Wednesday, June 22, 2011

ശനിയുടെ ചന്ദ്രനകത്ത് ഉപ്പുസമുദ്രം ഉറങ്ങുന്നുവോ?


എന്‍സെലാഡസിന്റെ ഉത്തരധ്രുവത്തിലെ ഐസ് പരല്‍ പ്രവാഹം
കടുവാ വരകള്‍ എന്ന് വിളിക്കുന്ന ഈ പ്രവാഹങ്ങളില്‍ ഐസ് പരലുകളും ജല ബാഷ്പങ്ങളും ഓര്‍ഗാനിക് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു


നിയുടെ ചന്ദ്രന്‍ വലിയൊരു ഉപ്പുസമുദ്രത്തെ ഒളിപ്പിക്കുന്നുണ്ടോ? അതിനുള്ള സാധ്യത ബലപ്പെടുകയാണ്. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ കാസിനി പേടകം നടത്തിയ നിരീക്ഷണമാണ് പുതിയ ജാലകങ്ങള്‍ തുറന്നിടുന്നത്.  ഐസ് പരലുകള്‍ മൂടിയ എന്‍സെലാഡസിന്റെ ഉപരിതലത്തിനടിയില്‍ വലിയൊരു ഉപ്പുതടാകം ഉറങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് കാസിനി നമ്മോട് പറയുന്നു.  എന്‍സെലാഡസിന്റെ ഉപരിതലത്തില്‍ നിന്ന് പ്രവഹിക്കുന്ന ഐസ് പൊടികള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ കാസിനി പേടകം അതില്‍ ഉപ്പിന്റെ സാനിധ്യം നല്ലവണ്ണമുണ്ടെന്ന് തിരിച്ചറിഞ്ഞു.

കുറേ കാലമായി എന്‍സെലാഡസില്‍ കണ്ണും നട്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന് ഇത് പ്രതീക്ഷയുളവാക്കുന്ന വാര്‍ത്ത തന്നെയാണ്. എന്‍സെലാഡസിന്റെ ഐസ് മൂടിയ പുറംപാളിയുടെ വിടവുകളിലൂടെ പ്രവഹിക്കുന്ന ഐസ്പൊടി പ്രവാഹത്തെ 'കടുവാവരകള്‍'(tiger stripes) എന്നാണ് വിളിക്കാറ്. ഈ പ്രവാഹത്തിലെ ഐസ് പരലുകളില്‍ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും ലവണങ്ങള്‍ ഉണ്ടെന്നാണ് കാസിനിയുടെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ എന്ന ഉപകരണത്തിന്റെ  കണ്ടെത്തല്‍.

ഇവക്ക് സമുദ്ര ജലത്തിനു സമാനമായ ലവണാനുപാതമാണെന്നാണ് ശാസ്ത്രകാരന്‍മാര്‍ പറയുന്നത്.  പുറത്തേക്ക് പ്രവഹിക്കുന്ന ഐസിന്റെയും ഉപ്പിന്റെയും അനുപാതം ഉപ്പുജലം ബാഷ്പമാവുന്നതിന്റെ സൂചനകള്‍ തരുന്നതായും നിഗമനമുണ്ട്. നിരന്തരം ഐസ് പരലുകളുടെയും ഉപ്പുതരികളുടെയും പ്രവാഹങ്ങള്‍ ഉണ്ടാവണമെങ്കില്‍ ഉപ്പുജലത്തിന്റെ വലിയ ശേഖരം കൂടിയേ മതിയാവൂ. അതാണ് ശനിയുടെ ചന്ദ്രനകത്ത് ഉപ്പുജലത്തിന്റെ വലിയ ശേഖരമുണ്ടെന്ന സാധ്യത തുറന്നിടുന്നത്.

കാസിനി പേടകം 2005 ലാണ് എന്‍സലാഡസിലെ ഐസ് പരലുകളുടെ പ്രവാഹത്തെ കുറിച്ച് ആദ്യ സൂചന തരുന്നത്. 2009ല്‍ ഇതിലെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ ഉപ്പിന്റെ സാനിധ്യവും വിളിച്ചു പറഞ്ഞു.  ഈ ഉപഗ്രഹത്തിന്‍െ ഐസ് പുറംപാളിക്കും  അകക്കാമ്പിനുമിടയില്‍ 80 കിലോമീറ്ററോളം ആഴത്തില്‍ ജലസാനിധ്യമുണ്ടെന്ന് കാസിനി തന്ന വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ വ്യക്തമാവുന്നു. നാച്വര്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment