Monday, November 15, 2010

റോബര്‍ട്ട് ഹബറും കുട്ട്യോളും......

പ്രകാശ സംസ്ലേഷണത്തിന്റെ അടുക്കള രഹസ്യങ്ങള്‍ ചോര്‍ത്തിയ ഒരു പ്രതിഭാശാലി ജര്‍മനിയില്‍ നിന്ന് നമ്മുടെ അതിഥിയായെത്തി. ഇലകളില്‍ നടക്കുന്ന  വിസ്മയ പാചകത്തിന്റെ രസതന്ത്രമറിഞ്ഞതിന് 1988ല്‍ നൊബെല്‍ സമ്മാനം കരസ്ഥമാക്കിയ റോബര്‍ട്ട് ഹബര്‍ ആയിരുന്നു അതിഥി. കേരളത്തിലെമ്പാടു നിന്നുമെത്തിയ 60 കൊച്ചു മിടുക്കന്‍മാരും മിടുക്കികളുമായി അദ്ദേഹം മണിക്കൂറുകളോളം സംസാരിച്ചു. ഒക്ടോബര്‍ 20ന്  കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലായിരുന്നു  അപൂര്‍വ്വ സമാഗമം.

Robert Huber In MG university Kottayam
പ്രകാശ സംസ്ലേഷണത്തിന്റെ രണ്ടു പ്രധാന രാസപ്രവര്‍ത്തന പരമ്പരകളായ  പ്രകാശപ്രവര്‍ത്തനങ്ങളിലും (light reactions) ഇരുള്‍ പ്രവര്‍ത്തനങ്ങളിലും(dark reactions) പങ്കെടുക്കുന്ന പ്രോട്ടീനുകളുടെ ഘടന തിരിച്ചറിഞ്ഞതിനാണ് ഹബറിന് നൊബേല്‍ ലഭിച്ചത്. തന്‍മാത്രകളെ സൂക്ഷ്മമായി മനസിലാക്കാന്‍ കഴിയുന്നന എക്സ് റേ ക്രിസ്റ്റലോഗ്രാഫി എന്ന വിദ്യ ഉപയോഗിച്ചായിരുന്നു  ഗവേഷണം.  വലിയ രഹസ്യങ്ങളുടെ ചുരുളഴിച്ചവനെന്നതിന്റെ യാതൊരു ഭാവവുമില്ലാതെ കൂട്ടുകാരുടെ ചോദ്യത്തിനൊപ്പം ലളിതമായി സരസമായി അദ്ദേഹം മറുപടികളുമായി ചേര്‍ന്നു. വിരുതന്‍മാരായ നമ്മുടെ കൂട്ടുകാര്‍ മുട്ടിനു മുട്ടിനു തകര്‍പ്പന്‍ ചോദ്യങ്ങളും ചോദിച്ചു.

