Friday, June 24, 2011

മരുഭൂവില്‍ മൂക്കുകുത്തി ജനസിസ്; സൂര്യ രഹസ്യങ്ങളുടെ താക്കോലുമായി

യൂട്ടാ  മരുഭൂവില്‍ നിലം പതിച്ച നാസയുടെ ജനസിസ് പേടകം

സൂര്യനെ അടുത്തറിയുക അതുവഴി സൌരയൂഥത്തിന്റെ രസതന്ത്രമറിയുക ഇതായിരുന്ന നാസയുടെ ജനസിസ് (genesis) ദൌത്യത്തിന്റെ ഉദ്ദേശ്യം. സൂര്യനില്‍ ചെന്ന് കാര്യങ്ങളറിയുക അസാധ്യമായതിനാല്‍ സൌരവാതങ്ങളെ (solarwind) പഠിക്കുകകയായിരുന്നു ജനസിസിന്റെ ദൌത്യം. ശതകോടി വര്‍ത്തോളം വലിയ മാറ്റമില്ലാതെ തുടരുന്ന സൂര്യന്റെ പുറംപാളിയില്‍ നിന്നു  ഉള്ള  പൊടിപടല പ്രവാഹമാണ് സൌരവാതങ്ങള്‍. സൌരവാത പ്രവാഹത്തിനിടയില്‍ ചെന്ന് ആകാവുന്നത്ര പദാര്‍ഥങ്ങള്‍ ശേഖരിക്കുവാനാണ് 2001ല്‍ ജനസിസ് കുതിച്ചുയര്‍ന്നത്. സൌരയൂഥത്തിന്റെ ഫോസിലുകള്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന  പദാര്‍ഥ ശേഖരവുമായി 2004ല്‍ ജനസിസ് തിരിച്ചിറങ്ങി. തിരിച്ചിറക്കത്തിനിടെ കുഴപ്പം പറ്റി. പാരച്യൂട്ട് സംവിധാനത്തില്‍ വന്ന അപാകത വിനയായി. പേടകം മൂന്നുവര്‍ഷം ശേഖരിച്ച അപൂര്‍വ്വ സൌരപദാര്‍ഥ ശേഖരവുമായി അമേരിക്കയിലെ യൂട്ടാ സ്റ്റേററിലെ മരുഭൂവില്‍ വീണു തകര്‍ന്നു. സൌരവാതത്തിലെ അയോണുകളെ കെണിയിലാക്കി ശേഖരിക്കുന്ന നിരവധി കളക്ടറുകള്‍ ജനസിസിലുണ്ടായിരുന്നു. മരുഭൂമിയില്‍ വീണു ചിതറിയ ഇവ അന്താരാഷ്ട്ര ശാസത്ര സമൂഹത്തിനായി തിരഞ്ഞു പിടിക്കുവാന്‍ അമേരിക്കയിലെ ജോണ്‍സണ്‍ സ്േപസ് സെന്ററിലെ ഗവേഷകര്‍ രംഗത്തിറങ്ങി.  അവിടെ കാര്യങ്ങള്‍ക്ക് വഴിത്തിരിവുണ്ടാവുകയായിരുന്നു.

കളക്ടറുകളിലെ പദാര്‍ഥങ്ങളെ അപഗ്രഥിച്ച് നിരവധി പഠനങ്ങള്‍ പുറത്തു വരുന്നു. ഏറ്റവും പുതിയത് സൂര്യന്റെയും ഭൂമിയുടെയും ഓക്സിജന്‍,നൈട്രജന്‍ വിതരണം സംബന്ധിച്ച താരതമ്യ പഠനമാണ്. ഓക്സിജന്റെയും നൈട്രജന്റെയും  ഐസോടോപ്പുകളുടെ സാനിധ്യത്തില്‍ സൂര്യനും ഭൂമിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പഠനം പറയുന്നു. ഓക്സിജന്‍-17 ഓക്സിജന്‍ -18 ഐസോടോപ്പുകളുടെ കാര്യത്തില്‍ സൂര്യനെക്കാള്‍ കേമന്‍ ഭൂമിയാണെന്ന് സൌരവാത പദാര്‍ഥങ്ങള്‍ അപഗ്രഥിച്ച ഗവേഷകര്‍ പറയുന്നു. നൈട്രജന്‍-14 ഐസോടോപ്പിന്റെ കാര്യത്തിലും ഭൂമിയാണ് മുന്നില്‍. സൂര്യനേക്കാള്‍ 40% അധികമാണ് ഭൂമിയില്‍ നൈട്രജന്‍-14ന്റെ സാനിധ്യം.
പഠനങ്ങള്‍ തുടരുന്നു. 460 കോടി വര്‍ഷങ്ങള്‍ക്കപ്പുറം പൊടിപടലങ്ങളും വായുവും കലര്‍ന്ന പ്രപഞ്ചമേഖല സൌരയൂഥമെന്ന ഇന്നത്തെ സംവിധാനത്തിലേക്ക് പരിണമിക്കുകയായിരുന്നുവെന്നാണ് ശാസ്ത്ര നിഗമനം. സ്വാഭാവികമായും സമാനപദാര്‍ഥങ്ങളില്‍ നിന്നുയിര്‍ക്കൊണ്ടതിനാല്‍ സൂര്യനും ഗ്രഹങ്ങളുമടങ്ങുന്ന ഈ സംവിധാനത്തില്‍ എല്ലാവര്‍ക്കും സമാനമായ മൂലക ചേരുവയും ഉണ്ടാവേണ്ടതാണ്. പക്ഷേ ഉല്‍ക്കകളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ തന്നെ ഈ നിഗമനം തെറ്റിക്കുന്നു. വെത്യസ്തമായ മൂലക രസതന്ത്രമാണ് ഇവയൊക്കെ തരുന്നത്.

സൌരയൂഥത്തിന്റെ മൂലക അനുപാതം തകിടം മറിച്ച എന്തോ ഒന്ന് പരിണാമഘട്ടത്തിലെപ്പൊഴോ സംഭവിച്ചിരിക്കാമെന്നാണ് ഇത് വിളിച്ചു പറയുന്നത്. ഇത്തരം സമസ്യകള്‍ക്ക് ഉത്തരം കാണണമെങ്കില്‍ സൌരയൂഥത്തിന്റെ ജനനകാലത്തെ മൂലക അനുപാതം നിര്‍ണയിക്കേണ്ടതുണ്ട്. ജനസിസ് പതനത്തിനിടെ നമുക്കു കൈമാറിയ  അപൂര്‍വ്വ ശേഖരങ്ങളിലെ ഗവേഷണങ്ങള്‍ ആ ലക്ഷ്യത്തിലേക്ക് പുതിയ വാതിലുകള്‍ തുറന്നിടുകയാണ്.

No comments:

Post a Comment