Monday, November 29, 2010

വിഷ വൈറസിന്റെ വഴി





Dec 1 world aids day

വിഷ വൈറസിന്റെ വഴി
നുഷ്യരാശിയെ മരണഭീതിയിലാഴ്ത്തിയ രോഗങ്ങള്‍ പലതും അവതരിച്ചിട്ടുണ്ട് ഈ ഭൂമുഖത്ത്. വസൂരിയും,ക്ഷയവും, കുഷ്ഠവും, പ്ലേഗുമെല്ലാം കുട്ട മരണം വിതച്ചിരുന്നു ഒരു കാലത്ത്. പകച്ചു നില്‍ക്കാതെ ഓരോ മഹാമാരിയെയും നിയന്ത്രിക്കുവാനുള്ള വഴിയും നാം തന്നെ കണ്ടെത്തി. ഓരോ രോഗാണുവിനെയും പഠിച്ച് അവയെ ഇല്ലാതാക്കാനുള്ള വിദ്യ ശാസ്ത്രം പറഞ്ഞു തന്നു. അങ്ങനെ വസൂരിയെ ഭൂമുഖത്തു നിന്ന്  നാം പറഞ്ഞയച്ചു.
പ്ലേഗും,ക്ഷയവും,കുഷ്ഠവുമെല്ലാം തുരത്താനുള്ള വഴിയും തെളിഞ്ഞു.അങ്ങനെ രോഗഭീകരരെ വരുതിയിലാക്കിയ സമാധാനത്തില്‍ ലോകം കഴിയുമ്പോഴാണ് ആരുമറിയാതെ ഒരു വൈറസ് അവതരിച്ചത്. എച്ച്.ഐ.വിയെന്ന് വൈദ്യശാസ്ത്രം വിളിപ്പേരിട്ട വില്ലന്‍. എയ്ഡ്സ് എന്ന പുതിയ മഹാമാരിയുമായായിരുന്നു വരവ്. 1980കളിലാണ്  ഇങ്ങനെയൊരു ഭീഷണി പിന്‍തുടരുന്നുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത്. വൈറസ് കാലങ്ങള്‍ക്കു മുന്‍പേ പിറവിയെടുത്തിരുന്നു. തിരിച്ചറിയാന്‍ വൈകിയെന്നു മാത്രം.

അക്കാലത്ത് ന്യൂയോര്‍ക്കിലും, കാലിഫോര്‍ണിയയിലും ചിലരില്‍ വ്യാപകമായി കണ്ടുതുടങ്ങിയ രോഗലക്ഷണങ്ങള്‍ ആണ് ആദ്യ സൂചനകള്‍ തരുന്നത്. ഒരു ചികില്‍സയും ഫലിക്കാത്ത ചില അണുബാധയും,കാന്‍സറുമെല്ലാം വ്യാപകമായി കണ്ടുതുടങ്ങി. എയ്ഡ്സ് എന്ന നിഗമനത്തിലെത്തിയില്ലെങ്കിലും ഇവരെയെല്ലാം ബാധിച്ചിരിക്കുന്ന രോഗം ഒന്നാണെന്നും അത് പടരുകയാണെന്നും ഞെട്ടലോടെ ലോകം ഉള്‍ക്കൊണ്ടു. മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറുക്കുന്ന എയ്ഡ്സ്(അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം) ആണിതെന്ന്            തിരിച്ചറിയുന്നത് 1981ലാണ്. മനുഷ്യനെ ഒരേ സമയം ഒന്നിലധികം രോഗങ്ങളുടെ തടവറയിലാക്കുന്ന മഹാമാരി അങ്ങനെ ചര്‍ച്ചകളില്‍ നിറഞ്ഞു.
രോഗാണുവിനെ തിരിച്ചറിയാനുള്ള പഠനങ്ങള്‍ ലോകമെങ്ങും സജീവമായി .രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് റിട്രോവൈറസ് ഗണത്തില്‍ പെടുന്ന വൈറസാണിതെന്ന് തെളിഞ്ഞു.1983 ലാണ് ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ് എന്ന എച്ച്.ഐ.വിയെ കണ്ടെത്തുന്നത്.

എച്ച്.ഐ.വിക്കു പിന്നാലെ

പ്രധാനമായി രണ്ടു തരം വൈറസുകളാണ് എയ്ഡ്സ് ബാധയുണ്ടാക്കുന്നത്.എച്ച്.ഐ.വി-1ഉം,എച്ച്.ഐ.വി-2ഉം. ഇതില്‍ ആദ്യത്തേതാണ് ലോകവ്യാപകമായി കണ്ടുവരുന്നത്. രണ്ടാമത്തെ വൈറസ് ഇപ്പോള്‍ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള രോഗികളിലാണ് കാണുന്നത്. ഇതും പടരുന്നുണ്ട്. കുരങ്ങുകളില്‍ കാണപ്പെടുന്ന സിമിയന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസില്‍ (എസ്.ഐ.വി) നിന്ന് പരിണമിച്ചുണ്ടായതാണ് എച്ച്.ഐ.വി എന്ന് ശാസ്ത്ര നിഗമനം. രണ്ട് എച്ച്.ഐ.വി വൈറസുകളും  എസ്.ഐ.വിയുമായി സാമ്യം കാണിക്കുന്നതിനാലാണ് ഈ നിഗമനത്തിലെത്തിയത്.
ആഫ്രിക്കയില്‍ കണ്ടുവന്നിരുന്ന ചിമ്പാന്‍സി വര്‍ഗത്തില്‍ കാണുന്ന എസ്.ഐ.വി പരിണമിച്ചതാണ് എച്ച്.ഐ.വി^! വൈറസ് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പ്രത്യേക തരം വൈറ്റ് കോളേര്‍ഡ് കുരങ്ങന്‍മാരിലെ എസ്.ഐ.വിയാണ് എച്ച്.ഐ.വി^2ന് വഴിവെച്ചതെന്ന് നിഗമനമുണ്ട്. ആദ്യകാല എച്ച്.ഐ.വി ബാധിതരുടെ അവശേഷിക്കുന്ന സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്ന് 1940നും 50നും ഇടയിലാണ് എച്ച്.ഐ.വി മനുഷ്യരിലേക്ക് കടന്നു കയറുന്നതെന്ന് വ്യക്തമാവുന്നു.
പക്ഷേ കുരങ്ങന്‍മാരില്‍ കണ്ടു വന്ന വൈറസ് എങ്ങനെ മനുഷ്യരില്‍ പടരുന്ന എച്ച്.ഐ.വി ആയി എന്നത് വലിയ ചോദ്യമായിരുന്നു. വൈറസുകള്‍ക്ക് ഒരു ജീവിവര്‍ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  വലിയ കാലയളവെടുത്ത് കടന്നുകയറാനാവും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വൈറസ് കൈമാറ്റത്തിന് സൂണോസിസ്(Zoonosis)എന്നാണ് വിളിപ്പേര്. എസ്.ഐ.വിയില്‍ നിന്ന് മനുഷ്യനില്‍ എച്ച്.ഐ.വിയായി മാറിയ സൂണോസിസ് എങ്ങനെ നടന്നു എന്നതായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍.ഉത്തരം നിരവധി സാധ്യതാ വാദങ്ങളായിരുന്നു. ഇന്നും ഇക്കാര്യത്തില്‍ സംവാദം തുടരുകയാണ്.

വേട്ടക്കാരനും ചിമ്പാന്‍സിയും
എസ്.ഐ.വിയുള്ള ചിമ്പാന്‍സിയെ വേട്ടയാടിയ മനുഷ്യനിലേക്കായിരിക്കാം ആദ്യമായി വൈറസ് കൈമാറ്റം നടന്നതെന്ന് വാദമുണ്ട്.
ഏറെ സ്വീകാര്യത നേടിയ വാദം.ചിമ്പാന്‍സിയുടെ മാംസം കഴിച്ചതിലൂടെ യോ, രക്തം മുറിവില്‍ പുരണ്ടതിലൂടെയോ എസ്.ഐ.വി മനുഷ്യരിലേക്ക് കടന്നുകൂടി. മനുഷ്യശരീരമെന്ന പുതിയ ചുറ്റുപാടിനൊത്ത് പരിണമിച്ച് എച്ച്.ഐ.വിയായി മാറി എന്ന് കണക്കാക്കുന്നു. നേരിയ തോതില്‍ ജനിതക വെത്യാസം കാണിക്കുന്ന പല തരം എച്ച്.ഐ.വികള്‍ രൂപമെടുത്തത് ഇതിനു അടിവരയിടുന്നുവെന്ന് ഈ സിദ്ധാന്തം മുന്നോട്ടുവെച്ചവര്‍ പറയുന്നു. വ്യത്യസ്ത മനുഷ്യശരീരങ്ങളില്‍ എത്തിയ എസ്.ഐ.വി നേരിയ വ്യത്യാസങ്ങളോടെ എച്ച്.ഐ.വിയായതാണ് ഇതിനു കാരണം.

വഴി തെളിച്ചത് പോളിയോ വാക്സിന്‍?

1950കളില്‍ ബെല്‍ജിയം, റുവാണ്ട,കോം
ഗോ തുടങ്ങിയ ഇടങ്ങളില്‍ പോളിയോ വാക്സിന്‍ പരീക്ഷണം നടന്നിരുന്നു. ചാറ്റ് എന്ന വാക്സിനായിരുന്നു ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്. ഇത് ചിമ്പാന്‍സികളുടെ വൃക്കയിലെ കോശങ്ങളിലാണ് വികസിപ്പിച്ചതെന്നായിരുന്നു വാദം. എസ്.ഐ.വി ബാധിതരായ ചിമ്പാന്‍സികളില്‍ നിന്ന് അങ്ങനെ മനുഷ്യരിലേക്ക്. പക്ഷേ പിന്നീട് ഈ വാദം പൊളിഞ്ഞു. പഴയ പോളിയോവാക്സിന്‍ സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ അതില്‍ എസ്.ഐ.വി കണ്ടെത്താനായില്ല. എസ്.ഐ.വി കണ്ടുവരാത്ത മസാക്ക് വര്‍ഗത്തില്‍ പെട്ട കുരങ്ങില്‍ നിന്നാണ് പോളിയോ വാക്സിന്‍ വികസിപ്പിച്ചതെന്നും തെളിഞ്ഞു. അതോടെ ഈ വാദം അപ്രസക്തമായി.
                                              
 ഗൂഢാലോചനയുടെ സൃഷ്ടി?

അമേരിക്ക് കറുത്തവര്‍ഗക്കാരെ തുരത്താന്‍ കണ്ടുപിടിച്ച ജൈവായുധമാണ് എച്ച്.ഐ.വിയെന്ന ധാരണയും ചിലര്‍ പുലര്‍ത്തുന്നു. കാന്‍സര്‍ നിവാരണ പദ്ധതിയുടെ മറവില്‍ ഇത് മനുഷ്യരില്‍ കുത്തിവെക്കുകയായിരുന്നുവെന്നാണ് വാദം. ഒട്ടും അടിസ്ഥാനമില്ലാത്ത തെറ്റുധാരണയാണിതെന്ന് പിന്നീട് തെളിഞ്ഞു.

തൊഴിലാളി കേമ്പും കുത്തിവെപ്പും

ലോകമാകെ എച്ച്.ഐ.വിയുടെ വ്യാപനത്തിന് ആക്കം കൂട്ടിയ ആദ്യകാരണങ്ങളെക്കുറിച്ചും വാദങ്ങളുണ്ട്. കോളനിഭരണത്തിനു കീഴിലായിരുന്ന 19^20നൂറ്റാണ്ടുകളില്‍ നിരവധി ആഫ്രിക്കക്കാരെ തൊഴിലാളി ക്യാമ്പുകളില്‍ പിടിച്ചു നിറുത്തിയിരുന്നു. പട്ടിണിയും,വൃത്തിയില്ലായ്മയും വാഴുന്ന അവിടങ്ങളില്‍ ആരോഗ്യം തകര്‍ന്ന അവരില്‍ എച്ച്.ഐ.വിക്ക് വേഗത്തില്‍ പരിണമിക്കാന്‍ കഴിഞ്ഞു. ഭക്ഷണമായി ലഭിച്ച ചിമ്പാന്‍സി മാംസത്തില്‍ നിന്ന്  എസ്.ഐ.വിഅവരിലെത്തി. അണുവിമുക്തമാത്ത സൂചി ഉപയോഗിച്ച് ഇവരില്‍ നടത്തിയ വസൂരി കുത്തിവെപ്പും വൈറസ് വ്യാപനം എളുപ്പമാക്കി. ആഫ്രിക്കയില്‍ അക്കാലങ്ങളില്‍ നടത്തിയ പല ആരോഗ്യപരിപാടികളിലും സൂചി ലാഭിക്കാനായി ഒരേ സൂചിയില്‍ പലര്‍ക്കായി നല്‍കിയ കുത്തിവെപ്പുകളും വില്ലനായി. പല മനുഷ്യശരീരങ്ങളില്‍ വെത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന് എച്ച്.ഐ.വിയായി പരിണമിക്കാന്‍ എസ്.ഐ.വിക്ക് ഇത് വളമായി.   
എച്ച്.ഐ.വിയുടെ വരവിനെക്കുറിച്ച് വാദങ്ങളിങ്ങനെ പലതാണ്.
എന്തായാലും എയ്ഡ്സിനു തടയിടുവാനുള്ള ഗവേഷണങ്ങളും ലോകമാകെ സജീവമാണ്. എയ്ഡ്സ് നിയന്ത്രിക്കുവാനുള്ള ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നാം വികസിപ്പിച്ചു. എയ്ഡ്സ് വരാതിരിക്കാനുള്ള വാക്സിനുകള്‍ വികസിപ്പിക്കലാണ് ഗവേഷകരുടെ മുന്നിലുള്ള പ്രധാന ദൌത്യം.

No comments:

Post a Comment