള പരുത്തി കര്‍ഷകന്‍ ഗജാനന്ദ് ഹാര്‍നേയും ഒരുമിച്ചിരിക്കുന്നു. ഇവര്‍ക്കിടയില്‍ ഭാഷ തടസമാവുന്നില്ല. ദിവസങ്ങള്‍ പിന്നിട്ട സഹയാത്രയില്‍ അവര്‍ വലിയ സുഹൃത്തുക്കളായിരിക്കുന്നു.
ബസിനുള്ളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു
ബീജ്  ബച്ചാവോ
ദേശ് ബച്ചാവോ
(വിത്തുകള്‍ സംരക്ഷിക്കൂ
രാഷ്ട്രത്തെ സംരക്ഷിക്കൂ)

പങ്കജ് ഭൂഷണിനൊപ്പം സംഘാംഗങ്ങള്‍ മുഴുവന്‍ ചേരുന്നു

അലൂമിനിയത്തിന്റെ കുഞ്ഞു സംഭാവനപ്പെട്ടി തുറന്ന് തമിഴ്നാട്ടിലെ പര്യടനത്തിനിടെ നാട്ടുകാരില്‍ നിന്ന് ലഭിച്ച തുക ഗ്രീന്‍ പീസ് പ്രവര്‍ത്തക ഐശ്വര്യ മെദിനേനി പ്രഖ്യാപിക്കുന്നു.
ഫൂല്‍ ഖിലാവോ
ഫൂല്‍ ഖിലാവോ

Gajanan Harne In bus
ഗജാനന്ദ് ഇരു കൈകളും പൂ പോലെ വിടര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു.
യാത്ര തുടരവേ പങ്കജ് ഭൂഷണ്‍... . '2008ലാണ് ജി.എം ഫ്രീ ബീഹാര്‍ പ്രസ്ഥാനം തുടങ്ങുന്നത്. ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതിനക്കെതിരെ നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ ബീഹാറില്‍ സംഘടിപ്പിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കത്തയച്ചു. ജനിതക മാറ്റം വരുത്തിയ വഴുതിന വിത്തുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയണമെന്ന് ഓര്‍മിപ്പിച്ചു. ജൈവ കൃഷിരീതി വ്യാപകമാക്കാന്‍ സഹായിക്കുന്ന ജൈവ കൃഷി നയം നടപ്പാക്കാന്‍ ബീഹാര്‍ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ഭാഗികമായി മാത്രം ജൈവകൃഷിനയം സര്‍ക്കാര്‍ നടപ്പാക്കി'.

ശ്രീകൃഷ്ണ പുരം

.ശ്രീകൃഷ്ണപുരത്തെ വലം പിരിമംഗലമെന്ന ഗ്രാമം യാത്രാസംഘത്തെ കാത്ത് നില്‍ക്കയായിരുന്നു. കയ്യില്‍ ബാനറുകളേന്തി വിദ്യാര്‍ഥികള്‍, നാട്ടുകാര്‍... . ജൈവകര്‍ഷകന്‍ ശങ്കരന്‍ നമ്പൂതിരിയുടെ വീട്ടിലാണ് സ്വീകരണം.
sreekrishnapuram welcomes the Yatra
shankaran namboodiri expalains the fish amino
രാസവളമയറിയാത്ത നനുത്ത മണ്ണില്‍ തഴച്ചു നില്‍ക്കുന്ന ചേമ്പും ചേനയും പച്ചക്കറികളും.. സംഘം ശങ്കരന്‍ നമ്പൂതിരിയോടൊപ്പം കൃഷിയിടം കണ്ടു.തെങ്ങിന്‍ തടത്തില്‍  കരിയിലകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവ ചികയാന്‍ കാക്കയും കുയിലും ചവേലപ്പക്ഷിയും തടത്തിലെത്തും അവയുടെ കാഷ്്ഠം തെങ്ങിനു വളമാകും ചിലമ്പലുകള്‍ തൊടിയില്‍ മുഴങ്ങും...വലിയ മരങ്ങളുടെ ശാഖകള്‍ക്കിടയില്‍ മണ്‍പാത്രങ്ങള്‍. അവയില്‍ തേനീച്ചയും വേട്ടാളനും മരപ്പട്ടിക്കുമെല്ലാം സ്വാഗതം..ആര്‍ക്കും കൂടുകൂട്ടാന്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഇഷ്ടദാനമാണ് അവയുടെ  ഉള്ളറകള്‍..തൊഴുത്തില്‍ പശുക്കള്‍..ചാണകം ശേഖരിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ അറകള്‍.. തൊഴുത്തിനു പിന്നില്‍ മല്‍സ്യത്തില്‍ നിന്നുണ്ടാക്കുന്ന ജൈവവളമായ മല്‍സ്യ അമിനോ ആസിഡ് നിര്‍മ്മിക്കാനുള്ള സംവിധാനം. ഒരു ടാങ്കിനുള്ളില്‍ മല്‍സ്യവും ശര്‍ക്കരയുമെല്ലാം ചേര്‍ത്ത് തയാറാക്കുന്ന മല്‍സ്യ അമിനോ മറ്റൊരു വലിയ ടാങ്കിലേക്ക് കുറേശെയായി ഒഴിച്ച് വെള്ളം ചേര്‍ത്ത് വീര്യം കുറക്കുന്നു. അവിടെ നിന്ന്  ചെടികളില്‍ പമ്പ് ചെയ്യുന്നു. നാല് മില്ലീലിറ്റര്‍ അമിനോ ഒരു ലിറ്ററില്‍ മതിയെന്ന് ശങ്കരന്‍ നമ്പൂതിരി . തണലിലെ ഉഷ സംഘത്തിന് പരിഭാഷപ്പെടുത്തുന്നു.
Gajanan and Pankaj Bhooshan having sadya
ആന്ധ്രയില്‍ നിന്നുള്ള ജനാര്‍ദ്ദനും തമിഴ്നാട് പുതുക്കോട്ടക്കാരന്‍ തങ്കച്ചാമിയുമെല്ലാം  സംശയങ്ങളുടെ കെട്ടഴിക്കുന്നു. ഒപ്പമുള്ള കാര്‍ഷിക പ്രവര്‍ത്തകര്‍ അവര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കുന്നു. അമേരിക്കന്‍ മലയാളി സപ്നക്ക്  ഡോക്റ്ററേറ്റ് പഠനത്തിന് മുതല്‍ക്കൂട്ടാണ് ഈ കൃഷിയിടം തരുന്ന കാഴ്ചകള്‍.  സി.ഡി.എസില്‍ ജൈവകൃഷിയില്‍ പഠനം നടത്തുന്ന അവര്‍ക്കൊപ്പം അമേരിക്കക്കാരന്‍ ഭര്‍ത്താവ് ഡേവിഡുമുണ്ട്. അദ്ദേഹം ഗണിതാധ്യാപകനാണ്. യാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചേര്‍ന്നതാണിവര്‍.
ഉച്ചഭക്ഷണം മനയിലായിരുന്നു. വലം പിരിമംഗലത്തെ ജൈവകര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സദ്യയൂട്ട്.

വാണിയംകുളം 

'പതിനെട്ടാം നൂറ്റാണ്ടില്‍ ബുന്ദേല്‍ഖണ്ഡില്‍ വരള്‍ച്ച പടര്‍ന്നു പിടിച്ചു. കരിഞ്ഞുണങ്ങിയ പാടങ്ങള്‍ വിട്ട് കര്‍ഷകര്‍ പലായനം തുടങ്ങി. വിശപ്പു കത്തുമ്പൊഴും  സ്വരുക്കൂട്ടിവെച്ച നെല്‍വിത്തിന്റെ വലിയ ഭാണ്ഡവും പേറിയായിരുന്നു അവരുടെ യാത്ര. വിശപ്പു ശമിപ്പിക്കാന്‍ അവര്‍ക്ക് അത് ഉപയോഗിക്കാമായിരുന്നു. വിത്തുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്നും വരും തലമുറകള്‍ക്കുള്ള കരുതിവെപ്പാണെന്നുമായിരുന്നു അവര്‍ പഠിച്ച നന്‍മയുടെ പാഠം'

meeting at vaniamkulam Hss
കവിത കൂര്‍ഗന്ധി  വെള്ളിയാംകുളം ടി.ആര്‍.കെ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സദസിനോടു പറഞ്ഞു. ഹരിത വിപ്ലവം തകര്‍ത്ത പഞ്ചാബിലെ കാര്‍ഷിക മേഖലയില്‍ ഖേതി വിരാസത് മിഷന്‍ എന്ന സംഘടനയുമായി സജീവമാണ് കവിത.
'പതിറ്റാണ്ടുകളായി നമ്മുടെ കര്‍ഷകര്‍ കാര്‍ഷിക യൂനിവേഴ്സിറ്റികളുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശം കേട്ട് കഴിയുകയായിരുന്നു. ഇതിനിടെ പരമ്പരാഗത കൃഷിരീതികള്‍ മറന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഒരു ഹെക്ടറില്‍ ഒമ്പതു ടണ്‍ നെല്ലുവരെ വിളയിച്ചെടുത്തിരുന്നു. അത്രക്ക് കാര്യക്ഷമമായിരുന്നു നമ്മുടെ കാര്‍ഷിക വ്യവസ്ഥ. പരമ്പരാഗത മാര്‍ഗങ്ങളില്‍ മികച്ചയിനം നെല്‍വിത്തുകള്‍ വികസിപ്പിക്കാനും കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. ബി.ടി.വഴുതിനയും,ബി.ടി കോട്ടAdd captionണുമടക്കമുള്ള ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ വികസിപ്പിക്കാന്‍ മൊണ്‍സാന്റോയെ പോലുള്ള കോര്‍പറേറ്റുകളുടെ പ്രൊജക്റ്റുകള്‍ നമ്മുടെ യൂനിവേഴ്സിറ്റികള്‍ ഏറ്റെടുക്കുന്നതെന്തിനാണ്? അവര്‍ തരുന്ന വിത്തുകള്‍, അവര്‍ തരുന്ന രാസവളങ്ങള്‍, കീടനാശിനികള്‍...ഒരടി പോലും അവരെ ആശ്രയിക്കാതെ കഴിയില്ലെന്ന മട്ടിലായി കാര്യങ്ങള്‍.

Kavitha kurganthi
തമിഴ്നാട് കാര്‍ഷിക യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ക്ക് ഞങ്ങള്‍ കര്‍ഷകരുടെ സംഭാവനപ്പെട്ടി നല്‍കി. കുത്തക കമ്പനികളുടെ ഫണ്ട് വാങ്ങി ഗവേഷണം നടത്താതെ കര്‍ഷകന്റെ സംഭാവന വാങ്ങി അവന്റെ നിലനില്‍പ്പിനുള്ളത് ചെയ്യൂ  എന്ന സന്ദേശമായിരുന്നു ആ നീക്കത്തില്‍. ചാന്‍സലര്‍ അത് വാങ്ങിയില്ല,ഞങ്ങള്‍ അത് അവിടെ വച്ചു വന്നു.'
കവിതക്കുശേഷം ജൈവ കൃഷി പ്രചാരകനായ ടോണി തോമസ് സംസാരിച്ചു. മണ്ണിന്റെ മനസറിഞ്ഞു വിളയിറക്കണമെന്ന് അനുഭവത്തിന്റെ ആര്‍ജവത്തോടെ അദ്ദേഹം പറഞ്ഞു.രണ്ടാം ഹരിത വിപ്ലവത്തിന് ഒരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ  സോണിയാഗാന്ധിക്കുള്ള പരാതിക്കത്ത് കുട്ടികള്‍ ഒപ്പിട്ടു
നല്‍കി.യാത്രയിലുടനീളം ഈ പരാതിക്കത്ത് ഒപ്പിട്ടുവാങ്ങുന്നു.

ആറങ്ങോട്ടുകര/തൃശൂര്‍


ആറങ്ങോട്ടുകര അങ്ങാടിയില്‍ ഒരു നാടകം. കിസാന്‍ സ്വരാജ് യാത്രികര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ പയ്യിനെ വിറ്റ്, പാടവും വില്‍ക്കാനൊരുങ്ങുന്ന കര്‍ഷകനും  കഥയറിയാത്തൊരു വീട്ടമ്മയും ജീവിച്ചു..അവള്‍ മകളെ പോലെ സ്നേഹിച്ച പയ്യിനെയാണ് അയാള്‍ വിറ്റത്. അടുത്ത കണ്ടങ്ങളെല്ലാം ഒത്തുകിട്ടിയാല്‍ മാത്രം പാടം വാങ്ങാമെന്നു വീര്യം പറയുന്ന റിയല്‍ എസ്റ്റേറ്റുകാരനു മുന്നില്‍ ചുളുവിലക്ക് അയാള്‍  കച്ചവടത്തിനു മുതിരുന്നു. എല്ലാം നഷ്ടമാവുമെന്നു തോന്നിയ വൈകുന്നേരം അവള്‍ അയാള്‍ക്ക് മുന്നില്‍ ഒരു മുറം നെല്‍വിത്തുമായെത്തുന്നു.അവര്‍ക്കു മുന്‍പില്‍ നെല്‍വിത്ത് കിനിയുന്നു. മെരുങ്ങാത്ത പയ്യിനെ വാങ്ങിയവന്‍ വീട്ടിലെത്തിക്കുന്നു. പകരംഅവന്  അവരുടെ പുട്ടാടന്‍ നെല്ല് മതിയെന്നാവുന്നു. അവരെല്ലാം ചേര്‍ന്ന് ഒരു പഴം ചക്ക മുറിക്കാനൊരുങ്ങുമ്പോള്‍ നാടകം തീരുന്നു.
biofarmer Sreeja's house

കൃഷിപാഠം പ്രവര്‍ത്തകരായിരുന്ന്ു അരങ്ങത്ത് .ജൈവകര്‍ഷകര്‍ കൂടിയായ അവര്‍  നിരവധി വേദികളില്‍'ഇടനിലങ്ങള്‍'് അവതരിപ്പിച്ചിരിക്കുന്നു. നാടകത്തിലഭിനയിച്ച ശ്രീജയുടെ കുടുംബമാണ്  യാത്രികര്‍ക്ക് ആതിഥ്യമരുളിയത്. അവരുടെ മണ്‍വീട്ടിലും അടുത്ത വീടുകളിലുമായി യാത്രികര്‍ വിശ്രമിച്ചു. ആറങ്ങോട്ടുകരയില്‍ കൃഷിപാഠം പ്രവര്‍ത്തകര്‍ ജൈവകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്ത നടത്തുന്നു. ഇവിടം കലയും കൃഷിയും സംസ്കാരവും കലര്‍ന്ന നാട്ടു പഴമയുടെ സുഖമറിയുന്നു. ഹൃദ്യമായ  അനുഭവമായിരുന്നു ആറങ്ങോട്ടുകരയെന്ന് കവിത കൂര്‍ഗന്ധി.

എടപ്പാള്‍/മലപ്പുറം

Pankaj Bhooshan and Janardhan
'ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയില്‍ മുന്നിലുള്ള നാടാണ് എന്റേത്. മഹാരാഷ്ട്രയിലെ വിദര്‍ഭ. ഞങ്ങള്‍ ചോളവും നെല്ലും പരുത്തിയും കൃഷിചെയ്തു പോന്ന സമൂഹമായിരുന്നു.പശുക്കളുടെ ചാണകമായിരുന്നു പ്രധാനവളം. ജലസേചനത്തിന് ഏക്കറുകണക്കിന് വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വലിയ കുളങ്ങളുണ്ടായിരുന്നു. നല്ല മണ്ണ്്, നല്ലവണ്ണം വെള്ളം... ഹരിതവിപ്ലവമാണ് കാര്യങ്ങള്‍ മാറ്റിയത്്്്' ^ എടപ്പാള്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗജാനന്‍ ഹാര്‍നെ പറഞ്ഞു. നാടാകെ സര്‍ക്കാര്‍ വക കുഴല്‍ക്കിണറുകള്‍ നിറഞ്ഞു. കുളങ്ങള്‍ വറ്റി. ജനിതകമാറ്റം വരുത്തിയ ബി.ടി.കോട്ടണ്‍ വിത്ത് ഞങ്ങള്‍ക്കു നല്‍കി.രാസവളങ്ങള്‍ നല്‍കി. പുതിയ കീടങ്ങളെ തുരത്താന്‍ കീടനാശിനികള്‍ നല്‍കി.അവയ്ക്ക് സബ്സിഡി തന്നു. ഞങ്ങളുടെ മണ്ണ് നാശമായി. ആദായം കുറഞ്ഞു. കൂട്ടത്തോടെ കടക്കെണിയിലായി. വിദര്‍ഭ പാക്കേജ് എന്നപേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സഹായം ഇടനിലക്കാരും രാഷ്ട്രീയക്കാരും പങ്കുവെച്ചു. വഴിതെറ്റിയെന്ന് മനസിലായ പലരും പഴയ കൃഷി രീതിയിലേക്ക് തിരിച്ചു വന്നു'
ബയോഡൈവേര്‍സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.എസ് വിജയനും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ജയകുമാറും എടപ്പാള്‍ തൊട്ട് യാത്രയില്‍ ചേര്‍ന്നു. ജനിതകമാറ്റം വരുത്തിയ വിത്തിനെ വിമര്‍ശിക്കുന്നവന് ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളുമായി ഒരുങ്ങുന്ന ബയോടെക്നോളജി റെഗുലേറ്ററി ബില്ലിനെ ഏറെ ഭയക്കണമെന്ന് വി.എസ്.വിജയന്‍.
യാത്ര നിലമ്പൂരിലേക്കായിരുന്നു പിന്നീട്. അവിടെ നല്ലഭക്ഷണ പ്രസ്ഥാനക്കാരുടെ സ്വീകരണം.. പിന്നെ വയനാടും കടന്ന്  അനുഭവങ്ങളുടെ നിറപറയുമായി കിസാന്‍ സ്വരാജ് യാത്ര കേരളം വിട്ടു...  കൈവെള്ളയില്‍ നിന്ന് ഊര്‍ന്നു പോവുന്ന വിത്തും വിതയും വയലും കാക്കാന്‍ യാത്രക്കൊപ്പം ഇന്ത്യയാകെ ഉണരുകയാണെന്ന് ഇവര്‍ക്ക് ഉറപ്പുണ്ട്. ഒരു നാള്‍ പ്രതിഷേധം കടലാവുമെന്നും കര്‍ഷകന്റെ സ്വാതന്ത്യ്രവും ജീവിതവും പണയപ്പെടുത്താനൊരുങ്ങുന്നവര്‍ പിന്‍മാറുമെന്നും...   20 സംസ്ഥാനങ്ങളിലൂടെ ദല്‍ഹിയില്‍ ഗാന്ധിയുറങ്ങുന്ന രാജ്ഘട്ടില്‍ ഡിസംബര്‍ 11ന് ഓര്‍മ്മപ്പെടുത്തലിന്റെ യാത്ര പൂര്‍ത്തിയായി. ഇനി ചെറുത്തു നില്‍പിന്റെ പുതിയ സമരകാലം.

                   .....

No comments:

Post a Comment