Sunday, August 26, 2012

ചന്ദ്രനില്‍ നിന്ന് ആരെങ്കിലും നീലിന്‍െറ ക്യാമറ കൊണ്ടുവന്നെങ്കില്‍'ഒരിക്കല്‍  ആരെങ്കിലും ചന്ദ്രനില്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടെ നഷ്ടമായ എന്‍െറ ക്യാമറയും കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്' നാസയുടെ അപ്പോളോ ദൗത്യം വ്യാജമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ച് നീല്‍ ആംസ്ട്രോങ്ങിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആകര്‍ഷകമാണ്...പക്ഷേ അതൊരിക്കലും എന്നെ ബാധിച്ചിട്ടേയില്ല' ഗാര്‍ഡിയന്‍ പ്രതിനിധിക്കു നല്‍കിയ അവസാന അഭിമുഖത്തില്‍ മനുഷ്യരാശിയുടെ വലിയ കാല്‍വെപ്പുമായി ചരിത്രത്തിലേറിയ മനുഷ്യന്‍ പറഞ്ഞു. ബഹിരാകാശവിപ്ളവങ്ങളില്‍ റഷ്യയും അമേരിക്കയും കിടമല്‍സരങ്ങളിലേര്‍പ്പെട്ട കാലത്ത് നാസയുടെ അപ്പോളോ ദൗത്യത്തിന്‍െറ വിജയം പലരീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സ്റ്റുഡിയോയില്‍ സെറ്റിട്ടു നടത്തിയ തട്ടിപ്പുനാടകമായിരുന്നു അപ്പോളോ ദൗത്യമെന്നുവരെ ആരോപണങ്ങളുയര്‍ന്നു. തുടരെ തുടരെ മനുഷ്യരെ ചന്ദ്രനിലേക്കയച്ച് നാസ ദൗത്യം തുടരുകയും ചെയ്തു. കാലമേറെക്കഴിഞ്ഞും അപ്പോളോ ദൗത്യം തട്ടിപ്പായിരുന്നെന്നു ശഠിക്കുന്നവര്‍ വാദം തുടരുമ്പൊഴും നാസയുടെ പഴയ ദൗത്യങ്ങളുടെ ശേഷിപ്പുകള്‍  ചന്ദ്രന്‍െറ മണ്ണില്‍ നിന്ന് പല പേടകങ്ങളും പകര്‍ത്തി അയക്കുകയും ചെയ്യുന്നു.


