Thursday, April 8, 2010

117ാമത് മൂലകം കണ്ടെത്തി


ലണ്ടന്‍: ആവര്‍ത്തനപ്പട്ടികയിലെ ഒരു ഒഴിവുകൂടി നികത്തപ്പെടുന്നു. പുതിയ അതിഘന മൂലകം കൂടി പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. അറ്റോമിക് നമ്പര്‍ 117 ആയ ഈ അതിഘനമൂലകം അമേരിക്കന്‍^റഷ്യന്‍ ഗവേഷകരുടെ സംയുക്ത ഗവേഷണത്തിലാണ് കൃത്രിമമായി സൃഷ്ടിച്ചത്. ടെന്നസിയിലെ ഒരു ആണവ റിയാക്ടറില്‍ ബര്‍ക്കിലിയം മൂലകത്തിന്റെ ആറ്റങ്ങളില്‍ കാല്‍സ്യം ആറ്റങ്ങള്‍ കൂട്ടിയിടിപ്പിച്ചാണ് പുതിയ മൂലകത്തിന്റെ ആറ്റങ്ങള്‍ സൃഷ്ടിച്ചത്. അണ്‍അണ്‍ സെപ്റ്റിയം (ununseptium) എന്ന് താല്‍ക്കാലിക പേരിട്ട മൂലകത്തിന് സെക്കന്‍ഡില്‍ ഒരംശം മാത്രമേ ആയുസ്സുള്ളൂ. അതിവേഗത്തില്‍ ഇവ ശോഷണത്തിന് വിധേയമാവുന്നു. ശാസ്ത്രലോകം പ്രവചിക്കുന്ന വര്‍ഷങ്ങളോളം ആയുസ്സുള്ള അതിഘന മൂലകങ്ങളുടെ മേഖലയായ 'സ്ഥിരതയുടെ ദ്വീപി'ലേക്കുള്ള വഴിയാണ് ഇത്തരം മൂലകങ്ങളുടെ കണ്ടെത്തലുകളെന്ന് കരുതപ്പെടുന്നു. ആറ്റോമിക നമ്പര്‍ 126 ആയ അതിഘന മൂലകങ്ങള്‍ കണ്ടെത്താനായാല്‍ അവക്ക് സ്ഥിരതയുണ്ടാവുമെന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്. ഇന്റര്‍ നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി അംഗീകാരത്തിനുശേഷമേ സ്ഥിരമായ പേരോടെ മൂലകം ആവര്‍ത്തനപ്പട്ടികയിലെത്തൂ.

1 comment:

  1. hello sir.....this s very useful 4 both students teachers...sometimes we will miss matters carelessly.....now we vl search soon in this blog....thank you very much...expecting more....

    ReplyDelete