Dr Aravind and Robert Huber In the Interaction session
  • പ്രോട്ടീന്‍ ഘടനയടക്കമുള്ള ഗവേഷണപ്രവര്‍ത്തനങ്ങളിലേക്ക് അങ്ങ് എത്തിച്ചേര്‍ന്നതെങ്ങനെ? എന്താണ് അങ്ങയെ സ്വാധീനിച്ചത്?
ഗവേഷണം എന്നെ സംബന്ധിച്ച്
ആസ്വാദ്യകരമായ അനുഭവമാണ്.അതി
സങ്കീര്‍ണ ഘടനകളുള്ള പ്രോട്ടീനുകളെ സൂക്ഷ്മമായി പഠിക്കാന്‍ പല ഉപകരണങ്ങളും വികസിപ്പിച്ചെടുക്കേണ്ടിയിരുന്നു. അതായത് പ്രോട്ടീനുകളെ വിശദമായി മനസിലാക്കാനുള്ള സംവിധാനം. എക്സ് റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതമാണ് പ്രോട്ടീന്‍ ഗവേഷണത്തിന് ഞങ്ങള്‍ സ്വീകരിച്ചത്. ആറ്റങ്ങളുടെ സ്ഥാനമടക്കം പ്രോട്ടീനുകളുടെ  കൃത്യമായ ത്രിമാന ഘടന ഇതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ സങ്കീര്‍ണ ഘടനയുള്ള പ്രോട്ടീനുകളെ തിരിച്ചറിയല്‍ ബുദ്ധിമുട്ടേറിയ പണിയാണെങ്കിലും ആവേശകരമാണ്. ശാസ്ത്രം എന്നും ആവേശകരം തന്നെയാണ്. കുട്ടിക്കാലത്തേ എനിക്ക് ശാസ്ത്രത്തില്‍ താല്‍പര്യമുണ്ടായിരുന്നു. 1937ലാണ്  ഞാന്‍ ജനിച്ചത്. അക്കാലത്ത് ജര്‍മനിയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു.എന്റെ നഗരമായ മുനിച്ച്  പാടെ നശിച്ചിരുന്നു. ആളുകള്‍ ഭക്ഷണത്തിനും അഭയത്തിനുമായി പരക്കം പായുകയായിരുന്നു അക്കാലത്ത്. ഇതിനിടയില്‍ എനിക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടിയില്ല. പക്ഷേ ശാസ്ത്രത്തിലുള്ള എന്റെ താല്‍പര്യം കാരണം അടുത്തുള്ള ആശുപത്രികളില്‍ നിന്നും, മരുന്നുശാലകളില്‍ നിന്നുമെല്ലാം അമ്മ ചില രാസവസ്തുക്കള്‍ കൊണ്ടുതരുന്നത് പതിവായിരുന്നു. അവ ഉപയോഗിച്ചാണ് ഞാന്‍ ആദ്യപരീക്ഷണങ്ങള്‍ തുടങ്ങുന്നത്. അങ്ങനെ പിന്നീട് ഞാന്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രസതന്ത്രത്തില്‍ എന്റെ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു.


  • പ്രോട്ടീനുകളെ കുറിച്ചുള്ള താങ്കളുടെ ഗവേഷണം എങ്ങനെയാണ് മനുഷ്യ ജീവിതത്തിന് പ്രയോജനപ്പെടുക?

നമുക്ക് ജീവന്റെ ഭാഗമായ എല്ലാ തന്‍മാത്രകളെയും കണ്ടെത്തേണ്ടതുണ്ട്. അവയെ നേരില്‍ കണ്ടറിയേണ്ടതുണ്ട്. നമ്മുടെ കാഴ്ചക്ക് അപ്രാപ്യമായ ഇവയെ കാണിച്ചു തരുന്ന കണ്ണുകളാണ് എക്സ് റേ ക്രിസ്റ്റലോഗ്രഫിയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പും മറ്റും. ജീവന്റെ അടിസ്ഥാന ഘടകങ്ങളായ പ്രോട്ടീനുകളെ കുറിച്ചുള്ള ഗവേഷണവും ഏറെ  പ്രാധാന്യമുള്ളതാണ്.രോഗങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രത്യേകിച്ച് ജനിതക രോഗങ്ങള്‍...അതിന് പ്രോട്ടീന്‍ ഗവേഷണം വലിയ സഹായമാകുന്നു. ഉദാഹരണത്തിന് കാന്‍സര്‍ ചികില്‍സയില്‍...അനിയന്ത്രിതമായി എന്തുകൊണ്ടാണ് കാന്‍സര്‍ കോശങ്ങള്‍ വളരുന്നതെന്ന് മനസിലാക്കാന്‍ അതുമായി  ബന്ധപ്പെട്ട പ്രോട്ടീനിനെ പഠിക്കുന്നത് ഗുണകരമാവും. ചിലപ്പോള്‍ ചില പ്രത്യേക പ്രോട്ടീനുകള്‍ ശരിയല്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാവും കാന്‍സറുണ്ടാവുന്നത്. അത്തരം പ്രോട്ടീനിനെ വിശദമായി അറിഞ്ഞാല്‍ പിന്നെ അവയെ നിയന്ത്രിക്കാനുള്ള വഴി കണ്ടെത്താനുമാവും...അത്തരത്തില്‍ വൈദ്യശാസ്ത്രം, കൃഷി തുടങ്ങി വിവിധ മേഖലകള്‍ക്ക് ആവശ്യമായ പുതു വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടീന്‍ ഗവേഷണത്തിനു കഴിയും.

  • ഗവേഷണ ജീവിതത്തിനിടയില്‍  താങ്കള്‍ നിരാശനായിട്ടുണ്ടോ?
ഞാന്‍ നടത്തിയ 90ശതമാനം പരീക്ഷണങ്ങളും പരാജയമായിരുന്നു. പരീക്ഷണശാലയില്‍  എല്ലാ ദിവസവും ഇത്തരം പരാജയങ്ങളിലൂടെയാണ് കടന്നു പോകാറുള്ളത്. പരാജയപ്പെട്ട പരീക്ഷണങ്ങളാണ് പുതു നീക്കങ്ങള്‍ക്ക് ഇന്ധനമാവുന്നത്. അങ്ങനെയാണ് ചിലപ്പോള്‍ വിജയത്തിലെത്തുന്നത്. എന്റെ കുടുംബം ഗവേഷണ ജീവിതത്തിന് എന്നും പിന്തുണ നല്‍കിയിരുന്നു.  എനിക്കിപ്പോള്‍ വയസ് 73 ആയി. ഇപ്പൊഴും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോകെമിസ്ട്രി എന്ന ശാസ്ത്രകേന്ദ്രത്തില്‍ ശിഷ്യര്‍ക്കൊപ്പം ഞാന്‍ ഗവേഷണങ്ങള്‍ തുടരുന്നു.


  • ഗവേഷണത്തില്‍ അങ്ങയുടെ മാതൃകാപുരുഷന്‍ ആരായിരുന്നു?
മാക്സ് പെരറ്റ്സ് എന്ന പ്രതിഭാശാലിയായ ശാസ്ത്രകാരന്‍. പ്രോട്ടീന്‍ ക്രിസ്റ്റലോഗ്രഫിയുടെ പിതാവായി അദ്ദേഹത്തെ കണക്കാക്കാം. അറുപതുകളില്‍ തന്നെ എക്സ് റേ ക്രിസ്റ്റലോഗ്രഫി സങ്കേതം ഉപയോഗിച്ച് ചെറിയ അകാര്‍ബണിക തന്‍മാത്രകളുടെ ഘടനകള്‍ അദ്ദേഹം മനസിലാക്കിയിരുന്നു. രക്തത്തിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്റെ ഘടന കണ്ടെത്തിയതിന് അദ്ദേഹത്തിന് 1962 ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. പല തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുന്നു.

students in various schools around kerala participating in the Interaction session with Robert Huber
  • പകാശ സംസ്ലേഷണത്തില്‍ പ്രോട്ടീനുകളുടെ പങ്ക് എന്താണ്

പ്രകാശം പ്രകാശ സംസ്ലേഷണ റിയാക്ടിങ് കേന്ദ്രങ്ങളില്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം.  പ്രോട്ടീനുകളും മറ്റു ഘടകങ്ങളുമടങ്ങിയ സങ്കീര്‍ണ സംവിധാനത്തെയാണ് റിയാക്ടിങ് സെന്റര്‍ എന്നു പറയുന്നത്. പ്രകാശ സംസ്ലേഷണ റിയാക്ടിങ് കേന്ദ്രങ്ങളിലെ സ്തര പ്രോട്ടീനുകള്‍ (membrane proteins) ആണ് പ്രകാശത്തെ കെണിയിലാക്കുക.

ഇത്തരം പ്രോട്ടീനുകള്‍ക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്. കോശത്തിലേക്കുള്ള ഇലക്ട്രോണ്‍ ^പ്രോട്ടോണ്‍ ഒഴുക്കിനു സഹായിക്കുന്നത് ഇത്തരം പ്രോട്ടീനുകളാണ്.  ്റോഡോസ്യൂഡോമൊണാസ് വിരിഡിസ് (Rhodopseudomonas viridis) എന്ന ബാക്ടീരിയയിലെ റിയാക്ടിങ് സെന്ററിലെ സ്തര പ്രോട്ടീന്‍ ഘടനയാണ് ഞാന്‍ ഉള്‍പ്പെട്ട ഗവേഷണ സംഘം തിരിച്ചറിഞ്ഞത്.  ഇതിലൂടെ പ്രകാശ പ്രവര്‍ത്തനത്തെ (light reaction) കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു. പ്രകാശ സംസ്ലേഷണ റിയാക്ടിങ് സെന്ററുകളില്‍ എന്താണ് നടക്കുന്നതെന്ന് വിശദമായി മനസിലാക്കുന്നത് അതിനു ശേഷമാണ്.

  • പ്രോട്ടീന്‍ പോലുള്ള സങ്കീര്‍ണ തന്‍മാത്രകളെ സൂക്ഷ്മമായി പ0ിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്?

നേരത്തെ പറഞ്ഞ എക്സ് റേ ക്രിസ്റ്റലോഗ്രഫി സംവിധാനമാണ് പ്രധാനപ്പെട്ടത്. തന്‍മാത്രകളുടെ കൃത്യമായ ഘടന തിരിച്ചറിയാന്‍ ഇത് സഹായിക്കും. പദാര്‍ഥത്തില്‍ എക്സ് റേ രശ്മികള്‍ കടത്തി വിടുമ്പോള്‍ ലഭിക്കുന്ന പാറ്റേണുകളില്‍ നിന്നാണ് ഘടന മനസിലാക്കുക. ആറ്റങ്ങളില്‍ തട്ടി ചിതറുന്ന എക്സ് റേ കിരണങ്ങളെ ഫോട്ടോഗ്രാഫിക് പ്ലേറ്റില്‍ പതിപ്പിച്ചാണ്  പാറ്റേണ്‍ തയാറാക്കുക.  മറ്റൊരു സമ്പ്രദായം ഇലക്േട്രാണ്‍ മൈക്രോസ്കോപ്പാണ്. സൂക്ഷ്മതലത്തില്‍ തന്‍മാത്രകളെ മനസിലാക്കാന്‍ ഇത് നല്ല സങ്കേതമാണ്. എക്സ് റേ കിരണങ്ങള്‍ക്കു പകരം ഇലക്േട്രോണ്‍ പ്രവാഹമാണ് ഇതില്‍ ഉപയോഗിക്കുക. ഇലക്ട്രോണ്‍ ചില പദാര്‍ഥങ്ങളുമായി പ്രവര്‍ത്തിച്ച് ചില വെത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലായ്പ്പോഴും ഈ സങ്കേതത്തെ ആശ്രയിക്കാന്‍ കഴിയില്ല.
മറ്റൊന്ന് എന്‍.എം.ആര്‍(nmr) സ്പെ:ട്രാസ്കോപ്പിയാണ്. കാന്തിക രശ്മികള്‍ ഉപയോഗിച്ചാണ് ഈ രീതിയില്‍ ഘടന തിരിച്ചറിയുന്നത്. ഗവേഷണങ്ങളില്‍ ഈ സങ്കേതങ്ങളെല്ലാം മാറി മാറി ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ത്താണ് തന്‍മാത്രകളുടെ അന്തിമ ഘടന നിര്‍ണയിക്കുക


കാര്‍ബണ്‍ ഡയോക്ൈസഡ്  സ്വീകരിച്ച് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള പ്രത്യേകതരം ബാക്റ്റീരിയക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ഹബറും സംഘവും മുഴുകിയിരിക്കുന്നത്. ഇത്തരം ബാക്റ്റീരിയയെ തിരിച്ചറിഞ്ഞത് സംഘത്തിന്റെ വലിയ നേട്ടമായിരുന്നു.  ബാക്റ്റീരിയയില്‍ നടക്കുന്ന രാസപ്രക്രിയ എന്തെന്നു മനസിലാക്കുകയാണ് ഗവേഷണത്തിന്റെ ഇപ്പോഴത്തെ ഘട്ടം.

for more information about Robert Huber
visit http://nobelprize.org/nobel_prizes/chemistry/laureates/1988/huber-autobio.html
http://nobelprize.org/mediaplayer/index.php?id=412

No comments:

Post a Comment