Thursday, August 9, 2012

ചൊവ്വയിലെ നമ്മുടെ ആകാംക്ഷ


ചൊവ്വ എന്നും നമ്മുടെ ആകാംക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്തിയ ഗ്രഹം തന്നെയായിരുന്നു. സൗരയൂഥത്തില്‍ വേറെയും അംഗങ്ങളുണ്ടെങ്കിലും  നമ്മുടെ ശാസ്ത്രാന്വേഷണങ്ങളില്‍ ചൊവ്വക്ക് മുന്‍ഗണനയുണ്ടായിരുന്നു. ഭൂമിയെപ്പോലെതന്നെ ജീവന്‍ എന്ന അദ്ഭുത പ്രതിഭാസത്തിന് അരങ്ങാകാന്‍ സകല സാധ്യതകളും ഉള്ള ഗ്രഹം എന്ന നിലക്കാണ് ചൊവ്വ നമ്മുടെ അന്വേഷണങ്ങളെ ത്രസിപ്പിച്ചത്.  1960 മുതല്‍ക്കുതന്നെ ചൊവ്വാദൗത്യങ്ങളുമായി നിരവധി പര്യവേക്ഷണ പേടകങ്ങള്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.  ചൊവ്വയെ വലംവെച്ചും ചൊവ്വോപരിതലത്തിലിറങ്ങിയും സഞ്ചരിച്ചുമെല്ലാം ഗ്രഹത്തെ തൊട്ടറിയാനുള്ള ദൗത്യങ്ങളുമായി സോവിയറ്റ് യൂനിയനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സജീവമായി.  മനുഷ്യനെ നേരിട്ടയച്ച് ചൊവ്വയെ അറിയുകയെന്ന പരമപ്രധാന ദൗത്യത്തിലേക്കുള്ള ചുവടുകള്‍തന്നെയായിരുന്നു ഈ ദൗത്യങ്ങളോരോന്നും.  അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ തന്നെയായിരുന്നു ചൊവ്വാദൗത്യങ്ങളുമായി കൂടുതല്‍ സജീവമായത്. മറൈനര്‍, വിക്കിങ്, മാര്‍സ് ഒബ്സര്‍വര്‍ തുടങ്ങിയ ആദ്യകാല ദൗത്യങ്ങളൊന്നും വേണ്ടത്ര പച്ചപിടിച്ചില്ല. ചൊവ്വോപരിതലത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തരുന്നത് നാസയുടെ ഗ്ളോബല്‍ സര്‍വേയര്‍(1996-1997) ആയിരുന്നു. ചൊവ്വയെ ഭ്രമണംചെയ്തുകൊണ്ട് ഉപരിതലം, അന്തരീക്ഷം, ആന്തരിക ഘടന എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയാണ് ഈ ദൗത്യമവസാനിച്ചത്. പിന്നീട് പാത്ത് ഫൈന്‍ഡര്‍ എന്ന റോബോട്ടിക് വാഹനമാണ് (1996-97) ചൊവ്വയിലിറങ്ങി നിരവധി പരീക്ഷണങ്ങളും ചിത്രങ്ങളുമായി ചൊവ്വയെ അറിയാന്‍ സഹായിച്ചത്. പിന്നീട് പരാജയപ്പെട്ട നിരവധി ശ്രമങ്ങള്‍ക്കുശേഷം ഫിനിക്സ് (2007) വരുന്നു. ചൊവ്വയില്‍ മൂന്നുമാസത്തെ താമസത്തിനിടയില്‍ ചൊവ്വോപരിതലത്തിലെ ഐസ് പരലുകളുടെ സാന്നിധ്യം വിളിച്ചുപറയുകയായിരുന്നു ഫിനിക്സ്. 


നാസയുടെ പല ദൗത്യവാഹനങ്ങളും ചൊവ്വയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍സ് ഒഡീസി(2001) ചൊവ്വയെ വലംവെച്ച് ഇപ്പോഴും വിവരങ്ങള്‍ കൈമാറുന്നു.  ഓപ്പര്‍ച്യൂനിറ്റി, സ്പിരിറ്റ് (2003) എന്നീ റോവറുകള്‍ ഇപ്പോഴും സജീവമായി ചൊവ്വയുടെ മണ്ണില്‍ പഠനം തുടരുകയാണ്. ചൊവ്വയുടെ പുരാതന കാലാവസ്ഥയെക്കുറിച്ചും ഭൗമശാസ്ത്രത്തെക്കുറിച്ചുമാണ് അവ പഠിക്കുന്നത്. ചൊവ്വയുടെ ഉള്‍പ്പാളികളിലെ ജലസാന്നിധ്യം ചികയുന്ന മാര്‍സ് എക്സ്പ്രസ് (2003) നിരീക്ഷണങ്ങളുമായി ഭ്രമണം തുടരുകയാണ്. ചൊവ്വോപരിതലത്തിന്‍െറ സൂക്ഷ്മമായ ചിത്രങ്ങളൊപ്പിയെടുക്കാന്‍ മാത്രം ശേഷികൂടിയ കാമറകളുമായി മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (2005) സജീവമാണ്. പല ദൗത്യങ്ങള്‍ ചൊവ്വയെ സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളുമായി ക്യൂരിയോസിറ്റിയും വന്നിറങ്ങിയത്.
ചൊവ്വയിലെ വലിയ ഗര്‍ത്തങ്ങളിലൊന്നായ ഗേല്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി താഴ്ന്നിറങ്ങിയത്.  മാര്‍സ് സയന്‍സ് ലബോറട്ടറി എന്നാണ് ദൗത്യത്തിന്‍െറ ഒൗദ്യോഗിക നാമം. ആറു ടയറുകളുമായി ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ താഴ്ന്നിറങ്ങിയതും സവിശേഷമായ ആകാശ ലാന്‍ഡിങ് ശാസ്ത്രചരിത്രത്തില്‍ കൂട്ടിച്ചേര്‍ത്തായിരുന്നു. ചൊവ്വക്ക് ഏഴ് കിലോമീറ്റര്‍ മുകളില്‍വെച്ച് പേടകത്തില്‍നിന്നു പുറത്തുവന്ന് ആകാശക്രെയിന്‍ വഴിയായിരുന്നു ക്യൂരിയോസിറ്റിയുടെ താഴ്ന്നിറക്കം. ശക്തമായ ലോഹവയറുകളില്‍ തൂങ്ങിയുള്ള സുരക്ഷിതമായ ലാന്‍ഡിങ്.

നിരവധി സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്നുപോയ ഈ ലാന്‍ഡിങ്ങില്‍ പിഴവുവരാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. സംഭ്രമത്തിന്‍െറ നിമിഷങ്ങള്‍ എന്ന ഈ ഘട്ടം വിജയകരമായതോടെ ക്യൂരിയോസിറ്റി ഗേല്‍ ഗര്‍ത്തത്തിലെ പരീക്ഷണനാളുകള്‍ക്കായി സര്‍വസജ്ജമാവുകയായിരുന്നു. മറ്റുള്ള റോവറുകളെ അപേക്ഷിച്ച് നിരവധി പരീക്ഷണ ഉപകരണങ്ങളുടെ നിരതന്നെയുണ്ട് ക്യൂരിയോസിറ്റിയില്‍. രണ്ടുവര്‍ഷത്തെ ചൊവ്വാദൗത്യത്തിനിടയില്‍ അന്തരീക്ഷ ചരിത്രം കാര്യമായി പഠനവിധേയമാക്കി ജീവന്‍ നിലനിന്ന ഏതെങ്കിലും കാലഘട്ടം ചൊവ്വയിലുണ്ടായിരുന്നോ എന്ന അന്വേഷണംകൂടി നടത്തും ഈ റോവര്‍.  ജീവന്‍ സാധ്യമാക്കിയിരുന്നതോ സാധ്യമാക്കുന്നതോ ആയ ഘടകങ്ങള്‍ ചൊവ്വയിലുണ്ടോ എന്നതാണ് ഈ സഞ്ചരിക്കുന്ന പരീക്ഷണ വാഹനത്തിന്‍െറ നിരീക്ഷണപരിധിയില്‍ വരുന്നത്. ഗേല്‍ ഗര്‍ത്തത്തിലെ മണ്ണടരുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ചികയുന്ന പരീക്ഷണങ്ങളുമായി ക്യൂരിയോസിറ്റി ഇനി സജീവമാകും. ഏറ്റവുമൊടുവില്‍ ചൊവ്വോപരിതലത്തിലിറങ്ങുന്നതിന് 2.5 മിനിറ്റ് മുമ്പുള്ള നിമിഷങ്ങളുടെ കളര്‍ ചിത്രവും വീഡിയോയും ക്യൂരിയോസിറ്റി ഭൂമിക്കു കൈമാറിയിരിക്കുന്നു. ചുവന്ന ഗ്രഹത്തിന്‍െറ പലകോണുകളില്‍ മനുഷ്യന്‍െറ ആകാംക്ഷകളുടെ ദൗത്യങ്ങള്‍ തുടരുകയാണ്. കുര്യോസിറ്റിയും അതില്‍ പങ്കുചേര്‍ന്നിരിക്കുന്നു. ചൊവ്വയുടെ ജൈവരഹസ്യങ്ങളുടെ പുതുവിവരങ്ങള്‍ ഇനിയും ഭൂമിയെ തേടി വരാനിരിക്കുന്നു.

1 comment:

  1. എഴുത്ത് നന്നായിട്ടുണ്ട്

    by
    Nidheesh Krishnan

    ReplyDelete