 പ്രശസ്തിയില്‍ നിന്ന് വഴിമാറി നടക്കുന്ന നീല്‍ ആംസ്ട്രോങ്ങിന്‍െറ സ്വഭാവവും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ എതിര്‍വാദങ്ങളിലെ ഇനമായിരുന്നു. ലോകത്തെയാകെ കബളിപ്പിച്ചതിന് കൂട്ടുനിന്നതിന്‍െറ കുറ്റബോധമാണ് നീലിനെ പൊതു ഇടങ്ങളില്‍ നിന്ന് അകറ്റുന്നതെന്നായിരുന്നു വ്യാഖ്യാനം. അഭിമുഖങ്ങളില്‍ അല്‍പ്പഭാഷിയായ നീല്‍ പറഞ്ഞതത്രയും ലോകം കേള്‍ക്കാന്‍ കാത്തിരുന്ന മറുപടികളായിരുന്നു. എഡ്വിന്‍ ആല്‍ഡ്രിനും മൈകേല്‍ കോളിന്‍സും താനും സഞ്ചരിച്ച അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങാന്‍ അന്‍പതുശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അത്തരത്തിലൊന്നായിരുന്നു.  എന്നാല്‍ തിരിച്ചത്തൊന്‍ 90 ശതമാനം സാധ്യതയുമുണ്ടായിരുന്നു. വിസ്മയ ഗോളത്തിന്‍െറ അരികിലത്തെി ഒരു പക്ഷേ ഇറങ്ങാതെ തിരിച്ചു പറക്കേണ്ടി വന്നിരുന്നെങ്കില്‍ നീല്‍ ആംസ്ട്രോങ് എന്ന പേര് ചരിത്രത്തില്‍ ഇത്ര തിളക്കമുള്ള മഷിയില്‍ എഴുതിച്ചേര്‍ക്കില്ലായിരുന്നു. അറുപതുകളില്‍ വിപ്ളവകരമായ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് പിന്തുണയേകിയ അമേരിക്കന്‍ ഭരണകൂടം സമീപകാലത്ത് നാസയില്‍ അത്ര പ്രതീക്ഷയര്‍പ്പിക്കാതിരിക്കുന്നത് സങ്കടകരമാണെന്നും അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ തീരുമാനമെടുക്കുന്ന നാസക്ക് ഗുണകരമാവില്ല. വൈറ്റ് ഹൗസും കോണ്‍ഗ്രസും തട്ടിക്കളിക്കുന്ന ഷട്ടില്‍കോക്കാണിപ്പോള്‍ നാസ. ഈ ബഹിരാകാശ ഏജന്‍സിയുടെ നയഗതികളില്‍ ഏറെ ഉല്‍ക്കണ്‍ഠയുണ്ട്.ചന്ദ്രനിലിറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളെക്കുറിച്ചും അവസാന അഭിമുഖത്തില്‍ നീല്‍ സംസാരിച്ചു. ഈഗ്ള്‍ പേടകത്തിന്‍െറ പൈലറ്റ് ചന്ദ്രനിലെ വലിയ ഗര്‍ത്തത്തിനരികിലൊരിടത്ത് പേടകമിറക്കാന്‍ ശ്രമിക്കുകയായിരുന്നു. 'എവിടെയാണ് ഇറങ്ങാന്‍ പര്യാപ്തമെന്ന് കമ്പ്യൂട്ടര്‍ സൂചന നല്‍കി. പക്ഷേ അതൊരു നല്ല സ്ഥലമായിരുന്നില്ല. 100-150 മീറ്റര്‍ വ്യാസമുള്ള വലിയ ഗര്‍ത്തം. വലിയ പാറക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ ചരിവുകള്‍..ഒരു തരത്തിലും താഴ്ന്നിറങ്ങാന്‍ അനുയോജ്യമല്ലാത്ത സ്ഥലം...പേടകത്തിന്‍െറ നിയന്ത്രണമേറ്റെടുത്ത് ഹെലികോപ്റ്റല്‍ ഇറക്കും പോലെ പടിഞ്ഞാറുമാറി സൗകര്യപ്രദമായ സ്ഥലത്ത് ഇറക്കുകയായിരുന്നു...'പേടകത്തിന്‍െറ ഇന്ധനം തീരാന്‍ ഇരുപതുസെക്കന്‍റ് മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഈ ലാന്‍ഡിങ്.  'ചന്ദ്രനിലിറങ്ങിയ നിമിഷങ്ങള്‍ സവിശേഷവും അവിസ്മരണീയവുമായിരുന്നു...പക്ഷേ ഞങ്ങളെ സംബന്ധിച്ച് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു...കുറേ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ഞങ്ങളവിടെ ചെന്നത്...അതിനാല്‍ ഞങ്ങള്‍ അതില്‍ മുഴുകി...'
മാനവരാശിയെ ഒന്നാകെ പുളകംകൊള്ളിച്ച ചന്ദ്രനിലെ ആദ്യ മനുഷ്യ സന്ദര്‍ശനത്തിന്‍െറ കഥ ഏറെ അത്ഭുതാവേശത്തോടെ കാലം പുതു തലമുറക്ക് കൈമാറുന്നു. നെറ്റിചുളിക്കുന്നവര്‍ വീണ്ടും പുതിയ കാല്‍വെപ്പുകള്‍ കാണുമ്പോള്‍ ചുളിവു നിവര്‍ത്തിക്കൊണ്ടിരിക്കുന്നു....അന്യഗോളത്തിന്‍െറ മാറില്‍ ആദ്യ കാല്‍പ്പാദം വെച്ച ചരിത്ര മനുഷ്യന്‍ ഓര്‍മയായിരിക്കുന്നു... പഞ്ഞിക്കെട്ടുപോലെ ചന്ദ്രന്‍െ മണ്ണില്‍ നീങ്ങിയ ആ ചുവടുകള്‍ പക്ഷേ ചരിത്രത്തിനൊപ്പം നില്‍ക്കാതെ നടന്നുകൊണ്ടിരിക്കും.....

No comments:

Post a Comment