Monday, December 7, 2009



ഇന്ത്യന്‍ സ്വാതന്ത്യ്രസമര സ്മൃതികളുടെ അപൂര്‍വ ശേഖരം ബ്രിട്ടന്‍ പരസ്യപ്പെടുത്തി


ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനും ബ്രിട്ടീഷ് ഇന്ത്യയുടെ അന്ത്യനാളുകള്‍ക്കും സാക്ഷിയായ നിരവധി പേരുടെ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ചരിത്ര ശേഖരം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തിറക്കി.

സ്വാതന്ത്യ്രപ്രചാരകര്‍, സേനാനികള്‍, കൊലക്കുറ്റത്തിന് പിടിയിലായവര്‍, സാധാരണക്കാര്‍, കൃഷിക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മിഷനറിമാര്‍ തുടങ്ങി വിവിധ തുറകളില്‍പെട്ടവരുടെ സംഭാഷണങ്ങളാണ് ശേഖരത്തില്‍. സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠനവിഭാഗം സൂക്ഷിച്ചിരുന്ന ശേഖരത്തില്‍ 500 മണിക്കൂര്‍ ഓഡിയോ സംഭാഷണങ്ങളും 10,000 പേജ് അഭിമുഖങ്ങളുമുണ്ട്.

http://www.s%5easian.com.ac.uk/ എന്ന വെബ്സൈറ്റില്‍ ഈ അമൂല്യ sരേഖ സൌജന്യമായി ലഭിക്കും. ഗാന്ധിജിയെക്കുറിച്ച് ഉറ്റസുഹൃത്തുക്കളുടെ സംഭാഷണങ്ങളും ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഓര്‍മകളും സംരക്ഷിക്കാന്‍ ആവിഷ്കരിച്ച ബൃഹദ്പദ്ധതിയുടെ ഭാഗമായാണ് ബ്രിട്ടന്‍ ഇവ ശേഖരിച്ചത്. നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം എന്നിവയില്‍ ഗാന്ധിക്കൊപ്പം നിന്ന അനുയായികളുടെ ഓര്‍മകള്‍ ഇതിലുണ്ട്.



ഉപ്പു സത്യഗ്രഹത്തില്‍ ഗാന്ധിജിക്കൊപ്പം ചേര്‍ന്ന് ജയില്‍വാസം വരിച്ച പത്രപ്രവര്‍ത്തകന്‍ എസ്.ആര്‍. ടികേക്കര്‍ അക്കാലത്ത് ഗാന്ധിജി കടുത്ത നിരാശയിലായിരുന്നെന്ന് ടേപ്പില്‍ പറയുന്നുണ്ട്. തന്റെ പ്രചാരണങ്ങള്‍ മതിയായ പ്രതികരണം സൃഷ്ടിക്കുന്നില്ലെന്നായിരുന്നു ഗാന്ധിജിയെ നിരാശനാക്കിയത്. ദണ്ഡിയാത്രയുടെ ദൂരമത്രയും നടന്നെത്താമെന്ന് ഗാന്ധിജി പ്രതീക്ഷിച്ചിരുന്നില്ലത്രെ. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നായിരുന്നു ഗാന്ധിജിയുടെ കണക്കുകൂട്ടല്‍ ^ടികേക്കര്‍ പറയുന്നു.

'ക്വിറ്റ് ഇന്ത്യ' സമരകാലത്ത് പൂനെയിലെ കാപിറ്റോള്‍ തിയറ്ററില്‍ ബോംബുവെച്ചതെങ്ങനെയെന്ന് ബി.വി. ചുവന്‍ വിശദമാക്കുന്നതും ടേപ്പിലുണ്ട്. മൂന്ന് ബ്രിട്ടീഷുകാര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബോംബെ ആക്ടിങ് ഗവര്‍ണറായിരുന്ന ഏണസ്റ്റ് ഹോസ്റ്റനെതിരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ച് ബി.വി. ഗൊഗാത്തെ ടേപ്പില്‍ പറയുന്നു.

ഷോലാപൂരില്‍ സമരസേനാനികളെ തൂക്കിക്കൊന്നതിന്റെ പ്രതികാരമായിരുന്നു ഈ വധശ്രമം. നിരവധി ചരിത്രമുഹൂര്‍ത്തങ്ങളുടെ ഈ ശബ്ദശേഖരം ഇനി ലോകം മുഴുവന്‍ ഓണ്‍ലൈനായി ലഭ്യമാവും.

No comments:

Post a Comment