Saturday, May 8, 2010

'ഓര്‍മയുടെ സ്വിച്ച്' കണ്ടെത്തി

ലണ്ടന്‍: തലച്ചോറിലെ 'ഓര്‍മയുടെ സ്വിച്ച്' എന്നു വിശേഷിപ്പിക്കാവുന്ന പ്രോട്ടീന്‍ സംവിധാനത്തെ തിരിച്ചറിഞ്ഞു. പ്രായമേറുമ്പോള്‍ പ്രവര്‍ത്തനം നിലക്കുന്ന ഈ സ്വിച്ചിനെ അനുയോജ്യമായ മരുന്നുകളുടെ സഹായത്തോടെ തട്ടിയുണര്‍ത്താമെന്നും ഗവേഷകര്‍ തെളിയിച്ചു.

യൂറോപ്യന്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എലികളുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷൈമേഴ്സ് രോഗ ചികില്‍സക്കുള്ള പുതിയ സാധ്യതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എലികളുടെ ഓര്‍മയേയും തിരിച്ചറിവിനെയും സഹായിക്കുന്ന പ്രധാന ജീനുകളെ നിയന്ത്രിക്കുന്ന H4 K12 എന്ന പ്രോട്ടീനാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വോറിനോ സ്റ്റാറ്റ് എന്ന മരുന്ന് പ്രയോഗിച്ച് പ്രായമായ എലികളിലെ ഓര്‍മശേഷിയെ തട്ടിയുണര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞതായി 'ജേണല്‍ സയന്‍സ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് മനുഷ്യ മസ്തിഷ്കത്തിന് ഹാനികരമാണ്. അല്‍ഷൈമേഴ്സിനു മരുന്ന് വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് ഈ കണ്ടെത്തല്‍ പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതായി ഗവേഷകരിലൊരാളായ ഡോ. ഫിഷര്‍ പറഞ്ഞു. തലച്ചോറില്‍ 'ഓര്‍മ' എന്ന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും.

No comments:

Post a Comment