Thursday, May 26, 2011

അതിവിദൂരതയിലെ നക്ഷത്ര സ്ഫോടനം അനന്തകാലം കടന്ന് നമ്മെ തേടിയെത്തി

ബിഗ് ബാങ് സ്ഫോടനത്തിന് 52 കോടി വര്‍ഷങ്ങള്‍ക്കുശേഷം നടന്നതെന്നു കരുതുന്ന പൊട്ടിത്തെറി നാസയുടെ സ്വിഫ്റ്റ് ബഹിരാകാശ നിരീക്ഷണ പേടകം പകര്‍ത്തി. നമ്മുടെ നിരീക്ഷണ പരിധിയിലുള്ള പ്രപഞ്ചത്തില്‍ നിന്ന്  ദൂരദര്‍ശിനിയില്‍ ലഭിച്ച ഏറ്റവും അകലെയുള്ള കാഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്.

പ്രപഞ്ചത്തിന്റെ അതിവിദൂര പരിധിയില്‍ എവിടെയോ നടന്ന ഒരു നക്ഷത്ര സ്ഫോടനമാണ് ഇതെന്നു കരുതുന്നു. 1314 കോടി വര്‍ഷം സഞ്ചരിച്ചാണ് പൊട്ടിത്തെറിയുടെ പ്രകാശം ഭൂമിയിലെത്തിയത്. 2009 ഏപ്രിലില്‍ സ്വിഫ്റ്റിന്റെ കാഴ്ചവെട്ടത്ത് മിന്നിയ ഈ ദൃശ്യം അപഗ്രഥിച്ച ജ്യോതി ശാസ്ത്രകാരന്‍മാര്‍ ജി.ആര്‍.ബി 090429B എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഗാമ റേ വിസ്ഫോടനമാണ് ജി.ആര്‍.ബി(gama ray burst) കൊണ്ട് ഉദ്ദേശിക്കുന്നത്.  അതിഭീമ ഊര്‍ജമുള്ള  പ്രകാശ പ്രവാഹമാണ് സ്വിഫ്റ്റിനു മുന്നില്‍ മിന്നിപ്പോയത്.  നക്ഷത്രസ്ഫോടനം പോലുള്ള തീവ്ര ആകാശ പ്രതിഭാസങ്ങള്‍ക്കൊപ്പമാണ് ഇത്തരത്തില്‍ പ്രകാശപ്രവാഹമുണ്ടാവുക.



അനന്ത കോടി വര്‍ഷങ്ങള്‍ക്കപ്പുറം പൊട്ടിത്തെറിച്ചത് സൂര്യനേക്കാള്‍ 30 ഇരട്ടിയോളം വരുന്ന നക്ഷത്രമായിരിക്കുമെന്നാണ് അനുമാനം. എത്ര അകലെയാണ് ഈ നക്ഷത്രമെന്ന് അനുമാനിക്കുവാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. ദിവസങ്ങളോളം നിലനിന്ന ഈ പ്രകാശത്തെളിച്ചത്തിന്റെ പിന്‍ തിളക്കങ്ങള്‍ നിരീക്ഷിച്ചാണ് ഇത് ഉറപ്പാക്കുക. മറ്റ് ദൂരദര്‍ശിനികളില്‍ പതിഞ്ഞ ഇവയും നിരീക്ഷണവിധേയമാക്കുന്നുണ്ട്.

അതിഭീമമായ ഈ അകലം ഗണിക്കാനായാല്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക് ഇത് മുതല്‍ക്കൂട്ടാവുമെന്നും കരുതുന്നു. ഈ വിദൂര നക്ഷത്രത്തിന്റെ  സ്ഥാനം നിര്‍ണയിക്കാനായാല്‍ ആ പ്രപഞ്ചമേഖലയെ കേന്ദ്രീകരിച്ചുള്ള പില്‍ക്കാല ഗവേഷണങ്ങളില്‍ നിന്ന് ഒരു പക്ഷേ പ്രപഞ്ചത്തിലെ ആദ്യകാല ഗാലക്സികള്‍ കണ്ടെത്താനുമായേക്കും.

1 comment: