Wednesday, December 16, 2009



സി.ടി സ്കാനിങ് കൂടിയാല്‍ കാന്‍സര്‍


വാഷിങ്ടണ്‍: അമിതമായ സി.ടി സ്കാനിങ്ങിന് വിധേയമാകുന്നത് കാന്‍സറിന് ഇടയാക്കുമെന്ന് പഠനം. സി.ടി സ്കാനറുകളുടെ വ്യാപകമായ ഉപയോഗവും അതില്‍ നിന്നേല്‍ക്കുന്ന അമിത റേഡിയേഷനും പുതിയ കാന്‍സര്‍ രോഗികളെ സൃഷ്ടിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായ ഗവേഷകസംഘം നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിഷ്കര്‍ഷിക്കപ്പെട്ട വികിരണ തോതിനേക്കാള്‍ വളരെ കൂടുതലാണ് പല മെഡിക്കല്‍ സി.ടി സ്കാനറുകളിലെയും റേഡിയേഷന്‍. സാധാരണ സി.ടി സ്കാനിങ് 100 എക്സ്റേ റേഡിയേഷന് തുല്യമായ വികിരണമുണ്ടാക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നിലവില്‍ ഉപയോഗിക്കുന്ന പല സ്കാനറുകളും 440 എക്സ്റേ റേഡിയേഷനോളം തുല്യമായ ആഘാതമാണുണ്ടാക്കുന്നത് ^ 'ആര്‍കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

സി.ടി സ്കാനര്‍ കൂടുതല്‍ വ്യക്തതക്ക് ശ്രമിക്കുന്നതിനനുസരിച്ച് പാര്‍ശ്വഫലവും കൂടുന്നു. അമിത ഡോസിന് എക്സ്റേ വിധേയമാവുന്നവരില്‍ ഡി.എന്‍.എ മ്യൂട്ടേഷന്‍ സംഭവിക്കുകയും അത് കാന്‍സര്‍ വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യും. പല സ്കാനര്‍ നിര്‍മാതാക്കളും താഴ്ന്ന റേഡിയേഷന്‍ ഡോസാണ് ഉപയോഗിക്കുന്നതെങ്കിലും, പഴയ സി.ടി സ്കാനറുകള്‍ അധിക എക്സ്റേ ഡോസ് ഉള്ളവയാണ്. റേഡിയോളജിസ്റ്റുകള്‍ തന്നെ പലപ്പോഴും ഡോസുകളില്‍ വ്യത്യാസം വരുത്തുന്നു. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും നിരീക്ഷണത്തിനുള്ള 'കൊറോണറി ആഞ്ചിയോഗ്രഫി' സ്കാനിങ്ങിന് വിധേയമാകുന്ന 270ല്‍ ഒരു സ്ത്രീക്കും 600ല്‍ ഒരു പുരുഷനും വീതം കാന്‍സര്‍ ബാധയുണ്ടാവുന്നു ^റേഡിയോളജി പ്രഫസര്‍ ഡോ. റെബേക്ക സ്മിത്ത് പറയുന്നു.

അപകടസാധ്യത 20 വയസ്സുള്ളവര്‍ക്ക് ഇരട്ടിയാണ്. 60വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ശതമാനമാണിത്. അമേരിക്കയില്‍ 2007ല്‍ മാത്രം നടത്തിയ സ്കാനിങ്ങുകളില്‍നിന്ന് 29,000 ഭാവി കാന്‍സര്‍ രോഗികള്‍ ഉണ്ടാവുമെന്ന് പ്രവചിച്ചാണ് പഠനം ഉപസംഹരിച്ചിരിക്കുന്നത്.

No comments:

Post a Comment