
കാണാനൊരുങ്ങുക
കണക്കിന്റെ കളിയുദ്യാനം...
തന്നെ വലം വെക്കുന്ന അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയില്‍ ഇടറി നില്‍ക്കുന്ന ഇഷാന്‍ എന്ന എട്ടു വയസുകാരന്‍... താരെ സമീന്‍ പര്‍ എന്ന ഹിന്ദി ചിത്രത്തിലെ രംഗം. അപരിചിതത്വമുണ്ടാക്കുന്ന ചിഹ്നങ്ങളുടെ തടവറയില്‍ അവന്‍ നിസഹായനായിരുന്നു. ജീവനില്ലാത്ത സമവാക്യങ്ങളുടെയും ഗണിതസമസ്യകളുടെയും മുന്നില്‍ പല ബാല്യങ്ങളുമിങ്ങനെ പകച്ചുനിന്നിട്ടുണ്ട്, നില്‍ക്കുന്നുണ്ട്. നക്ഷത്രങ്ങളും തീവണ്ടിയും താഴ്വാരങ്ങളും ചിത്രശലഭങ്ങളും പൂക്കളുമെല്ലാം നിറമേറ്റുന്ന കുട്ടിക്കാലഖ
ത്തിന് സമവാക്യങ്ങളുടെ നിറമില്ലായ്മ പലപ്പോഴും വീര്‍പ്പുമുട്ടലാകുന്നു. അവര്‍ ഗണിതത്തെ വെറുക്കുന്നു. കണക്കുമാഷുടെ മുഖവും ഉത്തരത്തിലെത്താതെ പാതിവഴിയില്‍ ഇടറിയ ഒരുപാട് ഗണിതപ്രശ്നങ്ങളും ബാല്യ സ്വപ്നങ്ങളുടെ നിറം കെടുത്തുന്നു.
മലപ്പുറം പുളിക്കല്‍ സ്വനേശിയായ അദീബ് എന്ന ഗണിതാധയാപകനെറ മുന്നിലും സമവാക്യങ്ങളെ മിഴിച്ചുനോക്കിനിന്ന വിദ്യര്‍ത്ഥികളിരുന്നിരുന്നു. വൃത്ത സ്തൂപികയുടെയും സമചതുര സ്തംഭത്തിന്റെയുമെല്ലാം വ്യാപ്തം കാണാനും വിസ്തീണ്ണമറിയാനും സൂത്രവാകയങ്ങള്‍ ബോറഡില്‍ കുറിക്കുമ്പോള്‍ പരിചിതമല്ലാത്ത കാഴ്ചയില്‍ തറഞ്ഞ് അവര്‍ ഇരുന്നു. മനപ്പാഠമായ സൂത്രവാക്യങ്ങളുമായി ചില മിടുക്കമാര്‍ ഉത്തരങ്ങളിലെത്തിയെങ്കിലും വഴിമാറിയെത്തിയ ചോദ്യങ്ങളില്‍ അവരും പകച്ചു. വ്യാപതവും വിസ്തീര്‍ണ്ണവും ജ്യാമിതീയ നിയമങ്ങളും അക്കങ്ങള്‍ക്കപ്പുറം കടന്ന് അവരിലെത്തിക്കുവാനാകാതെ അദീബ് മാഷ് ധര്‍മ്മസങ്കടത്തിലായി. ഗണിതം എങ്ങനെ അവരെ അനുഭവിപ്പിക്കുമെന്ന ചിന്ത അദ്ദേഹത്തെ പിന്തുടര്‍ന്നു.
ഒരു പകല്‍ക്കിനാവ്... പുല്ലില്‍ തീര്‍ത്ത ജ്യാമിതീയ രൂപങ്ങള്‍ക്കുള്ളില്‍ കളിക്കുന്ന കുട്ടികള്‍... അവര്‍ കൌതീകത്തോടെ അവയെ തിിരിച്ചറിയുന്നു. വിസ്തീര്‍ണ്ണവും വ്യാപ്തവുമെല്ലാം അനുഭവിക്കുന്നു. അദീബിന് സ്വപ്നത്തില്‍ കാര്യമുണ്ടെന്ന് തോന്നി. ഗണിതത്തില്‍ ബിരുദാനന്തര ബിരുദധാരിയും ഗവേഷകനുമായ അദ്ദേഹത്തിനുള്ളില്‍ ഗൌരവമുള്ളൊരു ഗണിതപഠന പദ്ധതി അങ്ങനെ നാമ്പിടുകയായിരുന്നു. ഗണിതത്തെ മനസ്സോടുചേര്‍ക്കാന്‍ മാത്ത് വേള്‍ഡ് എന്ന ഉദയാനപദ്ധതി അങ്ങനെ രൂപമെടുത്തു.
അദീബിണ്‍െറ 'കണക്കു'കൂട്ടല്‍
![]() |
Adeeb |
ഗണിതരൂപങ്ങളില്‍ പുല്‍ത്തകിടുള്ള ഉദ്യാനങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. അദീബിന്റെ സങ്കല്‍പ്പം വിശാലമായ ഗണിതപാര്‍ക്ക് ആയിരുന്നു. ഒരേ സമയം വിനോദവും(entertainment) വിദ്യാഭ്യാസവും(education) പ്രദാനം ചെയ്യുന്നതാവണം അതെന്ന് അദ്ദേഹം കണക്കുകൂട്ടി. എഡ്യൂടെയ്ന്‍മെന്റ് പാര്‍ക്ക്(editainment park) എന്ന ആശയത്തിലൂന്നി അദ്ദേഹം മുന്നോട്ടു പോയി. 2007ല്‍ വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്ലാമിക് ഹൈസ്കൂളില്‍ അധ്യാപകനായി എത്തിയപ്പോഴാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്്. വര്‍ഷങ്ങളായി മനസിലിട്ടു നടന്ന മാത്തമാറ്റിക്കല്‍ പാര്‍ക്ക് എന്ന സമഗ്ര പദ്ധതി അദീബ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.അബ്ദുല്‍ റഷീദുമായും, മാനേജര്‍ ഡോ.പി.സി അന്‍വറുമായും സംസാരിച്ചു. മനസിലെ പാര്‍ക്കിന്റെ ത്രിമാന മാതൃക തയാറാക്കി നല്‍കി. ജെ.ഡി.ടി പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് കമ്മറ്റി പദ്ധതിക്ക് അംഗീകാരം നല്‍കി. നടത്തിപ്പിന് ജെ.ഡി.ടി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ ഇംറ(IMRA^ Institute for Mathematical Research and Analysis) എന്ന ട്രസ്റ്റ് രൂപീകരിച്ചു. എന്‍.ഐ.ടി ചാത്തമംഗലത്തെ സാങ്കേതിക വിദഗ്ധര്‍ വിശദമായ പ്ലാന്‍ തയാറാക്കി. സാങ്കേതിക സഹായവും വാഗ്ദാനം നല്‍കി. ദേശീയ അവാര്‍ഡ് നേടിയ സ്കൂളിലെ അധ്യാപകന്‍ ആര്‍.കെ.പൊറ്റശേരി പാര്‍ക്കിനാവശ്യമായ ശില്‍പങ്ങളും ചിത്രങ്ങളുമൊരുക്കുവാന്‍ നിയോഗിക്കപ്പെട്ടു. സ്കൂള്‍ കോമ്പൌണ്ടില്‍ രണ്ടര ഏക്കര്‍ സ്ഥലം മാത്ത് വേള്‍ഡിനായി മാറ്റിവെച്ചു.
കാണാന്‍ കണക്കിനപ്പുറം
കണക്കനുഭവങ്ങളേറെ തരുന്ന വിശാല ഉദ്യാനമായിരിക്കും മാത്ത് വേള്‍ഡ്. പാര്‍ക്കിലെ ജലസംഭരണി പോലും കണക്കു പറയും. മൂന്നു തട്ടുള്ള ഈ ജലസംഭരണിയുടെ മുകളില്‍ കോര്‍പ്പറേഷന്‍ വാട്ടര്‍ ശേഖരിക്കാനുള്ള ടാങ്കായിരിക്കു. തൊട്ടുതാഴെ സമചതുര സ്തൂപികയുടെ ആകൃതിയുള്ള സുതാര്യമായ ടാങ്കും അതിനു താഴെ സമചതുര സ്തംഭ ടാങ്കുമായിരിക്കും. മുകളിലെ ടാങ്കില്‍ നിന്ന് താഴെയുള്ള ടാങ്കുകളിലേക്ക് വെള്ളമെത്തും. മൂന്നു വട്ടം സ്തൂപികാടാങ്ക് നിറഞ്ഞ് ഒഴിഞ്ഞാല സ്തംഭടാങ്ക് കൃത്യമായി നിറയുന്നത് കാണികള്‍ തിരിച്ചറിയും.സമചതുര സ്തൂപികയുടെ വ്യാപ്തത്തിന്റെ മൂന്നുമടങ്ങാണ് സമചതുരസ്തംഭത്തിന്റെ വ്യാപ്തമെന്ന് കാഴ്ചയുടെ ഗണിതം പറഞ്ഞുതരും.
പാര്‍ക്കിലെ വലിയ വേദിയില്‍ വിനോദപരിപാടികളുണ്ടാവും. തറയില്‍ പല നിറത്തില്‍ സമചതുര ടൈലുകള്‍ പാകിയിരിക്കും. അവ വിസ്തീര്‍ണത്തെകുറിച്ചും ഭിന്നസംഖ്യയെക്കുറിച്ചും ചിലതു പറഞ്ഞുതരും. ടൈലുകള്‍ എണ്ണി വിസ്തീര്‍ണം തിട്ടപ്പെടുത്താന്‍ കഴിയും. അവയില്‍ വിതാനിച്ച പൂച്ചട്ടികള്‍ എണ്ണി ഭിന്നസംഖ്യകളെ അടുത്തറിയാനാവും. കല നൃത്തമാടുന്ന വേദിക അങ്ങനെ കണക്കിനുകൂടിയാവും.

ജ്യാമിതീയ രൂപങ്ങള്‍, നെഗറ്റീവ് ^പോസിറ്റീവ്് സംഖ്യകള്‍, അനന്തത(Infinity)എന്നിവ അടുത്തറിയാനായി മനോഹരമായ ഗ്ലാസ് ഗാലറിയുണ്ടാവും ഉദ്യാനത്തില്‍. നിറകണ്ണാടികളുടെ കമനീയതയില്‍ പ്രകാശത്തിന്റെ ജാലവിദ്യകളുമായി ഈ ചില്ലുകൂടാരം കണക്കറിയിക്കും.
ജ്യാമിതിയുടെ ആരംഭം തൊട്ട് പ്രപഞ്ച സൃഷ്ടികളിലെ ജ്യാമിതീയ സാനിധ്യം വരെ വിശദമാക്കുന്ന ലേസര്‍ ഷോ തിയറ്ററില്‍ ഒരു സമയം 500 പേര്‍ക്ക് ഗണിതക്കാഴ്ചകള്‍ കാണാനാവും.
തീവണ്ടിയുണ്ടാവും ഗണിതയാത്രക്കു കൂട്ടിന്. പൈഥഗോറസിന്റെയും ഥേല്‍സിന്റെയും രാമാനുജന്റെയും നാട്ടിലൂടെ യാത്ര.ഓരോ സ്റ്റേഷനിലും ജീവസുറ്റ പ്രതിമകളായി ഗണിത പ്രതിഭകള്‍ നിങ്ങളെ കാത്തിരിക്കും. അവരുടെ ചരിത്രവും സംഭാവനകളും പശ്ചാത്തലത്തില്‍ കേള്‍ക്കാനാവും. ഇരുപത് സ്്റേറഷനുകളിലൂടെ തീവണ്ടി യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ അത്രയും പ്രതിഭകളെ നാം പരിചയപ്പെട്ടു കഴിയും.
വൃത്തവിശേഷങ്ങള്‍ വര്‍ണാഭമായി നിരത്തുന്ന ജലധാരയുണ്ടാവും. അര്‍ധവൃത്തത്തിലെ കോണളവും, ചാപവും,വ്യാസവുമെല്ലാം ഇത് വരച്ചുകാട്ടും.
തുണിക്കസേരയില്‍ ചാരി ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീര്‍ ഇരിപ്പുണ്ടാവും ഉദ്യാനത്തില്‍.ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന് എന്ന ബഷീര്‍ വാചകം കണക്കിലൂടെ തെളിയിക്കുന്ന പേപ്പര്‍ സ്ട്രിപ്പ് മോഡല്‍ അടുത്തുണ്ടാവും. ഇരുകഷണമായി മുറിച്ചാലും വലിയതാവുന്ന പേപ്പര്‍ സ്ട്രിപ്പിന്റെ ഗണിതം നമ്മളെ വിസ്മയിപ്പിക്കും.
മാത്ത് വേള്‍ഡില്‍ കാണാനിരിക്കുന്ന ഗണിതക്കാഴ്ചകളുടെ സാമ്പിള്‍ വെടിക്കെട്ട് മാത്രമാണിത്. ഇനിയും കണക്കിനപ്പുറമാണ് കാര്യങ്ങള്‍. അദീബ് മാഷ് സ്വപ്നം കണ്ടതിനുമപ്പുറം ഗണിതാനുഭവമേകാന്‍ മാത്ത് വേള്‍ഡ് ഒരുങ്ങുകയാണ്. ഗണിത ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും, ഇഷാനെപ്പോലെ ഗണിതം കീറാമുട്ടിയായവര്‍ക്കും കണക്കിന്റെ ഈ കളിയുദ്യാനം വലിയ കൂട്ടാവും.
No comments:
Post a Comment