Sunday, May 9, 2010


മനുഷ്യര്‍
ക്ഷുദ്രഗ്രഹങ്ങളിലേക്ക് 

ക്ഷുദ്രഗ്രഹങ്ങളിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ഒരുങ്ങുന്നു.2o25ഓടെ പര്യവേക്ഷണത്തിന് ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹത്തിലേക്ക്് പര്യവേക്ഷണ ദൌത്യത്തിന് നാസ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രഹങ്ങളേക്കാള്‍ ചെറുതും ഉല്‍ക്കകളേക്കാള്‍ വലുതുമായ  സൌരയൂഥത്തിലെ അനേകായിരം ഇത്തരം ചെറുഗ്രഹങ്ങളില്‍ ദൌത്യത്തിനു പറ്റിയത് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.കേംബ്രിഡ്ജിലെ ജ്യോതിശാസ്ത്രകാരനായ മാര്‍ട്ടിന്‍ എല്‍വിസ് സന്ദര്‍ശനയോഗ്യമായ ക്ഷുദ്രഗ്രഹങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.കുറഞ്ഞ ഭ്രമണവേഗതയും പ്രശ്നക്കാരനല്ലാത്ത ഗ്രഹത്തിന്റെ സാമീപ്യവും പര്യവേക്ഷണ പേടകത്തിന് എളുപ്പത്തില്‍ ഇറങ്ങാന്‍ സഹായകരമായ രീതിയില്‍ ഭ്രമണപഥവുമുള്ള ക്ഷുദ്രഗ്രഹമാണ് തെരഞ്ഞെടുക്കേണ്ടത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥത്തിനിടയിലെ മേഖലയിലാണ് ഭൂരിഭാഗം ക്ഷുദ്രഗ്രഹങ്ങളുമുള്ളത്. ഭൂമിക്കു ചുറ്റുമായും ക്ഷുദ്രഗ്രഹ സാന്നിധ്യമുണ്ട്. ഭൂമിക്കു സമാനമായ ഭ്രമണവേഗതയില്‍ സൂര്യനെ ചുറ്റുന്ന ക്ഷുദ്രഗ്രഹം തെരഞ്ഞെടുക്കുന്നതാണ് ദൌത്യത്തിന് അഭികാമ്യമെന്ന് എല്‍വിസ് പറയുന്നു. ഭൂമിയുടെ അയല്‍ക്കാരായ 6699 ക്ഷുദ്രഗ്രഹങ്ങളില്‍ ആറ് എണ്ണത്തിന് ഈ സവിശേഷതയുണ്ട്. മനുഷ്യന്റെ ചൊവ്വാപര്യവേക്ഷണ ദൌത്യത്തിന്റെ മുന്നൊരുക്കമായാണ് ചില ഗവേഷകര്‍ ഈ നീക്കത്തെ കാണുന്നത്.തൊട്ടടുത്ത ക്ഷുദ്രഗ്രഹത്തിലേക്കായാലും ആറു മാസത്തെ യാത്ര വേണ്ടിവരുമെന്ന് കണക്കാക്കുന്നു.

Saturday, May 8, 2010

'ഓര്‍മയുടെ സ്വിച്ച്' കണ്ടെത്തി

ലണ്ടന്‍: തലച്ചോറിലെ 'ഓര്‍മയുടെ സ്വിച്ച്' എന്നു വിശേഷിപ്പിക്കാവുന്ന പ്രോട്ടീന്‍ സംവിധാനത്തെ തിരിച്ചറിഞ്ഞു. പ്രായമേറുമ്പോള്‍ പ്രവര്‍ത്തനം നിലക്കുന്ന ഈ സ്വിച്ചിനെ അനുയോജ്യമായ മരുന്നുകളുടെ സഹായത്തോടെ തട്ടിയുണര്‍ത്താമെന്നും ഗവേഷകര്‍ തെളിയിച്ചു.

യൂറോപ്യന്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എലികളുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷൈമേഴ്സ് രോഗ ചികില്‍സക്കുള്ള പുതിയ സാധ്യതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എലികളുടെ ഓര്‍മയേയും തിരിച്ചറിവിനെയും സഹായിക്കുന്ന പ്രധാന ജീനുകളെ നിയന്ത്രിക്കുന്ന H4 K12 എന്ന പ്രോട്ടീനാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വോറിനോ സ്റ്റാറ്റ് എന്ന മരുന്ന് പ്രയോഗിച്ച് പ്രായമായ എലികളിലെ ഓര്‍മശേഷിയെ തട്ടിയുണര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞതായി 'ജേണല്‍ സയന്‍സ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് മനുഷ്യ മസ്തിഷ്കത്തിന് ഹാനികരമാണ്. അല്‍ഷൈമേഴ്സിനു മരുന്ന് വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതായി ഗവേഷകരിലൊരാളായ ഡോ. ഫിഷര്‍ പറഞ്ഞു. തലച്ചോറില്‍ 'ഓര്‍മ' എന്ന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും.

Friday, May 7, 2010

വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അഡോബി(Adobe) സി.എസ്^5


ന്യൂയോര്‍ക്ക്: ഡിസൈനര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ നിരവധി പുതുമകളുമായി അഡോബി ക്രിയേറ്റീവ് സ്യൂട്ട്^5 സോഫ്റ്റ് വെയര്‍ ശേഖരം പുറത്തിറങ്ങി. അഡോബി ഡിസൈന്‍ പ്രീമിയം, വെബ് പ്രീമിയം, പ്രൊഡക്ഷന്‍ പ്രീമിയം, മാസ്റ്റര്‍ കലക്ഷന്‍ തുടങ്ങിയ പുതിയ സോഫ്റ്റ്വെയറുകളാണ് ഈ പാക്കേജിലുള്ളത്. മികച്ച ഗുണമേന്മയുള്ള ലേഔട്ട് സാധ്യതയുമായാണ് ഡിസൈന്‍ പ്രീമിയം രംഗത്തിറക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മിഴിവുറ്റ ചിത്രങ്ങള്‍ തീര്‍ക്കാനുള്ള പണിയായുധങ്ങളും, ത്രിമാന രൂപനിര്‍മിതി എളുപ്പം സാധ്യമാക്കലും ഉള്‍പ്പെടെ നിരവധി സാധ്യതകള്‍ ഇതിലുണ്ട്.

മികച്ച ഡിജിറ്റല്‍ അനുഭവം ലഭ്യമാക്കുന്ന വെബ് സൈറ്റ് ഡിസൈനിങ് ഓപ്ഷനുകളാണ് പാക്കേജിന്റെ മറ്റൊരു സവിശേഷത. അഡോബി വീഡിയോ പ്രൊഡക്ഷന്‍ വീഡിയോ നിര്‍മാണത്തിനുള്ള മികച്ച ടൂള്‍ക്കിറ്റ് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിക്കുന്നത്. അച്ചടി, ദൃശ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ മാധ്യമങ്ങളിലെല്ലാം ലഭ്യമാക്കാവുന്ന രീതിയില്‍ ഉള്ളടക്കം ഡിസൈന്‍ ചെയ്യാനുള്ള സാധ്യതയാണ് അഡോബി മാസ്റ്റര്‍ കലക്ഷന്‍ ഒരുക്കുന്നത്.