Sunday, March 21, 2010

കള്ളനെ പിടിക്കാന്‍

ബാക്ടീരിയ മതിയാവും!

കള്ളന്‍മാരുടെ കൈയില്‍ അടിഞ്ഞുകൂടിയ ബാക്ടീരിയ കൂട്ടങ്ങള്‍ അവര്‍ക്ക് പാരയാവുന്ന കാലം വരും. വിരലടയാളം പോലെ ആളുകളുടെ കൈയില്‍ വളരുന്ന ബാക്ടീരിയകളും വിഭിന്നമായിരിക്കുമെന്ന് കൊളറാഡോ യൂനിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.കമ്പ്യൂട്ടര്‍ കീ ബോര്‍ഡുകളില്‍ ആളുകള്‍ പതിപ്പിച്ചുപോയ ബാക്ടീരിയകളില്‍ നിന്നും ആളെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇവര്‍ നടത്തിയ പരീക്ഷണം തെളിയിച്ചു

മൂന്നു പേരുടെ കൈയില്‍ വളരുന്ന ബാക്ടീരിയ കൂട്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു.പിന്നീട് ഇവര്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടര്‍ മൌസില്‍ പതിഞ്ഞ ബാക്ടീരിയ കൂട്ടങ്ങളെയും ശേഖരിച്ചു.ഇവയുടെ ഡിഎന്‍ എ ഫലം ഒത്തുനോക്കിയപ്പോള്‍ ഓരോ വ്യക്തിയുടെ കൈയിലെയും മൌസിലേയും ബാക്ടീരിയകള്‍ ഒരേ സ്വഭാവം കാണിക്കുന്നതായി ഇവര്‍ കണ്ടെത്തി.

ഓരോ വ്യക്തിയിലെയും ബാക്ടീരിയ കൂട്ടങ്ങള്‍ വ്യത്യസ്തമാണെന്ന് ഉറപ്പിക്കാന്‍ ഇവര്‍ മറ്റൊരു പരീക്ഷണം കൂടി നടത്തി. ഒരാളുടെ കൈകളിലെയും അയാള്‍ ഉപയോഗിക്കുന്ന 9 കമ്പ്യൂട്ടറിലെയും ബാക്ടീരിയന്‍ സാമ്പിള്‍ ശേഖരിച്ചു. 270 ഓളം പേരുടെ കൈകളിലെ ബാക്ടീരിയന്‍ ഡി എന്‍ എ ഡാറ്റാബേസുമായി ഇവ താരതമ്യം ചെയ്തു. എല്ലാ സാമ്പിളിലെയും ഡി എന്‍ എ പ്രൊഫൈല്‍ അയാളടെ കൈയിലെ ബാക്ടീരിയയുടെതിനല്ലാതെ മറ്റൊന്നിനോടും യോജിച്ചില്ല.നാളെ ഫോറന്‍സിക് ശാഖക്ക് മുതല്‍ക്കൂട്ടാവാന്‍ ഈ കണ്ടെത്തലിനു കഴിഞ്ഞേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

വിവിധ ആളുകളുടെ ബാക്ടീരിയന്‍ അടയാളങ്ങള്‍ ഒരിടത്ത് കലര്‍ന്നു പതിഞ്ഞാല്‍ അത് മൂന്നാമതൊരാളിന്റെതിനോട് സാമ്യമുള്ളതാവാന്‍ സാധ്യതയുണ്ടാവുമോ എന്ന ആശങ്കയാണ് ഇനി അകറ്റേണ്ടത്. അതിനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.

No comments:

Post a Comment