Friday, October 8, 2010

നോബല്‍ പകിട്ടില്‍
സങ്കീര്‍ണ തന്‍മാത്രകളുടെ 
Add caption
രസതന്ത്രകാരന്‍മാര്‍

രീബിയന്‍ കടലില്‍ കാണപ്പെടുന്ന ഞണ്ടുകളിലെ വിഷത്തിന് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുവാനുള്ള ശേഷിയുണ്ട്. കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഈ രാസവസ്തുവിനു സമാനമായ കൃത്രിമ തന്‍മാത്രയെ വികസിപ്പിച്ചു ശാസ്ത്രലോകം. അതിസങ്കീര്‍ണ ഘടനയുള്ള ജൈവതന്‍മാത്രകളുടെ(organic molecules) അപരന്‍മാരെ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയെന്നത് വിഷമകരം തന്നെയാണ്. തന്‍മാത്ര കൂടുതല്‍ സങ്കീര്‍ണമാവുന്നതിനനുസരിച്ച് അധ്വാനം കുടും. ഞണ്ടു വിഷത്തിനു സമാനമായ  ഡിസ്കോഡെര്‍മോലിഡ്(discodermolide) എന്ന കൃത്രിമതന്‍മാത്രയെ യാണ് പരീക്ഷണശാലയില്‍ വികസിപ്പിച്ചത്. ഇതിന് ഗവേഷകര്‍ ആശ്രയിച്ചത് ഹെക്ക്^നെഗിഷി^സുസുക്കി രാസപ്രവര്‍ത്തനങ്ങളെയാണ്. അത്തരത്തില്‍ മരുന്നുകള്‍ക്കും മറ്റും ലോകമാകെയുള്ള ഗവേഷകര്‍ സങ്കീര്‍ണ കാര്‍ബണിക തന്‍മാത്രകളെ വികസിപ്പിക്കുമ്പൊഴൊക്കെ ഈ രാസപ്രവര്‍ത്തന പരമ്പരകള്‍ സഹായത്തിനെത്തുന്നു. എളുപ്പത്തില്‍ സങ്കീര്‍ണമായ കാര്‍ബണിക തന്‍മാത്രകളെ ബന്ധിപ്പിച്ച് കൂടുതല്‍ സങ്കീര്‍ണമായ പുതിയ തന്‍മാത്രകള്‍ രൂപപ്പെടുത്താന്‍ ഇവ അനുഗ്രഹമാവുന്നു.
ജപ്പാന്‍കാരായ അക്കിറ സുസുക്കി, എയ്ക്കി നെഗിഷി, അമേരിക്കക്കാരനായ റിച്ചാര്‍ഡ് ഹെക്ക് എന്നിവരെ നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത് അവര്‍ തുറന്നു വച്ച രസതന്ത്രത്തിലെ  പുതുവഴികളാണ്. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റുന്ന രാസതന്‍മാത്രകളുടെ പിറവിക്ക് വഴിമരുന്ന് ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങളാണ്.

പലേഡിയത്തിനൊപ്പം പുതുവഴി
പലേഡിയം രാസത്വരകമാകുന്ന ക്രോസ് കപ്പ്ളിംഗ് രാസപ്രവര്‍ത്തനങ്ങളാണ് (palledium catalysed cross cupling reactions)സുസുക്കിയും നെഗിഷിയും വികസിപ്പിച്ചത്. കാര്‍ബണിക തന്‍മാത്രകള്‍ക്കിടയില്‍(organic molecules) കാര്‍ബണ്‍ ബന്ധനം(carbon bond)എളുപ്പത്തില്‍ രൂപപ്പെടുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്. പലേഡിയം രാസത്വരകമായി ഇത്തരത്തില്‍ ഇവര്‍ വികസിപ്പിച്ച രാസപ്രവര്‍ത്തനങ്ങള്‍ നെഗിഷിരാസപ്രവര്‍ത്തനം(Negishi reaction), സുസുക്കി രാസപ്രവര്‍ത്തനം(susuki reaction) എന്ന പേരില്‍ ഓര്‍ഗാനിക് പരീക്ഷണ ശാലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലേഡിയം രാസത്വരകമാക്കി റിച്ചാര്‍ഡ് ഹെക്ക് വികസിപ്പിച്ച രാസപ്രവര്‍ത്തനം മിസോര്‍ക്കി^ഹെക്ക് രാസപ്രവര്‍ത്തനം എന്ന പേരില്‍ രസതന്ത്ര ലോകത്തിനു മുതല്‍ക്കൂട്ടായി. മിസോര്‍ക്കിയെന്ന ജപ്പാനീസ് ശാസ്ത്രകാരന്റെ മാര്‍ഗം പിന്‍തുടര്‍ന്നാണ് ഹെക്ക് പുതു വഴിതുറന്നത്.

ഈ മൂന്നു രസതന്ത്രജ്ഞര്‍ തുറന്നിട്ട വഴി മരുന്നു ഗവേഷണം, ജൈവതന്‍മാത്രകളുടെ അപരന്‍മാരെ വികസിപ്പിക്കുന്ന പ്രവര്‍ത്തനം, പുതുശേഷികളുള്ള ഇലക്ട്രോണിക് പദാര്‍ഥങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവക്കെല്ലാം പുതുപ്രതീക്ഷകള്‍ സമ്മാനിക്കുന്നു.

നെഗിഷി രാസപ്രവര്‍ത്തനം( Negishi coupling)
ഒരു ഓര്‍ഗാനോ സിങ്ക് സംയുക്തവും ഓര്‍ഗാനിക് ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.ഇവക്കിടയില്‍ പുതിയ കാര്‍ബണ്‍^കാര്‍ബണ്‍ ബന്ധനം രൂപപ്പെടുന്നു.

R-x + R-zn-x'    =     R-R

സുസുക്കി രാസപ്രവര്‍ത്തനം( Suzuki reaction)
അരൈല്‍/വിനൈല്‍ ബോറോണിക് ആസിഡും അരൈല്‍/ വിനൈല്‍ ഹാലൈഡും പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം   

R1-BY2+ R2-x   =  R1-R2

മിസോര്‍ക്കി-ഹെക്ക് രാസപ്രവര്‍ത്തനം (MizorokiHeck reaction)

അപൂരിത ഹാലൈഡും(unsaturated halide) ആല്‍ക്കീനും തമ്മില്‍ പലേഡിയത്തിന്റെ സാനിധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം.
സബ്സ്റ്റിറ്റ്യൂട്ടഡ് ആല്‍ക്കീനാണ് ഉല്‍പ്പന്നം.

No comments:

Post a Comment